2007 ഓഗസ്റ്റ് മുപ്പതിന് കൊച്ചിന്‍യൂണിവേഴ്‌സിറ്റിക്കാരിയായി (കുസാറ്റ്) തൃക്കാക്കരയില്‍ ‘മാവേലി നഗര്‍ ജീവിതം’ ആരംഭിച്ചപ്പോള്‍, ഒരു വൈകുന്നേരനടത്തത്തിനുശേഷം എന്‍റെ അച്ഛന്‍ വന്ന് വളരെ ആവേശത്തോടെ പറഞ്ഞു. ‘ലീലാവതി ടീച്ചര്‍ നമ്മുടെ വീടിനു തൊട്ടപ്പുറത്താണ് താമസിക്കുന്നത്. ഒന്നു പോയി കാണണം കേട്ടോ.’

ഒന്നര വയസ്സുകാരന്‍ മകന്‍റെ കൈയും പിടിച്ച് വഴിയോരപ്പശുക്കളെയും പൂക്കളെയും നോക്കി നോക്കി നടക്കുമായിരുന്നു അന്നൊക്കെ ഓഫീസ് വിട്ടു വന്ന ശേഷം മാവേലി നഗറിലൂടെ. മകന്‍റെ കൈയും പിടിച്ച് അച്ഛന്‍ പറഞ്ഞ ആ വീടിനു മുന്നിലെത്തി കോളിങ്‌ ബെല്ലടിച്ച് കാത്തുനിന്ന ഒരു ദിവസം, മുകളിലെ മുറിയില്‍ നിന്ന് ടീച്ചര്‍ ‘ആരാ ,ആരാ’ എന്ന് തികഞ്ഞ പരുക്കന്‍ ഭാവത്തില്‍ ചോദിച്ച് ഇറങ്ങിവന്നു. കഥയെഴുത്തിന്‍റെ പേരു പറഞ്ഞ്, പിന്നെ എന്‍റെ പേരു പറഞ്ഞ് എന്നെ പരിചയപ്പെടുത്താന്‍ തക്ക വിവരദോഷം ഇല്ലാത്തതിനാല്‍, എന്താ മറുപടി പറയേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങിനിന്നു. ആ സ്വരത്തിലെ അലോസരതയും കണ്ണിലെ മൂര്‍ച്ചയും കൂടി വന്നു, ഓരോ പടി ഇറങ്ങുന്തോറും.

ഒന്നും മിണ്ടാതെ പടികള്‍ കയറിക്കൊണ്ടിരുന്ന ഞങ്ങളുമായി ഒരു നാലഞ്ചു പടി വ്യത്യാസത്തിൽ വച്ച് ടീച്ചര്‍ കണ്ണുകൊണ്ടും കവിളുകൊണ്ടും ശബ്ദം കൊണ്ടും ചിരിച്ചു. ‘പ്രിയയോ വരൂ’ എന്നു പറഞ്ഞു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പുസ്തകക്കൂമ്പാരത്തിന്‍റെ അലങ്കോലപ്പെട്ടുകിടക്കലിനിടയില്‍ ഇരുത്തി. ഒരു ഏഷ്യാനെറ്റ് പുസ്തക-റിവ്യൂനേരത്ത് കിട്ടിയ ഇത്തിരി നേരം മാത്രമേ ഞങ്ങളതുവരെ അടുത്തടുത്തു കണ്ടിരുന്നുള്ളു. ബഹളമില്ലാതെ വളരെ പുറകിലെവിടെയോ മാറി നില്‍ക്കാറുള്ള ഞാന്‍, ടീച്ചറുടെ ലോകത്ത് ഏതോ ചില അക്ഷരങ്ങളായി നില്‍ക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ഞാനത്ഭുതപ്പെട്ടു .

m leelavathi, priya as, malayalam writer,
ഞങ്ങള്‍ പോരാന്‍ നേരം, ‘ഇയാള്‍ക്ക് ഒന്നും കൊടുത്തില്ലല്ലോ’ എന്നു പറഞ്ഞ് എന്‍റെ മകനെയും കൂട്ടി താഴെ പോയി. കായ വറുത്തതും ഉണ്ണിയപ്പവും തിന്ന് എന്‍റെ മകന്‍ ടീച്ചറിന്‍റെ ചെറിയമ്മയോട് വര്‍ത്തമാനം പറയുകയും ഓര്‍മ്മയില്ലാതെ കിടന്ന കിടപ്പിലായ ടീച്ചറിന്‍റെ ചേച്ചിയമ്മയുടെ മുറിയിലെ അസുഖമണങ്ങളേക്കാള്‍ രൂക്ഷമായ ഡെറ്റോള്‍ മണത്തിനു സാക്ഷിയായി ചെന്നു നില്‍ക്കുകയും ചെയ്തു.

എരമല്ലൂരിലെ ഞങ്ങളുടെ പഴയ വീടിന്‍റെ ഛായ തോന്നിയതു കൊണ്ടാണോ അതോ വയസ്സായ ഒരപ്പൂപ്പനും അമ്മൂമ്മയും വളര്‍ത്തുന്ന ഒരു കുട്ടിക്ക് വയസ്സായവരോടു തോന്നുന്ന കാരണമില്ലാഇഷ്ടം കൊണ്ടാണോ എന്നറിയില്ല അന്നുമുതല്‍ ആ വഴിയേ കടന്നുപോകുമ്പോഴൊക്കെ ‘ലീലാവതിയമ്മൂമ്മയെ കാണാന്‍പോകാം’ എന്നവന്‍ നിര്‍ബന്ധിക്കുകയും ‘അമ്മൂമ്മ എഴുതുകയായിരിക്കും ശല്യപ്പെടുത്തണ്ട’ എന്ന എന്‍റെ പിന്‍തിരിപ്പിക്കല്‍ശ്രമത്തിനെ തോല്‍പ്പിച്ച് ടീച്ചറിന്‍റെ പുറകേ പോയി, ചെറിയമ്മയോട് കുശലവും പറഞ്ഞ് സ്വന്തമെന്ന മട്ടില്‍ ആ വീട്ടിലൂടെ കറങ്ങിനടക്കുകയും ചെയ്തു.

ടീച്ചറിന്‍റെ വീടിരിക്കുന്ന സ്ഥലത്തിന്‍റെ കണ്ണായഭാഗം പൈപ്പ്‌ലൈന്‍ റോഡിനായി എടുത്തതിനെത്തുടര്‍ന്നുണ്ടായ പോലീസ്സ്‌റ്റേഷന്‍, അറസ്റ്റ് എന്നീ കോലാഹലങ്ങളും അതിനു തുടര്‍ച്ചയെന്നോണം സംഭവിച്ച ഭര്‍ത്താവിന്‍റെ അകാലമരണവും കൊണ്ട് ടീച്ചര്‍ വല്ലാത്ത പിരിമുറുക്കങ്ങളിലായിപ്പോയ കാലമായിരുന്നു അത്.

‘കുസാറ്റ് രജിസ്ട്രാര്‍ക്കും  വിസിയ്ക്കും കൊടുക്കാമോ’  എന്നു ചോദിച്ച് ടീച്ചര്‍ എന്നെ രണ്ടു ക്ഷണക്കത്തുകളേല്‍പ്പിച്ചിരുന്നു ആദ്യകൂടിക്കാഴ്ചാനേരത്ത്. ടീച്ചറുടെ ഭര്‍ത്താവും കുസാറ്റ് ഫിസിക്‌സ് വകുപ്പിലെ പ്രൊഫസറുമായിരുന്ന ഡോ. സി പി മേനോന്‍റെ പേരിലുള്ള പുരസ്‌ക്കാര സമര്‍പ്പണം സെപ്റ്റംബര്‍ പകുതിയോടെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ചു നടത്തുന്നതു സംബന്ധിച്ചായിരുന്നു ആ കത്ത്. വൈജ്ഞാനികസാഹിത്യത്തിലെ പ്രതിഭകള്‍ക്കാണ് എന്നും ആ പുരസ്‌ക്കാരം.

ഒറ്റയ്ക്ക് ടീച്ചറെങ്ങനെയാണ് ഇത്ര വലിയ ഒരു പരിപാടി നടത്തുക എന്ന് അങ്കലാപ്പ് ഉള്ളില്‍ പടര്‍ന്നു പിടിക്കുന്നുണ്ടായിരുന്നുവെങ്കിലും രണ്ടുവയസ്സുകാരന്‍റെ അമ്മപ്പദവിയില്‍ നിന്നിറങ്ങിച്ചെന്ന് ‘ടീച്ചറിന് മറ്റെന്തെങ്കിലും ചെയ്തുതരണോ’ എന്നു ചോദിക്കാന്‍ കഴിയാത്തത്ര പ്രശ്‌നഭരിതമായിരുന്നു അന്ന് എന്‍റെ ലോകം.

ടീച്ചറിനുടുക്കാന്‍ പറ്റിയ സാരി ഉണ്ടോ എന്നന്വേഷിക്കാനൊരുങ്ങിയിട്ട് അതുപോലും നടന്നില്ല. ഓഫീസ്‌ നേരം കഴിഞ്ഞതും, ‘ഒറ്റക്ക് എന്തുചെയ്യാനാവും ടീച്ചറിന്’ എന്നാധിയില്‍ മുങ്ങി വിയര്‍ത്ത് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഞാനോടിക്കയറി. ചായ കൗണ്ടറിനരികെ പുതിയൊരു സാരിയും അതിനു ചേരുന്ന ബ്‌ളൗസും ഇട്ട് മിടുക്കിയായി ഒരു ബാഗും തോളത്തിട്ട്, ‘ചായ കഴിക്കൂ’ എന്നോരോരുത്തരോടും പറഞ്ഞ് ചിരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു ടീച്ചര്‍. ചുറ്റും തോമസ് മാത്യു സര്‍ , എം വി ബെന്നി, എസ് കെ വസന്തന്‍ മാഷ്, രതിടീച്ചര്‍, വൈക്കം മുരളി, സി രാധാകൃഷ്ണന്‍, കെ പി ശങ്കരന്‍മാഷ് – എന്‍റെ ശ്വാസം ശരിയ്ക്കും നേരെയായി. ടീച്ചറിന്‍റെ മാംഗ്‌ളൂരിലെ മകന്‍ വിനയനും സ്‌റ്റേജിലുണ്ടായിരുന്നു. പക്ഷേ, ഒരു മുഴുവന്‍ വീടും ഒറ്റയ്ക്ക് തോളത്തു കൊണ്ടുനടക്കുന്ന വീട്ടമ്മയെപ്പോലെ ടീച്ചര്‍ ആ പരിപാടി മുഴുവന്‍ സ്വയം കോ-ഓര്‍ഡിനേറ്റ് ചെയ്തു. പുരസ്‌ക്കാര ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി, പുരസ്‌ക്കാരഫലകങ്ങളിലെ സ്വയം തയ്യാറാക്കിയ നീളന്‍ ഗഹനവാചകങ്ങള്‍ സ്വയം വായിച്ചു. എപ്പോഴും തോളത്ത് ആ ബാഗ് കിടന്നു . ‘അതൊന്നു താഴെ വയ്ക്ക് ‘എന്നു പറയാന്‍ പോലും ആരുമില്ലേ എന്ന് വിഷമം തോന്നി.

‘ഇതെന്‍റെ പൈസയല്ല, എനിക്ക് പലപ്പോഴായി പല പുരസ്‌ക്കാരങ്ങളായി നിങ്ങളൊക്കെത്തന്നെ തന്ന പെസയാണ്, ഇതവാര്‍ഡുകൊടുക്കലല്ല, ശ്രാദ്ധദക്ഷിണകൊടുക്കലാണ് ‘ എന്നാണ് ടീച്ചര്‍ വേദിയില്‍ പറഞ്ഞത്. വൈജ്ഞാനികസാഹിത്യത്തെ രണ്ടാംകിടയായി കാണുന്നതിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കലും എളുപ്പം തൊലി പൊളിച്ചു തിന്നാവുന്ന മധുര ഓറഞ്ചുകള്‍ക്കു പുറകേ മാത്രം പോകുന്ന കാലത്തിനെ തിരിച്ചുവിളിക്കലും കൂടിയാണ് ടീച്ചര്‍ ആ ശ്രാദ്ധദക്ഷിണ കൊണ്ടുദ്ദേശിച്ചത്. പിന്നെ ഓരോ അവാര്‍ഡ്‌ സമര്‍പ്പണച്ചടങ്ങിനും ഞാന്‍ പോയി. ഒരു സ്ഥിരം സദസ്സാണതെന്നു ക്രമേണ മനസ്സിലായി.

leelavathi teacher, ramayanam, priya as, god of small things,

ഞാന്‍, അരുന്ധതിയുടെ ‘God of Small Things’ വിവര്‍ത്തനമെന്ന ചെറുയത്‌നത്തിലും,  ടീച്ചര്‍ വാല്മീകിരാമായണത്തിന്‍റെ പരിഭാഷയും വ്യാഖ്യാനവും എന്ന മഹായത്‌നത്തിലുമായിരുന്ന കാലവും കൂടിയായിരുന്നു അത്. ഞാന്‍ കീ ബോര്‍ഡില്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്ത് തളര്‍ന്നപ്പോള്‍ ടീച്ചര്‍ കണക്കില്ലാത്തത്ര നോട്ടുബുക്കുകളില്‍ നിറയെ നിറയെ, യാതൊരു ക്ഷീണവുമില്ലാതെ വെട്ടും തിരുത്തുമൊന്നുമില്ലാതെ എഴുതുകയായിരുന്നു . അതിനിടയിലും എന്‍റെ വിവര്‍ത്തന സംശയങ്ങള്‍ക്ക് ടീച്ചര്‍ തേരു തെളിച്ചു.

അരുന്ധതിയുടെ പുസ്തകത്തെക്കുറിച്ചു വന്ന ആദ്യ നിരൂപണ പുസ്തകം ടീച്ചറിന്റേതായിരുന്നു. പക്ഷേ ആ പ്രസാധകര്‍ ടീച്ചറിന് ഒരു പുസ്തകം പോലും അയച്ചുകൊടുത്തില്ല. പൈസയും കൊടുത്തില്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ!

മുഴുവനായും കിടപ്പിലായിപ്പോയ ചേച്ചിയമ്മ- അവര്‍ ടീച്ചറിന്‍റെ ഭര്‍ത്താവിന്റെ ചേച്ചിയായിരുന്നു. വയസ്സായവര്‍ക്ക് സഹജമായ വിധം ചില ദുശ്ശാഠ്യങ്ങളുള്ള ചെറിയമ്മ, ടീച്ചറിന്‍റെ അമ്മയുടെ അനിയത്തിയും. വയസ്സായ രണ്ടു പേരെ  നോക്കി മറ്റൊരു വയസ്സായ ഒരാളായി ടീച്ചര്‍ നിലംതൊടാതെ നടന്നു. ചിലപ്പോള്‍ ബ്‌ളൗസ് തിരിച്ചിട്ടു. ചിലപ്പോള്‍ ഓട്ടോ കിട്ടാതെ വലഞ്ഞു, എന്നിട്ട് കുട ചൂടിയും ചൂടാതെയും നടന്നു.

ഞാന്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയി വരുമ്പോളും ടീച്ചറിന്‍റെ ആ മുകളിലത്തെ മുറിയുടെ ജനാല, രാമായണവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുമായിരുന്നു. ഉള്ളാലെ ഞാനതിനെ ‘പ്രചോദനത്തിന്‍റെ ജനാല’ എന്നു വിളിച്ചുപോന്നു.

ആ രാമായണവ്യാഖ്യാനങ്ങള്‍ പുസ്തകരൂപത്തിലാകാന്‍ ഒരുപാടു വൈകി. അതു പ്രസിദ്ധീകരണശാലയില്‍ കെട്ടിക്കിടന്നപ്പോള്‍ മാത്രമാണ് ടീച്ചറിനെ അസ്വസ്ഥയായി കണ്ടിട്ടുള്ളത്. ‘ഞാന്‍ മരിച്ചുപോകും മുമ്പ് അത് പുസ്തകമാകുമോ’ എന്ന് ടീച്ചര്‍ സങ്കടപ്പെട്ടു. ഒടുക്കം അത് പുസ്തകമാകാറായപ്പോള്‍, പ്രൂഫ് പ്രശ്‌നങ്ങള്‍ വിസ്തരിക്കുകയും ‘അത് തെറ്റോടുകൂടിയെങ്ങാന്‍ അച്ചടിച്ചുവന്നാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളു’ എന്നു തറപ്പിച്ചു പറയുകയും ഞാനതുകേട്ട് തരിച്ചിരിക്കുകയും ചെയ്തു.  അത്ര മേല്‍ ആത്മാര്‍ത്ഥമായാണ് ടീച്ചര്‍, ‘ആത്മഹത്യ’ എന്ന വാക്കുപറഞ്ഞത്…

‘എന്‍റെ ഏതു പുസ്തകം വായിച്ചിട്ടുണ്ട് ആളുകള്‍’ എന്നും ടീച്ചര്‍ വിഷമിക്കുന്നതു കണ്ടിട്ടുണ്ട്. പേജുകണക്കിന് ആവര്‍ത്തനത്തോടെയും കണക്കില്ലാത്തത്ര പേജുകള്‍ വിട്ടുകളഞ്ഞുമൊക്കെയാണ് ടീച്ചറിന്‍റെയും പല പുസ്തകങ്ങളും അച്ചടിച്ചുവന്നത് എന്നറിഞ്ഞപ്പോള്‍, ‘പ്രസാധകര്‍ എന്നോടു ചെയ്തു’ എന്നു ഞാന്‍ എണ്ണിയെണ്ണിപ്പറയാറുള്ള നെറികേടുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതായിപ്പോയി. ‘വര്‍ണ്ണരാജി’ എന്നൊരു പുസ്തകത്തിനപ്പുറം ആര്‍ക്കും എന്‍റെ പുസ്തകത്തെക്കുറിച്ചൊന്നും യാതൊന്നുമറിയില്ല എന്നു ടീച്ചര്‍ പറഞ്ഞതു കേട്ട് ഉള്ളുകത്തിപ്പോയിട്ടുണ്ട്. ‘അപ്പുവിന്‍റെ ലോകം’, ‘ഭാരതസ്ത്രീ’ എന്നിവയൊക്കെ വായിച്ചിട്ടുള്ള എത്ര പേരുണ്ട് ആവോ? വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളുടെ സമഗ്രപഠനം നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് ടീച്ചറേല്‍പ്പിച്ചത് ഇപ്പോഴും ഒരു മുന്‍നിരപ്രസിദ്ധീകരണശാലയില്‍ അനങ്ങാതിരിപ്പാണ്!

എന്‍ഡോസള്‍ഫാന്‍ സംബന്ധിയായ ഇരുപതു ‘ഒപ്പുമരം’ പുസ്തകം വിറ്റുകൊടുക്കാമെന്ന് എം എ റഹ്‍മാനോടും ജി ബി വത്സന്‍മാഷോടും അങ്ങോട്ട് കേറിച്ചെന്നേറ്റതിന്‍റെ ബാക്കിയായാണ് ഒരിക്കല്‍ ഞാന്‍ ടീച്ചറിന്‍റെയടുത്തുചെന്നത് . കാര്യം പറഞ്ഞതും ആയിരം രൂപ തന്ന് ടീച്ചര്‍ ബുക്ക് വാങ്ങി. ‘ഇനിയും മറ്റെന്തെങ്കിലും അവര്‍ക്കുവേണ്ടി ചെയ്യണം എന്നുണ്ടെങ്കില്‍ പറയണേ’ എന്നു കൂടി എന്നോട് പറഞ്ഞു.

എന്‍റെ പരിചയത്തിലെ എഴുത്തുകാരി ദേവിയുടെ നാല്‍പ്പതുകാരന്‍ മകന്‍ കോമയിലായതറിഞ്ഞ് ഒരിയ്ക്കല്‍ ഞാനൊരു ലേഖനമെഴുതി മാധ്യമം ആഴ്ചപതിപ്പിൽ. അന്നുച്ചയ്ക്ക് ടീച്ചറെന്നെ ഫോണ്‍ ചെയ്ത് വീട്ടിലേയ്ക്കു വിളിപ്പിച്ചു. പിന്നെ ഇരുപത്തയ്യായിരത്തിന്‍റെ ചെക്ക്, ദേവിയുടെ പേരില്‍ എഴുതിത്തന്നു. ‘ഗുരുവായൂരപ്പന്‍ കൂടെയുണ്ടാവും’ എന്നൊരു കത്തും.

എവിടെയായാലും ടീച്ചര്‍ കോട്ടപ്പുറംകാരിയാണ്. ടീച്ചറിന്‍റെ ഏറ്റവും വലിയ കൂട്ട്, കോട്ടപ്പുറത്തിന്‍റെ അയല്‍ക്കാരനായ ഗുരുവായൂരപ്പനാണ്. എല്ലാമാസവുമുള്ള ഗുരുവായൂര്‍ത്തീവണ്ടിപ്പോക്ക് ഒറ്റയ്ക്ക് നടത്തി തിരികെ വന്ന് വിഷമിച്ചിരിക്കുമ്പോഴും ടീച്ചര്‍ പറയുന്ന ഒരു ന്യായമുണ്ട്, ‘കാറിനുപോയിവരാന്‍ കാശില്ലാഞ്ഞിട്ടല്ല, എന്റെ ഒരാളുടെ സുഖത്തിനുവേണ്ടി ചുമ്മാ ഇത്രയും കാശു കളയരുതല്ലോ.’ ടീച്ചറുടെ ചേച്ചിയമ്മ ഓരോണക്കാലത്താണ് മരിച്ചത്. രാത്രി പന്ത്രണ്ടുമണിക്ക് മഴയത്ത് കറന്റില്ലാ നേരത്ത് ഫോണും പണിമുടക്കിയ നേരത്ത് ചേച്ചിയമ്മ മരിച്ചതും അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുന്ന ചെറിയമ്മയോട് ഒന്നും പറയാന്‍ നില്‍ക്കാതെ വീടു പൂട്ടി ജോലിക്കാരിയെയും കൂട്ടി ഒരു ടോര്‍ച്ചുമെടുത്ത്, പാതിരാനേരത്ത് നടന്നു നടന്നുപോയതും പറഞ്ഞു, പിന്നെ ഞാനവിടെ ചെന്നപ്പോള്‍. ജോലിക്കാരിയുടെ വീട്ടില്‍ ചെന്നിരുന്ന് ഫോണ്‍ വിളിച്ച് ബന്ധുക്കളെ വിവരമറിയിച്ച കഥയും ‘മരിച്ചവരെ എന്തിനാ പേടിക്കണത്’, ‘അയല്‍ക്കാരെ അസമയത്ത് ഉപദ്രവിക്കുന്നത് ശരിയല്ലല്ലോ’ എന്ന വാക്കുകളും ഞാന്‍ മനസ്സുകൊണ്ട് തൊഴുതാണ് കേട്ടിരുന്നത്.

ഇത്തിരി നടപ്പു ദൂരത്തിനപ്പുറമുള്ള തൃക്കാക്കര അമ്പലത്തില്‍ വെളുപ്പിനു പോയി തൊഴുതുവരുമായിരുന്നു കുറച്ചു നാള്‍ മുമ്പു വരെ ടീച്ചര്‍. എപ്പോഴോ ടീച്ചര്‍ സി കെ ഗുപ്തനെക്കുറിച്ച് പറഞ്ഞു. ‘എന്‍റെ ടീച്ചറിന്‍റെ അമ്പലത്തിനു വേണ്ടി ഞാനെന്തും ചെയ്യാന്‍ ഒരുക്കമാണ്’ എന്ന് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന സി കെ ഗുപ്തന്‍ പറഞ്ഞതിനു പിന്നില്‍ ‘ഒരു ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലെന്ത്’ എന്ന ചോദ്യത്തിനുള്ള ഏറ്റവും മധുരമായ ഉത്തരമുണ്ട്. ഗുപ്തന്‍ മഹാരാജാസ്‌ കുട്ടിയായിരിക്കെ ഏതോ രൂക്ഷമായ കോളേജ് ബഹളത്തില്‍പ്പെടുകയും ഗുപ്തന്‍റെ ജീവനും വിദ്യാര്‍ഥി ജീവിതവും ഒക്കെ ഞൊടിയിടയില്‍ ഒടുങ്ങും എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിനില്‍ക്കുകയും ചെയ്തപ്പോള്‍, ഒരു ദിവസം രാവിലെ ചായയ്‌ക്കൊപ്പം ഉണ്ടായ വെളിപാട് അനുസരിച്ച് ടീച്ചര്‍ കായലും കരയും കടന്ന് വൈക്കത്തുള്ള ഗുപ്തന്‍റെ വീടു തപ്പിപ്പിടിച്ചുപോയി. ഗുപ്തന്‍റെ അമ്മയെക്കണ്ട് കാര്യങ്ങള്‍ വിശദമാക്കി ബോധ്യമാക്കി ടീച്ചര്‍ തിരിച്ചുപോന്നു. അന്നത്തെ ആ വെളിപാടിന്‍റെ പുസ്തകത്തില്‍ നിന്നുയിര്‍ക്കൊണ്ട അപ്പത്തില്‍ നിന്നും വീഞ്ഞില്‍ നിന്നുമാണ് പിന്നെ ഗുപ്തന്‍, ദൈവത്തിന്‍റെ കാര്യം വരെ നോക്കാന്‍ പ്രാപ്തനായത്.  ടീച്ചറിന് വയലാര്‍ അവാര്‍ഡ് കിട്ടിയതിനോടനുബന്ധിച്ച് തൃക്കാക്കരയില്‍ നടന്ന സമ്മേളനത്തില്‍ സി കെ ഗുപ്തനുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ സ്‌നേഹവാങ്മൂലങ്ങളും .

ടീച്ചറിന്‍റെയും എന്‍റെയും ഇംഗ്‌ളീഷ് പ്രൊഫസറായിരുന്ന മധുകര്‍ റാവു സാറിന്‍റെ ‘The Literary Salad’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം കഴിഞ്ഞ് ഒരേ കാറില്‍ തിരിച്ചുവരുമ്പോള്‍ കാറിലിരുന്ന്, ജീവിതം കാത്തുവയ്ക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ച് (IFS കിട്ടിയിട്ടും അതുപകരിക്കാതെ മകന്‍ ജയന്‍ അമേരിക്കയില്‍ എത്തിയതുള്‍പ്പടെ), കൈപ്പിടിയിലോ ഹൃദയപ്പിടിയിലോ ഒതുക്കിനിര്‍ത്താനാകാത്ത വിധം കടന്നുവരുന്ന സങ്കടങ്ങളെക്കുറിച്ച് ടീച്ചര്‍ പ്രത്യേകിച്ചൊരു കാര്യവും കൂടാതെ, പക്ഷേ നിര്‍ത്താതെ സംസാരിച്ചു. അത് കേട്ടിരുന്നപ്പോള്‍ ജീവിതത്തിലെ തിരയിളക്കങ്ങളെക്കുറിച്ചുള്ള സങ്കടങ്ങളെല്ലാം ആവിയായിപ്പോയി.

അവതാരിക എഴുതാന്‍ ആരൊക്കെയോ അയച്ചു കൊടുക്കുന്ന എണ്ണമില്ലാത്തത്ര പുസ്തകങ്ങള്‍ കൈയെഴുത്തു പ്രതിയായും പ്രിന്റഡ് മാറ്ററായും കിടക്കുന്ന ടീച്ചറിന്‍റെ വീട്. ‘പറ്റില്ല’ എന്ന് എടുത്തടിച്ചതുപോലെ പറഞ്ഞു  തുടങ്ങുന്ന ടീച്ചര്‍ക്ക് അഞ്ചുമിനിട്ടുകൊണ്ട് എപ്പോഴും ഏതുകാര്യത്തിനും മനസ്സലിയും . അതു കൊണ്ടു തന്നെ ടീച്ചറിന് നഷ്ടമാകുന്ന സമയത്തിന് കണക്കുമില്ല. പ്രായമേറെയായിട്ടും അവനവന്‍ ഉറച്ചുവിശ്വസിക്കുന്ന ചിലത് ഒറ്റയ്ക്കുനിന്ന് മുന്‍പിന്‍ നോക്കാതെ വിളിച്ചുപറയുന്ന, കൂട്ടൊന്നും വേണ്ടാത്ത, കൂട്ടിനാരുമില്ലാത്ത സ്ത്രീകളെ നാലുവശത്തുനിന്നും വളഞ്ഞപമാനിക്കുന്ന കേരളീയ പ്രവണതയുടെ തരം താണ ഭാഷാ രീതികള്‍ ടീച്ചറിനു വരുന്ന കത്തുകളില്‍ പുളിച്ചു മറിയുന്നതും കണ്ടിട്ടുണ്ട് .

മഹരാജാസിലെ എഴുത്തുകാരുടെ സമാഗമപ്പരിപാടിയില്‍, ‘പരിഭവക്കാരിയായ ചെറിയമ്മയുടെ ഊണു നേരത്തിനു മുമ്പേ ടീച്ചറിനെ വീടെത്തിക്കാ’മെന്ന വാഗ്ദാനം ഉണ്ടായിരുന്നു സംഘാടകരുടെ ഭാഗത്തു നിന്ന്. പക്ഷേ അതെല്ലാവരും മറക്കുകയും പ്രസംഗിക്കാനായുള്ള ടീച്ചറിന്‍റെ ഊഴം നീണ്ടു നീണ്ടു പോവുകയും ചെയ്തപ്പോള്‍ ,’പോകണ്ടേ’ എന്നു പുറകിലിരുന്ന ഞാന്‍ എത്തി വലിഞ്ഞ് ടീച്ചറിനോട് ചോദിച്ചു. ‘മഹാരാജാസില്‍ നിന്നു പിണങ്ങിയിറങ്ങാന്‍ വയ്യ’ എന്ന് അന്നേരം ടീച്ചര്‍ മുഖം ചുവന്ന് പറഞ്ഞതും മറക്കാന്‍വയ്യ.

ഞാനുള്‍പ്പടെ അഞ്ചെഴുത്തുകാരുടെ പുസ്തകങ്ങള്‍ ‘സൈകതം ബുക്‌സ്’ ഒരുക്കിയ നേരം, ടീച്ചറിനെ പ്രകാശനത്തിനായി വിളിക്കാമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ , ‘ വേണ്ട, ടീച്ചറിനെ ഉപദ്രവിക്കണ്ട’ എന്ന് ഞാന്‍ രൂക്ഷമായി എതിര്‍ത്തു.  ഒടുക്കം ടീച്ചര്‍ തന്നെയായി പ്രകാശനക്കാരി.

leevathi teacher, priya as, malayalam writer,

‘തലേന്നു രാത്രിയില്‍ മാത്രം എത്തിച്ചേര്‍ന്ന പുസ്തകങ്ങളുമായി ടീച്ചറിനെ ഉപദ്രവിക്കാന്‍ എനിക്കു പറ്റില്ല’ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു . ‘പൊതുവായി പറഞ്ഞാല്‍ മതി എഴുത്തിനെക്കുറിച്ച് ‘എന്ന് രാവിലെ ടീച്ചറിനെ പറഞ്ഞേല്‍പ്പിച്ചു. പ്രകാശനവേദിയില്‍ , ‘കിണറ്റിലെ തവളയെപ്പോലെയാണ് ഈ വേദിയില്‍ നില്‍ക്കുന്നത്, പ്രിയയെയും വി എം ഗിരിജയെയും സി ആര്‍ നീലകണ്ഠനെയും വായിച്ചിട്ടുള്ളതിനാല്‍ അവരെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ പറ്റും , ബാക്കി രണ്ടുപേരെ എനിക്ക് തീരെയും അറിയില്ല ‘എന്നു പറഞ്ഞ് ടീച്ചര്‍ വല്ലാതെ വിഷമിച്ചു നിന്നു. പിറ്റേന്ന് ടീച്ചറിന്‍റെ വീട്ടില്‍ ചെന്ന്, എനിക്കു പറ്റിയ തെറ്റാണതെന്ന് ഞാന്‍ ഏറ്റുപറഞ്ഞു. ടീച്ചറിന് വായനയും എഴുത്തും പ്രസംഗവും എന്ന ഊര്‍ജ്ജമില്ലാതെ ജീവിതമില്ല എന്ന് അന്ന് ബോദ്ധ്യമായി.

അമേരിക്ക കാണാന്‍ പറ്റാത്തിനെക്കുറിച്ച് ഒരിക്കല്‍ വിഷമം പറഞ്ഞു ടീച്ചര്‍.  ‘ചെറിയമ്മയും എന്നേയ്ക്കുമായി പോയിക്കഴിഞ്ഞിരിക്കുന്നു, എങ്കിലും വിദേശയാത്രയ്ക്കുള്ള പ്രായമൊക്ക കഴിഞ്ഞു ‘എന്നു തീര്‍ത്തു പറഞ്ഞ് ടീച്ചറിപ്പോള്‍ വീണ്ടും വീണ്ടും അക്ഷരങ്ങളിലേക്ക് കുനിഞ്ഞിരിക്കുന്നു. എന്‍റെ അമ്മ എന്നോട് പറയാറുണ്ട് , ‘നീ തൃക്കാക്കര അമ്പലത്തില്‍ മാസത്തിലൊരിക്കല്‍ പോകണം എന്നൊന്നും ഞാന്‍ പറയില്ല . പക്ഷേ വല്ലപ്പോഴുമെങ്കിലും ടീച്ചറിനെക്കാണാന്‍ പോണം. എന്തൊരു ഭാഗ്യമാണ് ടീച്ചറിനെപ്പോലെ ഒരാളുടെ അടുത്തു താമസിക്കാന്‍ പറ്റുക എന്നു വച്ചാല്‍.’ അപ്പറഞ്ഞതൊന്നും ജീവിതപ്പാച്ചിലിനിടയില്‍ ചെയ്യാനാകാറില്ലെങ്കിലും ആ വീടെത്തുമ്പോള്‍ , ഞാന്‍ വണ്ടി ഒന്നു പതുക്കെയാക്കും . എന്നിട്ട് ആ വീട്ടുനടയിലേക്കു നോക്കി മനസ്സുകൊണ്ട് നമസ്‌ക്കരിക്കും.

കെ വി രാമനാഥന്‍ സര്‍, പ്രേംജിയുടെ മകന്‍ നീലന്‍, സ്റ്റില്‍ഫോട്ടോഗ്രഫര്‍ കെ ആര്‍ വിനയന്‍ എന്നിങ്ങനെ പലരും ടീച്ചറുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആവശ്യങ്ങള്‍ പറഞ്ഞ് എന്നെ വിളിക്കുമ്പോളെല്ലാം, ടീച്ചറിന്‍റെ വീട്ടിലേക്കൊരു പാലമാകാറുണ്ട് ഞാന്‍. ആ കാരണങ്ങള്‍ പറഞ്ഞെങ്കിലും ടീച്ചറിനെ ഒന്നു ചെന്നുകാണാമല്ലോ എന്നപ്പോഴൊക്കെ സന്തോഷം തോന്നും.

എഴുത്തും ജീവിതവും വേറെ വേറെ തട്ടുകളില്‍ അല്ലാത്ത ഒരെഴുത്തുകാരിയാകണമെന്നാഗ്രഹിക്കുമ്പോഴെല്ലാം ലീലാവതി ടീച്ചര്‍ തന്നെയാണ് എനിക്കു മുന്നിലെ വെളിപാടുപുസ്തകം. ശുഭ്രമായ ഈ പുസ്തകത്തിനുള്ളില്‍ എത്രയെത്ര വര്‍ണ്ണരാജികളാണെന്നും അവാര്‍ഡ് ശിൽപ്പങ്ങളൊക്കെ പലപ്പോഴും അലങ്കോലമായി കിടക്കാറുള്ള, ഏറ്റവും വേണ്ടപ്പെട്ട ഫോണ്‍ നമ്പറുകള്‍ സ്‌ളേറ്റില്‍ എഴുതിത്തൂക്കിയ ഊണുമുറിയുള്ള ആ വീടിനു ഏറ്റവും ചേരുന്ന പേര് ‘വര്‍ണ്ണരാജി’ എന്നാണെന്നും എനിക്കു തോന്നാറുണ്ട് എപ്പോഴും.

ഇത്തിരിക്കഞ്ഞി കുടിച്ചെന്നുവരുത്തി, അഴയിലാദ്യം കണ്ടസാരിയെടുത്തുടുത്ത് പ്രോഗ്രാമിനു കൂട്ടിക്കൊണ്ടു  പോകാനെത്തിയ കാറിലിരുന്ന് ടീച്ചര്‍ കമ്മലിടാന്‍ തുടങ്ങുന്നത് കാണുമ്പോളൊക്കെ, ഞാന്‍, ടീച്ചറിനെ കണ്ണിമചിമ്മാതെ നോക്കിയിരിക്കും. അപ്പോഴൊക്കെയും എനിക്കു തോന്നും കത്തിച്ചു വച്ച വിളക്കുപോലെ എന്നു പറഞ്ഞു കേട്ടിരിക്കുന്ന സൗന്ദര്യത്തിന് ലീലാവതി എന്നാണ് പേരെന്ന് …

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook