scorecardresearch
Latest News

അഴൽ മീട്ടും യാഴുകൾ

മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ​ എന്ന യുവ വിമർശകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ മനോജ് കുറൂരിന്റെ ” നിലം പൂത്തു മലർന്ന നാൾ ”

അഴൽ മീട്ടും യാഴുകൾ

പരീക്ഷണങ്ങൾ എന്നു പറയുമ്പോൾ തന്നെ ഉത്തരാധുനിക ശൈലിയിലൂടെ രൂപപ്പെട്ട ശിൽപ്പഘടനയും വിന്യാസവും എന്ന ധാരണയാണ് പൊതുവെ നമുക്കുള്ളത്. അതിൽ നിന്നും വിരുദ്ധമായി, യാതൊരുവിധ ശൈലീവത്‌ക്കരണവും കൂടാതെ ഭാഷയുടെ തനതുസൗന്ദര്യത്തെ അവതരിപ്പിച്ച നോവൽ എന്ന നിലയിലാണ് ‘നിലം പൂത്തു മലർന്ന നാൾ’ വേറിട്ടതും പരീക്ഷണാത്മകവും ആകുന്നത്. ക്രിസ്തുവർഷത്തിന്റെ ആദ്യശതകങ്ങളായ സംഘകാലജനജീവിതത്തെ ആസ്പദമാക്കി മനോജ് കുറൂർ എഴുതിയ നോവലായ ‘നിലം പൂത്തു മലർന്ന നാൾ’ ആഖ്യാനത്തിൽ ചില പുതുമകളെ കൊണ്ടു വരുന്നുണ്ട്. സംസ്കൃതാക്ഷരങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ദ്രാവിഡ പദാവലിയെ മാത്രമാണ് നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഋ, ഖ , ഗ, ജ, ഘ , ഛ, ഡ , ഢ, ഥ , ദ, ഫ, ഭ, ശ, ഷ, സ , ഹ , ബ , ധ , ഝ, ഠ എന്നീ അക്ഷരങ്ങൾ ആഖ്യാനത്തിൽ കാണാനാവില്ല. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വന്ന ഈ അക്ഷരങ്ങളെ പൂർണമായും ഉപേക്ഷിച്ചു കൊണ്ടാണ് നോവൽ എഴുതിയിരിക്കുന്നത്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റായ പെറെക്കിന്റെ A Void എന്ന നോവലിൽ ‘ e’ എന്ന അക്ഷരം ഉപയോഗിക്കാത്തത് ഇവിടെ ഓർമിക്കാം. സംസ്കൃതത്തിന്റെ സ്വാധീനമോ നിഴലോ ഇല്ലാത്ത ശുദ്ധമായ ദ്രാവിഡവാക്കുകൾ കൊണ്ട് സമ്പന്നമായ നോവലിൽ, സംഘകാലത്തിലെ അധികാരഘടനയ്‌ക്കും ഭക്ഷണ-വേഷ രീതികൾക്കും സ്ത്രീസ്വത്വ ബോധത്തിനും ഊന്നൽ നൽകിയിരിക്കുന്നു. ഇടങ്ങളില്ലാത്തവരുടെ ഇടങ്ങൾ തേടിയുള്ള യാത്രയാണ് നോവലിന്റെ അന്തർധാര,അക്കാരണം മൂലം സംഘകാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ/ പ്രാദേശിക ബോധത്തിന്റെ കീഴാള (subaltern) കാഴ്ചപ്പാട് നോവലിന്റെ പശ്ചാത്തലമാവുന്നു. മാത്രമല്ല അധികാരം അരികുവത്കരിക്കുന്ന ജനതയുടെ ചെറുത്തുനിൽപ്പുകളിൽ അത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. രണ്ടായിരം വർഷത്തോളം പഴയ ഒരു കാലത്തെ അഭിസംബോധന ചെയ്യുക എന്ന പരീക്ഷണമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.

nilam poothu malarna naal, manoj kurror, rahul radha krishnan,

അല്ലലിലാത്ത ഒരു ജീവിതം സ്വപ്നം കണ്ട പാർശ്വവത്കൃതവർഗ്ഗത്തിന്റെ സംഘർഷങ്ങളുടെ കഥയാണ് നിലം പൂത്തു മലർന്ന നാൾ.’ ഭാഷയും സംസ്കാരവും ജീവിതരീതികളും ഇന്നത്തെ സമൂഹത്തിനു അപരിചിതമാണെങ്കിലും ഉയിരെഴുത്തിന്റെ ആഖ്യാനത്തിനുള്ള സംവേദനശേഷിയ്ക്ക് അവയൊന്നും തടസമാവുന്നില്ല. ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനായി ഏഴിമലയിലേക്ക് യാത്ര തിരിക്കുന്ന പാണരുടെ നേതാവായ കൊലുമ്പനിലൂടെയാണ് ആഖ്യാനം ആരംഭിക്കുന്നത്. പരസ്പരബന്ധിതമായ മൂന്നു ഭാഗങ്ങളിലൂടെ വികസിക്കുന്ന നോവലിൽ കൊലുമ്പനും, മകളായ ചിത്തിരയും, കാണാതെ പോയ മകൻ മയിലനും ആഖ്യാതാക്കളാകുന്നു. ആഖ്യാനങ്ങൾ തമ്മിലുള്ള നൈരന്തര്യത്തിലും, ഒരാഖ്യാനത്തിൽ പറഞ്ഞ കാര്യങ്ങളുടെ ഉള്ളറകൾ തുറന്നുകിട്ടാനുള്ള വഴികൾ അടുത്ത ആഖ്യാനങ്ങളിൽ ചേർത്തു വെച്ചു കൊണ്ടുമുള്ള താളബദ്ധമായ രചനാരീതിയാണ് നോവലിനുള്ളത്.

nilam poothu malarna naal, manoj kurror, rahul radha krihsnan,

ആട്ടവും പാട്ടും ഉപജീവനമാർഗമായവരുടെ സംഗീതത്തെയും വാദ്യോപകരണങ്ങൾ പറ്റിയും വിശദമായി വിവരിക്കുന്നുണ്ട് നോവലിൽ. വലിച്ചു മുറുക്കിയ മുഴവുകളും, ആകുളിപ്പറകളും, മയിൽപ്പീലി പതിച്ച പെരിയാഴും, ഞരമ്പുകളയച്ചു വെച്ച യാഴുകളും എന്നിങ്ങനെ അക്കാലത്തെ സംഗീതശൈലികളെയും സംഗീതോപകരണങ്ങളെയും നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഇരുപത്തിയൊന്ന് ഞരമ്പുകളുള്ള പെരിയാഴിനു പണി തീരാത്ത ഒരു പെണ്ണുടലിന്റെ രൂപമായിരുന്നു. കൊലുമ്പൻ അതിനെ മല്ലിക എന്നായിരുന്നു വിളിച്ചിരുന്നത്. മല്ലികയ്ക്ക് ഒരു മയിൽപ്പേടയുടെ അഴകുണ്ടായിരുന്നു. തങ്ങളുടെ തന്നെ ഉടലിനു പുറത്തു വേറെ അറയുണ്ടാക്കി ഉള്ളു കൊണ്ട്‌ അവിടെ അടയിരുന്നു ആട്ടവും പാട്ടും പാടി ജീവിതം പുലർത്തുന്നവരുടെ നിത്യജീവിതം മറ്റുള്ളവരുടെ അൻപ് കൊണ്ടാണ് പുലർന്നിരുന്നത്. തിരസ്കരിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ ഇരുട്ടിനെയും അലച്ചിലിനെയും രേഖപ്പെടുത്തുന്ന ഈ കൃതി പറവകളെ പോലെയും ഉറുപ്പുഴുക്കളെ പോലെയും ജീവിക്കുന്നവരുടെ ആഖ്യാനമാണ്. ഇവർക്ക് താങ്ങും തണലുമായി നിന്ന പരണർ എന്ന പെരുംപുലവർ നോവലിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്.ഈ കൂട്ടത്തിൽ നിന്നും ഒളിച്ചോടിയ മയിലൻ എന്ന കഥാപാത്രം അധികാരവാഞ്ഛയുടെ പ്രതീകമാണ്. സമ്പത്തും അധികാരവും നേടുന്നതിനായി ചതിയും വഞ്ചനയും വരെ ചെയ്യാൻ മടിയില്ലാത്ത അവൻ പ്രായോഗിക നയതന്ത്രജ്ഞതയുടെയും രാഷ്ട്രീയബോധത്തിന്റെയും പ്രതിനിധിയാണ്.

nilam poothu malarna naal, malayalam novel, manoj kuroor,

ഏഴിമലയിലെ നന്നൻ എന്ന അരചന്റെ അധികാരഹുങ്കിനെ പറ്റിയുള്ള കഥകൾ വായിക്കുമ്പോൾ, അധികാരത്തിന്റെ വിനിമയം നൂറ്റാണ്ടുകൾക്കു മുൻപും എത്ര കണ്ടു ക്രൂരമായിരുന്നുവെന്നു ബോധ്യപ്പെടുന്നു. രാജാവിനും പ്രജയ്ക്കും ഇടയിലുള്ള അധികാരത്തെ ആസ്പദമാക്കിയായിരുന്നു അക്കാലത്തെ വ്യവഹാരങ്ങളെല്ലാം. നന്നന്റെ മാവിൻതോട്ടത്തിൽ നിന്നും അറിയാതെയെങ്കിലും മാമ്പഴം കവർന്നെടുത്താൽ അത് ചെയ്തയാൾക്ക് മരണം ഉറപ്പായിരുന്നു.ഈ ഒരു സാഹചര്യത്തിൽ പ്രജകളുടെ അസ്വാതന്ത്ര്യത്തിന്റെ ഭീകരത ഊഹിക്കാവുന്നതേയുള്ളു. പുഴയിലൂടെ ഒഴുകി വന്ന മാമ്പഴം കഴിച്ച പെൺകുട്ടിയെ വധിച്ച രാജാവിന്റെ പ്രവൃത്തി ഫാസിസത്തിന്റെ ആദികാല രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. കൊടുമയും കനിവും ഒരേ വയറ്റിൽ നിന്നും പിറന്ന ഇരട്ടകളാണ്. രാജനീതിയിൽ ഇത്തരം വിവേചനം സ്ഥാനം പിടിച്ചാൽ, കൃത്യതയാർന്ന ഭരണം പ്രാവർത്തികമല്ല .ഏകാധിപത്യവും ഫാസിസവും അനുശാസിക്കുന്ന അക്കാലത്തെ ഭരണകൂടങ്ങൾ പൊതുവെ സ്വീകരിച്ചിരിക്കുന്ന തത്വത്തിന്റെ അനുരണനങ്ങൾ ഇന്നത്തെ സമൂഹത്തിലുമുണ്ട്. മറ്റൊരു ജോലിയും ചെയ്യാനറിയാത്ത കൊലുമ്പനും കൂട്ടരും ഏഴിമലയിലെ അരചനെ കുറിച്ചു കേട്ടറിഞ്ഞു അങ്ങോട്ട് പോകുകയായിരുന്നു. വഴിമധ്യേ അവർ ദൈവത്തെ പോലെ ബഹുമാനിച്ചിരുന്ന പരണരെ കണ്ടു മുട്ടി. തുടർന്ന് ഏഴിമലയിൽ നിന്നും പറമ്പുമലയിലേക്ക് ആ യാത്രയുടെ ഗതി മാറുകയാണ്. എന്നാൽ പറമ്പുമലയിൽ വെച്ചു ചില സംഭവങ്ങൾ നടക്കുകയും കൊലുമ്പൻ മരിക്കുകയും ചെയ്യുന്നു. അശരണരെ കരുക്കൾ ആക്കിയത് ആരെന്നു പോലും അറിയാതെ അഭയം തേടി എത്തിയ നാട്ടിൽ നിന്നും വീണ്ടും യാത്ര ആരംഭിക്കുകയാണ് അവർ. പിന്നീടു കൊലുമ്പന്റെ മകൾ ചിത്തിരയാണ് നോവലിന്റെ ആഖ്യാനം നിർവഹിക്കുന്നത്

നിറമില്ലാത്ത മാനം കണ്ണുകളെ കളിപ്പിക്കുന്നതു പോലെ ഉലകത്തിന്റെ സന്ദിഗ്ദാവസ്ഥകളെ പറ്റി കൊലുമ്പൻ മകളായ ചീരയെ പറഞ്ഞു മനസ്സിലാക്കുന്ന ഒരു രംഗമുണ്ട് നോവലിൽ. കാണാനും കേൾക്കാനും തൊട്ടറിയാനുമായി ഇപ്പോഴും ഉലകത്തിൽ എന്തെങ്കിലും ചിലതു വേണം. ഇല്ലായ്മയ്ക്കു മേൽ ഓർമ്മകളും കിനാവുക ളുമായി നമ്മളും പുതപ്പുകൾ നെയ്തെടുക്കുന്നുണ്ടല്ലോ. എന്ന് പറയുന്ന കൊലുമ്പന് ലോകത്തിന്റെ അസമത്വത്തെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നുവെന്നത് തീർച്ചയാണ്. ധനികരും ദരിദ്രരും ആയും അധികാരവർഗവും ആശ്രിതരും ആയും വ്യത്യാസത്തിന്റെ പരപ്പ് വർധിക്കുന്ന സാഹചര്യങ്ങളിലായിരുന്നു കൊലുമ്പനെപ്പോലുള്ളവർ ജീവിച്ചിരുന്നത്. ഉറ്റവരിൽ നിന്നും സഹവസിച്ചിരുന്ന പ്രകൃതിയിൽ നിന്നും അകന്നകന്നു പോകുമ്പോഴും അടുത്ത് കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ അധ്യായങ്ങളാണ് ചിത്തിരയും കൊലുമ്പനും പറയുന്നത്. അക്കാലത്തു നില നിന്നിരുന്ന ചില ആചാരങ്ങളെ എതിർക്കാനുള്ള ആർജവം പ്രകടമാക്കുന്ന ചിത്തിര സവിശേഷമായ വ്യക്തിത്വമുള്ള കഥാപാത്രമാണ്. ചിത്തിരയുടെ നിരീക്ഷണങ്ങളും വീക്ഷണങ്ങളും പെണ്മയുടെ ഉറച്ച ബോധ്യങ്ങളായിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയുടെ കൂന്തൽ അരിഞ്ഞെടുക്കുന്ന കിരാതനിയമത്തിന്റെ അർത്ഥശൂന്യതയെ ചിത്തിര അപലപിക്കുന്നുണ്ട്. സ്വന്തം അമ്മയുടെ തലമുടി മുറിച്ചെടുത്ത ആചാരം അവളെ നടുക്കിയിരുന്നു. ” കണവൻ മരിച്ചാൽ ഒരുവളുടെ പെണ്മയെ തന്നെ മുറിച്ചെടുക്കുന്നത് എന്തിന്” എന്ന് അവൾ സ്വയം ചോദിക്കുന്നുണ്ട്. കണവൻ മരിച്ചവൻ ഒന്നുകിൽ തീയിൽ ചാടി മരിക്കണം അല്ലെങ്കിൽ നീറി നീറി മരിക്കണം എന്നായിരുന്നു അന്നത്തെ നാട്ടുപ്രമാണം.
“ഉയിരിന്റെ ഓരോ തരിയും അതതിന്റെ ഇടത്തിൽ അലിഞ്ഞില്ലാതാവുന്നു. അരങ്ങിൽ തുടങ്ങി അരങ്ങിൽ തന്നെ അവസാനിക്കുന്ന ആട്ടവും പാട്ടും പോലെ”. ഉറ്റവരെ ഉപേക്ഷിച്ചു, പ്രേമിച്ച മകീരന്റെ കൂടെ പോയ ചിത്തിരയ്ക്ക് വിധി കരുതി വെച്ചിരുന്നത് അനീതിയുടെ അധ്യായമാണ്.

nilam poothu malarna naal, manoj kuroor, vishnu ram,കാണാതായ സഹോദരൻ മയിലിന്റെ തോഴനാണ് മകീരനെന്നു അവൾ വൈകിയാണ് മനസിലാക്കിയത്; മകീരനു വേറെ ഭാര്യ ഉണ്ടെന്നതും. മകീരനെ കാത്തു അവൾ ആ ദേശത്ത് ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അവളെ കുറിച്ചുള്ള ഭാഗം അവസാനിപ്പിക്കുകയാണ് നോവലിൽ. ചിത്തിരയെപ്പോലെ വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ, സ്ത്രീ ശാക്തീകരണത്തിൻറെ വക്താവിനെ പാതി വഴിക്ക് ഉപേക്ഷിച്ചു പോയത് പോലൊരു മനോഭാവമാണ് നോവലിസ്റ്റിന്റെ ഭാഗത്തു നിന്നുണ്ടായത് എന്ന് ന്യായമായും സംശയിക്കാം. ഇതിൽ നിന്നും വിഭിന്നമായി ആക്രമണത്തിലും പ്രതിരോധത്തിലും ചുവടുകൾ പയറ്റുന്ന കഥാപാത്രമാണ് മയിലൻ. ചെയ്തു കൂട്ടിയ കർമ്മങ്ങൾക്ക് പ്രായശ്ചിത്തമെന്നോണം ഉലകത്തിൽ നിന്ന് തന്നെ ഓടിയൊളിക്കുന്ന മയിലൻ താൻ ചെയ്തു കൂട്ടിയ പ്രവൃത്തികളുടെ പരിണതഫലം താൻ തന്നെ അനുഭവിക്കണമെന്ന വിശ്വാസത്തെ മുറുകെ പിടിക്കുന്നു. അച്ഛനെ കൊന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മയിലനെ സഹോദരൻ ആണെന്നറിയാതെ ചീര വാള് കൊണ്ട് വെട്ടുന്ന ഒരു രംഗം ഇതിനോട് ചേർത്തു വായിക്കാം

സംഘകാലഘട്ടത്തിൽ പ്രദേശത്തെ പല വിധത്തിൽ തരംതിരിച്ചിരുന്നു. ഇവ തിണ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യാത്രകളുടെ ആഖ്യാനം കൂടിയായ ഈ നോവലിൽ, പൊരുൾ തേടിയും മെച്ചപ്പെട്ട ജീവിതം അന്വേഷിച്ചും, തങ്ങളുടെ കൂട്ടത്തിൽ നിന്നും ഓടിപ്പോയ മയിലനെ തിരഞ്ഞും കൊലുമ്പന്റെയും പെരുംപരവന്റെയും നേതൃത്വത്തിൽ ഉള്ള യാത്രകൾ നോവലിന്റെ| അവിഭാജ്യ ഘടകമാണ്. കുട്ടനാട്ടിൽ നിന്നും തുടങ്ങുന്ന യാത്ര പല തിണകളിലൂടെ കടന്നു വ്യത്യസ്‍തമായ ചുറ്റുപാടുകളിലൂടെയും ജീവിത/ഭാഷാ/ഭക്ഷണ/വേഷ രീതികളിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. അൻപുള്ളവരെയും ചതിക്കുന്നവരെയും ഈ യാത്രയിൽ അവർ കണ്ടു മുട്ടുന്നുണ്ട്. ” എങ്ങോട്ടെന്നിലാത്ത നടപ്പിന് ഏതു വഴിയും പാകം . വഴി അറിയാഞ്ഞിട്ടല്ല അഴലുകളുമില്ല. ” എന്ന ചിന്തയോടെയുള്ള അലച്ചിലുകളോടെ സംഘം കൊലുമ്പന്റെ മരണ ശേഷവും മുന്നോട്ടു തന്നെ നീങ്ങി. ” പറവകളെ പോലെ കാറ്റകങ്ങളിലൂടെ പറക്കുന്നതിനിടെ ചിറകുകൾ കൊണ്ടാവും നമ്മൾ ഉയിരിനെ എഴുതുന്നത് ” എന്ന കൊലുമ്പന്റെ വാക്കുകൾ ,പാഴായിപ്പോകുന്ന വാഴ്‌വിനെ പറ്റി കൊലുമ്പന്റെ ഇളയ മകൾ ചീരയ്ക്കുള്ള തിരിച്ചറിവിൽ ഊറ്റം കൊള്ളണോ കരയണോ എന്നറിയാതെയുള്ള അയാളുടെ ആത്മഗതമായിരുന്നു. . മറ്റൊരു തരത്തിൽ പറഞ്ഞാൽ യാത്രയിലൂടെ ഉണ്ടാകാവുന്ന സംസ്കൃതിയെ കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു അത്. തിരിച്ചെത്തുമെന്നുറപ്പില്ലാത്ത യാത്രകൾ ആയിരുന്നു ഇക്കൂട്ടരുടെ തനതു സ്വത്വബോധത്തെ വികസിപ്പിച്ചത്. സമൂഹത്തിലെ വരേണ്യ വിഭാഗത്തിലെ അംഗങ്ങൾക്കു മാത്രം പേരുകളുള്ള ഒരു കാലത്തു പാട്ടു പാടിക്കൊണ്ട് നാടോടികളെപ്പോലെഅലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വിഭാഗത്തിന്റെ അല്ലലുകളും അടിയൊഴുക്കുകളും വ്യക്തിത്വമുള്ള കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് വിവരിക്കുകയാണ്.

manoj kuroor, nilam poothu malarna naal, rahul radhakrishnan,
മനോജ് കുറൂർ

ലക്ഷ്യമില്ലാത്ത/ ലക്ഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന യാത്രയ്ക്ക് പലായനത്തിന്റെ സ്വഭാവം ഉണ്ടാകും. സ്ഥലത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ചു കഥാപാത്രങ്ങളുടെ പ്രകൃതിയും മാറ്റങ്ങൾക്കു വിധേയമാണ്. അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ എക്കാലത്തെയും വൈയക്തിക വ്യഥയെയാണ് ഇവിടെ പരിശോധിക്കുന്നത്, അതേ പോലെ ആണ്ടവൾ/ ദൈവം എന്ന സങ്കല്പം അധ: കൃതന്റെ വിമോചകശാസ്ത്രമായി പരിണമിക്കുന്ന കാഴ്ചയും നമുക്ക് കാണാം. അരികുജീവിതത്തിന്റെ അടരുകളുടെ നിറം എക്കാലവും അല്ലലിന്റെയും സംഘർഷത്തിന്റെയും ആണെന്നത് വിളിച്ചു പറയുന്ന കഥാപാത്രങ്ങളാണ് കൊലുമ്പനും ചിത്തിരയും മയിലനും ചന്തനുമൊക്കെ. വാഴ്വ് തേടി കരകൾ അന്വേഷിച്ചു നടക്കുന്നതിന്റെ വറുതിയും, അരചന്മാരുടെ/ അധികാരികളുടെ വീര്യവും പകയും ചതിയും എന്നും ഒരു പോലെയാണെന്നും ഈ കൃതി നമ്മെ ഓർമിപ്പിക്കുന്നു.വാഴ്‌വിനെ എപ്പോഴും പ്രതിസന്ധിയിലും പ്രതിരോധത്തിലും അകപ്പെടുത്തുന്നത് ചതിയാണെന്ന വിചാരം നോവലിലുടനീളമുണ്ട്. പ്രണയമായും , മോഹമായും പ്രച്ഛന്നവേഷത്തിൽ വരുന്ന ചതിയുടെ പതിപ്പുകൾ സ്ഥല-കാല ഭേദമില്ലാത്തതാണ്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Manoj kuroor novel nilam poothu malarna naal rahul radhakrishnan