കോഴിക്കോട്: എഴുത്തുകാരോട് അവര്‍ എന്ത്, എങ്ങനെ എഴുതണമെന്ന് കല്‍പിക്കുന്ന ഇരുണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന് പുറത്തു നിന്ന് സാഹിത്യത്തിന് അവസാന വാക്ക് പറയാന്‍ ശ്രമിക്കുകയും അതിനായി ചില അനുയായികളെ ചട്ടം കെട്ടി അവർ വാളുകളുമായി നടക്കുകയുമാണ് . സ്ഥിതി ഇവ്വിധം തുടര്‍ന്നാല്‍ നവീന ചിന്തകള്‍ ഇല്ലാതെ വരും സമൂഹത്തില്‍ വിഷാണുക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്ര ശക്തികള്‍ സമൂഹത്തെ സാംസ്‌കാരികമായി രോഗാദ്രമാക്കുന്നു.
വിയോജനാഭിപ്രായം പറയാന്‍ സമ്മതിക്കാത്ത് സമൂഹം എങ്ങനെ ജനാധിപത്യസമൂഹമാകും ? ദാബോല്‍ക്കറും , ഗോബിന്ദ് പന്‍സാരെയും , കല്‍ബുര്‍ഗിയും എന്തിന് ആക്രമിക്കപ്പെട്ടു എന്തിന് കൊല്ലപ്പെട്ടു ? എന്തായിരുന്നു അവര്‍ ചെയ്ത അപരാധം ? ഭരണഘടനയെ പോലും വെല്ലു വിളിച്ച് നീതിന്യായ സംഹിതകളെ സാക്ഷിയാക്കി നടക്കുന്ന ഇത്തരം നരാധമ വിധ്വംസക പ്രവര്‍ത്തികള്‍ക്കെതിരായി ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എം എഫ് ഹുസൈന് നാടു വിടേണ്ടി വന്നതും , യു ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് കൊടുത്തതും , ഇന്നുംപലരോടും പാക്കിസ്ഥാനിലേക്ക് പോ … എന്ന് പറയുന്നതും ഈ അസഹിഷ്ണുതയുടെ വക്താക്കള്‍ തന്നെ.
കേരളത്തിലും ഇത്തരം ശക്തികള്‍ വേരുറപ്പിക്കുകയാണ് കമലിനെതിരായ ആക്രോശങ്ങളും , എം ടി ക്ക് എതിരായുണ്ടായ പരാമര്‍ശങ്ങളും ഇതിന് ഉദാഹരണമാണ് . സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത്. സാംസ്‌കാരിക കേരളം ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് അദ്ദേഹ പറഞ്ഞു
പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ എം മുകുന്ദൻ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ , ജനറല്‍ കണ്‍വീനര്‍ എ കെഅബ്ദുള്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.