/indian-express-malayalam/media/media_files/uploads/2017/10/george-saunders1.jpg)
ജോര്‍ജ് സോണ്ടേഴ്സിനെ അറിയുക എന്നത് ആലീസിന്റെ അത്ഭുത ലോകം പോലെ, നിലനില്‍ക്കുന്നുണ്ടെന്ന് നമുക്കിതു വരെ അറിയാത്ത ഒരു ലോകം അനുഭവിക്കലാണെന്ന് ഒരു പുസ്തകക്കവറില്‍ കണ്ടാണ് ആദ്യം അദ്ദേഹത്തിന്റെ കഥകള്‍ ശ്രദ്ധിക്കുന്നത്. CivilWarLand in Bad Decline എന്ന ആ ആദ്യ കഥാസമാഹാരത്തിലെ ഒന്നിലധികം കഥകള്‍ തീം പാര്‍ക്കുകളുടെ പശ്ചാത്തലത്തിലാണ്. സറ്റയറും സെന്റിമെന്റും ഒരു പോലെ ഒരു കഥയില്‍ തന്നെ, അതും ചുരുക്കം വാക്യങ്ങളുടെ മാത്രം ഇടവേളകളില്‍ ഇത്ര വിജയകരമായി ഉപയോഗിക്കുന്ന അധികം എഴുത്തുകാരെ കണ്ടിട്ടില്ല. ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന കഥയെഴുത്തുകാരില്‍ ഏറ്റവും പ്രതിഭാധനനാണ് സോണ്ടേഴ്സ് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ആക്ഷേപഹാസ്യത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന കഥകളില്‍ പൊടുന്നനെ കടന്നു വരുന്ന മാനുഷികതയുടേയും ധാര്‍മ്മികതയുടേയും വെളിച്ചം അപ്രതീക്ഷിതമായ എന്നാല്‍ പൂര്‍ണ വായനാസംതൃപ്തി തരുന്ന അനുഭവമാണ് മിക്ക കഥകളും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട, പല അര്‍ത്ഥത്തിലും വൈകാരികമായ ചവിട്ടിയരക്കപ്പെട്ട മനുഷ്യ ജീവിതങ്ങള്‍ക്ക് കഥയില്‍ വിശാലര്‍ത്ഥത്തിലുളള പൂര്‍ണത നല്‍കിക്കൊണ്ടാണ് സോണ്ടേഴ്സ് തന്റെ കഥയില്‍ ഇത് സാധ്യമാക്കുന്നത്. സോണ്ടേഴ്സിന്രെ കഥകള്‍ വായിച്ചു കഴിഞ്ഞതിനു ശേഷം ഒരു അമ്യൂസ്‌മെന്ര് പാര്‍ക്കോ മാളോ ഫുഡ് കോര്‍ട്ടോ നിഷ്കളങ്കമായി നോക്കിക്കാണാന്‍ നമുക്ക് കഴിയുകയില്ല.
ബന്ധങ്ങള്‍ക്കു പകരം ഉപഭോഗവും, അര്‍ത്ഥത്തിനു പകരം ആന്റി ഡിപ്രസന്റുകളും ഉപയോഗിക്കുന്ന, അമിതമായ വിനോദത്വര കാരണം രോഗാതുരമായ ഒരു സമൂഹത്തിന്റെ ഇരുളടഞ്ഞ ഭാവിയെക്കുറിച്ച്, അമേരിക്കന്‍ ജീവിതങ്ങളെക്കുറിച്ചുളള, കറുത്ത ഹാസ്യത്തില്‍ എഴുതിയ വെളിപാടുകളാണ് അദ്ദേഹത്തിന്റെ കഥകള്‍. ‘നൊസ്റ്റാള്‍ജിയ എന്നത് നമ്മള്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ആ വലിയ മാളാണ്’ എന്ന് സോണ്ടേഴ്സ് ഒരു കഥയില്‍ എഴുതുന്നുണ്ട്.
ഒരു നോവലെഴുതിത്തുടങ്ങി അതീവ നിശിതമായ പകര്‍ത്തിയെഴുതലുകള്‍ക്ക് വിധേയമായി അത് ഒരു ചെറുകഥയായും പിന്നീട് ഒരു ഖണ്ഡികയായും മാറുന്നതാണ് തന്റെ എഴുത്തു ജീവിതം എന്ന് സോണ്ടേഴ്സ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളായാലും നോണ്‍ ഫിക്ഷനായാലും ഓരോ വാക്കിലുമുളള ആ സൂക്ഷ്മത വായനക്കാരന് തൊട്ടറിയാന്‍ സാധിക്കും. ക്രാഫ്റ്റിന്റെ പാഠപുസ്തകങ്ങളാണ് ക്രിയേറ്റീവ് റൈറ്റിങ് പഠിപ്പിക്കുന്ന ഈ യൂണിവേഴ്‌സിറ്റി അദ്ധ്യപകന്റെ ഓരോ കഥയും.
CivilWarLand in Bad Decline (1996), Pastoralia (2006), Tenth of December (2016) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. ചെറുതായിരിക്കാനൊരു നിവൃത്തിയുമില്ലാതെ വലിപ്പം വച്ച കഥയാണ് നോവല്‍ എന്നു വിശ്വസിക്കുന്ന സോണ്ടേഴ്സിന്രെ ആദ്യ നോവലായ Lincoln in the Bardo’ ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം നേടി. എബ്രഹാം ലിങ്കന്റെ 11 വയസ്സുളള മകന്‍ പനി ബാധിച്ച് മരിച്ചതും അതീവ ദുഖിതനായ പ്രസിഡണ്ട് മകനെ അടക്കം ചെയ്ത രാത്രിയില്‍ ഒറ്റക്ക് സെമിത്തേരിയില്‍ തിരിച്ചു ചെന്ന് മകന്റെ ശവപ്പെട്ടി മടിയില്‍ വെച്ച് കരഞ്ഞതും ചരിത്ര വസ്തുതയാണ്. ഈ സംഭവത്ത ആസ്പദമാക്കിയാണ് സോണ്ടേഴ്സിന്റെ നോവല്‍. പറയത്തക്ക പ്രമേയപരമായ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ സംഭവത്തെ സോണ്ടേഴ്സ് അവതരിപ്പിക്കുന്ന രീതിയാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. Bardo എന്നത് തിബത്തന്‍ ബുദ്ധിസമനുസരിച്ച് ജീവിതത്തിനും മരണത്തിനും ഇടക്കുളള അവസ്ഥയാണ്. മരിച്ചയാള്‍ മരണാനന്തര ലോകത്ത് എത്തുന്നതിനു മുന്‍പുളള സമയം ചെലവഴിക്കുന്ന ഒരിടം. ആ ലോകത്തുളള കുറേ പ്രേതാത്മാക്കള്‍ ലിങ്കന്റെ മകന്റെ ശവശരീരം സെമിത്തേരിയിലേയ്ക്ക് കൊണ്ടു വരുന്നതും തുടര്‍ന്ന് രാത്രിയില്‍ ലിങ്കണ്‍ ഒറ്റക്കു വരുന്നതും ഒക്കെ കാണുന്നതും അതിനെക്കുറിച്ച് നടത്തുന്ന സംഭാഷണങ്ങളും ലിങ്കന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പത്രപ്രവര്‍ത്തകരും സെമിത്തേരി ജീവനക്കാരും ഒക്കെ ആ സംഭവത്തെക്കുരിച്ച് എഴുതിയ ചരിത്ര രേഖകളും (സങ്കല്‍പ്പികവും അല്ലാത്തതും) കൂട്ടിക്കലര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. വിരസമായ ഒരു പരീക്ഷണാത്മക നോവല്‍ എന്ന് കേള്‍ക്കുമ്പോള്‍ തോന്നാമെങ്കിലും അസാധാരണമായ വൈകാരിക ശക്തിയുളള നോവലാണിതെന്ന് എടുത്ത് പറയേണ്ടതുണ്ട്. ഒരു പഴയ പ്രമേയം ഒരു മാസ്റ്റര്‍ എഴുത്തുകാരന്‍ തന്റെ ക്രാഫ്റ്റിന്റെ ശക്തി കൊണ്ട് അസാധരണമായ സാഹിത്യാനുഭവമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍.
ബിരുദധാരികളായി ലോകത്തിലേക്കിറങ്ങാന്‍ നില്‍ക്കുന്ന ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നടത്തിയ പ്രഭാഷണത്തില്‍ ജീവിതത്തില്‍ താന്‍ ഏറ്റവും പശ്ചാത്തപിക്കുന്ന കാര്യം ഏതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പ്രൈമറി സ്കൂളില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ സഹപാഠികള്‍ ക്രൂരമായി കളിയാക്കുന്നതിനെക്കുറിച്ച്, ആ പെണ്‍കുട്ടി പൊടുന്നനെ അപ്രത്യക്ഷയായതിനെക്കുറിച്ച്, അവളോട് മറ്റുളളവരെ അപേക്ഷിച്ച്, ദയാവായ്പോടെ പെരുമാറിയിരുന്നെങ്കിലും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന പശ്ചാത്താപം ആണ് സോണ്ടേഴ്സിനെ വര്‍ഷങ്ങള്‍ക്കു ശേഷം അലട്ടുന്നത്. വിദ്യാര്‍ത്ഥികളെ അദ്ദേഹം ഉപദേശിക്കുന്നു— നിങ്ങള്‍ ലോകം ഉഴുവന്‍ സഞ്ചരിക്കുകയോ, പ്രശസ്തരാവുകയോ, പണമുണ്ടാക്കുകയോ, പ്രേമിക്കുകയോ, കൊടുംകാടിന് നടുവിലെ തടാകത്തില്‍ നഗ്നരായി നീന്തുകയോ ഒക്കെ ചെയ്യൂ. പക്ഷെ, നിങ്ങളുടെ ആത്മാവിനും അപ്പുറത്തുളള, ആ രഹസ്യ സങ്കേതത്തിലുളള, ദയയുടെ, അപര സ്നേഹത്തിന്റെ വെളിച്ചം അണയാതെ സൂക്ഷിക്കണം. നിങ്ങളുടെ ജീവിതം ഓരോ ദിവസം കഴിയുന്തോറും സ്വാര്‍ത്ഥതെയെ കീറി മുറിക്കുന്ന ആ ദയാദീപം കൂടുതല്‍ തെളിച്ചത്തോടെ കത്തിക്കാനുളള പ്രയത്നമായിരിക്കട്ടെ.
ഡിസംബര്‍ 10 എന്ന് പേരില്‍ സോണ്ടേഴ്സിന്രെ പ്രശസ്തമായ ഒരു കഥയുണ്ട്. ഡിസംബര്‍ 21-നാണ് Solstice--വര്‍ഷത്തില്‍ ഏറ്റവും കുറവ് സൂര്യപ്രകാശം കിട്ടുന്ന ദിവസം. പക്ഷെ, ആ ദിവസം ആയിട്ടില്ല. ഡിസംബര്‍ പത്തായതേ ഉളളൂ. എന്തു കൊണ്ട് ഡിസംബര്‍ 10? വെളിച്ചം കുറച്ചു കൂടി ബാക്കിയുണ്ട്. ലോകവും ജീവിതവും ഏത് ഇരുട്ടിലേക്കാണ് നീങ്ങുന്നത് എന്ന് വായനക്കാരന് ഊഹിക്കാം. പക്ഷെ അപ്പോഴും സോണ്ടേഴ്സ് കഥയില്‍ പകരുന്ന അന്യാദൃശമായ ജീവിതദര്‍ശനത്തിന്റെ തിരിവെളിച്ചം വായനക്കാര്‍ക്ക് പ്രതീക്ഷ ബാക്കി നല്‍കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.