/indian-express-malayalam/media/media_files/uploads/2023/07/m-t-vasudevan-nair-fi.jpg)
ചിത്രീകരണം : വിഷ്ണു റാം
എം.ടി.വാസുദേവൻ നായർ എനിക്ക് വലിയൊരു വിസ്മയമാണ്. നേരിട്ട് കാണാനും ഇടപഴകാനും ലഭിച്ച സന്ദർഭങ്ങൾ വിരളമാണ്. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഭയം കലർന്ന ഒരാദരവും ആരാധനയും കാത്തുസൂക്ഷിക്കാൻ പോന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സന്ദർഭത്തിൽ ഡൽഹിയിൽ വച്ച് നൽകിയ സ്വീകരണത്തിൽ എന്തോ നിയോഗം കൊണ്ട് സംസാരിക്കാൻ നിർബന്ധിതയായ അവസരത്തിൽ അത് നിർവഹിക്കാൻ കഴിയുമോ എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു.
മൂന്ന് കൊല്ലം മുമ്പ്, ലീലാവതി ടീച്ചറെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് വേണ്ടി അദ്ദേഹത്തെ കാണേണ്ടി വന്നു. കാരശ്ശേരി മാഷുടെ സഹായത്തോടെയാണ് കാണാനുള്ള സമയം ലഭിച്ചത്. രാവിലെ ഒമ്പത് മണിയാണ് അനുവദിച്ച സമയം. സമയ കൃത്യത പാലിക്കണമെന്ന് മാഷ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഞാനും ഡയറക്ടർ പ്രതാപ് ജോസഫും എഴുത്തുകാരൻ കിഷോറും രാവിലെ 8.55 ന് തന്നെ വീട്ടിലെത്തി. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യം ഒമ്പത് മണിക്ക് തന്നെ അദ്ദേഹം താഴെ എത്തി. 45 മിനിട്ടായിരുന്നു അന്ന് ഞങ്ങൾക്ക് അനുവദിച്ച സമയം അതിലൊരു നിമിഷം പോലും പാഴാക്കിയില്ല. ടീച്ചറുടെ കവിതാ സാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ എന്നീ കൃതികളെക്കുറിച്ചൊക്കെ ആഴത്തിൽ അദ്ദേഹം സംസാരിച്ചു. താൻ ഏറ്റെടുക്കുന്ന ഏതുകാര്യവും എങ്ങനെ വിവരിക്കണം, വികസിപ്പിക്കണം, ഏതുവിതാനത്തിൽ കൊണ്ട് ചെന്നെത്തിക്കണം എന്നതിനെക്കുറിച്ച് ഒരു മികച്ച എഴുത്തുകാരൻ നടത്തുന്ന സജ്ജീകരണത്തിലെ സത്ത ബോധ്യപ്പെടുത്തി തന്ന സന്ദർഭമായിരുന്നു അത്.
സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിലാണ് എം ടി ജനിച്ചത്. ആ പിറവിയിൽ തന്നെയുണ്ട് ഒരാകസ്മികത. മൂന്ന് ആൺകുട്ടികൾക്ക് ശേഷം ഗർഭം ധരിച്ചപ്പോൾ ആ കുഞ്ഞ് പെണ്ണായിരിക്കണം എന്ന് അമ്മ പ്രാർത്ഥിച്ചു. എന്നാൽ, അമ്മയുടെ മോശമായ ആരോഗ്യ സ്ഥിതിയിൽ അത് അലസിപ്പിക്കാനാണ് വൈദ്യൻ വിധിച്ചത്. ശ്രമിക്കുകയും ചെയ്തു. പക്ഷേ, സഫലമായില്ല. അങ്ങനെ ജനിച്ച, ആരോഗ്യം കുറഞ്ഞ, വാശിക്കാരനായ കുഞ്ഞിനെ നോക്കി അമ്മ ഇടർച്ചയോടെ പറയാറുണ്ടായിരുന്നത്രേ "അന്ന് എല്ലാവരും കൂടി കൊല്ലാൻ നോക്കിയ കുട്ടിയാണിത്" (വാക്കുകളുടെ വിസ്മയം- രമണീയം ഒരു കാലം) അങ്ങനെ പരീക്ഷണങ്ങളെ അതിജീവിച്ച് വളർന്ന എം ടി എന്ന പ്രതിഭ "നാലുകെട്ടി"ലെ "വളരും, വളർന്ന് വലുതാവും" എന്ന പ്രാരംഭവാക്യം പോലെ പ്രസ്താവനയുടെ പൊരുൾ നീതികരിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2023/07/m-t-vasudevan-nair-4.jpg)
ഇടത്തരത്തിലും താഴെയുള്ള കർഷകകുടുംബമായിരുന്നു എം ടിയുടേത്. കന്ന് പൂട്ടാൻ പഠിച്ചാൽ മുതിർന്നു എന്ന ധാരണ പുലർത്തിയിരുന്ന സാമൂഹികാന്തരീക്ഷത്തിലാണ് വളർന്നത്. ഈ പരിമിതമായ സാഹചര്യത്തിൽ നിന്നാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത് എന്നത് ചെറിയ കാര്യമല്ല. പഠിക്കാൻ മിടുക്കനായിരുന്ന എംടിക്ക് ചെറുപ്പംമുതലേ വായനയോട് വലിയ അഭിനിവേശമായിരുന്നു. വായനയിൽ താൽപ്പര്യമുള്ള ജ്യേഷ്ഠന്മാരുടെ സാന്നിദ്ധ്യം ഇത് പോഷിപ്പിച്ചു. അവർ പരിചയപ്പെടുത്തിയ എഴുത്തിന്റെ ലോകം കുമരനെല്ലൂരിൽ അക്കിത്തത്തിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ അയൽവക്കക്കാരനായ മാധവമേനോന്റെ ഗ്രന്ഥശേഖരത്തിൽ നിന്നു ലഭിച്ച പുസ്തകങ്ങൾ ഇതെല്ലാം ഏകാകിയായ ആ ബാലന്റെ മുന്നിൽ തുറന്നിട്ടത് വിപുലവും വിസ്മയകരവുമായ മറ്റൊരു ലോകമാണ്. താൻ പരിചയിച്ച എഴുത്തുകാരെപോലെ എന്തെങ്കിലും എഴുതണമെന്ന അഭിവാഞ്ഛ ചെറുപ്പത്തിൽ തന്നെ എം ടിയിൽ നിർലീനമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ നാടകത്തെ കുറിച്ച് അദ്ദേഹത്തിന്റെ കാർത്ത്യായനിയോപ്പോൾ അമൃത ടിവിയിൽ വന്ന അഭിമുഖത്തിൽ ഓർമ്മിക്കുന്നുണ്ട്.
സാമ്പത്തികപരാധീനത മൂലം രണ്ട് പേർക്ക് ഒരേസമയം കോളജിൽ പഠിക്കാൻ സാധിക്കാത്ത സ്ഥിതി വന്നപ്പോൾ പത്താംക്ലാസിൽ ഉയർന്ന മാർക്ക് നേടിയിട്ടും എം ടിക്ക് ഒരു കൊല്ലം വീട്ടിലിരിക്കേണ്ടി വന്നു. വിഷമമുണ്ടായെങ്കിലും വിപുലമായ വായനയ്ക്ക് അത് സഹായിച്ചു. അന്നത്തെ പ്രശസ്തരായ കവികളുടെ രചനകളെല്ലാം ഹൃദിസ്ഥമാക്കിയിരുന്ന എം ടി ആദ്യം കവിതയെഴുതുന്നതിനോടാണ് പ്രതിപത്തി കാണിച്ചത്. പക്ഷേ തന്റെ തട്ടകം അതല്ലെന്ന് അദ്ദേഹം വേഗം തിരിച്ചറിഞ്ഞു, ചക്രവാതം എന്ന പത്രത്തിൽ വന്ന ഉന്തുവണ്ടിയാണ് ആദ്യം വെളിച്ചം കണ്ട കഥ. പിന്നീട്, മാധവൻ നായരുടെ പത്രാധിപത്യത്തിൽ മദ്രാസിൽ നിന്നിറങ്ങുന്ന കേരളോദയത്തിൽ, തന്റെ പതിനാലാം വയസ്സിൽ വി.എൻ.തെക്കേപ്പാട്ട്, കൂടല്ലൂർ വാസുദേവൻ നായർ, എം.ടി.വാസുദേവൻ നായർ എന്നീ മൂന്ന് പേരുകളിൽ രത്നങ്ങളെ കുറിച്ച് ലേഖനം, രാജാജിയുടെ ജീവചരിത്രം, എസ്.കെ.പൊറ്റക്കാടിന്റെ കഥകളെ കുറിച്ച് അവലോകനം എന്നിവ പ്രസിദ്ധീകരിച്ചു. അതിന് ശേഷം കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ കഥ പ്രസിദ്ധീകരിച്ച ശേഷമാണ് കഥാകൃത്ത് എന്ന നിലയിൽ ആത്മവിശ്വാസം ലഭിച്ചതെന്ന് എം ടി രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനു ലഭിച്ച ട്രാവൻകൂർ ഫോർവേഡ് ബാങ്കിന്റെ പത്തുരൂപയുടെ ചെക്ക് അന്ന് അമൂല്യനിധിയായിരുന്നു. മദ്രാസിൽ നിന്ന് പി.ഭാസ്കരന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളത്തി'ലും എഴുതിയിരുന്നു. പാലക്കാട് വിക്ടോറിയ കോളജിലെ ലൈബ്രറി വായനയുടെ പുത്തൻ അനുഭവങ്ങൾ പകർന്ന് നൽകി. അവിടുത്തെ പഠനം അവസാനിക്കും മുമ്പ്, അതിനകം തന്നെ അദ്ദേഹത്തെ എഴുത്തുകാരനെന്ന് തിരിച്ചറിഞ്ഞ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് എം ടിയുടെ കഥകൾ ഒരു സമാഹാരമായി പുറത്തിറക്കി (രക്തം പുരണ്ട മൺതരികൾ). തന്നിലെ എഴുത്തുകാരനെ അംഗീകരിച്ച ആ സൗഹൃദ സമ്മാനമായിരുന്നു അത്.
എം എസ് സി ചെയ്യുക, കോളജ് അധ്യാപകനാകുക എന്നതായിരുന്നു എം ടിയുടെ വലിയൊരു മോഹം. ഇഷ്ടമുള്ള തൊഴിൽ ചെയ്യുക, വായിക്കാൻ അവധിക്കാലവും ലൈബ്രറിയും ഉണ്ടാകുക എന്നതായിരുന്നു ഈ മോഹത്തിന് പിന്നിലെ പ്രേരണകൾ. എന്നാൽ വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി മൂലം ആ മോഹം ഉപേക്ഷിക്കേണ്ടതായി വന്നു. പ്രായം കൊണ്ട് ഇളയവനാണെങ്കിലും തന്നെ ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ പഠിപ്പിച്ചതിന്റെ മികവ് സഹോദരി കാർത്ത്യായനിയോപ്പോൾ അഭിമുഖത്തിൽ ഓർമ്മിക്കുന്നുണ്ട്. പാലക്കാട്ടെ മൂസ്സതിന്റെ ട്യൂട്ടോറിയൽ കോളജിലും പട്ടാമ്പി സ്കൂളിൽ താൽക്കാലിക ഒഴിവിലും കുറച്ചുകാലം ജോലി ചെയ്തുവെങ്കിലും താമസിയാതെ 1956ൽ, മാതൃഭുമിയിൽ ജൂനിയർ എഡിറ്ററായി ചേർന്നു. കോളജിലെ അവസാന വർഷം മാതൃഭൂമി നടത്തിയ ലോകകഥാ മത്സരത്തിൽ എം ടിയുടെ 'വളർത്തുമൃഗങ്ങൾ'ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നതുകൊണ്ട് അതിനകം എം ടി കുറച്ചൊക്കെ ശ്രദ്ധേയനായിരുന്നു. മാതൃഭൂമിയിൽ ആ സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിൽ മാത്രമല്ല, ഒരു ഗംഭീര വ്യക്തിത്വത്തിനുടമ എന്ന നിലയിലും ആദരണീയനായ കെ.പി.കേശവ മേനോൻ, ഒരു മികച്ച അഡ്മിനിസ്ട്രേറ്ററായ വി.എം.നായർ, ഔദ്യോഗിക ചുമതലകളുടെ മാാർഗദർശിയായ എൻ.വി.കൃഷ്ണവാര്യർ എന്നീ മൂന്നുപേരുമായുമുള്ള സഹവാസവും അവരുടെ ഉപദേശങ്ങളുമാണ് നിസ്വനായ നാട്ടുമ്പുറത്തുകാരനിൽ ആത്മവിശ്വാസം പകർന്ന് ഒരു കരുത്തുള്ള വ്യക്തിത്വം കരുപ്പിടിപ്പച്ചത് എന്ന് എം ടി ഓർക്കുന്നു. എഴുത്തിലും എഴുത്തച്ഛൻ സ്മാരക ട്രസ്റ്റിലും ചിട്ടയും പ്രതിജ്ഞാബദ്ധതയും ഇന്നും കാത്തുസൂക്ഷിക്കാൻ എം ടി പ്രകാശിപ്പിക്കുന്ന വൈഭവത്തിന്റെ അടിത്തറ പാകിയത് ഇവർ തന്നെയകാകാം.
/indian-express-malayalam/media/media_files/uploads/2023/07/m-t-vasudevan-nair-2.jpg)
പോയ തലമുറകളുടെ സാന്നിദ്ധ്യവും പ്രേരണയും വർത്തമാന കാലത്തെ കലകളിൽ സാഹിത്യത്തിൽ സജീവമായി നിൽക്കുന്നുവെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. അതൊരു ഭാരവും ശാപവുമല്ല വേരുറപ്പു ശക്തിബോധവുമാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു (കഥ തേടുന്ന സഞ്ചാരി- കാഥികന്റെ കല). അതുകൊണ്ടുതന്നെ തന്റെ മുന്നേ നടന്ന എഴുത്തുകാരെ വായിക്കാനും അറിയാനും അദ്ദേഹം വ്യഗ്രത കൊണ്ടും ഒ ഹെൻട്രിയും ചെക്കോവും മോപ്പസാങ്ങും വാൾട്ടർ സ്കോട്ടും ഗോർക്കിയും ടോൾസ്റ്റോയിയും ദസ്തേവിസ്കിയും ഹ്യൂഗോയും ഡി. എച്ച്. ലോറൻസും ജെയിംസ് ജോയ്സും സ്റ്റിഫാൻ ബാക്കും ഡോൾ ബെല്ലോയും ജെ. ഡി. സാലഞ്ചറും മാർക്കേസും കാൽവിനോയും ആദ്ദേഹത്തിന്റെ സാഹിത്യത്തബോധത്തെ വികസ്വരമാക്കി അവരിലൂടെ മനോഹാരിത നഷ്ടപ്പെടുത്താതെ സുശക്തമായി കഥ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ പാഠങ്ങൾ മനസ്സിലാക്കിയെടുത്തു. ഒപ്പം അക്ഷരവ്യാപാരികൾക്കിടയിലെ മാന്ത്രികൻ എന്ന് എം ടി വിശ്വസിക്കുന്ന എസ്.കെ.പൊറ്റക്കാടിനെയും നായകനും പ്രതിനായകനും ആകാൻ ഭാഗ്യമില്ലാതെ പോയ മനുഷ്യന്റെ, വിങ്ങിപ്പൊട്ടാൻ കൂടി വഴിയില്ലാത്ത നിശ്ശബ്ദവും നിഗൂഢവുമായ വ്യഥകളുടെ കഥകൾ രചിച്ച കാരൂരും അതിലോലവും സാധാരണവുമായ ജീവിതസന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധസങ്കീർണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌ക്കളങ്കഭാവത്തിൽ അനാവരണം ചെയ്യുന്ന കഥകൾ മെനഞ്ഞ ബഷീറും കുട്ടനാടിന്റെ സ്പന്ദനവും ചാരുതയും വാക്കുകളിൽ പകർത്തിയ തകഴിയും എംടിയെ ആകർഷിച്ചു. പല രീതിയിൽ പല ശൈലികളിൽ കഥകൾ ആവിഷ്ക്കരിച്ചവരാണിവർ എല്ലാം ഹൃദ്യം. എന്നാൽ ഈ ആയിരം വഴികളിലൊന്നും തന്നെയല്ല. ആയിരത്തിഒന്നാമത്തെ വഴി, നിങ്ങളുടെ സ്വന്തംവഴി, മുന്നിലുണ്ട് അതുകണ്ടെത്തുക എന്നതായിരുന്നു എം ടിയുടെ ഉൾവിളി. ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം) അത് അന്വർത്ഥമാക്കി അദ്ദേഹം കഥയുടെ ലോകത്ത് തന്റേതായ പാതയിൽ സഞ്ചരിച്ചു. ചെറുകഥയിലായാലും നോവലിലായലും ഒരു എം ടി സ്പർശം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഏതുതരത്തിൽ പെട്ട അനുഭവം പ്രമേയമായി സ്വീകരിച്ചാലും കഥയ്ക്ക് പുതുതായി എന്തെങ്കിലും നൽകാനുണ്ടാവണം. അതു നൽകിയവരെയാണ് നാം മികച്ച കഥാകാരന്മാരെന്ന് ആദരിക്കുന്നത് എന്നതാണ് സാഹിത്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം.
സംഭവ പ്രധാനമായ കഥകളിൽ നിന്ന് സങ്കീർണ്ണായ മാനവീയതയുടെ മിന്നലാട്ടമുള്ള കഥകളിലേക്കുള്ള മാറ്റത്തിന് കാലം സാക്ഷ്യം വഹിക്കുകയുണ്ടായി. കഥയുടെ മുഖഭാവങ്ങളിൽ, ആത്മാവിൽ അനുസ്യൂതമായ മാറ്റങ്ങൾ സംഭവിച്ചാലേ അതു സജീവമായി നിലനിൽക്കൂ എന്ന മർമ്മം എം ടി എന്ന കാഥികൻ ശരിയായി ഉൾക്കൊണ്ടിട്ടുണ്ട്. കഥകളെ ആത്മാവിൽ നിന്നുള്ള വിലാപവും ആക്രോശവുമായാണ് എം ടി കരുതുന്നത്. വിലാപം വേദനയുടേയും ദുഃഖത്തിന്റേയും രോഷത്തിന്റേയും ആകാം. വിലാപം അല്ലെങ്കിൽ ആക്രോശം ആഹ്ലാദത്തിൽ നിന്നുമാകാം. അനുഭവത്തിൽ നിന്നാണ് കഥ ഉയിർക്കൊള്ളുന്നത്. അത് പ്രത്യക്ഷമോ പരോക്ഷമോ വിദൂരമോ ആകാം. പക്ഷേ എല്ലാത്തിലും അനുഭവത്തിന്റെ തീഷ്ണതയോടെ ചടുതലയോടെ അവതരിപ്പിക്കുന്നതിലാണ് കാഥികന്റെ മിടുക്ക് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
"ഒരു പൊന്തക്കാടിന്റെ സങ്കീർണ്ണതയിൽ നിന്ന് എത്തിനോക്കുന്ന പൂമൊട്ടാണ് കഥാബീജമെന്നും പറയാം. ആ കാടുംപടലവും വെട്ടിനീക്കി, പശ്ചാത്തലഭംഗിക്കാവശ്യമായ ചെടിപ്പർപ്പുകൾ മാത്രം നിർത്തി, പൂമൊട്ടിനെ വികസിപ്പിച്ചെടുക്കലാണ് കല… " എന്ന് കഥയെഴുത്തിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണം പ്രസിദ്ധമാണ് ( കഥാകാരനിലൂടെ കഥയിലേക്ക് - കാഥികന്റെ പണിപ്പുര)
കൂടല്ലൂർ എന്ന ഗ്രാമമാണ് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെയും അറിവുകളുടെയും ഉത്ഭവ സ്ഥാനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കണ്ടെത്താൻ, അറിയാൻ, വ്യാഖ്യാനിക്കാൻ സഹായിക്കുന്ന ഒരിടമാണത്. അതിന്റെ നാലതിരുകൾക്കപ്പുറത്തേക്ക് കടക്കില്ലെന്ന നിർബന്ധമൊന്നും അദ്ദേഹത്തിനില്ല. വ്യത്യസ്തമായ ഭൂഭാഗങ്ങളിൽ അനുഭവങ്ങൾക്കായി ആ ഭാവന സഞ്ചരിക്കാറുണ്ട്. "പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം" എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. (ആമുഖക്കുറിപ്പ്- എം ടിയുടെ തിരഞ്ഞെടുത്ത കഥകൾ) എന്നാൽ, ജീവിതത്തിൽ പുതിയ മുഖങ്ങളും പുതിയ നിമിഷങ്ങളും യാത്രയ്ക്കിടയിൽ പുതിയ വഴിവിളക്കുകളും നിഴലുകളും മാറിമാറി വരുന്നതോടൊപ്പം പുതിയ അനുഭവങ്ങൾ ഈ കാഥാകാരന്റെ കൈക്കുമ്പിളിൽ വന്നു വീഴുന്നു. മലയാളം ധന്യമാകുന്നു.
1948ൽ പരമേശ്വര അയ്യരുടെ പത്രാധിപത്യത്തിൽ മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളത്തിലാണ് വിഷുവാഘോഷം എന്ന കഥ പ്രസിദ്ധീകൃതമാകുന്നത്. പിന്നീട് പല ആനുകാലികങ്ങളിലും കഥ പ്രസിദ്ധീകരിച്ചുവെങ്കിലും 1954ൽ മാതൃഭൂമി നടത്തിയ ലോകകഥാ മത്സരത്തിൽ അദ്ദേഹത്തിന്റെ 'വളർത്തുമൃഗങ്ങൾ' എന്ന കഥ സമ്മാനം നേടിയതോടെയാണ് ഒരെഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടത്. കഥ, നോവൽ നാടകം എന്നീ മുന്ന് ശാഖകളിലും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. യാത്രാവിവരണ ശാഖയിൽ ഒരു പുതുവഴി വെട്ടിയ എഴുത്തുകാരനാണദ്ദേഹം. 1998 വരെ കഥാലോകത്ത് സജീവമായിരുന്നു. 1998ൽ രചിച്ച 'കാഴ്ച' എന്ന കഥയ്ക്ക് ശേഷം ഇതുവരെ അദ്ദേഹം കഥാരചനയിൽ നിന്നു വിട്ടുനിൽക്കുകയാണ്. എന്നാൽ, അതിന് ശേഷം രചിച്ച ഓർമ്മക്കുറിപ്പുകളും കഥയുടെ ഹൃദ്യത പകർന്ന് നൽകുന്നവയാണ്. 'കണി', 'കാശ്', 'കുപ്പായം', 'കുമരനെല്ലൂരിലെ കുളങ്ങൾ', 'മുത്തശ്ശിമാരുടെ രാത്രി' ഇവയൊക്കെ ഓർമകൾക്കപ്പുറം കഥതന്നെയായി കാണേണ്ടവയാണ്. അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ ലേഖനങ്ങൾക്കുമുണ്ടൊരു ചാരുത. കഥ അനുഭവിപ്പിക്കുന്നതിലാണ് കാഥികന്റെ മിടുക്ക് എന്ന് എം ടി പറയുന്നു. അതിന് പല രീതികളും സ്വീകരിക്കാം. പക്ഷേ, പരീക്ഷണങ്ങൾക്ക് വേണ്ടി കഥയെഴുതുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല.
/indian-express-malayalam/media/media_files/uploads/2023/07/m-t-vasudevan-nair-3.jpg)
തെക്കൻ മലബാറിലെ കൂടല്ലൂർ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ശിഥിലമായ വ്യവസ്ഥകളുടെയും കുടുംബബന്ധങ്ങളുടെയും ഇടയിൽപ്പെട്ട് ഉഴലുന്ന മനുഷ്യ ജന്മങ്ങളെയാണ് എം ടി തന്റെ കഥകളിൽ പ്രധാനമായും ആവിഷ്കരിച്ചത്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളും സാധാരണ ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രതിസന്ധികളും അരികുവൽക്കരിക്കപ്പെട്ട നിസഹായ ജന്മങ്ങളുടെ വ്യഥകളും വൈചിത്യമാർന്ന മനുഷ്യഭാവങ്ങളുടെ ലാവണ്യവും കരുത്തും അദ്ദേഹം തന്റെ കഥകളിൽ കൊണ്ടുവന്നു. കുട്ട്യേടത്തിയും വേലായുധനും (ഇരുട്ടിന്റെ ആത്മാവ്) ഉണ്ണിയും (വിത്തുകൾ) അനിയനും (സ്നേഹത്തിന്റെ ഓർമ്മയ്ക്ക്) ലീലയും (നിന്റെ ഓർമ്മയ്ക്ക്) കഥാകാരന് പരിചിതമായ മുഖങ്ങളാണ്. അനുസ്യൂതമായി പ്രവഹിക്കുന്ന കാലത്തിന്റെ മുഖഭാവങ്ങളിലും ആത്മാവിലും സംഭവിക്കുന്ന മാറ്റങ്ങളെ ഈ കഥാകാരൻ കാണാതിരിക്കുന്നില്ല. 'ഡാർ - എസ് സലാം', 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച', 'വാരിക്കുഴി', 'പതനം' എന്നിവയെല്ലാം തന്റെ ചുറ്റുമുള്ള പരിതോവസ്ഥകളെ ശരിക്കും മനസ്സിലാക്കിയ ഒരാളുടെ മനസ്സിൽ നിന്നും ഉയിർക്കൊണ്ടവയാണ്. ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ആഗോള സമസ്യകൾ ഒരുപക്ഷേ, വാച്യമായി പറഞ്ഞുവെയ്ക്കുന്ന കഥകൾ വിരളമാണ് എന്ന ആക്ഷേപം ഒരുപക്ഷേ ഉയർന്നേക്കാം. പക്ഷേ, 'വാനപ്രസ്ഥം', 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ', 'സുകൃതം', 'ഷെർലക്ക്', 'പെരുമഴയുടെ പിറ്റേന്ന്', 'കുഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്', 'ശിലാലിഖിതം', 'കാഴ്ച' മുതലായ കഥകൾ കാലത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന മികച്ച കഥകൾ തന്നെയാണ്. ഇവയെല്ലാം സമകാലികമായ പല പ്രശ്നങ്ങളെയും കലാപരമായി പ്രതിഫലിപ്പിക്കാനുള്ള സംവേദനത്വവും സജ്ജീകരണവും എം ടി എന്ന കഥാകാരന് നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ നിദർശനങ്ങളാണ്. ഉണ്മയിലേക്ക് നോട്ടം പായിച്ച് സാധാരണ മനുഷ്യരുടെ കഥ പറയുന്നതിലെ അന്തർദീപ്തിയാണ് എം ടിയുടെ കഥകളുടെ കരുത്ത് എന്ന് ഡോ. എം.ലീലാവതി വിലയിരുത്തുന്നു (എം ടിയുടെ കഥാപാത്രങ്ങളുടെ സത്യദീപ്തി- നവകാന്തം).
ഒരു കാഥികൻ മനുഷ്യരുടെ ജീവിതത്തിലെ ഒരു വികാരത്തിന്റെ, ഒരു നിമിത്തത്തിന്റെ കഥയാണെഴുതുന്നത്. നുരകളും പതകളും വർണ്ണങ്ങളും ചുഴികളുമുള്ള ഒരു മഹാപ്രവാഹത്തിലേക്ക് വീഴുന്ന ഒരു പ്രകാശ കിരണത്തിൽ ഒരു നിമിഷം തെളിയുന്നതാണ് ഒരു കഥയിൽ ഒതുക്കി നിർത്താൻ കഴിയുക. എന്നാൽ നോവലിനെ അനേകം വാതിലുകളും ജനലുകളുമുള്ള ഒരു മഹാസൗധമായിട്ടാണ് എം ടി കാണുന്നത്. ആ സൗധത്തിന്റെ ജാലകപ്പഴുതിലൂടെ അതിന് പശ്ചാത്തലമായി നിൽക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും വിശാലഭൂമികൾ കാണാൻ കഴിയണമെന്നാണ് എം ടി അഭിപ്രായപ്പെടുന്നത്. (കാഥികന്റെ പണിപ്പുര) 1954ൽ പ്രസിദ്ധീകരിച്ച് 1956ൽ കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം നേടിയ നാലുകെട്ട് എന്ന നോവൽ ജീവിതത്തിലെ പല പ്രതിസന്ധികൾ നേരിട്ട അപ്പുണ്ണിയുടെ കഥയാണ്. അപ്പുണ്ണിയുടെ യാത്രപോലെ തന്നെ പ്രധാനമാണ് അതിൽ ഉൾച്ചേരുന്ന സത്യസന്ധമായ സാമൂഹിക ചരിത്ര ഘടകങ്ങളും. സാന്ദ്രവും സമതുലിതലുമായ ഒരു മനുഷ്യസങ്കൽപ്പം എന്ന എം ടിയുടെ മഹനീയ സങ്കൽപ്പത്തിന്റെ സ്പന്ദനങ്ങൾ നാലുകെട്ടിൽ തന്നെ അനുഭവിക്കാനാവും. 'ജ്ജ് ഒരു മനസ്നാ' എന്ന പാത്തുമ്മയുടെ ചോദ്യം (പാതിരാവും പകൽ വെളിച്ചവും) മലയാളിക്ക് പുതിയൊരു വായനാനുഭവം പകർന്നുകൊടുത്തു. അസ്തിത്വത്തിന്റെ സ്ഥൂലാകാരങ്ങളിലേക്കെന്ന പോലെ അത്യന്ത സൂക്ഷ്മമായ മാനസഭാവ സിരാപടലത്തിലെ നേരിയ പിണച്ചിലുകളിലേക്കും വിള്ളലുകളിലേക്കും കണ്ടെത്തി, കണ്ടെത്തുന്നത് കാട്ടിത്തരുന്നതിലുള്ള വിരള നൈപുണ്യം പ്രദർശിപ്പിക്കുന്ന നോവൽ എന്നാണ് അസുരവിത്തിനെ ഡോ. ലീലാവതി വിലയിരുത്തുന്നത്. (അസുരവിത്ത് ഒരു പഠനം). അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും കുഞ്ഞരയ്ക്കരും കുഞ്ഞിക്കുട്ടിയോപ്പോളും മലയാളത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളാണ്.
'കാലം' എന്ന നോവലിന്റെ ഭൂമിക കുറേക്കൂടി വിസ്തൃതമാണ്. സേതു എന്ന വ്യക്തിയുടെ വൃദ്ധിക്ഷയങ്ങൾ സൂക്ഷ്മമായി ആവിഷ്കരിക്കുന്നതിനോടൊപ്പം സമൃദ്ധിയുടെ മറുകര തേടി പോകുന്ന നിരവധി യൗവ്വനങ്ങളുടെ കഥ കൂടിയായി ആ നോവൽ വികസിക്കുന്നു. കാലത്തിന്റെ നിരവധി ദുരൂഹകളുമായി തന്മയീഭവിക്കാൻ മലയാളിയെ സന്നദ്ധമാക്കിയ ഈ നോവൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടി.
കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാകുന്നു എന്ന സത്യം അന്വർത്ഥമാക്കിയ നോവലാണ് 'മഞ്ഞ്'. വരും വരാതിരിക്കില്ല എന്ന വിമലയുടെ കാത്തിരിപ്പിനെ മലയാള യൗവ്വനം നെഞ്ചിലേറ്റി. ഇസങ്ങളുടെ അതിപ്രസരം വരുംമുമ്പേ രചിച്ച ഈ നോവൽ പരിസ്ഥിതി സ്ത്രീപക്ഷ പരിപ്രേക്ഷ്യത്തിലും പിതൃമേധാവിത്വ പരിപ്രേക്ഷ്യതതിലുമൊക്കെയുള്ള വായനകൾക്ക് ഇന്ന് ഇടം നൽകുന്നു. എവിടെയോ ആരംഭിച്ച് എവിടെയോ അവസാനിക്കുന്ന ജീവിതയാത്രയിൽ കുടുംബ ബന്ധങ്ങളുടെയും വഴിത്തിരിവുകളുടെയും കുരുക്കിൽപ്പെട്ട് സാഫല്യമടയാതെ പോകുന്ന കുറെ പ്രക്ഷുബ്ധ യൗവ്വനങ്ങളുടെ സ്വപ്നങ്ങളെയാണ് 'വിലാപയാത്ര'യിൽ എം ടി അവതരിപ്പിച്ചിരിക്കുന്നത്.
1977ൽ അസുഖബാധിതനായി തിരിച്ചു ജീവിതത്തിലേക്ക് വന്ന ശേഷമാണ് 'രണ്ടാമൂഴം' പ്രസിദ്ധീകരിക്കുന്നത്. 18 പർവ്വങ്ങളുള്ള മഹാഭാരതത്തെ എട്ട് അടരുകളാക്കി ഭീമന്റെ കാഴ്ചപ്പാടിലാണ് എം ടി അവതരിപ്പിക്കുന്നത്. പുതിയ കഥാപാത്രങ്ങളെയൊന്നും കൂട്ടിച്ചേർക്കാതെ അർത്ഥപൂർണ്ണമായ നിശ്ശബ്ദതകൾക്കിടയിലെ സൂചനകൾ എം ടി ഉപയുക്തമാക്കുന്നു. വിശോകനെയും ബലന്ധരയെയും മിഴിവുള്ളവരാക്കുന്നു. ഘടോൽക്കചന്റെ പക്ഷം നിൽക്കുന്നു. രണ്ടാമൂഴത്തിന്റെ ഫലശ്രുതിയിൽ തന്റെ തയ്യാറെടുപ്പുകളെ കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആ സജ്ജീകരണങ്ങളെ നമസ്‌കരിക്കാതെ വയ്യ.
/indian-express-malayalam/media/media_files/uploads/2021/07/MT-Vasudevan-nair.jpg)
നല്ല മരണം തേടി കാശിയിലെത്തുന്ന സുധാകരന്റെ കർമ്മങ്ങളുടെയും കർമ്മഫലങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയുടെയും കഥയാണ് 'വാരണാസി' എന്ന നോവലിലൂടെ എം ടി പറയാൻ ശ്രമിക്കുന്നത്. അടുത്ത നോവലിനായി മലയാളി കാത്തിരിക്കുകയാണ്. നോവൽ രചന ഗൗരവമായി എടുത്തിട്ടുള്ള ഒരാൾക്ക് ഒരിക്കലും ഇതിവൃത്ത ദൗർബല്യമുണ്ടാവുകയില്ല എന്ന് അദ്ദേഹം പറഞ്ഞു വെച്ചിട്ടുണ്ട്. (എഴുത്തുകാരന്റെ സത്യം- ജാലകങ്ങളും കവാടങ്ങളും). ഉള്ളടക്കവും ശൈലിയും സമജ്ജസമായി കൂട്ടിച്ചേർത്താൽ വായനക്കാരനെ തന്റെ സൃഷ്ടിപരമായ യാത്രയിൽ പങ്കാളിയാക്കാൻ എഴുത്തുകാരനു സാധിക്കുമെന്നു തന്നെയാണ് എം ടി വിശ്വസിക്കുന്നത്. പുതിയതായി എന്തെങ്കിലും എത്തിച്ചു കൊടുക്കുക എന്ന നോവലിസ്റ്റിന്റെ ധർമ്മം പാലിക്കാൻ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നു. (കഥപറച്ചിലിന്റെ കഥ- ജാലകങ്ങളും കവാടങ്ങളും)
തന്റേതായൊരു ആന്തരലോകം കൊണ്ട് ബഹുമുഖവും വിസ്തൃതവുമായ ഒരു ബാഹ്യലോകത്തെ സൃഷ്ടിക്കുന്ന കഥാകാരൻ ആ സംരംഭത്തിൽ വിജയിക്കണമെങ്കിൽ രൂപബോധവും നിരീക്ഷണവും അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ എം ടി പ്രകർശിപ്പിക്കുന്ന മികവ് അസാധാരണമാണ്. കഥയെഴുത്തിലെ സങ്കേതങ്ങളെ കുറിച്ച് ആലോചിച്ച് വിമ്മിട്ടപ്പെടുന്നതിനെ കുറിച്ച് എം ടി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (ഒരു കഥ ജനിക്കുന്നു-കാഥികന്റെ പണിപ്പുര) വീക്ഷണബിന്ദു, വിവരണ രീതി എന്നീ ഘടകങ്ങൾ കൃത്യമായി ഉരുത്തിരിയുമ്പോഴാണ് ഒരു കഥ ഹൃദ്യമാകുന്നത്. കഥയുടെ വിവിധ സങ്കേതങ്ങളിൽ എം ടി പ്രദർശിപ്പിക്കുന്ന തഴക്കം അത്ഭുതാവഹമാണ്. വളരെ ഋജുവായി, ലളിതമായി കഥ പറഞ്ഞ് കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് പൊരുൾ എന്നനുഭവപ്പെടും വണ്ണം അവതരിപ്പിക്കാൻ എം ടിക്കും സാധിക്കും. സാലിഞ്ചറെ കുറിച്ച് എം ടി പറയുന്നുണ്ട്. വാചകങ്ങളുടെ വെടിക്കെട്ടില്ല, കണ്ണീരുമില്ല, പക്ഷേ, വായിച്ചു തീരുമ്പോൾ സ്നേഹം കൊണ്ടുണ്ടായ ഒരു കണ്ണീർചാലിന്റെ കുളിർമ മനസ്സിലെവിടെയോ അനുഭവപ്പെടുന്നു (പെരുവഴിയിലെ യാത്ര- കാഥികന്റെ പണിപ്പുര) ഇത് എംടിയുടെ കഥാപ്രപഞ്ചത്തിനും എത്ര അനുയോജ്യമാണ്.
ഇരുളിന്റെയും വെളിച്ചത്തിന്റെയും ഇഴകൾ കൊണ്ടു നെയ്തെടുക്കുന്ന ആർദ്രഭാവങ്ങളെ വാക്കിന്റെ ചെപ്പുകളിലൊതുക്കി എം ടി അവതരിപ്പിക്കുമ്പോൾ കൈ വരുന്ന ഭാവോന്മീലനക്ഷമത ശ്രദ്ധേയമാണ്. ഭാഷ കൃതിയുടെ ചൈതന്യമാണ്, ആവരണമാണ്, ആളുകളെ അടുപ്പിക്കുന്ന ആകർഷകത്വമാണ് ആവരണം കൊണ്ട് പ്രതീക്ഷിക്കുന്നതെന്ന് എം ടി അഭിപ്രായപ്പെടുന്നുണ്ട് (പെരുവഴിയിലെ യാത്ര-കാഥികന്റെ കല) എന്നു മാത്രമല്ല ഭാഷ ആളുകളെ അകറ്റുന്ന മുള്ളുവേലിയാകരുത് എന്നും ഈ കഥാകാരൻ ശഠിക്കുന്നു. എഴുതപ്പെട്ട കാലവുമായി ഭാവി എപ്പോഴും ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല,
വാക്കുകൾക്ക് നിഘണ്ടുവിൽ കാണുന്നതിനേക്കാൾ കൂടുതൽ അർത്ഥം നൽകുന്നതിലാണ് എഴുത്തുകാരന്റെ വൈദഗ്ധ്യം, അതു ഊഷരമാകരുത്, പറഞ്ഞുനിർത്തിയേടത്തിനപ്പുറത്തുള്ള നിശബ്ദത, അനുവാചകന്റെ മനസ്സിൽ ഇരമ്പണമെങ്കിൽ പുതിയ പൊൻ നാണയങ്ങൾ പോലെ ശോഭിക്കുന്ന വാക്കുകൾ തന്റെ കൈയിൽ വരാനാണ് കഥാകാരൻ എന്നും പ്രാർത്ഥിക്കുന്നത്. എന്നാണ് എംടി പറയുന്നത് (എഴുതാപ്പുറങ്ങളിലെ കഥ- കാഥികന്റെ കല) പിശുക്കൻ പണസഞ്ചിയും ചരടിലെന്ന പോലെ മുറുകെ പിടിച്ച് പറയുന്ന വാക്കുകൾ കുറിക്ക് കൊള്ളുന്നു.
അകന്നു നിന്നാരാധിക്കുന്ന വിഗ്രഹങ്ങൾ അടുത്ത് ചെല്ലുമ്പോൾ മൺകോലങ്ങളായി കാണുമ്പോഴുണ്ടാകുന്ന ഞെട്ടലിനെ കുറിച്ച് എം ടി ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. ഈ വലിയ എഴുത്തുകാരൻ ഒരിക്കലും അതിന് ഇടവരുത്തില്ല. ആധുനികത എന്ന പദത്തെ ഒരു ജീവചൈതന്യത്തിനായുള്ള ഭാഗമായി, പ്രതീക്ഷയായി സ്വന്തം കെട്ടുപാടുകളിൽ നിന്നു മോചനം നേടാനുള്ള വെമ്പലായി കാണാനാണ് എം ടി ആഗ്രഹിക്കുന്നത്. ഏതു കാലത്തായാലും അത് സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്ക് വ്യാപിക്കണം. നീഢത്തിൽ നിന്ന് നഭസ്സിലേക്ക്. മാനവരാശിയെ മുഴുവൻ കണക്കിലെടുത്തു കൊണ്ടുള്ള ഒരു തത്ത്വശാസ്ത്രത്തിന്റെ ബോധപ്രേരണകളുടെ സഹായത്തോടെ നേടുന്ന വിശാലമായ കാഴ്ചപ്പാടാണ് ആധുനികത (അസ്തിത്വം എന്ന ത്യാഗം- കാഥികന്റെ കല). ഈ ഭൂമിക തന്നെയാകാം ഇന്നും മലയാള സാഹിത്യത്തിന്റെ ചൈതന്യമായി നിൽക്കാൻ എം ടിയെ പ്രാപ്തനാക്കുന്ന ഘടകവും. അതുകൊണ്ടു തന്നെ കവി വിഷ്ണുനാരായണൻ നമ്പൂതിരി പറഞ്ഞത് ഉദ്ധരിച്ചുപോകുന്നു.
"ഈ രശ്മികളുതിർക്കുന്ന
മനസ്സിനെങ്ങു വാർദ്ധക്യം"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.