കറുമ്പൻ
വാലിന്റെ അറ്റത്തുമാത്രം
വെളുത്തപുള്ളിയുള്ള കുള്ളൻ,
പ്രേമണ്ണന്റെ സ്വന്തം കറുമ്പൻ.
ആദ്യം കാണുമ്പോൾ
കിഴവനും കടലും* കടിച്ചുകീറുന്ന
തിരക്കിലായിരുന്നു..
ഏടുത്തുമാറ്റാൻ ചെന്ന എനിക്കിട്ടും കിട്ടി
തുടയിൽത്തന്നെ പല്ലാഴത്തിൽ ഒരെണ്ണം…
അവന്റെ നായവേഷത്തിലെ ആദ്യത്തേയും
അവസാനത്തേയും ഹിംസ!
വർഷങ്ങൾക്കുശേഷം അവനെക്കുറിച്ച്
കവിതയെഴുതിക്കളയുമെന്ന
ജ്ഞാനദൃഷ്ടിയിലാവണം അക്ഷരവിരോധിയുടെ
മുന്നറിയിപ്പ് കടിയായിപ്പതിഞ്ഞത്…
*ഹെമിങ്വേയുടെ ചെറുനോവൽ
കറുമ്പന്റെ വാൽ
അങ്ങനെയിരിക്കെ അറ്റം വെളുത്ത വാൽ
കാലുകൾക്കിടയിൽ ഒളിപ്പിച്ചുവച്ചവൻ
നടക്കാൻ തുടങ്ങി,
വൈകുന്നേരങ്ങൾ
അണ്ണന്റെകൂടെ വാതിൽപ്പടിയിൽ
മനുഷ്യരെപ്പോലെ ഇരിക്കാനുള്ള
സൌകര്യത്തിന് കാലിന്നടിയിൽ
ഒളിപ്പിച്ചതാണെന്ന് ആദ്യം കരുതി,
ഉയരക്കുറവിന്റെ അപകർഷതയാണെന്നും,
ആദ്യ ഹിംസയുടെ ദുഃഖമാണെന്നും
വിധിയെഴുത്തുണ്ടായി.
ഒരിക്കൽ,
കാലങ്ങളായി ശല്യപ്പെടുത്തുന്ന
ഈച്ചയെ പിടിക്കുമ്പോലെ,
വാലിന്നറ്റത്തെ വെളുപ്പിനെ
ചവച്ചു തിന്ന് നിറഞ്ഞ ഇരുട്ടായ്
അവൻ വാലുയർത്തി നടന്നു…
കൊടിമരം പോലൊരു കറുത്ത വാൽ!!
കറുമ്പനും കോഴിയും
പറഞ്ഞാൽ അനുസരിക്കാത്ത
അഞ്ച് കോഴികളുണ്ടായിരുന്നു
വത്സമ്മച്ചേച്ചിക്ക്,
അന്തിയായാൽ അതിരിലെ
ആത്തമരത്തിൽ ചേക്കേറും,
കൂടിന്റെ പാരതന്ത്ര്യത്തിൽ
അന്തിയുറങ്ങാൻ മനസ്സില്ലെന്ന്
ഒറ്റശബ്ദത്തിൽ കൊക്കരിക്കും,
കമ്പെടുത്താലും, കല്ലെറിഞ്ഞാലും
മുകളിലെ കൊമ്പുകളിലേക്ക്
ചാടിച്ചാടിക്കയറും,
കളിയാക്കും പോലെ ചിലയ്ക്കും…
ഇവറ്റകളുടെ ഒച്ചയിൽ
മനം മടുക്കുന്ന കറുമ്പൻ
പ്രേമണ്ണന്റെയടുക്കൽ നിന്നും
പതിയെ എഴുന്നേറ്റ്,
അറ്റം ചതഞ്ഞ വാൽ ഉയർത്തിപ്പിടിച്ച്
ആത്തമരത്തിന്റെ ചുവട്ടിൽ വന്ന്
കോഴികളെനോക്കി മുരളും,
ഒന്നാമത്തെ മുരളലിൽ
കോഴികളെല്ലാം താഴെ,
രണ്ടാമത്തെ മുരളലിൽ
കോഴികളെല്ലാം കൂട്ടിൽ…
കറുമ്പൻ പിന്നെയും വാതിൽപ്പടിയിൽ
പഴയതുപോലെ വന്നിരിക്കും…
അനുമോദിക്കും പോലെ
പ്രേമണ്ണൻ അവനെയൊന്ന് തഴുകും…
കറുമ്പൻ പ്ലാവ്
ഒരു ഗാന്ധിജയന്തി ദിവസത്തെ
പത്രത്തിൽ പൊതിഞ്ഞ ചക്കയുമായി
വത്സമ്മച്ചേച്ചി വന്ന ദിവസമാണ്
കറുമ്പൻ സസ്യാഹാരിയായത്.
അക്ഷരമുള്ള കടലാസുകളെല്ലാം
കടിച്ചുകീറിയിരുന്ന കറുമ്പൻ
ഗാന്ധിച്ചിത്രമുള്ള പത്രത്താളിൽ
നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല..
ചക്കമണമുള്ള ഗാന്ധിച്ചിത്രത്തിൽ
മൂക്കുമുട്ടിച്ചുമുട്ടിച്ച് അവനൊരു
ചക്കക്കൊതിയനായി,
എപ്പോൾ ചക്കമുറിച്ചാലും
അവനുള്ള ചുള മാറ്റിവയ്ക്കപ്പെട്ടു,
ഒരു ചക്കക്കാലത്ത്
പ്രേമണ്ണന്റെ പെങ്ങൾ നല്ലതങ്കയുടെ
വീട്ടുമുറ്റത്തെ പ്ലാവിലെ കൂഴച്ചക്കയെ
പക്ഷികളുടെ സൈന്യത്തോടൊപ്പം
ആക്രമിച്ച ദിവസങ്ങളിലൊന്നാണ്
കറുമ്പൻ ചത്തത്,
അവനെ കുഴിച്ചിട്ടിടത്തുനിന്നും
പ്ലാവല്ലാതെ എന്ത് വളർന്നുപൊങ്ങാനാണ്?
അതായിരുന്നു നല്ലതങ്കയുടെ കറുമ്പൻ പ്ലാവ്…
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook