വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ കോളിജ് മാഗസിനില്‍ ‘കുഴമഞ്ഞ്’ എന്നൊരു കഥയെഴുതിയപ്പോള്‍ ആമുഖമായി ഞാന്‍ കൊടുത്തത് മാര്‍സെല്‍ പ്രൂസ്റ്റിന്റെ വരികളായിരുന്നു. ‘സ്വാന്‍സ് വേ’യില്‍ നിന്നുള്ള, ഓര്‍മ്മയുമായി ബന്ധപ്പെട്ടവയായിരുന്നു അവ. യുവാവായിരിക്കെ ഒരിക്കല്‍ ബിസ്കറ്റ് ചായയില്‍ മുക്കി കഴിച്ചുകൊണ്ടിരിക്കെ, കുട്ടിക്കാലത്ത് അമ്മായി തനിക്ക് തന്നിരുന്ന മെദെലെന്‍ കുക്കികള്‍ സമാനമായി മുക്കി ത്തിന്നതിന്റെ ഓര്‍മ്മ അപ്രതീക്ഷിതമായി കടന്നു വന്ന അനുഭവത്തെക്കുറിച്ചും, വിസ്മൃതിയുടെ ലോകത്തുനിന്നും അതു തിരികെക്കൊണ്ടുവന്ന സ്മരണകളെക്കുറിച്ചുമുള്ളതായിരുന്നു ആ ഉദ്ധരണി. ഭൂതകാലത്ത് നിന്നും വേറൊന്നുമവശേഷിക്കുന്നില്ലെങ്കിലും വസ്തുക്കളുടെ മണവും രുചിയും ഏറെക്കാലം നിലനില്‍ക്കുമെന്നും അവയുടെ കണികകളുടെ ദൃഢനിശ്ച യത്തോടെയുള്ള സത്തയില്‍, തടുത്തുനിര്‍ത്താനാവാത്ത ഓര്‍മ്മകളുടെ വിശാലമായ ഘടന ഉണ്ടായിരിക്കുമെന്നായിരുന്നു ആ വരികൾ. അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന സമയത്തെ തിരിച്ചുപിടിക്കാന്‍ ഓര്‍മ്മകളിലൂടെയുള്ള എഴുത്തുകാരന്റെ യാത്രയാണ് ഏഴുവാല്യമുള്ള ‘ഇന്‍ സേര്‍ച് ഓഫ് ലോസ്റ്റ് ടൈം’ എന്ന വിഖ്യാത ആഖ്യായിക. ‘പ്രൂസ്റ്റ് ഫിനോമിനോണ്‍’ എന്ന് പിന്നീടറിയപ്പെട്ട ആക്സ്മികവും അപ്രതീക്ഷിത വുമായ ഈ ഓര്‍മ്മകള്‍ക്ക് ന്യൂറോളജിയിൽ പ്രാധാന്യമുണ്ട്.

ഡോക്റ്ററുടെ മകനായിരുന്നു പ്രൂസ്റ്റ്. സഹോദരനും കുടുംബ സുഹൃത്തുക്കളും ഡോക്ടര്‍മാര്‍, വിശിഷ്യാ ന്യൂറോളജിസ്റ്റുകള്‍, ആയിരുന്ന അന്തരീക്ഷത്തില്‍ വളര്‍ന്ന അദ്ദേഹത്തിന്ന് അസുഖങ്ങളെക്കുറിച്ചുള്ള അറിവും ചികിത്സയുമൊക്കെ വശമായിരുന്നു. ചെറുപ്പം മുതലേ തനിക്കുള്ള ആസ്ത്‌മ ഒരു ഞരമ്പ് രോഗമാണെന്നായിരുന്നു അദ്ദേഹവും അന്നുവരെ വൈദ്യലോകവും വിശ്വസിച്ചിരുന്നത്. ന്യൂറോളജിയുടേയും ഫാര്‍മക്കോളജിയുടേയും ശൈശവമായിരുന്ന ആ കാലഘട്ടത്തില്‍ രോഗികളായ മറ്റു സുഹൃത്തുക്കള്‍ക്ക് മരുന്നു നിര്‍ദ്ദേശിക്കാനും വായനക്കാരുടെ കത്തുകള്‍ അപഗ്രഥിച്ച് അവര്‍ക്ക് രോഗനിര്‍ണ്ണയം നടത്താനുമൊക്കെ മിടുക്കുണ്ടായിരുന്നു പ്രൂസ്റ്റിന്. മാത്രമല്ല, തന്റെ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളുപയോഗി ക്കാതെ അപകടകരമായ സ്വയം ചികിത്സകളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം.

അമ്മയുടെ മരണത്തോടെ, മുപ്പത്തിയഞ്ചാം വയസ്സില്‍, പ്രൂസ്റ്റ് പാരീസിലെ ഫ്ലാറ്റിലേക്ക് താമസം മാറുകയും പന്ത്രണ്ട് വര്‍ഷത്തോളം അവിടെ താമസിക്കുകയുമുണ്ടായി. കിടപ്പുമുറിയില്‍ രണ്ടു സ്വെറ്ററുകളും സോക്സും നീണ്ട അടിയുടുപ്പുകളും ധരിച്ച്, കാല്‍ക്കീഴിയില്‍ ചൂടുവെള്ളം നിറച്ച കുപ്പിയും കരുതി, പകല്‍ മുഴുവന്‍ കിടന്നുറങ്ങി, രാത്രി ഒന്‍പതാവുമ്പോഴാണ് അദ്ദേഹം ഉണരുക. അപ്പോള്‍ കഴിക്കുന്ന കാപ്പിയും ക്വസോങ് എന്ന റൊട്ടിയുമാണ് ദിവസത്തെ ഏക ഭക്ഷണം. കഫീനും മോര്‍ഫിനുമൊക്കെ പരീക്ഷിച്ചെങ്കിലും ആസ്ത്‌മയുടെ വലിവ് കൂടുമ്പോള്‍ ലെഗ്‌ഹ പൊടി പുകച്ചാലാണ് ആശ്വാസം കണ്ടെത്താനാവുക. ശബ്ദങ്ങള്‍ വലിവ് കൂട്ടുമെന്നു വിശ്വസിച്ച് ജനലുകള്‍ക്ക് ഇരട്ട കര്‍ട്ടനുകളിട്ടും, വലിയ തുണികള്‍ മുറിയില്‍ തൂക്കിയിട്ടും, ചെവിയടക്കാന്‍ കോർക്കുപയോഗി ച്ചുമൊക്കെയായിരുന്നു പൊറുതി. നീലച്ചായമടിച്ച, സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്ന, ശബ്ദത്തില്‍ നിന്നു രക്ഷ നേടാന്‍ കോര്‍ക്കുകൊണ്ടുള്ള ടൈല്‍ ഒട്ടിച്ച ചുമരുകളുള്ള, കിടപ്പുമുറിയില്‍ ബെഡ് ലാമ്പിന്റെ പച്ച വെളിച്ചത്തില്‍, കിടക്കയില്‍ ഇരുന്നും കിടന്നുമാണ് തന്റെ ഒട്ടുമിക്കവാറും രചനകൾ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആ ഫ്ലാറ്റ് സമുച്ചയം ഒരു ബാങ്കിന്റെ കൈവശമാണിപ്പോൾ. വേനൽക്കാലത്ത്, മുൻകൂട്ടി അനുവാദം വാങ്ങുകയാണെങ്കിൽ, വ്യാഴാഴ്ചകളിൽ ഉച്ചതിരിഞ്ഞ്, കുറച്ചു വർഷങ്ങൾ മുൻപ് വരെ, അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്ക് സന്ദർശകരെ അനുവദിക്കുമായിരുന്നുവത്രേ!marcel proust ,letter to his neighbour,dr.rajesh kumar m. p

1908 മുതല്‍ 1918 വരെ ഫ്ലാറ്റിലെ താമസത്തിനിടയ്ക്ക് മുകളിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അമേരിക്കന്‍ ദന്ത ഡോക്ടറുടെ ഭാര്യയ്ക്ക് അദ്ദേഹമെഴുതിയ കത്തുകള്‍ ‘ലെറ്റേഴ്സ് റ്റു ഹിസ് നെയ്ബര്‍’ എന്ന പേരില്‍ ഈ വര്‍ഷം മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. “അയൽക്കാരിക്ക് അയച്ച കത്തുകൾ” ലിഡിയ ഡേവിസാണ് മൊഴിമാറ്റം നടത്തിയത്. മദാം വില്യംസ് എന്ന മഹതിയെ അഭിസംബോധന ചെയ്ത ഇരുപത്തിമൂന്നെണ്ണമടക്കം ഇരുപത്താറു കത്തുകള്‍. തീയ്യതി വയ്ക്കാതെ, ധൃതിയിലെഴുതിയ, വെട്ടിത്തിരുത്തലുകളില്ലാത്ത, വിരാമചിഹ്നങ്ങളും ഖണ്ഡികയും മിക്കവാറും മറന്നു പോയ എഴുത്തുകള്‍! ആരോരുമറിയാതെ എഴുതിയയച്ചവ, എല്ലാമില്ലെങ്കിലും, ദശാബ്ദങ്ങള്‍ കഴിഞ്ഞ് സ്വീകർത്താവിന്റെ കൊച്ചുമകൻ കണ്ടെടുത്ത് മ്യൂസിയത്തിന് കൈമാറിയതിലൂടെയാണ് പുറം ലോകം ആ സൗഹൃദത്തിന്റെ കഥയറിയുന്നത്!

ഡോ. ചാള്‍സ് വില്യംസിന്റെ ക്ലിനിക്കില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ തൊട്ട് തൂപ്പുകാരി പൊടി തട്ടുന്നതും ചൂലും സാധങ്ങളും വലിച്ചുകൊണ്ടു നടക്കുന്നതടക്കമുള്ള ശബ്ദങ്ങള്‍ താഴെയിരുന്ന് എഴുതുന്ന പ്രൂസ്റ്റിനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. കലാവൃത്തങ്ങളില്‍ വിപുലമായ സൗഹൃദങ്ങളുള്ള മദാം വില്യംസുമായി അവിടെ നിന്നുമുണ്ടാവുന്ന ഒച്ചകളെക്കുറിച്ചുള്ള ഉത്കണ്ഠയും പരിഭവവും പറയുന്നതില്‍ത്തുടങ്ങിയാണ് കത്തെഴുത്തിന്റെ ആരംഭം. പിന്നീട് പൂക്കളുടെയും ചെറിയ സമ്മാനപ്പൊതികളുടെയും എഴുതിത്തീര്‍ന്ന നോവല്‍ ഭാഗത്തിന്റെയും കൈമാറ്റങ്ങളിലൂടെ വികസിക്കുന്ന സൗഹൃദമാണ് എഴുത്തുകളിൽ കാണാനാവുക. അദ്ദേഹമെഴുതിയ ഈ മറുപടികളില്‍ക്കൂടിവേണം ലഭിച്ചിരിക്കാവുന്ന കത്തുകളുടെ ഊഷ്മളതയും സൗഹൃദത്തിന്റെ ആര്‍ദ്രതയും മനസ്സിലാക്കാൻ. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നതുകൊണ്ട് യുദ്ധവും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയുമെല്ലാം എഴുത്തുകളില്‍ കടന്നു വരുന്നുണ്ട്.marcel proust ,letter to his neighbour,dr.rajesh kumar m. p

1909 വേനലിലയച്ച നാലാമത്തെ കത്തിലെ ചില വരികളിങ്ങനെ:

മദാം,
ഓര്‍മ്മകളെക്കുറിച്ച് നിങ്ങളെഴുതിയത് എന്നെ അസൂയാലുവാക്കുന്നു. നിങ്ങളുടേതു പോലെ ഭാവനയുണ്ടെങ്കില്‍ താനിഷ്ടപ്പെടുന്ന ഭൂപ്രകൃതിയുടെ സ്മൃതികള്‍ ഒരുവന് അകക്കാമ്പില്‍, അപഹരിക്കാനാവാത്ത വിധം, ഹൃദയംഗമമായിരിക്കും…

ശരിക്കും, കുടുംബത്തെക്കുറിച്ച് ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന വീടിന്റെ സ്മരണ, ഒരു ദിവാസ്വപ്നത്തില്‍ ഭൂതകാലത്തേക്ക് ഒഴുകിപ്പോവാമെങ്കിൽ മാത്രം പ്രാപ്യമാവുന്നവയെങ്കിലും, ഹൃദയസ്പര്‍ശി തന്നെയായിരിക്കും…

എന്നാല്‍ ഞാനാവട്ടെ, വിധിയുടെ വൈപരീത്യത്താല്‍, അനാരോഗ്യമി ല്ലെങ്കില്‍ക്കൂടി, അസുഖബാധിതനായ ഒരാളെപ്പോലെ, അഴുക്കുകള്‍ക്കിടയില്‍ ജീവിതം കഴിച്ചുകൂട്ടാന്‍ ശീലിച്ചു കഴിഞ്ഞു.

ശബ്ദത്തെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തത് നന്നായി. അതിപ്പോള്‍, വന്നു വന്ന്, നിശബ്ദതയോടടുത്തായിക്കഴിഞ്ഞു. എന്റെ സമ്മതത്തോടെയല്ലെങ്കില്‍ക്കൂടിയും, രാവിലെ ഏഴുമുതല്‍ ഒന്‍പതു വരെയാണ് ഇപ്പോള്‍ പ്ലംബര്‍ പണിയെടുക്കുന്നത്. എന്നിരുന്നാലും ഇപ്പോൾ സഹിക്കാവുന്ന തരത്തിലാണ്; ശബ്‌ദം മാത്രമല്ല, എല്ലാ കാര്യങ്ങളും!

ആദരവാര്‍ന്ന അഭിവാദ്യങ്ങളോടെ,
മാര്‍സെല്‍ പ്രൂസ്റ്റ്

സംഗീതവും സൗഹൃദങ്ങളുമായിരിക്കണം മദാം വില്യംസിനെ ജീവിതം കഴിച്ചുകൂട്ടാന്‍ സഹായിച്ചിട്ടുണ്ടാവുക. അസുഖങ്ങളും നോവലെഴുത്തിന്റെ ചെടിപ്പും നിറഞ്ഞ ഏകാന്തതകള്‍ പ്രൂസ്റ്റിനും അസ്വസ്ഥകരമാ യിരുന്നിരിക്കണം. നീണ്ട ഇടവേളകളിലുള്ളതെങ്കിലും, ശാരീരികവും മാനസികവുമായ വിവിധ അവസ്ഥാന്തരങ്ങളില്‍ മുങ്ങിപ്പൊങ്ങിയവയെങ്കിലും, സൗകുമാര്യമുള്ള വചോധാരയിലൂടെ വേദനയും സഹാനു ഭൂതിയും ആദരവും കൃതജ്ഞതയും വഴിയുന്ന കത്തുകള്‍ ഇരുപതാം നൂറ്റാണ്ടിലെ മഹനീയ എഴുത്തുകാരന്റെ സ്വഭാവസവിശേഷതകൾ കാട്ടിത്തരുന്നവയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook