കെ പി എ സി മുതൽ എ ആർ റഹ്മാൻ വരെ: പുത്തൻ കേട്ടെ/ഴുത്തുകൾ

ശരീരം, ജാതി, ആസ്വാദനത്തിന്‍റെ രാഷ്ട്രീയം, ടെക്നോളജി തുടങ്ങിയ ഘടകങ്ങൾക്കുളളിലെ സാംസ്കാരികയിടപാടുകൾ സാധ്യമാക്കുന്ന കേൾവിയുടെ അനുഭവങ്ങളെഴുതുന്ന പുസ്തകമാണിതെന്ന് ജെ എൻ യുവിലെ അധ്യാപകനായ ലേഖകൻ

p.k ratheesh,music

‘ജിമിക്കി കമ്മൽ’ എന്ന പാട്ട് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടുന്ന വീഡിയോകളിൽ നിന്നും അതിന്‍റെ ‘ഒറിജിനൽ’ വേർഷൻ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമല്ല എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടിതില്ലല്ലോ. കരീബിയൻ റാപ്പ് തൊട്ട് കർണാട്ടിക് രാഗമാലിക വരെയുളള ‘ജിമിക്കികമ്മലി’ന്‍റെ ആഗോളവ്യാപകമായ പുനരാവിഷ്കാരങ്ങൾ സാങ്കേതിക സാധ്യതകളുടെയും ആസ്വാദനത്തിന്‍റെയും പുതിയ തലങ്ങളെ സൂചിപ്പിക്കുന്നു.

മുൻകാലങ്ങളിൽ പാട്ട് കേട്ട് മാത്രം ആസ്വദിച്ചിരുന്നവരിൽ ​പലരും ഇന്ന് പുതിയ ശൈലികളിൽ​ പാടി, റീറെക്കോഡ് ചെയ്ത്, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം അത്തരം പുതിയ വേർഷനുകളുടെ ഉടമസ്ഥരായി അറിയപ്പെടാനും തുടങ്ങി. ഈ ട്രെൻഡ് തുടങ്ങിയത് ‘വൈ ദിസ് കൊലവറി’ എന്ന പാട്ടിന്‍റെ പ്രചാരത്തോടു കൂടിയാണെന്ന് പറയാം.

‘കൊലവറി’ ഗാനത്തിന്‍റെ നിർമ്മിതിയും ആലാപനവും പ്രചാരവും എങ്ങിനെയാണ് സംഗീതത്തിന്‍റെ ശുദ്ധബോധത്തെയും സാമ്പ്രദായികതയെയും അട്ടമറിക്കുന്നുവെന്ന് എ എസ് അജിത് കുമാർ എഴുതുന്നു. ‘കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തിൽ​ സംവാദങ്ങളുടെ സൈദ്ധാന്തികതലം രൂപപ്പെടുന്നത് സംഗീതത്തെയും സാങ്കേതികതയെയും കുറിച്ചുളള ഇത്തരം സൂക്ഷ്മ വിമർശനങ്ങളിലൂടെയാണ്.

സംഗീത മാതൃകകൾ – ശരീരം, ജാതി, ആസ്വാദനത്തിന്‍റെ രാഷ്ട്രീയം, ടെക്നോളജി തുടങ്ങിയ ഘടകങ്ങൾക്കുളളിലെ സാംസ്കാരികയിടപാടുകൾ സാധ്യമാക്കുന്ന കേൾവിയുടെ അനുഭവങ്ങളാണ് ഈ​ പുസ്തകത്തിന് ആധാരം.

സംഗീതത്തെ കുറിച്ചുളള എഴുത്തുകളുടെ ഒരു പൊതുസ്വഭാവം അവ പാട്ടു സാഹിത്യത്തെ, അഥവാ കാവ്യഭംഗിയെയും അതുളവാക്കുന്ന നൊസ്റ്റാൾജിയയെയും അമിതമായി ആശ്രയിക്കുന്നു എന്നതാണ്. പാട്ടിലെ സാങ്കേതികതയെ മുൻനിർത്തിയുളള അന്വേഷണങ്ങൾ ചെന്നു നിൽക്കുന്നതാവട്ടെ, ശാസ്ത്രീയം- അശാസ്ത്രീയം, പരമ്പരാഗതം- ആധുനികം, ശ്രേഷ്ഠം- മ്ലേച്ഛം, ഭാരതീയം- പാശ്ചാത്യം എന്നിങ്ങനെയുളള​ ജാതീയവും ദേശപരവുമായ ദ്വന്ദ മാതൃകകളിലും.

സംഗീത ഗണങ്ങളെ കുറിച്ചുളള ഇത്തരം മുൻവിധികളെ ചോദ്യം ചെയ്യുകയും പാശ്ചാത്യം, ഭാരതീയം എന്നീ കേവല ദ്വന്ദങ്ങളിൽ സംഗീത വ്യവഹാരങ്ങളെ കുരുക്കുന്ന പ്രവണതകളെ സൈദ്ധാന്തികമായി പ്രതിരോധിക്കുകയും ചെയ്യുന്നവയാണ് ‘കേൾക്കാത്ത ശബ്ദ’ങ്ങളിലെ ലേഖനങ്ങൾ. മുൻപ് കേൾക്കാതിരുന്നതും അല്ലെങ്കിൽ കുറഞ്ഞ വോള്യത്തിൽ മാത്രം കേട്ടിരുന്നതുമായ ഒച്ചകളെയും ശബ്ദസങ്കേതകങ്ങളെയും തുറന്നുവിടുന്ന നിലപാടാണ് ലേഖകൻ ഇവിടെ സ്വീകരിച്ചിട്ടുളളത്.

pk ratheesh ,music

കേൾവി എന്ന അനുഭവത്തെ എഴുതുമ്പോൾ, പാട്ടിനെ കുറിച്ച് മാത്രമോ, അല്ലെങ്കിൽ പാട്ടിലെ വരികളെയും ചിട്ടപ്പെടുത്തലുകളെയും ഒരു സാഹിത്യ പഠന മാതൃകയിൽ സമീപിക്കാനാവില്ല. എന്നാൽ, പാട്ടിനെയും സംഗീതത്തെയും കുറിച്ചുളള മുഖ്യധാരാ രചനകളിൽ പലതും ഈയൊരു സമ്പ്രദായം പിന്തുടരുന്നതായി കാണാം. ശ്രവ്യാനുഭവങ്ങളെ ഇത്തരം ആഖ്യാന മാതൃകയിലേയ്ക്ക് ചുരുക്കുന്ന പ്രവണതയെ പ്രതിരോധിക്കുക വഴി, സംഗീതത്തെ കുറിച്ചുളള സാമ്പ്രദായിക വിശകലനരീതികളെ തീർത്തും അട്ടിമറിക്കുന്ന സമീപനമാണ് ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നത്. ശബ്ദങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ ഇടങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന പത്ത് ലേഖനങ്ങൾ സമാഹാരത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നു. ശബ്ദരൂപങ്ങൾ (Forms of Sound) സാങ്കേതികവിദ്യ (Technology), ശരീരം (Body), ജാതി (Caste), ലിംഗപരത (Gender and Sexuality),സംഗീത മാതൃകകൾ, (Musical Genres), ഘടന (Structure), കേൾവി ശീലങ്ങൾ (Listening Habits), ശ്രവ്യ സാധ്യതകൾ (Listening Possibilities) ഉപകരണങ്ങളും യന്ത്രങ്ങളും (Instruments and Devices) എന്നു തുടങ്ങി വ്യത്യസ്തവും അതേസമയം പരസ്പരം ഇടകലരുകയും ചെയ്യുന്ന ശബ്ദവ്യവഹാരങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവയാണ് മേൽപ്പറഞ്ഞ ലേഖനങ്ങൾ.

കേൾവിയുടെ ഭൂമികയെ അതിന്‍റെ സാംസ്കാരികവും സാങ്കേതികവും സൈദ്ധാന്തികവുമായ തലങ്ങളിൽ നിന്നും ആവിഷ്ക്കരിക്കുമ്പോൾ സാധ്യമാവുന്നത് ശബ്ദവ്യവഹാരത്തെ കുറിച്ചുളള തികച്ചും പുതിയ വായനകളാണ്.

“ശബ്ദത്തെ പുനർനിർമ്മിക്കാനുളള അധികാരം മുമ്പ് ദൈവങ്ങൾക്കു മാത്രമായിരുന്നു; എന്നാൽ ഏതാണ്ട് 530 കോടി ആളുകൾ മൊബൈൽ ​ഫോൺ ഉപയോഗിക്കുന്ന ഇക്കാലത്ത്, ദൈവങ്ങൾക്ക് മാത്രമുണ്ടായിരുന്ന ആ അധികാരം മനുഷ്യരാശിക്ക് മുഴുവനായി കൈമാറ്റം ചെയ്യപ്പെട്ടു,” എന്നാണ് പ്രശസ്ത ശബ്ദ ചിന്തകനും സംഗീത വിമർശകനുമായ ഴാക് അറ്റാലി (Jaques Atali) രേഖപ്പെടുത്തിയിട്ടുളളത്. കരോക്കയിൽ നിന്നും സ്മ്യൂളിലേയ്ക്ക് വഴിമാറിയ പോപ്പുലർ ഹിറ്റുകളുടെ അപര നിർമ്മിതികളും അവയുടെ ഓൺലൈൻ വ്യാപനവും സംഗീതത്തിന്‍റെ ‘ശുദ്ധ’വും സ്വസ്ഥവുമായ ഇടങ്ങളെ നിരന്തരം അലോസരപ്പെടുത്തുന്നതായിക്കാണാം.

‘കൊലവെറിയും’ ‘ജിമിക്കി കമ്മലും’ പോലുളള പാട്ടുകളും ദിൻചക് പൂജയെപ്പോലുളള പാട്ടുകാരും കൂടെയാവുമ്പോള്‍ അസ്വസ്ഥത ഏറുന്നു. ഏറ്റവും വലിയ ആശങ്ക സംഗീതമറിയാത്തവർ പോലും പാട്ടുണ്ടാക്കുന്നു എന്നതാണ്.

music,p.k ratheesh

കംപോസിങ്ങിലും റെക്കോഡിങ്ങിലും പുതിയ സാങ്കേതിക സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനുളള കഴിവ് സംഗീത സംവിധായകരുടെ പ്രതിഭയെ നിർണയിക്കുന്നതിൽ മുഖ്യഘടകമായി എന്നതിന് എ. ആർ. റഹ്മാന്‍റെ കരിയർ ഏറ്റവും നല്ല ഉദാഹരണമാണ്. റഹ്മാന്‍റെ സംഗീതത്തിലെ സാങ്കേതികയിടങ്ങളുടെയും ഉപകരണ സംഗീതത്തിലെയും ആലാപനത്തിലെയും സാംസ്കാരിക രാഷ്ട്രീയത്തെയും അജിത് കുമാർ രേഖപ്പെടുത്തുന്നത് നേരത്തെ സൂചിപ്പിച്ച ‘ശുദ്ധസംഗീത’യിടങ്ങളിലെ ആശങ്കകളുടെയും അസ്വസ്ഥതകളുടെയും പശ്ചാത്തലത്തിൽ കൂടിയാണ്.

കേൾവിയുടെ പുതിയ സാധ്യതകളെ തൊട്ടറിയുന്ന റഹ്മാൻ ഇവിടെ സംഗീതത്തെ  ആഘോഷിക്കുകയല്ല, മറിച്ച് റെക്കോർഡിങ് രീതികളിലും ഫോർമാറ്റുകളിലും വരുത്തുന്ന മാറ്റങ്ങളെ അവയുടെ രാഷ്ട്രീയ നിലപാടുകളുടെയും ശ്രവ്യ സാധ്യതകളെയും മുൻനിർത്തി വായിക്കുകയാണിവിടെ. കസെറ്റിൽ നിന്നും സിഡിയിൽ നിന്നും വ്യത്യസ്തമായി മൊബൈൽ ഫോൺ സംഗീതത്തിലേയ്ക്കു മാറുമ്പോൾ സംഭവിക്കുന്ന കേൾവിയുടെ പുതിയ അനുഭവമെന്താണ്?

സംഗീതത്തെകുറിച്ചും സംഗീതജ്ഞരെ കുറിച്ചും പൊതുവെ കണ്ടു വരുന്ന ചരിത്രപരവും ഗൃഹാതുരവുമായ രചനകളിൽ നിന്നും അജിത് കുമാറിനെ വ്യത്യസ്തമാക്കുന്നത് ​ വിശകലന മാതൃകയാണ്. ജാതിയെ കുറിച്ച് പറയുമ്പോൾ​ സംഗീതജ്ഞരുടെ ജാതിയെ കേവലമായി സൂചപ്പിക്കുകയല്ല, മറിച്ച് ഉപകരണങ്ങളിലും ഘടനയിലും പ്രയോഗത്തിലും സ്ഥലകാലാധിഷ്ഠിതമായി ജാതി ഇഴചേരുന്നതും പ്രതിഫലിക്കുന്നതും എങ്ങനെയാണെന്ന് സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണ് ചെയ്യുന്നത്.

p.k ratheesh,music

മുൻകാലങ്ങളിൽ​ നിന്നും വ്യത്യസ്തമായി, സിനിമയെയും സംഗീതത്തെയും കുറിച്ചുളള എഴുത്തുകൾ സജീവമാവുന്ന കാലമാണിത്. എന്നാൽ സംഗീതത്തെ കുറിച്ചുളള രചനകൾ, ശബ്ദവ്യവഹാരങ്ങളുടെ പാർശ്വങ്ങളിലും ആഴങ്ങളിലും സൈദ്ധാന്തികമായി കടന്നു ചെല്ലുന്നത് വളരെ വിരളമായി മാത്രമാണ്.

പുതിയ ശബ്ദലേഖന സമ്പ്രദായങ്ങളും കേൾവി ശീലങ്ങളും ഉൽപ്പാദിപ്പിക്കുന്ന ശബ്ദസംസ്കാരത്തെ രേഖപ്പെടുത്താൻ അത്തരം സൂക്ഷ്മയിടങ്ങളെ അറിയേണ്ടതുണ്ട്. ഈയൊരു സമീപനം ഉൾക്കൊളളുക വഴി, സംഗീതത്തെ കുറിച്ച്, സ്ഥിരമായി കേൾക്കുന്ന ഗൃഹാതുര വിലാപങ്ങളെയും സാങ്കേതികതയെ കുറിച്ചുളള അസ്വസ്ഥതകളെയും സൈദ്ധാന്തികമായി പ്രതിരോധിക്കാൻ അജിത് കുമാറിന് സാധിക്കുന്നു.

ജൊനാതൻ സ്റ്റെൺ, റിച്ചാർഡ് മിഡിൽടൺ, ഴാക്ക് അറ്റാലി, തുടങ്ങിയ ചിന്തകരുടെ ശബ്ദത്തെയും സംഗീതത്തെയും കുറിച്ചുളള ഏറ്റവും പുതിയ സൈദ്ധാന്തിക സമീപനങ്ങളുമായി സജീവമായി ഇടപെട്ടുകൊണ്ടാണ് തന്‍റെ കാഴ്ചപ്പാടുകളെ ലേഖകൻ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സംഗീതം, ശരീരം, ജാതി എന്നിവയെ സംബന്ധിച്ച ചർച്ചകൾ, യേശുദാസ്, എ.​ആർ റഹ്മാൻ, കലാഭവൻ മണി, ജാസി​ ഗിഫ്റ്റ്, പ്രസീത ചാലക്കുടി, ഉഷാ ഉതുപ്പ് തുടങ്ങിയ ആർട്ടിസ്റ്റുകൾ നടത്തിയ വ്യത്യസ്തമായ ശബ്ദചലനങ്ങളെ ഉൾക്കൊളളുന്നതോടൊപ്പം കെ പി എ സി മുതൽ 13 AD വരെയുളള പ്രാദേശികവും ആഗോളവുമായ സംഗീത വ്യവഹാരങ്ങളുടെ കേരള പശ്ചാത്തലത സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ഇതിൽ നാടകം, ബാൻഡ് മ്യൂസിക്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, തുടങ്ങി സംഗീതാസ്വാദനത്തിന്‍റെ വ്യത്യസ്ത മണ്ഡലങ്ങളിൽ നടക്കുന്ന അധികാര ബലതന്ത്രങ്ങളെ സൂചിപ്പിക്കുന്നതും കാണാം. വരികൾക്കും ഭാഷയ്ക്കും ഴാണറിനും (genre) ദേശത്തിനും ഉപരിയായി അനുഭവമാകുന്ന കേൾവിയുടെ പുതിയ വ്യവഹാരങ്ങളെ ഒരു സാംസ്കാരിക വിമർശത്തിന് വിധേയമാക്കുന്ന ഈ പുസ്തകം സംഗീതത്തിലെ കലർപ്പുകളെയും ഒച്ചപ്പാടുകളെയും ആഘോഷിക്കുന്നതോടൊപ്പം ഈ ‘കേട്ടെ/ഴുത്തുകളുടെ’ പുതിയ മാതൃകകളെ പരിചയപ്പെടുത്തുക കൂടെ ചെയ്യുന്നു.


“കേൾക്കാത്ത ശബ്ദങ്ങൾ:പാട്ട്,ശരീരം,ജാതി”
-എ. എസ് അജിത്കുമാർ
-അദർ ബുക്ക്സ്- കോഴിക്കോട്

(ജെ എൻ യു വിലെ സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസ് വിഭാഗം അധ്യാപകനാണ് രതീഷ്)

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Kelkatha sabdangal a s ajith kumar

Next Story
രൂപി കൗര്‍: ‘ചെറിയ അക്ഷരങ്ങളു’ടെ കവിതrupi kaur,poems
The moderation of comments is automated and not cleared manually by malayalam.indianexpress.com