പതിനെട്ടു മാസം മുമ്പ് മരിച്ചുപോയ എൻറെ ചങ്ങാതിയെ ഓർക്കുന്ന ഒരു കഥയായിരിക്കും ഈ സമയം ഞാൻ എഴുതുക എന്ന് എനിക്കറിയില്ലായിരുന്നു. കുറച്ചു മണിക്കൂറുകൾക്ക് മുമ്പ്, വിമാനങ്ങളുടെ സമയം എഴുതുന്നതുപോലെ, ഈ ദിവസത്തിൻറെ പതിനെട്ടാം മണിക്കൂറിൽ, ഞാൻ ഈ കഥയുടെ പേരായി, നിങ്ങള്‍ വായിക്കുന്ന വരി, മനസ്സിൽ കാണുന്നതുവരെ. ഇപ്പോഴാകട്ടെ, മറ്റൊന്നും ഓർക്കാതെ ഈ കഥ എഴുതാന്‍ എനിക്ക് കഴിയണേ എന്ന്, എന്റെ എഴുത്തുമേശയ്ക്കു മുമ്പില്‍ ഇരിക്കുന്നു.
അന്ന്, പതിനെട്ടു വര്ഷം മുമ്പ്, എന്റെ ചങ്ങാതിയെ അടക്കുന്ന അതേ കുഴിയില്‍, അവന്റെ തൊട്ടടുത്ത്, മൂന്നു വയസു മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയുടെ ശവവും അടക്കാനുള്ള ഒരാളുടെ അപേക്ഷയായിരുന്നു, അല്പ്പം വൈകി, ആ പൊതു ശ്മശാനത്തില്‍ ഞാന്‍ എത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും സംസാരിച്ചിരുന്നത്. അതിലെ ശരി തെറ്റുകളെ പറ്റി. ആ സംസാരത്തിന്റെ ബാക്കിയോ അങ്ങനെ സംഭവിക്കുമോ എന്നോ അത് മതപരമായി അനുവദിക്കുന്നതാണോ എന്നൊന്നും എനിക്കിപ്പോഴും തീർച്ചയില്ല. ഞാന്‍ അതില്‍ പങ്കെടുത്തിട്ടുമില്ല. എന്നാല്‍, അയാളുടെ ഓട്ട കുത്തിയ പോലുള്ള ശബ്ദം, ഞാന്‍ ഇപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ ആരും ഇത് തടയരുത്, പകരം ദൈവഹിതം എന്ന് മാത്രം കരുതുക. ഇവനെ കൂടി ഈ ആളുടെ കൂടെ ഇതേ കുഴിയില്‍ അടക്കം ചെയ്യണം.”
പൊതുശ്മശാനത്തിൽ എൻറെ ചങ്ങാതിയുടെ ബന്ധുക്കളോടും അവിടെ നിൽക്കുന്ന മറ്റുള്ളവരോടും പാതി കരച്ചിലും പാതി പ്രാർത്ഥനയുമായി അയാള്‍ അപേക്ഷിച്ചു കൊണ്ടിരുന്നു. അയാളുടെ കൈകളില്‍, ഒരു ചെറിയ കളിവള്ളംപോലെ, വെളുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ ഉടലില്‍ അയാള്‍ ഇടയ്ക്ക് ഒക്കെയും ചുംബിയ്ക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ കുറേ നേരമായി, അല്ലെങ്കില്‍, അയാള്‍ ഇതേ വാചകങ്ങള്‍ മാത്രമാണ് പറഞ്ഞിരുന്നത്.
എൻറെ ചങ്ങാതി, എന്നെക്കാൾ പതിനെട്ടു വയസ്സ് കുറവുള്ള സുന്ദരനായ പുരുഷൻ, മൂന്നുമാസത്തെ ആശുപത്രി വാസത്തിനു ശേഷം അന്ന് രാവിലെയാണ് മരിച്ചത്. അവന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി ഞാന്‍ മറക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ പലപ്പോഴായി എന്നോടു പറഞ്ഞ കഥകൾകൊണ്ടു മാത്രം ഇനിയുള്ള ഞങ്ങളുടെ സൗഹൃദം ഓർമിക്കാന്‍ ഞാന്‍ ആഗ്രഹിക്കാനും തുടങ്ങിയിരുന്നു.
“നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക,” അവൻ എന്നെ നോക്കാതെ പറഞ്ഞു. “നീ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും.”
ആശുപത്രിയുടെ ഒന്നാം നിലയിലുള്ള മുറിയിലെ ജനാലയിലൂടെ കിട്ടുന്ന അത്രയും ആകാശം കണ്ട്, തലക്ക് പിറകെ കുത്തിവെച്ചിരുന്ന തലയിണയില്‍ ചാരി കിടക്കുകയായിരുന്നു അവന്‍.
“എനിക്കറിയാം, ഒരു ദിവസം നീ എന്നെ പറ്റിയും ഒരു കഥ എഴുതുമെന്ന്,” അവന്‍ എന്നെ നോക്കി പറഞ്ഞു.
അപ്പോള്‍ എൻറെ കണ്ണുകൾ നനഞ്ഞു.
ഞാന്‍ അവന്റെ കൈ പിടിച്ചു. അവൻറെ കൈവെള്ളയിൽ ഞാന്‍ എന്റെ കൈപ്പടം വെച്ചു. ജീവിതം അവസാനിപ്പിക്കുന്ന ഒരാളുടെ മിടിപ്പ് എന്റെ ഉള്ളംകൈയില്‍ അതിവേഗം തീരുകയായിരുന്നു, അവന്‍ എന്റെ കൈവിട്ടു.
“എന്നെ വിശ്വസിക്കു, എന്റെ കുഞ്ഞ് ഒരു മാലാഖയാണ്…”
ഇപ്പോള്‍ അയാള്‍ അപേക്ഷിക്കുന്നത് എന്റെ ചെങ്ങാതിയുടെ മൂത്ത സഹോദരനോടാണ്.
“താങ്കളുടെ സഹോദരനെ ദൈവത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നത് ഇവനായിരിക്കും.” ഇപ്പോഴും ഞാന്‍ അയാളുടെ ശബ്ദം ശ്രദ്ധിച്ചു.
തീർത്തും അസാധാരണമായ ഒരു ആവശ്യത്തിനു മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ എന്റെ ചങ്ങാതിയുടെ സഹോദരന്‍ അവിടെയുള്ള തന്റെ ബന്ധുക്കളെ മാറി മാറി നോക്കുകയായിരുന്നു. ഞാന്‍, അവിടെ, കുറച്ചു ദൂരെയുള്ള മരത്തിന്റെ ചോട്ടിലേക്ക് നടന്നു.
മരച്ചോട്ടില്‍ അതുവരെയും വിശ്രമിക്കുകയായിരുന്ന കഴുത, ശ്മശാനത്തിന്റെ് കാവൽക്കാരന്റെയാകണം, എന്നെ കണ്ടതും അവിടെ നിന്ന് എഴുന്നേറ്റു. അറ്റമില്ലാത്ത ശൂന്യതകൊണ്ട് തിളങ്ങുന്ന അതിൻറെ കണ്ണുകളിലേക്ക് വീണ്ടും ഒന്നുകൂടി നോക്കാൻ എനിക്ക് ഭയം തോന്നി.
“ചങ്ങാതിയായിരുന്നു,” അൽപ്പം മാറി നിന്ന് ഞാൻ കഴുതയോടു പറഞ്ഞു. “ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്.” പിന്നെ ഞാന്‍ കഴുതയെ നോക്കി. ദൂരെ, കുഴിയെടുക്കുന്നിടത്തേയ്ക്ക് നോക്കി നില്ക്കുകയായിരുന്നു അത്. ഇപ്പോള്‍ അതിനെയും എന്നെയും തൊട്ട് ഒരു കാറ്റ് കടന്നുപോയി.
ശവമടക്ക് കഴിഞ്ഞ് ആളുകള്‍ കുഴിമാടത്തിലേക്ക് മണ്ണുവാരി ഇടുമ്പോൾ ഞാൻ വീണ്ടും അവിടേക്ക് ചെന്നു. ഞാനും അവന്റെ ശരീരത്തെ മറക്കാന്‍ ഒരു പിടി മണ്ണ് വാരിയെടുത്ത് നെഞ്ചോട് ചേര്ത്ത് പിടിച്ചു. എൻറെ തൊട്ടടുത്ത് നിൽക്കുന്നത് കുഞ്ഞിന്റെ ശവവുമായി വന്ന ആളായിരുന്നു എന്ന് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരുപക്ഷേ ആ കുഞ്ഞിന്റെ അമ്മയുടെ അച്ഛനായിരിക്കും അയാള്‍. അല്ലെങ്കിൽ അവൻറെ അച്ഛൻറെ അച്ഛൻ, അയാള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ മാലാഖയുടെ മുത്തച്ഛൻ. ഞാൻ പകുതിമാത്രം മുഖംതിരിച്ച് അയാളെ നോക്കി. ഒരു നിമിഷം, തൊട്ടുമുമ്പ് മരച്ചോട്ടിലെ കഴുതയുടെ കണ്ണുകളിൽ കണ്ട അറ്റമില്ലാത്ത അതേ ശൂന്യത ഞാൻ വീണ്ടും കാണുകയായിരുന്നു, മറ്റൊരു തോന്നലിൽ, ഞാൻ കഴുതയോടു പറഞ്ഞതു തന്നെ അയാളോടും പറഞ്ഞു:
“ചങ്ങാതിയായിരുന്നു… ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്…” പിന്നെ എന്റെ കൈയ്യിലെ മണ്ണ് കുഴിയുടെ മീതെ വിതറി.
ശവസംസ്കാരം കഴിഞ്ഞ് തിരിച്ച് ഞാന്‍ എന്റെ ഫ്ളാറ്റിൽ എത്തി. പകല്‍ കഴിയുകയായിരുന്നു. അങ്ങനെയൊരു സമയത്ത് ഉറങ്ങുന്നത് നല്ലതല്ല എന്ന് കുട്ടിക്കാലം മുതല്‍ വിശ്വസിച്ചിരുന്നുവെങ്കിലും എല്ലാ ലൈറ്റുകളും കെടുത്തി ഞാന്‍ ഉറങ്ങാൻ കിടന്നു.
ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കാണാൻ പോവുകയാണെന്നും, ആ സ്വപ്നത്തിൽ, ഞാൻ ഈ കഥ എഴുതിയതിനും ശേഷം വീണ്ടും അവിശ്വസിക്കാന്‍ ഇരിക്കുന്ന ദൈവത്തിന്റെ മുമ്പില്‍ എൻറെ ചങ്ങാതിയെ നിർത്തി, ആ മൂന്നു വയസ്സുകാരന്‍, ആ യാത്രയില്‍ എൻറെ ചങ്ങാതിയെ അനുഗമിച്ച കുഞ്ഞു മാലാഖ, അവിടെ നിന്നും ആകാശത്തേയ്ക്ക് തിരിച്ചു പറക്കുന്നത് കാണുമെന്നും ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കിൽ ആ കാഴ്ചയായിരിക്കും എന്റെ ചങ്ങാതി അന്ന് ആശുപത്രിയിലെ ജനാലയിലൂടെ കണ്ടതും എന്ന് എനിക്ക് ഇപ്പോള്‍ തോന്നി.
ഞാന്‍ പുഞ്ചിരിച്ചു.
“നോക്ക്, നീ പറഞ്ഞതുപോലെ നിന്നെ കുറിച്ച് ഞാന്‍ ഒരു കഥ എന്തായാലും എഴുതാന്‍ പോവുകയാണ്.”
അല്ലെങ്കില്‍, ഞങ്ങളുടെ യാത്രയ്ക്കിടയില്‍, അവന്‍ പറഞ്ഞ രണ്ടോ മൂന്നോ സംഭവങ്ങള്‍ ഞാന്‍ ഇതിനകം കഥയായി എഴുതിയിട്ടും ഉണ്ടായിരുന്നു.