2017 മാന്‍ ബുക്കര്‍ സമ്മാനം ജോര്‍ജ് സോണ്ടേഴ്സിന്രെ  ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ (‘Lincoln in the Bardo’, Bloomsbury, 2017) കരസ്ഥമാക്കിയത് അധികമാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. ബ്രിട്ടീഷ്‌ സാഹിത്യവും കോമണ്‍വെല്‍ത്ത് എന്നറിയപ്പെടുന്ന പഴയ ബ്രിട്ടീഷ്‌ കോളനികളിലെ ആംഗലേയ സാഹിത്യവും മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ സമ്മാനപ്പട്ടികയില്‍ മറ്റൊരു അമേരിക്കന്‍ എഴുത്തുകാരന്‍ കൂടി ഇടം നേടിയിരിക്കുന്നു. വെറും നാല് വര്‍ഷമേ ആയിട്ടുള്ളൂ അമേരിക്കന്‍ എഴുത്തുകാരെ മാന്‍ ബുക്കറിന് പരിഗണിക്കാന്‍ തുടങ്ങിയിട്ട്. അത്തരം ഒരു തീരുമാനത്തെ എതിര്‍ത്ത ബ്രിട്ടീഷ്‌ എഴുത്തുകാരുടെയും വായനക്കാരുടെയും ആശങ്ക ശരിവെച്ച് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അമേരിക്ക ഈ പുരസ്ക്കാരത്തില്‍ ആധിപത്യം ഉറപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിയുടെ ‘The Sellout’ (Farrar, Straus and Giroux, 2015) ആയിരുന്നു ബുക്കര്‍ നേടിയത്. വമ്പന്‍ അമേരിക്കന്‍ പ്രസാധകര്‍ ബുക്കര്‍ കയ്യേറുമോ എന്ന ബ്രിട്ടീഷ്‌ ആശങ്കയില്‍ കഴമ്പില്ലാതില്ല. പക്ഷെ ഈ രണ്ടു പുസ്തകങ്ങളും ബുക്കര്‍ അല്ലെങ്കില്‍ മറ്റു പല പുരസ്ക്കാരങ്ങളും അര്‍ഹിക്കുന്നവ തന്നെയാണ്.

‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ വരും ദശകങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു പുസ്തകമാണ്. നോവല്‍ ആഖ്യാനത്തിന്‍റെ സൗന്ദര്യശാസ്ത്രം മാറ്റിയെഴുതപ്പെടുന്നു ഇതില്‍. 166 ആഖ്യാതാക്കളിലൂടെ ഒരു കഥാലോകം നിര്‍മ്മിക്കുന്നു സോണ്ടേഴ്സ്. 1862 ല്‍ നടന്ന ഒരു സംഭവമാണ് ഇതില്‍ കഥാവസ്തുവാക്കിയിരിക്കുന്നത്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ തന്‍റെ പതിനൊന്നുവയസ്സുകാരനായ മകന്‍ വില്ലിയുടെ മരണത്തിനും സംസ്ക്കാരത്തിനും ശേഷം രാത്രിയില്‍ സെമിത്തേരിയില്‍ പോയിരുന്നു എന്നതും അവന്‍റെ ശവപ്പെട്ടി കല്ലറ തുറന്ന് പുറത്തെടുത്തിരുന്നു എന്നതുമാണ്‌ ഈ നോവലിന്‍റെ കേന്ദ്രബിന്ദു. ലിങ്കണ്‍ വില്ലിയുടെ ശവശരീരവുമായി സംവദിച്ചതിനെ ഒരു ആധുനിക പിയേത്ത-മുഹൂര്‍ത്തമായാണ് സോണ്ടേഴ്സ് കാണുന്നത്. നോവലിൽ അമേരിക്കന്‍ സിവില്‍ വാറിന്രെ പശ്ചാത്തലം ഒരു പ്രധാന വിഷയമാണ്. പക്ഷെ ഇതിലെല്ലാമുപരി ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാന്‍ സോണ്ടേഴ്സ്  കാട്ടിയ ധൈര്യമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

Read More: നൊബേൽ ജേതാവ് ഇഷിഗുരോയെ കുറിച്ച് ജോസ് വർഗീസ് എഴുതിയ ലേഖനം ഇവിടെ വായിക്കാം ഇഷിഗുരോ വഴികൾ, സാഹിത്യ രചനയുടെ സർഗാത്മകതയിലേയ്ക്കുളള പഠന മാർഗം 

ലിങ്കന്‍റെ പരിചയക്കാരുടെയും ഓഫീസിലെ ജോലിക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ രേഖപ്പെടുത്തലുകള്‍ – പുസ്തകങ്ങളുടെയോ, ഡയറികളുടെയോ എഴുത്തുകളുടെയോ ഒക്കെ രൂപത്തില്‍ – പ്രത്യക്ഷപ്പെടുന്നുണ്ട് ഈ നോവലില്‍. സമൂഹമാധ്യമങ്ങളിലെ ചെറുകുറിപ്പുകളെ ഓര്‍മ്മിപ്പിക്കാം ഇത്. പക്ഷെ അതെല്ലാം അങ്ങനെ ശ്രദ്ധകൊടുക്കാതെ ഓടിച്ചുവായിച്ചുവിടാന്‍ നമ്മെ അനുവദിക്കുന്നുമില്ല സോണ്ടേഴ്സ് . മിക്കപ്പോഴും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്നെങ്കിലും വ്യതിരിക്തമായ കാഴ്ചപ്പാടുകളാണ് അവയിലുള്ളത്. ചില പ്രസ്താവനകളാകട്ടെ പരസ്പര വിരുദ്ധവുമാണ്.

George Saunders, lincoln in bardo, booker prize winner, booker prize 2017, merican writer,

ഇതിനുമൊക്കെ അപ്പുറം സോണ്ടോഴ്സ് ഒരു വലിയ സാഹസത്തിന് മുതിരുന്നുണ്ട്. ശവപ്പറമ്പിലെ ആത്മാക്കളുടെ ആഖ്യാനമാണത്. നോവലിന്‍റെ പേരിലെ ‘ബാര്‍ഡോ’ ടിബറ്റന്‍ ബുദ്ധമത വിശ്വാസപ്രകാരം ഒരു ജീവിതാവസ്ഥയ്ക്കും മറ്റൊന്നിനും ഇടയിലുള്ള ഒരു കാലമാണ് . ആത്മാവ് ശരീരത്തെ വിട്ട് പൂര്‍ണ്ണമായും മറ്റൊരു അവസ്ഥയിലേക്ക് പോകുന്നതിന്‍റെ ഇടവേള. പുനര്‍ജ്ജന്മം എന്ന വിശ്വാസം ഉണ്ടെങ്കില്‍ ഈ അവസ്ഥയെ മരണം എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാവും. സോണ്ടേഴ്സ് കാട്ടിത്തരുന്ന ആത്മാക്കള്‍ ഡാന്‍റെയുടെ Purgatory യെയും (മരണാനന്തര ശുദ്ധീകരണസ്ഥലം) ഓര്‍മ്മയില്‍ കൊണ്ടുവന്നേക്കാം. ആത്മാക്കള്‍ക്ക് രൂപാന്തരം സംഭവിക്കുന്നുണ്ട്. അവയില്‍ ചിലതൊക്കെ പ്രകൃതിയിലെ തന്നെ മറ്റെന്തോ ജീവാവസ്ഥകളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആത്മാക്കളുടെ ശബ്ദങ്ങള്‍ മാത്രമാണ് നമുക്ക് ലഭ്യമാകുന്നത്. അവരുടെ വിവരണങ്ങളില്‍ നിന്നാണ് മറ്റുള്ളവരുടെ രൂപാന്തരവും പ്രവൃത്തികളും പല വീക്ഷണകോണുകളിലൂടെ നമ്മിലെത്തുന്നത്. ഇവരോടൊപ്പം ഒരു ആത്മാവായി ലിങ്കന്‍റെ മകന്‍ വില്ലിയും എത്തിച്ചേരുന്നു, തന്‍റെ മരണത്തെപ്പറ്റി മനസ്സിലാക്കാതെ. മറ്റുള്ള ആത്മാക്കളും മരണം, ശവം, ശവപ്പെട്ടി, കല്ലറ എന്നൊക്കെയുള്ള വാക്കുകള്‍ ഒഴിവാക്കുന്നു. ഒരു അസുഖാവസ്ഥ ആയാണ് അവര്‍ മരണത്തെ കാണുന്നത്.

ചെറിയ കുട്ടിയായ വില്ലിയെ സംരക്ഷിക്കാന്‍ ആത്മാക്കള്‍ ശ്രമിക്കുന്നുണ്ട്, പ്രത്യേകിച്ചും ദുഖിതനായ എബ്രഹാം ലിങ്കണ്‍ ശ്മശാനത്തിലേക്ക് കടന്നുവരുമ്പോള്‍. തന്നെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള വരവാണിതെന്നു കരുതുന്ന വില്ലിയുടെ ആത്മാവിനെ വേദനിപ്പിക്കുന്നത് തന്നെ ശ്രദ്ധിക്കാതെ തന്‍റെ ഉപേക്ഷിക്കപ്പെട്ട ശരീരത്തോട് മാത്രം അച്ഛന്‍ സംവദിക്കുമ്പോഴാണ്‌. എന്നാല്‍ അവിശ്വസനീയമായ ഈ സംഭവം കണ്ടു നില്‍ക്കുന്ന ആത്മാക്കളില്‍ അതുവരെയില്ലാത്ത പല പ്രതീക്ഷകളും ഇത് ഉയര്‍ത്തിവിടുന്നു. വായിച്ചുമാത്രം അറിയേണ്ട ഒരു അനുഭവമായി മാറുന്നു പിന്നത്തെ സംഭവങ്ങള്‍.

Read More: മാൻബുക്കർ ജേതാവായ ജോർജ് സോണ്ടേഴ്സിനെ കുറിച്ച് കഥാകൃത്തായ കെ വി പ്രവീൺ എഴുതിയ ലേഖനം ഇവിടെ വായിക്കാം  ഇരുളിനും മീതെ 

ഇതുവരെ ആര്‍ക്കും പരിചിതമല്ലാത്ത ഒരു ആഖ്യാനസങ്കേതം ഉപയോഗിക്കുമ്പോള്‍ അത് പല വിവാദങ്ങളിലേക്കും നയിച്ചേക്കാം. വാഴ്ത്തപ്പെടുന്നതിനോടൊപ്പം തന്നെ പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വരികയും ചെയ്യാം ഈ പുസ്തകം വരുംകാലങ്ങളില്‍. അത്തരം അപകടസാധ്യതകള്‍ മുന്നില്‍ കണ്ടു തന്നെയാണ് സോണ്ടേഴ്സ്  ഈ നോവല്‍ രചിച്ചിരിക്കുന്നത്. തീര്‍ത്തും അപരിചിതമായ ഈ ആഖ്യാനലോകത്തിലേക്കുള്ള എടുത്തുചാട്ടം യൂറോകേന്ദ്രീകൃത സൗന്ദര്യസങ്കല്‍പ്പത്തെ അപനിര്‍മ്മിക്കുമെന്നതില്‍ സംശയമില്ല. ആ അര്‍ത്ഥത്തില്‍ നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന നോവല്‍ ആഖ്യാനകലയില്‍ വലിയമാറ്റത്തിനു ഇത് വഴി തെളിച്ചേക്കാം. അതേ സമയം ഇറ്റാലോ കാല്‍വിനോയുടെ if on a winter’s night a traveler (1979) പോലെ സമാനതകളില്ലാത്ത, അനുകരണങ്ങളുടെ പ്രസക്തി നിഷേധിക്കുന്ന, ഒരു പുസ്തകവുമാവും ഇത്.

സോണ്ടേഴ്സ്  ഇത്രമാത്രം ധൈര്യം എവിടുന്ന് കരസ്ഥമാക്കി എന്ന ചോദ്യത്തിനുത്തരം അദ്ദേഹത്തിന്‍റെ സാഹിത്യജീവിതത്തിലെ പ്രത്യേകതകള്‍ തരും. മുപ്പത്തിയേഴാം വയസ്സിലാണ് ജിയോഫിസിസിസ്റ്റായിരുന്ന അദ്ദേഹം ആദ്യപുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചെറുകഥകളും ഒരു ചെറുനോവലും അടങ്ങിയ Civil War Land in Bad Decline (1996) എന്ന ആ പുസ്തകത്തിന് ശേഷം ഈ വര്‍ഷം ആദ്യ നോവലായ Lincoln in the Bardo പ്രസിദ്ധീകരിക്കുന്നത് വരെ അയാള്‍ ചെറുകഥകളും ചെറുനോവലുകളും ഉപന്യാസങ്ങളും മാത്രമേ പ്രസിദ്ധീകരിചിട്ടുള്ളൂ. നിരവധി പുരസ്കാരങ്ങളിലൂടെയും അക്കാദമിക വായനകളിലൂടെയും സാഹിത്യലോകത്തെ ഒരു പ്രമുഖവ്യക്തിത്വമാകാന്‍ അന്‍പത്തെട്ടുകാരനായ സോണ്ടേഴ്സിന്  ഒരു നോവലിന്‍റെ തന്നെ ആവശ്യം ഇല്ലായിരുന്നു എന്ന് ചുരുക്കം.

Tenth of December (2013) എന്ന കഥാസമാഹാരത്തിലെ ‘Escape from Spiderhead’ എന്ന ചെറുകഥ സാൻഡേഴ്‌സിന്‍റെ പ്രതിഭ വെളിവാക്കുന്ന ഒന്നായി കരുതപ്പെടുന്നു. തന്‍റെ മറ്റു പല കഥകളിലുമെന്ന പോലെ ഇതിലും ഭാഷയുടെ അനന്യസാധ്യതകള്‍ അന്വേഷിക്കുന്നു കഥാകൃത്ത്‌. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ കഥയില്‍ പരീക്ഷണ ശാലയിലെ ഗിനിപ്പന്നികളാകുന്ന ചില ക്രിമിനലുകളാണ് മുഖ്യകഥാപാത്രങ്ങള്‍. മരുന്നുകള്‍ കുത്തിവെച്ച് ഇവരുടെ ഭാഷയെയും ചിന്തകളെയും അനുഭവങ്ങളെയും പെരുമാറ്റരീതികളെയും ഒക്കെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ വികസിക്കുന്ന കഥ താത്വികമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. നമ്മുടെ മനസ്സിനെയും ശരീരത്തെയും ചോദനകളെയും ഒക്കെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെങ്കില്‍ നമ്മുടെ തെറ്റുകളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും നമ്മുടേത്‌ മാത്രമാണോ എന്നതാണ് അതില്‍ പ്രധാനപ്പെട്ട ചോദ്യം.

സോണ്ടേഴ്സ്സിന്‍റെ കഥകളുടെയെല്ലാം പരിസരം അമേരിക്കയാണ്. അതില്‍ ഒട്ടുമിക്കവയും ഡിസ്ടോപ്പിയന്‍ ലോകവീക്ഷണം പിന്തുടരുന്നവയാണ്. കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയ ഒരു ലോകത്തെ മനുഷ്യരുടെ വിഹ്വലതകള്‍ ഇവയില്‍ നമുക്ക് കാണാം. ഇനി വരാന്‍ പോകുന്ന ലോകത്തെക്കുറിച്ച് അത്ര ആശാവഹമല്ലാത്ത കാഴ്ച്ചപ്പാടുകള്‍ പേറുന്ന ഇത്തരം കഥകളിലും വ്യത്യസ്തമായ തത്വചിന്തയും ദര്‍ശനങ്ങളും കൂട്ടിയിണക്കാന്‍ മറക്കുന്നില്ല സോണ്ടേഴ്സ്. ആദ്യനോവലില്‍ ഒരു ഡിസ്ടോപ്പിയന്‍ വീക്ഷണം പ്രതീക്ഷിച്ച വായനക്കാരെ അതിശയിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ ചരിത്രത്തിലെ ഒരു ചെറിയ മുഹൂര്‍ത്തം സോണ്ടേഴ്സ് Lincoln in the Bardo യില്‍ കഥാതന്തുവാക്കിയത്.

ഇത്തവണത്തെ ബുക്കര്‍ ലോങ്ങ്‌ലിസ്റ്റില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റില്‍ കടന്നുകൂടാഞ്ഞ ഉന്നത നിലവാരമുള്ള പല നോവലുകളും ഉണ്ട് – കമില ഷംസിയുടെ Home Fire, മൈക്ക് മക്-കോര്‍മാക്കിന്‍റെ Solar Bones എന്നിവ അതില്‍ എടുത്തുപറയേണ്ടവയാണ്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മോഹ്സിന്‍ ഹമിദിന്‍റെ Exit West, അലി സ്മിത്തിന്‍റെ Autumn എന്നിവ ഈ കാലഘട്ടത്തിന്‍റെ കഥകളാണ്. സാൻഡേഴ്‌സിന് ഇവ നല്ല മത്സരം തന്നെ നല്‍കി. ബ്രിട്ടീഷ്‌ വായനക്കാര്‍ അലി സ്മിത്തിന് ഇത്തവണ ബുക്കര്‍ കിട്ടണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. ബ്രെക്സിറ്റ് പശ്ചാത്തലമാക്കി എഴുതിയ ഈ നോവല്‍ കാലികപ്രസക്തിയോടൊപ്പം കലാമൂല്യവും ഉള്ളതാണ്. ഹമിദിന്‍റെ നോവല്‍ ആഗോള അഭയാര്‍ഥിപ്രശ്നങ്ങള്‍ക്ക് ഒരു അസാധാരണ പ്രണയകഥയിലൂടെ പുതിയ മാനങ്ങള്‍ നല്‍കുന്നു. പോള്‍ ആസ്റ്റര്‍ എന്ന പ്രമുഖനായ അമേരിക്കന്‍ എഴുത്തുകാരന്‍റെ 4 3 2 1 എന്ന എണ്ണൂറിലധികം പേജുകളുള്ള നോവലിനെയും പുതിയ എഴുത്തുകാരായ ഫിയോണ മോസ്-ലിയുടെ Elmet, എമിലി ഫ്രിഡ്-ലുണ്ടിന്‍റെ History of Wolves എന്നിവയെയും പിന്നിലാക്കിയാണ് സോണ്ടേഴ്സ്  ബുക്കര്‍ സ്വന്തമാക്കിയത്.

 

ജോസ് വർഗീസ്- സൗദി അറേബ്യയില്‍ ജസാന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാണ്. ലേയ്ക്-വ്യൂ , സ്ട്രാന്‍ഡ്സ് പബ്ലിഷേഴ്സ് എന്നിവയുടെ എഡിറ്റര്‍. ഇംഗ്ലീഷില്‍ എഴുതുന്നു, മലയാളം-ഇംഗ്ലീഷ് , ഇംഗ്ലീഷ്-മലയാളം വിവര്‍ത്തനങ്ങള്‍ ചെയ്യുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook