scorecardresearch
Latest News

Onam 2021: ‘കേട്ടെഴുത്തുകാരി’യും ഒ വി വിജയനും

“മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചുകൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു ” ഒ.വി. വിജയൻ കഥാപാത്രമാകുന്ന “കേട്ടെഴുത്തുകാരി” പുതിയ നോവലിനെ കുറിച്ച് നോവലിസ്റ്റ് കരുണാകരൻ എഴുതുന്നു

karunakaran, novel, iemalayalam, o v vijayan
ചിത്രീകരണം: വിഷ്ണുറാം

ഒരു പകൽ ഞങ്ങളുടെ വീട്ടു പടിക്കൽ നാല് ആണുങ്ങൾ വന്നു നിന്നു, നാറാണത്ത് ഭ്രാന്തന്റെ പേരിലുള്ള മലയിലേക്കുള്ള വഴി ചോദിച്ചു. തുമ്പിയെക്കാൾ വലിപ്പമുള്ള അതിന്റെ നിഴൽ, മുറ്റത്ത്, അനക്കാതെ വെച്ച എന്റെ വലത്തേ കാലടിക്ക് താഴെ, മണ്ണിൽ, അതിന്റെ ചിറകുകൾ ഇളക്കുകയായിരുന്നു, അമ്മ എന്നോട് സന്ദർശകർക്കൊപ്പം വഴികാട്ടിയായി പോവാൻ പറഞ്ഞു.

“നീ അവരുടെ കൂടെ ചെല്ല്.”

തുമ്പിയെ വിട്ട് പടിപ്പുര ചാടി കടന്ന് ഞാൻ, എന്നെക്കാൾ പല വലുപ്പങ്ങളുള്ള ആ ആണുങ്ങൾക്ക് മുമ്പിൽ മലയിലേക്കുള്ള വഴി കാണിച്ച് നടക്കാൻ തുടങ്ങി. അക്കാലത്ത് ചിലപ്പോഴെങ്കിലും എനിക്ക് കിട്ടാറുള്ള മറ്റൊരു ജോലിയായിരുന്നു ഇത്. എന്റെ മറ്റൊരു ജോലി തൊടിയിലോ ഇടവഴികളിലോ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടു നടക്കുകയായിരുന്നു. അദൃശ്യരായ ആളുകൾക്ക് ഒപ്പമുള്ള നടത്തമായിരുന്നു എന്റെ ആദ്യത്തെ കഥാലോകം, ഭാഷയുടെ പാർപ്പിടവും. സ്വസ്ഥമാകാനുള്ള സ്ഥലമേ അല്ല ആ പാർപ്പിടവും എന്ന് പിറകെ മനസ്സിലാവാനും തുടങ്ങി.

മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചു കൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു.

“ഈ ചങ്ങല നാറാണത്ത് ഭ്രാന്തനെ കെട്ടിയിട്ടതാണ്, അയാൾക്ക് മരിക്കുന്നതു വരെയും ഭ്രാന്തായിരുന്നു. ഇവിടെ ആകാശത്ത് നിന്നും തൂക്കിയിട്ട ഊഞ്ഞാലിലിരുന്ന് അയാൾ ആടാറുണ്ട്. പിന്നെ, ഈ കാഞ്ഞിരത്തിന്റെ ഇല കയ്ക്കില്ല…”

മുതിർന്ന സന്ദർശകരെ കഥ തന്ന ഉൾക്കരുത്തോടെ ഞാൻ നോക്കി.

പത്ത് വയസ്സു വരെ നമ്മൾ പറയുന്നത് എന്തും നമ്മൾ മാത്രമല്ല നമ്മളെ കേൾക്കുന്നവരും വിശ്വസിക്കുന്നു. വാക്കുകൾക്ക് അസാമാന്യമായ ധൈര്യമുള്ള പ്രായമാണത്. ആ പ്രായത്തിൽ, നമ്മുടെ ശബ്ദത്തിൽ നമ്മൾ അറിയാതെ സത്യത്തിന്റെ മിഴിവും കലരുന്നു. എന്നാൽ, ഇപ്പോൾ, നാല് ആണുങ്ങളിൽ ഒരാൾ എന്നെ നോക്കി ചിരിച്ചു. മണ്ടനോ അന്ധവിശ്വാസിയോ ആയ ഒരാൾ ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും ചെറിയ ഉടലിൽ കഴിയുന്നല്ലോ എന്ന് കണ്ടുപിടിക്കുന്ന വിധത്തിൽ ആ ചിരി എന്നെ വട്ടമിട്ടു, അന്ന് മലയിറങ്ങുവോളം ഞാൻ അയാളെ നോക്കാതിരുന്നു.

karunakaran, novel, iemalayalam, o v vijayan
ചിത്രീകരണം: വിഷ്ണുറാം

പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഞാൻ എഴുതുന്ന നോവലിൽ നാറാണത്ത് ഭ്രാന്തന്റെ ഈ മലയുമുണ്ട്. ഒരു ദിവസം അവിടെ മല കയറാൻ എത്തുന്നത് മലയാളത്തിലെ അസാധാരണനായ എഴുത്തുകാരൻ ഒ. വി. വിജയനുമാണ്. വിജയൻ എന്റെ നോവലിലെ പ്രധാനപ്പെട്ട കഥാപാത്രവുമാണ്. അല്ലെങ്കിൽ ഭ്രാന്തായിരുന്നു എന്റെ കഥയുടെയും കഥ.

ഭ്രാന്ത്, ഒരേ സമയം, വിവേകത്തിലേക്കും രാഷ്ട്രീയത്തിലേക്കും തെന്നുന്ന വെളിച്ചമായാണ് ഞാൻ സങ്കൽപ്പിച്ചത്, നോവൽ എഴുതുമ്പോൾ അത്തരമൊരു പെരുമാറ്റം എപ്പോഴും ഉണ്ടായിരുന്നു. എന്നാലിപ്പോൾ, വർഷങ്ങൾക്ക് മുമ്പ് കഥയ്ക്ക് വേണ്ടി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്ന് കഥാപാത്രങ്ങളും നോവലും രൂപപെടാൻ തുടങ്ങിയ കാലമായപ്പോഴാകട്ടെ, ഞാനും, ലോകത്തെ സകല മനുഷ്യർക്കും ഒപ്പം ഭീതിതമായ ഒരു മഹാമാരിയെ ഭയന്ന് അടച്ചിരിപ്പിലുമായിരുന്നു.

കോവിഡിന്റെ ആദ്യ മാസങ്ങളായിരുന്നു, അത്, ജീവിതത്തിൽ നിന്നും പിൻവാങ്ങുന്ന തെരുവുകൾ നിശബ്ദമായ മറ്റൊരു ഭ്രാന്തിനെ ഓർമ്മിപ്പിച്ചു. മനുഷ്യർ ഓരോരുത്തരും തങ്ങളുടെ ഉടലുകളിലേക്ക് ഒതുങ്ങുന്ന ഒറ്റമുറി വീടുപോലെയായി. രണ്ടു പേർ കൂടുമ്പോൾ അവരവരുടെ ഒറ്റപ്പാർപ്പ് വളരെ വളരെ വലുതാവുകയായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന കമ്പനി ലോക് ഡൗണിൽ നിന്നും മാറ്റി പാർപ്പിക്കാനായി എന്നെ എന്റെ താമസ സ്ഥലത്ത് നിന്നും ഒരു വലിയ “കുവൈത്തി വില്ല”യിലേക്ക് ആയിടെ മാറ്റിയിരുന്നു. മുപ്പതിലധികം മുറികളുള്ള “കോട്ട” പോലത്തെ ആ വീട്ടിൽ രണ്ടുമാസത്തോളം ഞാൻ ഒറ്റയ്ക്ക് പാർത്തു, അല്ലെങ്കിൽ കൂടെ വന്ന അനവധി നിശബ്ദതകളിൽ ഏറെക്കുറെ അതൊരു ഏകാന്ത തടവു പോലെയുമായിരുന്നു. അതിനാൽ ഇപ്പോഴും, കഥകൾ കൊണ്ടും ഏകാന്തതകൾ കൊണ്ടും ജീവിക്കാൻ ഞാൻ നിശ്ചയിച്ചു .

ചുറ്റും വലിയ മതിലുകളുള്ള ആ ‘കോട്ട’യിലെ കോൺക്രീറ്റ് മുറ്റത്ത് മണ്ണുള്ള ഇത്തിരി സ്ഥലത്ത് ഒരു കുഞ്ഞു മരം നിന്നിരുന്നു. ഏതോ നാട്ടിൽ നിന്നും എത്തിയ മറ്റൊരു പരദേശിയെ പോലെത്തന്നെ. ഞാൻ വൈകുന്നേരത്തെ നടപ്പ് അതിനു ചുറ്റുമാക്കി. ചിലപ്പോൾ അതിനോട് സംസാരിച്ചു. ഒരു ദിവസം, കുറെ വർഷങ്ങൾക്ക് ശേഷം, എന്റെ ബാല്യകാല കഥയിലെ കയ്ക്കാത്ത ഇലകളുള്ള കാഞ്ഞിര മരത്തിന്റെ ചോട്ടിൽ വീണ്ടും ഞാൻ എത്തി. പിന്നെ വന്ന രാത്രികളിൽ ഞാൻ എന്റെ നോവൽ എഴുതാൻ തുടങ്ങി.

karunakaran, novel, iemalayalam, o v vijayan
ചിത്രീകരണം: വിഷ്ണുറാം

ജാതിക്കും മനുഷ്യനും ഇടയിൽ ദൈവത്തിന്റെ സാന്നിധ്യം തിരഞ്ഞു പോയ ഒരു കഥ, തന്നെ എന്തുകൊണ്ട് ആകർഷിക്കുന്നു എന്ന് വിജയന് തോന്നുന്ന ഒരു സന്ദർഭത്തിനും ചുറ്റുമായിരുന്നു എന്റെ കഥയുടെ നടപ്പാതകൾ രൂപപ്പെട്ടിരുന്നത്. അതിനൊപ്പം എഴുത്തുകാരൻ എന്ന നിലയ്ക്ക് വിജയൻ നേരിട്ടിരുന്ന ഒരു കാരണവും എനിക്ക് ഉണ്ടായിരുന്നു: ‘അധികാരം’ എന്ന യാഥാർത്ഥ്യവും അത് പ്രവർത്തിക്കുന്ന ഭാവനയും. അതാകട്ടെ, എന്റെയും ഇതിവൃത്തമായിരുന്നു.

ഭ്രാന്തിന്റെ ഓരത്തായിരുന്നു, അല്ലെങ്കിൽ, ഇതൊക്കെയും കെട്ടിപ്പൊക്കിയത്. വള്ളുവനാട്ടെ പ്രശസ്തനായ ഒരു ഭ്രാന്തന്റെ നാട്ടിലെ പിറവികൊണ്ടാകാം ഇതൊന്നും എനിക്ക് അപരിചിതവുമായിരുന്നില്ല. കഥയിൽ, പൂച്ചകളായി വേഷം മാറി ഈശ്വരനെ തൊഴാനെത്തുന്ന യുവ ദമ്പതികളെ, ഇപ്പോൾ ലോകത്തെ കൊട്ടിയടച്ച ഒരു മഹാമാരി, എനിക്ക് കൂടുതൽ പരിചയപ്പെടുത്തി. അസ്‌പ്രശ്യരായി ഇരിക്കുന്നതിലെ മഹാഖേദം തന്നെയായിരുന്നു അതും. കഥയിൽ വിജയന്റെ കേട്ടെഴുത്തുകാരിയായി ഞാൻ ഒരു പെൺകുട്ടിയെയും കൂട്ടി. പതുക്കെ, എന്റെ രാത്രികൾ, പഴയ ഒരു കാലത്തെ ജനവാസമുള്ള സ്ഥലമാവാൻ തുടങ്ങി. ഒരു ദിവസം ആ പെൺകുട്ടിക്ക് ഞാൻ ‘പദ്മാവതി’ എന്ന് പേരിട്ടു.

ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ ‘അടിയന്തിരാവസ്ഥ’യുടെ നാളുകളാണ് കഥയുടെ ഇതിവൃത്തത്തിന്റെ കാലമെങ്കിലും തീവ്ര വലതുപക്ഷത്തിന്റെ ആദ്യ അധികാരാരോഹണ കാലത്തിലേക്കും കഥ പലപ്പോഴും ഒഴുകുന്നുണ്ടായിരുന്നു, വിജയൻ ജീവിച്ചിരുന്നതും വിജയൻ മരിച്ചതിനു ശേഷവുമുള്ള അധികാരത്തിന്റെ വർഷങ്ങൾ അതിരുകൾ മാഞ്ഞ വിധം സങ്കൽപ്പിക്കുകയായിരുന്നു.

വിവേകവും രാഷ്ട്രീയവും ഒരുമിച്ചു കഴിയുന്ന ഭ്രാന്ത്, കലയുടെ തന്നെ ആസ്തിയാണ്: ഓർമ്മ എഴുത്തിന്റെ ഇന്ധനമാകുമ്പോൾ വിശേഷിച്ചും. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും ‘ധർമ്മപുരാണ’ത്തിനും ഇടയിലുള്ള വിജയന്റെ കാലം സങ്കൽപ്പിക്കുമ്പോൾ ‘കേട്ടെഴുത്തുകാരി’യുടെ കഥയിലേക്ക് ഖസാക്കിലെ നൈസാമാലി കൂടി വന്നു, അടിമുടി കഥ പേറുന്ന ഒരാളെ പ്പോലെതന്നെ. വിജയന് വിശ്വസിക്കാവുന്ന, വിജയന് തുണയാവുന്ന നൈസാമലി , വിജയന്റെ മരണ ദിവസം, വിജനമായ പള്ളിപ്പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരി എടുത്ത് തന്റെ തലയിൽ പലവട്ടം ഒഴിച്ച് അതേ ഈറനോടെ രാത്രിയിൽ ഭൂമി വലംവെയ്ക്കുന്നതോടെ എനിക്ക് എന്റെ കഥയുടെ പ്രമേയം ഭ്രാന്ത് തന്നെ എന്ന് വീണ്ടും തോന്നുകയായിരുന്നു: പാറക്കല്ലുകൾ മലമുകളിലേക്ക് ഉരുട്ടുന്ന ഭ്രാന്തൻ “എഴുത്തി”ന്റെ കൂടി സാരാംശമാകുന്നതുപോലെയായിരുന്നു, അത്.

ഭയപ്പെടുത്തുന്ന ഒരു ദുഃസ്വപ്നത്തിൽ നിന്നും ഉണർന്ന്, രാത്രിയിൽ, താൻ വന്നു പാർക്കുന്ന വീടിന്റെ കോലായയിലേക്ക് വരുന്ന വിജയൻ, അവിടെ മുറ്റത്തേക്കുള്ള പടികളിലൊന്നിൽ ഇരിക്കുന്ന നൈസാമലിയെ അത്‌ഭുതങ്ങൾ ഒന്നുമില്ലാതെ കണ്ടതോടെ എന്റെ കഥയും കരയ്ക്കണഞ്ഞു. എന്നാൽ, അത്രയും എഴുതിയ രാത്രിയുടെ തുടർച്ചയായി വന്ന ഒരു പുലർച്ചെ ഞാൻ ഉണർന്നത്, നാട്ടിലെ ഞങ്ങളുടെ വീട്ടിൽ മക്കൾക്ക് ഒപ്പം കഴിഞ്ഞിരുന്ന പൂച്ചയുടെ മരണ വാർത്ത കേട്ടുകൊണ്ടായിരുന്നു. പൂച്ചകൾ കഥാപാത്രമാകുന്ന ഒരു കഥയ്ക്ക് പുറത്ത്, മറ്റൊരു ലോകത്തായിരുന്നു ഈ പൂച്ചയുടെ ജീവിതമെങ്കിലും, ഈശ്വരനുമായുള്ള ഓരോ ജീവിയുടെയും അകലം എന്നെ, അവിശ്വാസിയായിരുന്നിട്ടും, ദുഃഖിതനാക്കി: ഫോണിൽ മകൾക്ക് ഒപ്പം ഞാനും ആ എളിയ ജീവിയുടെ ഓർമ്മയിൽ തേങ്ങി.

karunakaran, novel, iemalayalam, o v vijayan
ചിത്രീകരണം: വിഷ്ണുറാം

വിജയന് മുമ്പിൽ ഞാൻ പൂച്ചയായി കാണിച്ചു തരാം എന്ന് പറയുന്ന, അങ്ങനെ വിജയന് ചുറ്റും പൂച്ചയായി വട്ടമിടുന്ന പെൺകുട്ടിയുടെ അസ്പൃശ്യമായ ആഹ്ളാദം, ഒരു പക്ഷെ ദൈവവുമായുള്ള അകലം തന്നെ എന്ന് എനിക്കും തോന്നി.

നോവൽ എഴുതി തീർത്ത് പ്രസാധന ശാലയിലേക്ക് അയച്ചതിനു ശേഷവും ആ അകലം കൺവട്ടത്തിൽത്തന്നെ നിൽക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, ദീർഘമായ ഒരു കാലം പാർത്ത രാജ്യം വിട്ട് ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. എക്കാലത്തും ഞാൻ പാർത്തിരുന്ന രാജ്യം എന്റെ ഭാഷതന്നെയായിരുന്നു എന്ന് ഗൃഹാതുരത്വങ്ങളൊന്നുമില്ലാതെ ഓർക്കുന്ന ദിവസങ്ങൾക്കുള്ളിലാണ് ഞാൻ ഇപ്പോൾ. ഒരു ദിവസം, ഞാൻ മകളോട് നമ്മുടെ പൂച്ചയെ സംസ്കരിച്ച സ്ഥലം എവിടെ എന്ന് ചോദിച്ചു.

അവൾ കൈ മലർത്തി, എനിക്ക് അറിയില്ല എന്ന് പറഞ്ഞു.

വീണ്ടും ദൈവവുമായുള്ള അകലം എനിക്ക് ഓർമ്മ വന്നു.

ഇപ്പോൾ അത് മറ്റൊരു വിധത്തിലും ആലോചിച്ചു: എഴുത്തും അങ്ങനെയൊരു അകലത്തെ അതിന്റെ ജീവിതമാക്കിയിരിക്കുന്നു. വിജയനിൽ അത് ചിലപ്പോഴെങ്കിലും മൂർദ്ധന്യത്തിലുമായിരുന്നു. കഥ പറയുമ്പോഴും അധികാരത്തെ നേരിടുമ്പോഴും.

മറ്റൊരു വിധത്തിൽ, അങ്ങനെ ഒരു എഴുത്തുകാരനെ നേരിടുകയായിരുന്നു ഞാൻ എന്റെ നോവലിൽ എന്ന് പറയണം…

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Karunakaran new novel kettezhuthukari