പരിചയമേ ഇല്ലാത്ത
ആളിനെ നോക്കി
കഫെയിലിരുന്ന് കാപ്പി
കുടിക്കുമ്പോൾ
പരിചയമേ ഇല്ലാത്ത
രാജ്യത്തിലേക്ക്
ഒരു പുലർച്ചെ
യാത്ര പുറപ്പെടുമ്പോൾ
നിരത്തിലലയുന്ന
കുതിരയെ
പകൽക്കിനാവ്
കാണുമ്പോൾ
ഇതുവരെയും
വായിക്കാത്ത
ആത്മകഥകൾ എനിക്ക്
ഓർമ്മ വരുന്നു
കഫെയിലെ അപരിചിതൻ
എന്നെ നോക്കി പുഞ്ചിരിക്കുന്നു
തനിക്ക് സംസാരിക്കാനാകില്ല എന്ന് വലത്തേ കൈപ്പടം വായ്ക്ക് മീതെ വെച്ച് അയാൾ അടച്ചു കാണിക്കുന്നു
കൈപ്പടം മാറ്റി വീണ്ടും
എന്നെ നോക്കി പുഞ്ചിരിക്കുന്നു

പരിചയമേ ഇല്ലാത്ത രാജ്യത്തിലെ
വിമാനത്താവളത്തിൽ
കൺവെയർ ബെൽറ്റിനടുത്ത് നിൽക്കുമ്പോൾ
ഒഴുകി വരുന്ന പെട്ടികളുടെ
പരിക്കേറ്റ നിറങ്ങളിൽ
എന്റെ പെട്ടിയെ തിരിച്ചറിയാൻ
ഒരു ഇണയെപ്പോലെ
ഞാൻ അക്ഷമനാകുന്നു.
രണ്ട് യുദ്ധങ്ങളിൽ നിന്നും
ഞാൻ ഒളിച്ചോടിയിട്ടുണ്ട്:
ഒരിക്കൽ നെരൂദയുടെ കാവ്യസമാഹാരവുമായി
പിന്നൊരിക്കൽ
അഭയാർഥിയായി.
മഞ്ഞക്കിളികളെപ്പറ്റി
മെക്സിക്കൻ തത്തകളെപ്പറ്റി
പെൺകുട്ടികളുടെ പേരുകളുള്ള നാട്ടുമ്പുറത്തെ ബസ്സുകളെപ്പറ്റി
മതിവരുവോളം ഓർക്കാൻ
എന്റെ പുലർച്ചയെ ഞാൻ
മാറ്റി വെച്ചിരിക്കുന്നു
ഒരു തവണ പാടി
അപ്രത്യക്ഷനാകുന്ന കുയിലിനെ പട്ടണത്തിലെത്തിയ വിരഹിയായ കാമുകനെന്ന് ദിവസവും
കളിയാക്കുന്നു:
എത്ര ദീനമാണ് കുയിലേ നിന്റെ കുരൽ.
ആത്മകഥകളിൽ ഇങ്ങനെ
എന്റെ മുഷിപ്പൻ ദിനങ്ങളെ
ഞാൻ പൂരിപ്പിക്കുന്നു
ചില ദിവസങ്ങളിൽ സുഗന്ധ തൈലങ്ങളുടെ മണം പൊഴിക്കുന്ന മഹത്തായ മരണം തന്നെയാകുന്നു.
യുദ്ധങ്ങളെ, പ്രണയങ്ങളെ, വിജയങ്ങളെ ചിലപ്പോൾ കാമിനിമാരെ
ഓർക്കുന്നു.
പക്ഷെ, പലപ്പോഴും ഞാൻ
കളികളിൽ മുഴുകിയ ഒരാൺകുട്ടി മാത്രവും.
നങ്കൂരമിടുന്ന ദിവസങ്ങളുടെ നിഴൽ.