മൈക്കൽ ഒ ഹായോഡാ എന്ന ഐറിഷ് -നിരൂപകൻ ഒരു യൂറോപ്യൻ പ്രസിദ്ധീകരണത്തിനു വേണ്ടി, ഇന്ത്യൻകവി കെ സച്ചിദാനന്ദനെ അഭിമുഖം ചെയ്യുകയാണ് : ഉളളിലെ എഴുത്തിനെ ഉണർത്തിയത് ആരാണ് എന്ന ചോദിയ്ക്കുന്നു.
കവിയാകട്ടെ, ഉത്തരമായി ജന്മനാട്ടിലെ മഴയുടെ പലതരം വായ്ത്താരികളെപ്പറ്റിപറയുന്നു . കാക്കകളോട് കുശലം പറയുന്ന അമ്മയെപ്പറ്റി പറയുന്നു . ആത്മാക്കളോടു സംവേദനം ചെയ്യുന്ന ഭക്താത്മാവായ അച്ഛനെപ്പറ്റി പറയുന്നു. ഭ്രാന്തു പിടിച്ച അമ്മൂമ്മയെപ്പറ്റി പറയുന്നു.
ഇവരാരും എഴുത്തുകാരായിരുന്നില്ല. തന്നെ എഴുത്തുകാരനാക്കിയ ഒരേയൊരു എഴുത്തുകാരനെപ്പറ്റിയെ സച്ചിദാനന്ദൻ ആ അന്താരാഷ്‌ട്രഫോറത്തിൽ പറയുന്നുള്ളു – തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി.
സ്‌കൂൾകുട്ടിയായിരിക്കെ , “വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെൻ , ഉള്ളത്തിൽ വന്നു വിളയാട് സരസ്വതീ നീ” എന്ന പാഠ്യഭാഗത്തിലെ വരികൾ മനസ്സിലുണ്ടാക്കിയ മിന്നലഴക് തന്നെയാണ് എഴുത്തിലേയ്ക്ക് അദ്ദേഹത്തെ തൊടുത്തു വിട്ടത്.
(പിന്നീട് അദ്ദേഹം “എഴുത്തച്ഛനെഴുതുമ്പോൾ ” എന്ന കവിതയും കുറിച്ചല്ലോ).
“സച്ചിദാനന്ദനെ അറിയാം , എഴുത്തച്ഛനെ അറിയില്ല ” എന്ന് പറയുന്ന ഒരു യൂറോപ്യൻസദസ്സിൽ, അദ്ദേഹത്തിന് വേണമെങ്കിൽ മലയാളത്തിന്റ ആദികവിയോടുള്ള പ്രിയം പരാമർശിയ്ക്കാതിരിയ്ക്കാമായിരുന്നു. അതുണ്ടായില്ല. തീവ്രകമ്യൂണിസ്റ്റ് കാലത്തിന്റെ തീചൂളയിലൂടെ കാവ്യജീവിതത്തിലേയ്ക്ക് ഉരുത്തിരിഞ്ഞ സച്ചിദാനന്ദനെപ്പോലെ ഒരാൾ , “അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)” രചിച്ച എഴുത്തച്ഛനിലെ കവിയെ, നന്ദിയോടെ സ്മരിയ്ക്കുന്നത്, ധിഷണാപരമായ നിഷ്കപടതയുടെ സത്യവാങ്മൂലമാല്ലാതെ എന്താണ്!
പക്ഷെ , ചർച്ച അതൊന്നുമല്ല . “അടിച്ചൂ ഷോഡതി”. “നൊബേൽ കിട്ടുന്നതിന് മുമ്പ്, നാട്ടിലെ സർക്കാരിന്റെ അവാർഡ് കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന ക്ഷീണം” എന്ന മട്ടിലുള്ള “സാഹിത്യനിരൂപണം ” ആർക്കും ഗുണം ചെയ്യില്ല . എഴുത്തച്ഛൻ അവാർഡിന്റെ പ്രൈസ് -മണി ഒന്നരലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി എന്ന കേവലം കീശപ്രമാണത്തിലേയ്ക്ക് സച്ചിദാനന്ദനെ ആദരിയ്ക്കുന്ന പുരസ്കാരത്തെ ചൊല്ലിയുള്ള സൈബർ ലോക കമന്റുകൾ താണു കൊണ്ടിരിയ്ക്കുന്നത് സങ്കടകരം തന്നെ .
മലയാളത്തിൽ “സമഗ്രസംഭാവന”യ്ക്കു അദ്ദേഹത്തിന് പുരസ്കാരം നൽകുമ്പോൾ, തോന്നേണ്ട സംശയം ഇതാണ്: മലയാളത്തിന്റെ അതിർത്തികൾ മറികടന്ന അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനത്തിന്റെ വിശാലസമഗ്രത ആർക്കെങ്കിലും വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ടോ? ചർച്ച ആ വഴിയ്ക്കാണ് പോവേണ്ടത് .
കാരണം, കവി മാത്രമല്ല സച്ചിദാനന്ദൻ. നിരൂപകൻ മാത്രമല്ല സച്ചിദാനന്ദൻ . പരിഭാഷകൻ മാത്രമല്ല . നാടകകൃത്ത് മാത്രമല്ല . പത്രാധിപർ മാത്രമല്ല . ആർട്ട് ക്രിട്ടിക്കും ഫിലിം ക്രിട്ടിക്കും മാത്രമല്ല അദ്ദേഹം. അദ്ധ്യാപന ജീവിതത്തിനും അക്കാദമിഭരണകാലത്തുമായി , ഏതാണ്ട് 3000 ( അച്ചടിച്ച) പേജുകൾ അദ്ദേഹത്തിന്റെ രചനകളുടേതായിട്ടുണ്ട്! സമീപകാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും സക്രിയമായ മണിക്കൂറുകൾ സാംസ്കാരികമായ നേതൃത്വപ്രവർത്തനങ്ങൾക്കായി സമർപ്പിയ്ക്കപ്പെട്ടതാണ്. .
കവിത പുത്തൻ വിപ്ലവരൂപത്തെ കുലുക്കിയുണർത്തി വിടുമോ? രാഷ്ട്രീയത്തിന്റെയും അക്ഷരങ്ങളുടെയും ടെസ്റ്റ് ട്യൂബ് ആയ കേരളമണ്ണിൽ അതും ഉണ്ടായി ഈയിടെ. സച്ചിദാനന്ദന്റെ “നിൽക്കുന്ന മനുഷ്യൻ” എന്ന കവിതയിൽ നിന്ന് പ്രചോദനം കൊണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ ആദിവാസികളുടെ “നിൽപ്പ്സമരം ” ഉണ്ടായി, ഏറെ നാൾ പടർന്നു പന്തലിച്ചു . ചുംബനം കൊണ്ട് പൊതുവിടങ്ങളെ പ്രകോപിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കാവ്യാഹ്വാനത്തിൽ ( “ചുംബനം ” എന്ന കവിത ) നിന്ന് ചുംബനസമരം എന്ന ആശയം ഉണ്ടായി, സദാചാരമണ്ഡലങ്ങളെ പ്രകമ്പനം കൊള്ളിച്ചതും നമ്മൾ അടുത്തിടെ കണ്ടു.
അടുത്ത കാലത്ത്, മതാന്ധർക്കെതിരെ, അധികാരപ്രമത്തർക്കെതിരെ ചെറുത്ത്നിൽപ്പിന്റെ മാനസികതലങ്ങൾ സൃഷ്ടിയ്ക്കാൻ രാജ്യത്ത് തലങ്ങും വിലങ്ങും ഉറക്കമൊഴിച്ച് ഓടിനടക്കുകയാണ് കവി.
ഇവയിൽ , ഏതു മുഖത്തിനാണ് സംസ്ഥാനസർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകിയത്? അദ്ദേഹത്തിന്റെ സമഗ്രസംഭാവനകൾ സൂക്ഷ്മമായി പഠിച്ചവർ ആരുണ്ട്?
നർമ്മം കലർന്ന വിരുദ്ധോക്തിയുടെ പേശീബലത്തോടെ, 30 വർഷം മുമ്പെഴുതപ്പെട്ട ഒരു സച്ചിദാനന്ദൻകവിത , ഈ പുരസ്കാരത്തെ എഴുത്തച്ഛനോളം തന്നെ സാരസ്യമുള്ളതാക്കും.
” നല്ല കവി ജനിച്ചു വീഴുന്നത്
സ്വർഗ്ഗത്തിലേക്കാണ്.
നല്ല കവിതയുടെ തൊണ്ടയിൽ
വാനമ്പാടിയുണ്ട്.
നല്ല കവിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു മധുരനാരങ്ങായാണ് .
നല്ല കവിയുടെ ചിഹ്നം പനിനീർ പൂവിനു കുറുകെ വച്ച
മയിൽപ്പീലിയാണ് .
നല്ല കവിക്ക് കവിതയ്ക്കുചിതമായ
വിഷയങ്ങളേതെന്ന് കൃത്യമായറിയാം .
ഒരു മാറ്റത്തിന് വേണ്ടി പ്പോലും
നല്ല കവി വൃത്തം തെറ്റിക്കുന്നില്ല.
ഉദയാസ്തമയങ്ങളും ഗിരിസാഗരങ്ങളും
എങ്ങിനെ വർണ്ണിക്കണമെന്നയാൾക്കറിയാം.
അലങ്കാരപ്രയോഗങ്ങളിൽ
അയാളൊരാചാര്യനാണ് .
കാവ്യഭാഷ അയാൾക്ക് തികച്ചും വശമാണ്.
അയാൾക്കെല്ലാ കാണ്ഡങ്ങളുടെയും പേരറിയാം.
എല്ലാ കാറ്റിന്റെയും പോക്കറിയാം.
ഞാൻ
ഒരു നല്ല കവിയല്ല.” ( “അഞ്ചു അകവിതകൾ” ) – കെ സച്ചിദാനന്ദൻ.
1980 കളിൽ വന്ന “വീടുമാറ്റം” എന്ന സമാഹാരത്തിലുള്ള ഈ കവിതയിൽ വഞ്ചിയുടെ ഉലയുന്ന രണ്ടറ്റത്തെന്ന പോലെയിരിയ്ക്കുന്നു എഴുത്തച്ഛനും സച്ചിദാനന്ദനും. ചുറ്റുമുള്ള “അകവിത” യിൽ നിന്ന്, രാഷ്ട്രീയവും സാംസ്കാരികജീവിതവും “കാലേ കാലേ” കവിതയായാക്കി വീണ്ടെടുക്കയാണ് സച്ചിദാനന്ദന്റെ സ്വയംകല്പിതദൗത്യം. അതിനിടയിൽ, രാമായണത്തിന്റെ എല്ലാ കാണ്ഡങ്ങളുടെയും പേരറിഞ്ഞില്ലെങ്കിലെന്ത്! എല്ലാ കാറ്റിന്റെയും പോക്കറിഞ്ഞില്ലെങ്കിലെന്ത്!