നീയെത്ര ദയാലുവാണ്!
നിന്റെയുടുപ്പുകൾ ഓരോന്നായി
എനിക്ക് അഴിച്ചു തന്നിരിക്കുന്നു.
നിന്റെ വാക്കുകൾ
എന്റെ കാല്ച്ചുവട്ടിൽ
നൃത്തം ചെയ്യുന്നു.
മുട്ടുകുത്തി നിലത്തിരുന്ന്
ഞാൻ അവയെ ഓരോന്നായി
എടുത്ത് താലോലിക്കുന്നു.
ഞാൻ നിന്നോട് പറയുന്നു,
നിന്നേക്കാൾ മറ്റാരുമെന്നെ
പ്രണയിച്ചിട്ടേയില്ല,
നീയെത്ര ദയാലുവാണ്!

നഗ്നമായ നിന്റെ ശരീരം
ഇരു കൈകൾ കൊണ്ടും
മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്
നീ പറയുന്നു,
അല്ല, ഞാൻ ദയാലുവല്ല
നല്ലവനുമല്ല,
വെറുമൊരു പേടിത്തൊണ്ടൻ!
തോക്കു ചൂണ്ടി
നീയെന്നെ സമീപിക്കുമ്പോഴെല്ലാം
എടുത്തു കൊള്ളുക, എടുത്തു കൊള്ളുക
എന്നു ചൊല്ലി ഞാനെല്ലാം
നിന്റെ കാല്ക്കൽ വെക്കുന്നു.savitha n , poem, iemalayalam

മാറിൽ പിണച്ചു വെച്ച കൈകൾക്കിടയിലൂടെ
വെളളിയും കറുപ്പും ഇടകലർന്ന
രോമങ്ങൾക്കിടയിലൂടെ
എനിക്കു കാണാം,
നിന്റെ ഇടതു വശത്ത്
എന്തോ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്!
തോക്കു ചൂണ്ടി വീണ്ടും ഞാൻ പറയുന്നു,
അതു കൂടെ വേഗം തരിക!
നീ കൈകൾ ചേർത്തു പിടിച്ച്
വീണ്ടുമത് ഒളിപ്പിക്കുന്നു.

ഞാനിപ്പോൾ തോക്കിന്റെ പാത്തി
നിലത്തു കുത്തി
പിന്തിരിഞ്ഞു നില്ക്കുകയാണ്.
തിരിഞ്ഞു നോക്കുമ്പോൾ
എനിക്കു കാണാം
നിന്റെ തളർന്ന കണ്ണുകൾ,
കോടുന്ന മുഖം, കവിളുകൾ,
വീണ്ടും വീണ്ടും നഗ്നത മറയ്ക്കാൻ
തിടുക്കപ്പെടുന്ന കൈകൾ,
കൂനിക്കൂടിയിരിക്കുന്ന നിന്റെ രൂപം!

അല്ല, നീ തന്നെ പറയൂ
ശൂന്യത മറയ്ക്കാൻ
ശ്രമിക്കുന്നവനിൽ നിന്ന്
എനിക്കെങ്ങനെ നഗ്നത
തോക്കു ചൂണ്ടിയെടുക്കാനാവും?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook