സന്ധ്യ രാത്രിക്ക് വഴിമാറിയിരുന്നു. ഉദിച്ചു പൊങ്ങിയ ചന്ദ്രനോടൊപ്പം പകൽനേരത്തെ പൊള്ളുന്ന ചൂടിന് ശമനമായി. വലിച്ചുപിടിച്ച റബ്ബർബാൻഡ്‌ പോലെ അതിർത്തിയിലേക്കുള്ള ഹൈവേ അപ്പോഴും ചൂടാറാതെ കിടന്നു. ഒരൊറ്റ വാഹനം പോലുമില്ലാതെ അത് പ്രപഞ്ചമുണ്ടായ കാലത്തെപ്പോലെ വിജനമായിരുന്നു. അതിർത്തിയായതുകൊണ്ടാവും, വീടുകളോ വഴിവിളക്കുകളോ ഇല്ലാത്ത പാതയോരം. പാതയോരത്തെ പൊന്തക്കാടുകൾക്കുള്ളിലെ ഗൂഢമായ ഇരുൾപ്പൊത്തുകളിൽ നിന്നുള്ള ചീവീടുകളുടെ പാട്ടുത്സവം ഭയയവും നിശബ്ദതയും കൂട്ടിക്കുഴച്ച് വിജനതയുടെ ആക്കം കൂട്ടി.

“എനിക്ക് കുറച്ചു വെള്ളം തരാമോ?”

ധർമ്മരാജ് തന്റെ കയ്യിലെ കുപ്പി നിലാവെളിച്ചത്തിൽ ഉയർത്തിനോക്കി. അതിനടിയിലെ അവസാനത്തെ കവിൾ വെള്ളം നോക്കി അയാൾ തുപ്പലിറക്കി. തിരിഞ്ഞുപോലും നോക്കാതെ അയാൾ കുപ്പി ഏറ്റവും പുറകിൽ നടക്കുന്ന സ്ത്രീക്ക് കൈമാറി.

അവർ ആറുപേരുണ്ടായിരുന്നു. ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും. ഒരു പട്ടിയുമുണ്ടായിരുന്നു അവരോടൊപ്പം. യാത്രയുടെ തുടക്കത്തിലെപ്പോഴോ ഏതോ തെരുവോരത്ത് വിശന്നുവലഞ്ഞു നിൽക്കുകയായിരുന്ന അതിന് ധർമ്മരാജ് എറിഞ്ഞു കൊടുത്ത ഒരു കഷ്ണം ചപ്പാത്തിയായിരുന്നു അവർ തമ്മിലുള്ള ബന്ധം. അതോടെ അതവരെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു.

ഓരോരുത്തരും തലച്ചുമടായി അവരവരുടെ ഭാണ്ഡം ചുമന്നിരുന്നു. സർക്കസ്സുകാരെപ്പോലെ തലയിലെ ചുമട് ബാലൻസ് ചെയ്ത് കൈകൾ ആഞ്ഞുവീശി നടക്കുന്ന അവർ ആളും ആരവവുമൊഴിഞ്ഞ പേടിപുതച്ച നിരത്തുകളിലൂടെ നടക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്തു മണിക്കൂറായിക്കാണും. ആവിപാറുന്ന ടാർറോഡിലുരസി അവരുടെ ചെരിപ്പിടാത്ത കാലുകൾ പോളച്ചുകഴിഞ്ഞിരുന്നു. ഏറ്റവും മുന്നിൽ നടക്കുന്ന ധർമ്മരാജിന്റെ കാലിലെ പോളപൊട്ടിയൊഴുകുന്ന ചോരപ്പാടിനെ ഒന്നിനു പുറകെ ഒന്നായി നടക്കുന്ന ബാക്കി അഞ്ചുപേരും പിന്തുടർന്നു.

ഇരുട്ടിന് കനം വച്ചതോടെ നിലാവിന് തെളിച്ചം കൂടിയിരുന്നു. നിലാവിൽ കറുകറുത്ത പുഴ പോലെ അതിർത്തിയിലേക്കുള്ള കയറ്റം. കുത്തനെയുള്ള ആ കയറ്റം കയറുമ്പോൾ വിശപ്പും ദാഹവും അധികരിച്ച അവർ ചുമടുമായി മലകയറുന്ന കഴുതകളെപ്പോലെ വന്യമായി കിതച്ചുകൊണ്ടിരുന്നു.

അടുത്തടുത്ത് വരുന്ന നിഴലുകൾ കണ്ടതോടെ അതിർത്തിയിൽ കാവലുണ്ടായിരുന്ന പാറാവുകാർ ജാഗരൂകരായി. അവർ ഓരോരുത്തരും തങ്ങളുടെ അരയിൽ തൂക്കിയ നീളൻ ചൂരൽവടികളിൽ പിടിമുറുക്കി കാത്തുനിന്നു.

“എവിടേക്കാടാ തായോളികളേ ഈ നേരത്ത്?”

അവരുടെ തലവനായിരിക്കണം, കൊമ്പൻ മീശയുള്ള അയാൾ അവരെ നോക്കി ക്രൂരമായി പല്ലു ഞെരിച്ചു. അയാൾ തെളിച്ചുപിടിച്ച ടോർച്ചിന്റെ തുളയ്ക്കുന്ന വെളിച്ചത്തിൽ അവരുടെ കണ്ണ് മഞ്ഞളിച്ചു.

“വീട്ടിലേക്കു പോവുകയാണ് സാർ,”  ധർമ്മരാജ് ക്ഷീണിച്ച ശബ്ദത്തിൽ വിനയത്തോടെ ഉത്തരം പറഞ്ഞു.

അയാളുടെ മനസ്സിലപ്പോൾ ആയിരത്തോളം കിലോമീറ്ററുകൾ ദൂരെയുള്ള തന്റെ വീട് വെളിച്ചത്തിൽ കുളിച്ചു നിന്നു. “കുറച്ചു വെള്ളം തരാമോ സാർ. വെള്ളം തീർന്നു പോയി,” ധർമ്മരാജ് അയാളുടെ കയ്യിലെ കാലിക്കുപ്പി മീശക്കാരനു നേരെ നീട്ടി.

“എവിടെയാടാ നിന്റെയൊക്കെ വീട്,” മീശക്കാരന്റെ കർക്കശമായ ചോദ്യം.

“നക്സൽബാരിയിലാണ് സാർ.”

ധർമ്മരാജിനെയും കൂട്ടരെയും രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ ഇരുത്തി മൂളി. അയാളെന്തിനാണ് തങ്ങളുടെ വീടും സ്‌ഥലവുമെല്ലാം ചോദിച്ചു മനസ്സിലാക്കുന്നതെന്ന് ധർമ്മരാജ് അത്ഭുതപ്പെട്ടു. വേഷത്തിൽ അവർ പോലീസുകാരല്ല, സാധാരണ വേഷമാണ് അവരുടേത്. ഇനി, ഇവിടെയുള്ള ഏതെങ്കിലും ജന്മിയുടെ ഗുണ്ടകളായേക്കാം അവരെന്ന് ധർമ്മരാജ് കരുതി.

“സാർ, കുറച്ചു വെള്ളം…” വരണ്ട തൊണ്ടയിൽ നിന്നും ധർമ്മരാജിന്റെ ശബ്ദം ഒരുകണക്കിനാണ് ഇഴഞ്ഞ് പുറത്തെത്തിയത്. അയാളുടെ ദേഹം നന്നായി വിറക്കുന്നുണ്ടായിരുന്നു.

മീശക്കാരൻ അതുകേൾക്കാത്ത മട്ടിൽ ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. നക്സൽബാരി എന്ന സ്‌ഥലനാമം അയാളുടെ ഉള്ളിൽ ഒട്ടും ദഹിക്കാതെ കിടന്നു.

“കാണിയ്ക്ക്, നിന്റെയ്ക്കെ തിരിച്ചറിയൽ രേഖകൾ.”

മീശക്കാരൻ വല്ലാതെ അസ്വസ്‌ഥനായി. പണ്ടെങ്ങോ മരിച്ചുപോയ പാറാവുകാരുടെയെല്ലാം പ്രേതങ്ങൾ ബാധ പോലെ അയാളുടെ ശ്വാസത്തിലേക്ക് അലിഞ്ഞുചേർന്നു. അയാളുടെ കണ്ണുകൾ ചുവന്നുകലങ്ങിയത് അരണ്ട വെളിച്ചത്തിലും ധർമ്മരാജ് പേടിയോടെ നോക്കിക്കണ്ടു.

അവരെല്ലാവരും അവരവരുടെ ഭാണ്ഡങ്ങൾ താഴെയിറക്കി അതിനകത്തെവിടെയോ അലക്ഷ്യമായി തിരുകിവച്ച തിരിച്ചറിയൽകാർഡിനായി തിരയാൻ തുടങ്ങി.

“ആദ്യം കൈ കഴുക്,” മീശക്കാരന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ധർമ്മരാജിനു നേരെ ഒരു കുപ്പി നീട്ടി. ‘

“നീയൊക്കെ എവിടെയൊക്കെ അലഞ്ഞാണ് വരുന്നതെന്ന് ആർക്കറിയാം.”

കുന്തിച്ചിരിയ്ക്കുന്ന ധർമ്മരാജ് യാന്ത്രികമായി ആ കുപ്പി വാങ്ങി. വിറയ്ക്കുന്ന കൈകൾ കൊണ്ട് അടപ്പു തുറന്നതേ അയാൾ മറ്റൊന്നും ചിന്തിക്കാതെ ഒന്നുരണ്ടു കവിൾ വെള്ളം ആർത്തിയോടെ കുടിച്ചു. കണ്ണുകൾ കൂമ്പിയടയുന്നതിനിടയിൽ അയാൾ ഏറ്റവും പുറകിലായി അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന ദ്രൗപദിയെ ഒരുനോക്ക് കണ്ടു.

ഒരു തണുത്ത കാറ്റ് വീശി. ധർമ്മരാജിന്റെ നീണ്ട വെളുത്ത മുടിയിഴകളിൽ അത് കരുണയോടെ തഴുകി. ‘ ഹേ, മാ താരാ’ എന്ന് പിറുപിറുത്തുകൊണ്ട് അയാൾ മെല്ലെ, തന്നെ തലോടിയ കാറ്റിനേക്കാൾ മന്ദസ്‌ഥായിയിൽ പാതവക്കിലെ ചെമ്മണ്ണിലേക്ക് ചെരിഞ്ഞുവീണു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook