ലിഫ്റ്റ്
ആകാശം മുട്ടേയുള്ള എന്‍റെ
മൗനഗോപുരത്തിലേയ്ക്ക്
കയറി പോകാനുള്ള
ഏക വാക്ക്
ഒരേ വേഗതയിലെന്നെ
ഭൂമിയില്‍ നിന്നെടുത്തുയര്‍ത്താനും
മുറിയുടെ ഒരു മൂലയിലേക്ക്
വലിച്ചെറിയാനും
ഉപകരിക്കുന്ന യന്ത്രം
എന്‍റെ ആവശ്യങ്ങളെ
നിറമുള്ള പാക്കറ്റുകളിലാക്കി
അങ്ങോട്ടുമിങ്ങോട്ടും താരാട്ടുന്നവന്‍
ഒന്നും രണ്ടും നിലകള്‍ക്കിടയിലെ
അരനിമിഷത്തിന്‍റെയേകാന്തതയില്‍
പരിചയങ്ങള്‍ പുതുക്കാനുള്ളയേകയിടം
ആരും കാണാതെയുള്ളയെന്‍റെ
കവിള്‍ചുവപ്പുകളും
കണ്ണീര്‍ക്കടലുകളും
അപ്പാടെ വിഴുങ്ങുന്ന ഭീകരന്‍
എന്‍റെ ഓര്‍മ്മയുടെ
കയറ്റിറക്കങ്ങളുള്ള കോണിപ്പടികളെ
പിന്നിലാക്കി ഒരിക്കല്‍
എന്നെയും കൊണ്ട് ആകാശവും തുരന്ന്
പറക്കാനിരിക്കുന്ന ഭീമാകാരനായ പക്ഷി!