/indian-express-malayalam/media/media_files/GckJ0jilJrBhTu4ICn03.jpg)
ചിത്രീകരണം : വിഷ്ണു റാം
1
നിന്റെ കണ്ണില്‍
നോക്കിയാലറിയാമായിരുന്നു
എപ്പോള്‍ നേരം പുലരുമെന്ന്
എപ്പോള്‍ വെയിലെരിയുമെന്ന്
എപ്പോള്‍ വെയിലുചായുമെന്ന്
എപ്പോള്‍ മഴ പെയ്യുമെന്ന്
എപ്പോള്‍ ഇരുളുവീഴുമെന്ന്
എപ്പോള്‍ നിലാവുദിക്കുമെന്ന്.
2
വീണ പോലെ മടിയില്‍ കിടത്തി നിന്നെ ഗിത്താറുപോലെ മീട്ടണം
വയലിന്‍ പോലെ വായിക്കണം.
3
ഒരിക്കലും അടരാത്ത
മുന്തിരികള്‍ക്കിടയില്‍
നൂറായിരം അല്ലികളുള്ള
നിന്റെ ഓറഞ്ചുഹൃദയം.
4
നിന്റെ പ്രണയത്തിന്റെ
ഡ്രിപ്പിട്ട്, ഇറ്റുവീഴും
തുള്ളികളെണ്ണി
കിടക്കണമെന്നുണ്ട്.
5
വിളുമ്പിലിരുന്ന് വഴക്കടിച്ചവര്‍
അവിടെത്തന്നെ ഒട്ടിയിരിപ്പുണ്ട്,
അവരെ സമാധാനിപ്പിച്ചവര്‍
കൊക്കയില്‍ വീണുകിടപ്പുണ്ട്.
6
നാട്ടുപൊയ്കയില്‍
മുങ്ങിത്താണുകൊണ്ടിരുന്ന
എന്നെ രക്ഷപെടുത്തി
നടുക്കലില്‍ മുക്കിക്കൊന്ന
നിന്നോടുള്ള കടപ്പാട്
എത്ര പറഞ്ഞാലും തീരില്ല.
7
ഒരിടം വരെ
വെറുതെ പോകുന്നു
അവിടെ വെച്ച്
ഒരിക്കലും കാണാത്ത
ഒരുപാടുപേരെ കാണുന്നു
അവര്‍ക്കിടയില്‍
ഒരിക്കലെങ്കിലും കണ്ട
ഒരാളുണ്ടോ എന്ന് തിരയുന്നു.
8
ഓര്‍മകളെല്ലാം
പെന്‍സില്‍കൊണ്ട്
എഴുതപ്പെട്ടിരുന്നെങ്കില്‍
മുറിവേല്‍പ്പിക്കുന്നവയെ
മായിച്ചുകളയാമായിരുന്നു
പെരുമഴയിലും
ആളിക്കത്തുന്നത്
എന്തൊരു കഷ്ടമാണ്.
9
ആത്മവിശ്വാസം
ഒരഭയാര്‍ത്ഥിയാണ്
അതിന് പാര്‍ക്കാന്‍ വീടില്ല
അതിനിരിക്കാന്‍ കൊമ്പില്ല
ഒരുരാജ്യത്തുമില്ല
അതിന് പൗരത്വം.
10
എന്റെ കാലശേഷം
എന്നെ എവിടെയും തിരയേണ്ട
എന്റെ ഉടലും ഉയിരും
എന്റെ കവിതകളിലുണ്ട്
എന്റെ കവിതകള്‍ വായിക്കുമ്പോള്‍
നിങ്ങളെന്നെ തൊടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.