scorecardresearch
Latest News

ചിലപ്പോൾ

“ഒരു തുമ്പിയെ മാത്രം, ഒരിക്കൽ, കണ്ടു. ചിലപ്പോൾ കാറ്റിലുലഞ്ഞുകൊണ്ട്” കരുണാകരൻ എഴുതിയ കവിത

karunakaran, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

When you play a violin piece, you are a storyteller, and you’re telling a story.”

-Joshua Bell, Violinist.

ഞങ്ങളുടെ അയൽപക്കത്തെ
വീട്ടിൽ നിന്നും, പുലർച്ചെ
ആരോ വയലിൻ വായിക്കുന്നത്
കേൾക്കാറുണ്ട്, ചിലപ്പോൾ
ഒന്നോ രണ്ടോ കുയിലുകൾ കൂടി അതിനൊപ്പം ചേർന്നു.

ചിലപ്പോൾ മേഘങ്ങളുടെ പടർപ്പിലൂടെ, പക്ഷികളുടെ കൂട്ടം പറക്കുന്നുണ്ടാവും. ചിലപ്പോൾ മഞ്ഞായിരിക്കും,
ഒന്നും കാണില്ല.
ചിലപ്പോൾ അതേ ഓർമ്മയിൽ
പലതും ഞാൻ സങ്കൽപ്പിച്ചു കൂട്ടുന്നു

മുപ്പതാമത്തെ വയസ്സിൽ എന്നേക്കുമായി പാടുന്നത് അവസാനിപ്പിച്ച ഗായിക
അവളുടെ എഴുപത്തിയൊന്നാമത്തെ വയസ്സിൽ, പ്രതിജ്ഞ തെറ്റിച്ച്
ഒരു പാട്ട്‌ മൂളുന്നതും
അതുവരെ കേൾക്കാത്ത നിലവിളിയിലേക്ക് ചിതറുന്നതും സങ്കൽപ്പിക്കുന്നു..

ക്ഷമിക്കണം, ഞാൻ എപ്പോഴും കവികളെയാണ് എന്റെ വായനക്കാരാക്കുന്നത്.
അവരെപ്പോഴും ദുഃഖിക്കാൻ
കാരണങ്ങൾ തേടുന്നു.

ചില വൈകുന്നേരങ്ങളിൽ,
അതേ വഴിയിലൂടെ
ഞാൻ നടക്കാനിറങ്ങുന്നു.
വയലിൻ വായിക്കുന്നൊരു പെൺകുട്ടിയെ, അതേ വീട്ടുവരാന്തയിൽ
കാണുമെന്ന് വിചാരിച്ചുകൊണ്ട്. ചിലപ്പോൾ അവൾ
അവളുടെ വയലിന്റെ കമ്പികൾ മുറുക്കുകയായിരിക്കുമെന്ന് വിചാരിച്ചുകൊണ്ട്. എങ്കിൽ,
പെൺകുട്ടിയെ പരിചയപ്പെടുമ്പോൾ
അവളോട്‌ പറയാൻ
എനിക്ക് പരിചയമുള്ള
പത്ത് വയലിൻ വാദകരുടെ പേരുകൾ
ഞാൻ ഓർമ്മിച്ചു വെക്കുന്നു.

karunakaran, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

ക്ഷമിക്കണം,
ഞാനിപ്പോഴും കവികളെയാണ്
എന്റെ വായനക്കാരാക്കുന്നത്.

പിന്നൊരു ദിവസം
മകളുടെ കൂടെ ഒരാൺകുട്ടി
ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
അവളെക്കാൾ ഉയരം കുറഞ്ഞ്, നെറുകിൽ മുടി കെട്ടിവെച്ച്, പ്രസരിപ്പോടെ, അവൻ.

നമ്മുടെ അയൽപ്പക്കത്താണ് അവന്റെ വീടെന്നും അവളുടെ കൂട്ടുകാരനാണെന്നും അവനെ
മകൾ എനിക്ക് പരിചയപ്പെടുത്തി.
ആൺകുട്ടി ‘ഹലോ അങ്കിൾ ‘ എന്ന് എനിക്ക് കൈ നീട്ടി.

‘നീ വയലിൻ വായിക്കാറുണ്ടോ’, ഞാൻ അവനോട്‌ ചോദിച്ചു:
‘നീ വയലിൻ വായിക്കുന്നത് കേൾക്കാൻ ഞാനാ
ബാൽക്കണിയിൽ പോയി നിൽക്കാറുണ്ട്’

അവനാണ് കുയിലുകൾക്കൊപ്പം നേരത്തേ ഉണരുന്നത്, ഞാൻ വിചാരിച്ചു: മേഘങ്ങളുടെപടർപ്പ് അവനും കാണുന്നുണ്ട്..

അവൻ എന്റെ മകളെ നോക്കി.
എന്നെ നോക്കി. ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ‘ഞാനോ’, ‘ഇല്ലേ ഇല്ല’. കൈകൾ മലർത്തി. ‘ഒരിക്കലുമല്ല’. പിന്നെ കൈകൾ പിറകിൽ കെട്ടി.

ആ രാത്രി എനിക്കറിയാവുന്ന
വയലിൻവാദകരുടെ പേരുകൾ
ഒരു കടലാസ്സിൽ, താഴേക്ക്
താഴേക്ക്, എഴുതി വരുമ്പോൾ
ഞാനാ ആൺകുട്ടിയെ
വീണ്ടുമോർത്തു.

karunakaran, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പിന്നീട് വന്ന മൂന്ന് പ്രഭാതങ്ങളിലും
അങ്ങനെ ഒരു വയലിനൊ
കുയിലുകളോ ഉണ്ടായിരുന്നില്ല. ബാൽക്കണിയിയിലെ അയയിൽ മഞ്ഞുതുള്ളികളണിഞ്ഞ
ഒരു തുമ്പിയെ മാത്രം, ഒരിക്കൽ, കണ്ടു.
ചിലപ്പോൾ കാറ്റിലുലഞ്ഞുകൊണ്ട്.

പിറ്റേന്ന് വൈകുന്നേരം ഞാനാ വീട്ടിലേയ്ക്ക് ചെന്നു.
കൽച്ചില്ലുകൾ പാകിയ മുറ്റത്ത് ഒരരികിലായ് പൂച്ചട്ടികൾ വെച്ചിരുന്നു.
പൂക്കൾ ചിലത് വാടാൻ തുടങ്ങിയിരുന്നു.

സുന്ദരിയായ ഒരു യുവതി
ഇപ്പോൾ വീടിന്റ പിറകിൽ നിന്നും
മുറ്റത്തേക്കു വന്നു.
എന്തോ പണിയിലായിരുന്നിരിക്കണം, കൈകൾ കൂട്ടിത്തുടച്ചുകൊണ്ട്.
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

‘ഞാൻ നിങ്ങളുടെ അയൽവീട്ടിൽ താമസിക്കുന്നു’ അവൾക്ക്
എന്നെ പരിചയപ്പെടുത്തി. “എനിക്കറിയാം”, അവൾ പറഞ്ഞു.

അവളുടെ വീട്ടിലേക്ക് എന്നെ
ക്ഷണിച്ചു. പക്ഷേ, അവളോട്
‘നിങ്ങൾ വയലിൻ വായിക്കാറുണ്ടോ’ എന്ന് ചോദിക്കാൻ ഞാനെന്നെ അനുവദിച്ചതേ ഇല്ല.
അവൾ തന്ന കാപ്പി നുകരുമ്പോഴും.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Karunakaran poem chilappol