scorecardresearch
Latest News

കാലം എന്ന മഹാഭയം

നൊബേല്‍ സമ്മാന ജേതാവായ കാസുവോ ഇഷിഗാരോയെക്കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്‍ എഴുതുന്നു

കാലം എന്ന മഹാഭയം

ബ്രിട്ടണിലെ ചക്രവർത്തിയായിരുന്ന ആർതറിന്റെ രാജധാനിയിലേക്ക് ഒരിക്കൽ ഒരു പടയാളി കയറി വന്നു. പച്ചപ്പടച്ചട്ട, പച്ചത്തൊപ്പി, പച്ച നിറമുള്ള ആയുധങ്ങൾ എന്നിവയുണ്ടായിരുന്നു അയാൾക്ക്. മുഖത്തും പച്ചച്ചായം തേച്ചിരിക്കുന്നു. ചുരുക്കത്തിൽ പച്ചയോദ്ധാവ് എന്നറിയപ്പെടുന്ന ഒരുവൻ.

ആർതറെയും അദ്ദേഹത്തിന്റെ അനുചരന്മാരെയും നോക്കി അയാൾ വെല്ലുവിളിച്ചു: “ഇവിടെ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അയാൾക്കെന്റെ തല വെട്ടാം. പക്ഷേ, ഞാൻ മരിച്ചില്ലെങ്കിൽ അടുത്ത വർഷം

കസുവോ ഇഷിഗുരോ

അയാളെന്റെ കോട്ടയിലേക്കു വരണം. അവിടെ വെച്ച് ഞാനയാളുടെ തല വെട്ടും.”
അസാധാരണമായ ഈ വെല്ലുവിളി സ്വീകരിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ ചക്രവർത്തിയുടെ മരുമകനും നന്മയുടെയും ധീരതയുടെയും പര്യായവുമായ സർ. ഗവൈൻ മുന്നോട്ടു വന്നു.യോദ്ധാവ് നിലത്ത് മുട്ടുകുത്തി നിന്നു. ഗവൈൻ അയാളുടെ പച്ച നിറമുള്ള മഴുവെടുത്ത് കഴുത്തിൽ ആഞ്ഞു വെട്ടി .വിചാരിക്കാത്ത ഒന്നാണ് പിന്നീടു സംഭവിച്ചത്. പച്ചയോദ്ധാവിന്റെ കൈകൾ മുറിഞ്ഞുപോയ തലയെടുത്ത് കഴുത്തിൽ വെച്ചു. എന്നിട് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ കുതിരയോടിച്ച് മറഞ്ഞു.
വാക്കുപാലിക്കാൻ അടുത്ത വർഷം ഗവൈൻ പച്ചയോദ്ധാവിന്റെ കോട്ടയിലേക്കു പോവുകയാണ്. മൂടൽമഞ്ഞിലൂടെ, ദുർഘടം പിടിച്ച വഴികളിലൂടെ, അപകടങ്ങളെ അതിജീവിച്ചുകൊണ്ട് അയാൾ യാത്ര ചെയ്യുന്നു…

സാഹിത്യത്തിനുള്ള 2017 ലെ നോബൽ പുരസ്കാര ജേതാവായ കാസുവോ ഇഷിഗുരോയുടെ കുഴിച്ചുമൂടപ്പെട രാക്ഷസൻ (The Buried Giant) എന്ന നോവൽ ഇതുപോലുള്ള പുരാതന ബ്രിട്ടൻ -സാക്സൺ മിത്തുകളെ കടം കൊള്ളുന്നുണ്ട്. ആർതറാൽ തോൽപ്പിക്കപ്പെട്ടതിന്റെ സ്മരണകള്ള ഒരു സാക്സൺ ഗ്രാമത്തിലാണ് കഥ നടക്കുന്നത് വൃദ്ധരായ ആക്സ്ൽ – ബിയാട്രിസ് ദമ്പതികൾ ഒരു ദിവസം അവർ മിക്കവാറും മറന്നു കഴിഞ്ഞ മകനെ സന്ദർശിക്കാൻ യാത്ര പുറപ്പെടുകയാണ്.

Read About : കസുവോ ഇഷിഗുരോയ്ക്ക് സാഹിത്യത്തിനുളള നൊബേൽ

നദീ തീരത്തു വെച്ച് ആളുകളെ മരിച്ചവരുടെ ദ്വീപിലെത്തിക്കുന്ന ഒരു തോണിക്കാരനെ അവർ കണ്ടുമുട്ടുന്നു. പരസ്പരമുള്ള ഗാഢസ്നേഹം തെളിയിക്കുന്ന ദമ്പതിമാരെ മാത്രമേ അയാൾ ഒന്നിച്ച് യാത്ര ചെയ്യാനനുവദിക്കുകയുള്ളൂ.അത്തരമൊരു പരീക്ഷണത്തെ അതിജീവിക്കില്ലെന്ന ഉൾഭയം ആക്സ്ലിനെയും ബിയാട്രിസിനെയും പിടികൂടുന്നു.അതു കൊണ്ടു തന്നെ അവർ എന്നെന്നേക്കുമായി വേർപിരിയുകയും ചെയ്യുന്നു.

‘When We Where Orphans’ ൽ ഡിക്ടറ്റീവ് നോവലിന്റെയും ‘Never Let Me Go’ യിൽ സയൻസ് ഫിക്ഷന്റെയും ശൈലി പിന്തുടരുന്ന ഇഷിഗുരോ ‘The Buried Giant’ ൽ പുരാവൃത്തങ്ങളെ ആഖ്യാനത്തിനു കൂട്ടുപിടിക്കുന്നു. സർ ഗവൈന്റെ പ്രതിരൂപം നോവലിൽ വൃദ്ധനായാണ് പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു പുരാതന ട്യൂട്ടൺ മിത്തായ ബിയോവൊൾഫിന്റെ നിഴലാട്ടങ്ങളും നോവലിൽ കണ്ടെത്താനാവും

1954ൽ ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച കാസുവോ ഇഷിഗുരോ 1960 ൽ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറി. കെന്റ്, ഈസ്റ്റ് ആംഗ്ലിയ. തുടങ്ങിയ യൂനിവേഴ്സിറ്റികളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ന് ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്.

‘The Remains of the Day’ എന്ന പുസ്തകത്തിന് 1989 ലെ ബുക്കർ സമ്മാനവും ലഭിക്കുകയുണ്ടായി. ഇഷിഗുരോയുടെ നോവലുകളിലെ കഥാപാത്രങ്ങൾ ഒരിക്കലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാത്തവരാണ്. ഭൂതകാലത്തിൽ മുഴുകി വർത്തമാനത്തിന്റെ തിരിച്ചടികൾക്ക് കീഴ്പെട്ട് ഭാവിയില്ലാതെ ജീവിക്കുന്ന അവർ പലപ്പോഴും വിഖ്യാത നോർവീജിയൻ എക്സ്പ്രഷനിസ്റ്റ് ചിത്രകാരനായ എദ്വാർദ് മുങ്കിനെറെ ചിത്രരൂപങ്ങളെ അനുസ്മരിപ്പിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ കാലത്തിന്റെ ഏതോ ഒരു ബിന്ദുവിൽ വീണ്ടെടുക്കപ്പെടാനാവത്ത വിധത്തിൽ തറഞ്ഞു പോയ ചിലർ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kazuo ishiguro wins 2017 nobel prize for literature jayakrishnan