നിറങ്ങൾ ചിന്തുന്ന
ഒരു
പൂമ്പാറ്റക്കാലം കൊണ്ട്
എത്രയെളുപ്പത്തിലാണ്
ഒറ്റയ്ക്കു വേവിന്റെ
മടുപ്പുകളെ നാം
മറന്നു കളയുന്നത് ..?!

പ്യൂപ്പയിൽ
പട്ടു പോവുന്ന
കവിതകളെക്കുറിച്ച്
ആരാണ് വേവലാതിപ്പെടുക !

എത്ര ചെറുതെങ്കിലും
നിറങ്ങളുടെ
അടയാളങ്ങൾ മാത്രമല്ലേ
നനവെന്ന്,
തണുപ്പെന്ന്
വായിക്കുന്നുള്ളൂ.

എഴുതാതെ പോയ
കവിതകളല്ലേ
നിന്റെ
ഉറക്കങ്ങളെ മുറിച്ച്
ചീവീടുകളെന്ന്
അലോസരപ്പെടുത്തുന്നത് ..!

അകറ്റപ്പെട്ടവരുടെ
സിംഫണിയാണ്
ചീവീടുകളുടെ
ആഘോഷങ്ങൾ..

Off Note, Laju G L

Illustration : Vishnu Ram

അമർത്തി വെക്കപ്പെട്ട മൗനങ്ങൾ
എത്രമേൽ
വാചാലമെന്ന്
ഉച്ചസ്ഥായിയിലെ സ്വരങ്ങൾ
നമ്മെ
കൊന്നു കൊണ്ടേ
ഇരിക്കട്ടെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ