ഇംഗ്ലണ്ടിലെ നോറിച്ചിലാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആന്‍ഗ്ലിയ. അവിടുത്തെ വിദ്യാര്‍ഥികളുടെ എഴുത്തുമുറിയില്‍ വായിച്ചും, ചിന്തിച്ചും, എഴുതിയും, ക്ഷീണിച്ച് സോഫയിലുറങ്ങിയും ദിവസങ്ങള്‍ നീക്കിയ ഒരു യുവാവായിരുന്നു 1979-80 ബാച്ചിലെ MA ക്രിയേറ്റിവ് റൈറ്റിംഗ് വിദ്യാര്‍ഥിയായ കാസുവോ ഇഷിഗുരോ. ഇന്ന് ലോകമറിയുന്ന മറ്റു പല എഴുത്തുകാരും ഇതേ മുറിയില്‍ കഥാലോക സൃഷ്ടിയില്‍ മുഴുകിയിരുന്നിട്ടുണ്ട്. ഇയാന്‍ മക്ഈവന്‍, ആന്‍ എന്റൈറ്റ്, മൊഹമ്മദ്‌ ഹനീഫ്, നീല്‍ മുഖര്‍ജി ഒക്കെ. അദ്ധ്യാപകരായി ഡബ്ല്യൂ ജീ സെബാള്‍ഡ്, മാല്‍ക്കം ബ്രാഡ്ബറി, ഏന്‍ജലാ കാര്‍ട്ടര്‍, ജോര്‍ജ് സിയെര്‍തെഷ് മുതലായവര്‍. ഇവരുടെ ശിക്ഷണത്തിൽ എഴുതിയതൊക്കെ പലയാവര്‍ത്തി വായിച്ച്, പലതവണ എഡിറ്റ് ചെയ്ത്, ക്ലാസ്സുകളുടെ ഭാഗമായ ശില്പശാലകളില്‍ സഹപാഠികളുടെ രചനകൾ വായിച്ച്, രൂക്ഷ വിമര്‍ശനം നല്‍കി, സ്വീകരിച്ച്, പല ഡ്രാഫ്റ്റുകള്‍ തയ്യാറാക്കിയ ശേഷമാവും അവരുടെ ആദ്യ പുസ്തകം ഒരു ഏജന്‍റിന്‍റെയും പിന്നെ ഒരു പ്രസാധകന്‍റെയും മുന്നിലെത്തുക. അവര്‍ക്കെല്ലാം അത് ബോധിച്ചാൽ പുസ്തകം വെളിച്ചം കാണും. ഇഷിഗുരോയുടെ MA തീസിസാണ് ‘A Pale View of Hills’ എന്ന ആദ്യനോവലായി പരിണമിച്ചത്‌.

സാഹിത്യരചന പഠിപ്പിക്കാനാവുമോ എന്ന ചോദ്യം ഇംഗ്ലണ്ടില്‍ ഉയര്‍ന്നിരുന്ന കാലത്താണ് ഇഷിഗുരോയും മക്ഈവനുമൊക്കെ ഇങ്ങനെയെഴുതിയ ആദ്യകൃതികളിലൂടെ ലോക ശ്രദ്ധ നേടുന്നത്. ഒരേ അച്ചില്‍വാര്‍ത്ത, മദ്ധ്യ വര്‍ഗ്ഗ ലോക വീക്ഷണത്തിന്‍റെ വിഴുപ്പു പേറുന്ന, കാൽപ്പനികതയുടെ കച്ചവട സാധ്യതകള്‍ പരീക്ഷിക്കുന്ന കുറെ പുസ്തകങ്ങളുടെ ഉല്‍പ്പാദനമാവില്ലേ ഇത്തരം കോഴ്സുകളുടെ ലക്ഷ്യം എന്ന ചോദ്യവും ഇന്ന് മുഴങ്ങുന്നുണ്ട്. പക്ഷെ, ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന പലരും പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇതേ എഴുത്തുകാരുടെ കൃതികളെ പിന്തുടരുന്നു ,ഉദാത്തസൃഷ്ടികളായി അവയെ വാഴ്ത്തുന്നു.

ഈ വര്‍ഷം ഇഷിഗുരോ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹനാകുമ്പോള്‍, സ്വീഡിഷ് അക്കാദമി വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ യാഥാസ്ഥിതിക സാഹിത്യസങ്കല്‍പ്പത്തെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ വായിക്കാം. ജനപ്രിയഗായകനും സംഗീതരചയിതാവുമായ ബോബ് ഡിലന് കഴിഞ്ഞ വര്‍ഷം നല്‍കിയ നൊബേലിന്‍റെ ഒച്ചപ്പാടുകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ ഇഷിഗുരോയ്ക്ക് ലഭിച്ച നൊബേല്‍ പരമ്പരാഗത സാഹിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കിന്‍റെ പ്രതീകമാവുന്നു. പക്ഷെ, ഒരു വിഭാഗം വായനക്കാരും സാഹിത്യ നിരൂപകരും ഇഷിഗുരോയുടെ കൃതികളിൽ ആരോപിതമായ വ്യക്തമായ രാഷ്ട്രീയമില്ലായ്മയെയും മുഴച്ചുനില്‍ക്കുന്ന ഒന്നാംലോക കാഴ്ചപ്പാടുകളെയും അപലപിക്കുന്നു. അലക്സാണ്ടർ സോള്‍ഷിനിറ്റ്സിന്‍റെയോ ഹെര്‍ത്താ മുള്ളറിന്‍റെയോ ഇമ്രെകെര്‍തെസിന്‍റെയോ ജെ എം കുറ്റ്സേയുടെയോ കൃതികളുമായി താരതമ്യം ചെയ്തോ നൊബേല്‍പുരസ്കാരത്തിന് ഇഷിഗുരോയെക്കാൾ യോഗ്യരായ ചില എഴുത്തുകാരുടെ ( മാര്‍ഗരെറ്റ്ആറ്റ്-വുഡ്, ഹരുകി മുരകാമി, ൻഗുഗി വാ തിയോംഗോ, സല്‍മാന്‍ റുഷ്ദി, ഒക്കെ) പേരുകള്‍വിളിച്ചു പറയുന്നു.. ഇഷിഗുരോയുടെ കടുത്ത ആരാധകരായ മറ്റൊരു വിഭാഗം അദ്ദേഹത്തിന്‍റെ കൃതികള്‍ അവരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു എന്നും അവയുടെ അടിത്തട്ടില്‍ മറഞ്ഞിരിക്കുന്ന ഗാഢമായ തത്വചിന്തയും ആഖ്യാനത്തിലെ പരീക്ഷണാത്മക ഘടകങ്ങളും സാധാരണ വായനക്കാരിൽ എത്താന്‍ ഇനിയും സമയമെടുക്കുമെന്നും വാദിക്കുന്നു. സര്‍വ്വസമ്മതരായ എഴുത്തുകാര്‍ എന്നൊരു വിഭാഗമില്ലാത്തതിനാല്‍ഇത്തരം വാദപ്രതിവാദങ്ങള്‍ എല്ലാ സാഹിത്യപുരസ്ക്കാരങ്ങള്‍ക്ക് ശേഷവും പ്രതീക്ഷിക്കാം.

ജപ്പാന്‍ ആണ് സ്വദേശമെങ്കിലും അഞ്ചാം വയസ്സുമുതല്‍ ബ്രിട്ടനിൽ ജീവിക്കുന്ന, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഒരു എഴുത്തുകാരനാണ് ഇഷിഗുരോ. എത്ര ശതമാനം ബ്രിട്ടീഷ്, എത്ര ശതമാനം ജാപ്പനീസ്, എന്നതൊന്നും അയാളെ അലട്ടുന്ന പ്രശ്നമല്ല. പക്ഷേ, ഇംഗ്ലീഷ്‌ ഭാഷയിലെ അസൂയാവഹമായ കയ്യടക്കം അയാളെ ഉറപ്പായും പിന്തുണച്ചിട്ടുണ്ട്.

Read More: കാസുവോ ഇഷിഗുരോയെ കുറിച്ച് ഇ. സന്തോഷ് കുമാർ എഴുതുന്നു: ഓർമ്മകൾ കൊണ്ട് മുറിവേൽക്കുമ്പോൾ

ജാപ്പനീസ് സംസ്കാരം മാതാപിതാക്കളുടെ ഓര്‍മ്മകളിലൂടെയും വീട്ടിനുള്ളിലെ അനുഭവങ്ങളിലൂടെയും അറിയാനേ കഴിഞ്ഞിട്ടുള്ളെങ്കിലും മുപ്പതു വര്‍ഷത്തോളം ജപ്പാന്‍ സന്ദര്‍ശിക്കാനായിട്ടില്ലെങ്കിലും A Pale View of Hills (1982) എന്ന ആദ്യനോവലിന്‍റെ കഥ നടക്കുന്നത് ഇംഗ്ലണ്ടിലും ജപ്പാനിലുമായാണ്. ഒരു ജാപ്പനീസ് സ്ത്രീ ആദ്യ വിവാഹത്തിലെ മകളുമായി ബ്രിട്ടീഷുകാരനായ രണ്ടാം ഭര്‍ത്താവിനോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതും മകള്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്നകന്ന് ‌വിഷാദരോഗിയായി ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഇതിവൃത്തമായി വരുന്ന ഈ നോവൽ ഓര്‍മ്മകളിലൂടെയാണ്‌ വികസിക്കുന്നത്. ദുരന്തം മറച്ചു വെയ്ക്കാനാവാത്ത ജീവിത സന്ദര്‍ഭങ്ങളിലും ഓര്‍മ്മകള്‍കാവ്യാത്മകമാണെന്നത്‌ നമ്മെ അതിശയിപ്പിക്കും. രണ്ടാമത്തെ മകളോട് ഈ ഓര്‍മ്മകൾ പങ്കുവെയ്ക്കുമ്പോള്‍ ഒരല്‍പ്പം മാറിനിന്ന് തന്നെത്തന്നെ വീക്ഷിക്കുന്നു ഇതിലെ പ്രധാനകഥാപാത്രമായ മധ്യവയസ്ക്ക. സ്വന്തം സംസ്കാരത്തില്‍നിന്ന് അടിതെറ്റിമാറേണ്ടി വരുന്ന ഒരു ജനതയുടെ ജീവിത യാഥാര്‍ത്ഥ്യമായി അവർ വിഷാദത്തെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ നോവലായ An Artist in the Floating World (1986) ജപ്പാനിലെ ഒരു ചിത്രകാരന്‍റെ ആഖ്യാനമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ടാംലോക മഹായുദ്ധകാലത്തെ അയാളുടെ തീവ്ര-വലതുപക്ഷ നിലപാടുകളും കലാസൃഷ്ടികളും പിന്നീട് രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിച്ചവയായികണക്കാക്കപ്പെടുന്നു. വായനക്കാര്‍ക്ക് ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ് എന്നത് തന്നെയാണ് ഈ രചനയുടെ പ്രത്യേകത. വിശ്വസ്തനല്ലാത്ത ആഖ്യാതാവാണയാള്‍. സ്വന്തംകലാസൃഷ്ടികളെപ്പറ്റിയും മറ്റുള്ളവര്‍ക്ക് അയാളോടുള്ള സമീപനത്തെപ്പറ്റിയും അയാള്‍ വിലയിരുത്തുമ്പോള്‍അതിനൊക്കെ അപ്പുറത്തുള്ള – അയാള്‍ക്ക്‌ അനുഭവിക്കാനോ വിവരിക്കാനോ പറ്റാത്തതിനാൽ നമ്മില്‍ നിന്ന് മറച്ചുവെയ്ക്കപ്പെടുന്ന, ചില സത്യങ്ങളിലാവും നമ്മുടെ ശ്രദ്ധ. പൊലീസിന് രഹസ്യമായി വിവരങ്ങൾ ചോര്‍ത്തിക്കൊടുത്തിരുന്ന ഒറ്റുകാരന്‍ കൂടിയാണിയാൾ എന്നത് ആ ചിന്താഗതികളെ അല്‍പ്പം സംശയത്തോടെ കാണാനും നമ്മെ പ്രേരിപ്പിക്കും. ഇവിടെയും അപൂര്‍ണ്ണനായ, കുറവുകളേറെയുള്ള ഒരു കഥാപാത്രവുമായാണ് നാം ഇടപെടേണ്ടത്. സ്വത്വനിര്‍മ്മിതിയാവുന്നുണ്ടോ അയാളുടെ ആഖ്യാനം എന്നതും ഒരു വിഷയമാവുന്നു.

The Remains of the Day (1989) പലകാരണങ്ങള്‍ കൊണ്ടും ഇഷിഗുരോയെ പ്രശസ്തനാക്കി. അതിന് മാന്‍ ബുക്കർ പ്രൈസ് ലഭിച്ചു എന്നത് ആദ്യ കാരണം.സിനിമാസ്വാദകർ ഏറെ ആസ്വദിച്ച ഒരു അഡാപ്റ്റേഷനാണ് മറ്റൊന്ന്, ആന്രണിഹോപ്കിന്‍സ് അവതരിപ്പിച്ച സ്റ്റീവന്‍സ് എന്ന ഇംഗ്ലീഷ് ബട്ട്‌ലർ ആണ് ഈ നോവലിന്‍റെ പേര് അവരില്‍ ഉണര്‍ത്തുന്ന ആദ്യ ഓര്‍മ്മ. വെറും നാലാഴ്ച കൊണ്ടാണ് ഈ നോവലിന്‍റെ ആദ്യ ഡ്രാഫ്റ്റ്‌ എഴുതിത്തീര്‍ത്തത് എന്ന ഇഷിഗുരോയുടെ വെളിപ്പെടുത്തലാണ് മറ്റൊരു കാരണം.ഇത് പുതിയ എഴുത്തുകാര്‍ക്ക് ഒത്തിരി പ്രതീക്ഷ നല്‍കി.ഇംഗ്ലീഷ് സമൂഹത്തിലെ ക്ലാസ്സ്‌ വേര്‍തിരിവുകള്‍ തുറന്നു കാട്ടുന്നതിനാല്‍ ഈ നോവലില്‍വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്ന് പറയാം. ഇതിലും കേന്ദ്രകഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് കഥ വികസിക്കുന്നത്. ഇവിടെയുമുണ്ട് ഓര്‍മ്മകള്‍ക്ക് ഒരു വലിയ സ്ഥാനം. എപ്പോഴും നല്ല ജോലിക്കാരനായിരുന്ന താന്‍ ‘യജമാന’ന് നല്‍കാന്‍ശ്രമിച്ച സേവനം വിധേയത്വത്തിലേയ്ക്ക് വഴുതിവീണത്‌ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല എന്ന് സ്റ്റീവന്‍സ് തിരിച്ചറിയുന്നത് ഓര്‍മ്മകളിലൂടെ ഭൂതകാലത്തേയ്ക്ക് തിരിച്ചുപോകാന്‍ ഒരവസരം കിട്ടുമ്പോഴാണ്. സഫലീകരിക്കാതെ പോയ ഒരുപ്രണയം, കൃത്യതയോടെ ജോലിചെയ്യുമ്പോഴും അദൃശ്യനായുള്ള ജീവിതം ,ഒക്കെ വളരേയേറെ വര്‍ഷങ്ങള്‍ വികാരരഹിതമായി യന്ത്രംകണക്കെ പ്രവര്‍ത്തിച്ച തന്‍റെ നഷ്ടമായും അയാള്‍ കാണുന്നു. ഇന്ന് ബാക്കിയുള്ളത്തിന്‍റെ ‘ദിവസത്തില്‍അവശേഷിക്കുന്നത്’ മാത്രം. നഷ്ടബോധത്തിനിടയിലൂടെ തെളിയുന്ന ഈ തിരിച്ചറിവുകള്‍ ഇംഗ്ലീഷ് സമൂഹത്തില്‍ രാഷ്ട്രീയം, ജോലിസ്ഥലങ്ങള്‍, കുടുംബജീവിതം, വ്യക്തിജീവിതം, ഇവയിലൊക്കെ അന്തര്‍ലീനമായ അധികാരവ്യവസ്ഥകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

The Unconsoled (1995) വായനക്കാരില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ഏറ്റുവാങ്ങിയത്. ജയിംസ് ജോയ്സ്, ആന്‍റണിബര്‍ജെസ് പോലെയുള്ള എഴുത്തുകാരെ ഇഷ്ടപ്പെടാന്‍മാത്രം പ്രതിബദ്ധതയുള്ളവര്‍ക്ക് ചിലപ്പോള്‍ആസ്വദിക്കാനാവുന്ന പുസ്തകമായാണ് അത് വിലയിരുത്തപ്പെട്ടത്. കിഴക്കന്‍ യൂറോപ്പിലെത്തുന്ന ഒരു പിയാനോ സംഗീതജ്ഞനാണ് ഇതിലെ കേന്ദ്രകഥാപാത്രം. അവിടെ താന്‍ നടത്തേണ്ട കച്ചേരിയില്‍നിന്ന് ശ്രദ്ധമാറ്റിക്കുന്ന പല കണ്ടുമുട്ടലുകളും പാലിക്കാനാവാത്ത വാഗ്ദാനങ്ങളും ഓര്‍മ്മയില്ലായ്മയിൽ നഷ്ടമാവുന്ന ബന്ധങ്ങളും ഒക്കെയാണ് ഇയാളെ വിഷമിപ്പിക്കുന്നത്. 535പേജുകള്‍ നീണ്ട ഈ പുസ്തകം ലഘുവായന മാത്രം ഇഷ്ടപ്പെടുന്നവരെ മുഷിപ്പിച്ചേക്കാം.

When We Were Orphans (2000) മറ്റൊരു നീണ്ട നോവലാണ്‌. ഇംഗ്ലണ്ടും ചൈനയുമാണ് ഇതിന്‍റെ പശ്ചാത്തലം.കുറ്റാന്വേഷണ സ്വഭാവമുള്ള ഈ നോവൽ അത്ര ശക്തമായ രചനയല്ലെങ്കിലും അതിരുകള്‍ ഭേദിച്ച് മുന്നേറുന്ന ഭാവനാവിലാസം ഇതിന്‍റെ പ്രത്യേകതയാണ്. ചില ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയാണ് കഥാഗതി വികസിക്കുന്നത്. കറുപ്പ് യുദ്ധങ്ങളും (Opium Wars) രണ്ടാം ചൈന-ജപ്പാന്‍ യുദ്ധവും ഒക്കെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ ഇതുതന്നെയാവും കുറ്റാന്വേഷണനോവല്‍ എന്ന നിലയിൽ ഇതിനെ കാണുന്നവരെ നിരാശപ്പെടുത്തുന്നതും. കറുപ്പ് ബിസിനസ്സുകാരനായിരുന്ന അച്ഛനും, പിന്നെ അമ്മയും,പെട്ടെന്ന് അപ്രത്യക്ഷരാകുന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തുന്ന ഒരു പത്തു വയസ്സുകാരന്‍റെ പിന്നീടുള്ള ജീവിതമാണ് കേന്ദ്രബിന്ദു. ലോകമറിയുന്ന ഒരു ഡിറ്റക്ടീവ് ആയി മാറുന്നു അവന്‍. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് അച്ഛന്റെയും അമ്മയുടെയും തിരോധാനത്തിന്‍റെ രഹസ്യമറിയാന്‍ അയാൾ ചൈനയിലേയ്ക്ക് തിരിക്കുന്നു. ഭ്രമാത്മകമാണ് പിന്നീടുള്ള സംഭവങ്ങള്‍. സത്യവും മിഥ്യയും ഭാവനയും ഒക്കെ കൂടിക്കുഴയുന്നു. കുറ്റാന്വേഷണകഥകളില്‍ നാം പ്രതീക്ഷിക്കുന്ന ഭാഷയോ ചടുലതയോഇല്ലെങ്കിലും ഇഷിഗുരോ-ശൈലി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒട്ടേറെ സന്ദര്‍ഭങ്ങൾ ഇതിലുണ്ട്.

Read More: ഇഷിഗുരോയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനും പരിഭാഷകനുമായ ജയകൃഷ്ണൻ എഴുതുന്നു കാലം എന്ന മഹാഭയം

Never Let Me Go (2005) ഒരു ഡിസ്ടോപിയന്‍ രചനയാണ്, ജോര്‍ജ് ഓര്‍വെലിന്‍റെ Animal Farm, മാര്‍ഗരറ്റ്ആറ്റ്-വുഡിന്‍റെ The Handmaid’s Tale,Maddaddam Trilogy ഇവയെപ്പോലെയൊക്കെ. സയന്‍സ്/സ്പെക്കുലേറ്റിവ് ഫിക്ഷന്‍ എന്ന വിഭാഗത്തിലും പെടുത്താമിതിനെ. പറക്കുംതളികകളോ അന്യഗ്രഹജീവികളോ ഇല്ലാതെ, സാധാരണ ഇംഗ്ലീഷ് ബോര്‍ഡിംഗ് സ്കൂൾ എന്ന് തോന്നുന്ന സ്ഥലത്ത് തുടങ്ങുന്ന കഥയാണെങ്കില്‍പ്പോലും. ആറ്റ്-വുഡ് Oryx and Crake (Maddaddam Trilogy-1,2003) എന്ന നോവലില്‍ പറഞ്ഞുവെച്ച ഓര്‍ഗന്‍ ഹാര്‍വെസ്റ്റിങ് എന്ന പരീക്ഷണാശയം ഈ നോവലില്‍ ഒരു പ്രധാന വിഷയമാവുന്നു. ബോര്‍ഡിംഗ് സ്കൂളിലെ സാധാരണ വിദ്യാര്‍ഥികള്‍ എന്ന് നാം ആദ്യം കരുതുന്ന കുട്ടികള്‍ ഈ ഹാര്‍വെസ്റ്റിംഗിനായി ഉണ്ടാക്കപ്പെട്ട ക്ലോണുകളാണ്. തങ്ങളുടെ ശരീരം അവയവങ്ങളുടെ കൃഷിനിലം മാത്രമാണെന്നത് അവരില്‍ ഭയവും നിരാശയും നിറയ്ക്കുന്നുണ്ട്. പക്ഷെ അവര്‍അന്യോന്യം കഥകള്‍ പറയുന്നു,അധികം ദൂരത്തല്ലാത്ത സഹനവും മരണവും മറക്കാന്‍. ബാല്യവും കൗമാരവും അങ്ങനെഒന്നിച്ച് ജീവിച്ച മൂന്നുപേര്‍- രണ്ടു സ്ത്രീകളും ഒരു പുരുഷനും -അകാലമരണത്തിലേയ്ക്കുള്ള യാത്രയില്‍അന്യോന്യം ആശ്വസമാവുകയും ശാന്തമായൊരു വേര്‍പെടലിന് വേദനയോടെയെങ്കിലും സ്വയം അനുവദിക്കുകയും ചെയ്യുന്നു. അവരുടെ പ്രതീക്ഷകളും പ്രണയവും വേര്‍പാടും നിരാശയും അവസാന അന്വേഷണങ്ങളും ആരുടേയും ഹൃദയത്തെ പിടിച്ചുലയ്ക്കാം – പ്രത്യേകിച്ചും അവര്‍ക്ക് ആത്മാവില്ലെന്ന അധികൃതരുടെ ആരോപണം/വെളിപ്പെടുത്തല്‍അവരിലുണ്ടാക്കുന്ന മാറ്റം അറിയുമ്പോള്‍.

The Buried Giant (2015) ഐതിഹ്യങ്ങളുടെ ലോകത്തിലേയ്ക്ക് ആധുനിക ലോകത്തിലെ മനുഷ്യബന്ധങ്ങളും യുക്തിയും ഒക്കെ കടത്തിവിടുന്നു. ചുരുക്കം വാക്കുകളിൽ വിവരിക്കാവുന്നതിനപ്പുറത്താണ് ഇതിന്‍റെ കഥാതന്തു. കേന്ദ്രകഥാപാത്രത്തിന്‍റെ വീക്ഷണകോണില്‍ നിന്ന് കഥപറയുന്ന ശൈലി ഉപേക്ഷിക്കുകയാണ് ഇവിടെ ഇഷിഗുരോ. ആർതേറിയൻ പുരാവൃത്തങ്ങള്‍, അവയുടെ പൊരുള്‍, ദുര്‍ഗ്രഹത, ഒക്കെ കടന്നുവരുന്ന ഈ നോവല്‍ പലരീതിയിലും ഇന്നത്തെ ലോക രാഷ്ട്രീയ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. യുദ്ധങ്ങളും കെടുതികളും മാത്രമല്ല, നാം വ്യക്തികളായും സമൂഹമായും സ്വയം ഏല്‍പ്പിക്കുന്ന മുറിവുകളും ഇതിന്‍റെ പ്രമേയമാണ്. ഓര്‍മ്മകള്‍എങ്ങനെ നഷ്ടമാവുന്നു എന്നും അപ്രതീക്ഷിതമായി അവ തിരിച്ചു വരുമ്പോൾ സ്വയം മനസ്സിലാക്കാന്‍, വീണ്ടെടുക്കാന്‍, കഥാപാത്രങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നും ഒരു അന്വേഷണം വായനക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട് ഇഷിഗുരോ ഇവിടെ.

ഏഴു നോവലുകൾ​ മാത്രമല്ല നിരവധി കഥകളും ജനപ്രിയ സംഗീതവും തിരക്കഥകളും ഒക്കെ രചിച്ചിട്ടുണ്ട് ഇഷിഗുരോ. Nocturnes: Five Stories of Music and Nightfall (2009) പ്രമേയബന്ധിതമായ അഞ്ചു കഥകളാണ്. പേര് സൂചിപ്പിക്കുന്നത് പോലെ സംഗീതവും രാത്രിയുടെ വരവില്‍സംഭവബഹുലമായ ദിവസങ്ങള്‍ എങ്ങനെ അവസാനിക്കുന്നു എന്നതുമാണ്‌ എല്ലാ കഥകളിലും പൊതുവായുള്ള വിഷയം. മനുഷ്യ ബന്ധങ്ങളുടെ വളരെ അടുത്ത ദൃശ്യങ്ങൾ ശൈലീകൃതമായ ഗദ്യത്തിലും വൈവിധ്യമാര്‍ന്നവര്‍ണ്ണനകളിലും ഒതുക്കിനിര്‍ത്തുന്നു ഇതില്‍.

ഇഷിഗുരോയുടെ ഭാര്യ എഡിറ്ററാണ്. ഓരോ രചനയുടെയും ആദ്യഘട്ടം മുതല്‍ അവരുടെ സഹായവും പിന്നെ പ്രസാധകരുടെ ഭാഗത്തുനിന്നുള്ളവളരെ നല്ല എഡിറ്റേഴ്സിന്‍റെ സേവനവും തനിക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു അയാള്‍. പ്രശസ്തമായ റൈറ്റിങ് കോഴ്സിന്‍റെ പിന്‍ബലവും നല്ല എഡിറ്റിംഗ് സേവനവും ഒക്കെ ഈ കാലത്ത്, പുസ്തകപ്രകാശനത്തില്‍ എത്രമാത്രം പ്രാധ്യാന്യമര്‍ഹിക്കുന്നു എന്ന് പറഞ്ഞുതരുന്നു ഇഷിഗുരോയുടെ അനുഭവം. എഴുത്തും വിചിന്തനവും എഡിറ്റിങ്ങും ഒക്കെ പ്രധാനമായും എഴുത്തുകാരുടെ തലയ്ക്കുള്ളില്‍ നടന്നിരുന്ന കാലത്തെ നൊബേല്‍ ജേതാക്കളുടേതില്‍ നിന്നും വിഭിന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്ന സമ്മാനവുമാണിത്.

ഒറ്റയ്ക്കുള്ള പോരാട്ടങ്ങളുമായി നിരവധി എഴുത്തുകാരും ഈ കാലത്തുണ്ട്.പേപ്പറും പേനയും തലനിറയെ ആശയങ്ങളും മാത്രം മുതല്‍മുടക്കി സാഹിത്യരചനയുടെ സ്വന്തം വഴികള്‍ വെട്ടിത്തെളിക്കുന്നവര്‍. രാഷ്ട്രീയ/സാമൂഹ്യ പ്രതിജ്ഞാബദ്ധതയുള്ള രചനകള്‍, ആഖ്യാനത്തിലെ പുതുമകള്‍, സാഹിത്യം പുനര്‍നിര്‍വചിക്കാനുള്ള കഴിവ് എന്നതിനൊക്കെ ഒപ്പം എഴുത്ത് എന്ന പ്രക്രിയയെ അക്കാദമിക് പ്രവൃത്തിയായി കാണുകയും അതിലെ ന്യൂനതയില്ലായ്മ ഇത്തരം പുരസ്കാരങ്ങളില്‍ വലിയ യോഗ്യതയാവുകയും ചെയ്‌താല്‍ എഴുത്തിലെയും വായനയിലെയും സര്‍ഗാത്മകത നശിക്കുമോ? ആരുടേയും തലച്ചോറ് വിലയ്ക്കെടുക്കാനാവാത്തിടത്തോളം അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാനുള്ള വക ഇഷിഗുരോയുടെ ഈ വാക്കുകളില്‍ഉണ്ട് :

“ഞാന്‍ എഴുതുമ്പോള്‍/വായിക്കുമ്പോള്‍ എന്‍റെ തോളിനുമുകളിലൂടെ ഏതെങ്കിലും ഇമാജിനേഷന്‍പോലീസ് നോക്കിനില്‍ക്കുന്നത് ഞാന്‍ വെറുക്കുന്നു.”

ജോസ് വർഗീസ്- സൗദി അറേബ്യയില്‍ ജസാന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാണ്. ലേയ്ക്-വ്യൂ , സ്ട്രാന്‍ഡ്സ് പബ്ലിഷേഴ്സ് എന്നിവയുടെ എഡിറ്റര്‍. ഇംഗ്ലീഷില്‍ എഴുതുന്നു, മലയാളം-ഇംഗ്ലീഷ് , ഇംഗ്ലീഷ്-മലയാളം വിവര്‍ത്തനങ്ങള്‍ ചെയ്യുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook