Kerala Piravi: എന്റെ ഉയിരിന്റെ അടയാളമാണ് എന്റെ ഭാഷ. ജീവിതത്തിന് ജീവിതം എന്ന് അർത്ഥം പറഞ്ഞു തന്നത് എനിക്കെന്റ ഭാഷയാണ്. ഭാഷയിലൂടെ തുഴഞ്ഞു തുഴഞ്ഞാണ് എങ്ങുമെത്താതെ പോകുമായിരുന്ന ഒരു ജീവിതത്തെ, പല ജീവിതങ്ങളെ ഞാൻ കരയ്ക്കടുപ്പിച്ചത്. ഇപ്പോഴും അതിന് ശ്രമിക്കുന്നത്.
അറുപതുകളിൽ ജനിച്ച ഒരാളുടെ കൗമാരത്തിനും യൗവ്വനത്തിനും ‘ഇന്നതായിത്തീരുക ‘ എന്ന ലക്ഷ്യമൊന്നും ഇന്നത്തെപ്പോലെ അന്നുണ്ടായിരുന്നില്ല. കൃത്യമായ അക്കദമിക് പ്ലാനിങ്ങുകളായിരുന്നില്ല ഞങ്ങളിൽ പലരുടെയും കരിയറുകളെ അക്കാലം രൂപപ്പെടുത്തിയത്. ജന്മവാസനകളായി കൂടെപ്പോന്നവ ജീവന്റെ ഭാഗമായിത്തീരുന്ന രാസക്രിയ പക്ഷേ, അക്കാലത്ത് ഞങ്ങൾ അനുഭവിച്ചിരുന്നു. ഞങ്ങളറിയാതെത്തന്നെ വെള്ളവും വളവും നൽകി അതിനെ പുലർത്തിപ്പോന്നിരുന്നു. അതു കൊണ്ടു തന്നെ അക്കാദമിക്കായി കൊമേഴ്സ് പഠിച്ചു തുടങ്ങി ബിരുദതലത്തിൽ സാമ്പത്തിക ശാസ്ത്രത്തിലേക്ക് ചുവടു മാറിയ എനിക്ക് അക്കാലത്ത് സാമ്പത്തിക ശാസ്ത്രത്തിന്റെ ലളിത സങ്കീർണ്ണ സിദ്ധാന്തങ്ങളോടൊപ്പം സാഹിത്യം ഒരധിക ബാദ്ധ്യതയായിരുന്നില്ല. മലയാളവും ഇംഗ്ലീഷും വെറും ഭാഷകളായല്ല അക്കാലത്ത് മുന്നിലവതരിച്ചത്. പകരം ആത്മാവിന്റെ മുറിവുകളിലേക്കുള്ള ശമനൗഷധങ്ങളായാണ് അവ പെരുമാറിയത്. ഞാനാര് എന്നല്ല അക്കാലത്തെല്ലാം എന്റെ ഉള്ളിലുയർന്ന ചോദ്യം മറിച്ച് ഞാനെന്ത് എന്ന ചോദ്യമായിരുന്നു. ‘നിർഗ്ഗത ബലമെന്നാലുഗ്രവീര്യം തന്നുടൽ / നിഗ്രസോൽസുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം’ എന്ന് വൈലോപ്പിളളി കണ്ണിൽ വെളിച്ചമായതിനു ശേഷം ആ ചോദ്യത്തിനുത്തരം തേടി എനിക്ക് അധികദൂരം പിന്നീട് നടക്കേണ്ടി വന്നിട്ടില്ല. അതു കൊണ്ടു തന്നെ ചെയ്ത പ്രവൃത്തികളിലൊന്നിനെക്കുറിച്ചും എനിക്ക് ഒരിക്കലും ഖേദിക്കേണ്ടിയും വന്നില്ല. മലയാള ഭാഷയും സാഹിത്യവും എന്റെ അക്കാദമിക മേഖലയായപ്പോഴും തുടർന്ന് എന്റെ തൊഴിൽ സാഹിത്യത്തെ മുൻനിർത്തിയുള്ള അദ്ധ്യാപനമായപ്പോഴും ആ വെളിച്ചം മുന്നിൽ നിന്നു . എന്റെ സൗഹൃദങ്ങളിൽ, സ്നേഹ ബന്ധങ്ങളിൽ , കുടുംബ ബന്ധങ്ങളിൽ, പ്രണയങ്ങളിൽ , രതിയിൽ എല്ലാം ആ വെളിച്ചം മുൻ നടന്നു.
എന്റെ ഭാഷ എനിക്കെന്തു തന്നു എന്ന ചോദ്യം എന്റെ ഭാഷ എനിക്ക് എന്നെത്തന്നെത്തന്നു എന്ന് മറുമൊഴി. ജന്മനാ ഒട്ടും സോഫിസ്റ്റിക്കേറ്റഡ് അല്ലാത്ത എന്നെ, മുള്ളും മുനയുമുള്ള എന്നെ , പവിഴക്കല്ലിന്റെ മൃദുലതയിലേക്ക് രൂപമാറ്റം സംഭവിക്കാതെ ജന്മ പ്രകൃതത്തിന്റെ റഫ്നസിൽ നിലനിർത്തിത്തന്നത് ഈ ഭാഷയിൽ പൂത്തു നിന്ന കവിതയാണ്, അതിന്റെ കഥാ സാഹിത്യമാണ്, അതിന്റെ നാട്ടു മൊഴിയുടെ ചന്തമാണ്, അതിന്റെ സമ്പന്നമായ ഗാനസാഹിത്യമാണ്. അതുകൊണ്ടു തന്നെ എന്റെ മിഴികളിൽ എഴുതപ്പെട്ട ചരാചരപ്രേമാഞ്ജനത്തിന് രാമചരിതകാരൻ മുതൽ കാദംബരി വൈഗ വരെയുളള, വാൽമീകി മുതൽ അറിഞ്ഞും അറിയപ്പെടാതെയും പോയ അനേകശതം അക്ഷര പ്രണയികളായ മഹാ മനുഷ്യരോടും അവരുടെ പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തനത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
മലയാളം എന്നൊരു ഭാഷയെയും അതിന്റെ അതിസമ്പന്നമായ സാഹിത്യത്തെയും ബോധമുറച്ച കാലം മുതൽ പിൻതുടർന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കൈമുതൽ. അതൊരിക്കലും നാളെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിത്തരുമെന്ന് ആരും പറഞ്ഞു തന്നില്ല. ഇടശ്ശേരിക്കും ഉറൂബിനും വി ടിക്കും അക്കിത്തത്തിനുമൊപ്പം അവരുടെ ഇളമുറക്കാരനായി നടന്ന അച്ഛൻ ഒരിക്കലും പറഞ്ഞില്ല; സാഹിത്യം നാളെ വലിയ സാമ്പത്തിക സ്രോതസ്സാവുമെന്ന് . പകരം വായിക്കാതിരിക്കുന്നത് മനുഷ്യനെ പൂതലിച്ചു പോകാനേ സഹായിക്കൂ എന്ന് അച്ഛനൊരിക്കൽ പറഞ്ഞു. ഇടശ്ശേരിയും ഉറൂബും തുടങ്ങി വലിയ എഴുത്തുകാർ തങ്ങളുടെ ചുറ്റുവട്ടത്തു നിന്ന് കണ്ടുകിട്ടിയ ജീവിതങ്ങളെ കശക്കിപ്പിഴിഞ്ഞ്ചാറെടുത്ത് എഴുതിവെച്ചത് വായിക്കുമ്പോൾ , ആ ജീവിതാനുഭവങ്ങൾ അനുഭൂതിയായി നിറയുമ്പോൾ മാത്രമാണ് നമ്മൾ നമ്മളിൽ നിന്ന് തന്നെ ഒരിത്തിരിക്കൂടി ഉയരം വെക്കുന്നതെന്നും പറഞ്ഞു തന്നു. അക്കാലത്തൊരിക്കൽ ഉമ്മാച്ചു വായിച്ച പത്താം ക്ലാസ്സുകാരൻ കണ്ടുമുട്ടിയ പെൺകിടാങ്ങളിലെല്ലാം വെളുത്ത ചീനമുളകു പോലുള്ള ചിന്നമ്മുവിനെ തിരഞ്ഞു നടന്നു. കെ.വി.രാമകൃഷ്ണന്റെ ബ്രോം സ്റ്റോക്കർ വിവർത്തനം മാതൃഭൂമിയിൽ വന്ന കാലത്ത് രാത്രിയിൽ വെളുത്തുള്ളിയുടെ പൂക്കൾ തിരഞ്ഞു നടന്നു. പ്രഭുവിന്റെ നീളൻ കാലടികളുടെ സംഭ്രമ ശബ്ദം മാത്രം അക്കാലത്ത് കാതുകളിൽ നിരന്തരം വന്നു വീണു.
ഭാഷ എനിക്ക് എന്തു തന്നു എന്ന ചോദ്യം ഞാൻ നിരന്തരം ആവർത്തിക്കുന്നു. പണം എന്ന ആർത്തി ഒട്ടുമില്ലാതെ ജീവിക്കാനുള്ള, ആവശ്യത്തിനു തികഞ്ഞില്ലെങ്കിൽ കടം വാങ്ങി കാര്യങ്ങൾ നിവൃത്തിക്കാനുള്ള മടിയില്ലായ്മ വളർത്തിയത് ഭാഷയെ ആയുധമാക്കി ജീവിച്ചതുകൊണ്ടാണ്. സ്വന്തം കാര്യം പോലെത്തന്നെ അപരന്റ കാര്യവും നിവർത്തി കണ്ടെത്തേണ്ടതാണെന്ന് തീർച്ച ലഭിച്ചതും ഇതുകൊണ്ടു തന്നെ. രണ്ടു മക്കളുളളതിനെ സ്വന്തം ഇച്ഛക്കനുസരിച്ച് വളരാനും പഠിക്കാനും ആൺ പെൺ ഭേദമില്ലാതെ ചിന്തിക്കാനും ഇന്ന് അവർക്കുളള ഇടം രൂപപ്പെട്ടു വരുന്നുണ്ടെങ്കിൽ അതിനും ഭാഷ എന്റെ ശ്വാസമായതിനോട് ഞാൻ കടപ്പെടുന്നു.
ജീവിതമേ ജീവിതമേയെന്നോ സ്വപ്നമേ സ്വപ്നമേയെന്നോ മനസ്സ് എപ്പോഴെല്ലാം കുതറിയിരുന്നുവോ അപ്പോഴെല്ലാം സമാനമായ ഒരു ഭാഷാവിഷ്കാരം ജീവനുളള ശില്പമായി മുന്നിൽ വന്നു നിന്നു. അത് കന്നിക്കൊയ്ത്ത് ആയും ഒരു ഗന്ധർവ്വൻ പാടുന്നു ആയും ഖസാക്ക് ആയും എവിടെ ജോൺ ആയും രണ്ടാമൂഴമായും അങ്ങനെ നിരവധി നിരവധികളായും വന്നു നിറഞ്ഞു. അവ പാടാനോർത്തൊരു മധുരിതഗാനമായും ബലികുടീരങ്ങളായും ചക്കരപ്പന്തലിൽ തേൻ മഴയായും പ്രളയപയോധിയായും ദേവരാജൻ മാഷുടെ, ബാബുരാജിന്റെ, ദക്ഷിണാ മൂർത്തിയുടെ സംഗീതമായും ജയചന്ദ്രന്റെ, യേശുദാസിന്റെ, ജാനകിയുടെ,സുശീലയുടെ, മാധുരിയുടെ പാട്ടുകളായും തുണ നിന്നു .
എനിക്കീ ഭാഷ എന്റെ അന്നവും ആത്മപ്രകാശനവുമാവുന്നു. മലയാളം എന്റെയുള്ളിൽ വറ്റിപ്പോകുന്ന അന്ന് മരിച്ചു പോകണം. കാരണം എന്റെ ജീവന്റെ ആദി കാരണവും അന്ത്യകാരണവും ഭാഷ മാത്രമാണ്; മലയാളം മാത്രമാണ് . കാരണമറ്റു പോയാൽ ജീവിതം മറ്റെന്തിനൊക്കെ ഉപകരിച്ചാലും ജീവിക്കാൻ മാത്രം ഉപകരിക്കുകയില്ല.
ജീവിതം ജീവിക്കാൻ തന്നെ ഉപകരിക്കപ്പെടണം.
Read Here: കൽക്കത്ത ചുരത്തിയ എന്റെ മലയാളം