Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ഒറ്റക്കാലുള്ള കടൽകാക്ക

വരട്ടെ, ആരെങ്കിലുമൊരാൾ വരട്ടെ. ആ പെൺകുട്ടിയുടെ കഥയുടെ തുടക്കമെഴുതുവാൻ ആരെങ്കിലുമൊരാൾ വേണമല്ലോ. മനുഷ്യനെ അപേക്ഷിച്ച് എന്തിനും ഒരു തുടക്കം കിട്ടേണ്ട ആവശ്യം മാത്രമേയുള്ളൂ

majeed saidu, story ,iemalayalam

ഡിസംബറിലെ തണുത്ത പുലരിയിലാണ് ആ പെൺകുട്ടി പാലത്തിൽ നിന്ന് ചാടിയത്. പാലത്തിന്റെ കൈവരിയിൽ ചാരി കായലിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ.

നേർത്ത മഞ്ഞിൽ നിന്ന് വേർപെട്ട വിളറിയ നിഴൽ പോലെയാണ് അവൾ കാഴ്ചയിലേയ്ക്ക് തെളിഞ്ഞത്. തൊട്ടടുത്ത് വന്നിട്ടാണ് പെൺകുട്ടി കൈവരിയിലേയ്ക്ക് കയറിയത്. വേണമെങ്കിൽ, ഒന്ന് കൈ നീട്ടിയാൽ എന്റെ തോളിൽ താങ്ങി കയറാമായിരുന്നു അവൾക്ക്. എങ്കിലും അവളതിന് തുനിഞ്ഞില്ല.

അത്ഭുതപ്പെടുത്തിക്കൊണ്ട് സർക്കസ് അഭ്യാസിയുടെ വഴക്കത്തോടെ പെൺകുട്ടി കൈവരിയിൽ നിവർന്ന് നിന്നു.

എന്നെ കൂടാതെ മറ്റ് നാല് പേർ കൂടി പാലത്തിൽ നിന്നും കായലിലേയ്ക്ക് മുഖം പൂഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു.

കഴുത്തിലൂടെ അദൃശ്യമായ കുരുക്കിട്ട് എന്നേയ്ക്കുമായി ജലത്തിൽ ബന്ധിച്ചവരെപ്പോലെയാണ് അവരുടെ നിൽപ്പ്.

പെൺകുട്ടി അടുത്ത് വരും വരെ ഞാനും അവരെ പോലെ ബന്ധിക്കപ്പെട്ടവനായിരുന്നു. അവരാകട്ടെ ഇതൊന്നും അറിയുന്നുണ്ടായില്ല. തണുത്ത ജലത്തിനടിയിൽ പിറവി കൊള്ളാനിരിക്കുന്ന അപ്രതീക്ഷിതമായ ഒരു സ്വാതന്ത്ര്യത്തിലേയ്ക്കായിരുന്നു അവരുടെ ശ്രദ്ധ മുഴുവൻ.

നിവർന്ന് നിന്ന പെൺകുട്ടി ഒരു ദീർഘശ്വാസമെടുത്തു. രണ്ടു കരങ്ങളും വിടർത്തി എന്തോ ഒന്ന് പ്രത്യാശിക്കുന്ന മാതിരി ആകാശത്തേയ്ക്ക് നോക്കി. മേഘങ്ങളുടെ മറവിൽ ശ്വാസമടക്കിയിരുന്ന ചുവന്ന വെളിച്ചം ആ നോട്ടം താങ്ങാനാവാതെ വിളറിയെന്ന് തോന്നി.

majeed saidu, story ,iemalayalam

അഗാധമായൊരു മൗനം അവിടമാകെ നിറഞ്ഞ് വന്നു കായലിന്റെ ആഴങ്ങളിൽ ജീവിതത്തെ ഒളിപ്പിക്കാനൊരു ഇടം തേടുകയാണ് പെൺകുട്ടിയെന്ന് എനിക്ക് മനസ്സിലായി. തടയാൻ തോന്നിയില്ല.

വെറുതെ ഒച്ചയിട്ട് അവളുടെ ഏകാഗ്രത കെടുത്തുന്നതെന്തിനാണ്? ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്കോ സ്വസ്ഥതയില്ല. മരിക്കുന്നവരെങ്കിലും സ്വസ്ഥമായി മരിക്കട്ടെ എന്ന് ഞാൻ ചിന്തിച്ചു. അല്ലെങ്കിലും മനുഷ്യന് ഏറ്റവും ഏകാഗ്രത വേണ്ടത് മരണത്തിലേയ്ക്ക് സഞ്ചരിക്കുമ്പോഴാണെന്ന് ആർക്കാണറിയാത്തത്.

ആകാശത്തെ വെളിച്ചം ഒന്നുകൂടെ വെളുത്തു. ആ സൗകര്യം മുതലെടുത്ത് ഞാൻ കാഴ്ച വ്യക്തപ്പെടുത്തി. ഇപ്പോൾ പെൺകുട്ടിയെ നന്നായി കാണാനാവുന്നുണ്ട്. കായലിന്റെ നീലിമയേക്കാൾ എത്രയോ ആഴമുള്ള കണ്ണുകൾ. അനക്കമറ്റ കായൽപരപ്പിനേക്കാൾ ശാന്തമായ മുഖം. മരണം ഒരു ഇഴജന്തുവാണെന്ന് ആ നിമിഷം ഞാൻ വിചാരിച്ചു. ജീവന് പിന്നാലെ ശബ്ദമില്ലാതെ ഇഴയുന്ന ജന്തു.

സത്യമായും, ഈ പുലരിയിൽ ചാവാൻ ഒരാൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞ് പോയ രാവിന് അതിന്റെ എല്ലാ അപലക്ഷണങ്ങളുമുണ്ടായിരുന്നു. തലേരാത്രി മുഴുക്കെ കായലിന് മീതെ, ചിലച്ച് കൊണ്ട് ആ ഒറ്റക്കാലൻ കടൽകാക്ക വട്ടമിടുന്നുണ്ടായിരുന്നു.

ശപിക്കപ്പെട്ട ഒന്നാണ് ആ കടൽക്കിളിയെന്നാണ് പലരും പറയുന്നത്. ഏതൊക്കെ രാത്രിയിൽ അതിനെ കായലിന് മീതെ കണ്ടിട്ടുണ്ടോ പിറ്റെ പുലരിയിൽ കായലിൽ ഒരു ശവം പൊന്തുമെന്നാണ് വള്ളക്കാരുടെ വിശ്വാസം. മരണത്തിലേയ്ക്ക് ഓരോരുത്തരെയായി ആവാഹിച്ച് കൊണ്ടുവരുന്നത് ആ കടൽകാക്കയാണെന്ന് അവർ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്.

പാവം ഇത്തവണ ഒരു കൊച്ച് പെൺകുട്ടിയുടെ ഊഴമാണല്ലോ? കഷ്ടം. പെട്ടെന്നൊരു കാറ്റ് ആഞ്ഞ് വീശി. ഒന്നുലഞ്ഞെങ്കിലും പെൺകുട്ടി കൈവരിയിൽ ഉറച്ച് നിന്നു. അവളുടെ മുടിയിഴകളും, വസ്ത്രങ്ങളും കാറ്റിൽ ഇളകി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ചാടാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. പെൺകുട്ടി തന്റെ ജീവിതത്തിന് തീർപ്പ് കൽപ്പിക്കുന്നത് കാണാനുള്ള വ്യഗ്രതയോടെ അവളിലേയ്ക്ക് രണ്ട് ചുവടുകൾ ഞാൻ നീങ്ങി. തൊട്ടു തൊട്ടില്ലെന്നായിട്ടും എന്റെ സാമീപ്യം അവളറിഞ്ഞില്ല.

majeed saidu, story ,iemalayalam

ആ നിമിഷമാണ് ഒറ്റക്കാലുള്ള കടൽകാക്ക ചിറക് കുടഞ്ഞ് പറന്നത്. മരവിച്ച വെളളത്തുള്ളികൾ പെൺകുട്ടിയുടെ പാദങ്ങളിൽ ചാറി. മരിക്കാൻ കൊതിക്കുന്ന മനുഷ്യന് നേർത്തൊരു ചിറകടി ശബ്ദം പോലും ഒരു പക്ഷെ താങ്ങാനാവില്ല. പക്ഷെ അവൾ അനങ്ങിയില്ല. ഒന്നും അറിഞ്ഞില്ല. അവളുടെ പാദങ്ങളിൽ ഊറിക്കൂടിയ വെള്ളത്തുള്ളിയിലൊന്ന് കായലിലേയ്ക്ക് പതിച്ചു.

ഞാൻ താഴേയ്ക്ക് നോക്കി. പെൺകുട്ടിയുടെ പാദങ്ങൾക്ക് കീഴെ കായൽ നിശ്ചലമായിരുന്നു. മുടിയിഴകൾ പാറിച്ച തണുപ്പുള്ള കാറ്റ് നിശബ്ദമായിരുന്നു. വിരൽതുമ്പിൽ നിന്നും അവസാന ജലകണവുമിറ്റിയ പിന്നാലെ പെൺകുട്ടിയും താഴേയ്ക്ക് പറന്നു. വലിയൊരു വെള്ളത്തുള്ളി കുലുക്കിയുണർത്തിയപ്പോൾ അതുവരെ നിശ്ചലമായി കിടന്ന കായലൊന്ന് മുരണ്ടു.

കൈവരിയിൽ ചാഞ്ഞ് ജലത്തിലേയ്ക്ക് മുഖം പൂഴ്ത്തിയിരുന്ന നാലുപേരും തല ഉയർത്തി എന്നെ നോക്കി. കുറച്ച് നേരം നോക്കി നിന്നിട്ട് പലവഴിയ്ക്കായി അവർ പിരിഞ്ഞ് പോയി. കായലിന്റെ അടിത്തട്ടിൽ അപ്പോഴേയ്ക്കും പെൺകുട്ടി സുഖമായി ഉറങ്ങി തുടങ്ങിയിരിക്കുമെന്ന് ഓർത്തുകൊണ്ട് ഞാനവിടെ തന്നെ നിന്നു. ആരെങ്കിലുമൊരാൾ ആ പെൺകുട്ടിയെ തേടി വരാതിരിക്കില്ലെന്ന് തോന്നി.

കിഴക്കെ ചക്രവാളം തിളച്ച് തുടങ്ങിയപ്പോൾ മരിച്ച് കിടന്ന ലോകത്തിന് ജീവൻ തുടിച്ചു. പാലത്തിലൂടെ വാഹനങ്ങളൊഴുകി. നേരം കുറച്ച് കൂടി മുന്നോട്ട് പോയി. സൂര്യന്റെ ചിരിയിൽ മേഘങ്ങൾ കൂടുതൽ തെളിഞ്ഞു. വെയിൽ മുറുകി വന്നു. തിരക്കിൽ നിന്നൊഴിഞ്ഞ് നിന്ന മരത്തിന്റെ തണലിൽ ഞാനിരുന്നു.

വരട്ടെ, ആരെങ്കിലുമൊരാൾ വരട്ടെ. ആ പെൺകുട്ടിയുടെ കഥയുടെ തുടക്കമെഴുതുവാൻ ആരെങ്കിലുമൊരാൾ വേണമല്ലോ. മനുഷ്യനെ അപേക്ഷിച്ച് എന്തിനും ഒരു തുടക്കം കിട്ടേണ്ട ആവശ്യം മാത്രമേയുള്ളൂ. ഞാൻ ക്ഷമയോടെ കാത്തിരുന്നു.

വെളിച്ചം കായൽ വിരിപ്പിലേയ്ക്ക് നടന്ന് കയറി. അപ്പോഴാണ് പാലത്തിനടിയിൽ നിന്ന് ആരോ അലമുറയിട്ട് കൂവുന്നത് കേട്ടത്. ഏതെങ്കിലും വളളക്കാരനാവും അതെന്ന് ഞാൻ ഉറപ്പിച്ചു.

പെൺകുട്ടിയുടെ കഥയ്ക്ക് തുടക്കമായെന്ന് കരുതിയത് തെറ്റിയില്ല.അധികം വൈകാതെ പാലം നിറയെ മനുഷ്യരെ കൊണ്ട് നിറഞ്ഞു. വാഹനങ്ങൾ മുട്ടിമുട്ടി നിന്നു. പോലീസായും, വാർത്തകളായും, മുങ്ങൽ വിദഗ്ദരായും, കാഴ്ചക്കാരായും, പെൺകുട്ടിയുടെ വേണ്ടപ്പെട്ടവരുമായും കഥ പറച്ചിലുകാരുടെ എണ്ണം കൂടി.

majeed saidu, story ,iemalayalam

ആളുകൾക്കനുസരിച്ച് നൂറിലധികം കഥകൾക്ക് ഒരു നിമിഷം കൊണ്ട് തുടക്കമിടാൻ ആ പെൺകുട്ടിയ്‌ക്കായി. വീർത്ത് കെട്ടിയ കാർബൺ ബലൂണിനെ പോലെ, ഓട്ട വീണാൽ നിമിഷമാത്രയിൽ ഒന്നുമല്ലാതെ ചുരുങ്ങി പോകുന്ന ജീവിതം കൊണ്ട് അവൾക്ക് അത്രയെങ്കിലും നേടാനായതിൽ എനിക്ക് സന്തോഷം തോന്നി. തിരക്ക് തണൽമരത്തിന്റെ ചുവട്ടിലേയ്ക്കും നീണ്ടു വന്നു. ആളുകൾ പരസ്പരം അവരെഴുതിയ കഥകൾ കൈമാറി.

ബഹളത്തിൽ നിന്നുമൊഴിഞ്ഞ് ഞാൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. പറയാനൊരു കഥയില്ലാത്തത് കൊണ്ടാവും എന്നോട് മാത്രം ആരുമൊന്നും ചോദിച്ചില്ല. ഇതിനിടെ പെൺകുട്ടിയുടെ ശവം കരയ്ക്കെടുത്തു.

ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും തലനീട്ടി. ജീവിതത്തോളം ആഴമുള്ളതല്ല കടലും, കായലുമെന്ന് അവൾക്ക് തിരിച്ചറിവായെന്ന്, തുറന്ന കണ്ണുകളിലെ നിസംഗത കണ്ടപ്പോൾ എനിക്ക് തോന്നി. അതിന്റെ അമ്പരപ്പ് മുഖത്തെ ശാന്തത സ്വൽപ്പം കെടുത്തിയിട്ടുണ്ട്. അതല്ലാതെ അവളിൽ മറ്റൊരു മാറ്റവും കണ്ടില്ല.

ശവം കൊണ്ട് പോകാൻ പിന്നെയും കുറേ നേരം കൂടിയെടുക്കുമെന്ന് പോലീസ്സുകാരുടെ സംസാരത്തിൽ നിന്നും തിരിഞ്ഞു. വിശപ്പും, ദാഹവുമുണ്ട്. വിശപ്പ് എങ്ങനെയും സഹിക്കാം.മുടിഞ്ഞ ഈ ദാഹമടക്കാനാണ് പാട്. ഞാൻ നഗരത്തിലേയ്ക്ക് പോയി. പാലമിറങ്ങുന്നത് പട്ടണത്തിന്റെ കിഴക്കെ മുഖത്തേയ്ക്കാണ്. പഴയ റെയിൽവെ സ്റ്റേഷന് അടുത്തുള്ള ബാറിന് മുന്നിലെത്തിയപ്പോൾ പിടിച്ച് നിർത്തപ്പെട്ടത് പോലെ ഞാൻ നിന്നു. അവിടുന്ന് മുന്നോട്ട് പോകാൻ കഴിയുന്നില്ല. എന്നെ കാത്ത് ആരോ അതിനുള്ളിലുണ്ടെന്ന് മനസ്സ് പറയുകയാണ്.

എനിക്കുണ്ടാകുന്ന അത്തരം തോന്നലുകൾ എപ്പോഴും സത്യമാവാറുണ്ട്. ഞാൻ നേരെ ബാറിനുള്ളിലേയ്ക്ക് കയറി. പുരാതനമായ എടുപ്പുകളുള്ള കെട്ടിടമായിരുന്നു ആ മദ്യശാല. വില കുറഞ്ഞ കുടിയന്മാരുടെ ഇടയിൽ ശരവേഗം കൊണ്ട് ഞാനലിഞ്ഞ് ചേർന്നു. ഓരോ മുഖങ്ങളിലും എന്നെ കാത്തിരിക്കുന്ന മനുഷ്യനെ തേടി.

പക്ഷെ, മദ്യത്തേക്കാൾ വീര്യത്തിൽ വിയർപ്പ് മണക്കുന്ന അവരുടെ ഇടയിൽ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. എനിക്ക് വലിയ നിരാശ തോന്നി. എങ്കിലും വിശാലമായ അകത്തളത്തിലേയ്ക്ക് കടന്നു. ഇനി അവിടെയാണെങ്കിലോ എന്റെ സ്നേഹിതൻ. അവിടെയും നല്ല തിരക്കായിരുന്നു. വിഷവും, വിഷമവും പണം കൊടുത്ത് വാങ്ങേണ്ട ക്രമത്തിൽ ലോകത്തെയടുക്കിയ മനുഷ്യന്റെ ഗതികേടിനെ പ്രാകി ഞാൻ തിരക്കിൽ നിന്നുമൂർന്നിറങ്ങി.

majeed saidu, story ,iemalayalam

മാറി നിന്ന് ചുറ്റുപാടും പരതിയപ്പോഴാണ് ചില്ലുകളുടഞ്ഞ ജനാലയോട് ചേർന്നിരിക്കുന്ന വൃദ്ധനെ കണ്ടത്. അതെ, അയാളാണ്, അയാളാണ് എന്നെ കാത്തിരിക്കുന്നതെന്ന് മനസ്സ് പുലമ്പി. ഞാനയാളുടെ ഇരിപ്പിടത്തിലേയ്ക്ക് സൂക്ഷിച്ച് നോക്കി. തുറക്കാത്ത ഒരു കുപ്പി മദ്യവും, ഒഴിഞ്ഞ ഗ്ലാസ്സും അയാളുടെ മുന്നിലുണ്ട്. ജനാലപ്പടികളിൽ ഊന്നി പുറത്തേയ്ക്ക് നോക്കി ഗൗരവത്തിലിരുന്ന് താടിയുഴിയുകയാണ് വൃദ്ധൻ. ജാലകത്തിനപ്പുറത്ത് കൂറ്റനൊരു ആൽമരം നിൽക്കുന്നുണ്ടായിരുന്നു. അതിനപ്പുറം നഗരവും കാണാം.

ഞാൻ അയാളുടെ അടുത്തേയ്ക്ക് ചെന്നു. മുരടനക്കിയിട്ടും അയാൾ നോക്കിയതേയില്ല. മേശമേൽ തട്ടി ശബ്ദമുയർത്തി. വൃദ്ധൻ കേട്ടതായി നടിച്ചില്ല. ഇത്രമേൽ അയാളെ ഏകാകിയാക്കിയ എന്തോ സുന്ദരമായ കാഴ്ച പുറത്തുണ്ടെന്ന് ഞാൻ ഊഹിച്ചു.ആ കാഴ്ച കാണാൻ എനിക്കും ആകാംക്ഷ തോന്നി. അയാൾ നോട്ടം തറപ്പിച്ച് നിർത്തിയ കാഴ്ചയിലേയ്ക്ക് ജാലകത്തിലൂടെ ഞാനും നോക്കി. ദൂരെ കാണുന്ന പാലത്തിലേയ്ക്കാണ് വൃദ്ധൻ ദൃഷ്ടിയൂന്നിരിക്കുന്നതെന്ന് മനസ്സിലായി. അപ്പോൾ എനിക്കയാളോട് പരിഹാസമാണ് തോന്നിയത്.

എന്റെ ചിരി അല്പം ഉച്ചത്തിലായോ എന്ന് ശങ്കിച്ചെങ്കിലും, അത് മൂലം വൃദ്ധന്റെ ഏകാഗ്രതയ്ക്ക് ഉടവ് തട്ടിയില്ലെന്ന് കണ്ടപ്പോൾ സമാധാനമായി. ഞാൻ അയാളുടെ മുന്നിൽ, പാലത്തിന് എതിരിലായി ഇരുന്നു.അത്രയും നേരം പാലത്തിലുണ്ടായിരുന്ന പുരുഷാരം അപ്പോൾ അവിടെയില്ലായിരുന്നു. പെൺകുട്ടിയുടെ അപൂർണ്ണമായ കഥ എഴുതി മുഴുമിപ്പിക്കാനാവും ജനം തിരക്കിട്ട് പിരിഞ്ഞതെന്ന് എനിക്ക് ഉറപ്പായിരുന്നു.

വൃദ്ധന് അഭിമുഖമായി ഞാനിരുന്നത് അയാൾ അറിഞ്ഞില്ല. ശാന്തത മാത്രമായിരുന്നു ആ സമയം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. പെട്ടെന്നാണ് തുറന്ന് കിടന്ന ജാലകത്തിലൂടെ ഒരു പഴുത്ത അരയാലില മേശമേലേയ്ക്ക് വന്ന് വീണത്. ആ ചെറിയ അനക്കത്തിൽ വൃദ്ധൻ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. എന്നിട്ടും, എന്ത് കൊണ്ടോ അയാൾ എന്നെ കണ്ടതായി നടിച്ചില്ല. കുപ്പി തുറന്ന വൃദ്ധൻ മദ്യം ഇറക്കിറക്കായി കുടിയ്ക്കാൻ തുടങ്ങി.

മേശമേൽ വീണ അരയാലിലയിലേയ്ക്ക് ഞാൻ നോക്കി. ചുവപ്പും, കറുപ്പും ഇടകലർന്ന ചെറിയ കോട്ടൺ ചെക്കിൽ മഞ്ഞച്ച ഇല കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അയാളുടെ വെള്ളാരം കണ്ണുകളിൽ ഇലയുടെ മഞ്ഞപ്പ് പടരുന്നത് ഞാൻ കണ്ടു. അപ്പോൾ അയാളുടെ കുലീനമായ മുഖത്ത് ഒരു ചിരി വിടർന്നു. ഞാനും ചിരിച്ചു. വശ്യമായ അയാളുടെ ചിരിയിൽ കുരുങ്ങി എത്ര നേരം അവിടെ ചിലവഴിച്ചെന്ന് എനിക്ക് നിശ്ചയം കിട്ടിയില്ല. അയാൾ പിന്നെയും തികഞ്ഞ ശാന്തതയോടെ കുടിച്ച് കൊണ്ടിരുന്നു.

പുറത്ത് അസ്തമന സൂര്യന്റെ അങ്കലാപ്പ് കണ്ട് തുടങ്ങി. ഇലകളെ പൊഴിക്കാനെന്നോണം നേർത്ത കാറ്റ് അരയാൽ തലപ്പിൽ വീശാൻ ആരംഭിച്ചു.

വൃദ്ധനോട് യാത്ര പോലും പറയാതെ ഞാൻ ബാറിൽ നിന്നുമിറങ്ങി. മരഗോവിണിയുടെ ചുവട്ടിൽ കിടന്ന കുടിയനെ കവച്ച് ഞാൻ നിരത്ത് മുറിച്ചു. വീണ്ടും പാലത്തിലേയ്ക്ക് തന്നെ ലക്ഷ്യം വെച്ചു. അപ്പോഴേയ്ക്കും നഗരം ഇരുണ്ട് തുടങ്ങിയിരുന്നു. ചേക്കേറാൻ തിരക്ക് കൂട്ടുന്ന പക്ഷികളെ പോലെ പറക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഞാൻ പാലത്തിലേയ്ക്ക് കയറി. തലേരാത്രിയിലെ നാലുപേരും എനിക്ക് മുന്നെ അവിടെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ പോലെ കായലിന്റെ തടവറയിലായിരുന്നു അവർ.majeed saidu, story ,iemalayalam

അദൃശ്യമായ ചങ്ങല കുരുക്ക് ജലോപരിതലത്തിലേയ്ക്ക് അവരുടെ പിരടികൾ വലിച്ച് താഴ്ത്തിയിരുന്നു. ഞാൻ താഴേയ്ക്ക് നോക്കി.ഇരുട്ടിനൊപ്പം ഓളങ്ങളിൽ നിന്നും കുതറി ജലവിതാനം നിശ്ചലമാകുന്നത് കണ്ടു. ആകാശമാകെ അരണ്ട നിലാവെളിച്ചം പരന്നു.

Read More: മജീദ് സെയ്ദ് എഴുതിയ കഥകള്‍ ഇവിടെ വായിക്കാം

പെട്ടെന്ന് ഞങ്ങളെ പോലെ ആരോ ഒരാൾ കൂടി കൈവരിയിലേയ്ക്ക് ചാരുന്നത് ഞാനറിഞ്ഞു. എന്റെ തൊട്ടടുത്തായാണ് നിൽക്കുന്നത്. മെല്ലെ എന്റെ തോളിലേയ്ക്ക് ശിരസ്സ് ചേർത്ത് വിതുമ്പിയിട്ടും ഞാൻ ആ രൂപത്തിലേയ്ക്ക് മുഖമുയർത്തി നോക്കിയില്ല. നിലാവെട്ടത്തിലേയ്ക്ക് തെല്ലും തുളുമ്പാതെ, കായൽജലം നിശ്ചലമാകുന്നത് ആസ്വദിക്കുകയായിരുന്നു ഞാൻ. നേർത്ത മഞ്ഞും വീണ് തുടങ്ങിയിട്ടുണ്ട്..

“നോക്കൂ, ആരോ ഇങ്ങോട്ട് വരുന്നു… ”

തോളിൽ കിടന്ന് വിതുമ്പിയ രൂപം, എന്റെ കാതിൽ മന്ത്രിച്ചു. “എനിക്ക് ഭയം തോന്നുന്നു… ”

ആ രൂപമെന്നെ ഇറുക്കി പിടിച്ചു.

കായലിന്റെ അഗാധതയിൽ നിന്ന് ബലമായി പറിച്ചെടുക്കും വിധം ഞാൻ മുഖമുയർത്തി നോക്കി.

എന്റെ തോളിൽ അത്രയും നേരും ചേർന്നിരുന്ന ശിരസ്സ് നിലാവിലേയ്ക്ക് വിടർന്നു. കഴിഞ്ഞ പുലർച്ചയിൽ കായലിലേയ്ക്ക് ചാടി മരിച്ച പെൺകുട്ടിയായിരുന്നുവത്.

ഞാനവളെ ചേർത്ത് പിടിച്ചു. അവ്യക്തമായ മഞ്ഞ് പാട വിടർത്തി, ഒരു വൃദ്ധൻ പാലത്തിന്റെ കൈവരിയിലേയ്ക്ക് കയറുന്നത് ഞാൻ അവൾക്ക് കാണിച്ച് കൊടുത്തു. കൈവരിയിൽ നിവർന്ന് നിന്ന അയാളുടെ കൈയിൽ മഞ്ഞച്ച ഒരു അരയാലില ഉണ്ടായിരുന്നു. തന്റെ കൈയിലിരുന്ന ഇല അയാൾ കായലിന്റെ നിശ്ചലതയിലേയ്ക്ക് ഊർത്തി വിട്ടു. ജീവിതച്ചിറകിൽ നിന്ന് അപ്പോൾ കൊഴിഞ്ഞ തൂവൽ കണക്കെ അയാളും അതിന് പിന്നാലെ പോയി. അമ്പരപ്പോടെ നിന്ന പെൺകുട്ടിയുടെ തലയ്ക്ക് മീതെ വട്ടം ചുറ്റിയിട്ട് ഒറ്റക്കാലുമായി ഞാൻ കായലിന് മീതെ പറന്നു കളിച്ചു…

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Majeed saidu short story ottakkalulla kadalkakka

Next Story
ഫെർട്ടിലിറ്റി/ഇൻഫെർട്ടിലിറ്റി ക്ലിനിക്praveena k, poem, iemalayalm
The moderation of comments is automated and not cleared manually by malayalam.indianexpress.com