അർദ്ധരാത്രിയിൽ മുളച്ച
മുറ്റത്തെ പഴഞ്ചൻ മരം
മറ്റൊരർദ്ധരാത്രിയിൽ
പട്ടു പോവുന്നു … !

നനവൂറ്റിയെടുത്ത്
അടിമണ്ണിൽ
ഒരു വിത്ത്
തോടു പൊട്ടിക്കുന്നു …

അഹന്തയുടെ ആർത്തിനാവുകൾ
ആകാശത്തേക്ക് വിരിച്ച്
ഇലയില്ലാ മൂർച്ചകളെ
പടർത്തിപ്പെരുക്കി
കൂരയക്കും മുകളിൽ വളരുന്നു..

എല്ലാം തണലിനു വേണ്ടിയെന്ന്
കാറ്റിനെ വരച്ചു നിർത്തി
ചില്ലകൾ ചിലയ്ക്കുന്നു ..

മധുരമെന്ന്,
അതി മധുരമെന്ന്
അഴകു തേച്ച പഴങ്ങൾ
കുലകളിലേക്ക് വിളിക്കുന്നു ..

Evil Dead , Laju G L, Poet

Illustration: Vishnu Ram

ഉറക്കമില്ലാതായ
വഴി തെറ്റിയ പക്ഷികൾ
പേടിയുടെ പഴങ്ങൾ തിന്ന്
അങ്ങിങ്ങ് പിടഞ്ഞടങ്ങുന്നു …

ആർത്ത നാദങ്ങളുടെ
തുറന്ന വായകളിലേക്ക്
കരുത്തിന്റെ കൊമ്പുകളാഴ്ത്തി
ശ്വാസം പിടപ്പിക്കുന്നു ..

ചെറുത്തു നിൽപ്പിന്റെ
തൊണ്ടക്കുഴികളിൽ
ചോരയിറ്റുന്ന വിരൽക്കൂർപ്പുകൾ
ഒടുവിലത്തെ ഒച്ചയേയും
കൊന്നെന്നുറപ്പിക്കുന്നു ..

ഇറങ്ങിയോടുന്ന
പേടിക്കാലുകളിൽ
വള്ളിക്കൈകൾ വരിഞ്ഞ്
ജനലഴികളിലേക്ക്
ചേർത്തു കെട്ടുന്നു ..

അവസാനത്തെ
മിടിപ്പടക്കവുമുറപ്പിച്ച്
വേരുവാ പിളർത്തി
കൂരയെ വലിച്ചെടുക്കുന്നു ..

വായുവോ മണ്ണോ
വെളിച്ചമോ ഇല്ലാതെ
ഒരേയൊരു മരം മാത്രം
ബാക്കിയാവുന്നു.. !

…………………………..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ