കക്കാൻ മുട്ടിയപ്പോൾ പെരുങ്കള്ളൻ ബീച്ച് റോഡിലൂടെ നടന്നു. ഇരുട്ട് ദേഹത്ത് പുരട്ടിയാണ് നടപ്പ്.

സമസ്തമാന സ്ത്രീ-പുരുഷ വർഗ്ഗങ്ങളും അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങളും നിദ്ര പ്രാപിച്ച പാതിരാവ്… (നാളത്തെ വീരശൂര പരാക്രമികളും, മണ്ട ശിരോമണികളുമായ പൗരന്മാരും, കുടില ബുദ്ധികളായ രാഷ്ട്രീയക്കാരും, കൊലപാതകികളും, കൂട്ടിക്കൊടുപ്പുകാരുമൊക്കെ അതിലുണ്ട്).

ഭൂമിയുടെ കുറ്റവും കുറവുകളും കൊറിച്ചുകൊണ്ട് നിലാവും, നക്ഷത്രങ്ങളും പതിവ് പോലെ ആകാശത്ത് കൂട്ടം കൂടിയിരിപ്പുണ്ട്.

തലോടാനും, തഴുകാനും, വഴിയിലെങ്ങാനും ഒരു മനുഷ്യനെ തേടിവന്ന കാറ്റ് ശ്രീമാൻ പെരുങ്കള്ളന്റെ പിന്നാലെ കൂടി. ഭാഗ്യം വിയർപ്പാറി അയാളൊന്ന് തണുത്തു. ഇനി അയാളിൽ ശേഷിക്കുന്ന രണ്ട് വികാരങ്ങൾ വിശപ്പും ദാഹവുമാണ്. അതിനും ഈ ഭൂമിയിൽ സമാധാനം കാണുമെന്ന് ചിന്തിച്ച കള്ളൻ കരിങ്കൽ കെട്ടിലിരുന്നു പോക്കറ്റിൽ പരതി.  കഷ്ടം! ഒരു ബീഡിയെയുള്ളൂ. അത് പോട്ടെന്ന് വെക്കാം. തീപ്പെട്ടിയിലോ ഒരേയൊരു കൊള്ളിയെ ബാക്കിയുള്ളൂ. എന്തായാലും വലിച്ച് കളയാം എന്ന് തീരുമാനിച്ചത് കൊണ്ട് അയാളതിന്റെ ആയുസ്സ് കോണിൽ തീ പുരട്ടി. പാവം കള്ളനോട് ദയ തോന്നിയ സാധുവായ കാറ്റ് ആകെയുള്ള ഒറ്റക്കൊള്ളി അണഞ്ഞ് പോകാതെ തട നിന്നു കൊടുത്തു. ഉഷാറായി തന്നെ തീപ്പൊളളലേറ്റ ബീഡി തുമ്പ് പുക തുപ്പി. നിരാശ്ശനായ ഏതൊരു പുകവലിക്കാരനും സംഭവിക്കുന്നത് തന്നെ പെരുങ്കള്ളനായ അയാൾക്കും സംഭവിച്ചു. എന്ത് സംഭവിച്ചുവെന്നല്ലെ? അതിഭീകരമായ വേഷഭൂഷാദികളോടെ നൂറ്റാണ്ടുകളായി അലഞ്ഞ് തിരിഞ്ഞ് നടന്ന തത്വചിന്തകൾ കലിയിളകിയ കടല് പോലെ കള്ളന്റെ തലയിൽ പെരുത്തു.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, majeed syed, മജീദ്‌ സെയ്ദ് , വാസന മൊല്ലാക്ക ,vasana mollakka, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

തണുത്ത രാത്രി, സർവ്വാഭരണ വിഭൂഷിതയായ നീലവാനം, ഏകാന്തതയിൽ വിലപിക്കുന്ന കടലോരം, അലയുന്ന ചാരപ്പുക, ചിന്തകൾ പെറ്റുപെരുകാൻ ഇതിൽ കൂടുതലെന്ത് വേണം. അതികഠിനവും ദു:സ്സഹവുമായ ഈ വിശപ്പും ദാഹവുമൊക്കെ (കാമവും) എന്തിനാണ് ഉടേതമ്പുരാൻ ജീവജാലങ്ങൾക്ക് വിധിച്ചതെന്ന ഫസ്റ്റ് ക്ലാസ് ചിന്തയൊരണ്ണം അയാൾ ആലോചിച്ചെടുത്തു. ലോകത്ത് നടന്ന സർവ്വമാന വിപ്ലവങ്ങളും, യുദ്ധങ്ങളും, അരാജകത്വങ്ങളുമൊക്കെ ഇമ്മാതിരി കുണ്ടാമണ്ടികളുടെ പേരിലാണല്ലോ നടക്കുന്നത്. ഇപ്പത്തന്നെ നോക്കു, സകല കൊള്ളരുതായ്മകളും ചെയ്തു കഴിഞ്ഞ് എന്ത് നിമ്മതിയിലാണ് ഈ കോടാനുകോടി പുരുഷന്മാരും – പുരുഷത്തികളും കിടന്നുറങ്ങുന്നത്. നാളെ നേരം വെളുത്തിട്ട് വേണം വീണ്ടുമവർക്ക് കൊള്ളരുതായ്മകൾ ചെയ്ത് കൂട്ടി അതിനെ ജീവിതമെന്ന് വിളിച്ചർമാദിക്കാൻ. അതും പോട്ടെ ശാന്തസുന്ദരമായ ഈ രാത്രിയിൽ കണ്ട് കൂട്ടുന്ന സ്വപ്നങ്ങൾക്ക് വല്ല മേന്മയുമുണ്ടോ? ഓർത്താൽ ഓക്കാനം വരും. വാരിക്കുഴി പോലെ അപകടം നിറഞ്ഞ പ്രേമവും, ചീഞ്ഞ് നാറി പഴുക്കാനുള്ള രതി വേലകളും, കൊള്ളകളും കൊള്ളിവെയ്പുകളുമല്ലാതെ എന്ത് മണ്ണാങ്കട്ടയാണ് മനുഷ്യന് ഇന്ന് സ്വപ്നം കാണാനുള്ളത്…

അയാൾക്ക് വേണ്ടി ഭൂമിയിലെ ജീവിതമവസാനിപ്പിച്ച ബീഡിയുടെ ചൂട് വിരലിൽ തട്ടിയപ്പോൾ, ഈ പ്രപഞ്ചം ശരിക്കുമൊരു അധോലോക രാജ്യമാണെന്ന തീർപ്പിൽ പെരുങ്കള്ളൻ വീണ്ടുമെഴുന്നേറ്റ് (തെക്ക് ദിശയിലോട്ടാണെന്ന് തോന്നുന്നു) ഒരു ത്വാത്തിക ഭാവത്തിൽ നടന്നു.

കാലങ്ങളായി പ്രദേശവാസികൾക്കാകമാനം മഞ്ഞ വികാരം പൊഴിച്ച നിർവൃതിയിൽ, അഹംഭാവിയായി നിലകൊണ്ട നിയോൺ വിളക്കിന്റെ ചോട്ടിലൊരു പൈപ്പ് കണ്ടപ്പോൾ കള്ളൻ മറന്ന് പോയ ദാഹം ഓർത്തെടുത്തു. കുനിഞ്ഞിരുന്ന് വെള്ളം കുടിച്ചു.

ദാഹം മാറി. വിശപ്പിനൊരു ചെറു ശമനം തോന്നി.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, majeed syed, മജീദ്‌ സെയ്ദ് , വാസന മൊല്ലാക്ക ,vasana mollakka, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

അത്രയുമായപ്പോൾ പെരുങ്കള്ളൻ തന്റെ ചുറ്റുമുള്ള ഭൂഗോളത്തിന്റെ കണ്ണെത്താവുന്നിടത്തോട്ടൊക്കൊ തലയൊന്നുയർത്തി നോക്കിയെങ്കിലും അവിടെങ്ങും ഒരു പട്ടിക്കുറക്കൻ പോലുമില്ലായിരുന്നു.  ജീവിതകാലം മുഴുക്കെ മഹാപാപികളുടെ വഴിയിലേക്ക് വൺസൈഡ് നോക്കി വാണ് കലശലായ പിടലി വേദനയുടെ അടിമയായിരുന്നെങ്കിലും നിയോൺ ബൾബ്, മേലാസകലം കള്ളനെയൊന്ന് നോക്കി..

നീളം പിടിച്ചാ ഒരാറടി.. എണ്ണ തേച്ച് മിനുപ്പനാക്കിയ വണ്ണവും, അതിനൊത്ത കനവും.. പഴയകാല കേഡികളെപ്പോലെ പിരിയൻ മീശ. ചോരക്കണ്ണുകൾ. കൊള്ളാം എല്ലാം തികഞ്ഞ ഒരു ഉത്തമകള്ളൻ..

ഇങ്ങനെയൊക്കെ ചിന്തിച്ചോണ്ട് നിന്ന വിളക്ക് മരത്തിന് ഉഗ്രനായ ഉൾക്കുളിര് തോന്നിച്ചോണ്ട് തന്റെ മുതുക്, പോസ്റ്റിലേക്ക് ചാരി മിടിപ്പ് നിലച്ച വാച്ചിലേയ്ക്ക് കളളൻ നോക്കി. വെറും മൂന്നെ മൂന്ന് ദിവസത്തെ ബന്ധമെ അയാളും വാച്ചും തമ്മിലുള്ളു. ഒരു കള്ളൻ തന്റെ ചോരക്കണ്ണുകൾ തുറുപ്പിച്ച് പത്ത് സെക്കന്റിലധികം നോക്കിയിട്ടും, (അതും തുറിച്ച് നോട്ടം ക്രിമിനൽ കുറ്റമായ ഈ കാലത്തും) വാച്ചിന് തരിമ്പും അനക്കവുമില്ല, കുലുക്കവുമില്ല, ആ നോട്ടം അങ്ങ് സഹിച്ചെന്ന് മാത്രമല്ല സമയമറിയാൻ വേറെ വഴിനോക്കെടോന്ന് തസ്ക്കര രാജന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. പെട്ടെന്ന്, ഏതോ താത്ത വളർത്തി വലുതാക്കി വരട്ടാൻ നിർത്തിയിരുന്നൊരു പൂവൻ കോഴി എവിടുന്നോ ഒരൊന്നാന്തരം കൂവങ്ങ് കൂവി. രാത്രിയാമങ്ങൾ മന:പാഠമാക്കിയ പെരുങ്കള്ളൻ ഇരുട്ടിലേയ്ക്കിറങ്ങി ആഞ്ഞ് നടന്നു.

പുതിയ സ്റ്റേഡിയം ചുറ്റി ഗവ.ആശൂപത്രിയുടെ മുന്നിലെത്തിയതും ഊക്കനൊരു മഴ അയാളെ വട്ടം ചുറ്റി.

ബീഡി പുകച്ച് ശ്വാസകോശം അലങ്കോലമാക്കി വരുന്ന രോഗ പീഢകളെ സർക്കാർ ചിലവിൽ സംരക്ഷിച്ച് പരിപാലിച്ച് പോരുന്ന സാധാരണ ജനങ്ങൾ ചൊറിഞ്ഞും മാന്തിയും കുത്തിയിരിക്കുന്ന ആശൂപത്രിയുടെ പിന്നിലൂടെ കള്ളൻ കടപ്പുറം വഴിയിലേയ്ക്കിറങ്ങി. രക്തസാക്ഷികളായ കൊതുകുകളുടെ, ബന്ധുക്കളായ കൊതുകുകൾ മനുഷ്യകുലത്തോടൊന്നടങ്കം പ്രതികാരദാഹികളായി മൂളിപ്പറക്കുന്നുണ്ട്.

കടപ്പുറത്തെ ഒട്ടുമുക്കാലും പുയ്യാപ്ളമാരൊക്കെ അങ്ങ് അറബി നാട്ടിലാണ്. പൊന്നും പണ്ടോം പെരുത്ത അറകളുടെ താക്കോൽ ബീവിമാരുടെ അരഞ്ഞാണത്തിൽ കൊളുത്തിയിട്ട ധൈര്യത്തിൽ അവരൊക്കെ അങ്ങ് സുഖമായുറങ്ങുന്ന സമയം..

കൂറ്റനൊരു മണിമാളിക പടിഞ്ഞാറൻ കാറ്റിൽ മതിമറന്ന് നിൽക്കുന്നത് കള്ളൻ കണ്ടു..കായംകുളം കൊച്ചുണ്ണിയുടെ നെഞ്ച് വിരിച്ചുള്ള നിൽപ്പാണ് അപ്പോൾ പെരുങ്കള്ളനോർമ്മ വന്നത്.

വെള്ളക്കുപ്പായമിട്ട ഒന്നരയാൾപ്പൊക്കമുള്ള കെങ്കേമൻ മതിൽ മുതുക് താത്തി കൊടുത്ത് ചോരനെ അകത്തേയ്ക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച്, വെള്ളക്കുപ്പായത്തിൽ കാര്യമായ അഴുക്ക് പുരട്ടാതെ കള്ളൻ മതില് ചാടി കടന്നു. സുന്ദരൻ പുല്ലിൽ ചവിട്ടി തസ്ക്കരന് ഇക്കിളിപ്പെട്ടുവെങ്കിലും വിലപ്പെട്ട സമയം കേവലം ഇക്കിളിയാക്കലുകൾക്ക് പാഴാക്കാനുള്ളതല്ലെന്ന് നല്ല നിശ്ചയം അയാൾക്കുണ്ടായിരുന്നു..

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, majeed syed, മജീദ്‌ സെയ്ദ് , വാസന മൊല്ലാക്ക ,vasana mollakka, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

അടുക്കള ഭാഗത്തേയ്ക്ക് ഇരുട്ടയാളെ കൂട്ടിക്കൊണ്ട് പോയി.അടുക്കള വിട്ടാൽ കുജുകുജാന്ന് കുലച്ച് നിക്കണ ഒന്നാം നമ്പരൊരു വാഴത്തോട്ടം. അതിന്റെയിടയിൽ സാമാന്യം നല്ലൊരു വിറക് പുര. തസ്കര സഹായികളായ പണിയായുധങ്ങൾ കാണാതിരിക്കില്ലെന്നറിയാവുന്ന കള്ളൻ വിറക്പുരയിലേയ്ക്ക് വലത് കാൽ വെച്ച് കയറി. തൂമ്പ, മൺവെട്ടി, കുട്ടകളടക്കം നിറയെ സാമഗ്രികൾ. കൂട്ടത്തിൽ യോഗ്യനായി തോന്നിച്ച അലവാങ്കിനെ കള്ളൻ കൈതഴമ്പിലിട്ടുരുട്ടി മയക്കിയെടുത്തു പുറത്തിറങ്ങി.

ഇത്തരം കള്ളക്കള്ളികളൊന്നും കാണാൻ ത്രാണിയില്ലാത്ത താരക കുഞ്ഞുങ്ങളെയെല്ലാം മീശ പിരിച്ച് കാണിച്ച് ആകാശത്ത് നിന്നയാൾ ആട്ടിയോടിച്ചു. പെട്ടെന്നാണ് അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

അലക്ക്കല്ല് വട്ടം പിടിച്ച് തന്നെ പുറകിലൊളിപ്പിച്ചില്ലായിരുന്നെങ്കിൽ.. ഹോ! കൊടുംതണുപ്പത്തും കളളൻ വിയർത്തു.

ചെറിയൊരു കൈവിളക്കുമായി ഒരു പെൺകുട്ടിയാണ് ആദ്യം മുറ്റത്തേക്കിറങ്ങിയത്. ഒരു പതിനെട്ട് വയസ്സ് കള്ളൻ കണക്ക് കൂട്ടി. പിന്നെ കണ്ട കാഴ്ച കള്ളനെ നടുക്കി കളഞ്ഞു. അവളുടെ പിന്നാലെ വേറൊരു പെൺകൊച്ചും ആൺകൊച്ചും കൂടി വീടിനകത്ത് നിന്നൊരു പുരുഷ ശരീരത്തെ സിംപിളായിട്ട് വലിച്ചിറക്കി വർക്ക് ഏരിയയിൽ കിടത്തുന്നു. യഥാക്രമത്തിൽ ഇരുപതും, ഇരുപത്തിരണ്ടും വയസ്സ് അവർക്കും കള്ളൻ കണക്ക് കൂട്ടിയുറപ്പിച്ചു. ദൈവമെ! എന്താണിതെന്ന് അന്ധാളിച്ച കള്ളൻ നെഞ്ച് തടവി.(രാത്രികളൊക്കെ വലിച്ച് കീറി നോക്കിയാൽ ഇതുപോലെ എന്തെന്ത് അന്ധാളിപ്പുകൾ തെളിഞ്ഞ് വരും.)

പാരിജാതം പോലത്തെ പതിനെട്ടുകാരി മൊഞ്ചത്തി ശവത്തിനടുത്തിരുന്ന് കരച്ചിലോട് കരച്ചിൽ. ദുനിയാവിൽ സമാധാനം സൃഷ്ടിക്കാൻ പടച്ചുണ്ടാക്കിയ വാക്കുകളെല്ലാമെടുത്ത് ഇരുപതുകാരി അലക്കിയിട്ടും പാരിജാതത്തിന് ഒട്ടും സമാധാനം കൈ വരുന്ന മട്ടില്ല. വെറും കരച്ചിലല്ല ഒച്ചയില്ലാത്ത യമണ്ടൻ കരച്ചിൽ. അത് കണ്ടപ്പോ കള്ളനും അലക്കുകല്ലിന്റെ മറവിലിരുന്ന് ശബ്ദമില്ലാതെ കരയാൻ തുടങ്ങി. ഇതിലൊന്നും ശ്രദ്ധിക്കാതെ പതിനെട്ടുകാരൻ നേരെ വിറക്പുരയിൽ കയറി മൺവെട്ടിയും കുട്ടയുമെടുത്ത് വന്നു. എന്നിട്ട് വീതിനീളമൊപ്പിച്ച് വാഴതോട്ടത്തിൽ ഒരു കുഴിവെട്ടാൻ ആരംഭിച്ചു. ..

കള്ളൻ അന്തം വിട്ടിരിക്കുകയാണ്. ഉറങ്ങി കിടക്കുന്ന ഭൂലോകവാസികൾക്ക് ഇതുവല്ലതുമറിയണോ?

അന്നേരം ആകാശം കറുത്തിരുണ്ട് വന്നു. അതിന്റെ മറപറ്റി വെട്ടാൻ വെമ്പി വന്നൊരു വെള്ളിടിയെ കള്ളൻ ശാസിച്ചടക്കിക്കളഞ്ഞു. കുറച്ചു നേരം കൊണ്ട് വിസ്തരിച്ചൊരു കുഴി പയ്യനൊപ്പിച്ചു. അവൻ വർക്ക് ഏരിയയിലേയ്ക്ക് കയറിയതും മാനത്ത് കടിച്ച് തൂങ്ങിക്കിടന്ന് മടുത്ത മഴ ഭൂമിയിലേയ്ക്ക് ഒറ്റച്ചാട്ടമായിരുന്നു. മഴയെന്ന് വെച്ചാ ഇടിച്ച് കുത്തിയൊരു മഴ. കുറച്ച് നേരം നോക്കിയിരുന്നിട്ട് പിള്ളേര് മൂന്നും കൂടി അകത്ത് കയറി അടുക്കള വാതിലടച്ചു.. ആശങ്കാകുലനായ കള്ളൻ അലക്ക് കല്ലിന്റെ മറവിൽ നിന്ന് വർക്ക് ഏരിയയിലേയ്ക്ക് പതുങ്ങിക്കയറി.

നിശ്ചലനായി കിടക്കുന്ന പുരുഷ കേസരിയുടെ അരികിലെത്തി. അയാളുടെ വായ മൂടി വീതിയുള്ള പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കള്ളൻ രണ്ട് ചാൽ വട്ടം നടന്നു. മനുഷ്യൻ നിസ്സാരനാണെന്നാര് പറഞ്ഞു.. അവനൊരു വല്ലാത്ത കുന്ത്രാണ്ടം തന്നെ.. ഇങ്ങനെ ഒടുങ്ങുമെന്നറിയാതെ എന്തൊക്കെ പരാക്രമങ്ങളായിരിക്കും ഈ പഹയൻ ജീവിതത്തിൽ ഒപ്പിച്ചിരിക്കുക? ഹേ! അന്തസ്സില്ലാത്ത പുരുഷാ നിനക്ക് ഈ ഗതി വന്നാൽ പോരായിരുന്നു. കള്ളൻ അങ്ങനെയൊക്കെ ആലോചിച്ച് കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് മിന്നിയ ഇടിവാൾ ഭൂമിയ്ക്ക് വെള്ളി നിറം പൂശി മടങ്ങി. അപ്പോൾ വീട്ടിനകത്ത് നിന്ന് ഉച്ചത്തിൽ പാട്ട് കേട്ട് തുടങ്ങി. കള്ളൻ മുറ്റത്തിറങ്ങി മുകൾനിലയിലേയ്ക്ക് നോക്കി. ജനാലച്ചില്ലിലൂടെ മൂന്ന് നിഴലുകൾ നൃത്തം ചെയ്യുന്നു. ഒക്കെ മറക്കുകയാണ് കുട്ടികൾ. അല്ലെങ്കിൽ മറന്നെന്ന് അഭിനയിക്കുകയാണവർ (അഭിനയമാണല്ലൊ ജീവിതം).

കള്ളൻ നാളത്തെ പുലരിയെക്കുറിച്ചാലോചിച്ചു.

പോലീസ്, പത്രം, ചാനലുകൾ. അമ്പാരിയും കുംഭമേളയും വീട്ട് മുറ്റത്ത് ഭേഷാകുമ്പോൾ പാരിജാതം പിന്നെയും അലറിക്കരയും. പോലീസിനെ കാണുമ്പോൾ ഇരുപതിന്റേയും, ഇരുപത്തിരണ്ടിന്റേയും ഈ ആഹ്ളാദമെല്ലാം പൊയ്പോയേക്കാം. പാവം കുട്ടികൾ ശിഷ്ടകാലം ജയിലിൽ കിടന്ന് നരകിച്ചേക്കാം. വേണ്ട. എങ്ങനെയെങ്കിലും ഇവരെ രക്ഷിക്കണം കള്ളൻ ആലോചിച്ചു. എന്താണൊരു മാർഗ്ഗം.? പല വഴികളിലൂടെ കള്ളന്റെ തലച്ചോറ് മണ്ടി നടന്നു. ശവം കൊണ്ട് പോയി കടലിൽ തള്ളാമെന്ന് ഒടുക്കം തീരുമാനിച്ചു. അങ്ങനെ തൂക്കിയെടുത്ത് തോളിലിട്ടു പുറത്തിറങ്ങുമ്പോഴുണ്ട് വാഴക്കൂട്ടത്തിനിടയിൽ നിന്നൊരു ഒച്ചയനക്കം. കള്ളൻ ഞെട്ടി. ഇരുട്ടിലിഴഞ്ഞ കള്ളന്റെ കണ്ണുകൾ വാഴക്കച്ചി വകഞ്ഞ് മാറ്റി അടിവസ്ത്രം മാത്രമിട്ട മറ്റൊരുത്തനെ പിടിച്ച് കെട്ടി പുറത്തേക്കിട്ടു. കുരുടടച്ച് പോയെങ്കിലും ആരോഗ്യ ശിരോമണിയായ ഒരു കാപ്പിരിക്കുട്ടൻ.

“നീയേതാടാ?”

നടന്ന് കൊണ്ട് പെരുങ്കള്ളൻ ചോദിച്ചത് മഴക്കാറ്റിന് തലകുലുക്കി കൊടുത്ത വാഴക്കച്ചി പോലും കേട്ടില്ല. (അതാണ് മികച്ച കള്ളന്മാരുടെ മറ്റൊരു എ പ്ലസ്.)

” തെക്ക് ദേശത്തൂന്നാ. പേരിനൊരു കള്ളനാണെങ്കിലും വല്യ പണിയൊന്നും നടന്നിട്ടില്ല. ഭണ്ഡാരം പൊട്ടീരും, ആക്രി ചൂണ്ടലുമായിരുന്നു ഇതുവരെ. ആദ്യായിട്ടാ ഒരു വീട് കേറുന്നത്. പിന്നിലത്തെ മതില് ചാടിയാ വന്നത്. ആശാൻ ഇവിടിരുന്ന് കരയുമ്പം ദോ ഞാനവിടിരുന്നു കരയുവാരുന്ന്… “കാപ്പിരിക്കള്ളൻ വാഴത്തോപ്പിലേയ്ക്ക് ചൂണ്ടി.” എന്നാലുമാ പിള്ളാരെ സമ്മതിക്കണം. ചില്ലറ വേലയാണോ ഒപ്പിച്ച് വെച്ചിരിക്കുന്നത്.”

അവർ ഗേറ്റ് കടന്നതും പിടിച്ച് കെട്ടിയമാതിരി മഴ നിന്നു.

“ബീഡിയൊണ്ടോടാ നിന്റെ കൈയിൽ?”

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, majeed syed, മജീദ്‌ സെയ്ദ് , വാസന മൊല്ലാക്ക ,vasana mollakka, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

പെരുങ്കള്ളൻ ചോദിച്ചു. അടിവസത്രത്തിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വെച്ചിരുന്ന ബീഡിയെടുത്ത് കാപ്പിരി കത്തിച്ചു കൊടുത്തു. അവനും ഒരെണ്ണം വലിച്ചു.

പുകയൂതി നടക്കുന്നതിനിടെ ശവപഹയനെ പറ്റി വേണ്ടതും, വേണ്ടാത്തതുമായ പലതും അവർ വിചാരിച്ചു.

കുതന്ത്രികളായ മറ്റ് മനുഷ്യരെപ്പോലെ തന്നെ ഊഹങ്ങളിട്ട് തല്ലി പഴുപ്പിച്ച് രണ്ട് കള്ളന്മാരും കൂടി ഒരു കഥ മെനഞ്ഞെടുത്തു. (കഥകളുണ്ടാവുന്ന വഴി നോക്കണെ.)

പാരിജാതപ്പരുവത്തിലുള്ള പതിനെട്ടുകാരി ലവനാൽ പലവട്ടം പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ഗർഭിണി കൂടിയാവാം പെണ്ണ്. അതിനുള്ള പ്രതികാരം മൂത്ത സഹോദരങ്ങളായ ലവരാൽ ചെയ്യപ്പെട്ടിരിക്കുന്നു. എന്തുമാകട്ടെ ന്യായം കുട്ടികളുടെ ഭാഗത്താണ്. അവരെ രക്ഷിക്കേണ്ടത് മന:സാക്ഷിയുള്ള കള്ളന്മാരായ തങ്ങളുടെ ബാധ്യതയാണ്.

“ആശാനെ ഇനി കൊറച്ച് നേരം ഞാൻ ചുമക്കാം.”

കാപ്പിരിക്കള്ളൻ പറഞ്ഞു. പെരുങ്കള്ളൻ ശവം കൈമാറി. അയാൾ അണയ്ക്കുകയും, വിയർക്കുകയും ചെയ്തിരുന്നു.

രാത്രിയുടെ വിജനതാഭാവത്തിന് കളങ്കമേൽപ്പിക്കാത്ത മാർജ്ജാര മുദ്രകളുമായി കള്ളന്മാർ കടലോരത്ത് കൂടെ നടന്നു. തോളുമാറി, തോളുമാറി, ഒരു മണിക്കൂർ കൊണ്ട് അവർ പാറക്കൂട്ടത്തിന് മുകളിലെത്തി. താഴെ, വഴുത്ത പാറയിടുക്കിലേയ്ക്ക്, അവനവന്റെ നിലമറന്ന് അലച്ച് കയറിയ തിരമാലകളെ കരിമ്പാറ അടിച്ച് പതംവരുത്തി. തല്ല് കൊണ്ട് വശംകെട്ട തിരമാലകൾ ഉപ്പ് കാറ്റിന്റെ മുഖത്തേയ്ക്ക് വെളുത്തനുര കാർക്കിച്ച് തുപ്പി.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, majeed syed, മജീദ്‌ സെയ്ദ് , വാസന മൊല്ലാക്ക ,vasana mollakka, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

പാറപ്പുറത്തേയ്ക്ക് പെരുങ്കള്ളൻ മലർത്തിയിട്ട പുരുഷ കുസുമത്തെ ഒരുനോക്ക് കാണാൻ കൊതിച്ച് നിലാവ് വെളുക്കെ ചിരിച്ചു. അപ്പോഴല്ലെ കള്ളന്മാരും ശവനെ ശരിക്കൊന്ന് കണ്ടത്.

അമ്പടാ! കൊള്ളാലോ. മരിച്ച് പോയ സുന്ദരൻ. നല്ല നിറം, നല്ല എടുപ്പ്. നല്ല തുടിപ്പ്. അതിലുമൊക്കെ നല്ല പ്രായം. എങ്ങനെയൊക്കെ അർമാദിച്ചായിരിക്കും ഈ മനിതൻ ജീവിച്ച് മരിച്ചിരിക്കുക. അവന്റെ ഇടത്തും വലത്തും താടിയ്ക്ക് കൈകൊടുത്തിരുന്ന് കള്ളന്മാർ ആലോചിച്ചു.

ആലോചനയെ പിന്താങ്ങാൻ പിന്നെയും ഓരോ ബീഡി വലിച്ചു. ചുണ്ട് പൊളളാറായപ്പോൾ പെരുങ്കള്ളൻ ബീഡിക്കുറ്റി കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. സുരഭില സുന്ദരമായ കാറ്റേറ്റ് കിഴക്കോട്ട് തിരിഞ്ഞ് നിന്ന് അയാൾ മൂത്രമൊഴിച്ചു. എന്നിട്ട് കാപ്പിരിക്കള്ളനോട് പറഞ്ഞു.

“മോനെ, കൊച്ച്കള്ളാ. ഈ ഭൂമിയെന്ന് പറയുന്ന കുന്ത്രാണ്ടം ദൈവത്തിന്റെ പത്തായമാണ്. അതിനകത്ത് വിധിക്കപ്പെട്ട എല്ലാ ജാതി ജീവിവർഗ്ഗങ്ങൾക്കും ഓരോ ജീവിത പ്രമാണം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ നമ്മൾ കള്ളന്മാർക്കും ചില സത്യപ്രമാണങ്ങളുണ്ട്. മേൽ കൽപ്പന തെറ്റിച്ചും, തെറ്റിക്കാതെയും ജീവിക്കുന്ന അനതാരികൾ മനുഷ്യർക്കിടയിലുണ്ട്. ഒട്ടുമുക്കാലും മനുഷ്യരും കള്ളന്മാരാണ്. ഭൂരിപക്ഷം നോക്കിയാൽ തന്നെ ഈ കളളരാജ്യത്തെ വെറും അശുക്കളാണ് ഞാനും നീയുമെല്ലാം. തൊഴിൽ മോഷണമാണെങ്കിലും സത്യം ഉള്ളവനായിരിക്കണം നല്ല കള്ളൻ.”

അതെങ്ങനെ സാധിക്കുമെന്ന് ചിന്തിച്ചെങ്കിലും കാപ്പിരിക്കള്ളൻ മിണ്ടിയില്ല

“കള്ളൻ രാത്രിയുടെ മാത്രമല്ല പല രഹസ്യങ്ങളുടേയും കൂടി കാമുകനാണ്. അവൻ പലതും കാണുന്നു. പലതും കേൾക്കുന്നു. ഈ കാണുന്നതും, കേൾക്കുന്നതുമായ രഹസ്യമെല്ലാം ആ ഒരു രാത്രിയ്ക്കപ്പുറത്തേയ്ക്ക് വ്യവസ്ഥയുള്ള കള്ളനിൽ വാഴാൻ പാടില്ല. ഇനി ഇവിടുന്നങ്ങോട്ട് നമ്മൾ രണ്ടാളും രണ്ട് വഴിക്കാണ്. നമ്മൾ തമ്മിൽ കണ്ടിട്ടുമില്ല, മിണ്ടിയിട്ടുമില്ല. അത് പോലെ ആ പാവം കുട്ടികളേയും, ഈ ശവത്തേയും നീ പാടെ മറന്നേക്കുക…”

പെരുങ്കള്ളന്റെ അറിവിൽ അവന് വലിയ മതിപ്പ് തോന്നി.

ആശാന് ദക്ഷിണ വെയ്ക്കാൻ, ഇട്ടിരിയ്ക്കുന്ന ജട്ടിയല്ലാതെ മറ്റൊന്നും തന്റെ കൈയിൽ ഇല്ലല്ലോയെന്നോർത്ത് സങ്കടവും വന്നു.

“സമയം കളയാനില്ല. ദേഹപരിശോധന നടത്ത്. ”

പെരുങ്കള്ളൻ അവനോട് പറഞ്ഞു.

ഉത്സാഹത്തോടെ കാപ്പിരിക്കള്ളൻ പ്രേതവിചാരണ തുടങ്ങി. ശവത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പി. ഒന്നുമില്ല. കോളറിനുള്ളിലൂടെ വിരലുകൾ കടത്തി മാലയുണ്ടോന്ന് നോക്കി. ഇല്ല. പാന്റ്സിന്റെ പോക്കറ്റും കാലി. ഇനി വല്ല അരഞ്ഞാണവുമുണ്ടോയെന്ന് നോക്കാൻ ഉള്ളിലേയ്ക്ക് കടത്തിയ വിരലുകൾ ഒരു രസത്തിന് അടിവസ്ത്രത്തിനുള്ളിലേയ്ക്ക് നീണ്ടു. (മനുഷ്യനല്ലെ വർഗ്ഗം ഒന്നും പറയാൻ പറ്റില്ലല്ലോ.?) വിരലുകൾ വട്ടം കറക്കി, വൃഷ്ണ സഞ്ചിയുടെ അടിയിലേയ്ക്കരിച്ചു. എന്തോ ഒന്ന് തടയുന്നതായി കാപ്പിരിക്കള്ളന് മനസ്സിലായി.

“ഛെ, വൃത്തികെട്ടവനെ , എന്തുവാടാ ഈ കാണിക്കണത്. മതിയാക്ക് .എടുത്താ കടലിലിട്ടേച്ച് പോകാൻ നോക്കാം…”

പെരുങ്കള്ളന് ദേഷ്യം വന്നു.

“ഇത് അതല്ലാശാനെ. എന്തോ ഒരു പൊതി തടയുന്നുണ്ട്.”

തടഞ്ഞത് വലിച്ചെടുക്കാൻ നോക്കിയതും അത്രനേരം അനക്കമില്ലാതെ കിടന്ന ശവം കാപ്പിരിക്കള്ളനെ പാറപ്പുറത്തേയ്ക്ക് ചവിട്ടി മറിച്ചിട്ടിട്ട് ചാടിയെഴുന്നേറ്റ് ഇരുന്നു. ഓർക്കാപ്പുറത്തായത് കൊണ്ട് കള്ളന്മാർ നിലവിളിച്ച് പോയി. ചത്ത മനുഷ്യൻ ജീവനോടെ എഴുന്നേറ്റ് വരികയോ? പെട്ടെന്നുള്ള പരവേശത്താൽ എല്ലാവർക്കുമുണ്ടാകുന്ന സ്തംഭനം രണ്ട് കള്ളന്മാർക്കുമുണ്ടായി. അപകടഘട്ടങ്ങളിൽ എല്ലാ തസ്ക്കരവീരന്മാരും പാരമ്പര്യമായി അനുഭവിക്കാറുള്ള തൂറാൻ മുട്ട് രണ്ടാൾക്കും ഒരുപോലെയുണ്ടായി.

” ഉണ്ടേല് എനിക്കും തായോ ഒരു ബീഡി…”

മുഖത്തെ പ്ലാസ്റ്റർ വലിച്ച് നീക്കി അയാൾ അവരെ മാറി മാറി നോക്കി ചിരിച്ചു. ചിരി അവരുടെ വയറ് ദീനത്തിന് ഒരു ശമനം കൊടുത്തു. കാപ്പിരക്കള്ളന്റെ കൈയിൽ അവശേഷിച്ച മൂന്ന് ബീഡിക്കും അപ്പോൾ തന്നെ അഗ്നിബാധയേറ്റു. പുകയൂതി കൊണ്ട് തന്നെ

തന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും ഒരു ചെറിയ കൈലേസ്പൊതി അയാളെടുത്തു.

പെരുങ്കള്ളന്റേയും, കാപ്പിരിക്കള്ളന്റേയും തുറിച്ച കണ്ണുകളുടെ മുന്നിൽ പൊതിയഴിഞ്ഞു. മൂന്ന് ചെറിയ മോതിരങ്ങൾ..

“ആകെ, കിട്ടിയത് ഞവുണിക്കാ പോലത്തെ ഈ മോതിരങ്ങളാണ്.ബാക്കിയൊക്കെ തൂത്ത് വാരി ആ പിള്ളേരിപ്പം കരപറ്റിക്കാണും. ദോഷം പറയുവാന്ന് വിചാരിക്കരുത്. ഇമ്മാതിരി കീടങ്ങളുള്ളടുത്ത് പെഴച്ച് പോകാൻ വല്ല തൊഴിലൊറപ്പിനും പോണതാ നമ്മളെ പോലുള്ള കള്ളന്മാർക്കൊക്കെ നല്ലത്.”

അനന്തരം, ഓരോ മോതിരമെടുത്ത് ചിന്നാണി വിരലിലിട്ട് മൂന്ന് കള്ളന്മാരും മൂന്ന് വഴിക്ക് പിരിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook