scorecardresearch
Latest News

കപോതോപനിഷത്ത്

“ ദൈവത്തിന്റെ മുമ്പിൽ ഏതാണച്ചോ ഏറ്റവുംവലിയ പാപം.. നുണ പറയുന്നതോ അറിയാവുന്ന സത്യം പറയാതിരിക്കുന്നതോ?”

k r viswanathan, story

 

പൂർണനിലാവുള്ള ദിവസമായിരുന്നു അത്. ഗബ്രിയേലച്ചൻ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ പൂർണചന്ദ്രൻ ആകാശച്ചെരുവിൽ നിന്നും ഉയർന്ന് മരങ്ങൾക്കും മേലേ എത്തിയിരുന്നു. മാനത്തെങ്ങും ഒരു കാർമേഘത്തുണ്ടു പോലും ഇല്ല. ഇനി ചന്ദ്രനു തടസങ്ങളേതുമില്ലാതെ ആകാശത്തിലൂടെ സഞ്ചരിക്കാം.

പള്ളിക്കുമുമ്പിലെ പടവിൽ ഗബ്രിയേലച്ചൻ ഇരുന്നു. പള്ളിയുടെ മുറ്റത്തു നിന്നും താഴെ നിരത്തിലേക്ക് ഇരുനൂറിലധികം പടിയെങ്കിലും കാണും. താഴെ നിരത്തിൽ ഇടതടവില്ലാതെ വാഹനങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. രാത്രിയായാലും പ്രധാനപ്പെട്ട റോഡായതിനാൽ വാഹനങ്ങൾക്ക് ഒരു കുറവുമില്ല. പള്ളിക്കു മുമ്പിൽ എത്തുന്ന ചിലവാഹനങ്ങൾ നിർത്തി ആളുകൾ പുറത്തേക്കിറങ്ങി കുരിശുവരയ്ക്കുന്നതും ചിലർ നേർച്ചപ്പെട്ടിയിൽ പണമിടുന്നതു നിഴൽ പോലെ കാണാം.

കുശിനിക്കാരൻ പത്രോസും കൈക്കാരൻ മൈക്കിളും അച്ചനരികെ എത്തി. കൈക്കാരൻ പള്ളിയുടെ താക്കോലും കുശിനിക്കാരൻ അച്ചന്റെ മുറിയുടെ താക്കോലും ഗബ്രിയേലച്ചനു കൊടുത്തു. ഇന്ന് നിലാവസ്തമിക്കും വരെ അച്ചൻ ആ ഇരുപ്പ് ഇരുന്നേക്കുമെന്ന് അവർക്ക് അറിയാം. അന്നു പൂർണ നിലാവല്ലായിരുന്നെങ്കിൽ പത്രോസും മൈക്കിളും അച്ചനരികിൽ ഇരുന്ന് വല്ലതും കുറച്ചൊക്കെ പറയുമായിരുന്നു. ഗബ്രിയേലച്ചനും അവരോടൊക്കെ അങ്ങനെ സംസാരിച്ചിരിക്കാൻ ഇഷ്ടമാണ്. ചീര നടുന്നതു മുതൽ നരകത്തിലെ തീയെക്കുറിച്ചു വരെ പത്രോസു പറയുമ്പോൾ മൈക്കിൾ അക്കാലത്തിറങ്ങിയ ഏതെങ്കിലും സിനിമയെക്കുറിച്ചാകും സംസാരിക്കുക. ഗബ്രിയേലച്ചൻ അതു കേട്ടുകൊണ്ടിരിക്കുകയേ ഉള്ളു. ചിലപ്പോൾ കൈക്കാരനും കുശിനിക്കാരനും തമ്മിൽ കൃഷിയെ ചൊല്ലിയോ സിനിമയെ ചൊല്ലിയോ തർക്കവുമുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഇക്കാര്യത്തിൽ അച്ചന്റെ അഭിപ്രായമെന്തെന്നാരാഞ്ഞാൽ അതെല്ലാം ഞാൻ ഞായറാഴ്ച പ്രസംഗത്തിൽ പറയും എന്നാകും മറുപടി. തീർച്ചയായും ഗബ്രിയേലച്ചൻ അതു പറയുകയും ചെയ്യും. അടുത്ത് റിലീസായ ഒരു അടിപൊളി സിനിമയെക്കുറിച്ച് അച്ചൻ കഴിഞ്ഞ ഞായറാഴ്ച്ച പ്രസംഗിച്ചത് ചിലർക്കൊക്കെ തീരെ പിടിച്ചില്ല.

കൈക്കാരനും കുശിനിക്കാരനും നടയിറങ്ങി വഴിയിലെത്തിയപ്പോൾ ഗബ്രിയേലച്ചൻ ചന്ദ്രനെ നോക്കി. ഇനി അച്ചൻ അങ്ങോട്ടു തന്നെ നോക്കിയിരിക്കും. ആ ഇരിപ്പിൽ എപ്പോഴെങ്കിലും അച്ചൻ ചന്ദ്രനിലേക്കു പ്രവേശിക്കും. അച്ചനും ചന്ദ്രനും കൂടി വിശാലമായ നിലാവിലൂടെ അങ്ങനെ സഞ്ചരിക്കും. പിന്നെ പള്ളിയുടെ ഗോപുരവും കടന്ന് തെങ്ങിൻ തലപ്പുകളിൽ ചന്ദ്രൻ മറയാൻ തുടങ്ങുമ്പോഴേ എഴുന്നേൽക്കൂ..

k r viswanathan, story

ഇടവകയിലെ പെണ്ണുങ്ങൾ കുട്ടിക്കു ചോറു കൊടുക്കുന്ന നേരത്ത് അമ്പിളി മാമനെ കാണിച്ചു പറയും.. നോക്ക് അമ്പിളി മാമനകത്ത് നമ്മടെ ഗബ്രിയേലച്ചനിരിക്കണത്..

“ഈ ഭ്രാന്തിനു മരുന്നില്ല…” കൈക്കാരൻ ഒരിക്കൽ അച്ചൻ കേൾക്കെ കുശിനിക്കാരനോടു പറഞ്ഞു.

അതെന്തെന്നു ഗബ്രിയേലച്ചൻ കൈക്കാരനെ നോക്കി.

ലോകത്ത് ഇങ്ങനെ ഒരു ഭ്രാന്ത് ഗബ്രിയേലച്ചനു മാത്രമേ കാണൂ.. അതറിയാവുന്നവർ കൈക്കാരനും കുശിനിക്കാരനും മാത്രം. പിന്നെങ്ങനെ മരുന്നു കണ്ടു പിടിക്കും.

അതു കേട്ട് ഗബ്രിയേലച്ചൻ ചിരിച്ചതേയുള്ളു.

ചന്ദ്രനെ നോക്കിയിരുന്ന ഗബ്രിയേലച്ചന്റെ ശ്രദ്ധ ഒന്നു പാളി. പള്ളിയുടെ മുകളിലിരുന്ന പ്രാവുകൾ എന്തോ കണ്ടു ഭയപ്പെട്ടിട്ടെന്ന പോലെ ബഹളം വെച്ചതായിരുന്നു കാരണം. എന്തായിരിക്കും അവ ബഹളം വെക്കുന്നതെന്ന് അച്ചൻ സംശയിച്ചു. ആ നേരം കൂടുതൽ പ്രാവുകൾ അങ്ങോട്ടു പറന്നെത്തുന്നത് അച്ചൻ കണ്ടു. ചിലവ താഴേക്കു പറന്നു വന്ന് അച്ചനരികെ ഇരുന്നു. മറ്റു ചിലവ പള്ളിമുറ്റത്തെ മരങ്ങളിലേക്കു പറന്നു കയറി. സാധാരണ ഈ നേരത്ത് ഇവ ഉറക്കം പിടിക്കാറുള്ളതല്ലേ ഇന്നെന്താണു പറ്റിയതെന്നു അച്ചൻ ചിന്തിക്കാതിരുന്നില്ല.

അപ്പോൾ താഴെ നിരത്തിൽ നിന്നും രണ്ടു രൂപങ്ങൾ പടികൾ കയറി വരുന്നത് അച്ചൻ കണ്ടു. നറും നിലാവായിരുന്നെങ്കിലും പടികൾ പാതി കയറിയിട്ടും ആരെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കുറച്ചു പടികൂടി കയറിയപ്പോൾ അത് ഒരു സ്ത്രീയും കുട്ടിയുമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

അടുത്തെത്തിയപ്പോൾ അത് സ്റ്റീഫന്റെ ഭാര്യ ആഗ്നസും മകൻ ജോഷ്വായും ആണെന്ന് ഗബ്രിയേലച്ചനു മനസിലായി. സ്റ്റീഫൻ ആഗ്നസിനെ ഉപേക്ഷിച്ചു പോയിട്ട് നാലോ അഞ്ചോ വർഷങ്ങൾ കഴിഞ്ഞിരുന്നു.

തന്റെ മകനെ പ്രതി ഒരു പരാതിയുമായാണ് ആഗ്നസ് വന്നത്. അവിടെ നിലാവിൽ ഗബ്രിയേലച്ചൻ ഉണ്ടാകുമെന്നും കൈക്കാരനും കുശിനിക്കാരനും പോയിട്ടുണ്ടാകുമെന്നും കരുതിയാണ് അവൾ ഈ നേരം തെരഞ്ഞെടുത്തത്. അവൾ കരഞ്ഞു പറഞ്ഞു. മകൻ അല്ലറ ചില്ലറ മോഷണങ്ങൾ തുടങ്ങിയിരിക്കുന്നു. അവൾ പണി ചെയ്തുണ്ടാക്കുന്ന പൈസയല്ലേ അപ്പൻ ഉപേക്ഷിച്ചു പോയ കുട്ടിയല്ലേ എന്നൊക്കെ ആദ്യം സമാധാനിച്ചു. ഇന്നലെയാണ് സംഗതികൾ കുഴപ്പമായത്. അയലത്തെ പീറ്ററിന്റെ വീട്ടിൽ നിന്നും അഞ്ഞൂറു രൂപ മോഷണം പോയിരിക്കുന്നു. പീറ്ററർ ആരേയും സംശയിക്കുന്നില്ല. ആഗ്നസിന്റെ മകൻ ജോഷ്വായുടെ പേര് അയാളുടെ മനസിൽ പോലും ഉണ്ടായിരിക്കില്ല. പക്ഷേ ആഗ്നസ് അങ്ങനെ സംശയിക്കുന്നു. ഇന്നലെ അവൻ സിനിമക്കു പോയിരുന്നു. രാത്രിയിൽ വന്നിട്ട് ആഹാരമൊന്നും കഴിച്ചിട്ടില്ല… വിശക്കുന്നില്ലെന്നവൻ പറഞ്ഞു.

k r viswanathan, story

ആഗ്നസ് കരഞ്ഞു. അവനിപ്പോൾ സത്യം പറയുന്നില്ലച്ചോ… നുണമാത്രമേ അവന്റെ നാവിൽ വരുന്നുള്ളു… മത്രമല്ല അവന്റെ അപ്പന്റെ ബുദ്ധി മുഴുവൻ ഇവനു കൊടുത്തിട്ടാണു പോയതെന്നു തോന്നുന്നു.. അവൻ എല്ലാത്തിനും മറുചോദ്യങ്ങൾ കൊണ്ട് എന്റെ നാവിനെ മരവിപ്പിക്കുന്നു.

ഗബ്രിയേലച്ചൻ ജോഷ്വയെ നോക്കി. അവൻ ആദ്യം കാണും പോലെ പള്ളിയ്ക്കുമുകളിലെ കുരിശിലേക്കു നോക്കി നിൽക്കുകയായിരുന്നു. നിലാവിൽ പുതുതായി പെയിന്റ് ചെയ്ത കുരിശ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

അവൻ ഏഴാം തരത്തിൽ പഠിക്കുന്നു. പതിവായി സ്കൂളിൽ പോകാറൊന്നുമില്ല. എന്നാലും മാർക്കിനു കുറവൊന്നുമില്ല.

“ജോഷ്വാ..” ഗബ്രിയേലച്ചൻ വിളിച്ചു. “ നിന്റെ അമ്മ പറഞ്ഞതൊക്കെ ശരിയല്ലേ….?”

അവൻ വിലങ്ങനെ തലയാട്ടി.

“ നീ വീട്ടിൽ നിന്നും പൈസ എടുക്കാറുണ്ടോ?”

അവൻ അതിനും വിലങ്ങനെ തലയാട്ടി.

“അതെ,, അച്ചോ” ആഗ്നസ് കരഞ്ഞു.” അവന്റെ അരികിൽ കൂടി പോലും സത്യം പോയിട്ടില്ല.. ഇവൻ വലുതായി തീരുമ്പോൾ ..എനിക്കു പേടിയാകുന്നച്ചോ.”

ഗബ്രിയേലച്ചൻ ജോഷ്വായെ പിടിച്ച് അരികിലിരുത്തി. ഒരു മാടപ്രാവിന്റെ ഒതുക്കത്തോടെ അവൻ അച്ചനരികെ ഇരുന്നു.

“ ഞാൻ ഒരു കഥ പറയാം… കഥയല്ല.. കാര്യം തന്നെ.. ഞാൻ പറയട്ടെ?” ഗബ്രിയേലച്ചൻ ചോദിച്ചു.

ഗബ്രിയേലച്ചൻ പല കുട്ടികളോടും പറയാറുണ്ടായിരുന്ന ആ കാര്യം അവനോടും പറയാൻ തുടങ്ങി.

ഭൂമിയിൽ മനുഷ്യൻ ഒരു നുണ പറയുമ്പോൾ ദൈവം ഒരു പുഴുവിനെ അവനു വേണ്ടി മാറ്റി വെക്കും. അവന്റെ പേരെഴുതിയ ചട്ടിയിലേക്ക്…കറുത്തിരുണ്ട പുഴുവിനെ …. അങ്ങനെ മനുഷ്യൻ പറയുന്ന ഓരോ നുണയ്ക്കും ദൈവം ഓരോ പുഴുവിനെ മാറ്റി വെച്ചു കൊണ്ടിരിക്കും.. അവസാനം മനുഷ്യൻ മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ അവൻ എത്ര നുണ പറഞ്ഞുവോ അത്രയും പുഴുക്കളെ തിന്നേണ്ടി വരും.

ആഗ്നസ് അറിയാതൊന്നു ഓക്കാനിച്ചു.

“അച്ചോ ഈക്കഥയും ഞാൻ അവനോടു പറഞ്ഞു കൊടുത്തിട്ടുണ്ട്… അപ്പോഴൊക്കെ അവൻ തർക്കുത്തരങ്ങളാണു പറഞ്ഞത്..”

ഗബ്രിയേലച്ചൻ അവനെ അല്പം കൂടി അടുപ്പിച്ചു പിടിച്ചു. “ ഞാനും ചെറുപ്പത്തിൽ അങ്ങനെയൊക്കെ ആയിരുന്നു… ക്ലാസിൽ വന്ന ഒരു മാഷ് ഈ കഥ പറഞ്ഞതോടെ ഞാൻ നുണ പറയൽ നിർത്തി. എപ്പോഴെങ്കിലും അറിയാതൊരു നുണ പറയാൻ തുടങ്ങിയാൽ ഒരു പുഴു എന്നെ നോക്കാൻ തുടങ്ങി…”

ജോഷ്വാ തലയാട്ടി.

“ ഇനി അവൻ നുണ പറയില്ല…. “ ഗബ്രിയേലച്ചൻ പറഞ്ഞു.

“ജോഷ്വാ നീ പീറ്ററിന്റെ വീട്ടിൽ നിന്നും…”

ജോഷ്വാ വിലങ്ങനെ തലയാട്ടി.

ആഗ്നസും ജോഷ്വായും തിരിച്ചു രണ്ടോ മൂന്നോ പടികൾ ഇറങ്ങി കാണും. പെട്ടെന്ന് ജോഷ്വ ആഗ്നസിന്റെ പിടി വിടുവിച്ച് തിരിച്ചു കയറി അച്ചനരികെ എത്തി.

k r viswanathan, story

“അച്ചോ” അവൻ ചോദിച്ചു. “ നുണ പറയുന്നതാണോ അറിയാവുന്ന സത്യം പറയാതിരിക്കുന്നതാണോ കൂടുതൽ പാപം…”

പടികൾ കയറി തിരിച്ചു വന്ന ആഗ്നസ് പറഞ്ഞു.

“അച്ചോ ഇതാണു ഞാൻ പറഞ്ഞത് തർക്കുത്തരങ്ങൾ കൊണ്ട് അവൻ എല്ലാവരുടേയും വായ മൂടിക്കെട്ടുമെന്ന്..” ആഗ്നസ് ജോഷ്വായുടെ കൈയിൽ വേദനയെടുക്കും വിധം മുറുകെ പീടിച്ചു.

അതൊട്ടും വകവെക്കാതെ അവൻ വീണ്ടും ചോദിച്ചു. “ ദൈവത്തിന്റെ മുമ്പിൽ ഏതാണച്ചോ ഏറ്റവുംവലിയ പാപം.. നുണ പറയുന്നതോ അറിയാവുന്ന സത്യം പറയാതിരിക്കുന്നതോ?”

അവൻ ആദ്യമങ്ങനെ ചോദിച്ചപ്പോൾ അച്ചൻ അതൊരു തമാശയായിട്ടേ കരുതിയുള്ളൂ. രണ്ടാമത് ആ ചോദ്യം അവൻ ചോദിച്ചത് കൂടുതൽ ഉച്ചത്തിലായിരുന്നു. ആ ചോദ്യം കൂടുതൽ സ്ഫുടവുമായിരുന്നു.

“ഉവ്വച്ചോ…. അവനെപ്പോഴും എന്നോടു ചോദിക്കുന്നു… അവന്റെ അപ്പൻ അമ്മയെ വിട്ടു പോകാൻ കാരണമെന്തെന്ന്.. എനിക്കു തോന്നുന്നത് അവന്റെ കൂട്ടുകാരാരെങ്കിലും അവനോട് വേണ്ടാത്തതെന്തെങ്കിലും…” അഗ്നസ് വീണ്ടും കരയാൻ തുടങ്ങി.

ഒന്നും മിണ്ടാതെ നിന്ന ഗബ്രിയേലച്ചനോട് ജോഷ്വ മെല്ലെ പറഞ്ഞു. “ അച്ചോ എനിക്കു തോന്നുന്നത് ഒരു നുണ പറയുന്നതിനേക്കാൽ പാപം അറിയാവുന്ന ഒരു സത്യം പറായാതിരിക്കുന്നതാണ്”

വെറും ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരുത്തന്റെ നാവിൽ നിന്നും എങ്ങനെ ഇങ്ങനെ ഒരു ചോദ്യം വന്നു എന്ന് സംശയിച്ചു നിൽക്കെ ജോഷ്വാ തന്റെ മുന്നിൽ വളർന്നു വലുതാകുന്നത് ഗബ്രിയേലച്ചൻ കണ്ടു.

ആഗ്നസ് ക്ഷമ പറയും പോലെ പറഞ്ഞു. “ അച്ചോ ഈ ചോദ്യങ്ങളൊന്നും അവനിൽ ഉണ്ടായതാകാൻ ഇടയില്ല… ആരോ അവനു പറഞ്ഞു കൊടുക്കുന്നതാണ്. പള്ളിയിൽ കയറാതെ നടക്കുന്ന എസ്തപ്പാന്റെ മകനുമായിട്ടാണ് അവൻ കഴിഞ്ഞ ദിവസം സിനിമക്ക് പോയത്..”

ആഗ്നസ് വീണ്ടും മകനെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അവനു അവന്റെ പ്രായക്കാരുമായല്ല ചങ്ങാത്തം. ചില നേരത്തു മുതിർന്നവരോടൊപ്പം പാലത്തിലിരുന്ന് തർക്കിക്കുന്നതു കാണാം.. ആ നേരത്ത് വല്ലതും നാലക്ഷരം പഠിക്കുകയായിരുന്നെങ്കിൽ എവിടെയെങ്കിലും കയറി പറ്റാൻ കഴിഞ്ഞേനേ…

“ഇല്ല… ഗബ്രിയേലച്ചൻ പറഞ്ഞു. “ ഇനി അവൻ അങ്ങനെയൊന്നും ചെയ്യില്ല.

ആഗ്നസ് ജോഷ്വായുടെ കൈ പിടിച്ച് പടികളിറങ്ങാൻ തുടങ്ങി. ആഗ്നസ് പടികൾ കയറി വരുമ്പോഴത്തെ ഇടർച്ച ഇപ്പോൾ അവൾക്കില്ലെന്ന് ഗബ്രിയേലച്ചൻ ആശ്വാസം കൊണ്ടു. അവർ പടികളിറങ്ങി മറഞ്ഞു.

ചുവന്ന ലൈറ്റ് കത്തിച്ചു കൊണ്ട് ഒന്നു രണ്ടു ജീപ്പുകളാണെന്നു തോന്നുന്നു താഴെ നിരത്തിലൂടെ പാഞ്ഞു പോയി.

പള്ളിയുടെ മുകളിൽ നിന്ന് മൂന്നാലു പ്രാവുകൾ അച്ചനരികിലേക്കു വന്നിരുന്നു. അവ അച്ചനു നേരേ നോക്കി. അവയുടെ പാതി തുറന്ന കൊക്കിനുള്ളിൽ വാക്കുകൾ നിറഞ്ഞിരിക്കുന്നത് ഗബ്രിയേലച്ചൻ കണ്ടു.

ഏതാണു പാപം? ഒരു നുണപറയുന്നതോ? അതോ അറിയാവുന്ന ഒരു സത്യം പറയാതിരിക്കുന്നതോ?

അച്ചൻ ചന്ദ്രനിലേക്കു നോക്കി. അച്ചൻ മണലിൽ മലർന്നു കിടന്ന് അങ്ങോട്ടേക്കു തന്നെ നോക്കി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ചന്ദ്രനുള്ളിലേക്കു കയറാൻ ഗബ്രിയേലച്ചനു കഴിഞ്ഞില്ല. ഒരിടയച്ചെറുക്കനെ പോലെ ചന്ദ്രനു പുറകെ വെറുതെ കുറച്ചു നേരം നടന്നു. അപ്പോഴേക്കും ചന്ദ്രൻ ആകാശമധ്യത്തിലെത്തി. ഇനി പടിഞ്ഞാട്ടേക്ക് ഇറക്കമാണെന്നും അതു കൊണ്ട് ആകാശച്ചെരുവിലേക്ക് പെട്ടെന്ന് എത്തുമെന്നും അയാൾ കുട്ടിക്കാലത്തെന്ന പോലെ തമാശയോടെ ഓർക്കാൻ തുടങ്ങി. അതും വളരെക്കുറച്ചു നേരമേ സാധിച്ചുള്ളു. ഒരമ്മയും മകനും കൂടി പൂർണ നിലാവു നിറഞ്ഞ ഒരു രാത്രി തന്നിൽ നിന്നും മോഷ്ടിച്ചെന്ന് ഗബ്രിയേലച്ചൻ ഉറപ്പിച്ചു. ജോഷ്വ ഒരു വല്ലാത്തെ ചെറുക്കൻ തന്നെ. അവന്റെ നാവിൽ ഇത്തരം ചോദ്യങ്ങൾ നട്ടത് ആരായിരിക്കും.? ചിലത് തന്നെ വളർന്നു വരുന്നതായിരിക്കും. നിലാവിലൂടെ മൂന്നാലു കറുത്ത പക്ഷികൾ അയാളുടെ കാഴ്ച്ച വട്ടത്തിലൂടെ കടന്നു പോയി. അകാശച്ചെരുവിൽ ഒന്നു രണ്ടു കെട്ടു കാർമേഘങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.

പള്ളിയുടെ മേലേ പ്രാവുകൾ കുറുകികുറുകി നടക്കുന്നത് അച്ചൻ കണ്ടു. ഒന്നു രണ്ടെണ്ണം കുരിശിന്റെ തുഞ്ചത്തിരുന്ന് അയാളെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇന്നു പ്രാവുകൾക്ക് എന്തു പറ്റിയെന്നു അയാൾ വീണ്ടും ആലോച്ഛിച്ചൂ. ഒരു പക്ഷേ പ്രാവുകളെല്ലാം ഇങ്ങനെ ആയിരിക്കാം… വെളുത്ത വാവു രാത്രികളിൽ അവ ഉറങ്ങാറില്ലായിരിക്കാം.. അവ ചിലപ്പോൾ ഇണകളെ തിരഞ്ഞെടുക്കുന്ന രാത്രിയാകാം ഇത് എന്നൊക്കെ അയാൾ ചിന്തിക്കാൻ തുടങ്ങി.

k r viswanathan, story

ആ നേരം ശവക്കോട്ടയുടെ മതിലിൽ വെളിച്ചം തട്ടുന്നത് ഗബ്രിയേലച്ചൻ കണ്ടു. ഏതോ വണ്ടി കയറ്റം കയറി വരുന്നുണ്ട്. പള്ളിയിലേക്കുള്ള പടികൾ തുടങ്ങുന്നിടത്തു നിന്നും കുറച്ചു കൂടി മുന്നോട്ടു പോയാൽ പള്ളിയിലേക്കു വാഹനങ്ങൾക്കു കയറാൻ പാകത്തിൽ വഴി ടാറു ചെയ്തിട്ടുണ്ട്. വഴിയിൽ നിന്നും വണ്ടി ആ വഴിയിലേക്കു തിരിയുമ്പോൾ തന്നെ രാത്രിയാണെങ്കിൽ ശവക്കോട്ടയുടെ മതിലിൽ വെളിച്ചം തട്ടാൻ തുടങ്ങും. നല്ല കയറ്റമായതിനാൽ സാവധാനമേ വണ്ടി പള്ളിമുറ്റത്തെത്തൂ… ശവക്കോട്ടയുടെ ചുവരിൽ കുറേ നേരം വെളിച്ചം നിറഞ്ഞു നിൽക്കും. അങ്ങോട്ടുള്ള വഴി ടാറു ചെയ്തിട്ട് അധികകാലമായിട്ടില്ല. തലപ്പിരിയൻ വക്കോച്ചനാണതു ചെയ്തത്. അയാൾ നാട്ടിലെ പേരെടുത്ത കരാറുകാരനായിരുന്നു. ദൈവത്തിന്റെ അനുഗ്രഹവും കരുണയും അളവില്ലാത്തതാണെന്നു കാണിക്കാൻ അവിടെ വന്നു പോയ അച്ചന്മാരെല്ലാം ഉദാഹരണമായി കാണിക്കുന്നത് കരാറുകാരൻ തലപ്പിരിയൻ വക്കോച്ചനെ ആയിരുന്നു. കഴിഞ്ഞ തവണ പള്ളിപ്പെരുന്നാളു കരിമരുന്നു പണി സഹിതം നടത്തിയത് വക്കോച്ചനായിരുന്നല്ലോ?രാത്രി പ്രശസ്തരായ പിന്നണി ഗായകർ പങ്കെടുത്ത ഗാനമേളയും ഉണ്ടായിരുന്നു.

മൂന്നാലു മിനിറ്റിനു ശേഷം വെട്ടം പള്ളി മുറ്റത്തേക്കായി. വണ്ടി കയറ്റം കയറിക്കഴിഞ്ഞിരുന്നു. ശവക്കോട്ടക്കരികെലെ പാർക്കിംഗ് ഏരിയായിൽ വണ്ടി നിർത്താതെ അതു പള്ളി മുറ്റത്തു ചരലിൽ വന്നു നിന്നു. പെട്ടെന്നു തന്നെ അതിലെ വെളിച്ചും കെട്ടു. ആരായിരിക്കും ഈ നേരത്തെന്നു അച്ചൻ വിചാരിക്കുമ്പോൾ വണ്ടിയുടെ വാതിൽ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി.

അത് ഒരു നീഷം മുമ്പ് അച്ചന്റെ മനസിൽ കൂടി കടന്നു പോയ തലപ്പിരിയൻ വക്കോച്ചനായിരുന്നു. അയാൾ നിന്നും ഇറങ്ങി വണ്ടിയിൽ ചാരി നിന്നു. വക്കോച്ചൻ നല്ലതു പോലെ തളർന്നിട്ടുണ്ടായിരുന്നു. ഒരു ചുവടു മുന്നോട്ടു വെക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിനു കഴിഞ്ഞില്ല. അയാൾ വീണ്ടും വണ്ടിയിൽ ചാരി നിന്നു.

ഗബ്രിയേലച്ചൻ എഴുന്നേറ്റ് വണ്ടിക്കരുകിൽ ചെന്നപ്പോൾ അച്ചനെ അവിടെ പ്രതീക്ഷിച്ചിരുന്നതു പോലെ വക്കോച്ചൻ പറഞ്ഞു. “എനിക്കൊന്നു കുമ്പസാരിക്കണമച്ചോ?”

അപ്പോൾ വികാരിയച്ചൻ കഴിഞ്ഞ തവണ കുമ്പസാരിക്കാൻ വന്നപ്പോൾ വക്കോച്ചൻ പറഞ്ഞ പാപങ്ങളെക്കുറിച്ച് ഓർത്തു. ഇടവകയിൽ ഒരോരുത്തരും ചെയ്യുന്ന പാപങ്ങളെക്കുറിച്ച് അച്ചനു നല്ല കണക്കുണ്ടായിരുന്നു. അയലത്തെ മത്തായിയുടെ പെണ്ണിനെ ഒന്നു നോക്കിപ്പോയി,, കുര്യാച്ചന്റെ കൈയിൽ നിന്നും പലിശ വാങ്ങിയപ്പോൾ കണക്കു ചെറുതായൊന്നു പിഴച്ചോ എന്നു സംശയം എന്നിങ്ങനെ കുഞ്ഞുകുഞ്ഞു പാപങ്ങളെ വക്കോച്ചനു ഏറ്റുപറയാൻ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് ഗബ്രിയേലച്ചൻ തലപ്പിരിയൻ വക്കോച്ചനോട് “ നിങ്ങൾ ഇന്നു നന്നായി മദ്യപിച്ചിട്ടുണ്ടല്ലോ? ആ പാപത്തെക്കളയാൻ വന്നതാണോ എന്നു തെല്ലു ദേഷ്യത്തോടെ ചോദിച്ചതിനു വക്കോച്ചൻ അച്ചോ എനിക്കൊന്നു കുമ്പസാരിക്കാൻ വേണ്ടി മദ്യപിച്ചതാണെന്നു മറുപടി പറഞ്ഞു.

അച്ചൻ വക്കോച്ചനുമായി പള്ളിക്കുള്ളിലേക്കു കയറി. ലൈറ്റുകളിട്ടു.

കുമ്പസാരക്കൂട്ടിൽ വക്കോച്ചന്റെ പാപങ്ങളെ കേൾക്കാനായി ദ്വാരങ്ങളിൽ ചെവി ചേർത്തു വെച്ചു. വക്കോച്ചന്റെ നെടു നിശ്വാസം അച്ചന്റെ ചെവികളെ തെല്ലൊന്നു പൊള്ളിച്ചു.

വക്കോച്ചൻ തുടങ്ങാൻ വേണ്ടി അച്ചനൊന്നു മൂളി.

ഒന്നോ രണ്ടോ നിമിഷങ്ങൾ കഴിഞ്ഞിരിക്കണം അതോ ഒരു നിമിഷത്തിന്റെ പാതിയോ? ഗബ്രിയേലച്ചനതു നിശ്ചയമില്ല. തന്റെ തലയ്ക്കുള്ളിൽ തീ പടർന്നു പിടിക്കുന്നതറിഞ്ഞ് അച്ചൻ ഞെട്ടിയെഴുന്നേറ്റു. കുമ്പസാരക്കൂട് ഉലഞ്ഞാടി. ഭൂമി തരിക്കുന്നതായും അത് പള്ളിയിലേക്ക് പടർന്ന് പള്ളി ഉലഞ്ഞാടുന്നതും ഗബ്രിയേലച്ചൻ അറിഞ്ഞു. പള്ളിമേട ഉലഞ്ഞാടുന്നതും ആ ഉലഞ്ഞാട്ടത്തിൽ മണിയടി ശബ്ദം കൂട്ടത്തോടെ മുഴങ്ങുന്നതും ഗബ്രിയേലച്ചൻ കേട്ടു.

ഒരു വിലാപത്തോടെ വികാരിയച്ചൻ പുറത്തേക്കിറങ്ങി. അപ്പോൾ പള്ളിയുടെ മുകളിൽ കൂടി കുറുകി നടന്നിരുന്ന പ്രാവുകൾ നില കാണാതെ ആകാശത്തിലേക്ക് ഉയരുന്നതും കണ്ടു.

എന്തോ അരുതാത്ത ശബ്ദം കേട്ട ഗബ്രിയേലച്ചൻ ശവക്കോട്ടയിലേക്കു നോക്കിയപ്പോൾ അതിന്റെ മതിലിൽ നിരനിരയായി ഇരിക്കുന്ന ചെകുത്താന്മാരെ കണ്ടു. അച്ചൻ ശൂന്യതയിൽ ഒരു വലിയ കുരിശു വരച്ചിട്ടും ചെകുത്തമ്മാർ ഒരു ഭാവഭേദവുമില്ലാതെ അവിടെ തന്നെ ഇരുന്നതേയുള്ളു. ആകാശച്ചെരുവിൽ കുറച്ചു മുമ്പേ കണ്ട കാർമേഘം ചന്ദ്രനെ ആ നേരം മറയ്ക്കുകയും ചെയ്തു.

തന്റെ ആ നേരം വരെയുള്ള പാപങ്ങളെല്ലാം കഴുകിക്കഴിഞ്ഞ് തലപ്പിരിയൻ വക്കോച്ചൻ ജീപ്പിൽ കയറി സ്റ്റാർട്ടാക്കി. അയാൾ ഒന്നും പറയാൻ നിൽക്കാതെ വണ്ടി തെല്ലൊന്നു പുറകോട്ടെടുത്ത് വളരെ വേഗത്തിൽ മുന്നോട്ടു പോയി. ഒന്നോ രണ്ടോ നിമിഷം ശവക്കോട്ടയുടെ ചുവരിൽ വെളിച്ചം തട്ടിയപ്പോൾ ചെകുത്തന്മാർ അവിടെത്തന്നെ ഇരിക്കുന്നുണ്ടെന്ന് ഗബ്രിയേലച്ചൻ കണ്ടു.

പ്രാവുകളുടെ ബഹളം വെക്കൽ അപ്പോഴും നിലച്ചിരുന്നില്ല. വികാരിയച്ചൻ ഉള്ളിൽ തീയുമായി പള്ളിമുറ്റത്തുകൂടി നാലഞ്ചു തവണ നടന്നു. പിന്നെ മുറ്റത്തിനരികിലുണ്ടായിരുന്ന പൈപ്പു് തുറന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചു. പക്ഷേ വെള്ളം കുടിക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നു. തലപ്പിരിയൻ വക്കോച്ചന്റെ പാപങ്ങളൊക്കെയും തന്റെ തൊണ്ടയിൽ ഒരണക്കെട്ടു പോലെ നിറഞ്ഞു കിടക്കുന്നതു പോലെ തോന്നി.

k r viswanathan, story

അയാൾ ഇരിക്കാൻ ശ്രമിച്ചു. മണലിൽ മലർന്നു കിടന്ന് ചന്ദ്രനെ കാണാൻ ശ്രമിച്ചു. പണ്ട് ചെറുപ്രായത്തിൽ ഇഷ്ടപ്പെട്ടുപോയ അഴകുള്ള പെണ്ണിനെ ഓർമ്മിക്കാൻ ശ്രമിച്ചു. ഇല്ല… ഒന്നിനും കഴിയുന്നില്ല. അയാൾ ആകാശത്തിലേക്കു കണ്ണുയർത്തി ചോദിച്ചു.

“ഞാൻ എന്തു പാപം ചെയ്തിട്ടാണു അവനെ ഈ നേരത്ത് ഇങ്ങോട്ടയച്ചത്…?”

ആകാശം വെള്ള പുതച്ച ഒരു ശവശരീരം പോലെ കിടന്നതേയുള്ളു.

വികാരിയച്ചൻ തളർന്ന് വീണ്ടും പടിയിൽ ഇരുന്നു. അപ്പോഴും താഴെ ചുവന്ന ലൈറ്റ് കത്തിച്ചു കൊണ്ട് വണ്ടികൾ ചീറിപ്പായുന്നുണ്ടായിരുന്നു.

അപ്പോൾ താഴെ നിന്നും ജോഷ്വാ കയറി വരുന്നത് ഗബ്രിയേലച്ചൻ കണ്ടു. അവൻ ഒരു കുഞ്ഞാട്ടിൻ കുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു വന്നത്. അത് തന്റെ തോന്നലാണെന്ന് അച്ചനു നിശ്ചയമുണ്ടായിരുന്നു. അവിടമെല്ലാം ശൂന്യമാണെന്നും അച്ചനറിയാമായിരുന്നു. എന്നിട്ടും ജോഷ്വാ പടി കയറി അച്ചനു മുമ്പിൽ വന്നു നിന്നു.

“അച്ചോ” ജോഷ്വാ വിളിച്ചു.

“ നുണ പറയുന്നതാണോ അതോ അറിഞ്ഞ സത്യം പറയാതിരിക്കുന്നതാണോ കൂടുതൽ പാപം?

അച്ചൻ പള്ളിക്കുള്ളിലേക്കു കയറി. തിരു രൂപത്തിനു മുമ്പിലെ ലൈറ്റിട്ടു. “അയാൾ മെല്ലെ ചോദിച്ചു…

ജോഷ്വായെ എന്റെ മുമ്പിലേക്കു പറഞ്ഞു വിട്ടത് നീയായിരുന്നോ?

വക്കോച്ചന്റെ പാപങ്ങൾ വീണ്ടും ഗബ്രിയേലച്ചന്റെ ഉള്ളിൽ കിടന്ന് തീ പിടിക്കാൻ തുടങ്ങി.

അച്ചൻ പുറത്തേക്കിറങ്ങി. അയാൾ മൊബൈലെടുത്ത് കുശിനിക്കാരനെ തെരഞ്ഞു.

“എന്താണച്ചോ?” കുശിനിക്കാരൻ മത്തായിയുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

“ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…. “

“എന്തു കാര്യം…?”

“ഒരു കുമ്പസാര രഹസ്യം…..” എവിടെ നിന്നോ സംഭരിച്ച ധൈര്യത്തിൽ അച്ചൻ പറഞ്ഞു.

പെട്ടെന്നു മത്തായിയുടെ ശബ്ദം ഉയർന്നു. “നിങ്ങൾ ഇന്നു വല്ലാതെ മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ… അതോ ഭ്രാന്തോ? ഒരു കുമ്പസാര രഹസ്യം വെറുമൊരു കുശിനിക്കാരനോടു പറയുന്നോ?.. അച്ചൻ കിടന്നുറങ്ങാൻ നോക്ക്..” മത്തായി ഫോൺ ഓഫാക്കി.

വയ്യ.. ഉള്ളാകെ ചൂടു പിടിക്കുന്നു. മുടിയാകെ നിന്നു കത്തുകയാണ്. വീണ്ടും പൈപ്പിന്റെ ചുവട്ടിലെത്തി ആവോളം വെള്ളം കുടിക്കുകയും പൈപ്പിനു ചുവട്ടിലിരുന്ന് തലയിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു മേലാകെ നനഞ്ഞു കുതിർന്നപ്പോൾ അയാൾക്ക് തെല്ലൊരാശ്വാസം തോന്നി.

അയാൾ മെല്ലെ പടികളിറങ്ങി. നിരത്തു കഴിഞ്ഞ് പാടം കടന്നാൽ കൈക്കാരൻ മൈക്കിളിന്റെ വീടായി.

പടികളൊക്കെയും ഇറങ്ങിക്കഴിഞ്ഞപ്പോൾ പുറകിൽ നിന്നും വിളി കേട്ടു.

അവിടെ ജീപ്പിൽ ചാരി തലപ്പിരിയൻ വക്കോച്ചൻ നിൽക്കുന്നുണ്ടായിരുന്നു.

“അച്ചനെന്താണു പറ്റിയത്? അച്ചൻ ആകെ നനഞ്ഞിരിക്കുന്നല്ലോ?”

ഗബ്രിയേലച്ചൻ വക്കോച്ചനെ രൂക്ഷമായൊന്നു നോക്കി. അയാളെ കഠിനമായൊന്നു ചീത്ത വിളിക്കണമെന്ന് അപ്പോൾ അച്ചനു തോന്നി. പക്ഷേ ഭൂമിയിലെ ചീത്തവാക്കുകളൊക്കെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അയാൾ മറന്നു പോയിരുന്നു.

“അച്ചൻ ഈ നേരത്ത് ഇങ്ങനെ നനഞ്ഞു കുളിച്ചു പോകുന്നതു ആരെങ്കിലും കണ്ടാൽ നാളെ മുതൽ ചാനൽ ചർച്ച ഇതാകും..” ഒന്നു നിർത്തി വക്കോച്ചൻ പറഞ്ഞു.

“ഇപ്പോൾ അച്ചന്മാർക്ക് അത്ര നല്ല കാലമല്ലല്ലോ?”

വക്കോച്ചൻ അച്ചനെ പിടിച്ചു വണ്ടിയിലേക്കു കയറ്റി. ജീപ്പിന്റെ വെട്ടത്തിൽ ശവക്കോട്ടയിലെ മതിലിൽ കുത്തിമറിഞ്ഞ് ചെകുത്താന്മാർ കളിക്കുന്നുണ്ടായിരുന്നു.

“അച്ചൻ പോയി കുരിശ്ശു വരച്ച് ഉറങ്ങാൻ നോക്ക്..” വക്കോച്ചൻ ജീപ്പ് തിരിക്കുന്നതിനിടയിൽ പറഞ്ഞു.

വീണ്ടും പടവുകൾ കയറി ജോഷ്വാ വരുന്നതു അച്ചൻ കണ്ടു. അച്ചൻ അവനിൽ നിന്നും രക്ഷപെടാനായി പളളിക്കുള്ളിലേക്കു നടന്നു. പള്ളിയിൽ കയറി അച്ചൻ മുട്ടുകുത്തി നിന്നു.

ആ നിൽപ്പിൽ അച്ചൻ ളോഹയുടെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. ഡയൽ ചെയ്ത് ഫോൺ ചെവിയോടു ചേർത്തു. സർക്കിൾ ഇൻസ്പെക്ടറെയായിരുന്നു അപ്പോൾ ഗബ്രിയേലച്ചൻ ഡയൽ ചെയ്തത്.

അപ്പുറത്തു നിന്നും പതിഞ്ഞ ശബ്ദം കേട്ടു.

“അച്ചനെന്താണീ നേരത്ത്?”

“പറ്റുമെങ്കിൽ നീ ഇവിടെ വരെ ഒന്നു വരണം..” പെട്ടെന്ന് തന്നെ അച്ചൻ തിരുത്തി. “ ഇപ്പോൾ തന്നെ വരണം”

പതിഞ്ഞ ശബ്ദം വീണ്ടും… “ഞാനല്പം തിരക്കിലാണച്ചോ…”

“ ഈ രാത്രിയിൽ? എന്തു തിരക്കാണ്? എന്തു തിരക്കാണെങ്കിലും …”

അപ്പോഴേക്കും ഫോൺ കട്ടായി. ഗബ്രിയേലച്ചൻ വീണ്ടും നമ്പർ ഡയൽ ചെയ്തു.

അപ്പുറത്തു ഫോണെടുത്ത നേരം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ അച്ചൻ പറഞ്ഞു.

“എനിക്ക് നിന്നോട് പരമപ്രധാനമായ ഒരു കാര്യം പറയാനുണ്ട്…”

“ഞാൻ തിരക്കിലാണെന്നു പറഞ്ഞല്ലോ അച്ചോ”

അയാൾ ഫോൺ കട്ടു ചെയ്യുമോ എന്നു ഭയന്നു ഗബ്രിയേലച്ചൻ തിരക്കിട്ടു പറഞ്ഞു.

“ചിലപ്പോൾ…”

“അച്ചോ” ഇടക്കുകയറി സി.ഐ. പറഞ്ഞു. “ഒന്നു നേരം വെളുക്കട്ടെ അച്ചോ… അച്ചന്മാർ ഈ നേരത്തു വിളിക്കുന്നതു വല്ല കുമ്പസാര രഹസ്യവും പറയാനാണോ എന്നു എന്റെ പോലീസു ബുദ്ധി എന്നെ ഭയപ്പെടുത്തുന്നു…. “

“അതെ… അതെ…,” ഗബ്രിയേലച്ചൻ ഒരു വിറയലോടെ പറഞ്ഞു.

അയാൾ പെട്ടന്ന് മൊബൈൽ ഓഫാക്കി.

അതൊരു ശാസന പോലെ തോന്നി ഗബ്രിയേലച്ചന്.

ഗബ്രിയേലച്ചൻ പുറത്തേക്കിറങ്ങി.

പടികളിൽ നിന്ന് കൈകളുയർത്തി അച്ചൻ തന്റെ തൊണ്ട ശരിയാക്കി. അയാൾ എന്തോ വിളിച്ചു പറയാനൊരുങ്ങി. പക്ഷേ തന്റെ ശബ്ദം നഷ്ടപ്പെട്ടത് ഗബ്രിയേലച്ചൻ തളർച്ചയോടെ അറിഞ്ഞു. അയാൾ പടികളിൽ തളർന്നിരുന്നു.

കുറേ നേരം കഴിഞ്ഞിരിക്കണം. അടുത്ത കാൽപ്പെരുമ്മാറ്റം കേട്ട് അച്ചൻ കണ്ണു തുറന്നു നോക്കി. തനിക്കരുകിൽ ജോഷ്വാ ഇരിക്കുന്നതു പോലെ ഗബ്രിയേലച്ചനു തോന്നി. അതൊരു വെറും തോന്നലാണെന്ന് അച്ചനുറപ്പുണ്ടായിരുന്നു. അച്ചൻ തന്റെ കൈകളിൽ നുള്ളി അതൊരു തോന്നലാണെന്നു ഉറപ്പു വരുത്തി. എന്നിട്ടും ജോഷ്വാ പറഞ്ഞു.

“അച്ചോ… ഒരോ സത്യം പറയാതിരിക്കുമ്പോഴും സ്വർഗത്തിൽ ദൈവം ഒരു പുഴുവിനെ നമുക്കു വേണ്ടി മാറ്റി വെക്കാറുണ്ട്… ഓരോ ചാണകപ്പുഴുവിനെ….”

അച്ചനാകെ തളർന്നു. നിലാവു നഷ്ടപ്പെട്ടുകൊണ്ടിരുന്ന ആകാശത്തിലേക്കു നോക്കി മലർന്നു കിടന്നു. അപ്പോൾ ആകാശത്ത് വെളുവെളുത്ത ചാണകപ്പൂഴുക്കൾ നിറഞ്ഞ ഒരു പാത്രം അച്ചൻ കണ്ടു.

ജോഷ്വാ പറഞ്ഞു..”ഓരോ പുഴുവിനേയും ചവച്ചരച്ചു തിന്നേണ്ടി വരും… സത്യം അറിഞ്ഞിട്ടും അതു പറയാതിരിക്കുന്നവൻ..”

ജോഷ്വാ അച്ചനരികെ ഇരുന്ന് ഒരു പുഴുവിനെ എടുത്ത് അച്ചന്റെ വായിലേക്കിട്ടു.

ഗബ്രിയേലച്ചന്റെ മുഖമൊന്നു ചുളിഞ്ഞു.

അയാൾക്കു വല്ലാതെ മനം പുരട്ടാൻ തുടങ്ങി. അച്ചൻ പള്ളിമുറ്റത്തെ മണലിലൂടെ ഒരു മരുഭൂമിയിലെന്ന പോലെ നടന്നു. മനം പുരട്ടൽ ഒട്ടൊന്നടങ്ങിയപ്പോൾ അച്ചൻ നിലാവു കൊണ്ടു ചൂടു പിടിച്ചു പോയ മണലിൽ മലർന്നു കിടന്നു. പ്രാവുകളുടെ ശബ്ദം കേട്ട് തല തിരിച്ചൊന്നു നോക്കിയപ്പോൾ പ്രാവുകൾ നിരനിരയായി തനിക്കരികെ നിൽക്കുന്നത് ഗബ്രിയേലച്ചൻ കണ്ടു.അവയുടെ ചുണ്ടിൽ ഓരോ ചാണകപ്പുഴു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. ഒരു പ്രാവ് ഗബ്രിയേലച്ചന്റെ വായിലേക്ക് പുഴുവിനെ ഇട്ടു. അടുത്ത പ്രാവ് തന്റെ ഊഴവും കാത്ത് ഗബ്രിയേലച്ചൻ പുഴുവിനെ തിന്നുന്നതും നോക്കി നിന്നു.

ഒടുവിൽ പ്രാവുകളുടെ നിര അവസാനിച്ചു.

ഗബ്രിയേലച്ചൻ ഞെളി പിരി കൊണ്ടു. കുത്തിയിരുന്ന് ഒന്നു രണ്ടു വട്ടം ശർദ്ദിക്കാൻ ശ്രമിച്ചു.

ഗബ്രിയേലച്ചൻ ഓക്കാനിക്കുന്ന ശബ്ദം കേട്ട് പള്ളിയുടെ മുകളിലും തൊട്ടടുത്ത മരങ്ങളിലും ഇരുന്ന പ്രാവുകൾ താഴേക്കു പറന്നിറങ്ങി. അവ ഗബ്രിയേലച്ചനെ വട്ടമിട്ടു നിന്നു.

ഉള്ളാകെ തിരയടിക്കുന്നു. തനിക്കു സമനില തെറ്റുകയാണോ എന്നു വികാരിയച്ചൻ ഭയപ്പെട്ടു. ഗബ്രിയേലച്ചൻ തന്റെ ഇടം കയിലെ വിരലുകൾ അണ്ണാക്കിലേക്കിട്ടു.

ഗബ്രിയേലച്ചൻ വളരെ നേരത്തിനു ശേഷം ശർദ്ദിക്കാൻ തുടങ്ങി.

എത്ര നേരം അങ്ങനെ ശർദ്ദിച്ചു വെന്നറിയില്ല… വെളുക്കുവോളം…

പക്ഷേ ശർദ്ദിക്കുന്നതിനിടയിൽ ജോഷ്വായുടെ കാൽപ്പെരുമാറ്റം കേട്ട് അതൊരു തോന്നൽ മാത്രമാണെന്നറിഞ്ഞിട്ടും ഗബ്രിയേലച്ചൻ കണ്ണു പാതി തുറന്നു. തനിക്കരികെ പ്രാവുകളുടെ ശബ്ദം കേട്ട് ഗബ്രിയേലച്ചൻ അങ്ങോട്ടു നോക്കി. പെട്ടെന്ന് അയാളുടെ മുഖത്ത് പൌർണമിയിലെന്ന പോലെ നിലാവു നിറഞ്ഞു. മനോഹരമായ ആ കാഴ്ച്ച ഗബ്രിയേലച്ചൻ കണ്ണിമയ്ക്കാതെ നോക്കി.

പ്രാവുകൾ തന്റെ ശർദ്ദിൽ ആർത്തിയോടെ കൊത്തികൊത്തി തിന്നുന്നു.

ഗബ്രിയേലച്ചൻ വീണ്ടും മനസമാധാനത്തോടെ ശർദ്ദിക്കാൻ തുടങ്ങി.

കുറിപ്പ്

പഠിച്ചതെല്ലാം പുറത്തുകളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായൻ ശിഷ്യനായ യാജ്ഞവൽക്കനോട് ആവശ്യപ്പെട്ടു. പഠിച്ചതെല്ലം ശിഷ്യൻ ശർദ്ദിച്ചു പുറത്തു കളഞ്ഞു. ആ നേരം ശർദ്ദിച്ചു കളഞ്ഞ വിദ്യയുടെ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തു. അങ്ങനെ വിദ്യ സംരക്ഷിക്കപ്പെട്ടു. അങ്ങനെ സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിലെ തൈത്തിരീയ ശാഖ എന്നൊരു കഥയുണ്ട്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kapothopanishad short story kr viswanathan