Latest News

കരിക്കോട്ടക്കരി : രാഷ്ട്രീയ ഭാവനകളുടെ പുനർ നിർണയം

ജാതി, അധ്വാനം ഭൂവധികാരം, അധികാരം, പ്രിവില്ലേജ് എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന ആദ്യ നോവലിന് പ്രസക്തിയേറുന്നുവെന്ന് ലേഖകൻ

vinoy thomas, karikkottakkari novel, sabloo thomas

മലയാളത്തിൽ രാഷ്ട്രീയം ഉൾനിറഞ്ഞുനിൽക്കുന്ന നോവലുകളുണ്ടെങ്കിലും വ്യത്യസ്തമായ ഭൂ രാഷ്ട്രീയത്തിന്റെയും ജാതിയുടെയും തൊഴിലിന്റെയും സംയോജിതമായ രാഷ്ട്രീയവും ചരിത്രവും ചിത്രീകരിക്കപ്പെടുന്ന സാഹിത്യ സൃഷ്ടികൾ അപൂർവമായാണ് എഴുതപ്പെടുന്നത്. ഇവിടെയാണ് വിനോയ് തോമസിന്റെ കരിക്കോട്ടക്കരിയെന്ന നോവൽ പ്രസക്തമാകുന്നത്. കൃഷിയും അധ്വാനവും എല്ലാ വിഭാഗത്തിലും ഒരു പോലെ അല്ല പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ നല്ലൊരു ടെക്സ്റ്റാണ് ആ നോവൽ

തൊഴിൽ വിഭജനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ജാതി, അതിൽ അധ്വാനശേഷി കുറഞ്ഞ തൊഴിലിനു ലഭിക്കുന്ന മാന്യത അത് ഉണ്ടാക്കുന്ന സോഷ്യൽ ക്യാപിറ്റൽ എന്നിവയൊക്ക രൂപെപ്പടുന്ന ഒരു വിശാലമായ കോൺടെക്സ്റ്റിൽ ഈ നോവൽ ചർച്ച ചെയ്യാനുള്ള ഒരു ശ്രമമാണ് ഇത്. അധികാരത്തിൽ കുടുംബത്തിന്റെ അധീനതയിലുള്ള മാലോത്തു ദേശത്തെ എസ്റ്റേറ്റിലെ കൃഷിയും അധ്വാനവും പുലയരുടെ കനാൻ ദേശമെന്ന് വിളിക്കപ്പെടുന്ന കരിക്കോട്ടക്കരിയെന്ന പരിവർത്തിത ക്രൈസ്തവ ഗ്രാമത്തിലെ അധ്വാനവും കൃഷിയും ഒരുപോലെ അല്ലെന്ന് ആ കൃതി കൃത്യമായി അടയാളപ്പെടുത്തുന്നു. ഈ ഒരു ക്യാൻവാസിൽ ചർച്ച ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു കാര്യം ഒരാളുടെ തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം അയാളുടെ വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിപരവും സാമൂഹികവുമായ മികവിനെ മാത്രം അടിസ്ഥാനമാക്കിയാണോ എന്ന ചോദ്യം കൂടിയാണ്. മാമോദിസ ദിവസമാണ് ബന്ധുക്കളും നാട്ടുകാരും കറുത്തവനായ ഇറാണിമോസിനെ കാണുന്നത്. അവർ രഹസ്യമായി പിറുപിറുക്കുന്ന അയ്യേ ഇതൊരു കരിക്കോട്ടക്കരിക്കാരനാണല്ലോ എന്നതിൽ തുടങ്ങി കറുപ്പിന്റെയും അധ്വാനത്തിന്റെയും ജാതിയുടെയും മറ്റും പരസ്പരം തിരിച്ചറിയാൻ കഴിയാത്ത വിധം ഇഴ ചേർന്ന സമസ്യകളിലൂടെ വികസിക്കുന്നതാണ് നോവലിന്റെ അനുഭവ പരിസരം.

vinoy thomas, sabloothomas, karikkottakkari

ഒരാളുടെ വിദ്യാഭ്യാസ അവസരത്തിന് അയാളുടെ സാമുഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളുമായി ബന്ധമുണ്ട്. നോവലിൽ കരിക്കോട്ടക്കരിക്കാരനായ സെബാൻ നന്നായി ഇംഗ്ലീഷ് പറയാൻ കഴിയണമെന്ന ആഗ്രഹത്തിൽ ഡിഗ്രിക്ക് ഇംഗ്ലീഷിന് ചേരുന്നു. എന്നാൽ ഇംഗ്ലീഷ് പഠിച്ചത് കൊണ്ട് മാത്രം നന്നായി സംസാരിക്കാൻ കഴിയണമെന്നില്ല എന്ന് അദ്ദേഹം മനസിലാക്കുന്നു.അതിനു വേറെയും സാമൂഹിക സാഹചര്യങ്ങൾ ആവശ്യമായി വരും.ആ സാഹചര്യങ്ങൾ എന്താണ് എന്ന ആലോചനയിൽ മനസിലാവും സോഷ്യൽ ക്യാപിറ്റലും വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അഭേദ്യമായ ബന്ധം. നോവലിൽ, ചേരമാൻ ചാഞ്ചൻ അടിമയാവാൻ താല്പര്യമില്ലാത്തത് കൊണ്ട് വീട് വിട്ടുന്നു. ഓടിയോടി പറവൂരിൽ എത്തുന്ന അദ്ദേഹം അയ്യപ്പൻ എന്ന ചോകോന്റെ വീടിന്റെ അടുക്കള ഭാഗത്തു തളർന്നു വീഴുന്നു. ചാഞ്ചനു കുടിക്കാന്‍ കഞ്ഞിയും കിടക്കാൻ ഇടവും കൊടുത്ത നാട്ടുകാര്‍ സഹോദരൻ എന്ന് വിളിക്കുന്ന അയ്യപ്പൻ ചാഞ്ചനെ എഴുത്തും വായനയും പഠിപ്പിക്കുക മാത്രമല്ല. കൊച്ചിയിൽ നിന്ന് പറവൂരിലേക്ക് അഞ്ചലോട്ടക്കാരന്റെ ജോലിയും വാങ്ങിക്കൊടുക്കുന്നു. എന്നാൽ വിദ്യാഭ്യാസമോ തൊഴിലോ അയാൾക്ക് മാന്യത ഉറപ്പാക്കുന്നില്ല.

Read More : പ്രതീക്ഷയുടേതാണ് ഈ കഥാകാലം, വായനക്കാരൻ എഴുതുന്നു

ഇവിടെയാണ് സോഷ്യൽ ക്യാപിറ്റൽ എന്നത് ഇത്തരം വ്യക്തിപരമായ തിരഞ്ഞെടുപ്പിൽ മാത്രം അധിഷ്‌ഠിതമായി നിർണയിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയല്ല ഈ നാട്ടിലുള്ളത് എന്ന ബോധ്യം ഉണ്ടാവേണ്ടത്. കാരണം ആ അഞ്ചലോട്ടക്കാരനു ജാതീയ അസമത്വം നിലനിന്ന ആ കാലഘട്ടത്തിൽ മേൽജാതിക്കാരെ കണ്ടാൽ കാട്ടിൽ ഒളിക്കേണ്ടി വന്നിരുന്നു. അങ്ങനെ ഒളിച്ചു നിന്ന ചാഞ്ചനെ ഒരിക്കൽ നിക്കോളാസ് അച്ഛൻ കണ്ടുമുട്ടുന്നു.പട്ടിക്കും പൂച്ചയ്ക്കും ക്രിസ്ത്യാനിയ്ക്കും ഏതു വഴിക്കും നടക്കാം, എന്ന് പറഞ്ഞു അച്ചൻ വെന്തിങ്ങ കഴുത്തിലിട്ടു കൊടുക്കുന്നു.എന്നാൽ ക്രിസ്ത്യാനിയായത് കൊണ്ട് മാത്രം ആ അസമത്വം മാറുന്നില്ല എന്ന് ആധുനിക കാലത്തും കരിക്കോട്ടക്കരിക്കാരൻ എന്ന് മാത്രം മനസിലാക്കപ്പെടുന്ന സെബാന്റെയും മറ്റും അനുഭവം ഓർമ്മിപ്പിക്കുന്നു.

vinoy thomas, dalit politics, karikkottakkari, sabloo thomas,

നോവലിൽ ഭൂമിക്ക് മേൽ അധ്വാനപരമായ ബന്ധം ഉണ്ടായിട്ടും ഭൂ ഉടമകൾ അല്ലാത്ത അധികാരത്തിൽ കുടുംബത്തിന്റെ തോട്ടത്തിലെ ജീവനക്കാരായ തൊഴിലാളികൾ,അത്തരം അധ്വാനപരമായ ബന്ധമില്ലാത്ത അധികാരത്തിൽ കുടുംബത്തിനുള്ള ഭൂ ഉടമസ്ഥത, അത് തരുന്ന സോഷ്യൽ ക്യാപിറ്റൽ,ഇത്തരം ഭൂ ഉടമസ്ഥതയുണ്ടായിട്ടും സോഷ്യൽ ക്യാപിറ്റൽ ഇല്ലാതെ പോവുന്ന കരിക്കോട്ടക്കരിക്കാർ. ഹൈറാർക്കിക്കലായി കൂടുതൽ മെച്ചപ്പെട്ട തൊഴിലും വിദ്യാഭ്യാസവും ഉണ്ടായിരുന്നിട്ടും സോഷ്യൽ ക്യാപിറ്റൽ ഇല്ലാതെ പോവുന്ന ചാഞ്ചൻ. അധ്വാനപരമായ തരം തിരിവുകളും ജാതി ബന്ധങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന് ഇവരൊക്കെ അടയാളങ്ങളാണ്.
അധ്വാനത്തെയും വിശ്രമത്തെയും പറ്റി കാഞ്ച ഐലയ്യ പറഞ്ഞത് ഇവിടെ ഓർക്കുന്നു. ജീവിതം അധ്വാനമാണ് എന്ന തത്വത്തെ അസാധുവാക്കി ജീവിതം വിശ്രമമാണ് എന്ന വിശ്വാസമാണ് സ്വർണ്ണപ്പണിയും മരപ്പണിയുമൊക്കെ ചെയ്യുന്നവരുടെ കലകളും ശാസ്ത്രങ്ങളും ജ്ഞാന വ്യവസ്ഥകളും അസാധുവാക്കി, ജ്ഞാന വ്യവസ്ഥക്കൾ എന്ന് പറയാൻ കഴിയാത്ത മന്ത്രം, പൂജ,തപസ്യ എന്നിവയ്ക്കെല്ലാം സാധുത നൽകിയത്.”എന്നാണ് കാഞ്ച ഐലയ്യയുടെ നീരീക്ഷണം. ഉത്‌പാദനത്തെ വിലകുറച്ചു തള്ളുകയും വിശ്രമത്തെ അധ്വാന പ്രക്രിയയ്ക്ക് മീതെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക ശാസ്ത്രം രൂപപ്പെടുത്തുന്ന സോഷ്യൽ ക്യാപിറ്റൽ അതിൽ നിന്നും വ്യക്തമാകുന്നുണ്ട്. ജാതിയുടെ ഉൻമൂലനം എന്ന തന്റെ ശ്രദ്ധമായ ലേഖനത്തിൽ അംബേദ്‌കർ പറയുന്നു:

ഒരു വ്യക്തിയുടെ തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ പ്രാമുഖ്യം നൽക്കേണ്ടത് അയാളുടെ സാമൂഹികവും വ്യക്തിപരവുമായ മികവിനാണ്.എന്നാൽ മാതാപിതാക്കളുടെ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ തിരഞ്ഞെടുപ്പിലൂടെ ജാതി വ്യവസ്ഥ ഈ തത്വത്തെയാണ് അട്ടിമറിച്ചത്. ജാതീയത എന്നത് തൊഴില്‍ വിഭജനം മാത്രമല്ലെന്നും അത് ഒരു തൊഴിലാളി വിഭജനം കൂടിയാണ് എന്നും വ്യക്തമാക്കുന്ന അംബേദ്‌കർ ആധുനിക സമൂഹത്തില്‍ തൊഴില്‍ വിഭജനം വേണം എന്ന വാദത്തെ അംഗീകരിക്കുമ്പോഴും ഒരു പരിഷ്കൃത സമൂഹത്തിലും തൊഴില്‍ വിഭജനത്തോടൊപ്പം തൊഴിലാളികളെ വായുകേറാത്ത അറകളില്‍ വിഭജിച്ച് നിർത്തുന്നില്ലായെന്നും അത് കൊണ്ട് ജാതി എന്നത് തൊഴില്‍ വിഭജനത്തിനപ്പുറം തൊഴിലാളികളെ വിവിധ തട്ടുകളിലാക്കി തരം തിരിക്കുന്ന അധികാരശ്രേണി കൂടിയാണ് എന്നും വ്യക്തമാക്കുന്നു.

“ഞാൻ വർഗീയ വാദിയാണ്” എന്ന ലേഖനത്തിൽ പി കെ ബാലകൃഷ്ണനും അധ്വാനവും ജാതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ സാമാന്യമായ ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന ഒരു പ്രഥമിക സത്യമുണ്ട്. ജോലിവിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുതരം ജാതിക്രമം ഏറിയുംകുറഞ്ഞും സ്പഷ്ടമായ രൂപത്തില്‍ ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. സാമൂഹിക പരിണാമത്തിന്റെ ആ ഒരു ഘട്ടം കടക്കാതെ മുമ്പോട്ട് നീങ്ങിയ ഒരു സംസ്‌കാരവിശേഷമോ, സമൂഹമോ ചരിത്രത്തിലില്ല. എന്നാല്‍, ഇന്ത്യ ഒഴിച്ച് ലോകത്തില്‍ മറ്റെല്ലായിടത്തും തൊഴില്‍വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാകൃത ജാതി വ്യവസ്ഥിതിയെ ചരിത്ര വസ്തുതയാക്കി പുറന്തള്ളികൊണ്ട് പുതിയ രൂപങ്ങളിലേക്ക് വളര്‍ന്നു. ആ വളര്‍ച്ച സാമൂഹിക പരിണാമത്തിന്റെ സാമാന്യഗതി മാത്രമാണുതാനും. ഇന്ത്യയില്‍ പക്ഷെ അതുണ്ടായില്ല. ”

vinoy thomas, karikkottakkari, novelist,

ഇന്ത്യയില്‍ റെയില്‍വേ നടപ്പാക്കുന്ന കാലത്ത് ജാതി ഇല്ലാതെയാവുമെന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണിലെ തന്റെ ലേഖനത്തിൽ കാറൽ മാര്‍ക്‌സ് നിരീക്ഷിച്ചിരുന്നു. റെയിൽവേ ഇന്ത്യയില്‍ മുതലാളിത്ത വ്യവസായത്തിന് അടിത്തറപാകുമെന്നും അത് കൊണ്ട് തന്നെ സ്വാഭാവികമായി കാലങ്ങളായി ജാതി നിലനിന്നു പോന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളുടെ തകര്‍ച്ചയ്ക്ക് അത് കാരണമാകുമെന്നും മാർക്സ് നീരീക്ഷിച്ചിരുന്നു. എന്നാൽ വ്യവസായത്തിന്റെ വളർച്ചയിൽ ഇന്ത്യയിൽ ജാതി അവസാനിപ്പിച്ചില്ല എന്നാണ് പിൽക്കാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ദളിത് രാഷ്ട്രീയ -മാർക്സിസ്റ്റ് ഐക്യത്തെ കുറിച്ചുള്ള ആനന്ദ് തെല്തുംബ്ടെയുടെ ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത് എന്ന ലേഖനത്തിനുള്ള മറുപടിയിൽ ഗെയിൽ ഓംവേദ് അത് എന്ത് കൊണ്ട് സംഭിവിക്കുന്നില്ല എന്ന് ചൂണ്ടി കാട്ടിയിരുന്നു. ആനന്ദ് തന്നെ ചൂണ്ടികാട്ടുന്ന മുംബയിലെ തുണിമിൽ സമരം ഉദാഹരിച്ചാണ് അത്. ആ സമരത്തിൽ കമ്മ്യൂണിസ്റ്റുകൾ മുന്നോട്ട് വെച്ച ഒരു ആശയം വേതനത്തിൽ കൊണ്ട് വന്ന വെട്ടി ചുരുക്കൽ അവസാനിപ്പിക്കുക, 10 മണിക്കൂറായി തൊഴിൽ സമയം വർധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നിവയൊക്കെയായിരുന്നു. ആ സമരത്തോട് സഹകരിക്കാൻ അംബേദ്‌കർ വെച്ച ഒരു നിബന്ധന കൂടുതൽ വേതനമുള്ള നെയ്ത്തു വിഭാഗത്തിൽ ദളിതർക്ക് തൊഴിൽ നിഷേധിക്കുന്നത് അവസാനിപ്പിക്കുന്നതും സമര അജണ്ടയിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു.നെയ്തുവിഭാഗത്തിൽ തൊഴിൽ നൽക്കാൻ വിസമ്മതിക്കപ്പെട്ടതിന്റെ ഒരു കാരണം നൂൽ നൂൽക്കുമ്പോൾ പലപ്പോഴും അത് പൊട്ടി പോയിരുന്നു. അത് കൂട്ടിക്കെട്ടാൻ പല്ല് കൊണ്ട് അത് കൂട്ടി പിടിക്കേണ്ടി വന്നിരുന്നു. അത് കൊണ്ട് തന്നെ ദളിതരുമായി ഒരുമിച്ച് ഈ തൊഴിൽ ചെയ്യാൻ സവർണർ വിസമ്മതിച്ചു. നെയ്തു വിഭാഗത്തിൽ ദളിതർക്കും ജോലി കൊടുക്കണമെന്ന ആവശ്യം ഉൾപ്പെടുത്തിയപ്പോൾ മാത്രമാണ് അംബേദ്‌കർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.അതായത് വ്യവസായ വികസനം കൊണ്ട് സ്വാഭാവികമായി ജാതി അവസാനിക്കില്ലെന്നും തൊഴിൽ തിരഞ്ഞെടുപ്പിന്റെ പ്രശ്നം അഡ്രസ്സ് ചെയ്താൽ മാത്രമേ ജാതിയില്ലാതെയാവൂവെന്നും ഇത് സൂചിപ്പിക്കുന്നു.തൊഴിൽ തിരഞ്ഞെടുപ്പിന്റെ വ്യക്തിപരമായ അവകാശം ഉറപ്പിക്കൽ കൂടിയാണ് ജാതിയുടെ ഉൻമൂലനം സാധ്യമാക്കുന്നത്. ജാതിയെ വർഗം മാത്രമായി മനസിലാക്കിയവർക്ക് അതിന്റെ ഒരു വലയിത (enclosed)സ്വഭാവം മനസ്സിലായിരുന്നില്ല. അത് കൊണ്ടാണ് അംബേദ്കര്‍ ജാതി ഒരു വലയിത വര്‍ഗ്ഗമാണ് എന്നു പറഞ്ഞത്.ഇന്ത്യയിലെ ജാതികള്‍: യാന്ത്രികപ്രവര്‍ത്തനം ഉത്പത്തിവികാസം എന്ന ലേഖനത്തിൽ അംബേഡ്കര്‍ ഇങ്ങനെ പറയുന്നു:

“ഹിന്ദു സമൂഹത്തില്‍ മറ്റു സമൂഹങ്ങളിലെ പോലെ വിവിധ വര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊളളുന്നു. (1) ബ്രാഹ്മണര്‍ അഥവാ പുരോഹിത വര്‍ഗ്ഗം; (2) ക്ഷത്രി യര്‍ അഥവാ സൈനിക വര്‍ഗ്ഗം; (3) വൈ ശ്യര്‍ അഥവാ വാണിജ്യ വര്‍ഗ്ഗം; (4) ശൂദ്രര്‍ അഥവാ കൈത്തൊഴില്‍ പണിക്കാരുടെയും വീടുപണിക്കാരുടെയും വര്‍ഗ്ഗം. ഇത് അനിവാര്യമായും ഒരു വര്‍ഗ്ഗ പദ്ധതിയാണെന്നത് പ്രത്യാകം ശ്രദ്ധേയമാണ്. ഇതില്‍ വ്യക്തികള്‍ക്ക് യോഗ്യത നേടുന്നതിനനുസരിച്ച് വര്‍ഗ്ഗ മാറ്റം നടത്താന്‍ കഴിയുമായിരുന്നു. ഇതിനാല്‍ വര്‍ഗ്ഗങ്ങള്‍ അവരുടെ തൊഴിലിനു മാറ്റം വരുത്തിയിരുന്നു. ഹൈന്ദവ ചരിത്രത്തിലെ ചില ഘട്ടങ്ങളില്‍ പുരോഹിത വര്‍ഗ്ഗം മറ്റുളളവരില്‍ നിന്ന് സ്വയം വിട്ടുമാറു കയും അടച്ചു പൂട്ടിയ ഒരു നയത്തിലൂടെ ഒരു ജാതിയായി സ്വയം മാറു കയും ചെയ്തു. മറ്റു വര്‍ഗ്ഗങ്ങള്‍ സാമൂഹികമായ പ്രവൃത്തി വിഭജന നിയമത്തിനു വിധേയരായി ചെറുതും വലുതുമായ സംഘടനകളായി വേര്‍പിരിഞ്ഞു. വൈശ്യരും ശൂദ്രരുമായിരുന്നു അവികസിതമായ മൂലദ്രവ്യം. അവരില്‍ നിന്നാണ് ഇന്നത്തെ വിവിധ ജാതികള്‍ ഉരുത്തിരിഞ്ഞത്. സൈനികവൃത്തി തീരെ ചെറിയ ഉപവിഭജനത്തിന് വഴങ്ങാത്തതിനാല്‍ ക്ഷത്രിയ വര്‍ഗ്ഗം സൈനികരായും ഭരണകര്‍ത്താക്കളായും വേറിട്ടു നിന്നു. ഒരു സമൂഹത്തിന്റെ ഉപവിഭജനം തികച്ചും സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ ഫലമായി വര്‍ഗ്ഗങ്ങളുടെ ഉദാരമായ വിവൃത സ്വഭാവം നഷ്ടപ്പെടുകയും അവ ജാതികളെന്നും വിളിക്കപ്പെടുന്ന സ്വയം വലയിത വിഭാഗങ്ങളായി ചുരുങ്ങുകയും ചെയ്യുന്നു, എന്ന് അംബേദ്‌കർ പറയുന്നു.

Read More :  വിനോയ് തോമസ് എഴുതുന്നു ഞങ്ങള്‍ പഠിക്കുകയാണ്

അതായത് ജാതി രൂപീകരണത്തിൽ അധ്വാനത്തിനു മുകളില്‍ വംശീയത കൂടി പ്രവർത്തിച്ചിരുന്നു. ഈ വംശീയതയാണ് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം സാധ്യമല്ലാത്ത വാട്ടർ ടൈറ്റ് കമ്പാർട്ട്മെന്റുകളിലായി ജാതിയെ നിലനിർത്തുന്ന പാരമ്പര്യ നിയമങ്ങൾ വഴി ജാതിയ്ക്ക് ഒരു വലയിത സ്വഭാവം നൽകിയത്.ഈ വലയിത സ്വഭാവത്തെ അഡ്രസ്സ് ചെയ്യാതെ ജാതി ഉൻമൂലനം സാധ്യമാവില്ലായെന്നു അദ്ദേഹം കരുതി.

നോവലിലേക്ക് വരാം. കൃഷി ചെയ്തത് കൊണ്ട് വംശീയമായി അടയാളങ്ങളുടെ പേരിലുള്ള അവഗണനകള്‍ അവസാനിക്കാത്ത കരിക്കോട്ടക്കരി എന്ന ഒരിടം.കോളജില്‍ പഠിക്കുന്ന കറുത്ത നിറമുള്ള കുട്ടികളോട്‌ കരിക്കോട്ടക്കരിക്കാരനാണല്ലേ, എന്ന ചോദ്യം. തിരുവിതാംകൂറില്‍നിന്നു പുലയരെ കരിക്കോട്ടക്കരിയിലേക്ക്‌ കൊണ്ടുവന്നു കൃഷിക്കാരാക്കിയ വിദേശ മിഷനറിയായ നിക്കോളാസച്ചനു പക്ഷെ അവർക്ക് നേരെയുള്ള ജാതീയമായ അഹേളനം ഇല്ലാതെയാക്കാൻ കഴിയുന്നുമില്ല.ഭൂവധി കാര രാഷ്ട്രീയത്തിൽ ഇങ്ങനെ പുറംതള്ളപ്പെട്ടുന്ന ചിലർക്ക് വിഭവാധികാര പ്രക്രിയയിലും പങ്കില്ലാതെ പോവുന്നു.ഭൂമിക്ക് മേൽ അധ്വാനപരമായ ബന്ധമുണ്ടായിട്ടും കുടികിടപ്പിനല്ലാതെ,ഭൂഉടമസ്ഥതയ്ക്ക് ദളിതരെ അർഹരാക്കാത്ത പാരമ്പര്യ നിയമങ്ങൾ എത്ര മാത്രം ജനവിരുദ്ധമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു.

vinoy thomas, sabloot thomas, karikkottakkari,

അധികാരത്തിൽ തറവാടിന്റെ എസ്റ്റേറ്റിൽ പുതിയ കൊടി നാട്ടി അധികാരത്തിന്റെ മലക്കം മറിച്ചിലുകൾ സൃഷ്‌ടിയ്ക്കുന്ന ബിന്ദുവിന്റെ നേതൃത്വത്തിലെ സംഘം, അവരിൽ ഒരാളായി ഇറാനിമോസിന്റെ ഭാവ പകർച്ച എല്ലാം നവ രാഷ്ട്രീയ ബോധ്യത്തിന്റെ സൂചനയാണ്. ജന്മംകൊണ്ടും ജീവിതം കൊണ്ടും പുലയരായവരുടെ മാത്രമല്ല ഉപേക്ഷിക്കപ്പെട്ടവരുടെ, അനാഥരാക്കപ്പെട്ടവരുടെ, വിവേചിക്കപ്പെട്ടവരുടെ വേദനിക്കുന്നവരുടെ പ്രസ്ഥാനമാണ് എന്ന ബിന്ദുവിന്റെ ക്ഷണം. ഞാനിനി മാലോത്തു തന്നെയുണ്ടാകും. ക്രിസ്ത്യാനിയായല്ല, പുലയനായി എന്ന ഇറാനിമോസിന്റെ പ്രഖ്യാപനം എല്ലാം ഭുവധികാരത്തെ അധ്വാനവുമായി സമന്വയിപ്പിക്കുന്ന നവ രാഷ്ട്രീയത്തിന്റെ സൂചന നല്കുന്നു.ജാതിയുടെ വലയിതാ സ്വഭാവത്തെ മറികടക്കുന്ന ഒരു ശ്രമം കൂടി ബിന്ദുവിന്റേയും ഇറാനിമോസിന്റെയുംഈ പ്രഖ്യാപങ്ങളിൽ ഉണ്ട്. അംബേദ്കറുടെ ജാതി ഉൻമൂലനം എന്ന ലേഖനത്തിലേക്ക് മടങ്ങി വരാം. അദ്ദേഹം ഒരു തൊഴിൽ വിഭജന രീതിയെന്ന രീതിയില്‍ ജാതി വ്യവസ്ഥയുടെ ഏറ്റവും വലിയ ന്യൂനതയായി കണ്ടത്, താല്‍പര്യങ്ങള്‍ അനുസരിച്ചുള്ള തൊഴില്‍ തിരഞ്ഞെടുപ്പിനെ അത് നിരാകരിക്കുന്നു എന്നതാണ്. വ്യക്തിപരമായ മുന്‍ഗണനകള്‍ക്കു അതില്‍ ഇടമില്ലായെന്നതാണ്. ഇവിടെയാണ് വ്യക്തിപരമായ ഒരു സ്വയം തിരഞ്ഞെടുപ്പായി കൃഷിയെ തിരഞ്ഞെടുക്കുന്ന ബിന്ദുവിന്റെയും കൂട്ടാളികളുടെയും മാർഗം ഒരു ആശയം എന്ന രീതിയിൽ പ്രസക്തമാവുന്നത്.

Read More : രാത്രിയുടെ അവകാശികള്‍

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Karikkottakari novel land politics caste vinoy thomas sabloo thomas

Next Story
ആത്മബാധകൾbalachandran chullikkad, viju v nayarangadi, malayalam poet,
The moderation of comments is automated and not cleared manually by malayalam.indianexpress.com