scorecardresearch
Latest News

കാട്ടുചൊട്ടൻ

“വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴേക്കും ചുറ്റുമുള്ള കാലിയായ എട്ടു ബർത്തുകളിലുമയാൾ വലിയ ഉത്സാഹത്തോടെ മാറി മാറിയിരുന്നു. പിന്നെക്കിടന്നു”

govindan ,story

എന്തിനാണ് വെള്ള ജുബയിട്ട ഉബൈദുള്ളയുടെ മേൽക്ക് നാരായണൻ നായർ അങ്ങനെയൊരു തെറി നീട്ടിതുപ്പിയത് എന്ന് ഞെട്ടലിന്റെ ആദ്യ സെക്കന്റുകളിൽ പതറിപ്പോയ ആർക്കും മനസ്സിലായില്ല.

“മ്മാതിരിയൊരു തെറി കേട്ടിട്ടില്ലേ !!!” എന്ന് തെറിവിദഗ്ധനായ ഒരാൾ അഭിപ്രായപ്പെട്ടതോടെ ഉബൈദുള്ള കൊമ്പും വാലുമുള്ള ഒരു സാധനം തിരിച്ചു കാച്ചി. ഉബൈദുള്ളയുടെ കൊമ്പും വാലുമുള്ള സാധനം നാരായണൻ നായരുടെ മാനാഭിമാനത്തെ മുച്ചോടെയിളക്കിക്കൊണ്ട് അടുത്തിരുന്ന മദ്ധ്യവയസ്കയായ സ്ത്രീയെ അബോധാവസ്ഥയിലേക്ക് കുത്തിമലർത്തി.

ആ അബോധാവസ്ഥയിലും ‘മീ ..ടൂ… ‘ എന്നവർ പറഞ്ഞുകൊണ്ടിരുന്നപ്പോൾ കിഴിയിട്ട് വാറ്റിയ മറ്റൊരു സ്വയമ്പൻ നാടൻ തെറിയും പിന്നെ തന്റെ ഉടുമുണ്ടും പൊക്കിക്കൊണ്ട് സാക്ഷാൽ നാരായണൻ ഗദയും താത്തി ശംഖും കാണിച്ച് നിന്നു. കൂടെയിരുന്ന തെറി വിദഗ്ധൻ നായരുടെ മുണ്ടുപിടിച്ചു താക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ആരു പിടിച്ചാലും തുണി താത്തില്ലന്നും ഇതെന്റെ മാസ്റ്റർ പീസാണന്നുമുള്ള മട്ടിൽ നാരായൺ നായർ ഞെളിഞ്ഞു നിന്നു. ഈ അടവിൽ ഉബൈദുള്ള തോറ്റു പൊക്കോളും എന്നു കരുതിയ നായർക്കു തെറ്റി… തെറ്റീന്നു പറഞ്ഞാൽ പാടെതെറ്റി.

“ശരിയാക്കിത്തരാം സുവറേ!!! ” എന്ന് അലറി വിളിച്ചു കൊണ്ട് ഉബൈദുള്ള ട്രെയിനിന്റെ ചങ്ങലയിൽ കടന്നുപിടിച്ച് വലിച്ചു.

ചങ്ങല വലിഞ്ഞു…

എന്നു പറഞ്ഞാൽ ചങ്ങല മാത്രമേ വലിഞ്ഞുള്ളൂ…

ഉബൈദുള്ളയുടെ പണ്ടാരക്കലിയിൽ ആ ചങ്ങല രസതന്ത്രത്തിന്റെയും ഊർജതന്ത്രത്തിന്റെയും സകലമാന തിയറികളെയും കൊടുംകാറ്റിൽ പറത്തിക്കൊണ്ട് വലിഞ്ഞ് പൊട്ടി കൈയ്യിലിരുന്നു. ചങ്ങല പൊട്ടിയതോടെ ഉബൈദുള്ള അലറിക്കൊണ്ട് കണ്ണടച്ച് പൈജാമയുടെ പതലൂൺ അഴിക്കാൻ തുടങ്ങി. ദൈവം എതിരായിരുന്ന ആ യുദ്ധമുറയിൽ പതലൂൺ കടും കെട്ടുവീണു.govindan ,story

നാലിഞ്ചു കട്ട അട്ടിയടുക്കും പോലെ തെറിയുടെ കനവും കട്ടിയും കൂടുന്നതല്ലാതെ കുറയുന്നില്ല എന്നു കണ്ട തെറി വിദഗ്ധൻ ചെക്കറിനെ വിളിക്കാൻ ഉരുണ്ടു വീണോടി. കറുത്ത കോട്ടും വെളുത്ത പാന്റുമിട്ട ചെക്കർ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ദൈവദൂതനാണോ അതോ കാലന്റെ അംശമാണോ എന്നു ഇരുവരും സംശയിച്ച് ന്യായ വാദങ്ങൾ നിരത്തിത്തുടങ്ങി.

“ന്റെ സീറ്റിലാ ആ എന്തിരുന്നോൻ കാല് ബെച്ചത് ന്നിട്ട് ന്നെ തുപ്പിരിക്കണ്. കള്ള സുവറ്. ”

“സുവറ്; നിന്റെ ബാപ്പയാടാ കള്ളപ്പന്നീ…” ഞാൻ നല്ലോന്നാന്തരം നായരാടാ കൂറേ..നിനക്ക് പറ്റുകേലേൽ വല്ല പാക്കിസ്ഥാനിലോട്ടും പോടാ പരനാറീ”…
തർക്കത്തിൽ പാക്കിസ്ഥാനും പരനാറിയും വന്നതോടെ കാര്യങ്ങൾ ചെക്കറിനും കാഴ്ചകാർക്കും കുറച്ചുകൂടെ വ്യക്തമായി.

ചെക്കർ തൽക്കാലം ഡിപ്ലോമാറ്റിക്കായി ചിന്തിച്ചു.

‘അതിർത്തിയും ജാതിയുമാണ് പ്രശ്നം. കന്യാകുമാരിക്ക് പോകുന്ന ട്രെയിൻ ഡൽഹിക്ക് വിടാൻ പറ്റില്ല. നയതന്ത്രപരമായി ചിന്തിച്ചാൽ ഡൽഹിയെ ഇങ്ങോട്ട് വിളിക്കുകയേ തരപ്പെടൂ. അറസ്റ്റ് ചെയ്യിച്ചാൽ വെറും സീറ്റ് ഷെയറിംഗ് തർക്കം ജിഹാദും,  അസഹിഷ്ണുതയായും മാറാം.

ഒടുക്കം ടി.ടി ഡൽഹിയാകാൻ തീരുമാനിച്ചു. സീറ്റ്ചെക്കർ സമാധാനം പറഞ്ഞു കൊണ്ട് ഇടയിലൂടെക്കിടന്നുരുണ്ടു.

ഇതിനിടെ മീ ടുവിന് ബോധം വന്നു. മീ ടു വിനെ കണ്ടപ്പോൾ നാരയണൻ അത്രയും നേരം നല്ല ശേലിൽ പൊക്കിപ്പിടിച്ചിരുന്ന മുണ്ട് താത്തി.

“പ്ലാച്ച്”!…

അടിപൊട്ടി, അത്രയും നേരം തോറ്റു നിന്ന ഉബൈദുള്ള ഒരു വീരാളിപ്പട്ട് നാരായണന്റെ കഴുത്തിലൂടെ ചുറ്റി കരണത്ത് ഒട്ടിച്ചു. കരണം പുകക്കുന്ന അടിയുടെ ശബ്ദം മാത്രമായി അവടം ശാന്തമായി. ട്രെയിനിന്റെ ഹോൺ ശബ്ദം റഫറിയുടെ ‘ അടിയടാ’! എന്ന വിസിലടി പോലെ ജനാലകളിലൂടെ ഇരച്ചു കയറി .

ഷർട്ടുകൾ കീറി, ചാർജർ മുതൽ ചെരുപ്പുകൾ വരെ ആയുധമായി. ആയുധമുറകൾ വശമുള്ളവരെപ്പോലെ തല്ലുണ്ടാക്കാൻ മെനക്കെടാതെ മാന്തിയും അളളിയും പിച്ചിയുമൊക്കെയവർ തല്ലുകൂടി… ചെക്കർ ഡൽഹി ഗാർഡുകളോടൊപ്പം തിരിഞ്ഞു നോക്കാതെയോടി മറുകണ്ടം എന്ന അടുത്ത കമ്പാർട്ട്മെന്റിലേക്ക് ചാടി…govindan ,story

ഈറോഡ് സ്റ്റേഷനിൽ റെയിൽവേ പൊലീസിടപെട്ടു.
ക്ഷീണിതരായ പോരാട്ടക്കാരുടെ ലഹള അടിച്ചമർത്തി. പിന്നെ കാവലിരുന്നു.

കാവലിരുന്ന ഒരു പൊലീസുകാരനെ നോക്കി “വെറുതേയല്ല നക്സലേറ്റുകളുണ്ടാവുന്നത് “എന്നു മുറുമുറുപ്പോടെ നാരയണൻ നായർ കവിളും തിരുമ്മി അപ്പർ ബർത്തിൽ കയറി. ലോവർ ബർത്തിൽ ഉബൈദുള്ളയും പുതപ്പ് വിരിച്ചു.രണ്ടു പേരെയും മാറി മാറി തുറിച്ചു നോക്കിക്കൊണ്ട് മീ ടൂ മിഡിൽ ബർത്തിൽ ഉറക്കം പിടിച്ചു.

അപ്പർ ബർത്തിൽ നിന്നുമുള്ള നാരായണന്റെ കൂർക്കം വലി നക്സൽബാരിയിൽ മുഴങ്ങിയ പ്രതിക്ഷേധമുദ്രാവാക്യത്തിന്റെ വീറോടെ മീടൂ വിന്റെയും ഉബൈദുളളയുടേയും ബർത്തിൽ ഇടിച്ചു തെറിച്ച് കാതിൽ കാരമുള്ളുപോലെ കുത്തിക്കയറിക്കൊണ്ടിരുന്നു. അവരുടെ കാതിൽ നിറഞ്ഞ് തുളുമ്പിയ കുറച്ച് പ്രതിക്ഷേധം പല ഇടിമന്തുകൾ പോലെ രൂപം പ്രാപിച്ച് നിലത്തിടിച്ചു കൊണ്ടിരുന്നു. ഇതൊന്നും അറിയാത്ത മട്ടിൽ രാത്രിയുടെ ആയുസ്സ് പൂർണമായിക്കൊണ്ടിരുന്നു.

ഉറക്കം ചിലപ്പോൾ എല്ലാ ശബ്ദങ്ങൾക്കും ഒരു തടയിടും! അത്ര മാതമേ വൈകിയ രാത്രിയിൽ അവിടെയും സംഭവിച്ചുള്ളൂ. പലരുടേയും പല ആഴത്തിലുള്ള ഉറക്കം ബീച്ചിൽ നിന്നും കടൽത്തട്ടിലേയ്ക്കുള്ള ഒരു ചെരിവുകുഴി പോലെ രൂപാന്തരപ്പെട്ടിരുന്നു. ആ ആഴങ്ങളിൽ സ്വപ്നങ്ങൾ ബിക്കിനി സുന്ദരിമാരായും, കടൽ പാമ്പുകളായും ,മീനുകളായും നീരാളികളായും മത്സ്യകന്യകമാരായും, സ്രാവുകളായും, തിമിംഗലങ്ങളായു മൊക്കെ നീന്തിത്തുടിച്ചു.

കൂർക്കംവലികൾ കുമിളകളായി അനന്തതയിലേയ്ക്ക് പൊന്തി മറഞ്ഞു അതിനിടയിൽ ഒരാൾ ‘ ച്യായ… ച്യായേ… ‘എന്നു പറഞ്ഞു വന്നപ്പോളാണ് ഉബൈദുള്ള കണ്ണു തുറക്കുന്നത്..ലോവർ ബർത്തിൽക്കിടന്ന ഉബൈദുള്ളയുടെ നോട്ടത്തിൽ ഒരു എറണാകുളം സൗത്ത് ബോർഡ് തലകുത്തി നിന്നു. ട്രെയിൻ ഷണ്ടിഗിംഗ് പിടിച്ചിട്ടിരിക്കുകയായിരുന്നു. അടി കിട്ടി ഓടിയ പഴയ ഡൽഹി മാറി പുതിയ പാർലമെന്റ് സീറ്റുവിഭജിക്കാൻ പ്ലാറ്റ്ഫോമിൽക്കൂടെ തെക്കുവടക്ക് എക്സ്പ്രസായി പാഞ്ഞുകൊണ്ടിരു ന്നു. സ്വപ്നം മുറിച്ച ചായക്കാർ കച്ചവടം നടത്തുന്നു. കാവലിരുന്ന പൊലീസുകാരെ കാണുന്നില്ല. ആകെ ഒരു ശാന്തത.

ചില ശാന്തതകൾ വെളിപാടിന്റെ താക്കോൽ കൂട്ടം കിലുക്കുന്നവയാണങ്കിൽ മറ്റു ചില ശാന്തതകൾ അസ്വസ്തതകളുടെ ഇരുണ്ട അറയിലേക്ക് തള്ളാതെ തന്നെ വെറുതേ തുറക്കുന്ന മൗനഗോപുരങ്ങൾ ഉള്ളതാണ്. ഇതിലേതാണ് ഉബൈദുള്ളയുടേതെന്ന് ആർക്കും അറിയില്ലായിരുന്നു.
മുകളിലത്തെ സീറ്റുകൾ കാലിയായിരിക്കുന്നു. നാരായൺ നായരുടെ ബർത്തിൽ അനക്കമില്ല. മീ ടൂ കാലിയായിരിക്കുന്നു. നാരായണന്റെ മുണ്ട് താത്താൻ ധൈര്യം കാണിച്ച തെറി വിദഗ്ധന്റെ കൂടുംകുടുക്കയും കാണുന്നില്ല. വാങ്ങി വെച്ച പത്രം സ്ഥിരം കുശുമ്പും, കുന്നായ്മയും, പറയുന്നു. ചില വാർത്തകൾ ഓക്കാനിക്കന്നതായും ചിലവ മാധ്യമ വിരേചനങ്ങളായും തോന്നിയ അയാൾ പത്രം അടുത്ത സീറ്റിലേക്ക് ചുരുട്ടിയെറിഞ്ഞാലോ എന്നു കരുതി.govindan ,story

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴേക്കും ചുറ്റുമുള്ള കാലിയായ എട്ടു ബർത്തുകളിലുമയാൾ വലിയ ഉത്സാഹത്തോടെ മാറി മാറിയിരുന്നു. പിന്നെ ക്കിടന്നു.നാരായണന്റെ ബർത്തിൽ അയാൾ നിൽക്കാനും തുപ്പാനും ശ്രമിച്ചു. അയാൾ കുറേ നേരമിരുന്നു പിന്നെ കിടന്നു. ഇടയിലെവിടയോ ഒരു ബർത്തിൽ മൂടിപ്പുതച്ചുക്കിടന്ന ഒരു അസ്വസ്ഥത തല കമ്പിളി മാറ്റി തലപൊക്കി നോക്കി.

അടുത്ത സീറ്റുകളിൽ രണ്ട് കമിതാക്കൾ ഉടുപ്പിൽ കൈയ്യിട്ട് കുശലം പറയുന്നുതായി കണ്ട ഉബൈദ് പിന്നെയങ്ങോട്ട് നോക്കിയില്ല. അയാൾ കക്കൂസിൽ പോയി. തലേന്നു കാലിയായ വറയിൽ നിന്നുമുള്ള ഗ്യാസ് ‘ പ ർ ർ…’ എന്നു പറഞ്ഞു കൊണ്ട് യാത്രയായി. തിരികെയെത്തിയപ്പോഴേക്കം കാറ്റിൽ പറന്നു പൊന്തിയ ന്യൂസ് പേപ്പർ ചിതറിക്കിടന്നിരുന്നു. അതിലെ രസകരമായ പെടുമരണങ്ങൾ പതിച്ച പേജ് വായിച്ചയാൾ ചിരിച്ചു.

അതിന്റെ താഴെ ഒരു മൂലക്ക് ഒരു കുഞ്ഞു കോളത്തിൽ നാരയണന്റെ പടം.
‘ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു’
എന്ന തലക്കെട്ടോടെ എടുത്തു പിടിച്ചു നിന്നു. ആ വാർത്തയിലെ അക്ഷരങ്ങൾ ഓരോന്നായി അയാളുടെ കൈകളിലൂടെ അരിച്ചു കയറുന്നതായി തോന്നിയ ഉബൈദ് പേപ്പർ പലതവണ കുടഞ്ഞു. പിന്നെ വലിച്ചെറിഞ്ഞു.പോകുന്നില്ല അ അക്ഷരങ്ങൾ കറുത്ത കാട്ടുചൊട്ടൻ കൂട്ടത്തിനെപ്പോല കണ്ണിലും മൂക്കിലും ചെവിയിലും ഇരക്കുന്നു പിന്നെയിറുക്കുന്നു..

അയാൾക്ക് പിന്നെ ചിരിക്കാൻ കഴിഞ്ഞില്ല. ശാന്തതയുടെ മൗനഗോപുരങ്ങൾ മലക്കെത്തുറന്നു.. അയാൾ എണീറ്റു നടന്നു. പിന്നോക്കം പോകുന്ന കാഴ്ചകളിൽ നാരായണൻ ഓടി ഒപ്പമെത്തുന്നു. തുണി പൊക്കുന്നു. ഗദ കുലുക്കുന്നു. നീലിച്ച ചുണ്ടുകൾ പൊളിച്ച് നാക്കു നീട്ടി കൊഞ്ഞനം കുത്തുന്നു. പറന്നു പറന്ന് അടുത്ത് എത്തുന്നു എത്തിപ്പിടിക്കാൻ നോക്കുമ്പോൾ ദൂരേക്ക് പറന്നകലുന്നു…
ഉബൈദുള്ള അലറി

“ഹിമാറേ , മയ്യത്തായാലും പോവൂല്ല അല്ലേ!… ”
കുലുങ്ങിപ്പാഞ്ഞ ട്രെയിനിന്റെ വേഗതക്കൊപ്പം പാറിപ്പറന്ന നാരായണനെ പിടിക്കാൻ ഉബൈദുള്ള കൈയോങ്ങി; ശകലത്തിന്റെ കുറവ്…ഓങ്ങി നിന്നുകൊണ്ട് ഒരു കൈയ്യും കാലും വീശി…ഇത്തവണ നായരുടെ പിടലിക്ക് തന്നെ പിടുത്തം കിട്ടി. റെയിൽവേ ട്രാക്കിന്റെ വശത്തുള്ള പച്ചിലപ്പടപ്പുകൾക്കിടയിൽ ഉബൈദുള്ള നാരായണന്റെ കഴുത്തിനു പിടിച്ച് പല്ലുറുമിക്കൊണ്ടു കിടന്ന് കെട്ടി മറിഞ്ഞു, പിന്നെ അനക്കമറ്റു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kattuchottan short story govindan

Best of Express