scorecardresearch
Latest News

മണിപ്പന്തലിലെ സർപ്പംതുള്ളൽ

“ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ആഖ്യാനത്തിലെ ‘പിളർപ്പു’മായി ‘സർപ്പം’ ഫണം വിടർത്തി ആടിയത്” പ്രസിദ്ധീകരിച്ച് അറുപത് വർഷം ആകുമ്പോഴും മലയാള സാഹിത്യത്തിലെ ആഖ്യാനത്തിലെ പരീക്ഷണ പുതുമ നിലനിർത്തുന്ന നോവലിനെ കുറിച്ച് യുവനിരൂപകനായ ലേഖകൻ മലയാളത്തിലെ സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ

മണിപ്പന്തലിലെ സർപ്പംതുള്ളൽ

‘ആധുനികത’ മലയാള സാഹിത്യത്തിനെ അതിർത്തി തിരിച്ചു ‘സംരക്ഷിച്ചിരുന്ന’ കാലത്ത്, പ്രസ്തുത റിപ്പബ്ലിക്കിൽ നിന്നുള്ള പരീക്ഷണാത്മകമായ കുതറിമാറൽ ആയിരുന്നു എം ഗോവിന്ദന്റെ ‘സർപ്പം’ എന്ന നോവൽ. (കഥയായി പ്രസിദ്ധികരിച്ച ‘സർപ്പം’ രണ്ടായിരത്തി നാലിൽ കെ പി അപ്പനും ഇ വി രാമകൃഷ്ണനും എഡിറ്റ് ചെയ്ത ഡി സി ബുക്സിന്റെ നോവൽ കാർണിവലിൽ നോവലായി പ്രസിദ്ധീകരിച്ചു). തദ്ദേശീയമായ വേരുകളില്ലാത്ത, വിദേശശൈലിയിൽ ഊന്നിയ ആധുനികതയുടെ ലക്ഷണങ്ങളെ നിരാകരിച്ചു കൊണ്ട് ഉത്തരാധുനിക സ്വഭാവം പ്രകടിപ്പിക്കുന്ന നോവലായ ‘സർപ്പം’ 1968ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ‘ആധുനികത’യുടെ രീതിശാസ്ത്രം കെട്ടിയുയർത്തിയ ചുമരുകളുടെ ബലത്തെ സംശയിച്ചും അതിനോട് കലഹിച്ചും പുതിയൊരു സഞ്ചാരപാത തുറന്നിടുകയായിരുന്നു ധിഷണാശാലിയായ എം ഗോവിന്ദന്റെ ലക്ഷ്യം എന്നതിൽ സംശയം ഒന്നുമില്ല. നിയതമായ ശിൽപ്പഘടനയും ആഖ്യാനതന്ത്രവും നോവലിനുണ്ടാവേണ്ടതില്ല എന്ന ധീരമായ നിലപാടിൽ ഉറച്ചു നിൽക്കുന്ന എഴുത്തുകാരനെയാണ് ‘സർപ്പ’ത്തിൽ കാണുന്നത്. ശിഥിലമായ വിധത്തിലുള്ള രൂപശിൽപ്പവും നോവലിന് പാകമാണെന്നത് സമകാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ അര നൂറ്റാണ്ടിന് മുന്നേ അത്തരമൊരു വിപ്ലവം സാഹിത്യത്തിൽ ‘മുൻപേ പറന്ന പക്ഷി’ ആയിരുന്നു.

മണിപ്പന്തലിൽ വെച്ച് നടത്തുന്ന സർപ്പംതുള്ളലിന് അകമ്പടിയായി പുള്ളുവസ്തുതിയും പുള്ളോര്‍ക്കുടം, വീണ, ഇലത്താളം തുടങ്ങിയ താളവാദ്യങ്ങളും പതിവാണ്. സർപ്പങ്ങളുടെ രൂപമാണ് കളത്തിൽ ‍ വരയ്ക്കാറുള്ളത്. കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് തുടങ്ങുന്നത്. ഇതു പോലെയുള്ള പശ്ചാത്തലത്തിലേക്ക് വാക്കുകളുടെയും ആശയങ്ങളുടെയും കളമെഴുത്താണ് എം ഗോവിന്ദന്റെ ‘സർപ്പം’. പുള്ളുവദമ്പതികളുടെ പാട്ടിനും താളത്തിനുമൊത്ത് പുള്ളുവപ്പിണിയാൻ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടുന്നത് പോലെയാണ് നോവലിസ്റ്റ് എഴുതി ഫലിപ്പിക്കുന്ന ആശയ/സങ്കൽപ്പ ലോകം.m.govindan,novel,sarppam,rahul radhakrishnan

വിവാഹരാത്രി കിടപ്പറയിൽ പ്രവേശിക്കുന്ന നവദമ്പതികൾക്കുള്ളിൽ ഉണ്ടാവുന്ന ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഇണചേരലിന്റെ രസതന്ത്രത്തിന്റെയും ചുവടു പിടിച്ചാണ് സർപ്പത്തിന്റെ പ്രമേയം. ആഖ്യാതാവിന്റെ ഉള്ളിലെ alter ego ആയ മിസ്റ്റർ ബ്രിഗ്‌സ് ആഖ്യാതാവുമായി നടത്തുന്ന സംഭാഷങ്ങളുടെ ചുവട് പിടിച്ചാണ് നോവലിനെ ആദ്യഭാഗം വികസിക്കുന്നത്. കാമത്തിന്റെയും ഭോഗാസക്തിയുടെയും ചിഹ്നമായി ഗണിക്കുന്ന സർപ്പത്തെ സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന എഴുത്തുകാരനെയാണ് ഈ നോവലിൽ വായിച്ചെടുക്കാൻ കഴിയുന്നത്. പാപബോധം എന്ന സങ്കൽപ്പത്തിൽ എഴുത്തുകാരൻ വിശ്വസിക്കുന്നില്ല പാശ്ചാത്യ മനഃശാസ്ത്രജ്ഞരുടെ ബോധ്യങ്ങളെ പരിഹാസത്തോടെ കാണുന്ന എം ഗോവിന്ദൻ ഫ്രോയിഡിനെയും യൂങിനെയും കണക്കിലെടുക്കുന്നില്ല. നോവലിൽ ആനുഷംഗികമായി അത് പരാമർശിക്കുന്നുണ്ട്. പടിഞ്ഞാറ് നിന്നുത്ഭവിച്ച മനോവിജ്ഞാനീയശാസ്ത്രത്തിനെ അംഗീകരിക്കാത്ത നോവലിസ്റ്റ് ലൈംഗിക സദാചാരത്തെ പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. അതിനെ സാധൂകരിക്കാനെന്നവണ്ണം കാമത്തെയും ലൈംഗിക തൃഷ്ണയെയും കലയായി കാണുന്ന വിധമാണ് ‘സർപ്പ’ത്തിന്റെ ആഖ്യാന ഘടന.. രാമായണത്തിൽ രാമശബ്ദത്തേക്കാൾ ഫ്രോയിഡിനെയും യൂങിനെയും വിളിക്കുന്ന ലോകത്തെ ആക്ഷേപിക്കാൻ അദ്ദേഹം മടി കാണിക്കുന്നില്ല. ബുദ്ധിജീവി നാട്യങ്ങളുടെ ഒളിസേവ നടത്തുന്ന പണ്ഡിതപ്രമാണങ്ങളെ നിശിതമായി വിമർശിക്കാൻ എം ഗോവിന്ദന് തെല്ലും കൂസലില്ല എന്ന് ‘സർപ്പം’ സ്ഥിരീകരിക്കുന്നു. കലയെ കുറിച്ചുള്ള എം ഗോവിന്ദന്റെ കാഴ്ചപ്പാട് കൃത്യമായി നോവലിൽ ചേർത്തു വെച്ചിട്ടുണ്ട്. മനുഷ്യനേക്കാൾ കല കാമമുണർത്തിയ നായികയെ ആഖ്യാതാവ് വർണിക്കുന്നുണ്ട്. “കാമം കിനാവിന്റെ പരിവേഷമണിയുകയും ക്രിയ അഭിനയമായി പരിണമിക്കുകയും ചെയ്യുന്ന” ആധുനികതയുടെ ചേതോഭാവത്തെ നോവലിൽ സൂചിപ്പിക്കുന്നുണ്ട്. അമ്പലങ്ങൾ സിനിമാശാലകളായി മാറുന്ന കാലത്താണ് ഇത് സാധിക്കുന്നത് എന്നും പറയുന്നുണ്ട്. ഓരോരുത്തരുടെയും ഉള്ളിൽ വ്യത്യസ്ത സ്വത്വങ്ങളുടെ സാന്നിധ്യമുണ്ടെന്നും സമൂഹത്തിന്റെ പരിച്ഛേദം തന്നെ അവയിലൂടെ സംജാതമാകുമെന്നും ആണ് എഴുത്തുകാരൻ ധ്വനിപ്പിക്കുന്നത്. ഒരു പക്ഷെ വരേണ്യവും പുരുഷാധിപത്യപരവും അസ്തിത്വവാദം പോലെയുള്ള പാശ്ചാത്യ ചിന്താധാരകളും നിറഞ്ഞു നിന്നിരുന്ന ആധുനികതാപ്രസ്ഥാനത്തിന് വിച്ഛേദം സൃഷ്ടിക്കാനാവും എം ഗോവിന്ദൻ ‘സർപ്പ’രചന നടത്തിയത്. ആലോചനാപ്രേരകമായ വ്യവഹാരങ്ങളെ എത്ര കണ്ട് നോവൽ/നീണ്ട കഥ എന്ന സാഹിതീയരൂപത്തിലേക്ക് ആവാഹിക്കാനാവും എന്നതിന്റെ ആവിഷ്കാരമായിരുന്നു ‘സർപ്പം’.

ജനനേന്ദ്രിയം ദൈവത്തിന്റെ സംഭാവന അല്ലാ എന്നും സർപ്പമാണ് പുരുഷനിലും സ്ത്രീയിലും അതുണ്ടാക്കിയതെന്നും ബ്രിഗ്‌സ് വാദിക്കുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിൽ നിന്നും ഹവ്വയെ സൃഷ്ടിച്ച ദൈവം ആദിസർപ്പത്തെ കൊന്നു. അതിന്റെ ഒരു തുണ്ടെടുത്ത് ആദാമിന്റെ തുടകൾക്കിടയിൽ തുന്നിപ്പിടിപ്പിച്ചു; ഇരുവശത്തും രണ്ടു സർപ്പമുട്ടകളും. അതോടൊപ്പം ഹവ്വയുടെ വയറ്റിൽ പാമ്പിൻകൂട് ഘടിപ്പിക്കുകയും ഒരു സുഷിരം നിർമ്മിക്കുകയും ചെയ്തു. ഇതിനു ശേഷം ദൈവം എക്കാലവും സർപ്പപൂജ ചെയ്ത് വംശം പെരുക്കുക എന്ന് അവരുടെ ചെവിയിൽ മന്ത്രിക്കുകയും ചെയ്തു. പുരുഷൻ തന്നിൽ നിക്ഷിപ്തമായ വിഷം പ്രസരിപ്പിച്ച് സൃഷ്ടി കർമ്മത്തിനു മുതിരുന്നു. ആ വിഷമേറ്റ് സർഗക്രിയയിൽ പങ്കാളിയാവാൻ സ്ത്രീയും തയ്യാറാവുന്നു. ഇതാണ് ‘ആദിപാപം’ എന്നാണ് നോവലിൽ വിശേഷിപ്പിക്കുന്നത്

അടച്ചു വെയ്ക്കപ്പെടേണ്ടതല്ല കാമവും ആസക്തിയും എന്ന ആശയം തുറന്നു സമ്മതിക്കാൻ തയ്യാറാവാത്ത ഒരു കാലത്തായിരുന്നു ‘സർപ്പ’ത്തിന്റെ ജനനം. സർപ്പം എന്ന ബിംബത്തിലൂടെ അത്തരം സങ്കൽപ്പങ്ങളുടെ പുതിയ തുറസ്സുകളിലേക്ക് യാത്ര ചെയ്യാനാണ് എം ഗോവിന്ദൻ ശ്രമിച്ചത്. ‘A Woman Waits for Me’ (1856 )എന്ന കവിതയിലൂടെ വാൾട്ട് വിറ്റ്മാൻ മുന്നോട്ടു വെച്ച നയത്തിന്റെ വ്യാപിപ്പിക്കലാണ് ഈ നോവൽ എന്ന് കരുതുന്നതിൽ തെറ്റില്ല. “A woman waits for me, she contains all, nothing is lacking, Yet all were lacking if sex were lacking, or if the moisture of the right man were lacking,” എന്ന വിറ്റ്‌മാന്റെ വരികളിൽ വിശ്വസിച്ചു തന്നെയാണ് നോവലിൽ ബ്രിഗ്‌സ്, മറിയ കൊറോസി എന്ന പത്രാധിപരുമായി സംസാരിക്കുന്നതെന്ന് അനുമാനിക്കാം. സർപ്പത്തെ കുറിച്ചും കാമത്തെ കുറിച്ചും ഒക്കെയുള്ള സംഭാഷണത്തിനൊടുവിൽ ബ്രിഗ്‌സും മറിയയും ഇണ ചേരുന്നുണ്ട്. ബ്രിഗ്‌സിന്റെ ഈ പ്രവൃത്തിയോട് കൂടി ആശങ്കകൾ എല്ലാം അകന്ന നവവരൻ വധുവുമായി വേഴ്ച നടത്തുന്നു. കല്യാണപ്പയ്യന്റെ സന്ദേഹങ്ങൾ തീർക്കാനായി അയാളുടെ ആന്തരിക വ്യക്തിത്വത്തെ ഒരു കഥാപാത്രമായി രൂപപ്പെടുത്തുന്ന ആഖ്യാനസമ്പ്രദായമാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.m.govindan,novel,sarppam,rahul radhakrishnan

അന്ധരെയന്ധർ നയിക്കുന്ന കാലഘട്ടം അവസാനിക്കുമെന്ന പ്രതീക്ഷ വെച്ച് പുലർത്തുന്ന എഴുത്തുകാരന്റെ ‘മൂകവിചിന്തനമാണ്’ ഈ നോവൽ. കാമാസക്തിയുടെ കരുത്താണ് കലയുടെ കാതൽ എന്ന് യാതൊരു ശങ്കയും ഇല്ലാതെ ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . അതിനിടയിലും ചരിത്രത്തെ തനതായ രീതിയിൽ വ്യാഖ്യാനിക്കാനും ജീവിതത്തെ നാടകത്തോടും ചിത്രകലയോടും സമന്വയിപ്പിക്കാനും ആഖ്യാനത്തിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. രേഖീയമല്ലാത്ത സംഭാഷണങ്ങളിലൂടെ ഭാവനയുടെയും ബുദ്ധിയുടെയും വിനിമയങ്ങളാണ് നടക്കുന്നത്. പഴംകഥകളിലൂടെയും കവിതയിലൂടെയും നോവൽഘടനയുടെ പുതുരൂപത്തെ അവതരിപ്പിക്കുന്നതിൽ എം ഗോവിന്ദൻ വിജയിച്ചു എന്നത് തീർച്ചയാണ്.

ഏകനായ മനുഷ്യന്റെ മനസ്സ് സഞ്ചരിക്കുന്ന ദൂരം അനന്തമാണ്. അത്തരമൊരു യാത്രയിൽ ഐതീഹ്യങ്ങൾ പറഞ്ഞു കൊണ്ട് ഓർമയേയും ചക്രവർത്തിമാരുടെ ചരിത്രത്തെയും കൂടെ കൊണ്ട് പോകുകയാണ് നോവലിസ്റ്റ്. വിഡ്ഢികളില്ലാത്ത ലോകം വിരസമാണെന്ന് വിശ്വസിച്ച ബ്രിഗ്‌സ്, പാവ്‌ലോവിന്റെ ശുനകപുരാണത്തെ പറ്റിയും ഭാഷയുടെ ചിതറലിനെ പറ്റിയും ഭാഷയ്ക്കുള്ള വാക്ക് Lingua എന്നാണെന്നും അത് ലിംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും എന്നിങ്ങനെ സാംസ്കാരികതുറസ്സിന്റെ പരപ്പിലേക്ക് നീങ്ങുന്ന വിധത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞതാണ് ആഖ്യാനം. കേരളത്തിന്റെ ചുറ്റുപാടിലുള്ള അനുഭവങ്ങളെയും യൂറോപ്യൻ ജ്ഞാനനിർമിതിയെയും ഒരേ സമയം സ്പർശിച്ചു കൊണ്ട് ഒരു തരത്തിലുള്ള സാംസ്കാരിക/ബൗദ്ധിക കൈമാറ്റത്തിന്റെ സംക്ഷിപ്ത രൂപമായി ‘സർപ്പം’ മാറുകയാണ്. അക്കാരണത്താൽ തന്നെ കീചകവേഷം കെട്ടിയാടാറുള്ള കാവുങ്ങൽ ശങ്കരപ്പണിക്കാരോടൊപ്പം വാൻഗോഗും ലോർക്കയും റിൽക്കെയും ന്യൂട്ടനും നോവലിൽ ചർച്ചയാവുന്നതിൽ അത്ഭുതമില്ല.

ആധുനികതയുടെ രീതിശാസ്ത്രത്തെ എതിർത്തു കൊണ്ട് “പാശ്ചാത്യർ ഉപരിപ്ലവവിചാരക്കാരാണ്. അവർക്ക് കാലസംബന്ധിയായ നിസ്സീമസങ്കൽപ്പമില്ല” എന്ന് ബ്രിഗ്‌സ് നിരീക്ഷിക്കുന്നുണ്ട്. ‘അസ്തിത്വവാദ തിരുസഭയിലെ മെത്രാനും മെത്രാച്ചിയുമായ ‘ സാർത്രെയെയും മദാമ്മ ബുവേ യും കുറിച്ചും പരാമർശമുണ്ട്. ഇവരെപ്പോലെയുള്ളവർ പുതിയ വാചകകസർത്തുകൾ കെട്ടിയാടുക മാത്രമാണ് ചെയ്യാറുള്ളതെന്നും മാർക്സിസ്റ് ശൈലിയിൽ മുക്കിയെടുത്ത പഴഞ്ചൻ മൊറാലിറ്റി തന്നെയാണ് പടിഞ്ഞാറുള്ളതെന്നും ബ്രിഗ്‌സ് കുറ്റപ്പെടുത്തുന്നുണ്ട് .

നിലവിലുള്ള സമ്പ്രദായങ്ങളെ എതിർത്തു കൊണ്ട് നവീനവും വിപ്ലവകരവുമായ ആശയങ്ങളെ പ്രയോഗത്തിൽ വരുത്താനാണ് എം ഗോവിന്ദൻ എക്കലവവും ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലും ലേഖനങ്ങളിലും ഇത് വ്യക്തമാണ്. ‘സർപ്പ’ത്തിലാകട്ടെ അന്നു വരെ എഴുതിയിരുന്ന സാഹിത്യശൈലിയെ ഉടച്ചു വാർക്കുന്ന തരത്തിലുള്ള ആഖ്യാനരീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ആഖ്യാനത്തിലെ ‘പിളർപ്പു’മായി ‘സർപ്പം’ ഫണം വിടർത്തി ആടിയത്. നിശ്ചിതമായ ഘടനയ്ക്കപ്പുറവും ഫിക്ഷന് സാധ്യതയുണ്ടെന്ന് അൻപത് വർഷം മുന്നേ മലയാളിയെ ബോധ്യപ്പെടുത്തിയ കൃതിയാണ് ‘സർപ്പം’

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: M govindan sarpam novel