In its world there are no names or past
Or time to come, only the vivid now
-The Other Tiger /Jorge Luis Borges
ധനുമാസത്തിലൊരു പുലര്‍ച്ചെ ഞങ്ങളുടെ വീട്ടുമുറ്റത്ത്
ഒരു കടുവ വന്നു. മഞ്ഞില്‍ അതിന്‍റെ രൂപം മറച്ചുവെച്ച പക എന്ന് തോന്നി. ഒരു പ്രാവശ്യം അത് മുരണ്ടു, ഉരുളുന്ന മേഘം
കണക്കെ. അതുവരെയും ജനാലയുടെ പടിയിലിരുന്നിരുന്ന ഗൌളി നിലത്തേക്ക് വീണു. മച്ചിലേയ്ക്ക് ഓടിപ്പോയി.
അമ്മ അടുക്കളയിലായിരുന്നു. അച്ഛന്‍ ഉറങ്ങുകയായിരുന്നു.
ആരുമറിയാതെ വീടു വിട്ടുപോകാന്‍ ഞാന്‍
ഒരുങ്ങുകയായിരുന്നു.
കടുവ എന്നെത്തന്നെ നോക്കി നിന്നു.
എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു. മരിക്കുവാന്‍ പോകുന്നുവെന്ന് തോന്നിയിരുന്നു. ഞാന്‍ ദുഖിച്ചിരുന്നു. ഞാന്‍ പ്രണയത്തിലായിരുന്നു.
പെട്ടെന്ന് കടുവയെ കാണാതായി.
വീട് വിടാനായി ഒരുക്കിവെച്ചിരുന്ന ബാഗില്‍നിന്നും വസ്ത്രങ്ങള്‍ ഞാന്‍ പുറത്തെയ്ക്കുതന്നെ എടുത്തുവെച്ചു. ചുളിഞ്ഞ വസ്ത്രങ്ങള്‍ അയയില്‍ നിവര്ത്തിയിട്ടു. ഈറന്‍ മണം പോകാനായി ബാഗ് തുറന്നു വെച്ചു. കട്ടിലില്‍ ഉറങ്ങുന്നതുപോലെ കണ്ണടച്ചു കിടന്നു. അതിനും മൂന്നു ആഴ്ച്ച്ച്കള്‍ക്ക് ശേഷം ഞാന്‍ നാടുവിട്ടു. അതിനും മൂന്നു ദിവസം മുമ്പ് ഞാന്‍ എന്‍റെ ആദ്യത്തെ കവിതകള്‍ എഴുതി.
ഒരു കവിത അന്ന് മുറ്റത്ത് കണ്ട കടുവയെപ്പറ്റിയായിരുന്നു. അന്നത്തെ മഞ്ഞിനെപ്പറ്റി പറഞ്ഞ്, അതിന്‍റെ കണ്ണുകളിലെ ഇരുണ്ട മഞ്ഞ നിറം ഓര്‍ത്ത്, പിന്നെയും കുറെ നേരം അതിന്റെ നിഴല്‍ മുറ്റത്ത് നിന്നതോര്ത്ത്. അതേ ദിവസങ്ങളില്‍ ഒരിക്കല്‍ മാത്രം വേറെയൊരു കടുവയെക്കൂടി ഞാന്‍ സ്വപ്നം കണ്ടു. ഏതോ ഒരു കെട്ടിടത്തിന്റെ കോണിപ്പടികളില്‍ ഒന്നില്‍ കിടക്കുന്നതായിട്ട്.
അവിടെ എവിടെയോ ഞാന്‍ ഒളിച്ചിരിക്കുന്നതായിട്ട്.