/indian-express-malayalam/media/media_files/uploads/2017/12/malayattoor-1.jpg)
മഴയുടെ കുളിരില്‍ അലസത ആസ്വദിച്ചു വെറുതെ കളയുന്ന ഒരു ഒഴിവു ദിനം. അപ്പാര്‍ട്ട്മെന്റിന്‍റെ താഴെ നിന്ന് ആര്‍ത്തു വിളിക്കുന്ന കുട്ടികളെ കേള്‍ക്കാം. ഒരു ഭാഗത്ത് ആണ്‍കുട്ടികളുടെ വരാന്ത ഫുട്ബാള്‍. മറുവശത്ത് പെണ്‍കുട്ടികളുടെ പാവക്കൂത്ത്. ഗൃഹപാഠങ്ങളെക്കുറിച്ച് ആകുലപ്പെടാനില്ലാത്ത അവധി ദിവസം ആഘോഷിക്കുകയാണവര്‍. ഹാളില്‍ പല തവണ ആവര്‍ത്തിച്ച ഏതോ സിനിമയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. ചായയുമെടുത്തു എല്ലാമെല്ലാമായ ചില്ലലമാരയുടെ അടുത്തേക്ക് നടന്നു. എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടരെ ഞാന്‍ അതിലാണ് സൂക്ഷിച്ചു വച്ചിട്ടുള്ളത്. ഇടയ്ക്കിടെ പോയി തൊട്ടു തലോടും. കോരിയെടുത്ത് മുഖത്തോട് ചേര്‍ക്കും.
വലതു വശത്ത് നിറയെ പുതിയവരാണ്. മാറിയ ലോകവും എഴുത്തിന്‍റെ ക്രാഫ്റ്റും ടെക്നിക്കും സ്പഷ്ടമായി എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍. ഇടതു വശത്ത് അനേക വര്‍ഷങ്ങളായി കൂടെ ഉള്ളവരാണ്. ഞാന്‍ പോലും അറിയാതെ എന്നിലേക്ക് അലിഞ്ഞു ചേര്‍ന്നവര്‍. മയ്യഴിപ്പുഴയും പാണ്ഡവപുരവും, വിഷകന്യകയും, രണ്ടാമൂഴവും, ആലാഹയും , മുന്‍പേ പറക്കുന്ന പക്ഷികളും, ഗോവര്‍ദ്ധനനും അങ്ങനെ കാലഘട്ടങ്ങളിലൂടെ എന്നെ നടത്തുന്ന അമൂല്യ നിധി ശേഖരം. അനുവാചകനറിയാതെ താളുകള്‍ മറിയുന്ന ഏതു നോവല്‍ എടുത്തു നോക്കിയാലും കാണാം അതില്‍ മുറ്റി നില്‍ക്കുന്ന നോവലിസ്റ്റിന്‍റെ ആത്മാംശം. അതു തന്നെയാണ് ഈ രണ്ടു രൂപങ്ങളെയും ആസ്വാദന തലത്തില്‍ വേറിട്ട് നിര്‍ത്തുന്നത്. നോവലുകള്‍ ഒരു അനുഭവമാണ്. ജീവനുള്ള ഒരുപാട് ഓര്‍മ്മകള്‍ നമുക്ക് സമ്മാനിക്കുന്നു. അതിലുള്ളവര്‍ നമ്മുടെ കൂടെ കൂടുന്നു. പുസ്തകങ്ങള്‍ നിറച്ചു വച്ച എന്‍റെ ചില്ലു കൂട്ടില്‍ കണ്ണുകള്‍ പായിച്ചപ്പോള്‍ തോന്നി കാലം സമ്മാനിച്ച മറവി അവരില്‍ ചിലരെ എന്നില്‍ നിന്നും കുറച്ചകലെ നിര്‍ത്തിയിരിക്കുന്നുവെന്ന്.
പെട്ടെന്നാണ് ഒരു ചോദ്യം ഒന്നിലേറെപേരിൽ നിന്നും ഉളളിലുയർന്നത്. “ഞങ്ങളും ഏറെ ദൂരത്താണോ?” രാഗിണിയും, ശ്രീനിയും, രഘുവും, അനിതയും, വേദരാമനും എല്ലാവരും ഒരുമിച്ചാണ് ചോദിക്കുന്നത് . അവരുടെ പുറകില്‍ എനിക്കു ഇത് വരെ മറക്കാന്‍ സാധിക്കാത്ത അനേകരുടെ ഒരു നിര തന്നെ നില്‍പ്പുണ്ട്... നോവലുകളും കഥകളും വരകളും എല്ലാം ചേര്‍ത്ത് ഇരുപതാം നൂറ്റാണ്ടിലെ മലയാളിക്ക് പുത്തന്‍ ആഖ്യാന രീതി സമ്മാനിച്ച കെ.വി. രാമകൃഷ്ണയ്യരെന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥാപാത്രങ്ങളാണവര്‍. നവോത്ഥാനവും ആധുനികതയും സാമൂഹ്യ പ്രതിജ്ഞാബദ്ധതയും ഗൃഹാതുരത്വവും ഒക്കെ പ്രമേയമാക്കിയ എഴുത്തുകാരുടെ കൂടെയാണ് മലയാറ്റൂര്‍ എഴുതിക്കൊണ്ടിരുന്നത്. ഇതൊന്നുമല്ലാത്ത സ്വതസിദ്ധമായ രീതിയില്‍. തന്‍റെ ചുറ്റും കണ്ടതും കേട്ടതും സത്യസന്ധമായി ധിക്കാരിയെപ്പോലെ അദ്ദേഹം എഴുതി. പക്ഷേ ലളിതമായ ഭാഷയില്‍. യക്ഷിയും, വേരുകളും, യന്ത്രവും, നെട്ടൂര്‍ മഠവും, ആറാം വിരലും ഒക്കെ സാധാരണക്കാരന് വേണ്ടി ആ മാന്ത്രിക തൂലികയില്‍ ജനിച്ചപ്പോള്‍ മലയാള നോവല്‍ ശാഖയിൽ വ്യത്യസ്തമായ ശൈലി കൈ വരികയായിരുന്നു. പിന്‍ഗാമികളില്ലാതെ പോയ ഒരു ശൈലി. മലയാറ്റൂര്‍ ഓര്‍മ്മയായിട്ട് ഇരുപത് വര്‍ഷമാകുന്നു. അദ്ദേഹത്തിന്‍റെ രചനകളുടെ കാലാതീത പ്രസക്തി ഇന്നും വിസ്മയിപ്പിക്കുന്നു.
കുറച്ചു ദിവസം മുന്‍പ് “എനിക്കെന്തെങ്കിലും വായിക്കാന്‍ തോന്നുന്നു” എന്ന് പറഞ്ഞ് ബുക്ക് ഷെല്‍ഫില്‍ നിന്നും ‘യക്ഷി’ എടുത്തു കൊണ്ട് പോയ അമ്മയെ പിന്നെ ശരിക്കൊന്നു കണ്ടത് രണ്ടു ദിവസം കഴിഞ്ഞാണ്. പതിവു നടത്തം പോലും ഉപേക്ഷിച്ച് ഒറ്റ ഇരിപ്പായിരുന്നു ആരോടും മിണ്ടാതെ. അതും രണ്ടാം വായന. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇരിക്ക പൊറുതി കിട്ടാതെ എന്തോ സൂത്രം പറഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങി തലേന്ന് രാത്രി മുറിഞ്ഞു പോയ വായന ആര്‍ത്തിയോടെ പൂര്‍ത്തിയാക്കിയത് ഓര്‍മ്മ വന്നു.
"യക്ഷി" എഴുതപ്പെട്ട സമയത്ത് അതൊരു സാഹസിക പരീക്ഷണമായിരുന്നിരിക്കണം. അക്കാലത്ത് ഫാന്റസി ഒരു ശരാശരി വായനക്കാരന്‍റെയോ എന്തിന് എഴുത്തുകാരന്‍റെയോ സുഖമേഖല അല്ല. ഇന്നത്തെ പോലെ അദൃശ്യ ചട്ടക്കൂടുകളെ തകര്‍ത്തുള്ള പരീക്ഷണങ്ങള്‍ക്ക് പ്രോത്സാഹനവും കുറവാണ്. എന്നാല്‍ എല്ലാ പരീക്ഷകളേയും അതിജീവിച്ച് ഇന്നും "യക്ഷി" മലയാള നോവല്‍ സാമ്രാജ്യത്തിലെ ടോപ് ട്വന്റിയില്‍ നില കൊള്ളുന്നുണ്ടെങ്കില്‍ അത് മലയാറ്റൂരിന്‍റെ അസാമാന്യ പ്രതിഭയല്ലെങ്കില്‍ പിന്നെന്താണ്?
കെമിസ്ട്രി ലാബിലെ പരീക്ഷണത്തിനിടിയൽ സംഭവിക്കുന്ന അപകടത്തില്‍ വിരൂപനാകുന്ന ശ്രീനി എന്ന അതിസുന്ദരനായ ഒരു ലക്ച്ചററുടെ കഥയാണ് ഇതിലെ പ്രമേയം. വൈരൂപ്യം അയാള്‍ക്ക് കാമുകിയെ നഷ്ടപ്പെടുത്തുന്നു. തളര്‍ന്നു പോകുന്ന ശ്രീനിയുടെ ജീവിതത്തിനു ആശ്വാസമായി അപ്സരസ്സിനെ പോലെ രാഗിണി കടന്നു വരുന്നു. അവള്‍ ശരീരത്തെയല്ല തന്‍റെ മനസ്സിനെയാണ് ഇഷ്ടപ്പെടുന്നത് എന്ന് പക്ഷേ അയാള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വൈരൂപ്യം ജനിപ്പിക്കുന്ന അപകര്‍ഷതാ ബോധം ശ്രീനിയുടെ ലൈംഗിക ശേഷി ഇല്ലാതാക്കുന്നു. തനിക്ക് അപാകതയൊന്നുമില്ല എന്ന് സമാശ്വസിക്കാന്‍ അയാളുടെ അബോധ മനസ്സ് കണ്ടെത്തുന്ന ഉപായമാണ് രാഗിണി എന്ന യക്ഷിയുടെ സൃഷ്ടി. രാഗിണി അന്തരീക്ഷത്തില്‍ പുകച്ചുരുളായി വിലയം പ്രാപിച്ച യക്ഷിയാണോ അതോ ശ്രീനിയുടെ ഭ്രമമാണോ?നോവലെഴുത്തിന്രെ ഭ്രമാത്മക സൗന്ദര്യം ഇതിലാവാഹിച്ചിരിക്കുന്നു.
മിത്തുകളും അന്ധവിശ്വാസങ്ങളും കടും ചായം പകര്‍ന്ന ഒരു ബാല്യമാണ് എന്റേതും. മരത്തട്ടടിച്ച തട്ടിമ്പുറങ്ങളില്‍ കിടന്നു ജനലഴിയിലൂടെ ദൂരെ ഇരുട്ടിലിളകുന്ന പനയിലകളെ നോക്കി യക്ഷികളെ സങ്കല്‍പ്പിച്ച ബാല്യം. ഇറുക്കിയടച്ച കണ്ണുകള്‍ തുറക്കാന്‍ ധൈര്യമില്ലാതെ നാമം ചൊല്ലിയുറങ്ങിയ രാത്രികള്‍. തറവാട്ടിലെ പാമ്പിന്‍ കാവിലാണെന്ന് തോന്നുന്നു ഞാന്‍ ആദ്യമായി പാലപ്പൂ മണത്തത്. സന്ധ്യക്ക് വിളക്ക് വെയ്ക്കാന്‍ പോകുമ്പോള്‍ അധിക നേരം ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തിയിരുന്നിടത്ത് നിന്നാല്‍ അത് കൂടെ പോരും എന്ന് മുതിര്‍ന്നവര്‍ പറഞ്ഞു പേടിപ്പിച്ചിരുന്ന കാലം. ഇപ്പോഴും അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ രക്ഷസ്സിന്‍റെ അവിടെ നിന്നും പെട്ടെന്ന് മാറിക്കളയും. മിത്തുകള്‍ സങ്കല്‍പ്പങ്ങളായി ശീലങ്ങളായി നമ്മുടെ കൂടെ വളരുന്നു. രാഗിണി വന്നു പോകുമ്പോള്‍ പൂക്കുന്ന പാലയും, വിചിത്രമായി ഓരിയിടുന്ന ബ്രൂണോയും, അപകടങ്ങളെ മുന്‍കൂട്ടി കാണുന്ന, ഭ്രൂണങ്ങളെ തിന്നുന്ന യക്ഷിയുമൊക്കെ മനസ്സില്‍ പൂത്തു തളിര്‍ത്ത സങ്കല്‍പ്പങ്ങള്‍ക്ക് പരിചിതങ്ങളാണ്. അത് കൊണ്ടാണ് മനഃശാസ്ത്രവും അന്ധവിശ്വാസവും കൂട്ടിയിണക്കി മലയാറ്റൂര്‍ മെനഞ്ഞെടുത്ത ‘യക്ഷി’ അതെത്ര കണ്ട് അയഥാര്‍ത്ഥമാണോ അതിന്‍ നൂറു മടങ്ങ് അവിസ്മരണീയമായ അനുഭവമായി മാറുന്നത്.
"യക്ഷി" സൈക്കോളജി ആണെങ്കില്‍ "ആറാം വിരല്‍" പാരാസൈക്കോളജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണ്. സൈക്കോളജിയും സ്പിരിച്വലിസവും സമ്മേളിക്കുന്ന സൃഷ്ടി. "യക്ഷി"യിലെ ശ്രീനി പ്രത്യേക സാഹചര്യത്തില്‍ വിഭ്രാന്തിയ്ക്കടിമപ്പെടുകയാണ്. "ആറാം വിരലി"ലെ വേദരാമന്‍റെ പരിണാമം പക്ഷേ ഒരു കൂട്ടം മനുഷ്യര്‍ നിശ്ചയിക്കുന്ന ഘട്ടങ്ങളിലൂടെയാണ്. മലയാറ്റൂര്‍ തന്‍റെ അവസാന വര്‍ഷങ്ങളില്‍ എഴുതിയവയില്‍ ശ്രദ്ധേയമായ നോവലാണിത്. ഗ്രന്ഥശാലകള്‍ ഏറ്റവും അധികം ആവശ്യപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ച് സര്‍വ്വേ നടത്തി ഡി. സി. ബുക്സ് നോവലുകള്‍ പ്രത്യേക ബയന്റിങ്ങില്‍ ഗ്രന്ഥശാലാപരമ്പരയായി ഇറക്കിയിരുന്നു. എന്റെ പതിപ്പ് അതിലൊന്നാണ്. ആഴമല്ല പ്രമേയത്തിന്‍റെയും കഥാപാത്രങ്ങളുടെയും പരപ്പാണ് മലയാറ്റൂര്‍ നോവലുകളുടെ സൗന്ദര്യം. അദ്ദേഹത്തിന്‍റെ രചനകളെ ആഴത്തിലറിയാന്‍ അധികമാരും ശ്രമിക്കാത്തത് ഇത് കൊണ്ടായിരിക്കാം.
ഉരുളി മോഷ്ടാവായ മുളങ്കുന്നത്തു തറവാട്ടിലെ വേദരാമന്‍റെ ആറാം വിരലിന് പ്രകാശം കൈ വരുമ്പോള്‍ അയാള്‍ വേദന്‍ ബാബയായി മാറുന്നു. അപൂര്‍വ സവിശേഷതകളും പ്രവാചകത്വവും ഉള്ള ദിവ്യയോഗി. അതീന്ദ്രിയജ്ഞാനമുള്ള ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഉളളറകളിൽ നിന്ന് ആവിഷ്കരിക്കുകയാണ് ഈ നോവലില്‍. നായകന്‍റെ അസ്തിത്വപ്രശ്നത്തെ കാലഘട്ടങ്ങളിലൂടെ മലയാറ്റൂര്‍ കൊണ്ടു പോകുന്നു. കൂടെ രാഷ്ട്രീയസാമൂഹികസാംസ്കാരിക ഇടപെടലുകള്‍ നടത്തുന്നു. ഗ്രാമത്തിലുള്ള വേദരാമന്‍റെ പ്രശ്നം തന്‍റെ അച്ഛന്‍ ആരെന്നുള്ളതാണ്. ആറാം വിരല്‍ ആണ് അവനെ ഈ കുഴയ്ക്കുന്ന ചോദ്യത്തിന്‍റെ മുന്നില്‍ നിര്‍ത്തുന്നത്. അവിടെ നിന്ന് വളര്‍ന്ന് നഗരത്തിലെത്തി പ്രവര്‍ത്തന മണ്ഡലം വികസിച്ച വേദനാകുമ്പോള്‍ ജനിച്ചു വളര്‍ന്ന മണ്ണിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവന്‍റെ സംഘര്‍ഷങ്ങള്‍ കാണാം. ഉയര്‍ന്നു പൊങ്ങി മദ്രാസിലെ വലിയ കാന്‍വാസില്‍ വേദന്‍ബാബയാകുമ്പോള്‍ അയാളുടെ വ്യക്തിത്വം പൂര്‍ണമായും അന്യവല്‍ക്കരിക്കപ്പെടുന്നു. ഒരു ദിവ്യന്‍ ജന്മമെടുക്കുമ്പോള്‍ അയാളുടെ ചുറ്റും ഉള്ളവര്‍ ആ തണലില്‍ രാഷ്ട്രീയ-വ്യവസായിക ലാഭങ്ങള്‍ കൊയ്യുകയാണ്. ഒടുവില്‍ ചില്ലു കൂട്ടിലിരിക്കുന്ന ഭഗവാന്‍റെ ഒരു വിരല്‍ മാത്രമായി മാറുന്നു വേദരാമന്‍ തേടി നടന്ന വ്യക്തിത്വം.
കാലം മാറി കഥ മാറി എന്ന് പറയാറുണ്ട്. "ആറാം വിരല്‍" ഒരാറു വര്‍ഷത്തിനിപ്പുറം രണ്ടാമതും വായിക്കുമ്പോള്‍ കാലത്തിനൊത്ത് കഥയല്ല കഥാപാത്രങ്ങളെ മാറുന്നുള്ളൂ എന്ന് തോന്നിപ്പോയി. ആദ്യം വായിച്ചപ്പോള്‍ ബാബയുടെ പുറകിലെ രാഷ്ട്രീയ ഇടപെടലുകളില്‍ അതിഭാവുകത്വം തോന്നിയിരുന്നു. എന്നാലിന്ന് വീണ്ടും വായിക്കുമ്പോള്‍ രാജ്യമുഖ്യന്‍ ഒരു ആള്‍ ദൈവത്തിന്‍റെ ആശ്രമ സ്ഥാപന ചടങ്ങില്‍ മുഖ്യാതിഥി ആയെത്തുന്നതില്‍ ഒട്ടും അതിശയോക്തി കാണുന്നില്ല. കാരണം ഇപ്പോള്‍ ചുറ്റും ഫൈവ് സ്റ്റാര്‍ സ്പിരിച്വാലിറ്റി പ്രചരിപ്പിക്കുന്ന ഹൈലി മാര്‍ക്കറ്റബിള്‍ ബാബമാരാണ്. ഗാന്ധി ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ തോല്‍ക്കുമായിരുന്നില്ലേ എന്ന ചോദ്യം ഇതില്‍ കൂടുതല്‍ പ്രസക്തമായ ഒരു കാലം വരാനുണ്ടോ? ഇതില്‍ പരം പ്രവചന സ്വഭാവമുള്ള കൃതി വേറെ കിട്ടാനുണ്ടോ?
"ആറാം വിര"ലില്‍ ഇന്ത്യന്‍ രാഷ്ട്രീയം പ്രമേയമാകുന്നുവെങ്കില്‍ "യന്ത്രം" കേരളത്തിന്‍റെ തട്ടിലാണ്. രാഷ്ട്രീയവും ബ്യുറക്രസിയും അതിനിടയില്‍ നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരും. വളരെ അടുപ്പമുള്ള,വായനാ ശീലമുള്ള, ബ്യുറക്രാറ്റ് സുഹൃത്തുമായി സൗഹാര്‍ദപരമായ വാഗ്വാദം നടത്തേണ്ടി വന്നപ്പോള്‍ ഞാന്‍ തമാശക്ക് ചോദിച്ചു അയാളുടെ സ്വഭാവം ബാലചന്ദ്രന്‍റെ പോലെ ആയിപ്പോയോ എന്ന്. അത് അയാളെ ലേശം മുറിവേല്‍പ്പിച്ചു. അനഭികാമ്യമായ ബ്യുറക്രസിക്ക് ബാലചന്ദ്രനോളം വരുന്ന ഒരു കഥാപാത്രം പിന്നീട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. കേരളത്തിന്‍റെ സാമൂഹ്യ പരിതസ്ഥിതിയില്‍ നിന്നു കൊണ്ട് ഇന്ത്യന്‍ ഭരണ ചക്രത്തിന്‍റെ കഥ പറയുകയാണ് മലയാറ്റൂര്‍ . അധികാരത്തിന്‍റെ ജയന്റ് വീലില്‍ നിന്നും ഇറങ്ങി അതിലേയ്ക്ക് നോക്കി ഉന്നതങ്ങളിലെ ഊരാക്കുടുക്കുകളും ധര്‍മ്മസങ്കടങ്ങളും സൂക്ഷ്മമായി കാണിക്കുന്ന ഒരു ഫിക്ഷന്‍ മലയാളത്തിന് സമ്മാനിക്കുകയാണ് "യന്ത്ര"ത്തിലൂടെ.
സ്ഥലത്തെ പ്രമാണിയുടെ സഹായത്തോടെ പഠിച്ച് ഐ.എ.എസ്. നേടുന്ന ബാലചന്ദ്രന്‍ ആണ് നോവല്‍ ആരംഭിക്കുമ്പോള്‍ കഥാനായകന്‍. സര്‍വീസില്‍ കൂടെയുള്ളവരെക്കാള്‍ എല്ലാം കൊണ്ടും താഴ്ന്നവനാണ് താന്‍ എന്ന അപകര്‍ഷതാ ബോധം എപ്പോഴും കൊണ്ട് നടക്കുന്ന ഒരാള്‍. മേലുദ്യോഗസ്ഥന്‍റെ രണ്ടാമത്തെ മകളെ പ്രേമിക്കുകയും ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ സദാചാരബോധത്തെ തൃപ്തിപ്പെടുത്താന്‍ മൂത്ത മകളെ വിവാഹം ചെയ്യേണ്ടി വരുകയും ചെയ്യുമ്പോള്‍ ബാലചന്ദ്രന്‍റെയും അയാള്‍ക്ക് ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഇതിലെ സാമൂഹിക തലം. മേലുദ്യോഗസ്ഥനായ ശേഖരപിള്ളയുടെയും, ബാലചന്ദ്രന്‍റെ ഭാര്യ സുജാതയുടെയും, അനിയത്തി അനിതയുടെയും, അയാളുടെ സര്‍വീസ് സുഹൃത്ത് ജയശങ്കറിന്‍റെയും എല്ലാം ജീവിതത്തിന്‍റെ ഗതി മാറുന്നത് അവിടെ നിന്നാണ്. ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് കേരള രാഷ്ട്രീയത്തിലെയും സര്‍വീസിലെയും കുതിരപ്പന്തയങ്ങളെ തുറന്നു കാണിക്കുകയാണ് മലയാറ്റൂര്‍.
നോവല്‍ തുടങ്ങുമ്പോള്‍ ധാര്‍മികതയെ ചേര്‍ത്തു പിടിക്കുന്ന ബാലചന്ദ്രന്‍ യന്ത്രം ആഞ്ഞു കറങ്ങിത്തുടങ്ങുമ്പോള്‍ മൂല്യങ്ങള്‍ ഓരോന്നായി താഴേക്കിടുന്നത് കാണാം. ജയശങ്കര്‍ തികഞ്ഞ അവസരവാദിയാണ്. അത് കൊണ്ടു തന്നെ അവരുടെ മറ്റൊരു ബാച്ച് മേറ്റായ കുര്യനെ പോലെ സ്വാധീനങ്ങള്‍ ഒന്നും ഇല്ലെങ്കിലും അയാള്‍ എല്ലാ സാഹചര്യത്തിലും അടി പതറാതെ നാലു കാലില്‍ വീഴുന്നുണ്ട്. നോവല്‍ പുരോഗമിക്കുമ്പോള്‍ നമ്മളറിയാതെ ബാലചന്ദ്രന്‍ അണിയറയിലേക്ക് മാറുകയും ജയിംസ് എന്ന ആദര്‍ശവാനായ പക്ഷേ സര്‍വീസ് പരാജയമായ ഐ.എ.എസ്.കാരന്‍ അരങ്ങില്‍ നിറയാന്‍ തുടങ്ങുകയും ചെയ്യുന്നു. ബാലചന്ദ്രന്‍റെ കഥ ജയിംസിന്‍റേതാകുന്നത് അനുവാചകന്‍ അറിയുന്നതേ ഇല്ല. അതാണ് ആ എഴുത്തിന്‍റെ ബ്രില്ല്യന്‍സ്. ഭാസ്കര പിള്ള, പ്രസന്നന്‍, പരമേശ്വരന്‍ എന്നീ രാഷ്ട്രീയക്കാരിലൂടെ അധികാര ദുര്‍വിനിയോഗവും, രാഷ്ട്രീയ വഞ്ചനയും, വിപ്ലവ വായാടിത്തവും അങ്ങനെ പല തലങ്ങളും മലയാറ്റൂര്‍ വരച്ചു ചേര്‍ക്കുന്നു.
നോവലില്‍ ശേഖരപിള്ള പറയുന്നുണ്ട് "ഒറ്റ ഇസമേയുള്ളൂ, സര്‍വൈവലിസം". തന്‍റെ ഉത്തരവാദിത്വ ബോധത്തിനും രാഷ്ട്രീയ കുതികാല്‍ വെട്ടുകള്‍ക്കും, വ്യക്തി സമസ്യകള്‍ക്കും ഇടയില്‍ നട്ടം തിരിയുന്ന ജയിംസ് എല്ലാ കാലഘട്ടത്തിലേയും ഉദ്യോഗസ്ഥര്‍ കടന്നു പോകുന്ന ധര്‍മ സങ്കടത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. വ്യവസ്ഥിതിക്കുള്ളില്‍ നിന്ന് കളിച്ചതു കൊണ്ടാകാം നോവലിസ്റ്റും കഥാപത്രങ്ങളും തമ്മില്‍ വല്ലാത്തൊരു വൈകാരിക ബന്ധം "യന്ത്ര"ത്തില്‍ ദര്‍ശിക്കാനാകും.
കരമനയാറിലൂടെ തുഴഞ്ഞ് ഇങ്ങ് പെരിയാറിന്‍റെ തീരത്തെത്തുമ്പോള്‍ മൂല്യച്യുതിയും സ്വാര്‍ഥതയും നിറഞ്ഞ ലോകത്തില്‍ നിന്നും ഏറെ ദൂരം താണ്ടി സത്യസന്ധമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന "വേരുകളി"ല്‍ എത്തുന്നു . തന്‍റെ ജീവിതത്തിലെ അനുഭവങ്ങളും കല്‍പനകളും സമ്മേളിപ്പിച്ചെഴുതിയ മലയാറ്റൂരിന്‍റെ ആത്മാംശം സ്ഫുരിക്കുന്ന നോവല്‍.
നഗരത്തിലെ ഉന്നത ഉദ്യോഗത്തിന്‍റെ പരിഷ്ക്കാരത്തില്‍ ജീവിക്കുന്ന രഘു ഭാര്യയുടെ പ്രേരണയാല്‍ ഭൂമി വില്‍ക്കാന്‍ ജനിച്ച ഗ്രാമത്തില്‍ മടങ്ങിയെത്തുന്നു. സാധാരണ കഥകളിലെ പോലെ തന്‍റെ പഴയ കാല ജീവിതത്തിലെ ഒന്നിനെയുംക്കുറിച്ച് അയാള്‍ക്ക് നഷ്ടബോധം ഉള്ളതായി കാണുന്നില്ല. നഗര ജീവിതത്തിന്‍റെ കൃത്രിമത്വം ആസ്വദിക്കുന്നില്ലെങ്കില്‍ കൂടിയും. ഭൂമി ക്രയവിക്രയം ചെയ്ത് തിരിച്ചു പോകാനുള്ള തിടുക്കത്തില്‍ നാട്ടിലെത്തുന്ന രഘു അവിടെയുള്ള ഓരോന്നിലും അയാളറിയാതെ തന്‍റെ അസ്തിത്വം കണ്ടെത്താന്‍ തുടങ്ങുന്നു.
പ്രകൃതി ഈ നോവലിലെ ഒരു പ്രധാനകഥാപാത്രമാണ്. മുറ്റത്തെ മാമ്പഴം, തെങ്ങും കവുങ്ങും സപ്പോട്ടയും, പെരിയാര്‍ അങ്ങനെ ഗ്രാമത്തിലെ ഓരോ പുല്‍ക്കൊടിയിലും ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട്. ഒരു മൂത്ത ജ്യേഷ്ഠന്‍റെ സ്ഥാനത്ത് നിന്ന് രഘുവിനെ പഠിപ്പിച്ചത് അയാളുടെ മൂത്ത സഹോദരിയായ അമ്മുലുവാണ്. യാഥാസ്ഥിതിക തമിഴ് കുടുംബം, കാലഘട്ടം ഇതെല്ലാം ഓര്‍ക്കണം. തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് അമ്മുലു എന്ന് മലയാറ്റൂര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ സഹോദരിമാരോടും കുടുംബത്തോടും രഘുവിന് സ്നേഹമല്ല കടപ്പാടും ഉത്തരവാദിത്വബോധവുമാണ് കൂടുതല്‍. ഒരു തരത്തില്‍ നോക്കിയാല്‍ തികച്ചും സ്വാര്‍ത്ഥനാണ് രഘു. പക്ഷേ ഗ്രാമത്തിലേക്കുള്ള തിരിച്ചു വരവില്‍ നഷ്ടപ്പെട്ട തന്‍റെ മൂല്യങ്ങളേയും സ്വാതന്ത്ര്യത്തെ തന്നെയും തിരിച്ചു പിടിക്കുകയാണയാള്‍. മനുഷ്യനും മരത്തിനും ജനിച്ച മണ്ണിലാണ് വേരുകള്‍ എന്ന് തിരിച്ചറിയുന്ന രഘുവിനെയാണ് നോവലിന്‍റെ അന്ത്യത്തില്‍ നാം കാണുന്നത്.
വ്യാഴവട്ടത്തിലേറെയായി പ്രവാസിയായി കഴിയുന്ന എനിക്ക് രഘുവില്‍ ആത്മാശം ദര്‍ശിക്കാനാവും. ജനിച്ച നാട്ടിലെ കുളവും പാടവും മരങ്ങളും എന്നോട് പറയാന്‍ അനേകായിരം കഥകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കേള്‍ക്കാന്‍ ഞാന്‍ നിന്നു കൊടുക്കുന്നില്ല എന്ന പരാതിയാണവയ്ക്കെല്ലാം. ഭ്രാന്തന്‍ കിട്ടുമണിയെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് അമ്മയുടെ നാട്ടിലുള്ള പൊട്ടിപ്പഴകിയ ഓടിട്ട ഒരു വീടാണ്. എന്‍റെ ബാല്യത്തില്‍ അവിടെ ഭ്രാന്തനെ പൂട്ടിയിട്ടിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാലില്‍ ചങ്ങലയുള്ള രാത്രിയില്‍ കരയുന്ന ഭ്രാന്തനെ എത്രയോ തവണ സങ്കല്‍പ്പിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന നാഗരികത എന്നിലെ ഗൃഹാതുരത്വത്തിന്‍റെ മേല്‍ പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. തിരിച്ചുപോക്കിനുള്ള ഒരു പ്രേരണയും ഇല്ലെന്നിരിക്കിലും വിട്ടിട്ടുപോന്ന ഒരുപാട് ഓര്‍മ്മകള്‍ എന്നെ കാത്തിരിക്കുന്നുണ്ട് എന്ന് അറിയുന്നുണ്ട്.
മനുഷ്യവികാരങ്ങള്‍ കൊണ്ട് വിസ്തൃതമാണ് മലയാറ്റൂരിന്‍റെ കാന്‍വാസ്. കൗതുകകരമായ ചില സമാന്തരങ്ങള്‍ ദര്‍ശിക്കാം കഥാപാത്ര സൃഷ്ടിയില്‍. അപകര്‍ഷതാബോധം- വേദരാമന് ഉരുളി മോഷണത്തെക്കുറിച്ച്, ബാലചന്ദ്രന് തന്‍റെ പാരമ്പര്യത്തെക്കുറിച്ച്, ശ്രീനിക്ക് വൈരൂപ്യത്തെ ചൊല്ലി. കുറ്റബോധം- രഘുവിന് താന്‍ കടമകള്‍ മറക്കുന്നതിനെ ചൊല്ലി, വേദരാമന് കൊഴുക്കട്ടപാറുവിന്‍റെ അന്ത്യത്തെ ചൊല്ലി, ബാലചന്ദ്രന് തന്നെ പഠിപ്പിച്ച ശാരദയുടെ അച്ഛനോട്. "യക്ഷി"യിലെ ശ്രീനിയുടെയും രാഗിണിയുടെയും കാല്പനികത അല്ല "യന്ത്ര"ത്തിലെ അനിതയുടെയും ദേവപാലന്‍റെയും. എല്ലാ നോവലുകളിലും ശക്തരായ സ്ത്രീകളെ വരച്ചിട്ടിരിക്കുന്നത് കാണാം. വേദരാമനെ ലൈംഗികമായി പോലും കീഴ്പ്പെടുത്താന്‍ പോന്നവരാണ് "ആറാം വിരലി"ലെ കൊഴുക്കട്ട പാറുവും, സുരേഖയും. വിധിയുടെ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അതി ശക്തമായി തിരിച്ചു പൊരുതി ജയിക്കുന്നവളാണ് യന്ത്രത്തിലെ അനിത. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത് തന്‍റെ ശരികളെ ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീയാണ് "വേരുകളി"ലെ അമ്മുലു. യക്ഷിയിലെ രാഗിണി മാത്രമാണ് ഇതിനൊരു അപവാദം. നെടുവീര്‍പ്പും നിസ്സഹായതയും കണ്ടത് ഇവരില്‍ മാത്രമാണ്. മലയാറ്റൂരിന്‍റെ നോവലുകളില്‍ ഒറ്റയാനായി നില്‍ക്കുന്നതും ഈ ഒരു കൃതിയാണ്.
പല എഴുത്തുകാരും കഥാപാത്രങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി മാത്രം സന്ദര്‍ഭങ്ങള്‍ നെയ്തെടുക്കുമ്പോള്‍ മലയാറ്റൂര്‍ മൂല്യബോധമില്ലാത്ത തന്‍റെ പല കഥാ പാത്രങ്ങളെയും അവരുടെ പാട്ടിന് വിടുകയാണ്. വേശ്യാഗൃഹം തേടിപ്പോകുന്ന ശ്രീനിയും, അവസരവാദിയായ ബാലചന്ദ്രനും, അസന്മാര്‍ഗിയായ അനിതയും, സ്ത്രീകളില്‍ ആകൃഷ്ടനാകുന്ന വേദനും, കൃതജ്ഞതാബോധമില്ലാത്ത രഘുവും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. കാര്യ കാരണ ബന്ധങ്ങള്‍ നിരത്തി ഒന്നും സ്ഥാപിക്കാനുള്ള പരിശ്രമമേ ഇല്ല. മലയാറ്റൂരിന്‍റെ മനുഷ്യര്‍ അങ്ങനെ ആണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.