വീരപ്പെരുമാള്‍ അതിരാവിലെ ഉണര്‍ന്ന് എനിക്കാവശ്യമുള്ളതെല്ലാം എടുത്തുവെച്ച് പോകാനൊരുങ്ങി. ഇറങ്ങുംമുമ്പ് യാത്ര ചോദിക്കാനായി അടഞ്ഞ വാതില്‍പ്പുറത്ത് മുട്ടണോ വേണ്ടയോ എന്ന ശങ്കയോടെ അയാള്‍ നില്‍ക്കുന്നത് ജാലകവിരിയുടെ തൊങ്ങലുകള്‍ക്കിടയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു.ആ കാഴ്ച്ച പകര്‍ന്ന ക്രൂരമായ ഒരുതരം ആനന്ദത്തോടെ ഏറെനേരം അയാളെ അങ്ങനെ നിര്‍ത്തിയിട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. ഉള്ളിലുള്ളത് മൂടിവെച്ച് പ്രസന്നത ഭാവിക്കാന്‍ കഴിയാത്തതുകൊണ്ട് മുറുകിയ മുഖത്തോടെ ഞാന്‍ നിന്നു. എനിക്കപ്പോഴും അയാളോടുള്ള ദേഷ്യവും പരിഭവവും മുഴുവനായും തീര്‍ന്നിരുന്നില്ല.

“ബബീ, മനസ്സിലുള്ളത് അപ്പാടെ പുറത്തെടുക്കാതെ പുറമെ മറ്റൊന്ന് അഭിനയിക്കാന്‍ നീ പഠിക്കണമെന്ന് “പലരും പലവട്ടം കാര്യമായി ഉപദേശിച്ചിട്ടുണ്ടെങ്കിലും എനിക്കിതുവരെ അതിന് കഴിഞ്ഞിട്ടില്ല. ഞാനൊട്ട് ശ്രമിച്ചിട്ടുമില്ല. അതാവും തുലാസ്സില്‍ ശത്രുക്കളുടെ തട്ടിന് ഇത്ര കനം.

“ചിന്നമ്മാ ,ഞാന്‍ പോകട്ടുമാ, ഉടുപുടവൈകള്‍ എല്ലാത്തെയും തേച്ച് അലമാരയിലെ വച്ചിട്ടുണ്ട്,കായ്കറികള്‍ ഫ്രിഡ്ജിലെ ഉണ്ട് ,വേണ്ടിയ നേരത്തിലെ എടുത്ത് സൂടാക്കി സാപ്പിട മറക്കാതെ. ഒടമ്പ് റൊമ്പ ഭദ്രമാ പാത്തുക്കണം.”

പിന്നെയും ഒരുപാട് ഓര്‍മ്മപ്പെടുത്തലുകളോടെ പെരുമാള്‍ പടിയിറങ്ങിയപ്പോള്‍ പെട്ടെന്ന് അയാളെ എനിക്കെന്റെ അമ്മയെ പോലെതോന്നി. എത്ര കലഹിച്ചാലും അതൊന്നും കണക്കിടാതെ പിന്നെയും! പെരുമാളിനോട് കലഹിച്ചതില്‍ എനിക്ക് ഒരുവിധത്തിലുമുള്ള ആത്മനിന്ദയും തോന്നിയില്ല. ഇനിയൊരിക്കലും അടുക്കാനാവാത്ത വിധം അരവിന്ദ്‌ എന്നില്‍നിന്നും അകന്നുപോയതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും പെരുമാളിന്‍റെ ചുമലുകളില്‍ ഞാന്‍ വെച്ചതും മനഃപൂര്‍വ്വമല്ല. അത്രയേറെ ഉറപ്പുള്ള എന്‍റെ ചില വിശ്വാസങ്ങളാണ് കളിതമാശയെന്നോണം അയാള്‍ തകര്‍ത്തെറിഞ്ഞത്. അരവിന്ദുമായി ബന്ധപ്പെട്ടാണ് ചില വിശ്വാസങ്ങള്‍ ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്നത്.

ഏഴു വര്‍ഷങ്ങള്‍ പിന്നിടുന്ന ആ ബന്ധം നിലനിര്‍ത്തുന്നതും ഈ വിശ്വാസങ്ങള്‍ തന്നെയാണെന്ന് പലവട്ടം അവതന്നെ എനിക്ക് തെളിയിച്ചുതന്നിട്ടുമുണ്ട്. സ്വീകരണ മുറിയുടെ മൂലയ്ക്ക് വെച്ചിരിക്കുന്ന പെയിന്റടർന്ന ഫ്ളവര്‍ സ്റ്റാന്റ് , മെയിന്‍ ഡോറിന് പുറകില്‍ ഒട്ടിച്ച തിളങ്ങുന്ന നീല സ്റ്റിക്കര്‍, ഷൂ സ്റ്റാന്റില്‍ വാററ്റുപോയിട്ടും സൂക്ഷിക്കുന്ന ജോഡി നഷ്ടപ്പെട്ട പിങ്കുനിറചെരുപ്പ്, പിഞ്ഞിതുടങ്ങിയിട്ടും കാത്തുവെച്ചിട്ടുള്ള ചില വസ്ത്രങ്ങള്‍, കമ്പ്യൂട്ടര്‍ സ്റ്റാന്റില്‍ ചുവന്ന അളുക്കില്‍ സൂക്ഷിച്ചിരിക്കുന്ന പച്ച വളപ്പൊട്ടുകള്‍, കിടക്ക മുറിയില്‍ കഴുത്തു വെട്ടിയ വലിയ പ്ലാസ്റ്റിക് ബോട്ടിലില്‍ നട്ട ശതാവരിച്ചെടി. ഇതെല്ലാം പെരുമാളിന് അസംബന്ധങ്ങളും അന്ധവിശ്വാസങ്ങളുമാണെങ്കിലും ഇവയ്ക്കെല്ലാം അരവിന്ദുമായി ചില ബന്ധങ്ങളുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ ജീവിതത്തിലേയ്ക്ക് അരവിന്ദ്‌ കയറിവന്ന അന്നുതന്നെയാണ് ഇവയും എന്‍റെ കൈവശം വന്നുചേര്‍ന്നത്. ഇവയില്‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കുമ്പോഴോ കൈമോശം വരുമ്പോഴോ അരവിന്ദുമായുള്ള സൗഹൃദവും അവസാനിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു.

‘നിനക്കെന്താ വട്ടുണ്ടോ ബബീ? അതോ വട്ട് അഭിനയിക്കുന്നതോ? എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് ! നിന്‍റെ മെന്‍റല്‍സ്ട്രെങ്ങ്ത് ലോ ലെവെലാണ് അത് ഇംപ്രൂവ് ചെയ്യാന്‍ ശ്രമിക്കൂ അല്ലാതെ ഇതിങ്ങനെ തുടര്‍ന്നുപോകുന്നതില്‍ ഒരര്‍ഥവുമില്ല. കഷ്ടം.” പലപ്പോഴും ഇവയില്‍ ഏതെങ്കിലുമൊന്നിന്‍റെ സ്ഥാനചലനത്തില്‍ പോലും അസ്വസ്ഥയാകുന്ന എന്നെ കണ്ട് അരവിന്ദ്‌ കുറ്റപ്പെടുത്തി.mini p c ,story

‘നിന്‍റെ മെന്‍റല്‍സ്ട്രെങ്ങ്ത് ലോ ലെവെലാണ് അത് ഇംപ്രൂവ് ചെയ്യാന്‍ ശ്രമിക്കൂ.’ എന്ന അരവിന്ദിന്‍റെ നിരന്തര ഉപദേശമാണ് എന്നെ ചിന്താക്കുഴപ്പത്തിലാക്കിയത്. ഇക്കാലം കൊണ്ട് എത്രയേറെ യുദ്ധങ്ങളും ദുരന്തങ്ങളും കടന്നുപോയ മനസ്സാണ്, മുറിവുകളും ചതവുകളും അംഗഭംഗങ്ങളുമായി അത് വല്ലാതെ തളര്‍ന്നിരുന്നു. ഇനിയത് ഇതില്‍കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് എങ്ങനെയാണ്? ശിഷ്ട ജീവിതം വൈകാരികമായ ഇത്തരം വിശ്വാസങ്ങളോടും,അരവിന്ദ്‌ എന്ന മനുഷ്യനോടുമുള്ള അധിക പറ്റിച്ചേരലായി പരിണമിച്ചതും ഒരുപക്ഷേ, ഭൂതകാലമേല്‍പ്പിച്ച ആ വാടാമുറിവുകള്‍ കൊണ്ടാവാം. എന്നിട്ടും എന്നെ ബലപ്പെടുത്താനുറച്ച് കുറെനാള്‍ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ഞാന്‍ നടന്നു. അക്കാലത്താണ് ,

“ചിന്നമ്മാ ,അന്ത പഴയ സ്റ്റാന്‍റ് കാട്ടിലേ തൂക്കിപ്പോട്ടാച്ച്. ഇത് എപ്പടിയിരുക്ക് ?” എന്ന ചോദ്യവുമായി ഒരു രാത്രി പെരുമാള്‍ എനിക്കരികിലെത്തിയത്.അന്ന് രാവിലെ മുതല്‍ ഞാനും അരവിന്ദും കൊടുമ്പിരിക്കൊണ്ട വഴക്കുകളിലായിരുന്നു. അയാളെ വിളിച്ചു വിളിച്ച്‌ എന്‍റെ വിരലുകള്‍ക്ക് നോവുകിട്ടിയതല്ലാതെ അയാള്‍ കോള്‍ അറ്റന്‍ഡ്‌ ചെയ്തതേയില്ല. ആ ദേഷ്യത്തില്‍ ഇരിക്കുമ്പോഴാണ് സ്റ്റാന്‍റ് കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ വാര്‍ത്തയുമായി പെരുമാള്‍ വരുന്നത് . അപ്പോള്‍ അരവിന്ദും ഞാനും കലഹിച്ചതിന്‍റെ കാരണം അതാണ്‌. ‘നിങ്ങള്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ ?വേഗം പോയി അതെടുത്തുകൊണ്ട് വരൂ.’ എന്നു ഞാന്‍ പെരുമാളിനോട് അലറി. എന്‍റെ അലര്‍ച്ച കേട്ട് ഇരുളിലേക്ക് അയാള്‍ പാഞ്ഞു. കറുത്ത മാര്‍ജ്ജാരക്കൂട്ടം പോലെ കട്ടകുത്തിയ ഇരുളില്‍,കാട്ടില്‍ മണിക്കൂറുകളോളം തപ്പിത്തിരഞ്ഞാണ് ആ പഴഞ്ചന്‍ സ്റ്റാന്റുമായി ക്ഷീണിതനായി പെരുമാളെത്തിയത് .തളര്‍ന്ന ചിരിയോടെ നടുമുറ്റത്ത് കുത്തിയിരുന്ന് തോളിലിട്ട നീലതോര്‍ത്തു കൊണ്ട് അത് വൃത്തിയായി തുടച്ച്‌ പുനഃപ്രതിഷ്ഠക്കുന്നതിനിടെ ശബ്ദം താഴ്ത്തി അയാള്‍ പാട്ടുപോലെ പിറുപിറുത്തതില്‍ “പൈത്യം “എന്ന വാക്ക് മാത്രം ഞാന്‍ വ്യക്തമായി കേട്ടു. പക്ഷേ. അതെക്കുറിച്ച് ആലോചിച്ചു തലപുകയ്ക്കും മുന്‍പേ എനിക്ക് അരവിന്ദിന്‍റെ വിളിവന്നു, ഞങ്ങള്‍ യോജിപ്പിലാകുകയും ചെയ്തു.അതോടെ ഞാനെന്‍റെ വിശ്വാസങ്ങളില്‍ കൂടുതല്‍ ഉറച്ചു.

കുറേ ദിവസങ്ങള്‍ക്ക് മുന്‍പാണ് അത് സംഭവിച്ചത്. ഒരുപാട് കാത്തുസൂക്ഷിച്ചിട്ടും തളിര്‍ത്തു കൊഴുത്തു നിന്നിരുന്ന എന്‍റെ ശതാവരി ചീഞ്ഞു. മെയിന്‍ ഡോറിന് പുറകിലെ തിളങ്ങുന്ന നീല സ്റ്റിക്കറും, കുപ്പിവളപ്പൊട്ടുകളും ജോഡി നഷ്ടപ്പെട്ട ചെരിപ്പും രാശിയുള്ള വസ്ത്രങ്ങളും പഴയ ഫ്ളവര്‍ സ്റ്റാന്‍റ്റും ഒരുമിച്ച്‌ അപ്രത്യക്ഷമായി. തലേന്ന് രാത്രി ദീര്‍ഘനേരം അവയെപ്പറ്റി ഞാനും അരവിന്ദും നീണ്ട ഫോണ്‍യുദ്ധം നടത്തിയിരുന്നു. പിറ്റേന്ന് ഒരു അനുരഞ്ജനം പ്രതീക്ഷിച്ച് ഉണര്‍ന്നെണീറ്റപ്പോഴാണ് അവ നഷ്ടപ്പെട്ട വിവരം ഞാനറിയുന്നത് പെരുമാളിനോട് ശണ്ഠ കൂടിയും വീടാകെ തിരഞ്ഞും ഞാന്‍ തളര്‍ന്നു. നാലുരാവും നാല് പകലും തിരഞ്ഞിട്ടും അവ എവിടെയെന്ന് വീരപ്പെരുമാള്‍ അറിഞ്ഞതായി ഭാവിച്ചില്ല. വിവരമറിഞ്ഞ് ആശ്വസിപ്പി ക്കാന്‍ അരവിന്ദ്‌ എത്തുമെന്നും സമാശ്വാസം പകരുമെന്നും പ്രതീക്ഷിച്ചുവെങ്കിലും അതും ഉണ്ടായില്ല ഞാന്‍ തകര്‍ന്നുപോയി എന്‍റെ കോപമിരട്ടിച്ചു.mini p c, story

വീരപ്പെരുമാളിനെ കാണുന്നതുതന്നെ എനിക്ക് ദേഷ്യമായി. ‘നിങ്ങളെയിനി കാണണ്ട എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൊള്ളു.” എന്ന് മുരണ്ടുകൊണ്ട് ഉണ്ണാതെ, ഉറങ്ങാതെ മുറിയില്‍ ഞാനെന്നെ പൂട്ടിവെച്ചു.വീണ്ടും മൂന്നു ദിവസം കൂടി കഴിഞ്ഞ്‌ പെരുമാള്‍ അറിയിച്ചതനുസരിച്ച് അരവിന്ദ്‌ വന്നു. അയാളുടെ മുഖം വിവര്‍ണ്ണമായിരുന്നു. മുഖവുരകൂടാതെ അയാള്‍ കാര്യത്തിലേക്ക് കടന്നു .

“എനിക്ക് നിന്നെ പേടിയാകുന്നു ബബീ. നീയുമായി സൗഹൃദത്തിലാവുമ്പോള്‍. ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഇപ്പോള്‍ ഭയം മാത്രമേയുള്ളൂ. നീയീ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളില്‍ നിന്ന് എന്നെ ദയവായി ഒഴിവാക്കൂ. ഇത്രനാള്‍ ഞാൻ സഹിച്ചു. ഇനിവയ്യ. പെരുമാളിനെ വേണ്ടെങ്കില്‍ ഒഴിവാക്കൂ. വെറുപ്പിക്കുന്നതെന്തിനാണ്? ആളുകളെ വെറുപ്പിച്ചകറ്റിയതിനുശേഷം ഞാന്‍ ഒറ്റയ്ക്കായെന്നു പറയുന്ന നിന്‍റെ കാപട്യം അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.പിന്നെ…’

വാക്കുകൾ പൂര്‍ത്തിയാക്കാതെ അയാള്‍ പോയി .കൂര്‍ത്ത വാക്കുകളുടെ പല്‍ച്ചക്രങ്ങള്‍ എന്‍റെ ഹൃദയധമനികളെ കോര്‍ത്തുവലിച്ചു. എന്‍റെ ഒറ്റപ്പെടലിനെ എന്‍റെമാത്രം കുറവിന്‍റെ കുറ്റിയില്‍ അരവിന്ദ്‌ നിഷ്ക്കരുണം കെട്ടിയിട്ടത് എന്നെ വീണ്ടും വീണ്ടും പൊള്ളിച്ചു.കുഴപ്പം അയാളുടേതല്ല കാലത്തിന്‍റെതാണ്. കാലം നമ്മളെ പലര്‍ക്കും വില്‍ക്കും. അവരില്‍ ചിലര്‍ കൗതുകത്തോടെ കൈവെള്ളയില്‍ എടുത്തുനടക്കും, ചിലര്‍ ദാസ്യപ്പെടുത്തും,ചിലര്‍ അമൂല്യമെന്നോണം കാറ്റും വെളിച്ചവും കടക്കാത്ത അറകളില്‍ വെച്ച് പൂട്ടും എല്ലാത്തിന്‍റെയും ആകെത്തുക ഒന്നുതന്നെ മടുപ്പ് !

“താത്താ, കാശിനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വരണം.” മുറ്റത്തേ യ്ക്കിറങ്ങിയ പെരുമാളിനെ ഞാനോര്‍മ്മിപ്പിച്ചു. തികച്ചും ഔപചാരികമായാണ് ഞാനതുപറഞ്ഞത്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളെ ‘മനുഷ്യനെന്നും ‘ദുഷ്ടനെ’ന്നും ‘നിങ്ങള്‍’ എന്നുമൊക്കെയാണ് വിളിച്ചതെന്ന ചിന്തയില്‍ ശബ്ദം ചെറുതായി പതറിയത് അയാളറിയാതെ ഞാന്‍ മറയ്ക്കാന്‍ ശ്രമിച്ചു . താത്താ എന്ന വിളികേട്ട് അയാള്‍ വാത്സല്യത്തോടെ തിരിഞ്ഞു നിന്നു. വീരപ്പെരുമാള്‍ വന്ന ദിവസം ഞാനോര്‍ത്തു. ചെറുമക്കള്‍ വിളിച്ചിരുന്നതുപോലെ തന്നെ ‘താത്ത’ എന്ന് വിളിക്കാമോ എന്ന് അയാള്‍ അപേക്ഷിച്ചപ്പോള്‍ കൗതുകത്തോടെ തിരക്കി

‘താത്തയെന്ന് വെച്ചാല്‍ എന്താണ്?’

‘മുത്തച്ഛന്‍’ എന്നാണ് ‘ വൃദ്ധന്‍റെ കണ്ണുകള്‍ തിളങ്ങി. അന്നുമുതല്‍ എന്നും ആ ഒരു വിളിക്ക് വേണ്ടി മാത്രമാണോ അയാള്‍ ജീവിക്കുന്നത് എന്നുപോലും തോന്നിയ്ക്കുമാറ് അയാളുടെ കണ്ണുകളിലെ തിളക്കം കൂടിക്കൂടി വന്നുകൊണ്ടിരുന്നു

“താത്താ കാശിനെന്തെങ്കിലും.” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.പെരുമാള്‍ എനിക്കജ്ഞാതമായ ഏതോ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“താത്താവുക്ക് എതുക്ക് കാശ് ?’ എന്ന ചോദ്യത്തോടെ അയാള്‍ എന്നെ അല്‍പ്പനേരം നോക്കിനിന്നു. മുഖാമുഖമുള്ള ആ നില്‍പ്പില്‍ അയാളോടുള്ള എന്‍റെ ദേഷ്യം കുറഞ്ഞു വന്നു. വെളുത്ത കൊമ്പന്‍ മീശയ്ക്കു താഴെ പുകയിലക്കറ പുരണ്ട നിരന്ന പല്ലുകള്‍, മീശയ്ക്ക് മുകളില്‍ പ്രസന്നമായ ചെറിയ കണ്ണുകള്‍. വെളുത്ത മുണ്ടും കരിയിലനിറമുള്ള ഷര്‍ട്ടും, ഇടത്തെ തോളില്‍ വീതികുറച്ചു മടക്കിയിട്ട വെള്ളയില്‍ പച്ച നീളന്‍ വരകളുള്ള തോര്‍ത്ത് , കൈയില്‍ നിറം മങ്ങിയ ആ പഴഞ്ചന്‍ ഷോപ്പര്‍. പത്തുവര്‍ഷം മുമ്പ് ഈ പടികയറി വന്നതുപോലെതന്നെ!mini p c

‘പൊങ്കല്‍ കഴിഞ്ച് ശീഘ്രം തിരുമ്പി വരുവേ. വരുമ്പോത് സിന്ന അടിചിട്ടിക്കല്ല് , പച്ചമാവ്‌ എല്ലാത്തെയും കൊണ്ടുവാറെ.” വാത്സല്യവും നിഷ്ക്കളങ്കതയും കുഴഞ്ഞ വാക്കുകളില്‍ തന്‍റെ തിരിച്ചുവരവ്‌ ഉറപ്പിച്ച് അയാള്‍ നടന്നു. നടത്തത്തിനിടെ അപ്പോള്‍ പൊഴിഞ്ഞ വില്ലോട്രീയുടെ ഇലകള്‍ പെറുക്കിയും, പുതുതായി പുറംജോലികള്‍ക്ക് വന്ന ചെറുപ്പക്കാരന് നിര്‍ദേശങ്ങള്‍ നല്‍കിയും പുകമഞ്ഞില്‍ അയാള്‍ അപ്രത്യക്ഷനാവുന്നത് ആത്മനിന്ദയോടെ ഞാന്‍ കണ്ടുനിന്നു. ആകാശം മാത്രം നോക്കി വളര്‍ന്ന ഒറ്റത്തടി വൃക്ഷം പോലെ വളവുകളേതുമില്ലാത്ത ഒരു കറുത്ത വൃദ്ധന്‍ ആദ്യമായി ഈ പടികയറി വന്ന്‌ ആരുമില്ല, അനാഥനാണ്, എല്ലാ ജോലികളും ചെയ്തോളാം വര്‍ഷത്തില്‍ നാട്ടിലെ മാകാളിയമ്മന്‍ കോവിലിലെ പൊങ്കലിന് നാലുദിവസത്തെ അവധി മാത്രം തന്നാല്‍ മതി എന്നുപറഞ്ഞപ്പോള്‍ കൂടെനിര്‍ത്താന്‍ തോന്നിയ ചേതോവികാരം എന്തായിരുന്നുവെന്ന് ഇന്നും അറിയില്ല.

അനാഥത്വം ഏറെക്കുറെ ആസ്വദിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. വല്ലപ്പോഴും വരാറുണ്ടായിരുന്നത് അമ്മയായിരുന്നു . ആത്മകഥയെഴുത്തോടെ അതും അവസാനിച്ചു. അയല്‍ക്കാരിയായ ഗീതിക ചൗധരിയാണ് ആത്മകഥയെഴുതാന്‍ എന്നെ പ്രകോപിപ്പിച്ചത്. പെരുമാളിന്‍റെ ഉദ്യാനം ഭ്രാന്തമായി പൂവിട്ട കാലമായിരുന്നു അത്. നേരെ കണ്ടാല്‍ പോലും ചിരിക്കാന്‍ മടിച്ചിരുന്ന ഗീതികാ ചൗധരി പെരുമാളിന്‍റെ ഉദ്യാനത്തില്‍ ആകൃഷ്ടയായി ഏതുനേരവും ഈ മുറ്റത്തേക്ക് ഓടിവന്ന് എനിക്കൊരു ശല്യമായി മാറുകയായിരുന്നു .

‘വീരപ്പെരുമാളിന് വലിയ സൗന്ദര്യബോധമാണ്.അയാള്‍ വന്നതിന് ശേഷമാണ് ഇതൊരു സുന്ദര ഭവനമായത്!’ എന്ന അതിശയോക്തിയോടെ ഒരിക്കല്‍ അവരെന്‍റെ എഴുത്തുമുറി വരെ എത്തി.ദിവസങ്ങള്‍ നീണ്ട എഴുത്ത് ക്ഷീണത്തില്‍ പാതിമയങ്ങിയ എന്നെ ഇടയ്ക്കിടെ തട്ടിയുണര്‍ത്തിക്കൊണ്ട് അവര്‍ പറഞ്ഞു,

“ബബീ, നീ എന്നെക്കുറിച്ചൊരു കഥ എഴുതണം.” പലകുറി പറഞ്ഞിട്ടും മറുപടി കിട്ടാഞ്ഞ് പാതിമയക്കത്തിലായിരുന്ന എന്‍റെ മഞ്ഞില്‍ വിളറിയ കവിളുകളില്‍ മരവിച്ച കൈത്തലം ചേര്‍ത്തുവെച്ച്‌ അവര്‍ പരിഹസിച്ചു.” അമുല്‍ ബേബീ. നീ ഉറക്കം നടിച്ചുകൊള്ളൂ. നിന്‍റെ എഴുത്തില്‍ കത്തിപ്പുകയുന്ന സ്ത്രീമനസ്സുകളുണ്ടോ?അവരുടെ അമർത്തപ്പെട്ട വികാരങ്ങളുടെ ദീനമായ തേങ്ങലുകളുണ്ടോ?ഉണ്ടാവില്ല. അതെക്കുറിച്ചൊക്കെ നിനക്കെന്തറിയാം?”

“അവരുടെ പ്രകോപനം എന്നെ ഉണര്‍ത്തി. എങ്കിലും അവരെ ഞാന്‍ തിരുത്തിയില്ല. ആത്മബലികള്‍, ക്രൂശുകള്‍. ആത്മഹത്യകള്‍, പൊക്കിള്‍ക്കൊടി മുതല്‍ നീണ്ട അനാഥത്വം ഒക്കെയും എന്നില്‍ മാത്രമൊതുക്കി പുറമേയ്ക്ക് സംതൃപ്തയായ ഒരു പോമറേനിയന്‍ പട്ടിക്കുഞ്ഞായിരിക്കാനാണ് എന്നും ആഗ്രഹിച്ചത്. അതുകാണുമ്പോഴുളള ലോകത്തിന്‍റെ അസ്വസ്ഥതയില്‍ അതിരില്ലാത്ത ഒരാനന്ദം ഞാന്‍ അനുഭവിച്ചിരുന്നു. എന്നിട്ടും എന്തിനോ ഞാന്‍ ആത്മകഥ എഴുതി. അതിനായി കുറെനാള്‍ ഞാനെന്നെ നിര്‍ദയം തടവിലിട്ടു, കഴുകനെ പോലെ കൊത്തിപ്പറിച്ചു, രാകിമിനുക്കി. അടഞ്ഞ വാതിലില്‍ എപ്പോഴോ അമ്മ മുട്ടി വിളിച്ചു, ബഹളം കൂട്ടി. തുറന്നയുടനെ ഇറുക്കെ നെഞ്ചോടുചേര്‍ത്തുകൊണ്ടു ചോദിച്ചു, ‘എന്താ കുട്ടീ നിനക്ക്?’ .കിടക്കയിലും നിലത്തും ചിതറിയ കടലാസ്സുകള്‍ വാരി അമ്മയ്ക്ക് മുമ്പില്‍ വെച്ച് ആഹ്ലാദത്തോടെ ഞാന്‍ പുലമ്പി. “അമ്മേ. നോക്കൂ എന്‍റെ ആത്മകഥ “story,mini p c

അമ്മ ഞെട്ടലോടെ പേപ്പറുകള്‍ പിടിച്ചുവാങ്ങി കണ്ണോടിച്ചു പിന്നെ എല്ലാം ചുരുട്ടി ചവറ്റുകൊട്ടയിലെറിഞ്ഞു. “അരുത്, നീയതെഴുതരുത്, അത് പലരെയും വേദനിപ്പിക്കും പലരും വേദനിപ്പിക്കും. അനുഭവിച്ചതൊക്കെ മതിയായില്ലേ നിനക്ക്?നമുക്ക് ജീവിക്കണ്ടേ?” അമ്മ എന്തിനോ ഏറെ നേരം എന്നെ ചേര്‍ത്തു പിടിച്ചു.കട്ടിലിനെതിരെ അലമാരയുടെ നിലക്കണ്ണാടിയില്‍ ഞങ്ങളെ ഞാന്‍ കണ്ടു. പുകയുന്നതും പൊട്ടിത്തീര്‍ന്നതുമായ രണ്ട് തീമലകള്‍.

പിന്നീട് അമ്മ വന്നില്ല. മരിച്ച വിവരം പത്രത്തിലൂടെയാണ് അറിഞ്ഞത്. എന്‍റെ ഹൃദയത്തിന്‍റെ നാലറകളും വല്ലാതെ ശൂന്യമായി! ആ ശൂന്യതയിലേയ്ക്കാണ് ആകസ്മികമായി അരവിന്ദ്‌ കടന്നുവന്നത്. ശൂന്യയും ദുര്‍ബ്ബലയുമായ ഒരു സ്ത്രീയ്ക്ക് സ്വപ്നം കാണാന്‍, കൊതിയ്ക്കാന്‍, ആഹ്ലാദിക്കാന്‍ ഒരു പുരുഷന്‍റെ ആത്മാര്‍ത്ഥ സൗഹൃദം പോലെ മൂല്യവത്തായി മറ്റെന്താണുള്ളത്? അതാവും അത് ചോര്‍ന്നു പോകാതിരിക്കാന്‍ ഞാനേറെ ശ്രദ്ധാലുവായത്. അരവിന്ദ്‌ അസ്വസ്ഥനും ക്ഷുഭിതനുമാവുന്നത് അറിഞ്ഞിട്ടുകൂടി!

പുകമഞ്ഞ് പെരുമാളിനെ കാഴ്ച്ചയില്‍നിന്നും മറച്ചതോടെ ‘പെരുമാള്‍ എന്നെ വെറുത്തിട്ടില്ല ‘ എന്ന ചിന്തയില്‍ വെറുതെ നെഞ്ചുപതച്ചു. ഒരു വര്‍ഷം എത്ര വേഗമാണ് പോയത്. പൊങ്കലെത്തിയ കാര്യം ഞാന്‍ മറന്നുപോയിരുന്നു. അരവിന്ദുമായി പിണങ്ങിയാല്‍ പിന്നീട് ഒരുകാര്യവും ഓര്‍മ്മയിലുണ്ടാവില്ല. ഒന്നിലും മനസ്സുറയ്ക്കുകയുമില്ല. കഴിഞ്ഞ പൊങ്കലിന് പെരുമാള്‍ പോയി വരും വരെ പകലുകളില്‍ അരവിന്ദ്‌ എനിക്കരികില്‍ അല്‍പ്പനേരം ചെലവിട്ടിരുന്നു. സ്മോക്‌ ബുഷുകള്‍ അതിരിട്ട പെരുമാളിന്‍റെ ഉദ്യാനത്തിലിരുന്ന് ഞങ്ങള്‍ ചെസ്സ് കളിക്കുകയും ഗസലുകള്‍ കേള്‍ക്കുകയും ചെയ്തു .

പുറമേ വെളിച്ചം വെച്ചുതുടങ്ങുന്നതെയുള്ളു.പതിഞ്ഞ കാല്‍വെയ്പ്പുകളോടെ പതുങ്ങിയെത്തുന്ന വെളിച്ചക്കീറുകളെ പുകമഞ്ഞുപടലങ്ങള്‍ എന്നത്തെയും പോലെ വല്ലാതെ ലാളിച്ചുവഷളാക്കിയിരിക്കുന്നു അതാവും അവയിപ്പോഴും മഞ്ഞിന്‍റെ മടിയില്‍ കാല്‍വിരലുകളുണ്ട്‌ പ്രസരിപ്പറ്റു കിടക്കുന്നത്.രാത്രിവേഷം മാറാതെ,തലമൂടാതെ.ചെരുപ്പുകളണിയാതെ ഞാന്‍ പെരുമാളിന്‍റെ ഉദ്യാനത്തിലേക്കിറങ്ങി. ചിതറിയ മുടിയിഴകളിലേയ്ക്ക്‌ മഞ്ഞുതുള്ളികളെറിഞ്ഞ് ചിരിക്കുന്ന സ്മോക്ക് ട്രീ പൂക്കള്‍ക്ക് വിളറിയ മഞ്ഞയില്‍ നിന്നും പിങ്കും പര്‍പ്പിളുമായി നിറഭേദം സംഭവിച്ചിരിക്കുന്നു. വെളുത്തും തുടുത്തും മഞ്ഞച്ചും ഡാലിയകളും റോസും ജമന്തിയും നിലംപതുങ്ങികളും ഉറക്കമുണര്‍ന്നിരുന്നു. ഇലകളില്ലാത്ത വിധം പൂത്ത ഉദ്യാനം എന്തിനോ അരവിന്ദനെ ഓര്‍മ്മിപ്പിച്ചു. എനിക്ക് അയാളെ ഒരിക്കല്‍ക്കൂടി കാണണമെന്ന് തോന്നി.

ഞാന്‍ പതിയെ പുറമേയ്ക്ക് നടന്നു.പന്നലുകളും നിലംപതുങ്ങി പൂക്കളും കാമിക്കാന്‍ കൊതിക്കുന്ന ഇടവഴികളിലൂടെ , വളവുകളും പുളവുകളും കടന്ന് ഒടുവില്‍ ഞാനവിടെയെത്തി. കേട്ടറിവ് മാത്രമുള്ളോരിടത്ത്!പെരുമാളാണ് സായിപ്പന്മാരുടെ കാലത്ത് പണികഴിപ്പിച്ച ആ ഇരുനില വീടിനെക്കുറിച്ച് എന്നോട് പറഞ്ഞത് .യൂക്കാലിക്കാടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ആ വീടിനു വെളിയില്‍ ആരും ഉണ്ടായിരുന്നില്ല . പരിഭ്രാന്തിയോടെ ഞാന്‍ അകത്തേയ്ക്ക് നടന്നു .അകത്തെ മുറിയില്‍ തീരെ വെളിച്ചം കുറവായിരുന്നു. അരവിന്ദിനെ കാണുക, എന്നോടുള്ള സൗഹൃദം തീര്‍ത്തും ഉപേക്ഷിക്കരുതെന്ന് പറയുക, വിരല്‍തുമ്പിലൊന്നു തൊട്ട് കൂടെയുണ്ടെന്ന് ആശ്വസിപ്പിക്കാന്‍ അപേക്ഷിക്കുക. ഇത്രയുമായിരുന്നു ഉള്ളില്‍.mini p c, story

‘അരവിന്ദ്, അരവിന്ദ്.’ ഉറക്കെ വിളിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഒരുപരിധിക്കപ്പുറം ശബ്ദം പുറത്തുവന്നില്ല.

“ഉം…? ആരാ…എന്താ?” ഇരുളില്‍ പരുഷമായ ഒരു ചോദ്യം ഉയര്‍ന്നു .ഞാന്‍ അമ്പരപ്പോടെ ചുറ്റിലും നോക്കി . മുറിക്കുള്ളിലെ സോഫയില്‍ ഇരിപ്പുണ്ടായിരുന്ന യുവത്വം വിട്ടുമാറാത്ത ഒരു നീണ്ട ചുരുള്‍മുടിക്കാരിയാണ് ശബ്ദംകൊണ്ട് അവരുടെ സാന്നിധ്യമറിയിച്ചത്.
“അരവിന്ദ്‌?”
ഞാന്‍ ശ്രമപ്പെട്ട് ശബ്ദമെടുത്തു .
“ഇരിക്കൂ.”
അവര്‍ എതിരെയുള്ള ഒരു സെറ്റി ചൂണ്ടിക്കാട്ടി. ഇരുണ്ട കുഷ്യനുള്ള അതില്‍ ഞാനിരുന്നപാടെ ഒരു കറുത്ത പൂച്ച വല്ലാതെ വേദന കിട്ടിയെന്നോണം ഉറക്കെ കരഞ്ഞുകൊണ്ട് എങ്ങോട്ടോ ഓടിമറഞ്ഞു.ഞാന്‍ ഞെട്ടലോടെ സെറ്റിയില്‍ നിന്നും ചാടി എണീറ്റു.

“ങ്യാവൂ … ഭയന്നോ?” പൂച്ച ഉണ്ടാക്കിയതിനേക്കാള്‍ ഭീകരമായ ശബ്ദത്തില്‍ അതിനെ അനുകരിച്ചുകൊണ്ട് മുന്നിലിരുന്ന ചുരുള്‍മുടിക്കാരി ചിരിച്ചു.

ഞാന്‍ ആദ്യത്തേതിലും ഭയന്നുപോയിരുന്നു. ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നിട്ടും അരവിന്ദനോട് ഒന്നും ചോദിക്കാതിരുന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചു. ഞങ്ങള്‍ ഞങ്ങളെക്കുറിച്ചല്ലാതെ ഞങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന മറ്റൊന്നിനെപ്പ റ്റിയും സംസാരിച്ചിരുന്നില്ല. അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കേണ്ട ആവശ്യകത എന്താണ്? ഒന്നുമില്ല ഞാന്‍ എന്നെ തിരുത്തി.
‘ഇരിക്ക് .’ അവര്‍ വീണ്ടും സെറ്റിയിലേക്ക് ചൂണ്ടി.

ഇരുപ്പിനിടെ ഞാന്‍ വീണ്ടും ‘അരവിന്ദ്‌’ എന്ന് മന്ത്രിച്ചു .അത് ഇഷ്ടപ്പെടാത്ത മട്ടില്‍

“അരവിന്ദിനേയും അവന്‍റെ അച്ഛനേയും ഞാന്‍ മുകളില്‍ ഇരുത്തിയിരിക്കുകയാണ്. ഇന്ന് പുറത്തെങ്ങും വിടുകയില്ല .” എന്ന് അവര്‍ ഗൗരവത്തില്‍ അറിയിച്ചു .

“ഒന്നുകണ്ടാല്‍ മാത്രം മതി.”ഞാന്‍ അവരോട്‌ പതിയെ പറഞ്ഞു .

“ഉം .”അമര്‍ത്തിയ മൂളലോടെ അവര്‍ ടീപോയില്‍ നിന്നും ഒരു പുസ്തകമെടുത്ത് മുഖത്തേയ്ക്ക് നിവര്‍ത്തിപ്പിടിച്ചുകൊണ്ട് എന്നെ അവരുടെ ദൃഷ്ടിയില്‍നിന്നും മറച്ചു . ടീപ്പോയില്‍ നിറയെ പുസ്തകങ്ങളായിരുന്നു സലിം അലിയുടെയും ഇന്ദുചൂഡന്‍റെയും പക്ഷിപ്പുസ്തകങ്ങള്‍ . ഞാന്‍ അസ്വസ്ഥതയോടെ ഭാഗികമായി ഇരുള്‍ പടര്‍ന്ന ആ മുറിയില്‍ നിന്നും അകത്തേയ്ക്ക് വഴിപിരിയുന്ന വാതിലുകളിലേക്ക് നോക്കിയിരുന്നു. ഏതിലെങ്കിലുമൊന്നിലൂടെ അരവിന്ദ്‌ വരുമെന്ന പ്രതീക്ഷയോടെ .

“പക്ഷികളെക്കുറിച്ചുള്ള പുസ്തകം വായിക്കാറുണ്ടോ?” വായിച്ചു കൊണ്ടിരുന്ന പുസ്തകം എനിക്ക് നീട്ടികൊണ്ട് അവര്‍ ചോദിച്ചു .

“അങ്ങനെ വായിക്കാറില്ല” നീട്ടിയ പുസ്തകം സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“ഉം. കൊല്ലിക്കുരവനെ ഇഷ്ടമാണോ?”സഅവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

“കൊല്ലിക്കുരവന്‍?” അവര്‍ എന്താണ് പറഞ്ഞതെന്ന തിരച്ചിലില്‍ ഞാന്‍ വിക്കി.mini p c, story

“കൂവാപ്പക്ഷി ?? കേട്ടിട്ടില്ലെ ?” ചുണ്ടും കണ്ണുകളും കൂര്‍പ്പിച്ച് കൊച്ചു കുഞ്ഞെന്നോണം രണ്ടു കൈകളുമെടുത്ത് പ്രത്യേകതരം ആംഗ്യത്തോടെ അവര്‍ തുടര്‍ന്നു. “മൂങ്ങേ പോലെ വട്ടമുഖം , മൂങ്ങേക്കാള്‍ വല്യശരീരം ,വളഞ്ഞുകൂര്‍ത്ത കൊക്ക്, ആരേം പേടിപ്പിക്കുന്ന പ്രകൃതം. രാത്രിയായാ ഇത് തൊള്ളയിടാന്‍ തുടങ്ങും. അടുത്തിരുന്നു കരഞ്ഞാ അകലെ മരണം, അകലെയിരുന്നു കരഞ്ഞാ അടുത്ത്‌ മരണം.”

സംസാരത്തിനിടെ അവര്‍ പെട്ടെന്ന് നിശബ്‌ദയായി. പുള്ളിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. അവരുടെ ഭാവവും സംസാര രീതികളും എന്നില്‍ അകാരണമായൊരു ഭീതി നിറച്ചു. അവരെകടന്ന് അകത്തേയ്ക്ക് നടക്കാനുള്ള ശക്തിയില്ലാതെ ഞാന്‍, അരവിന്ദിനെ ചുറ്റിലും തിരഞ്ഞു . ഭീതിയും വിളര്‍ച്ചയും മറച്ച് പ്രസന്നതയണിയാന്‍ കെല്‍പ്പില്ലാത്ത എന്‍റെ മുഖം നോക്കി കറുപ്പില്‍ സുവര്‍ണ്ണ ബുദ്ധന്‍റെ പ്രിന്റുള്ള സാരിത്തുമ്പ് വലതു വിരല്‍ത്തുമ്പില്‍ ചുരുട്ടി അല്‍പ്പനേരം അവര്‍ എന്തോ എന്തോ ആലോചിച്ചിരുന്നു.പിന്നെ രഹസ്യ ഭാവത്തില്‍ എന്നെ അവര്‍ക്കരികിലെയ്ക്ക് വിളിച്ചു ,
“ശ്, ശ്,”

ഞാനവരുടെ വെളുത്തു ചുവന്ന നീളന്‍ മുഖത്തേയ്ക്ക് നോക്കി. വിഹ്വലമായ അവരുടെ വട്ടക്കണ്ണുകള്‍ എന്നെ പേടിപ്പിച്ചു .

“അരവിന്ദിനെ വിളിക്കും മുമ്പ് ഞാനൊരു കഥ പറയട്ടെ ? കൊല്ലിക്കുരവന്റെ കഥ?” അവര്‍ എന്നെ വീണ്ടും അവര്‍ക്കരികിലേക്ക് മാടിവിളിച്ചു.

കഥയില്‍ അവര്‍ എന്തോ രഹസ്യം സൂക്ഷിക്കുന്നതുകൊണ്ടും വേറെ നിവൃത്തിയില്ലാത്തതിനാലും ഞാന്‍ അവര്‍ക്കരികില്‍ ചെന്നിരുന്നു. അവര്‍ കുമ്പസാര രഹസ്യം എന്നോണം എന്‍റെ ചെവിയോരം ചേര്‍ന്നിരുന്ന് കഥ പറഞ്ഞുതുടങ്ങി. ക്ലോക്കിന്‍റെ ടിക്ക്‌ ടിക്ക്‌ ശബ്ദത്തോടൊപ്പം എന്‍റെ ഹൃദയവും വല്ലാതെ മിടിച്ചു.

“ഒരിക്കല്‍ ഒരിടത്ത് തന്നെക്കാളുപരിയായി ഭര്‍ത്താവിനെ സ്നേഹിച്ച ഒരു ഭാര്യയുണ്ടായിരുന്നു.കൊല്ലിക്കുരവന്‍ കരയുന്ന രാത്രികളില്‍ അവള്‍ ഭീതിയോടെ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി കരയുകയും പിറ്റേന്ന് അയാളെ വീട്ടില്‍ നിന്നും പുറത്തുവിടാതെ, കൊല്ലിക്കുരവനു കൊടുക്കാതെ തന്നോട് ചേര്‍ത്തുപിടിച്ചിരിക്കുകയും ചെയ്യുമായിരുന്നു.പണ്ട് കൊല്ലിക്കുരവന്‍ കരഞ്ഞ പിറ്റേ പകല്‍ തിരിച്ചെത്തിയ അച്ഛന്‍റെ വെള്ളപുതച്ച ദേഹമായിരുന്നു അവളുടെ ഉള്ളുനിറയെ. പക്ഷെ അയാള്‍ക്കത് മനസ്സിലായില്ല. എല്ലാം അവളുടെ അന്ധവിശ്വാസമാണെന്ന് അയാള്‍ പരിഹസിച്ചു. വിവാഹത്തിന്‍റെ മൂന്നാം വര്‍ഷം ഒരു പകല്‍ അവളുടെ കണ്ണുവെട്ടിച്ച്, തലേന്ന് രാത്രി കരഞ്ഞ കൊല്ലിക്കുരവനെ തിരഞ്ഞ്‌ അകലെയുള്ള ഉയര്‍ന്ന മരത്തിന്‍റെ ഉച്ചിയിലേക്ക് അയാള്‍ പിടച്ചുകയറി. അയാള്‍ക്ക് പക്ഷെ മരം കയറാന്‍ അറിയില്ലായിരുന്നു. അവള്‍ എന്ത് തെറ്റാണ് ചെയ്തത് ?സ്നേഹം കൊണ്ടല്ലേ? കരുതല്‍ കൊണ്ടല്ലേ? പറയൂ ‘

അവര്‍ എന്‍റെ കൈകള്‍ ഭ്രാന്തമായി പിടിച്ചുലച്ചു, പിന്നെ ടീപോയില്‍ വെച്ചിരുന്ന പക്ഷികളുടെ പടമുള്ള പുസ്തകങ്ങളെടുത്ത് എനിക്ക് നേരെ എറിഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു. ഞാൻ വല്ലാതെ വിറച്ചുതുടങ്ങി. കൊടും ഭയം വിഷപ്പാമ്പുകളായി എന്നിലിഴഞ്ഞു. ഇടയ്ക്കിടെ അവയെന്നെ വരിഞ്ഞു മുറുക്കി, ദംശിച്ചു. മുറിയിലവശേഷിച്ച വെളിച്ചവും കെട്ടു. എവിടെയോ ചങ്ങലകള്‍ കിലുങ്ങി, കൊല്ലിക്കുരവന്മാര്‍ ഊക്കോടെ കരഞ്ഞു, മരഗോവണികള്‍ ഉരഞ്ഞു. റാന്തല്‍ വെട്ടത്തിന്‍റെ അകമ്പടിയോടെ തിടുക്കത്തിലാരോ നടന്നെത്തി.

‘ അമ്മേ. എന്താ അമ്മേ ഇത്? ബബീ, നീ എന്താ ഇവിടെ? ‘ അരവിന്ദന്‍റെ മുഖം പ്രേതത്തെ കണ്ടെന്നോണം വിളറി.’ എന്തിനാണ് ബബീ നീ എന്നെ തിരഞ്ഞുവന്നത് ? കൊല്ലിക്കുരവന്മാരോ,ഫ്ളവര്‍സ്റ്റാന്റോ, ഒന്നുമല്ല നമ്മുടെ ജീവിതമെഴുതുന്നത്. കണ്ടില്ലേ എന്‍റെ അമ്മയെ ? ഇനിയും ഒരു ദുരന്തം? ഭയമാണ് ബബീ എനിക്ക്.” അയാളുടെ നിരാശയില്‍ വെന്ത വാക്കുകള്‍. ചങ്ങലക്കിലുക്കത്തോടൊപ്പം അവിടമാകെ അസുഖകരമായ ഗന്ധം പടര്‍ത്തി. റാന്തല്‍ വെളിച്ചത്തില്‍ അയാളെ കടന്ന്പുറം വാതിലിലൂടെ ഞാനോടി. പന്നലും നിലംപതുങ്ങിപ്പൂക്കളും കാമിക്കാന്‍ കൊതിക്കുന്ന ഇടവഴികളിലൂടെ, വളവുകളും തിരിവുകളും അവസാനിക്കുന്ന താഴ്‍‌വരത്തുഞ്ചത്തെത്തും വരെ. മുകളില്‍ വെളിച്ചക്കീറുകള്‍ക്ക് വീര്യം വെച്ചിരുന്നു. അന്നേരം വരെ ലാളിച്ച പുകമഞ്ഞുപടലങ്ങളെ അവ നിര്‍ദ്ദയം ഉരുക്കിത്തുടങ്ങി. ഞാന്‍ പതിയെ തുഞ്ചത്തുനിന്നും താഴേയ്ക്ക് ചായുന്ന കൈവരിയില്‍ മുഖം ചേര്‍ത്ത് കിതപ്പടക്കാന്‍ ശ്രമിച്ചു. പൊടുന്നനെ താഴ്‌വരയില്‍നിന്നും ഒരു ചിറകടിയൊച്ച പൊന്തിവന്നു അത് മലമടക്കുകളില്‍ തട്ടി പ്രതിധ്വനിച്ചു. ആ പ്രതിധ്വനികള്‍ ആയിരം കൊല്ലിക്കുരവന്മാരായ് മാറി. അവയുടെ നിഴലുകള്‍ എന്നെ മൂടി. ആ മൂടലിനു കീഴെ പന്നലുകളും നിലം പതുങ്ങികളും കാമിച്ചു. ശതാവരികള്‍ തളിരിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook