scorecardresearch
Latest News

കടൽ കൈവിട്ട നാവികൻ

സൗഹൃദത്തിന്റെ വൃദ്ധിക്ഷയം പ്രത്യക്ഷത്തിൽ പ്രമേയമാകുന്ന നോവലിന്രെ കഥാപാത്രനിർമിതിയിലും അവതരണത്തിലും സാമ്പ്രദായിക ശൈലി കാണാനാവില്ല.എം. കമറുദ്ദീന്രെ ” രണ്ടു നാവികർക്ക് ശരത്‌കാലം” എന്ന നോവലാണ് ഇത്തവണ സാഹിത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പംക്തിയിൽ

കടൽ കൈവിട്ട നാവികൻ

സൗഹൃദവും ഒറ്റയായ്മയും സാഹചര്യങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. അടുത്ത സുഹൃത്തുക്കൾ അകലുന്നതും അകലമുള്ളവർ അടുക്കുന്നതും സാധാരണമാണ്. രണ്ടു സുഹൃത്തുക്കളുടെ ബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ കടൽ പശ്ചാത്തലമാവുന്നതിന്റെ ചിത്രീകരണമാണ് എം കമറുദ്ദിൻ എഴുതിയ നോവലായ “രണ്ടു നാവികർക്ക് ശരത്‌കാലം”. കഥാഗാത്രത്തിന്റെ സ്വാഭാവികമായ വികാസത്തിന് ഉപോദ്ബലകമാവുന്ന വിധത്തിലുള്ളതല്ല ഇതിന്റെ ശില്പഘടന. കഥാപാത്രങ്ങളുടെ ആദിമധ്യാന്തവളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കാതെ, സംഭവങ്ങളുടെ വിന്യാസത്തിലാണ് കമറുദ്ദീൻ ശ്രദ്ധ ചെലുത്തുന്നത്. തുറമുഖപട്ടണത്തിന്റെ ചരിത്രവും സംസ്കാരവും അവിടെയുള്ളവരുടെ സ്മരണകളിലൂടെയാണ് നോവലിൽ അവതരിപ്പിക്കപ്പെടുന്നത്. സമയവും കാലവും മാറുന്നതിന്റെ ചിത്രങ്ങളും സമയത്തെ രേഖപ്പെടുത്തുന്ന വിധവും ഉൾപ്പെടുത്തുത്തിക്കൊണ്ടുള്ള ആഖ്യാനമാണ് ഈ നോവൽ.

വികസനത്തിന്റെ പൊട്ടുകൾ അങ്ങിങ്ങായി രൂപപ്പെടുന്ന തരത്തിലുള്ള പട്ടണക്കാഴ്ചകളും ഇബ്രാഹിം നീദീരിയും യോഹന്നാൻ റൊമാറോയും തമ്മിലുള്ള സൗഹൃദത്തിന്റെ വൃദ്ധിക്ഷയത്തെയാണ് ഈ നോവലിൽ പ്രത്യക്ഷത്തിൽ പറയുന്നത്.

കഥാപാത്ര നിർമിതിയിലും അവതരണത്തിലും പൊതുവെയുള്ള  സാമ്പ്രദായിക ശൈലി ഈ നോവലിൽ കാണാനാവില്ല.  ആഖ്യാനത്തിൽ കവിതകൾ സന്നിവേശിപ്പിച്ചു കൊണ്ടു പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്നതിനും നോവലിസ്റ്റ് വ്യഗ്രത പുലർത്തുന്നുണ്ട്.
randu navikarkku sharathkalam,novel,m. karudheen,rahul radhakrishnan
കടൽഗന്ധത്താൽ മുദ്രിതമായ പുരാതന പട്ടണത്തിൽ ആധുനികതയുടെയും വ്യവസായത്തിന്റെയും ചെറുവെളിച്ചങ്ങൾ കത്തിച്ചത് ഇബ്രാഹിം നിദീരിയായിരുന്നു. അന്യരാജ്യങ്ങളിൽ നിന്നുള്ളവർ വരെ പായ്‌ക്കപ്പലിൽ അവിടെ എത്തുകയും തുടർന്നുള്ള ജീവിതം ആ പട്ടണത്തിൽ നയിക്കുകയും ചെയ്തിരുന്നു. നിദീരിയുടെ പൂർവികർക്ക് പലസ്തീനിലെ അറബികളുമായി രക്തബന്ധമുണ്ടെന്ന സൂചന നോവലിലുണ്ട്. അയാളുടെ ആളുകൾ പട്ടണത്തിൽ വന്നിറങ്ങിയത് ഒരു പത്തേമാരിയിലായിരുന്നു. നാല്പതു പേരടങ്ങിയ സംഘം ആദ്യത്തെ ഒരു വർഷം പട്ടണത്തിൽ എവിടെയും സ്ഥിരമായി വസിച്ചില്ല. പക്ഷെ എവിടെയും അവർ സ്വീകരിക്കപ്പെട്ടു. നിദീരിയുടെ ആൾക്കാർ വരുന്നതിനു മുൻപ് പട്ടണത്തിലുള്ളവർ സമയം അളക്കാൻ ‘അടി’കണക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ‘സമയത്തിന്റെ പുസ്തകം’ എന്ന പേരിൽ ഒരു പുസ്തകം ആളുകൾ സൂക്ഷിച്ചു വെച്ചിരുന്നു. സൂര്യനെതിരെ തിരിഞ്ഞു നിന്ന് അവനവന്റെ നിഴലിനെ അളക്കുന്ന വിദ്യയായിരുന്നു അവിടെയുള്ളവർ സ്വീകരിച്ചിരുന്നത്. നിദീരിയുടെ ആൾക്കാർ വാച്ചുണ്ടാണ്ടാക്കിയതിനു ശേഷം അവർ ഈ രീതി ഉപേക്ഷിച്ചു. മാരിസൻ എന്ന സായിപ്പ് കണ്ടു പിടിച്ച ക്വർട്സ് ക്രിസ്റ്റൽ സൂത്രമായിരുന്നു നീദീരിയുടെ സംഘം ഉപയോഗിച്ചത്. സമയം തിട്ടപ്പെടുത്തുന്നതിനായി ഇലയിൽ സൂചി തുളച്ചു കയറ്റുക, നെടുവീർപ്പിടുക തുടങ്ങിയ പ്രാചീന സൂത്രങ്ങൾ അതോടു കൂടി ഇല്ലാതായി

rahul radhakrishnan, novel,
സീബ്രാക്ക എന്ന രാജ്യത്തു നിന്നുള്ള കപ്പൽ ആയിടയ്ക്കു പട്ടണത്തിൽ വന്നിരുന്നു. കപ്പലിന്റെ വരവിനെ കുറിച്ച് പല ചർച്ചകളും ഉണ്ടായി. പട്ടണവാസികളിൽ നിന്നും കാഴ്ചയിൽ പരിഷ്കൃതനായ റൊമാറോ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽത്തട്ടിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കടൽക്കാക്കകൾക്കു നടുവിൽ കിടക്കുകയായിരുന്നു അയാൾ. എൺപതു പേരുണ്ടായിരുന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ടത് റൊമാറോ മാത്രമായിരുന്നു. നിദീരി ആയിരുന്നു റൊമാറോയെ കപ്പലിൽ നിന്നും പട്ടണത്തിലേക്കു കൂട്ടിക്കൊണ്ടു വന്നത്. അവർക്കൊപ്പം താമസിയാതെ റുവീന കൂടെ കൂടി. വിവിധ തരം ജനോപകാര പ്രവർത്തനങ്ങളിൽ അവർ വ്യാപൃതരായി. പട്ടണത്തിന്റെ ജലസ്രോതസുകൾ കണ്ടു പിടിച്ചിരുന്നത് നിദീരി ആയിരുന്നു. ഭൂമിക്കടിയിലെ ജലത്തിന്റെ സ്വഭാവത്തെ കുറിച്ച് പ്രവചിക്കാൻ അയാൾക്ക് സാധിച്ചിരുന്നു. പട്ടണവാസികൾക്കായി കിണറുകളുടെ സ്ഥാനം കണ്ടെത്തിയിരുന്ന നിദീരിക്ക് അതു ചെയ്യുന്നതിൽ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു., “ഈ മണ്ണിനടിയിൽ എവിടെയും ജലമാണ്. എന്നാൽ, അതു തന്നെയാണ് നരകം” എന്ന് പറഞ്ഞു കൊണ്ട് തന്നെ തേടി വന്നവരെ അയാൾ കൈവെടിഞ്ഞു.

ജലത്തോടൊപ്പം പ്രകാശവും നിദീരി പട്ടണത്തിൽ വസിക്കുന്നവർക്ക് പ്രദാനം ചെയ്തു. അയാൾ പുകയില്ലാത്ത വിളക്കുകൾ നിർമ്മിക്കുകയൂം പട്ടണത്തിലുള്ളവർക്ക് , പണമൊന്നും വാങ്ങാതെ തന്നെ വിളക്കുകൾ കൊടുക്കുകയും ചെയ്തു. നിദീരിയുടെ ആൾക്കാർ ആയിരുന്നു അവിടെ ആദ്യമായി മേശവിളക്കുകൾ ഉപയോഗിച്ചു തുടങ്ങിയത്. വൈദ്യുതിയെ പറ്റി കേട്ടിട്ടില്ലാത്ത പട്ടണത്തിൽ, കടൽക്കാറ്റിൽ നിന്നും വൈദ്യുതി ഉണ്ടാക്കാൻ കഴിയുമെന്ന് നിദീരിയായിരുന്നു ആദ്യമായി പറഞ്ഞത്. കടൽത്തീരത്ത് വെളിച്ചം സൃഷ്ടിച്ചു കൊണ്ട് അയാൾ അതു തെളിയിക്കുകയും ചെയ്തു ഇതിനിടയിൽ പട്ടണത്തിലെ ആദ്യത്തെ യന്ത്രവത്കൃത മിൽ അയാൾ ആരംഭിച്ചു. യന്ത്രത്തിന്റെ വായിലൂടെ കടന്നു പോയ വസ്തുക്കൾക്ക് രൂപപരിണാമം ഉണ്ടാകുന്നത് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു “ദൈവം മനുഷ്യനെ മണ്ണ് കൊണ്ടു സൃഷ്ടിച്ചു. മനുഷ്യൻ അവനെത്തന്നെ ഇരുമ്പു കൊണ്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു” എന്ന് നോവലിലെ കഥാപാത്രമായ ലാസറച്ചൻ പറഞ്ഞതിന്റെ പൊരുൾ നിദീരിയുടെ കണ്ടുപിടുത്തത്തിൽ ദൃശ്യമായിരുന്നു.
കൂട്ടുകാരെല്ലാം ഉപേക്ഷിച്ചു പോയ നിർഭാഗ്യവാനായ ഒരു നാവികനായിരുന്നു റൊമാറോ. റൊമാറോയുടെ അച്ഛൻ ആ പട്ടണത്തിൽ തന്നെ ജീവിച്ചിരുന്ന ജോസഫ് റബ്ബർ എന്ന ജൂതനായിരുന്നു. റൊമാറോ അച്ഛനെ കാണാൻ വേണ്ടിയായിരുന്നു പട്ടണത്തിൽ എത്തിയതെന്ന വാർത്ത വൈകാതെ പരന്നു. പണ്ടു നാവികനായിരുന്ന നിദീരിക്ക് റൊമാറോയെ നേരത്തെ തന്നെ അറിയാമായിരുന്നു. കപ്പലോട്ടത്തിനിടയിൽ നിദീരിയുടെ കൈ നഷ്ടപ്പെട്ട സംഭവത്തിൽ റൊമാറൊയ്ക്ക് പങ്കുണ്ടായിരുന്നുവെന്നു ആഖ്യാനത്തിൽ സൂചനയുണ്ട്. ജീവഭയത്തെ മറി കടക്കാൻ മനുഷ്യത്വത്തിനാവില്ല എന്ന് വിശ്വസിച്ച ക്യാപ്റ്റൻ ഹമാൻ അദാബിന്റെ ശിഷ്യൻമാരായിരുന്നു അവർ. വർഷങ്ങൾക്കു ശേഷം പട്ടണത്തിൽ എത്തിയ റൊമാറോയും നിദീരിയും വീണ്ടും സുഹൃത്തുക്കളായി. പരസ്പരം കൈകളിൽ ചുംബിച്ചു കൊണ്ട് നടന്നിരുന്ന അവർ, മനുഷ്യശരീരത്തെ വളരെയധികം ആദരിച്ചിരുന്നു പക്ഷെ പിന്നീട് അവർ അകന്നതിന്റെ കാരണം ദുരൂഹമായിരുന്നു. ഗുപ്തമായ ചില കാരണങ്ങൾ കൊണ്ട് അവർ അകന്നതോടെ അതിന്റെ പ്രതിഫലനം പട്ടണത്തിൽ കണ്ടു തുടങ്ങി. പട്ടണത്തിൽ ശത്രുക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അധികം വൈകാതെ റുവീനയും നിദീരിയെ വിട്ടു പോയി. അയാൾ തന്റെ പണിശാലയിലേക്ക് കേറാതെയുമായി. ഇക്കാലത്തായിരുന്നു നിദീരി വിവാഹം കഴിക്കേണ്ടിയിരുന്ന കമീല നിദീരിയുടെ കൂടെ താമസിക്കാൻ വന്നത്.

കമീലയുടെ ഗീതകങ്ങൾ വളരെ പ്രശസ്തമായിരുന്നു. “ഞാനെന്റെ വാക്കുകളെ വിശുദ്ധമാക്കേണ്ടതുണ്ട്. കാരണം അവ അവനെ വിവരിക്കാനുള്ളതാണ്” എന്ന വരികൾ വർഷങ്ങൾ കഴിഞ്ഞിട്ടും കാമുകീകാമുകന്മാർ പാടി നടക്കാറുണ്ടായിരുന്നു. “വാക്ക്” എന്ന പദത്തിന്റെ അർത്ഥതലങ്ങൾ എത്ര മാത്രം ആഴമുള്ളതാണെന്നു വ്യക്തമാക്കുന്നതായിരുന്നു കമീലയുടെ ഗീതകങ്ങൾ. ഒരു വാക്കിനു വേണ്ടി തന്നെ മനുഷ്യന് യുദ്ധം ചെയ്യേണ്ടി വരുമെന്ന മറ്റൊരവസരത്തിൽ നിദീരി പറഞ്ഞതും ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. കമീലയുടെ കയ്യിൽ എപ്പോഴും ഒരു പുസ്തകമുണ്ടായിരുന്നു. “മനോഹരിയായ ഒരു യുവതി പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ ഈ ലോകത്തുള്ള എല്ലാ പുസ്തകങ്ങളും വായിച്ചു കൊണ്ടിരിക്കുന്നത് പോലെയാണ്” എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

പട്ടണത്തിൽ ഇതിനിടയിൽ പല മാറ്റങ്ങളുമുണ്ടായി. ടോർച്ചുകൾ പ്രചരിച്ചതോടെ ഇടവഴികളിൽ നിന്ന് ചെകുത്താന്മാരെയും കാണാതായി. വൈദ്യുതി എത്തിയതോടെ ഇരുട്ടിന്റെ സുരക്ഷാഭിത്തിക്ക് വിള്ളൽ വീണു. നിദീരിയുടെ മിൽ അടഞ്ഞും കിടന്നു. ആധുനികതയുടെ ആവിർഭാവത്തോടെ നഗരം വികസനപാതയിൽ സഞ്ചരിച്ചപ്പോഴേയ്ക്കും നിദീരി അപ്രസക്തനായി. കുറെ കാലത്തിനു ശേഷം റൊമാറോയും നിദീരിയും പട്ടണത്തിൽ ചർച്ചാവിഷയമല്ലാതായി. നിദീരിയുടെ പാർപ്പ് റെയിൽവേ സ്റ്റേഷനിൽ ആകുകയും ചെയ്തു. തീവണ്ടികൾ നോക്കിക്കൊണ്ട് നിശ്ചലനായി ഇരിക്കുന്ന നിദീരിയുടെ ചിത്രം സ്റ്റേഷൻ മാസ്റ്റർ ഓർത്തെടുക്കുന്നുണ്ട്. ‘കാത്തിരിപ്പ്’ എന്ന കഥയിൽ ആനന്ദ് മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ടെറി വൈറ്റിന്റെ ബന്ധനാവസ്ഥയെ പറ്റി പരാമർശിക്കുന്നുണ്ട്. ലെബനനിൽ ബന്ദിയാക്കപ്പെട്ട നാല് പേരുടെ മോചനത്തിനായി അഞ്ചു കൊല്ലം തടവിൽ കാത്തിരുന്ന ടെറിയുടെ അനുഭവത്തെ കുറിച്ച് ആനന്ദ് ചിന്തിക്കുന്നുണ്ട്. മോചനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ നിദീരിയുടെ കാത്തിരിപ്പിന്റെ ഉദ്ദേശ്യം വേറെയായിരുന്നു. റൊമാറോ എന്ന പഴയ സുഹൃത്തിനെ പ്രതികാരബുദ്ധിയുടെ കാത്തിരിക്കുകയായിരുന്നു നിദീരി. എന്നെങ്കിലും റൊമാറോ ആ സ്റ്റേഷനിൽ വന്നിറങ്ങുമെന്ന നിദീരിയുടെ ധാരണ തെറ്റിയുമില്ല.

കൗതുകകരമായ ചില ശൈലികളിലൂടെ ആഖ്യാനത്തെ മാജിക്കൽ റിയലിസവുമായി ചേർത്തു വെക്കുന്നതിൽ നോവലിസ്റ്റ് അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. വലിയ ഒരു പക്ഷിയുടെ ചിറകടി രാത്രിയെ മൃദുവായി ഒന്ന് കുലുക്കിയത്, തൂക്കുത്തട്ടിൽ നിൽക്കുന്ന നിദീരിയുടെ തലയ്ക്കു മുകളിലൂടെ ഒരു പക്ഷി പറന്നു പോയത്, നിദീരിയെ തൂക്കിക്കൊന്ന സമയത്ത് അകലെ നിന്നു കേട്ടിരുന്ന ബാന്റുവാദ്യം, അന്നു തന്നെ ഒരു ചുവന്ന മൃഗം വീട്ടിലൂടെ കയറി ഇറങ്ങിയത്, കപ്പിത്താന്റെ മുറിയിൽ ചിറകിട്ടടിച്ചു മരിച്ച പക്ഷി, തിരമാലകൾക്കു മുകളിലൂടെ ചുവന്ന പടയാളികൾ ഓടിപ്പോകുക എന്നിങ്ങനെയുള്ള ബിംബങ്ങളിലൂടെ മാതൃകമായ ഒരു പശ്ചാത്തലം രൂപപ്പെടുത്താൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.


എൻ എസ് മാധവന്റെ ‘കപ്പിത്താന്റെ മകൾ’ എന്ന കഥയിലെ മാളവിക എന്ന കപ്പിത്താന്റെ മകൾ കടലിൽ വെച്ചാണ് ജനിച്ചത്. അവൾ ജനിക്കുന്ന നിമിഷത്തിലെ രേഖാംശം കണ്ടു പിടിക്കാൻ കപ്പിത്താനായ അച്ഛൻ ഒരു ജോലിക്കാരനെ ഏർപ്പെടുത്തിയിരുന്നു. അവളുടെ ജാതകം ഗണിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇളകിയാടുന്ന രേഖാംശത്തിൽ ജനിച്ചത് കൊണ്ടാണോ എന്നറിയില്ല അവളുടെ പിൽക്കാലത്തെ മാനസിക സ്ഥിതി തകരാറിലായിരുന്നു. അവൾ അവളുടെ പ്രശ്നങ്ങളെ കുറിച്ച് യേശുവിനായിരുന്നു മോഴ്സ് കോഡിൽ സന്ദേശങ്ങൾ അയച്ചിരുന്നത്. കടൽക്കാക്കകൾക്കു നടുവിൽ ഏകനായി കിടന്നിരുന്ന റൊമാറോയും എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന അക്ഷാംശത്തിലും രേഖാംശത്തിലുമായിരുന്നു നാവികന്റെ ജീവിതം ചെലവഴിച്ചിരുന്നത്. ‘നാവികരുടെ ബൈബിൾ’ എന്ന പുസ്തകത്തിൽ പറയുന്ന സമുദ്രം പുറന്തള്ളിയ നാവികനെ പോലെയായിരുന്നു റൊമാറോയും.

കടൽ കൈവിട്ട നാവികന്റെയും അയാളുടെ പഴയ സുഹൃത്തായിരുന്ന മറ്റൊരു നാവികന്റെയും ജീവിതവിനിമയവും പരിസരഭൂമികയും ആണ് പ്രാഥമികമായി ഈ നോവൽ മുന്നോട്ട് വെയ്ക്കുന്നത് . എന്നാൽ അതിനിടയിൽ കടലും കടൽത്തീരവും പട്ടണവും വ്യവസായവത്കരണവുമെല്ലാം അവതരിപ്പിച്ചിരിക്കുന്നു. കടലിന്റെയും കപ്പലിന്റെയും പശ്ചാത്തലമുണ്ടെങ്കിലും സ്ഥല/കാല/ദേശ ഭേദമില്ലാതെ മനുഷ്യന്റെ പ്രക്ഷുബ്ധതയുടെ സ്പന്ദമാപിനി ആവാനാണ് ‘രണ്ടു നാവികരുടെ ശരത്കാലം’ ശ്രമിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: M kamaruddin randu navikarku sharatkalam novel