scorecardresearch

അറബ് മാലാഖമാരെ തേടിയെത്തിയ മാൻ ബുക്കർ പുരസ്കാരം

Man Booker International Prize: 2019-ലെ മാൻ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം ഒമാനിലെ നോവലിസ്റ്റ് ജോഖ അൽ-ഹരത്തിയുടെ ‘സെലസ്ററ്യൽ ബോഡീസ്’ എന്ന നോവൽ കരസ്ഥമാക്കി

man booker, man booker 2019, man booker international prize, Jokha Alharthi, Celestial Bodies, winner of man booker prize, Omani writer wins Man Booker Prize, ie Malayalam, ieMalayalam, indian express Malayalam

ജോഖ അൽ-ഹർത്തിയിലൂടെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തിയിരിക്കുകയാണ്. ഒമാനിലെ എഴുത്തുകാരിയായ അൽ ഹർത്തിയുടെ രണ്ടാമത്തെ നോവലാണ് ‘സെലസ്ററ്യൽ ബോഡീസ്.’ മൂന്നു തലമുറകളുടെ ജീവിതം പറഞ്ഞു പോകുന്ന ഒരു കുടുംബകഥയാണ് ഈ നോവൽ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ മാറ്റങ്ങളെ ആ ജനത എങ്ങനെ ഉൾക്കൊണ്ടു എന്ന വലിയ ചിത്രം ഈ കഥയ്ക്കിടയിൽ നോവലിസ്റ്റ് ചേർത്തുവെക്കുന്നുണ്ട്.

1960കൾ മുതൽ എണ്ണയുണ്ടാക്കിയ സമൃദ്ധി ആ രാജ്യത്തെ സാമൂഹ്യ ജീവിതത്തെ മാറ്റിമറിച്ചിരുന്നു.  ഈ സാഹചര്യമാണ് കുടുംബ ചിത്രത്തിനോടൊപ്പം നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. രണ്ടു തരം ജീവിതങ്ങൾ അവിടെ ഉരുത്തിരിയുന്നു. നയിക്കുന്നവന്റെയും നയിക്കപ്പെടുന്നവന്റെയും. ഉടമയുടെയും അടിമയുടെയും. അവർക്കിടയിലെ ജീവിതാന്തരം കണ്ടെത്തി അടയാളപ്പെടുത്തുകയാണ് ജോഖ അൽ-ഹർത്തി. എഡിൻബർഗ് സർവ്വകലാശാലയിൽ നിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഇവർ ഒമാനിലെ സുൽത്താൻ ഖ്വാബൂസ് സർവ്വകലാശാലയിൽ അറബി സാഹിത്യം പഠിപ്പിക്കുന്നു. മൂന്നു നോവലുകളും ഒരു ചെറുകഥാ സമാഹാരവും രണ്ടു ബാലസാഹിത്യ കൃതികളും ഒരു ലേഖന സമാഹാരവും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തിനുള്ള ചില പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

അറബിക് ഭാഷയിലേക്ക് ആദ്യമായാണ് ഈ പുരസ്കാരം കടന്നു ചെല്ലുന്നത് എന്നത് ഇത്തവണ അവാർഡിനെ സവിശേഷതയുള്ളതാക്കുന്നു, അതും ഒരു സ്ത്രീയ്ക്ക്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്ന ആദ്യത്തെ ഒമാനി എഴുത്തുകാരി എന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടുകാരിയായ മാർലിൻ ബൂത്ത് എന്ന പരിഭാഷകയാണ് ‘സെലസ്ററ്യൽ ബോഡീസ്’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മാൻ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം എഴുത്തുകാരിയും പരിഭാഷകയും പങ്കിട്ടെടുക്കും. അമ്പതിനായിരം പൗണ്ടാണ് സമ്മാനത്തുക. മാൻ ബുക്കർ എന്ന പേരിലറിയപ്പെടുന്ന അവസാനത്തെ പുരസ്കാരമായിരിക്കും ഇത്തവണത്തേത്. നിലവിലുള്ള സ്പോൺസർമാരായ മാൻ ഗ്രൂപ്പ് ഈ പുരസ്കാര ദൗത്യത്തിൽ നിന്ന് ഈയടുത്ത കാലത്ത് പിന്മാറുകയുണ്ടായി. ഇനിയങ്ങോട്ട് ബുക്കർ ഇന്റർനാഷണൽ പ്രൈസ് എന്നാണ് ഇതറിയപ്പെടുക.

ജോഖ അൽ-ഹരത്തിയും വിവർത്തക മാർലിൻ ബൂത്തും മാൻ ബുക്കർ പ്രൈസിനൊപ്പം

1969 മുതൽ നിലവിലുള്ള മാൻ ബുക്കർ പ്രൈസ് ഇംഗ്ലീഷിലെഴുതുന്ന മികച്ച നോവലിന്നുള്ളതാണ്. അതാണ് മലയാളിയായ അരുന്ധതി റോയ് 1997ൽ കരസ്ഥമാക്കിയത്.

2016 തൊട്ട് മറ്റേതെങ്കിലും ഭാഷയിൽ നിന്ന് പരിഭാഷപ്പെടുത്തിയ മികച്ച നോവലിനാണ് ഈ അന്തരാഷ്ട്ര പുരസ്കാരം കൊടുത്തു വരുന്നത്. അതിനു മുമ്പ് കുറച്ചു വർഷങ്ങൾ ഒരെഴുത്തുകാരന്റെ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് ഈ അംഗീകാരം നൽകി വന്നത്. 2005-ൽ അൽബേനിയൻ നോവലിസ്റ്റായ ഇസ്മയിൽ ഖദാരെയും 2007 ൽ നൈജീരിയൻ എഴുത്തുകാരൻ ചിനുവ അച്ചുബയും 2009-ൽ കനേഡിയൻ കഥാകാരി ആലിസ് മൺറോയും 2011-ൽ അമേരിക്കൻ നോവലിസ്റ്റ് ഫിലിപ്പ് റോത്തും 2013-ൽ അമേരിക്കൻ കഥാകാരി ലിഡിയാ ഡേവിസും 2015-ൽ ഹംഗേറിയൻ നോവലിസ്റ്റ് ലസ്ലോ ക്രസ്നഹോർക്കിയും സമഗ്ര സംഭാവനയ്ക്കുള്ള മാൻ ഇന്റർനാഷണൽ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി.

2016 മുതൽ പരിഭാഷപ്പെടുത്തിയ നോവലുകൾക്കായി ഈ പുരസ്ക്കാരം. 2016-ൽ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ ‘ദ വെജിറ്റേറിയൻ’ എന്ന നോവലും 2017 ഹിബ്രു നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന്റെ ‘എ ഹോർസ് വാക്സ് ഇൻറ്റു എ ബാർ’ എന്ന നോവലും 2018-ൽ പോളീഷ് നോവലിസ്റ്റ് ഒൾഗ ടോക്കാർസക്കിന്റെ ‘ഫ്ലൈറ്റ്‌സ്’ എന്ന നോവലും ഈ പുരസ്കാരത്തിനർഹമായി.

2019-ലെ പുരസ്ക്കാരമാണ് ഇപ്പോൾ അൽ-ഹർത്തിയെ തേടിയെത്തിയത്. തീർച്ചയായും അറബി സാഹിത്യത്തിന്റെ ലോകക്കാഴ്ച വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. അറബ് സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ലോകത്തിന്റെ മുന്നിലെത്തും. നോവലിന് പലതും വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാനാവും എന്ന് ജോഖ അൽ – ഹർത്തി ഒരഭിമുഖത്തിൽ പറയുന്നുണ്ട്. അത് സത്യമാണ്. ജനാധിപത്യത്തിന്റെ പരിഷ്കൃത വാതായനങ്ങൾ തുറക്കാൻ ഇത്തരം അംഗീകാരങ്ങൾ സാധ്യതയൊരുക്കും. നമ്മളിതുവരെ കേട്ടറിഞ്ഞ ഒരു ലോകമാവില്ല ‘സെലസ്ററ്യൽ ബോഡീസ്’ നമുക്ക് മുന്നിൽ തുറന്നിടുക . ഈ പുരസ്കാരലബ്ദിക്ക് ഇങ്ങനെയൊരു രാഷ്ട്രീയ വശം കൂടിയുണ്ട്. ആധുനിക കാലത്തെ നേരിടാൻ ഒമാനിലെ മൂന്ന് അടിമപ്പെൺകുട്ടികൾ നടത്തുന്ന തീവ്രശ്രമമാണ് നോവലിലൂടെ അവർ പറയുന്നത്. സെൻസിറ്റീവായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാഹിത്യം വിജയം നേടുമെന്ന് അൽ-ഹർത്തി വിശ്വസിക്കുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Man booker international prize 2019 omani writer jokha alharthi