മലയാളത്തിന്റെ കവി ഹൃദയം യത്രയായിട്ട് ഇന്നേക്ക് ഒരു വർഷം. മലയാളത്തിന്റെ കരുത്തുറ്റ കവി സാന്നിധ്യമായിരുന്നു ഒഎൻവി എന്ന ഒറ്റപ്ളാക്കൽ നീലകണ്‌ഠൻ വേലു കുറുപ്പ്.

മലയാളികൾ എന്നും മൂളുന്ന ഒരു പിടി നല്ല ഗാനങ്ങളും കവിതകളും പിറന്നത് ഒഎൻവിയുടെ തൂലികയിൽ നിന്നാണ്.

വർഷങ്ങൾ നീണ്ടു നിന്ന കാവ്യജീവിതത്തിൽ കവിയായും ഗാനരചയിതാവായും അദ്ദേഹം ആസ്വാദകർക്ക് മുന്നിലെത്തി.

ഒ.എൻ.കൃഷ്‌ണ കുറുപ്പിന്റെയും കെ.ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27 ന് ചവറയിലായിരുന്നു ഒഎൻവി ജനിച്ചത്.

1946 ൽ ‘മുന്നോട്ട് എന്ന കവിതയായിരുന്നു ആദ്യമായി അച്ചടിച്ച് വന്നത്. 1949ൽ ആദ്യ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം’ പുറത്ത് വന്നു. ‘ഭൂമിക്ക് ഒരു ചരമഗീതം’, ‘മാറ്റുവിൻ ചട്ടങ്ങളെ’, ‘പാനപാത്രം’, ‘മയിൽപ്പീലി’, ‘കറുത്ത പക്ഷിയുടെ പാട്ടുകൾ’ എന്നിവയാണ് പ്രധാന കവിതകൾ.

1956 ൽ , സിനിമയിൽ ഗാനരചയിതാവായും സാന്നിധ്യമറിയിച്ച് തുടങ്ങി. മലയാളി ഇന്നും നെഞ്ചേട് ചേർത്തു വയ്‌ക്കുന്ന പല ഗാനങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചത് ഒഎൻവിയായിരുന്നു.

ആരെയും ഭാവഗായകനാക്കും, ആത്മാവിൽ മുട്ടിവിളിച്ചത് പോലെ, അരികിൽ നീയുണ്ടായിരുന്നെങ്കിൽ തുടങ്ങി മലയാളികൾ എന്നെന്നും ഓർക്കുന്ന ഗാനങ്ങളെല്ലാം രചിച്ചത് ഒഎൻവിയാണ്.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2007ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരുന്നു. 1998ൽ പത്മശ്രീയും 2011ൽ പത്മവിഭൂഷണും നൽകി ഭാരത സർക്കാർ ഇദ്ദഹത്തെ ആദരിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു ഒഎൻവിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയായിരുന്നു മരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ