scorecardresearch

ഓര്‍മ്മകള്‍ കൊണ്ടു മുറിവേല്‍ക്കുമ്പോൾ

ഇരുപതാം നൂറ്റാണ്ടിലെ ക്ലാസ്സിക്കുകളിലൊന്നായി പലരും വിലയിരുത്തിയിട്ടുള്ള ‘Remains of the Day’ ഒരിക്കല്‍ക്കൂടി വായിക്കാനാണ് എന്റെ കൗതുകം. ദീര്‍ഘകാലത്തിനു ശേഷം ഈ” മതഗ്രന്ഥം”ഇപ്പോള്‍ എന്നെ തൃപ്തിപ്പെടുത്തുമോ എന്തോ! കാസുവോ ഇഷിഗുരോയുടെ കൃതികളെകുറിച്ച് സാഹിത്യകാരനായ ലേഖകൻ

kazuo ishiguro , e.santhoshkumar ,nobel prize

പതിനഞ്ചു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2002 ജൂണ്‍ പതിനഞ്ചാം തിയ്യതിയാണ് കാസുവോ ഇഷിഗുറോ എന്ന എഴുത്തുകാരന്റെ ഒരു പുസ്തകം ഞാന്‍ കാണുന്നത്. ഹൈദരാബാദിലെ ഒരു പുസ്തകക്കടയില്‍ വച്ചായിരുന്നു അത്. തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയതായിരുന്നു ഞാന്‍. ആ പകല്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് വെറുതെ നഗരത്തില്‍ ചുറ്റിക്കറങ്ങാമെന്നു വിചാരിച്ചു. നല്ല ചൂടുള്ള അന്തരീക്ഷം. പുറത്തിറങ്ങി നടക്കുക എളുപ്പമായിരുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ഓരോ കടയിലേക്കും നോക്കും: കടകളില്‍ നമ്മെ ആകര്‍ഷിക്കുന്ന ആളുകളോ വസ്തുക്കളോ ഇല്ലെന്നു കാണുമ്പോള്‍ നടത്തം തുടരും. അങ്ങനെയാണ് ആ പുസ്തകശാല കാണുന്നത്. വൃത്തിയായി അടുക്കിവച്ച അതിലെ പുസ്തകങ്ങളേക്കാള്‍ അവിടെ പ്രതീക്ഷിക്കാവുന്ന തണുപ്പും തിരക്കില്ലാത്ത കുറച്ചു സ്ഥലവും സ്വാസ്ഥ്യവും എന്നെ ആകര്‍ഷിച്ചു.

പല കാരണങ്ങള്‍ കൊണ്ടാണ് പുസ്തകങ്ങള്‍ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുക. പുറംചട്ടയിലെ ചിത്രമോ എഴുത്തോ ആവാം, എഴുത്തുകാരന്റെ പേരാവാം, മുമ്പ് ചിലപ്പോള്‍ നമ്മള്‍ അയാളെ വായിച്ചിട്ടുണ്ടാവും, അതുമല്ലെങ്കില്‍ വെറുതെ പുസ്തകത്തിന്റെ വലുപ്പം, ആകൃതി, അക്ഷരങ്ങള്‍, അച്ചടി. പെട്ടെന്നു തോന്നുകയാണ്, ഈ പുസ്തകം കൊള്ളാം. പലപ്പോഴും തീരുമാനങ്ങള്‍ തെറ്റായിത്തീരാറുണ്ട്. പത്തോ അമ്പതു പേജുകളിലൂടെ വളരെ കഷ്ടപ്പെട്ടു നീങ്ങിയിട്ടും പുസ്തകത്തിലെ പ്ലോട്ടോ ഭാഷയോ ഒന്നും നിങ്ങളെ ആകര്‍ഷിക്കുന്നില്ലെങ്കില്‍ പിന്നെ അതു മുന്നോട്ടു കൊണ്ടുപോയിട്ട് എന്തു പ്രയോജനം? (ഞാന്‍ സാധാരണ വായനക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യൂളിസസ് നൂറു തവണ വായിക്കും എന്നു നിശ്ചയിച്ചിട്ടുള്ള വലിയ മനുഷ്യരെ അല്ല. അവര്‍ക്കുള്ളതല്ല ഈ കുറിപ്പും).

കാസുവോ ഇഷിഗുരോയുടെ പുസ്തകം എടുത്തു നോക്കാനും പിന്നീട് അതു വാങ്ങാനും നിശ്ചയിച്ചതിനു കാരണം രണ്ടായിരുന്നു: ആദ്യത്തേത് ആ പേരു തന്നെ. ജാപ്പനീസ് എഴുത്തുകാരായ കാവബാത്ത, മിഷിമ, താനിസാക്കി, കെന്‍സാബുറോ ഓയേ എന്നിവരുടെ ചില പുസ്തകങ്ങളെല്ലാം വായിക്കാന്‍ സാധിച്ചിരുന്നു. മുരകാമിയെ അന്ന് ഒട്ടും വായിച്ചിട്ടേയില്ല. വായിച്ചിടത്തോളം അനുഭവം വച്ചു നോക്കുമ്പോള്‍ ജാപ്പനീസ് എഴുത്തുകാര്‍ക്ക് വലിയ പ്രത്യേകതയുണ്ട്. ഹൈക്കുവിലെനന്നതുപോലെ അത്രത്തോളം സൂക്ഷ്മമാണ് അവരുടെ എഴുത്ത്. വലിയ സംഭവങ്ങളൊന്നും നടക്കുന്നതായി തോന്നുകയില്ല. വ്യക്തികളുടെ മാനസിക സഞ്ചാരങ്ങള്‍, അന്തരീക്ഷം, മഞ്ഞ്, മഴ, യാത്രകള്‍: എല്ലാം ധ്വനിപ്പിക്കുകയേ ഉള്ളൂ. നീണ്ട വിവരണങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഒരു മൂളല്‍, ഒരു വിളി, ഒറ്റനോട്ടം, ഒരു ചിറകടി: അങ്ങനെ… അനേകം ചടങ്ങുകള്‍ നിറഞ്ഞ ഒരു ജാപ്പാനീസ് ചായസല്‍ക്കാരത്തിന്റെ സൂക്ഷ്മവിവരണങ്ങളിലൂടെ കവാബാത്ത ‘തൗസന്റ് ക്രെയിന്‍സ് ‘ എഴുതിയിട്ടുള്ളതു നോക്കുക. കവാബാത്തയുടെ കുറേ പുസ്തകങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട് (ആയിരം കൊറ്റികള്‍, സഹശയനം, ഹിമഭൂമി തുടങ്ങിയവ). രണ്ടു വര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമിക്കു വേണ്ടി അവയെക്കുറിച്ചെഴുതാന്‍ എനിക്കൊരു അവസരം കൈവന്നിരുന്നു എന്നോര്‍മ്മിക്കുന്നു.

kazuo ishiguro , e.santhoshkumar ,nobel prize

എന്നാല്‍ കാസുവോ ഇഷിഗുരോ ജാപ്പാനീസ് എഴുത്തുകാരനല്ല. ജനിച്ചത് ജപ്പാനിലാണെങ്കിലും ചെറുപ്പം മുതല്‍ അദ്ദേഹം ഇംഗ്ലണ്ടിലാണ് ജീവിക്കുന്നത്, ഇംഗ്ലീഷിലാണ് എഴുതുന്നത്. പുസ്തകം വാങ്ങാനുള്ള അടുത്തകാരണം അതിന്റെ ഒട്ടൊരു കാല്പനികധ്വനിയുള്ള ശീര്‍ഷകമായിരുന്നു: The Remains of the Day ( ദിവസത്തിന്റെ അവശിഷ്ടങ്ങള്‍).

Read More: എഴുത്തുകാരനും വിവർത്തകനും ചിത്രകാരനുമായ ജയകൃഷ്ണൻ കാസുവോ ഇഷിഗുരോയുടെ സാഹിത്യലോകത്തേയ്ക്ക് നടത്തുന്ന സഞ്ചാരം: കാലം എന്ന മഹാഭയം ഇവിടെ വായിക്കാം

എന്നാല്‍ ഈ പറയുന്ന ‘ദിനം’, നാം പതിവായി ഉപയോഗിക്കുന്ന ദിവസമല്ല. നഷ്ടപ്പെട്ടു പോയ ഒരു കാലഘട്ടമാണ് എന്ന് വായനയില്‍ മനസ്സിലാവും. ഡാര്‍ലിങ്ടണ്‍ എന്ന പ്രഭു ഭവനത്തിലെ പരിചാരകനായിരുന്ന (ബട്‌ലര്‍) സ്റ്റീവന്‍സിന്റെ വാക്കുകളിലൂടെയാണ് ഈ നോവല്‍ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ഭവനം ഒരു അമേരിക്കക്കാരന്റെ കൈവശം വന്നു ചേരുന്നു. ബ്രിട്ടീഷ് ഉടമസ്ഥന്റെ പോലെയല്ല, അയാള്‍ കുറേക്കൂടി സ്വതന്ത്രനാണ്. സാംസ്‌ക്കാരികമായി വ്യത്യാസങ്ങളുണ്ട്. ആചാരങ്ങളിലും പെരുമാറ്റത്തിലുമൊന്നും കഠിനമായ നിഷ്ഠകള്‍ പുലര്‍ത്തുന്നയാളല്ല പുതിയ ഉടമയായ മിസ്റ്റര്‍ ഫാരഡേ. തന്റെ പുതിയ ഉടമസ്ഥന്റെ കാറില്‍, അയാളുടെ അനുവാദത്തോടെയും ഒട്ടൊരു പ്രോത്സാഹനത്തോടെയും സ്റ്റീവന്‍സ് നടത്തുന്ന ഇംഗ്ലീഷ് ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്രയാണ് ഈ ഗ്രന്ഥത്തിന്റെ പശ്ചാത്തലം. യഥാര്‍ത്ഥത്തില്‍ പക്ഷേ, അയാള്‍ ഇംഗ്ലണ്ടിന്റെ ഉള്‍പ്രദേശങ്ങളല്ല, പകരം ഡാര്‍ലിങ്ടണ്‍ ഭവനത്തിന്രെയും യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെയും ആത്യന്തികമായി തന്റെ തന്നെയും ഭൂതകാലത്തെയാണ് അയാള്‍ പുന: സന്ദര്‍ശിക്കുന്നത്. ഒരു നല്ല ബട്‌ലറായിത്തുടരാനുള്ള ശ്രമത്തിനിടയില്‍ മാനുഷികമായ എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട് യന്ത്രസമാനമായ ഒരു ജീവിതമാണ് അയാള്‍ നയിച്ചിരുന്നത്. മകന്‍ എന്ന നിലയില്‍, ഒരു കാമുകന്‍ എന്ന നിലയിലെല്ലാം മാനുഷികത പരിശോധിക്കപ്പെടുന്ന, ജീവിതത്തെത്തന്നെ ഉരച്ചുനോക്കുന്ന ചില വലിയ സന്ദര്‍ഭങ്ങള്‍ ഈ കൃതിയിലുണ്ടെന്ന് ഞാനോര്‍മ്മിക്കുന്നു. നോവല്‍ വികാരങ്ങള്‍ കൊണ്ടെഴുതപ്പെട്ട ചരിത്രമാണെന്നു പറയാറുണ്ടല്ലോ. (emotional history). അതേ സമയം ഇല്ലാതാവുന്ന അഥവാ ഇല്ലാതാക്കപ്പെടുന്ന മാനുഷികതയെക്കുറിച്ചാണ് ഈ രചന. ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി, രാഷ്ട്രീയാവലോകനങ്ങള്‍, കഥാപാത്രങ്ങളുടെ നിര്‍മ്മമമായ ചിത്രീകരണം: ഏതു മാനദണ്ഡം വച്ചും മഹത്തായൊരു നോവലാണ് ‘Remains of the Day’.

ഈ പുസ്തകം വായിച്ചിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടയ്‌ക്കെ ചില ഭാഗങ്ങളെല്ലാം വീണ്ടും വായിച്ചിട്ടുണ്ട്. എന്നാലും മുമ്പു കണ്ടു മറന്ന ഒരു സ്വപ്‌നം പോലെയേ എനിക്ക് അതിലെ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയുള്ളൂ. ഈ പതിനഞ്ചു വര്‍ഷവും ഈ പുസ്തകത്തിന്റെ മതത്തിലേക്ക് പലരേയും ‘മാര്‍ക്കം കൂട്ടാന്‍ ‘ഞാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പലര്‍ക്കും പുസ്തകം കൊടുത്തിട്ടുണ്ട്. ഡോ. വി. രാജകൃഷ്ണനെപ്പോലുള്ള മുതിര്‍ന്ന നിരൂപകര്‍, എസ് ഹരീഷിനെ (എന്നാണ് ഓര്‍മ്മ)യും സംഗീത ശ്രീനിവാസനേയും പോലുള്ള സുഹൃത്തുക്കളായ എഴുത്തുകാര്‍ ഇവര്‍ക്കൊക്കെ ഈ പുസ്തകം ഞാനാണ് വായിക്കാന്‍ കൊടുത്തിട്ടുള്ളത് എന്ന മിതമായ അഹങ്കാരം ഇപ്പോള്‍ ഇവിടെ പങ്കുവയ്ക്കുന്നു. ഒരിക്കല്‍ തിരൂരിലെ മലയാളം സര്‍വ്വകലാശാലയിലെ ഒരു കഥാക്യാമ്പ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എന്‍. എസ് മാധവനുമായും ഈ പുസ്തകത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിനും ഏറെയിഷ്ടപ്പെട്ട നോവലാണെന്ന അറിവ് എന്നെ വളരെ സന്തോഷിപ്പിച്ചു. നോബല്‍ സമ്മാനത്തിന്റെ ബലത്തില്‍ മാര്‍ഗം കൂടുന്നവരുടെ എണ്ണം കൂടി വരും എന്നു പ്രതീക്ഷിക്കാം.

എവിടേക്കു താമസം മാറുമ്പോഴും കൈയ്യിലെടുക്കുന്ന ചില പുസ്തകങ്ങളുണ്ടല്ലോ, അതിലൊന്നാണ് ഈ നോവല്‍. ഇപ്പോഴും പൂനയില്‍ എന്റെയൊപ്പം അതുണ്ട്. അതല്ലാതെ ഇഷിഗുരോയുടെ മൂന്നു പുസ്തകങ്ങള്‍ കൂടി (ചില ചെറുകഥകളും) ഞാന്‍ പിന്നീടു വായിച്ചിട്ടുണ്ട്. അവയെല്ലാം മോശമല്ലാത്ത കൃതികളാണെങ്കിലും ‘ദിവസത്തിന്രെ അവശിഷ്ടം’ പോലെ വലിയ ഉയരങ്ങളെ ചെന്നു തൊടുന്നില്ലെന്നു തോന്നിയിട്ടുണ്ട്. ‘When We Were Orphans’ (ഞങ്ങള്‍ അനാഥരായിരുന്നുപ്പോള്‍) എന്നത് ഏതാണ്ട് ഒരു കുറ്റാന്വേഷണസ്വഭാവമുള്ള നോവലാണെന്ന് ഓര്‍ക്കുന്നു. ഡിറ്റക്ടീവ് എന്ന നിലയില്‍ ഇംഗ്ലണ്ടില്‍ പേരെടുത്ത കഥാനായകന്‍ ചൈനയില്‍ വച്ച് അപ്രത്യക്ഷരായ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള നിര്‍ണായകമായൊരു അന്വേഷണത്തിനു വരുന്നതാണ് ഇതിവൃത്തം. ചരിത്രം തന്നെയാണ് ഈ നോവലിന്റേയും കാതല്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ കറുപ്പ് യുദ്ധങ്ങളെ (Opium Wars) ആസ്പദമാക്കി പില്‍ക്കാലത്ത് അമിതാവ് ഘോഷ് എഴുതുന്ന ‘ഐബിസ് ട്രിലോജിക്കും’ മുമ്പു വന്ന, മിക്കവാറും അതേ കച്ചവടം പശ്ചാത്തലമായുള്ള നോവലാണ് ഇത്. കുന്നുകളുടെ വിളറിയ കാഴ്ച (Pale View of the Hills) അതിന്റെ അന്തരീക്ഷചിത്രീകരണം കൊണ്ടും കഥാപാത്രങ്ങളുടെ മനോസഞ്ചാരവിവരണങ്ങള്‍ കൊണ്ടും കവാബാത്തയുടെ രചനകളോട് അടുത്തു നില്ക്കുന്ന ഒന്നാണ്. യുദ്ധത്തിനു ശേഷം ഇംഗ്ലണ്ടില്‍ താമസമാക്കിയ ഒരു സ്ത്രീയുടെ ഏകാന്തതയാണ് ഈ നോവലിന്റെ ഓര്‍മ്മ. ഇങ്ങനെ തങ്ങളുടെ സ്വത്വം കണ്ടെത്തുന്നതിലുള്ള അന്വേഷണങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരെ ഇഷിഗുരോയുടെ കൃതികളില്‍ എവിടേയും കാണാം.

kazuo ishiguro , e.santhoshkumar ,nobel prize

മുംബൈ ലോക്കല്‍ ട്രെയിനിലെ യാത്രകള്‍ക്കിടയ്ക്ക് കഴിഞ്ഞ വര്‍ഷം ഇഷിഗുരോയുടെ ഒരു നോവല്‍ കൂടി വായിച്ചു. ‘Artist of the Floating World’. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എളുപ്പം മാറിയ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയില്‍ പിടിച്ചു നിൽക്കാനാവാതെ കുഴയുന്ന ഒരു ചിത്രകാരനാണ് ഈ നോവലിലെ നായകന്‍. അയാളുടെ കല പരാജയം നേരിടുന്നു. കൂടാതെ, ഭൂതകാലത്ത് ഒരു ഒറ്റുകാരനായിരുന്നു എന്ന വേദനിക്കുന്ന ഒരോര്‍മ്മ അയാളില്‍ അലയടിക്കുന്നു. സ്മരണകളുടെ കലാപം ഒഴിവാകുന്നതേയില്ല. യുദ്ധത്തെക്കുറിച്ചുള്ള ദു:ഖകരമായ ഓര്‍മ്മകള്‍, അഗാധമായ കുറ്റബോധം ഇവ രണ്ടും നിറഞ്ഞുനിൽക്കുന്ന യുദ്ധാനന്തര ജാപ്പൻ ഈ കൃതികളിലെല്ലാം പ്രതിഫലിക്കുന്നു

വാങ്ങിച്ചിട്ടും വായിക്കാതെ വച്ചിട്ടുള്ള ഇഷിഗുരോയുടെ ഒരു നോവല്‍ കൂടി എന്റെ കൈയ്യിലുണ്ട്, തൃശ്ശൂരിലെ വീട്ടില്‍. ‘Never Let me go’. എന്നാല്‍ അതു വായിക്കുന്നതിനും മുമ്പ്, ഇരുപതാം നൂറ്റാണ്ടിലെ ക്ലാസ്സിക്കുകളിലൊന്നായി പലരും വിലയിരുത്തിയിട്ടുള്ള ‘Remains of the Day’ ഒരിക്കല്‍ക്കൂടി വായിക്കാനാണ് എന്റെ കൗതുകം. ദീര്‍ഘകാലത്തിനു ശേഷം ഈ മതഗ്രന്ഥം, ഇപ്പോള്‍ എന്നെ തൃപ്തിപ്പെടുത്തുമോ എന്തോ!

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kazuo ishiguro nobel prize for literature 2017 the remains of the day e santhosh kumar