/indian-express-malayalam/media/media_files/uploads/2019/05/balachandran-chullikkadu-Novel-Hiranyam.jpg)
balachandran chullikkadu Novel Hiranyam
എന്റെ 'മാന്ത്രിക നോവൽ'
ബാലചന്ദ്രൻ ചുള്ളിക്കാട്
നാല്‍പ്പത്തിനാല് വർഷം മുൻപ് ഞാൻ എഴുതിയ 'ഹിരണ്യം' എന്ന നോവലെറ്റ് ഉടനെ ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്നു.
കൗമാരത്തിൽ നശീകരണവാസന എന്നിൽ പ്രബലമായിരുന്നു. അതു കൊണ്ടാവാം മാരകമായ ദുർമന്ത്രവാദം പഠിക്കാൻ ഞാൻ ആഗ്രഹിച്ചത്. മനോരോഗിയായ ഒരു നാടൻ ദുർമന്ത്രവാദിക്ക് ശിഷ്യപ്പെട്ടു. വിഫലമായ ആ അധമശ്രമത്തിന്റെ ഇരുണ്ട പാർശ്വഫലമാണ് ഈ ലഘുനോവൽ.
1975ൽ, പതിനെട്ടു വയസ്സിൽ ഞാൻ ഈ കഥ എഴുതി. അന്നത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഇതു തിരസ്കരിച്ചു. ഒടുവിൽ, യു.കെ.കുമാരൻ പത്രാധിപരായിരുന്ന വീക്ഷണം വാരികയുടെ 1977 ലെ വാർഷികപ്പതിപ്പിൽ 'ഹിരണ്യം' പ്രസിദ്ധീകരിച്ചു. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയിൽ ഈ കഥ നഷ്ടപ്പെട്ടുപോയി. കൗമാരത്തിലെ ഒരു രഹസ്യാപരാധംപോലെ എന്റെ ഓർമ്മയുടെ ഇരുട്ടിൽ അതു മറഞ്ഞു കിടന്നു.
ഈയിടെ ഡി.സി ബുക്സ് എവിടെനിന്നോ ഇതു തപ്പിയെടുത്തു. പുസ്തകമാക്കാമെന്നുപറഞ്ഞു.ആദ്യം ഞാൻ മടിച്ചു. എന്റെ അക്കാലത്തെ കുറ്റവാസനയുടെയും കാവ്യഭാവനയുടെയും തമശ്ശക്തി ആവേശിച്ച ഈ അധമരചന ഇന്ന് എനിക്കു വിനയാകുമോ എന്നു ഭയന്നു.
ഡി.സി.ബുക്സ് വീണ്ടും നിർബ്ബന്ധിച്ചു. ചില സുഹൃത്തുക്കളും പ്രോൽസാഹിപ്പിച്ചു. എന്തായാലും കൗമാരത്തിലെ ആ ഉന്മാദരേഖ ഈ വാർദ്ധക്യത്തിൽ രണ്ടുംകല്പിച്ച് പ്രസിദ്ധീകരിക്കുന്നു.
അദ്ധ്യായം ഒന്ന് പ്രവേശം
മിന്നിപ്പൊലിഞ്ഞ തീപ്പെട്ടിക്കോലിന്റെ വെളിച്ചത്തില്‍ തുരുമ്പിച്ച ഓടാമ്പല്‍ തെളിഞ്ഞു.
കടപുഴങ്ങുന്ന വൃക്ഷത്തിന്റെ അവസാനത്തെ ഗര്‍ജ്ജനത്തോടെ നരകത്തിന്റെ വാതില്‍ പാളികള്‍ തുറന്നു. കാലരന്ധ്രത്തിലേക്കുള്ള വഴി തെളിഞ്ഞു. പിതൃക്കളെ സ്മരിച്ച് വലതുകാല്‍വച്ച് ശങ്കരന്‍കുട്ടി കയറി. അവന്റെ ചവിട്ടടിയില്‍ കരിമൂര്‍ഖന്മാര്‍ പുളഞ്ഞു. അസ്ഥികൂടങ്ങള്‍ ഉടഞ്ഞു. വായില്‍ എട്ടുകാലികള്‍ കുടുങ്ങി. ജീര്‍ണ്ണതയുടെ ഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചു.
അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, കിരീടി... സ്മൃതികളുടെ നൈരന്തര്യത്തില്‍ മുത്തശ്ശിയുടെ വിറയാര്‍ന്ന സങ്കീര്‍ത്തനങ്ങള്‍ അലച്ചെത്തി. പവിത്രത്തിന്റെ തുമ്പിലൂടെ ഇറ്റു വീഴുന്ന ഉദകം മോന്താന്‍ നാവുനീട്ടി പിടയുന്ന എന്റെ മുത്തശ്ശീ... എവിടെയാണ് നിങ്ങളുടെ രണ്ടാം അവതാരം? ദേവയോനിയോ അസുരയോനിയോ?
വരൂ...
ആരാണ്?
നിലയ്ക്കാത്ത അനുരണനങ്ങളുണര്‍ത്തികൊണ്ട് ശങ്കരന്‍കുട്ടിയുടെ നിശ്വാസങ്ങളുതിര്‍ന്നു. തീപ്പെട്ടിയുടെ അഗ്നിമുഖം ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പിന്നെ ഇരുട്ടിന്റെ ആഴത്തിലേക്ക് തല കുത്തി വീണു.
/indian-express-malayalam/media/media_files/uploads/2019/05/balachandran-chullikadu.jpg)
യൂപബദ്ധനായ ബലിമൃഗത്തിന്റെ പാരവശ്യത്തോടെ രണ്ടാമത്തെ അറവാതിലില്‍ ശങ്കരന്‍കുട്ടി നിന്നു. റാന്തലിന്റെ അരണ്ടവെളിച്ചത്തില്‍ ജീര്‍ണ്ണതയുടെ മുഖം തെളിഞ്ഞു.
'ആരദ്'
പാതാളത്തിന്റെ അനാദിയുടെ മുഴക്കം.
'ഞാന്‍ യാത്രക്കാരന്‍.'
'ഇരിക്കൂ.'
സിംഹങ്ങള്‍ താങ്ങി നിര്‍ത്തുന്ന മഞ്ചത്തില്‍ ശങ്കരന്‍കുട്ടി ഇരുന്നു.
'പേര്?'
'ശങ്കരന്‍കുട്ടി, നിങ്ങള്‍?'
'ഞാന്‍... ഞാന്‍ രാഘവന്‍.'
കാതെത്താത്ത അഗാധതകളില്‍ നിന്നും മരണതന്ത്രികള്‍ കരഞ്ഞു.
തടാകത്തിന്റെ നടുവില്‍ വീണ കല്ലുകള്‍ പോലെ ശങ്കരന്‍ കുട്ടിയുടെ വാക്കുകള്‍ ആണ്ടു പോയി.
'അതു മാത്രം എന്നോട് പറഞ്ഞില്ല.'
'ആര്...' 'വേലയ്യന്‍.'
'വേലയ്യനോ... എവിടെ?'
രാഘവന്റെ കണ്ണുകള്‍ ജ്വലിച്ചു. നാഗക്കളത്തിലുറയുന്ന പെണ്‍കിടാവിന്റെതു പോലെ ഭീതിദമായി. ചെണ്ടയുടെ ഉഗ്രതാളം മുഴങ്ങി. ചേങ്ങലകള്‍ പൊട്ടിത്തകര്‍ന്നു. തിരശ്ശീല പറിഞ്ഞു കീറി. രൗദ്രഭീമന്റെ പാദപതനത്തില്‍ ഭൂമി കിടുങ്ങി, സൗരഗോളങ്ങള്‍ ഞെട്ടറ്റു വീണു. വിഹ്വലതയോടെ ശങ്കരന്‍കുട്ടി വിളിച്ചു.
അടങ്ങണേ... അടങ്ങണേ...
കോഴിച്ചോരയുടെ തീക്ഷ്ണഗന്ധത്തില്‍ രാഘവന്‍ അടങ്ങി.
ഒടുവില്‍ ആത്മാവിലേക്കു ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ നീട്ടി അവന്‍ ചോദിച്ചു.
'നീ ഭദ്രയെ കണ്ടിരുന്നോ?'
'ഇല്ല.'
'അവള്‍ പാവമാണ് ശങ്കരന്‍കുട്ടീ.'
'എനിക്കറിയില്ല.'
'എന്റെ കുഞ്ഞുങ്ങളെ അവന്‍ ബലി കൊടുക്കുന്നതു നീ കണ്ടോ? കണ്ടോ ശങ്കരന്‍കുട്ടീ... ഇവിടേക്കു ചവിട്ടിക്കേറിയ മണ്ണില്‍ അവരുടെ കിളുന്തുചോര ഇഴുകുപ്പിടിച്ചിരുന്നതറിഞ്ഞോ? പറയൂ...'
അവന്റെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
'ആരാണ്?'
'വേല--' പെട്ടെന്ന് വെളിച്ചം കെട്ടു. പുറത്ത് ചക്രവാതങ്ങള്‍ ചീറിയടിച്ചു, കുതിരകളുടെ കുളമ്പൊച്ചകള്‍ ഇടറിയുയര്‍ന്നു. കാതടപ്പിക്കുന്ന ഇരമ്പങ്ങളുണര്‍ന്നു.
'എന്താണത് രാഘവാ?'
'പുഴയുടെ ശീല്‍ക്കാരം.'
'ഏതു പുഴ?'
'വൈതരണി.'
ശങ്കരന്‍കുട്ടി മിണ്ടിയില്ല. അവന്‍ സൂര്യനെക്കുറിച്ചും വായിലകപ്പെട്ട എട്ടുകാലികളെക്കുറിച്ചും ഓര്‍ക്കുകയായിരുന്നു. ഇരുട്ടില്‍ ഞെട്ടിയടയുന്ന വാതിലുകളിലൂടെ ശബ്ദം മാത്രം അവര്‍ കേട്ടു. രാഘവന്റെ ഞരക്കങ്ങള്‍ അകന്നകന്നു പോയി.
ശങ്കരന്‍കുട്ടി മിണ്ടിയില്ല. പുറത്ത് കുതിരകളുടെ കുളമ്പൊച്ചകള്‍ ചെവിയോര്‍ത്ത്, രാഘവനെ, അവന്റെ കുട്ടികളെ, ഭദ്രയെക്കുറിച്ചോര്‍ത്ത് ശങ്കരന്‍കുട്ടി കിടന്നു. അവനു മേല്‍ ഭീതിദവും വിജനവുമായ രാത്രി ചിറകു വിടര്‍ത്തു. അവനു ചുറ്റും മൗനത്തിന്റെ മഹാനദി പരന്നൊഴുകി.
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ നോവല്‍
'ഹിരണ്യ'ത്തില്‍ നിന്ന് ഒരു അധ്യായം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.