ഒന്നാം മാർത്ത, ഒരുപദേശിനി.
കറുത്ത് മെല്ലിച്ചു, അൽപ്പമുന്തിയ
പല്ലുകൾ കാട്ടി പുഞ്ചിരിച്ചു.
നീലം മുക്കിയ പരുക്കൻ
സാരി കൊണ്ട് പട്ടിണിയും
ദൈന്യതയും മറച്ചു.
സ്നേഹത്തിന്റെ,
പ്രത്യാശയുടെ
നിറകണ്ണുകളുമായി,
ദുഃഖ കടലിൽ നിന്ന് കരേറാൻ
ആരോ കൈയ്യിൽ തിരുകിയ
ബൈബിൾ നെഞ്ചോടു
ചേർത്തുവച്ചു, ‘ഉപദേശിനി
പണിക്ക്’ ഇറങ്ങിയവൾ.
വീടായ വീടൊക്കെ
കയറിയിറങ്ങി, വേനൽ
ചൂടിൽ ഉച്ചമയങ്ങുന്നവരെ
ഉണർത്തി, ഉമ്മറപ്പടിയിൽ
നിന്നു കൈകൾ രണ്ടും
ആകാശത്തേക്ക് നീട്ടി,
ഒന്നാം മാർത്ത ഉറക്കെ
പ്രാർഥിച്ചു…
കർത്താവേ!
എന്റെ യേശുവപ്പച്ചാ …
ഈ ഗൃഹത്തിലെല്ലാരേം
കാത്തുകൊള്ളേണമേ…
മയക്കാം വിടാതെ
ഗൃഹനാഥൻ, തോർത്ത്
തോളിൽ കുടഞ്ഞിട്ട്
അകത്തേക്ക് നോക്കി
പറഞ്ഞു, അമ്മിണീ,
മാർത്തക്കു ചോറ് വിളമ്പൂ.
രണ്ടാം മാർത്ത,
മഠത്തിലമ്മയുടെ
കൈപിടിച്ചുവളർന്നവൾ.
സ്വന്തം തന്തയാരെന്നു
അറിയാത്ത ഏകമകളെ
ഓർത്തു വീട്ടിനുള്ളിൽ
വിറകുകൊള്ളിപോലെ
നീറുന്നു അവളുടെ അമ്മ.
രൂപക്കൂട്ടിലെ മെഴുകുതിരി
വെട്ടത്തിൽ, ദൈവപുത്രന്റെ
കണ്ണിലെ സങ്കടക്കടൽ കണ്ടു
ഉറങ്ങാനാവാതെ രണ്ടാം മാർത്ത.
അഗാധമായ ഒരു സങ്കടക്കടൽ,
അലയടിക്കുന്ന പാപഭാരങ്ങൾ,
മുങ്ങിത്താഴുന്ന കുഞ്ഞാടുകൾ,
പിതാവ് പുത്രനായി ഒരുക്കിവച്ച
ദുഃഖത്തിന്റെ പാനപാത്രങ്ങൾ!

രൂപക്കൂട്ടിനുള്ളിൽ ദൈവപുത്രന്
ശ്വാസം മുട്ടുന്നുണ്ട്, കഴുത്തിൽ
കുടുക്കിട്ട കുപ്പായത്തിനുള്ളിൽ
രണ്ടാം മാർത്തക്കും ശ്വാസം മുട്ടി.
തുരുമ്പെടുത്ത ആണിയിൽ
തറഞ്ഞ പീഡനങ്ങൾക്കും
അതുകണ്ടു മനമുരുകിയ
വ്യാകുലമാതാവിനും മുമ്പിൽ
മുട്ടുകുത്തിനിന്ന് അകമുരുകി
അവൾ പ്രാർത്ഥിച്ചു.
ദൈവപുത്രാ… ആരുവരും
നിന്നെ രക്ഷിക്കാൻ?
ഈ ദുഃഖ കടലിൽ നിന്ന്
നിന്നെ ആരു കരകയറ്റും
കർത്താവേ…
അച്ചടക്കത്തിന്റെ വരകൾ
ലംഘിച്ചു അവളന്നാദ്യമായി
കഴുത്തിൽ കുരുങ്ങിക്കിടന്ന
കുപ്പായത്തിന്റെ കുടുക്കഴിച്ചു,
നീലഗേറ്റിട്ട മഠത്തിന്റെ വന്മതിൽ
ചാടിക്കടന്നു, രണ്ടാം മാർത്ത
നിരത്തിലെത്തി ശ്വാസം
നീട്ടി വലിച്ചു, രൂപക്കൂടിന്റെ
പടിയിൽ പിന്നെ അവളുറങ്ങി.
ആ ഉറക്കത്തിൽ അവൾ
കണ്ട സ്വപ്നത്തിൽ മഠം വിട്ടു
മാർത്തമാരുടെ കൈപിടിച്ച്
തെരുവിലിറങ്ങിയ
മഠത്തിലമ്മമ്മാരുടെ
ജാഥയുണ്ടായിരുന്നു.
നിന്ദിതർക്കും പീഢിതർക്കും
വേണ്ടി അവർ മുദ്രാവാക്യം
മുഴക്കികൊണ്ടിരുന്നു.
വേദപുസ്തകത്താളുകളിൽ
മാർത്തമാരുടെ ഒരായിരം
കൈയ്യൊപ്പുകൾ പതിഞ്ഞു.
അടുത്ത സന്ധ്യക്ക് രൂപക്കൂട്ടിൽ
രണ്ടാം മാർത്ത കത്തിച്ചു വച്ച
മെഴുകുതിരി വെട്ടത്തിൽ
ദൈവപുത്രന്റെ കണ്ണുകളിൽ
ആദ്യമായി പ്രത്യാശയുടെ
നറുനിലാവ് നിറഞ്ഞിരുന്നു.