കുറ്റാന്വേഷണം

I dreamt of detectives lost in the dark city.
I heard their moans, their disgust, the delicacy
Of their escape.**

ഷേര്‍ട്ടിന്റെ കീശയില്‍
ഹൃദയത്തിനു തൊട്ടുമീതെ
കൈത്തോക്ക് വെച്ച്
നടക്കാനിറങ്ങിയതായിരുന്നു,
ഞാന്‍.

എന്റെ പിന്നാലെ ഒരു
തെരുവുനായയും വന്നു.

കൂടെ ഞങ്ങളുടെ നിഴലുകളും.

അതുവരെയും വാസനിച്ച മണങ്ങള്‍
ഒരു പ്രാവശ്യം കൂടി ഞാനോര്‍ത്തു.

പട്ടണത്തിലെ പാര്‍ക്കില്‍
പത്തോളം ചിത്രശലഭങ്ങള്‍ക്കൊപ്പം
ഒരു ദിവസം മുഴുവന്‍
മരിച്ചുകിടക്കുകയായിരുന്ന യുവതി, അവളെ

പിന്നെ കാണാതാവുകയായിരുന്നു.karunakaran,poem,malayalam writer

ഞാന്‍ നായയോട് പറഞ്ഞു.

പാര്‍ക്കിലെ ആദ്യത്തെ ചെടിയുടെ മുമ്പില്‍ ഞാന്‍ ഇരുന്നു.
ചെടിയിലെ ഒരേയൊരു പൂവ് പറയുന്നതു കേള്‍ക്കാന്‍
ഞാനെന്‍റെ ചെവി ചേര്‍ത്തു.

എല്ലാ യുവതികളുടെയും അകാലത്തെ വിടവാങ്ങല്‍
ഓരോ പൂവും വിറയലോടെ മാത്രമേ ഓര്‍ക്കൂ,

ഞാന്‍ നായയോട്‌ പറഞ്ഞു.

നായ നടത്തം നിര്‍ത്തി.

അതിന്റെ ചെവികളില്‍ അന്നലഞ്ഞ തെരുവുകള്‍
നിശബ്ദമായപോലെ, നായ കണ്ണുകളടച്ചു.

ജന്തുസഹജം, ഞാന്‍ വിചാരിച്ചു.
ഈ തെരുവില്‍ നീ എത്ര നാളായി എന്ന്
ഞാന്‍ നായയോടു ചോദിച്ചു.

പാര്‍ക്കിലെ ചെടി ഏതായിരുന്നുവെന്ന്
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു:

പനിനീര്‍
പാരിജാതം
മുല്ലയോ
മുക്കുറ്റിയൊ

ഞാന്‍ നായുടെ അരികിലിരുന്നു.

ആ രാത്രി മൂന്ന്‌ പ്രാവശ്യമായി
നായ കാണാന്‍ പോകുന്ന സ്വപ്നമോര്‍ത്ത്
ഞാന്‍ വിവശനായി :

ഷേര്‍ട്ടിന്റെ കീശയില്‍ കൈത്തോക്ക് വെച്ച്
ജനല്‍ ചാടുന്ന ഒരാള്‍, റോഡില്‍
അയാള്‍ക്ക് പിറകെ കുതിക്കുന്ന നായ
തൊട്ടരികിലെ പാര്‍ക്കില്‍ നിന്നുയരുന്ന
പത്തോളം ചിത്രശലഭങ്ങള്‍

എന്നെ നോക്ക്, ഞാന്‍ നായയോടു പറഞ്ഞു:
അവളെ പക്ഷെ കാണാതാവുകയായിരുന്നു.

എന്നെ വിശ്വസിയ്ക്ക് :

എല്ലാ മരണവും എല്ലാവരോടും ചെയ്യുന്നപോലെ
തെളിവുകളില്ലാതെ
ഓര്‍മ്മിക്കുക എന്നു മാത്രം
ആവശ്യപ്പെട്ട്.

**റോബര്‍ട്ടോ ബൊലാഞ്ഞോയുടെ The Detectives എന്ന കവിതയിലെ വരികള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook