വെള്ളത്തിൽ നിന്ന് അത് തലപുറത്തേക്കിട്ടു ചുറ്റിലും നോക്കി, എന്നിട്ട് ചളിയിലേക്കിറങ്ങി പതിയെ നീങ്ങി. അയാൾ ഏറെ നേരമായി ഈ വരവ് പ്രതീക്ഷിച്ചിരിപ്പായിരുന്നു. ഒളിഞ്ഞു കാത്തിരുന്നതിന്റെ മടുപ്പു കുടഞ്ഞു കളഞ്ഞ സന്തോഷത്തിൽ അയാൾ ഒന്നനങ്ങി. നിലത്തു വച്ച പ്ലാസ്റ്റിക് ചാക്ക് കാൽവിരൽ കൊണ്ട് ഇറുക്കിയെടുത്തു. അപ്പോഴേക്കും ചളി അവസാനിക്കുന്ന ഈർപ്പം കുറഞ്ഞ മണലിലേക്കു അത് ഇഴഞ്ഞോ നടന്നോ നീങ്ങിയിരുന്നു. കാലിൽ ചെറുമുള്ളു കൊണ്ടത് കാര്യമാക്കാതെ അയാൾ അതിന്റെ പിറകെ ഇരപിടിയന്റെ അത്യാഹ്ളാദത്തോടെ നീങ്ങി.

മണൽ പരപ്പിലെ വള്ളി പടർപ്പിലേക്കാണത് പോകുന്നത്. കുറച്ചുകൂടി അടുത്തപ്പോഴാണ്, താൻ പ്രതീഷിച്ചതിനേക്കാൾ വലുപ്പം ഉണ്ടെന്നു അയാൾക്ക്‌ മനസിലായത്. സഞ്ചി കൈയിൽ മുറുക്കിപിടിച്ചു അയാൾ കണ്ടൽ ചതുപ്പിലേക്കു കാൽവെച്ചു. മഞ്ഞകലർന്ന പച്ച ഇലകൾ ധാരാളം അവിടെ വീണു കിടപ്പുണ്ടായിരുന്നു. ചളിയിൽ അതിന്റെ കാല്പാദം പതിഞ്ഞ അടയാളത്തിൽ ചവുട്ടി അയാൾ അനായാസം പിന്തുടർന്നു. വള്ളിപ്പരപ്പിലെ പൂക്കൾക്കിടയിലേക്കു ആ സാധു ജീവി നീങ്ങിത്തുടങ്ങിയതും അയാൾ ഒരു കിതപ്പോടെ അതിന്റെ മേലെ ചാടി വീഴാൻ നോക്കി. അത് അനങ്ങാതെ നിന്നതേ ഉള്ളു… അയാളുടെ വിയർപ്പു മണത്തപ്പോൾ അതിന് അപകടം പിടികിട്ടി. പേടിയോടെ തല ഉള്ളിലേക്ക് വലിച്ചു. അയാൾ അപ്പോഴേക്കും അതിന്റെ പുറംതോടിനു മുകളിൽ അമർത്തി ചവിട്ടി പിടിച്ചിരുന്നു.

കുനിഞ്ഞുനിന്നു ഒരു തേങ്ങ എടുക്കുന്ന ലാഘവത്തോടെ അയാൾ അതിനെ പിടിച്ചു പ്ലാസ്റ്റിക് സഞ്ചിയിലേക്കിട്ടു. അപ്പോൾ മാത്രം വള്ളിപൂക്കൾ കാറ്റിൽ ഒന്നിളകി. കാറ്റിനെ അതിന്റെ വഴിക്കു വിട്ടു, മുമ്പ് ഒളിഞ്ഞു നിന്ന മരത്തിന്റെ ചുവട്ടിലേക്ക് അയാൾ ചെന്നു. അവിടെ ഇരുന്നു കാലിൽ കൊണ്ട മുള്ളു എടുക്കാൻ തുടങ്ങിയപ്പോൾ, തോളിൽ ഒരു പിടി വീണു.

“എന്താടാ ഇവിടെ ?”
അയാൾ തിരിഞ്ഞു നോക്കിയതും അടുത്ത ചോദ്യം വന്നു.
“സഞ്ചിയിൽ എന്താടാ?”
അയാൾ കൂസലില്ലാതെ സഞ്ചി തുറന്നു കാണിച്ചു കൊടുത്തു. ഒരു കറുത്ത തോട് മാത്രമാണ് പോലീസുകാരൻ കണ്ടത്.

“നിനക്കും അതിനും ഒരേ നിറമാണലോടാ…”
ചേറു മണത്തതിന്റെ ദേഷ്യത്തിൽ പോലീസുകാരൻ അയാളുടെ മുഖത്തടിക്കാൻ കൈ ഓങ്ങി.

കുറ്റിചെടികളും ഒറ്റപെട്ടു നിൽക്കുന്ന മരങ്ങളും കടന്നു ചെന്നാൽ കാണാവുന്ന പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിർത്തിയിട്ട ജീപ്പിനരികിലേക്കു പോലീസുകാരൻ അയാളെ നടത്തിച്ചു. അവിടെ കാത്തുനിന്ന മറ്റൊരു പോലീസുകാരൻ, കുറെ നാളുകൾക്കു ശേഷം കാണുന്ന ഒരു പരിചയക്കാരനോടെന്ന പോലെ അയാളോട് ചോദിച്ചു, “സഞ്ചിയിൽ എന്താ?”

“കാരാമ.”

vinod krishna, karama
പറഞ്ഞു തീരുംമുമ്പേ പിരടിക്കു അടിവീണു. ജീപ്പിനുള്ളിൽ കയറിയിരുന്നിട്ടും അയാൾക്കതിന്റെ നീറ്റൽ മാറിയില്ല. ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തിയതും ഇരുട്ടു വീണിരുന്നു. ആദിമ മനുഷ്യന്റെ അമ്പരപ്പോടെയാണ് ഇരയെ പൊതിഞ്ഞു വച്ച സഞ്ചിയുമായി അയാൾ അകത്തു കടന്നത്. അവിടെ കൈയാമം വെച്ച മൂന്ന് പേരുണ്ടായിരുന്നു. നാട്ടുമണ്ണിൽ കുഴഞ്ഞ മുഖം ആയിരുന്നു അവർക്ക്. കുറേദിവസമായി ഉണ്ടിട്ടും ഉറങ്ങിയിട്ടും എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകുമായിരുന്നു. ആ യുവാക്കളുടെ ചുമലുകൾ ഇടിഞ്ഞാണിരുന്നത്.

അയാളെ കണ്ടപാടെ എസ് ഐ ചോദിച്ചു “എന്താടാ നിന്റെ പേര്?”

“കാരാമ.”

ഏതോ ഓർമയിൽ നിന്നു പുറത്തുകടക്കും മുമ്പ് അയാൾ പറഞ്ഞുപോയി. ഇതുകേട്ട് യൂണിഫോം അണിഞ്ഞ സകലരും ചിരിച്ചു. കൈയാമം വച്ച പ്രതികൾ തല കുനിച്ചുനിന്നതേ ഉള്ളു. അയാൾ പക്ഷെ അപമാനിതനായി എല്ലാവരെയും മാറിമാറി നോക്കി. അയാളുടെ നിസഹായത സഹിക്കാനാവാതെ എസ്ഐ ഒരു തൊഴി വെച്ചു കൊടുത്തു. സഞ്ചിയിൽ നിന്ന് കാരാമ തെറിച്ചു പോയി. രണ്ടും ഒരു മൂലയിൽ ചെന്നു വീണു.

“നല്ല മുഴുത്തതാണല്ലോടാ… വിൽക്കാൻ പിടിച്ചതാണോ അതോ ചുട്ടുതിന്നാനോ?”

അയാൾ ബീഡി കറ പുരണ്ട പല്ല് വെളിയിൽ കാണിക്കാതെ എന്തോ പറയാൻ പാടുപെട്ടു.

“എടുക്കടാ അതിനെ …” എസ് ഐ അലറി. മറ്റു പ്രതികളും കിടുങ്ങി പോയി. മെലിഞ്ഞ ശരീരത്തിന് ഒട്ടും ചേരുന്ന ശബ്ദമായിരുന്നില്ല എസ്ഐയുടേത്.

ആജഞ പ്രകാരം അയാൾ കാരാമയെ മേശമേൽ വച്ചു. കാരാമ ചത്തത് പോലെ കിടന്നതേയുള്ളു.

“ഇതു ആണാണോ?”

“അല്ല… സാറെ”

“അതെങ്ങനെ മനസിലായി?”

“പെണ്ണാമക്ക് മുഴുപ്പ് കൂടുതലാവും”

“അതു ശരി… ഇവന്മാരെ കണ്ടോ, പെണ്ണിനെ പിടിചോണ്ടു പോയതിന്റെയാ ഇപ്പോ അനുഭവിക്കുന്നത്… നീയും തൂങ്ങും.”

vinod krishna, karama

അയാളുടെ നെഞ്ച് വിയർത്തു. പുറത്തേക്കു വരാൻ സാധിക്കാത്ത വാക്കുകൾ അയാളെ ശ്വാസം മുട്ടിക്കാൻ തുടങ്ങി.

“ഏതു നശിച്ച നേരത്താണ് അതിനെ പിടിക്കാൻ തോന്നിയത്.”

അയാൾ അവിടുത്തെ നരച്ച ചുമരുകളിൽ നോക്കിയിരുന്നു ആധി പെരുപ്പിച്ചു.  എസ് ഐ സീറ്റിൽ പോയി ഇരുന്നു. പുറത്തു ഇരുട്ടിനു കട്ടി കൂടി തുടങ്ങിയിരുന്നു. ഗ്രാമീണ വെളിച്ചം ഉറക്കം കെടുത്തിയ ചില പക്ഷികളുടെ കരച്ചിൽ പുറത്തു നിന്ന് ആ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് വന്നു. അയാൾ മാത്രമേ ആ കിളികളുടെ ശബ്ദം കാതോർത്തിരുന്നുള്ളു. പുറത്തേക്കു പോയ ജീപ്പ് അല്പം കഴിഞ്ഞാണ് എത്തിയത്. അതുവരെ പോലീസുകാർ മറ്റെന്തോ പണികളിൽ ആയിരുന്നു. ഇരുന്നു മടുത്തുറങ്ങിപ്പോയ അയാൾ, ലാത്തികൊണ്ട് ഒരു കുത്തു കിട്ടിയപ്പോളാണ്, അത് കണ്ടത്. കാരാമ മേശക്കു താഴെ നിന്ന് തന്റെ നേരെ തലനീട്ടുന്നു. അതൊരു അപശകുനം പോലെ അയാൾക്ക്‌ തോന്നി.

“എഴുന്നെൽക്കട…”

പോലീസുകാരൻ വീണ്ടും ലാത്തികൊണ്ട് മുതുകിൽ കുത്തി. പോലീസുകാരുടെ വിയർപ്പുവാട മണക്കുന്ന ചുമരിൽ കൈപ്പത്തി കൊണ്ടമർത്തി അയാൾ എഴുന്നുനിന്നു.
“തൊണ്ടിമുതൽ എടുക്ക് ”
അയാൾ അനുസരിച്ചു. ഇപ്പോൾ കാരാമക്കു അല്പം കൂടി കനം വെച്ചതായി അയാൾക്ക്‌ തോന്നി.

മറ്റു മൂന്ന് പ്രതികൾക്കൊപ്പം അയാളെയും ജീപ്പിൽ കയറ്റി. രാത്രി ഡ്യൂട്ടിക്ക് വന്ന പോലീസുകാരും എസ്ഐയും വണ്ടിയിൽ കയറി. നാട്ടു വഴിയിലൂടെ ജീപ്പ് മുന്നോട്ടു പോകുമ്പോൾ, മലയുടെ കറുപ്പ് കണ്ടു അയാൾക്ക്‌ പേടി തോന്നി. ജീപ്പ് ചെന്നു നിന്നത് ഒരു അണ്ടർ പാസ്സിനടുത്താണ്.

തെളിവെടുപ്പിന് കൊണ്ടുവന്നതാണെന്നു മറ്റുമൂന്നു ചെറുപ്പക്കാരായ പ്രതികൾക്കും മനസിലായി. കാരണം ആ സ്ഥലം അവർക്കു അത്രമാത്രം പരിചിതവും മറക്കാൻ കഴിയാത്തതും നിലവിളി നിറഞ്ഞതും ആയിരുന്നു.

“ആ പെൺകൊച്ച് എവിടെ ആയിരുന്നു സ്കൂട്ടി നിർത്തിയിരുന്നത്?”

ഒന്നാം പ്രതി അടയാളം കാട്ടിയ ഇടത്തേക്ക് എല്ലാവരും നീങ്ങി.

“പാർക്ക്‌ ചെയ്ത വണ്ടിയുടെ കാറ്റു ഏതു നായിന്റെ മോനാണ് അഴിച്ചു വിട്ടത്,” മുതിർന്ന ഒരു പൊലീസുകാരൻ ചോദിച്ചു.

രണ്ടാം പ്രതി, ഒരു തൊഴി കിട്ടിയപ്പോൾ, കാറ്റഴിച്ചു വിടുന്നതുപോലെ അഭിനയിച്ചു. പ്ലാസ്റ്റിക് സഞ്ചി നെഞ്ചോട്‌ ചേർത്ത് പിടിച്ചു നിന്ന അയാൾക്ക്‌ ഒന്നും മനസിലായില്ല. അയാൾ സഞ്ചി കയ്യിലേക്ക് മാറ്റിപിടിച്ചു.

“പിന്നെ നടന്നതൊക്കെ കാണിക്കട തീട്ട പട്ടികളെ…” മൂന്ന് പ്രതികളും നടന്ന സംഭവം അഭിനയിച്ചു കാണിക്കാൻ തുടങ്ങി.

പെൺകുട്ടി വണ്ടി എടുക്കാൻ വന്നപ്പോൾ, സഹായം അഭ്യർത്ഥിച്ചു അടുത്തുചെന്നതും, അവൾ നിഷേധിച്ചപ്പോൾ വായപൊത്തി പിറകിലൂടെ കൂട്ടിപിടിച്ചതും. കുതറാൻ ശ്രമിച്ചപ്പോൾ മൂന്നുപേരും ചേർന്ന് വലിച്ചിഴച്ചു വയലിലേക്ക് കൊണ്ടുപോയതും വരെ എത്തിയപ്പോഴേക്കും, ഒരു തീവണ്ടി കടന്നു പോകുന്ന ശബ്ദം ചീവീടുകളുടെ ശബ്ദത്തെ അടച്ചുകളഞ്ഞു.

“ബാക്കികൂടി കാണിക്കടാ… നല്ല രസലേ…”

എല്ലാവരും വയലിലേക്കിറങ്ങി. പെൺകുട്ടിയുടെ ഉടുപ്പ് വലിച്ചു കീറുന്നതിനിടയിൽ, മൂന്നാം പ്രതി അവളുടെ വായയിൽ മദ്യം നിർത്താതെ ഒഴിച്ച് കൊടുത്തു.

“ആയ്യോ,” അയാളുടെ ഉള്ളിൽ നിന്ന് ഒരു പിടച്ചിൽ ഉണ്ടായി. തന്നെ എന്തിനാണ് ഇവിടെ കൊണ്ട് വന്നതെന്ന് മാത്രം അയാൾക്ക്‌ മനസിലായില്ല.

“പിന്നെ എന്താടാ നടന്നത്?” എസ് ഐ, ഒന്നാം പ്രതിയുടെ മുഖത്തേക്ക് ടോർച് അടിച്ചു.

“ഞാൻ… ആദ്യം…”

“അപ്പോളവൾ കരഞ്ഞിരുന്നോ?” പോലീസുകാരൻ അവന്റെ നാഭിക്കിട്ടു ഒന്ന് കൊടുത്തു.

മാറിമാറി, പെരുമാറിയത് അവർ മൂന്നുപേരും കാണിച്ചപോൾ, സഞ്ചി നിലത്തു വെച്ചു അയാൾ ഒന്ന് തേങ്ങി. തല കറങ്ങി വീഴുമെന്ന് പേടിച്ചു.

“ഏറ്റവും അവസാനം ആരാടാ ഒന്നുടെ ആ പാവത്തിനെ …”

“അത് ഞങ്ങൾ ആരുമല്ല സാറെ… അന്ന് കൂടെ ഉണ്ടായിരുന്ന ജയേഷാണ്…”

“ജീവൻ പോയിട്ടും നീയൊക്കെ ആ കൊച്ചിനെ…” പോലീസുകാർ മാറി മാറി അവരെക്കൊണ്ടു എല്ലാം പറയിപ്പിച്ചു.

രാത്രിക്കു തണുപ്പ് കൂടുതൽ ആയിരുന്നു. ശരീരത്തിന് ചൂട് കിട്ടാൻ എന്നോണം പോലീസുകാർ അവരെ കുറെ ദൂരം നടത്തിച്ചു. അയാളും ആമയും കഥയറിയാതെ കൂടെ നടന്നു.

“കാരാമേ,” എസ് ഐ, അയാളെ വിളിച്ചു. “വന്നു കുറച്ചു തീ കൂട്ട്.”

അയാൾ ചുള്ളിക്കമ്പുകൾ പെറുക്കിക്കൊണ്ടുവന്നു തീയിട്ടു. ആ വെളിച്ചത്തിൽ പ്രതികളുടെ ഭയം അയാളെയും പിടികൂടി.

പോലീസുകാർ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഒന്നാം പ്രതി കരയുന്ന ശബ്ദത്തിൽ പറഞ്ഞു
“ഇവിടെയിട്ടാണ് സാറെ അവളെ ഞങ്ങൾ തീ വച്ചത്.”

“എന്നാൽ അതുംകൂടി കാണിക്കടാ…” ഒരു നിമിഷം എല്ലാരും നിശബ്ദരായി പോയി.

“എടാ ആ സഞ്ചിന്ന് അതിനെ ഇങ്ങു കൊണ്ടുവാ.”

അയാൾ കാരാമയെ വിറകയ്യാൽ പുറത്തെടുത്തു. എന്നിട്ട് എസ്ഐക്ക്‌ അടുത്തേക്ക് ചെന്നു. തീ വെട്ടത്തിൽ പോലീസുകാരുടെ കണ്ണുകൾ പിശാചിന്റേതാണെന്നു അയാൾക്ക്‌ വെളിപ്പെട്ടു.

“നിനക്കിതിനെ ചുടാൻ അറിയാമോടാ… ഇതിന്റെ ഇറച്ചി നീ മുമ്പും തിന്നിട്ടില്ലേ?”

കാരാമയുടെ അടിവയറ്റിലെ തണുപ്പ് അയാളുടെ ശരീരത്തിലേക്കും വിറയലായി പരന്നു.

“എന്താടാ നാവിറങ്ങിപോയോ?”

“ഞാൻ തിന്നിട്ടില്ല സാറെ…”

പോലീസുകാർ ചിരിച്ചു. “പാവം സസ്യഭുക്ക്‌!”

എസ്ഐ അയാളുടെ അടുത്തേക്ക് വന്നു കഴുത്തിനു പിടിച്ചു. പ്രാണരക്ഷാർത്ഥം കഴുത്തൊളിപ്പിക്കാൻ അയാൾക്ക്‌ ആയില്ല.

ശ്വാസം മുട്ടിയപ്പോൾ അയാൾ ആമയുടെ പിടി വിട്ടു.

“ഞാൻ ഒന്നും ചെയ്തിട്ടില്ല സാറെ…” നാവില്ലാത്ത ഒരാൾ സംസാരിക്കുന്നതുപോലെ അയാളുടെ ശബ്ദം പുറത്തു കേട്ടു.

vinod krishna, karama

“ഈ മിണ്ടാപ്രാണിയെ പിടിച്ചത് നീയല്ലേടാ കഴുവേറി…”

കൈ പിൻവലിച്ച ശേഷം ആമയെ ചുടാൻ എസ് ഐ കല്പിച്ചു. അയാൾ മടിച്ചു നിന്നപ്പോൾ എസ് ഐ തന്നെ കാരാമയെ തീയിലേക്കിട്ടു. ചൂട് തട്ടിയപ്പോൾ അത് മലർന്നുകിടന്ന് കൈകാൽ ഇട്ടടിച്ചു. ഇതുകണ്ട് പ്രതികൾക്ക് ഓടി രക്ഷപെടാൻ തോന്നി. പിടച്ചിൽ കാണാതിരിക്കാൻ നോട്ടം മാറ്റിയപ്പോൾ വരമ്പിനറ്റത്തു ഒരു നോക്കുകുത്തി അല്പം ചരിഞ്ഞിരിക്കുന്നത് തീവെളിച്ചത്തിൽ അയാൾ കണ്ടു.

പോലീസുകാർ മൂന്ന് പ്രതികളെയും നോക്കുകുത്തിയുടെ അടുത്തേക്ക് നടത്തിച്ചു. കൈയാമം അഴിച്ചു ഒരു കൈ സ്വതന്ത്രമാക്കി.

“നിരന്നു നിൽക്കട പട്ടിത്തീട്ടങ്ങളെ…”

അവർ നിരന്നു നിന്നു. നോക്കുകുത്തി അവരെ നോക്കി. പോലീസുകാർ അവരുടെ അടിവസ്ത്രം അഴിപ്പിച്ചു. എസ് ഐ ടോർച് നീട്ടിയടിച്ചു.

“എന്താടാ ഒന്നിനും ഉദ്ധരിക്കുന്നില്ലേ?”

എസ്ഐക്ക്‌ കലികയറി. മുതിർന്ന പോലീസുകാരൻ ലാത്തികൊണ്ട് അവരുടെ ചന്തിക്കു അടിക്കാൻ ഓങ്ങിയതും എസ്ഐ വിലക്കി.

“വേണ്ട വേദനിപ്പിക്കണ്ട. പാട് വീണാൽ പണിയാകും.”

ടോർച്ചിന്റെ വെളിച്ചം കെടുത്തി എസ്ഐ പ്രതികളോട് നോക്കുകുത്തിയെ നോക്കി സ്വയംഭോഗം ചെയ്യാൻ തോക്ക് ചൂണ്ടി.

അവിടെ എന്താണ് നടക്കുന്നതെന്ന് തീച്ചൂട് തട്ടിനിന്ന അയാൾക്ക്‌ മനസിലായില്ല. കുടിക്കാൻ അല്പം വെള്ളം കിട്ടിയാൽ കൊള്ളാമെന്നു അയാൾക്കുണ്ടായി.

“സുഖിച്ചു കഴിഞ്ഞെങ്കിൽ നീയൊക്കെ ഓടി രക്ഷപെട്ടോ…”

എസ്ഐ, സിഗരറ്റ് ചവുട്ടി കെടുത്തിക്കൊണ്ട് പറഞ്ഞു. പ്രതികൾ മിഴിച്ചു നിന്നപ്പോൾ ഒരു പോലീസുകാരൻ വന്നു കൈയാമം പൂർണമായും അഴിച്ചു മാറ്റി. അവരെ സ്വതന്ത്രരാക്കി. അപ്പോഴേക്കും കനലിൽ നിന്ന് പൊട്ടലും ചീറ്റലും പുറത്തു വന്നു.

“ഓടടാ… ഓടി രക്ഷപെട്…”

മൂന്നാം പ്രതി ഓടി… തോക്ക് തട്ടിപ്പറിക്കാതെ!

രണ്ടാം പ്രതി പിന്നാലെ ഓടി… അതിന്റെ പിന്നാലെ ഒന്നാം പ്രതിയും ഓടി. ഇരുട്ടിൽ പക്ഷെ വെടിയുണ്ടകൾ കൃത്യമായി അവരുടെ തല പിളർക്കുന്നത്, കാരാമയെ പിടിക്കാൻ പതുങ്ങി നിന്ന നിശബ്ദതയിൽ എന്ന വണ്ണം അയാൾ കേട്ടു.

കരിഞ്ഞ മണം തന്റെ ഉള്ളിൽ നിന്നാണ് പുറത്തു വരുന്നതെന്ന് അയാൾക്ക്‌ തോന്നി. ആ തോന്നൽ ഒരു കരച്ചിലായി മാറി.

“കരയാതെ…”

എസ് ഐ നല്ല മനുഷ്യനായിരുന്നു. തന്റെ മെലിഞ്ഞ കൈകൾ അയാളുടെ തോളത്തിട്ടു നടന്നു.

“നീ ഇനി പെണ്ണാമയെ പിടിക്കോ?”

നടത്തത്തിനിടയിൽ എസ് ഐ ചോദിച്ചു. അയാൾ കരച്ചിൽ നിർത്താൻ പാട്പെട്ടു. ഒന്ന് നിന്ന ശേഷം എസ് ഐ പറഞ്ഞു “നീ ഓടി ചെന്നു അത് വെന്തോന്ന് നോക്ക്…”

അയാൾ അതനുസരിച്ചു. വെന്ത കാരാമയെ ഒരു ചുള്ളിക്കമ്പു കൊണ്ട് തോണ്ടി പുറത്തേക്കിട്ടു. ആ നേരംകൊണ്ട് പോലീസുകാർ ഒരു കുപ്പി റം തീർത്തു.

ഇറച്ചി ആറുന്നത് വരെ അയാൾ നിശബ്ദനായി കനലിന്റെ അടുത്ത് തന്നെ കൂനിക്കൂടി ഇരുന്നു.

“എടാ അവന്മാര് ചത്തോന്നു പോയി നോക്കിട്ടു വാ…” ഒരു നിമിഷം പകച്ചു നോക്കിയ ശേഷം, അനുസരണയുള്ള കുട്ടിയെ പോലെ അയാൾ തിരിഞ്ഞു, നിശബ്ദനായി ശവങ്ങൾക്കടുത്തേക്കു നടക്കാൻ തുടങ്ങി. രാത്രി വണ്ടിയുടെ ഒച്ച ഒരിക്കൽ കൂടി വിശാലമായ വയലിലേക്ക് വന്നു.

മുള്ളുകൊണ്ട കാല്പാദം അയാൾക്ക്‌ വേദനിച്ചു തുടങ്ങിയിരുന്നു. അയാൾ ഇരുട്ടിൽ മറഞ്ഞപ്പോൾ, പിറകിൽ ആരോ നടന്നടുക്കുന്നതിന്റെ അനക്കമുണ്ടായി. അധികം വൈകാതെ, ശവങ്ങളിൽ നാലാമനാവാനായി അയാൾ മണ്ണിൽ തലയടിച്ചു വീണു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook