ചില മനുഷ്യർ നമുക്കു ഭാവനയിലെ കഥാപാത്രങ്ങളെപ്പോലെയാണ്. അവരുടെ ജീവിതവും വികാരവിചാരങ്ങളും നമ്മളെ ഒരു മായാലോകത്തിലെത്തിക്കാറുണ്ട്. ഉണ്മയോ മിഥ്യയോ എന്ന് പിന്നീട് ആരാഞ്ഞു കൊണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങളായി മാറുകയാണ് അവർ. ജോൺ എബ്രാഹം എന്ന ചലച്ചിത്രകാരൻ നമുക്കങ്ങനെയാണ്. തൊട്ടു നോക്കുന്ന ദൂരത്തിൽ നിന്നും കൊണ്ട് ഒറ്റ നിമിഷം കൊണ്ട് കാതങ്ങളകലെയ്ക്കും തിരിച്ചും ഒളിച്ചുകളിക്കുന്ന ഈ പ്രതിഭാശാലിയെ മുഖ്യ കഥാപാത്രമാക്കി കരുണാകരൻ എഴുതിയ നോവലാണ് ബൈസിക്ക്ൾ തീഫ്. ജോൺ എബ്രഹാം കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ ബിംബമാണ്. ‘അമ്മ അറിയാൻ’ ഉൾപ്പടെ നാലു സിനിമകൾ മാത്രം സംവിധാനം ചെയ്ത ഈ പ്രതിഭയെ പല കാരണങ്ങൾ കൊണ്ടു അദ്ദേഹത്തിന്റെ തലമുറയും പിന്നാലെ വന്ന തലമുറകളും ആരാധിച്ചിരിന്നു, ആരാധിക്കുന്നു. ഓർമകളുടെ ലോകവും ഭാവനയുടെ ലോകവും ഒന്നാവുമ്പോൾ ഉണ്ടാകാവുന്ന അനുഭവമെന്തായിരിക്കുമെന്നു, കാഴ്ചയുടെ പരുപരുത്ത അരാജകത്വശീലങ്ങൾ മലയാളിയുടെ മനസ്സിലേക്ക് തീക്ഷ്ണമായി പകർന്നു തന്ന ജോൺ എബ്രാഹമിന്റെ പ്രവൃത്തികളിലൂടെ അവതരിപ്പിക്കുകയാണ് ഈ നോവലിൽ.
ആധുനികത എന്ന ആശയം, ചലച്ചിത്രം എന്ന കലാരൂപം, ഭാരതീയ പുരാണങ്ങളിലെ ചില വിശ്വാസപ്രമാണങ്ങൾ എന്നിങ്ങനെയുള്ള സങ്കൽപ്പനങ്ങൾ വേറിട്ട രീതിയിൽ സന്നിവേശിക്കുന്ന നോവലായ ബൈസിക്ക്ൾ തീഫ് വ്യവസ്ഥാപിതമായ എഴുത്തുരീതിയല്ല പിന്തുടരുന്നത്. മേൽപ്പറഞ്ഞ ധാരകളെ കുറിച്ചു കരുണാകരൻ എന്ന എഴുത്തുകാരന്റെ വ്യാഖ്യാനങ്ങൾ ഈ നോവലിൽ തുന്നി വെച്ചിട്ടുണ്ട്. മലയാളി സമൂഹം ആധുനികതയെ നോക്കിക്കാണുന്നത് വേറൊരു തരത്തിലാണ് എന്നു കരുണാകരൻ സൂചിപ്പിക്കുന്നുണ്ട്. ആകാശത്തു വിമാനങ്ങൾ പറന്നിരുന്നുവെങ്കിലും കാളവണ്ടികൾ നീങ്ങിക്കൊണ്ടിരുന്ന കല്ലും മണ്ണും നിറഞ്ഞ പാതയിലായിരുന്നു ‘ആധുനികത’ സംവദിച്ചിരുന്നത്. മറ്റൊരു വിധത്തിൽ അതൊരു യക്ഷിക്കഥ പോലെയായിരുന്നു. ആധുനികത യക്ഷികളുടെ കൂടെ കഥയാവുമ്പോൾ ജീവിതം അതിലും വലിയ ഭ്രമാത്മകതയായി മാറുകയാണ്. ജോൺ എബ്രഹാം എന്ന ആരാധ്യനായ സംവിധായകനെ കഥാപാത്രമാക്കി കൊണ്ട് അദ്ദേഹം സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സിനിമകളെ കുറിച്ചുള്ള വിശകലനത്തിനു നോവലിസ്റ്റ് ശ്രമിക്കുന്നു. അത് വഴി കാഴ്ചയുടെ ഒരു ലോകത്തെയാണ് എഴുത്തുകാരൻ അഭിസംബോധന ചെയ്യുന്നത്. മാന്ത്രികദൃശ്യങ്ങൾ നിറഞ്ഞ അത്തരം സന്ദർഭങ്ങളിൽ ഗ്രാമത്തിലെ മന്ത്രവാദിയും ടാക്കീസിൽ കളിക്കുന്ന സിനിമയിലെ നടിയും പിന്നെ ടാക്കീസും നിറഞ്ഞു നിൽക്കുന്നു. പറഞ്ഞും കേട്ടും പ്രചരിച്ചും, ജീവിച്ചിരിക്കുമ്പോൾ തന്നെ മിത്ത് ആയി മാറിയ ജോൺ അബ്രാഹാമിനെ കഥ കാത്തിരിക്കുന്ന മന്ത്രവാദിയെപ്പോലെയാണ് അവതരിപ്പിക്കുന്നത്. ജോണിന് വെളിപ്പെടാനിരിക്കുന്ന കഥയുടെ ഭാവി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂതത്തെ തന്നെയാണ് അടയാളപ്പെടുത്തിയിരുന്നത്.
പരമ്പരാഗതശൈലിയിൽ ഒരു ഗ്രാമത്തിന്റെയും അവിടത്തെ വശീകരണശക്തിയുള്ള മന്ത്രവാദിയുടെയും കഥ പറഞ്ഞു കൊണ്ട് തുടങ്ങുന്ന നോവലിൽ, കാഴ്ചയുടെ വിസ്മയം ഗ്രാമീണരിൽ തീർത്തു കൊണ്ട് അവിടെയൊരു സിനിമാ ടാക്കീസ് വരികയാണ്. വെള്ളിത്തിരയിലെ മായാജാലങ്ങൾ കാഴ്ചയുടെ പുതിയ ലോകത്തിലേക്ക് ഗ്രാമീണരെ സ്വാഗതം ചെയ്തു. ഇതോടു കൂടി അത്ഭുതവിദ്യകളും കൺകെട്ടും നടത്തിയിരുന്ന മന്ത്രവാദിയുടെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. കളിച്ചു കൊണ്ടിരുന്ന സിനിമയിലെ നായികയിൽ അനുരക്തനായ മന്ത്രവാദി ഒരു രാത്രി അവളെ വെള്ളിത്തിരയിൽ നിന്നും കടത്തിക്കൊണ്ടു പോയി. “രണ്ടും മന്ത്രവാദം തന്നെയാണ്. സിനിമയും ഞാനും” എന്നിതിനിടയിൽ അയാൾ അവളോട് പറയുന്നുമുണ്ട്. പതിമൂന്നു ദിവസം മന്ത്രവാദിയുടെ കൂടെ കഴിഞ്ഞതിനു ശേഷം പല പരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ട് നായിക വെള്ളിത്തിരയിൽ തിരിച്ചെത്തി. ജോണിന്റെ കഥയിലെ മന്ത്രവാദിയ്ക്കു ജീവിതത്തിൽ നിന്നും മരണത്തിലേക്കും തിരിച്ചും ഓടി വന്നു കാര്യങ്ങൾ പറയാൻ കഴിയുമായിരുന്നു. “മരണം കലയുടെ ദൈവമായതു കൊണ്ട് കലയ്ക്കു ചിലപ്പോൾ ചെകുത്താന്റെ ചുവയുണ്ട്” എന്ന തോന്നലിനു ഇവിടെ പ്രസക്തിയുണ്ട്. ഇതേ നായിക മന്ത്രവാദിയുടെ ഭാര്യയുമായി പുഴയിലൂടെ ഒരു തോണിയിൽ പോകുന്ന രംഗം, അല്പം അമ്പരപ്പുണ്ടാക്കുന്നതാണ്. പരസ്പരം പോരടിച്ചു നിന്ന അവർ കഥയിലെവിടെ വെച്ചോ സ്നേഹിതകളാവുകയാണ്. മന്ത്രവാദിയ്ക്കു നടിയുമായുള്ള ബന്ധത്തിൽ ക്ഷുഭിതയായ അയാളുടെ ഭാര്യ അടുപ്പിൽ നിന്നും കത്തുന്ന തീക്കൊള്ളിയുമായി ഓടിപ്പോയി ഓലയും വൈക്കോലും കൊണ്ടും കെട്ടിയുണ്ടാക്കിയ ടാക്കീസ് കത്തിച്ചു. ഇതിനു ബൈസിക്ക്ൾ തീഫ് എന്ന വിളിപ്പേരിലറിയപ്പെട്ട പയ്യൻ സാക്ഷിയുമായിരുന്നു
നിയോറിയലിസ്റ്റിക് സിനിമയായ ഡിസീക്കയുടെ ബൈസിക്ക്ൾ തീഫ് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സാമൂഹികാവസ്ഥയുടെ പ്രതിഫലനിയായിരുന്നു. നോവലിൽ ബൈസിക്ക്ൾ തീഫ് ഒരു രൂപകമാണ്. ഒരിക്കൽ ഒരു കടയിൽ നിന്നും മോഷ്ടിച്ച സൈക്കിളിൽ പ്രധാന കഥാപാത്രങ്ങളായ രാമുവിനെയും തങ്കത്തേയും കാണാൻ ജോൺ വരുന്ന ഒരു സന്ദർഭമുണ്ട്. നാട്ടുമ്പുറവും പുഴയോരവും മന്ത്രവാദിയും സൈക്കിളിൽ സിനിമയുടെ നോട്ടീസും പോസ്റ്ററുമായി വരുന്ന ഇരുപതു വയസ്സുകാരൻ പയ്യനുമെല്ലാം ഉൾപ്പെട്ട കഥ ജോൺ അവരോട് പറഞ്ഞു. സൈക്കിളിൽ വരികയും പോകുകയും ചെയ്യുന്ന കള്ളൻ ചാരൻ കൂടിയാണെന്നായിരുന്നു തങ്കത്തിന്റെ അഭിപ്രായം.
ഐതിഹ്യമാലയിലോ അറബിക്കഥകളിലോ അത്ഭുത കഥകൾ ആരംഭിക്കുന്നത് പോലെയാണ് ഈ നോവലിന്റെ ആഖ്യാനവും തുടങ്ങുന്നത്. ജോൺ എബ്രഹാം തന്റെ മനസിലുള്ള ഈ കഥ സുഹൃത്തും നോവലിന്റെ ആഖ്യാതാവുമായ രാമുവിനെ കേൾപ്പിക്കുമ്പോൾ അവർക്കിരുവർക്കും വയസ്സ് മുപ്പത്തിരണ്ട് ആയിരുന്നു. ഭാര്യയായ തങ്കവും മകളായ ഉമയെന്ന ഷീലയും ആ കഥ രാമുവിൽ നിന്നും താല്പര്യപൂർവം കേട്ടിരുന്നു. വർഷങ്ങൾക്കു ശേഷം ഷീല മുംബൈയിൽ വെച്ചു ജോൺ എബ്രഹാം എന്നു പേരുള്ള ഒരു പുരോഹിതനുമായി പ്രണയത്തിലായി. സെമിനാരി വിട്ടു ഷീലയുമായുള്ള ജീവിതം ആഗ്രഹിച്ച ജോൺ എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ആ ബന്ധത്തിൽ നിന്നും പിൻവാങ്ങുന്നു.
കാമുകനായ ജോണുമായുള്ള സംഭാഷണമധ്യേ താൻ പന്നികളെ പ്രസവിക്കുമെന്ന ഷീലയുടെ പ്രവചനത്തിൽ അതികുപിതനായ അയാൾ വീടു വിട്ടിറങ്ങി പോകുകയായിരുന്നു. അയാളെ അനുനയിപ്പിക്കാൻ പിന്നാലെ പോയ, എഴുപതു വയസ്സിന്റെ പടിവാതിൽക്കൽ എത്തി നിന്നിരുന്ന രാമുവിന് അയാളെ കൊല്ലേണ്ടി വന്നു. രാമുവിനെ സംബന്ധിച്ചിടത്തോളം അതു വരെയും വാർദ്ധക്യം “ഏകാന്തതയുടെ ഒരു സഞ്ചാരസ്ഥലമായിരുന്നുവെങ്കിൽ ഇപ്പോൾ അത് അഴുക്കുവെള്ളത്തിലൂടെയുള്ള ഒരു യാത്രയായി” മാറിയിരുന്നു.
ആത്മസുഹൃത്തായ ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ ദുർമരണവും ജോൺ മരിച്ചു കഴിഞ്ഞു കഴിഞ്ഞു മുപ്പത്തിനാലു ദിവസങ്ങൾക്കുള്ളിൽ നടന്ന തങ്കത്തിന്റെ ആത്മഹത്യയും രാമുവിനെ തളർത്തിയിരുന്നു.പതിമൂന്നാമത്തെ സിനിമയുടെ കഥ പല തരം ദൃശ്യങ്ങളുടെ അകമ്പടിയോടെ തങ്കത്തോടും മറ്റും ……പറഞ്ഞു ഫലിപ്പിക്കാൻ ജോണിനു സാധിച്ചിരുന്നു. തങ്കത്തിന്റെ മരണശേഷം അവളുടെ ബാഗിൽ നിന്നും രാമുവിന് കിട്ടിയ കടലാസു കഷ്ണത്തിൽ ബൈസിക്ക്ൾ തീഫ് എന്നും ന്യൂസ്പേപ്പർ ബോയ് എന്ന് എഴുതി വെച്ചിരുന്നു. അതേ കടലാസിന്റെ മറുവശത്തു ” ഇന്നു മുതൽ ഭ്രാന്ത്” എന്നും എഴുതിയിരുന്നു. മാനസികാസ്വാസ്ഥ്യത്തെ തുടർന്നു ചികിത്സ തേടിയിരുന്ന തങ്കത്തിന്റെ മനസ്സിൽ ജോൺ പറഞ്ഞ സിനിമാക്കഥകൾ ആഴത്തിൽ പതിഞ്ഞിരുന്നുവെന്നു ബോധ്യപ്പെടുത്തുന്ന സംഭവമായിരുന്നു ഇത്. കടലാസിന്റെ മറുവശത്ത് അവളെഴുതിയത് സിനിമാപ്പേരല്ല എന്നു രാമുവിന് ഉറപ്പുണ്ടായിരുന്നു. ഇവിടെ ഭ്രാന്താവുന്ന ആളും ഭ്രാന്താവാൻ തീരുമാനിക്കുന്ന ആളുമായുള്ള വ്യത്യാസം എഴുത്തുകാരൻ സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ ആൾ രോഗിയാണെങ്കിൽ രണ്ടാമത്തെ ആൾ ഒരു സ്വേച്ഛാധികാരിയെപ്പോലെയാണ് പെരുമാറുക എന്നായിരുന്നു ഈ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞു വന്ന നിരീക്ഷണം.
ജോൺ എബ്രഹാം പറഞ്ഞിരുന്ന കഥകൾ ഒരിക്കലും എടുക്കാൻ പോകുന്ന സിനിമകളുടേത് ആയിരുന്നില്ല, സാക്ഷാത്കരിക്കാൻ ഒരിക്കലും സാധ്യതയില്ലാത്ത പതിമൂന്നാമത്തെ സിനിമയായിരുന്നു ജോണിന്റെ ബലഹീനത. 1,2,3 കഴിഞ്ഞാൽ 4,5,6,7,8 വെറുതെ ഇട്ടു.. എന്നാൽ അയാൾ മനസ്സിലുള്ള ചിത്രങ്ങളെ കുറിച്ചു നിരന്തരം വാചാലനായി. സെല്ലുലോയ്ഡ് സ്വപ്നങ്ങൾ നിറച്ചു വെച്ച അയാളുടെ മനസ്സിന്റെ ആകാശവ്യാപ്തി രാമുവും തങ്കവുമാണ് മനസ്സിലാക്കിയത്. 9,10,11,12 വ്യത്യസ്തങ്ങളായ കഥകളായിരുന്നു. ഒൻപത് ഒരു പ്രണയകഥയായിരുന്നു. പത്ത് ഒരു കൊലപാതകം. പതിനൊന്നു ഒരു പ്രതികാരകഥയായിരുന്നു. പന്ത്രണ്ടാമത്തെ സിനിമ രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് ബർമ്മയിൽ ജോലി ചെയ്ത ഒരു മലയാളി നഴ്സിന്റെ കഥയായിരുന്നു. പിന്നീടായിരുന്നു ജോണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സിനിമ. 13 ഒരു ചീത്ത അക്കം ആയതു കൊണ്ട് മന്ത്രവാദത്തെ കുറിച്ചും ചെകുത്താനെ കുറിച്ചുള്ളതുമായി മാറി ആ സിനിമ. ജോണിന്റെ മൂശയിൽ ആരുടെ സ്വപ്നവും കഥയാവും; ജീവിതമാവിലെങ്കിലും എന്ന തത്വത്തെ സാധൂകരിക്കുന്ന വിധത്തിലുള്ള കഥപറച്ചിലുകാരനായിരുന്നു ജോൺ.
യഥാർത്ഥജീവിതത്തിനു സമാന്തരമായി ഒരു ഭാവനാജീവിതം സങ്കൽപ്പിക്കാമെങ്കിൽ ജോൺ എബ്രാഹമിന്റ പതിമൂന്നു സിനിമകളും ആ ലോകത്തിൽ സംഭവിച്ചതു തന്നെയാവണം.
കുരങ്ങൻ മനുഷ്യനായി പരിണമിച്ച നാളു തൊട്ടേ വായ നുണ പറയാറുള്ളതാണ്. എല്ലാ നുണകളും കഥകളാണെന്ന സങ്കല്പം ഈ നോവൽ മുന്നോട്ട് വെക്കുന്നുണ്ട്. 1963 മുതൽ 1968 വരെ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്ന സിനിമാടാക്കീസിനെ പറ്റിയുള്ള ജോണിന്റെ കഥയിൽ ടാക്കീസിലേക്കു വരികയും പോകുകയും ചെയ്യുന്ന ഇരുപത്തൊന്നു വയസ്സുള്ള പയ്യനുണ്ടായിരുന്നു. അവനെ ബൈസിക്ക്ൾ തീഫ് എന്ന അപരനാമധേയത്തിലാണ് ജോണും കൂട്ടരും വിളിച്ചിരുന്നത്. ടാക്കീസുമായി ബന്ധപ്പെട്ട പല നിർണായക തെളിവുകളും ഈ പയ്യന്റെ കയ്യിലായിരുന്നു ഉണ്ടായിരുന്നത്.

ഭാവനയും യാഥാര്ത്ഥ്യവും കൂടിപ്പിണരുമ്പോൾ കഥയ്ക്ക് മായികഭാവമുണ്ടാകുന്നു. ആയിരത്തൊന്നു രാവുകളിലും കഥാസരിത് സാഗരത്തിലും തുടങ്ങി സമകാലിക കഥകളിലെ വരെ കഥപറച്ചിലിനു സാധ്യതകളേറെയാണ്. കഥകൾ കേൾക്കാനുള്ള താല്പര്യം ജനിപ്പിക്കുന്ന ഈ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് വേറെ ചില ചിത്രങ്ങളെ വരയ്ക്കുവാനാണ് കരുണാകരൻ ശ്രമിക്കുന്നത്. ആധുനികതയെ തമാശമട്ടിൽ ആഖ്യാനത്തിന്റെ അടരുകളിൽ ചില സൂചനകളെന്ന പോലെ കോർത്തു വെയ്ക്കാനും അദ്ദേഹം മറക്കുന്നില്ല. “ഞാൻ എന്റെ സിനിമയുടെ സ്വേച്ഛാധിപതിയാകുന്നു” എന്ന ജോൺ എബ്രാഹാമിന്റെ വചനം സിനിമയിലെന്ന പോലെ ജീവിതത്തിലും അദ്ദേഹം പിന്തുടർന്നിരുന്നു. സ്വപ്നങ്ങളെ തീവ്രമായി അനുധാവനം ചെയ്തിരുന്ന ജോണിനെ അടയാളപ്പെടുത്തുന്നതോടൊപ്പം പുഴയും ഗ്രാമവും മന്ത്രവാദിയും തുടങ്ങിയ വംശനാശം സംഭവിക്കുന്ന വിഭാഗത്തെയും നോവലിൽ രേഖപ്പെടുത്തുന്നു. അങ്ങനെ ആധുനികതയിൽ നിന്നും ആഗോളവത്കരണത്തിലേക്കും അവിടെ നിന്നും ആഗോളവത്കരണാന്തര ലോകത്തേക്കും കാലു വെയ്ക്കുന്ന മനുഷ്യസമൂഹത്തെ ആശങ്കയോടെ നോക്കിക്കാണുകയാണ് കരുണാകരൻ ഈ നോവലിലൂടെ.
സത്തിയം പലത് എന്ന ഖസാക്കിന്റെ വിശ്വാസം പോലെ ഭാവനയിലെ സത്യവും യാഥാർഥ്യത്തിലെ സത്യവും ഇടകലർത്തി നോവലിന്റെ ആഖ്യാനമെന്ന മറ്റൊരു സത്യത്തിനു വിളക്കു കൊളുത്തുകയാണ് ബൈസിക്ക്ൾ തീഫിൽ. രാമുവിന്റെ വാക്കുകളിൽ തുടങ്ങി ഷീലയുടെ വാക്കുകളിൽ അവസാനിക്കുന്ന ആഖ്യാനം ആകാശത്തെയും ഭൂമിയെയും സാക്ഷി നിർത്തി സത്യത്തിന്റെ (അപ) നിർമാണത്തെ പ്രതിഫലിപ്പിക്കുന്നു.