scorecardresearch
Latest News

വഴിയമ്പലങ്ങളിലെ ഖസാക്ക്

അഗാധവും മതാത്മകവുമല്ലാത്ത ആത്മീയതയുടെ നിറവ് ഇപ്പോഴും ഖസാക്കിന്റെ ഇതിഹാസത്തിൽ അനുഭവിക്കുന്നുവെന്ന് നോവലിന്റെ അൻപതാം വാർഷികത്തിൽ എൻ ശശിധരൻ മാഷ്

n sasidharan, khasakinte ithihasam , memories ,iemalayalam

ഖസാക്ക് മലയാള ഭാവനയുടെ പിതൃദേശമാണ്. ആ ദേശത്തിന്റെ നടുവരമ്പുകളിലൂടെ ഇടറിയും തെന്നിയുമാണ് ഞങ്ങളുടെ തലമുറ മലയാള ഭാഷയെ അറിഞ്ഞത്, ഭാവുകത്വം സ്വരൂപിച്ചത്. അതിനും മുമ്പ് എം.ടിയുടെയും മാധവിക്കുട്ടിയുടെയും ടി.പത്മനാഭന്റെയും കഥകൾ തെളിവെള്ളം പോലെ കോരിക്കുടിച്ചവരായിരുന്നു ഞങ്ങൾ. വ്യക്തിയുടെ അന്തഃസംഘർഷങ്ങളെ മുഖാമുഖം കണ്ട് വല്ലാത്തൊരു ആത്മസമർപ്പണത്തോടെ ആ കഥകളെ ഫിക്ഷന്റെ നവ സാധ്യതകളായി ഞങ്ങൾ തൊട്ടറിഞ്ഞു. പക്ഷേ, ഖസാക്കിന്റെ മുന്നിലെത്തുമ്പോൾ ഞങ്ങൾ അന്തിച്ചുനിന്നു.

‘തീവ്രധ്വനിയുടെ’ ഉൾക്കാതുകൊണ്ടു മാത്രം കേൾക്കാവുന്ന ഭാഷയുടെ മന്ത്രധ്വനികൾ, കാട്ടുതേനട്ടികൾ പടർന്ന് തൂങ്ങിനിന്ന ചെതലിമലയും ചതുപ്പിന്റെ തോരണങ്ങളുമായി പലതായി പുനർജനിക്കുന്ന രാജാവിന്റെ അറബിക്കുളവും പോലെ അമ്പരപ്പിക്കുന്ന ഭൂവിഭാഗങ്ങൾ, ജന്മവൈവിധ്യങ്ങളാൽ നിരാലംബനകളാൽ അസ്തിത്വത്തിന്റെ ഓരോ തിരിവിലും സ്വയം നഷ്ടപ്പെടുന്ന വിഭിന്ന സ്വഭാവികളായ കഥാപാത്രങ്ങൾ… അതെ ഖസാക്ക് അറിവിലും ബോധത്തിലും ഞങ്ങൾക്കൊരു പ്രഹേളികയായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഖസാക്കിന്റെ ഇതിഹാസം’ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ രേഖാചിത്രകാരൻ എ. എസ്സ് ആയിരുന്നു ഖസാക്കിനുവേണ്ടി ചിത്രങ്ങൾ വരച്ചത്. കാൽപ്പനികമായ വടിവും വെടിപ്പും ഒട്ടുമില്ലാത്ത ആ ചിത്രങ്ങൾ  ഞങ്ങളെ നോവലിലേക്ക് വൈരുദ്ധ്യാത്മകമായി എന്നു പറയാവുന്ന വിധം അടുപ്പിക്കുകയാണ് ചെയ്തത്. കാര്യമായി ഒന്നും മാനസിലായില്ലെങ്കിലും എ.എസ്സിന്റെ ചിത്രങ്ങൾക്കൊപ്പം ഓരോ ലക്കവും ഞങ്ങൾ വായിച്ചു തീർത്തു.

Read Also: ആഷാമേനോന് ഒ.വി.വിജയന്റെ പാഠം വായിക്കാനാകുമോ?

1969ൽ തൃശൂർ കറന്റ് ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ഖസാക്ക് അതിനകം ഞങ്ങളുടെ വേദപുസ്തകമായി മാറി കഴിഞ്ഞിരുന്നു.കൗമാരം വിട്ട് യൗവനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ ഞങ്ങൾ ഖസാക്കിന്റെയും മലയാള ആധുനികതയുടെയും വക്താക്കളും വൈതാളികരുമായി മാറി. ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ ആ കാലം, വ്യക്തിതലത്തിലും ഭാവുകതലത്തിലും ആശങ്കകളുടെയും ധർമ്മസംശയങ്ങളുടെയും കാലമായിരുന്നു.

ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനം മലയാളത്തിലെ ആധുനികത ചെന്നു വിശ്രമിച്ചിരുന്ന സ്വത്വവ്യാകുലമായ ഭാവുകത്വ പരിസരത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ കെ.ജി.എസ് പറയുന്നുണ്ട്: നട്ടുച്ചയ്ക്ക് ഗുഹകളിലേക്ക് പിന്മാറിയ വന്യജീവികളുടേതുപോലെയായിരുന്നു അന്ന് സർഗാത്മകതയുടെ ചലനങ്ങൾ എന്ന്. ആധുനികതയെന്ന പേരിൽ മലയാളത്തിലേക്ക് നാടുകടത്തപ്പെട്ടത് യൂറോപ്യൻ ആധുനികതയുടെ ചാപിള്ളകളും ക്ഷീണബിംബങ്ങളുമായിരുന്നു. ഉപരിതല സ്പർശിയായ അസ്തിത്വവ്യഥയുടെ മങ്ങൂഴത്തിൽ സാർത്തും കാഫ്കയും കമ്യൂവും ഷെനെയും ബെക്കറ്റും അയനസ്കോവും ‘കലഹവും വിശ്വാസവുമായി’ മാറി മാറി പ്രതിഷ്ഠിക്കപ്പെട്ടു. ഈ കുഴമറിച്ചിലിനിടയിലും ഞങ്ങൾ ഖസാക്കിനെ നെഞ്ചിലേറ്റി. അക്കാലത്ത് ഖസാക്ക് ഭക്തന്മാരായ ഒരുപാട് ഭിക്ഷാംദേഹികൾ കേരളത്തിലുടനീളമുണ്ടായിരുന്നു. വ്യക്തിപരമായി ഞാനും ഖസാക്കിന്റെ അടിമയും ഇരയുമായിരുന്നു.n sasidharan, khasakinte ithihasam , memories ,iemalayalam

പതിനേഴാം വയസിൽ വീടിന് തൊട്ടടുത്ത വായനശാലയിൽ സ്വയം ഖസാക്ക് ചർച്ച സംഘടിപ്പിച്ച് പതിനാലു പേജുള്ള പ്രബന്ധം അവതരിപ്പിച്ചത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതി സാഹസികമെന്നേ വിശേഷിപ്പിക്കാനാവൂ. അസ്തിത്വ വാദത്തിന്റെ ദഹിക്കാത്ത വറ്റുകൾ അന്നത്തെ ആ ഉദീരണത്തിൽ വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം. യുക്തിചിന്തയുടെയോ പ്രത്യയശാസ്ത്ര വീക്ഷണത്തിന്റെയോ സൂചിമുനകൾകൊണ്ട് ഖസാക്കിന്റെ വിശുദ്ധിയെ സ്പർശിക്കുക അന്ന് ആത്മഹത്യാപരമായിരുന്നു. പിന്നീട് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കൂടുമാറിപ്പോയ ഞങ്ങളുടെ തലമുറയിലെ ഒട്ടെറെ സുഹൃത്തുക്കളെ ഓർത്തുപോകുന്നു. അവർ ചാരുമജുംദാറുടെ സൂക്തങ്ങളേക്കാൾ ഗാഢവും സുദൃഢവുമായി ഓർത്തുപറഞ്ഞിരുന്നത് ഖസാക്കിന്റെ ഇതിഹാസത്തിലെ വാക്യങ്ങളും അധ്യായങ്ങളുമായിരുന്നു.

Read Also: ഇത്തിരി കടലാസ്സും, ഇത്തിരി മഷിയും കൊണ്ട് വിജയന്‍ താണ്ടിയ ദൂരങ്ങള്‍

ഒരു കാര്യം തീർച്ച ഖസാക്കിലെ ഇഷ്ടകഥാപാത്രം ഒരുകാലത്തും രവി ആയിരുന്നില്ല, ഞങ്ങൾക്ക്. അള്ളാപിച്ച മൊല്ലാക്കയും മൈമുനയും തിത്തിബിയുമ്മയും നൈസാമലിയും ചക്രുരാവുത്തറും അലിയാരും കുപ്പുവച്ചനും ആബിദയും കുഞ്ഞുനൂറുവും കുഞ്ഞാമിനയും മാധവൻ നായരും ഉൾപ്പെട്ട അനേകം കഥാപാത്രങ്ങളുടെ അശരണവും തിക്തവുമായ ജീവിതരോധനങ്ങളുടെ ഒരു വലിയ വിസ്തൃതി ഖസാക്ക് ഓർമ്മയിലും ബോധത്തിലും ഒരു പുതിയ ഭാവുകത്വം സൃഷ്ടിച്ചു. ‘ഇത് കർമ്മബന്ധങ്ങളുടെ സ്നേഹരഹിതമായ കഥയാണ് ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു’ എന്ന സിദ്ധാന്തം രവിയുടേതാണെങ്കിലും അനുഭവതലത്തിൽ ഈ കഥാപാത്രങ്ങളെല്ലാം അതിൽ പങ്കുപറ്റുന്നുണ്ട്. അള്ളാപ്പിച്ച മൊല്ലാക്കയെ ഉദാഹരിച്ചാൽ അയാളുടെ ജീവിതം കടന്നുപോകുന്ന ദിശകളിലത്രയും വിജയൻ അടയാളപ്പെടുത്തുന്നത് മനുഷ്യാനുഭവങ്ങളുടെ സർവ്വസാരസ്യമാണ്. ഇത്രമേൽ അപമാനിക്കപ്പെട്ട വേദനിപ്പിക്കപ്പെട്ട സഹനത്തിന്റെ പാതാളങ്ങൾ കടന്നുകയറിയ മറ്റൊരു കഥാപാത്രം മലയാള വായനയുടെ ഓർമ്മകളിൽ ബാക്കി നിൽക്കുന്നില്ല. സന്ദേഹിയായ വിജയൻ ഓരോപതിപ്പിറങ്ങുമ്പോഴും ഇതിഹാസത്തിന്റെ ഗദ്യഭാഷയിൽ തിരുത്തലുകൾ വരുത്തിയിരുന്നു. ചിലപ്പോൾ ആ തിരുത്തലുകൾ വിജയന്റെ ഭാഷയെ വ്രണപ്പെടുത്തുന്ന വിധത്തിലായിരുന്നു. പഴകി കീറിയ മൊല്ലാക്കയുടെ കുപ്പായത്തിനുമേൽ തിത്തിബിയുമ്മ നടത്തിയ തുന്നലുകളെ കുറിച്ച് ഒരു ചെറുവാക്യം നോവലിലുണ്ടായിരുന്നു അതത്രയും തിത്തിബിയുമ്മയുടെ സഹനമുദ്രകളായിരുന്നു എന്ന്. ഇപ്പോൾ ലഭ്യമായ പതിപ്പുകളിലൊന്നും ആ വാക്യം കാണാനില്ല.g madhusoodanan ,o v vijayan, iemalayalam

ഖസാക്കിനെതിരെ വിമർശനാത്മകമായി ആദ്യം പ്രതികരിച്ചത് ഇന്നത്തെ പു.ക.സ. ആയ അന്നത്തെ ദേശാഭിമാനി സ്റ്റഡി സർക്കിൾ ആയിരുന്നു. മുഖ്യമായും രണ്ട് ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. ഒന്ന് ഖസാക്കിന്റെ  ഇതിഹാസം ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ കൃതിയാണ്. രണ്ട് രവിയുടെ ആത്മീയത വ്യാജമാണ്. ആദ്യത്തെ അഭിപ്രായത്തോട് താൽപര്യമൊന്നും തോന്നിയില്ലെങ്കിലും രണ്ടാമത്തേതിൽ വാസ്തവത്തിന്റെ നാളങ്ങളുണ്ടെന്ന് ധർമ്മപുരാണത്തിന് ശേഷമുള്ള വിജയന്റെ എഴുത്തും ജീവിതവും സാക്ഷ്യപ്പെടുത്തി.

Read Also: അനിയത്തിയുടെ ഏട്ടനും അപ്പുക്കിളിയുടെ പുഗ്ഗും

‘ഗുരുസാഗരം’ മുതലിങ്ങോട്ടുള്ള വിജയന്റെ കൃതികളിൽ തെളിയുന്ന ആത്മിയതയെ അംഗീകരിക്കാൻ ഒരൽപ്പം സമൂഹിക ബോധമുള്ള ആർക്കും കഴിയില്ല. ഖസാക്കിന്റെ രചനാനുഭവങ്ങൾ വിവരിച്ചുകൊണ്ട് പിൽക്കാലത്ത് വിജയൻ എഴുതിയ ‘ഇതിഹാസത്തിന്റെ ഇതിഹാസം’ വാസ്തവത്തിൽ ആ എഴുത്തുകാരന്റെ ആത്മശോഷണങ്ങളുടെ ഇതിഹാസമായിരുന്നു. എങ്കിലും ഖസാക്കിന്റെ ഇതിഹാസം ഞങ്ങളെ ഇപ്പോഴും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. തർക്കോസ്കിയുടെ സിനിമകൾ കാണുമ്പോഴുണ്ടാകുന്ന അഗാധവും മതാത്മകവുമല്ലാത്തതുമായ ഒരാത്മീയതയുടെ നിറവ് ആ കൃതിയിൽ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. വ്യക്തിപരമായി രണ്ടുകാര്യങ്ങൾകൂടി പറയാമെന്ന് തോന്നുന്നു. ഏറ്റവുമധികം തവണ വായിച്ച കൃതി ഖസാക്കാണ്. ഓർമ്മവെച്ച നാൾമുതൽ ഒരു നോവലെഴുതണമെന്ന ആഗ്രഹവും കൊണ്ടാണ് ഞാൻ ജീവിച്ചുപോന്നത്. എഴുതാതിരിക്കാൻ പല കാരണങ്ങളുമുണ്ട് അതിൽ ഒരു കാരണം ഖസാക്കിന്റെ ഇതിഹാസമാണ്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Khasakinte ithihasam ov vijayan n sashidharan

Next Story
കബാബ്padmadas , poem, iemalayalam
Best of Express