സങ്കൽപ്പങ്ങളാണ് ഏതു യാഥാര്‍ത്ഥ്യത്തിന്റെയും പിറവിക്കു നിദാനമാകുന്നത്. ഭാവനയുടെ സങ്കീര്‍ണ്ണമായ സാധ്യതകളില്‍ നിന്നുമാണ് ശാസ്ത്രങ്ങളെല്ലാം ഉണ്ടാകുന്നതെന്നും പറയാം. ഭൗതികശാസ്ത്രങ്ങളുടെ വികാസപരിണാമങ്ങളെ പോലെ ആത്മീയമായ ചിന്താപദ്ധതികളും സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെതന്നെ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, മനുഷ്യഭാവനയുടെ അതീതശാസ്ത്രമാണ് ആത്മീയത. അതവന്റെ ജീവിതത്തെ നിര്‍വചിക്കുകയും പുനര്‍വിന്യസിക്കുകയും ചെയ്യുന്നു. പരിമിതികളിലൂടെ അനന്തതയിലേക്ക് ചരിക്കുന്നതെങ്ങനെയെന്ന് വ്യാഖ്യാനിക്കുന്നു. ഇങ്ങനെ ജീവിതത്തെ കുറിച്ചുള്ള അനേകം വ്യാഖ്യാനപദ്ധതികള്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. അദ്വൈതം മുതല്‍ ചാര്‍വാകം വരെയുള്ള ബഹുസ്വരമായ ചിന്താസരണികള്‍. അതിലൊന്നാണ് തന്ത്രശാസ്ത്രം. ആത്മീയപദ്ധതിയെന്നതിലുപരി അതൊരു മനോവിശ്ലേഷണരീതിയാണ്. അതിലുപരി അനുഭൂതിശാസ്ത്രവും.
മനുഷ്യന്റെ ഏറ്റവും വലിയ സാധ്യത അവന്റെ മനസ്സാണ്. പരിമിതിയും അതുതന്നെ. ഒരുവനെ സംബന്ധിച്ചുള്ള എല്ലാ യാഥാര്‍ത്ഥ്യങ്ങളും നിലകൊള്ളുന്നത് അവന്റെ മനസ്സിലാണെന്നു പറയാം. അതുകൊണ്ടായിരിക്കാം മനസ്സ് മാത്രമാണ് ഒരുവന്റെ യഥാര്ത്ഥലോകമെന്നു പറയുന്നത്. മനസ്സിനെയും അതിന്റെ സാധ്യതകളെയും സംബന്ധിച്ച അന്വേഷണങ്ങളാണ് ഇതുവരെയുണ്ടായ ആത്മീയപദ്ധതികളെല്ലാം. ഈശ്വരനെ കുറിച്ചുള്ള അന്വേഷണം എന്ന് നിര്‍വചിക്കുമ്പോഴും അത് അവനവനെ അറിയലായിത്തീരുന്നു. ഇതാണ് ഒരാള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ ജ്ഞാനം. സ്വയം അറിയല്‍. ഇതിനെയാണ് അദ്വൈതം എന്നു പറയുന്നത്. ഈ അറിവ് സാക്ഷാത്ക്കരിക്കാനുള്ളതാണ്, അതായത് അനുഭവിച്ചറിയേണ്ടതാണ്. അല്ലാത്തപക്ഷം അത് അപൂര്‍ണ്ണവും അവ്യക്തവുമായിരിക്കും. മനസ്സിന്റെ പരിമിതികളില്‍ പെട്ടുഴലുന്ന ഒരാളെ അതിന്റെ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രനാക്കുമ്പോള്‍ അയാളില്‍ അന്തര്‍ലീനമായ സാധ്യതകളുടെ വലിയൊരു ലോകമാണ് തുറക്കപ്പെടുന്നത്. ഇതുതന്നെയാണ് മോക്ഷം. അകത്തുള്ളതുതന്നെയാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത് അഥവാ തിരിച്ചറിയപ്പെടുന്നത്. അത്തരമൊരു അറിവിലേക്കുള്ള ക്രമികമായ വികാസപഥമാണ് തന്ത്രശാസ്ത്രം.
താന്ത്രികപശ്ചാത്തലത്തില് അടുത്തിടെയുണ്ടായ സാധനാലഹരി (മാടമ്പ് കുഞ്ഞുക്കുട്ടൻ), പറയൂ ഒരു അമരകഥ (എം. ശ്രീകുമാര്‍), രതിരഥ്യ (ഉണ്ണികൃഷ്ണന് തിരുവാഴിയോട്) എന്നീ രചനകളില്‍ നിന്നും വ്യത്യസ്തമായി കാലവിമുക്തമായൊരു ആഖ്യാനരീതിയിലൂടെ പൗരാണികമെന്ന് തോന്നാവുന്ന കഥാലോകത്തെ വിന്യസിച്ചിരിക്കുകയാണ് പ്രദീപ് ഭാസ്കറിന്റെ ‘കാമാഖ്യ’ എന്ന നോവല്‍. കാമശാസ്ത്രകാരനായ വാത്സ്യായനമഹര്‍ഷിയുടെ ഭാവനാപൂര്‍ണ്ണമായ ജീവിതകഥയെന്ന് പറയാമെങ്കിലും അത് താരയുടെയും മൈത്രേയന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും കഥകൂടിയാണ്. തന്ത്രമെന്ന ആത്മീയശാസ്ത്രത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുമ്പോഴും അത് പ്രണയത്തിന്റെ സുവര്ണ്ണഗീതവുമാണ്. ഭോഗവും മോക്ഷവും ഒരുപോലെ സമ്മേളിക്കുന്ന ആത്മീയഭൂമികയില് പ്രണയത്തിന്റെ സ്ഥാനം ഉന്നതമായിരിക്കാതെവയ്യ. അതുകൊണ്ടുതന്നെ പ്രണയത്തെ ആത്മീയവൃത്തിയായി ഉള്ക്കൊള്ളാനാകാത്തൊരു മതാധിഷ്ഠിത ജീവിതപരിസരത്ത് “കാമാഖ്യ”യുടെ വായന വലിയ പ്രകോപനമായിരിക്കും സൃഷ്ടിക്കുക. തന്ത്രം ആത്മാവിന്റെ മാത്രമല്ല, ശരീരത്തിന്റെയും കലയാണ്.
മനുഷ്യന് ദുഃഖങ്ങളുടെ തടവുകാരനായിരിക്കുമ്പോഴും ആനന്ദത്തെ അഭിലഷിച്ചുകൊണ്ടിരിക്കുന്നു. ഈ ആനന്ദത്തെ തേടിയുള്ള പരക്കംപാച്ചിലില്‍ അവന് യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്നതെന്താണോ അതാണവന്റെ ജീവിതം. ഈ പരക്കംപാച്ചിലിനെ വേണമെങ്കില്‍ മായയെന്ന് നിര്‍വചിക്കാം. മായ എന്നാല്‍ ഇല്ലാത്തതെന്നല്ല, ഇതാണ് ആത്യന്തികയാഥാര്ത്ഥ്യമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുകയെന്നേ വിവക്ഷിക്കപ്പെടുന്നുള്ളൂ. മായയില്‍ അകപ്പെട്ട ജീവിതങ്ങളെ അതിനു പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് തന്ത്രം പരിഗണിക്കപ്പെടുന്നത്. തന്ത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യം ജ്ഞാനപ്രാപ്തിയാണ്. ജ്ഞാനത്തിലൂടെ മാത്രമേ മായ നീക്കംചെയ്യാനാവൂ. യഥാര്‍ത്ഥ കാഴ്ചപ്പാടിനെ എങ്ങനെ സൃഷ്ടിക്കാമെന്നാണ് തന്ത്രത്തില്‍ പറയുന്നത്. മായക്കധീനമായ ജീവിതങ്ങളെ മായക്കപ്പുറത്തേക്ക് കടത്തിവിടുന്നതിന് മുമ്പേ അതുവഴിയേ കടന്നുപോയ ഒരാളെ ആവശ്യമുണ്ട്. അങ്ങനെ മുമ്പേ ഗമിച്ചവനാണ് ഗുരു. ഗുരുവിന്റെ അനുഭവസമ്പത്താണ് മായയെ തരണം ചെയ്യാന്‍ പ്രാപ്തമാക്കുന്നത്. അതിനാല്‍ ഗുരു വെളിച്ചമാണ്.
ഗുരു, മായ, ജ്ഞാനം എന്നീ മൂന്ന് പ്രധാന സംജ്ഞകളെ ഗാഢമായി നിര്‍ദ്ധാരണം ചെയ്യുന്ന ഒരു നോവലാണ് “കാമാഖ്യ”. ഒരു നോവലായിരിക്കുമ്പോഴും അത് നിശ്ചിതമായ ചില ആത്മീയപദ്ധതികളെ കൂടി ലക്ഷ്യമിടുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഇതൊരു ജീവിതശാസ്ത്രം കൂടിയാണെന്ന് പറയേണ്ടിവരുന്നു. ഗുരുവും ഗുരുവിലൂടെ കടന്നുപോകുന്ന ജീവിതങ്ങളുമാണ് താന്ത്രികപഥത്തില് പ്രധാനം. വാത്സ്യായനനാണ് ഇവിടെ പ്രധാന ഗുരു. വാത്സ്യായനന്റെ ഗുരുവായ ഗൗതമമുനിയും അദ്ദേഹത്തിന്റെ ശിഷ്യന് അനിരുദ്ധനും ഗുരുക്കന്മാര്‍തന്നെ. കൗളഗോത്രനേതാവായ കാളിയും മകന് മൈത്രേയനും, വാത്സ്യായനശിഷ്യനായ നാരായണനും ഗുരുക്കന്മാരായിത്തീരുന്നുണ്ട്. നൃത്തകലാദ്ധ്യാപകനായ ദക്ഷിണാമൂര്‍ത്തിയും ഗുരുപഥം പ്രാപിക്കുന്നു. അഖണ്ഡമായ ജ്ഞാനബോധത്തെ സാക്ഷാത്ക്കരിക്കുന്നവരാണിവരെല്ലാം. ദീര്‍ഘമായ അലച്ചിലിനുശേഷമാണ് ഈ ബോധപ്രാപ്തി കൈവരുന്നത്. ഈ അലച്ചില്‍ ആന്തരീകമോ ബാഹ്യമോ ആകാം. കാമാഖ്യയിലെ ഗുരുക്കന്മാരെല്ലാം ഇങ്ങനെ അലയുന്നവരാണ്. ഒരുപക്ഷെ, ബാഹ്യമായി ഏറ്റവുമധികം അലയുന്നത് ദക്ഷിണാമൂര്‍ത്തിയാണെന്നു പറയാം. കാരണം, ഭൗതികമായൊരു ലക്ഷ്യപ്രാപ്തിക്കു പുറകെയാണ് അയാള്‍ മരീചികയിലെന്നവണ്ണം അലയുന്നത്. സ്ത്രീയുടെ പുറകെ പോയ മനസ്സ് നൂലറ്റപട്ടം പോലെയാണെന്നു പറയാറുണ്ട്. അതിന്റെ ഗതി ദുരൂഹമാണ്. പ്രകൃതിയുടെ എല്ലാ സവിശേഷതകളും സ്ത്രീക്കുണ്ട്. ഒരേസമയം ദുരൂഹവും വിഭ്രമിപ്പിക്കുന്നതുമാണത്. ശൈവനാട്യങ്ങളുടെ കലാപൂര്ണ്ണതയെ സാക്ഷാത്ക്കരിക്കുമ്പോഴും ദക്ഷിണാമൂര്‍ത്തിയില്‍ ശിഷ്യ കൂടിയായ താര സൃഷ്ടിക്കുന്ന പ്രചണ്ഡമായ ആവേഗങ്ങള്‍ അയാള്‍ക്ക് തടയാനാവുന്നില്ല. അയാള്‍ പടിപടിയായി മായക്കധീനനാകുന്നു. പൂര്‍ണ്ണമായും മായ ഗ്രസിച്ച ഒരാളെ അതില്‍നിന്നും മുക്തനാക്കുന്നതിന് ഗുരുവിന്റെ സഹായം ആവശ്യമാണല്ലോ. അത്തരമൊരു ഗുരുവിലേയ്ക്കുള്ള അബോധാത്മകമായ അലച്ചിലായിത്താരുന്നു പിന്നീടുള്ള അയാളുടെ ജീവിതം. ഒടുവില്‍ കാളിയെ കണ്ടുമുട്ടുന്നു. കാളി നല്കുന്ന മന്ത്രദീക്ഷയാണ് ദക്ഷിണാമൂര്‍ത്തിയെ ജ്ഞാനപ്രാപ്തിയിലെത്തിക്കുന്നത്. ജ്ഞാനം ശക്തിതന്നെയാണ്. ജ്ഞാനമില്ലെങ്കില്‍ കലപോലും നിഷ്പ്രയോജനമാണ്.
സ്ത്രീ പ്രകൃതിയാണ്, മായയും. അവള്‍തന്നെയാണ് ശക്തിയും. വിഭ്രമിപ്പിക്കുകയെന്നത് അതിന്റെ സ്വഭാവമാണ്. ദക്ഷിണാമൂര്‍ത്തിയുടെ പ്രണയത്തെ ചിലപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും താര അയാളെ കാമുകനായി സ്വീകരിക്കുവാന്‍ തയ്യാറാവുന്നില്ല. എന്നാല്‍ അവളുടെ മനസ്സ് തന്റെ കൂട്ടുകാരന് കൂടിയായിരുന്ന പിന്നീട് വാത്സ്യായനനായിത്തീര്ന്ന മല്ലനാഗനിലേക്ക് പോകുന്നുണ്ട്. തന്നെ താരാപീഠത്തിന്റെ പരമാധികാരപദത്തിലെത്തിക്കുന്ന വാത്സ്യായനനിലേക്ക് അവളുടെ പ്രണയം പൂര്‍ണ്ണമായും വഴിഞ്ഞൊഴുകുന്നു. വാത്സ്യായനനില് ജ്വലിച്ചുനില്ക്കുന്ന ജ്ഞാനസൂര്യന്റെ ചേതസ്സാണ് അനിയന്ത്രിതമായ കാമാവേഗമായി അവളെ മോഹിതയാക്കുന്നത്. അതാണ് അവളുടെ പ്രണയരഹസ്യം. എന്നാല്‍ അപ്പോഴും അചഞ്ചലിതമായ മനസ്സിന്റെ സ്ഥൈര്യത്തോടെ വാത്സ്യായനന്‍ സ്ഥിതപ്രജ്ഞനായി അവളുടെ പ്രണയത്തെ ആശ്ലേഷിക്കാതെ നിലകൊള്ളുന്നു. കാരണം, വാത്സ്യായനന്‍ മായക്കപ്പുറത്തെ പൊരുളിനെ സാക്ഷാത്ക്കരിച്ചയാളാണ്.
അവനവനെ തിരിച്ചറിയാനുള്ള സാധനയാണ് തന്ത്രം. അതുകൊണ്ടുതന്നെ അതൊരാളുടെ ആന്തരീകഘടനയുടെ സൂക്ഷ്മരൂപത്തെയാണ് വിശകലനം ചെയ്യുന്നത്. താന്ത്രികാനുഷ്ഠാനപദ്ധതിയില് ശ്രീചക്രസങ്കല്പത്തിന് പ്രധാന സ്ഥാനമുണ്ട്. ശിവചക്രങ്ങളും ശക്തിചക്രങ്ങളും (പുരുഷ-സ്ത്രീ) ചേര്‍ന്ന സംയോഗത്തിന്റെ ധ്യാനാത്മകമായ നിര്‍മ്മിതിയാണ് ശ്രീചക്രമെന്നു പറയുമ്പോള്‍ ഭാവനാപൂര്ണ്ണതയിലൂടെ മാത്രം സാക്ഷാത്ക്കരിക്കേണ്ട ഒരു ദര്‍ശനം അതില്‍ നിഗൂഢമാണ്. “കാമാഖ്യ”യില്‍ താരയ്ക്കുവേണ്ടി വാത്സ്യായനന്‍ നിര്‍മ്മിച്ചുകൊടുക്കുന്ന താരാപീഠത്തിന് ശ്രീചക്രത്തിന്റെ സൂക്ഷ്മഘടനയാണുള്ളതെന്നു കാണാം. താരയെന്ന ശക്തിയും അതിലേക്ക് എത്തിച്ചേരുന്നതിനുള്ള ദുഷ്ക്കരമായ പന്ഥാവുമാണ് ഈ ചക്രനിര്മ്മിതിയിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ഒരാള്‍ മാത്രമാണ് ഇതെല്ലാം ഭേദിച്ച് കടന്നുവരുന്നത്. അത് ദക്ഷിണാമൂര്‍ത്തിയാണ്. അയാളാണ് താരയുടെ പുരുഷന്.
തന്ത്രം ഈ പ്രപഞ്ചത്തെ വിഭാവനം ചെയ്തിരിക്കുന്നത് പ്രകൃതിയും പുരുഷനും തമ്മിലുള്ള ലീലയായിട്ടാണ്. മായാബാധയില് നിന്നും മുക്തരായവര്‍ക്കു മാത്രമേ പ്രകൃതിയുടെ ഈ തത്ത്വം അഥവാ രഹസ്യം കൃത്യമായി പിന്തുടരാനാവൂ. അങ്ങനെയുള്ളവര്‍ ഈ ലീലക്ക് പൂര്‍ണ്ണമായും പ്രാപ്തരുമാണ്. അല്ലാത്തവര്‍ കര്മ്മപ്രാരബ്ധങ്ങളുടെ പാശങ്ങളില്‍ തളയ്ക്കപ്പെട്ട് ബന്ധനിവൃത്തി കൈവരാതെ ആജന്മബദ്ധന്മാരായിത്തീരുന്നു. കര്‍മ്മപാശത്തില്‍ പെട്ടുഴലുന്നവരെയും അതില്‍നിന്നും മുക്തരായവരെയും കാമാഖ്യയില്‍ കാണാം. വിമുക്തിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. അതിനാല്‍ കാമാഖ്യ വെറും കഥാപൂരണത്തിനുവേണ്ടി മാത്രം വിരചിതമായ ഒന്നല്ല. അതിലൊരു പ്രപഞ്ചദര്‍ശനവും അതിന്റെ പൊരുളായ ആത്മീയതത്ത്വവുമുണ്ട്. അതൊരു ജീവിതചര്യയുടെ ആകെത്തുകയുമാണ്. മഹര്‍ഷി വാത്സ്യായനന്‍ തന്റെ ജീവിതത്തില്‍ കണ്ടെത്തി, തിരിച്ചറിഞ്ഞ ആ സാക്ഷാത്ക്കാരത്തിന്റെ പ്രകാശനമാണ് കാമാഖ്യയെന്ന് സാരം.
മനുഷ്യജീവിതം സങ്കീര്‍ണ്ണവും ദുരൂഹവുമാണ്. അതിനെ സരളവും പ്രായോഗികവുമായി വ്യാഖ്യാനിക്കുവാനുള്ള ശ്രമമാണ് തന്ത്രശാസ്ത്രം നടത്തുന്നത്. ചരിത്രപരമായി തന്ത്രത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുള്ള എന്‍.എന്‍.ഭട്ടാചാര്യയെ പോലുള്ളവര്‍ അതിന്റെ ചാര്വാകസ്വാധീനത്തെയും ഭൗതികപാഠങ്ങളെയും വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ തന്ത്രത്തെ ഇന്നത്തെ മതാന്തര്ഗതമായ വ്യാഖ്യാനപാഠങ്ങളില് നിന്നും മുക്തമാക്കുന്നു. മതാതീതമായ ഒരു മാനുഷികശാസ്ത്രവും വിമോചനശ്രമവുമായി തന്ത്രം വായിക്കപ്പെടുന്നത് അങ്ങനെയാണ്. രേഖീയമായ ഒരു വികാസഗതി തന്ത്രത്തിനുണ്ടായിരുന്നില്ല. പല കാലങ്ങളിലൂടെ, പല സ്ഥലങ്ങളിലൂടെ സ്വാംശീകരണങ്ങളും തിരസ്ക്കരണങ്ങളും അതില്‍ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആത്യന്തികമായ സാരം ഒന്നാണ്. അത് ജീവിതത്തെ എങ്ങനെ നേരിടണമെന്ന് ചൂണ്ടിക്കാട്ടുന്നു. വൈദികവും വൈദികേതരവും ബൗദ്ധവുമായ നിരവധി അംശങ്ങള്‍ തന്ത്രത്തില്‍ കാണാനാവുമെങ്കിലും പ്രകൃതിയോട് ചേര്‍ന്നുപോകുന്ന തീര്‍ത്തും സ്വതന്ത്രമായൊരു സൗന്ദര്യശാസ്ത്രമാണ് ഇതിനുള്ളത്. സ്ത്രീയുടെ പദവിയെ പരമമായി കാണാനും ആദരിക്കുവാനുമുള്ള വ്യവസ്ഥയും അതിനുണ്ട്. സ്ത്രീയെന്നാല്‍ പ്രകൃതിയെന്ന പാഠത്തിലേക്ക് ആഴ്ന്നിറങ്ങണമെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യത്തെ ജീവിതത്തിന്റെ ശാസ്ത്രപാഠമാക്കുവാന് കരുത്തുള്ള ഒരു പദ്ധതി ആവശ്യമാണല്ലേ. അത്തരമൊരു പദ്ധതിയാണ് തന്ത്രശാസ്ത്രത്തിനുള്ളത്.
പ്രപഞ്ചം തന്നെ മായയാണെന്നാണ് വേദാന്തികളുടെ മതം. എന്നാല്‍ ഈ മായയെ അറിയാതെ എങ്ങനെയാണ് അതിനെ മറികടക്കാനാവുക? മായയെന്ന ആവരണം എന്തിനാണ് ഒരു വലിയ തടസ്സമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ബുദ്ധികൊണ്ടോ ഓര്മ്മശക്തികൊണ്ടോ മാത്രം ജയിക്കാവുന്ന കേവലമൊരു മത്സരപരീക്ഷയല്ലല്ലോ ഈ മായയെ ഭേദിക്കല്‍. വാത്സ്യായനന്‍ താരയോട് പറയുന്നു: ”മനസ്സാണ് ഒരാളുടെ ഏറ്റവും വലിയ ശത്രു. സര്വായുധസമ്പന്നമായ അത് മായാബലത്താല്‍ ജ്ഞാനത്തിലേക്കുള്ള യാത്രയുടെ ഓരോ നിമിഷവും തന്നെ ഏതിര്ത്തുതോല്പ്പിക്കുവാന് ശ്രമിച്ചുകൊണ്ടിരിക്കും. അതിനെ അധീനതയിലാക്കി നിര്‍മ്മലമായി നിലനിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.” ഇത്രയൊക്കെ കഷ്ടപ്പെട്ട് മായയെ ജയിക്കുന്നത് എന്തിനാണെന്നൊരു ചോദ്യം സ്വാഭാവികമാണ്. ജീവിതത്തിന്റെ ലക്ഷ്യം ആനന്ദമാണ്. ഏകാഗ്രമായ മനസ്സിലൂടെ മാത്രം കൈവരിക്കാവുന്നൊരു അതീതയാഥാര്ത്ഥ്യമാണ് ആനന്ദം. രമണമഹര്‍ഷിയെ പോലുള്ള യോഗികള്‍ ചിന്തയുടെ മൂലം തേടി മനസ്സിന്റെ വേരറുത്ത്, അനുഭൂതിയുടെ ആന്ദോളനങ്ങളില്‍ പൂര്‍ണ്ണതയോടെ വിലയിച്ച്, ഉള്ളിലുണര്‍ന്ന ജ്ഞാനപ്രകാശത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ ‘ഞാന്‍’ മാത്രമാണെന്ന് അറിഞ്ഞവരാണ്. അപ്പോള്‍ ദ്വൈതമില്ലാതാവുന്നു. അദ്വൈതം അനുഭൂതിയാവുന്നു. ഈ അനുഭൂതിയിലേക്ക് താരയെ ഗുരുവും മഹേശ്വരനുമായ മല്ലനാഗന് (വാത്സ്യായനന്‍) എന്ന പുരുഷന് ആനയിക്കുകയാണ്. ആ പടവുകളാണ് തന്ത്രസാധനയുടെ ശരിയായ ചവിട്ടുപടികള്‍. അവസാനം, അഖിലവും ഞാനെന്നറിയുമ്പോള്‍, ഈ പ്രപഞ്ചം ഞാന്തന്നെയല്ലാതെ മറ്റൊന്നല്ലെന്നറിയുമ്പോള്, അപ്പോള്‍ മാത്രമാണ് മഹാഭൈരവനും ഭൈരവിയും തമ്മിലുള്ള മഹാനടനം താരക്ക് അനുഭവിക്കുവാനാവുന്നത്. പ്രകൃതിയിലെ ഓരോ സ്പന്ദനവും ഈ മഹാനടനത്തിന്റെ പ്രതിസ്പന്ദനങ്ങളാണ്. അപ്പോള്‍ മാത്രമേ ജീവിതം കേവലമൊരു ലീലമാത്രമാണെന്ന് ഒരാള്‍ക്ക് തിരിച്ചറിയാനാവൂ.
മുക്തിയുടെയും അദ്വൈതത്തിന്റെയും ഒടുവില്‍ ആനന്ദത്തിന്റെയും ശാസ്ത്രമാകുന്ന തന്ത്രം എങ്ങനെ കാമത്തിന്റെയും ശാസ്ത്രമാകുന്നുവെന്ന് കാമാഖ്യ ഉത്തരമേകുന്നുണ്ട്. കാമമെന്നാല്‍ ആഗ്രഹമെന്നാണ് ഇവിടെ വിവക്ഷ. ജ്ഞാനിക്കു മാത്രമേ ആനന്ദമുള്ളൂ. ജ്ഞാനം അനുഭൂതിയില്നിന്നു മാത്രമേ ഉണ്ടാകൂ. ഈ അനുഭൂതിയിലേക്കുള്ള വിടരലാണ് കാമകലയെന്ന് കാമാഖ്യ അടയാളപ്പെടുത്തുന്നു. 64 കലകളെയാണ് നാട്യശാസ്ത്രകാരനായ ഭരതമുനി നിര്‍വചിച്ചിരിക്കുന്നത്. 64 ന്റെ ആന്തരീകപാഠം എന്തുതന്നെയായാലും അതില്‍ അന്തര്‍ലീനമായിരിക്കുന്ന സൗന്ദര്യശാസ്ത്രത്തെ വിസ്മരിക്കാനാവില്ല. എല്ലാ കലകളും ആനന്ദത്തിനുള്ളതാണ്. ജ്ഞാനത്തിലേക്കുള്ള വഴികാട്ടുകയെന്നതാണ് ഓരോ കലയുടെയും ദൗത്യം. ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കി ജ്ഞാനത്തിലേക്ക് നയിച്ചാല്‍ മാത്രമേ ആനന്ദകലയാകുന്ന കാമകലയെ സ്വായത്തമാക്കാനാവൂ. ഈ ആനന്ദം തന്നെയാണ് 64 കലകളിലൂടെ വിവക്ഷിക്കപ്പെടുന്നത്. യഥാര്‍ഥ കാമകലയെ സ്പഷ്ടമാക്കുന്ന നാല്പതോളം കഥകള്‍ നോവലില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. ഈ കഥകളുടെ സാരം ബുദ്ധിയെ പ്രകാശവത്താക്കുന്നു, ശരിയായ ജീവിതപാഠത്തെ അനാവൃതമാക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ്ണ ആരോഗ്യത്തിലേക്കുള്ള താന്ത്രികപരികല്പനകളാണ് ഈ കഥകളെന്നു പറയാം.
ഏറ്റവും വേഗത്തില്‍ മായക്കധീനമാകുന്നതും അതിലും ശീഘ്രമായി മായാമുക്തമാകുന്നതും സ്ത്രീയാണെന്ന വാത്സ്യായനന്റെ നിരീക്ഷണം തന്ത്രം സ്ത്രീക്കു നല്‍കിയിരിക്കുന്ന പദവിയെ കുറിച്ചുള്ള സൂചനകൂടിയാണ്. സ്ത്രീയില്‍ അന്തര്‍ലീനമായ ആത്മീയശക്തിയെയാണ് ഇത് വ്യക്തമാക്കുന്നത്. പ്രപഞ്ചനടനത്തില് മഹാഭൈരവനും ഭൈരവിക്കും ഒരേ സ്ഥാനമാണുള്ളതെങ്കിലും, ശിവനും ശക്തിയും അഭിന്നയാണെങ്കിലും, ശക്തിയില്ലാത്ത പുരുഷന് അപൂര്‍ണ്ണനാണെന്നു മാത്രമല്ല, അജ്ഞാനിയും ജഡനും കൂടിയാണ്. കാമാഖ്യ താരയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനമായിത്തീരുന്നത് അത് ശക്തിയുടെ ആരൂഢത്തിലേക്കുള്ള മനുഷ്യന്റെ ഗതിയും അതിന്റെ സ്ഥാപനവും ആയിരിക്കുന്നതുകൊണ്ടാണ്. താരാപീഠം യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റെയും അകത്തുതന്നെയുള്ള ശക്തിപീഠം തന്നെയാകുന്നു. സ്ത്രൈണചേതസ്സിന്റെ ഉജ്ജ്വലമായ പ്രകാശനമാണ് മനുഷ്യനില്‍ നിര്‍ലീനമായ ശക്തിയിലേക്കുള്ള ഉണര്ച്ചയെന്ന് പ്രഖ്യാപിക്കാന്‍ വൈദികകാലത്തിനേക്കാള് പഴമ സൂക്ഷിക്കുന്ന താന്ത്രികസങ്കല്പങ്ങള്ക്കേ കഴിയൂ. താരയെപോലെ പ്രധാനപ്പെട്ട കഥാപാത്രമാണ് കൗളഗോത്രത്തലവയായ കാളിയും. ഹിംസയുടെ മൂര്‍ത്തിമദ്ഭാവമായിരുന്ന കാളിയുടെ ജീവിതം അടിമുടി മായാഗ്രസ്തമായിരുന്നെങ്കില് വാത്സ്യായനന്‍ കൊളുത്തിയ ജ്ഞാനദീപ്തിയാണ് അവളെ പൊടുന്നനെ ഗുരുപദത്തിലെത്തിക്കുന്നത്. കാമാഖ്യയെ പൊതിഞ്ഞുനില്‍ക്കുന്ന സൗന്ദര്യദീപ്തി സ്ത്രീത്വത്തോടുള്ള അതിന്റെയീ ഭാവാത്മകമായ പരിചരണമാണെന്നു പറയാം.
മനസ്സാണ് സകലതിനും ആധാരം. ഈ ലോകം നിലനില്ക്കുന്നതും ഇല്ലാതാകുന്നതും മനസ്സിലാണ്. മനോലോകത്തെ മറികടന്നാലേ ജ്ഞാനലോകത്തേക്കും ആനന്ദലോകത്തേക്കും കടക്കാനാവൂയെന്ന് താന്ത്രികഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. താരയുടെ അന്നമയ, മനോമയ, ജ്ഞാനമയ തലങ്ങളുടെ പരിപൂര്‍ത്തിയും വിച്ഛേദനവും സംഭവിക്കുന്നത് കാമാഖ്യയില്‍ വായിക്കാം. അതുപോലെ ദക്ഷിണാമൂര്‍ത്തിയുടെ ജീവിതപരിണാമങ്ങളുടെ വൈചിത്ര്യങ്ങള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെ. കാളി ദക്ഷിണാമൂര്‍ത്തിയോട് പറയുന്നു:
”മനസ്സാണ് സകലതിനും ആധാരം. അതിനെ കീഴടക്കി ഉള്ക്കണ്ണ് സമൂലാധാരമായിട്ടുള്ള ആ ബിന്ദുവിലുറപ്പിച്ച് കാതോര്‍ക്കുക. അപ്പോള്‍ എല്ലാം ഞാന്‍തന്നെയാണ്. എല്ലാം എന്റെതന്നെ ഇച്ഛയാണ്. ഞാനല്ലാതെ മറ്റൊന്നുമില്ലെന്ന തിരിച്ചറിവുണ്ടാകും. പ്രപഞ്ചമനസ്സിന്റെ അനന്തമായ ഹുംകാരം സുഷുമ്നയിലൂടെ പിടഞ്ഞുയര്ന്ന് ആയിരം ഇതളുള്ള അറിവിന്റെ സ്വര്‍ണ്ണത്താമരയില്‍ വിടര്‍ന്നുവിലസും.”
ഭുക്തിയും മുക്തിയും വേര്തിരിച്ചുകാണുന്നില്ലെന്നുള്ളതാണ് താന്ത്രിക മതത്തിന്റെ പ്രത്യേകത. അതൊന്നിനെയും നിഷേധിക്കുന്നില്ല. ആനന്ദത്തിന്റെ പരകോടിയിലേക്കുള്ള അനുയാത്രയായിട്ടാണ് അത് രതിയെ പോലും സമീപിക്കുന്നത്. അതുകൊണ്ടാണ് ആത്മജ്ഞാനിയും അദ്വൈതിയുമായ വാത്സ്യായനന്‍ കാമശാസ്ത്രത്തെ കുറിച്ച് ചിന്തിക്കുന്നത്. അറിവില്ലായ്മ രതിയെ അശ്ലീലവും ദുരൂഹവുമാക്കിയെന്ന് വാത്സ്യായനന്‍ പറയുന്നു. ഒരു സാധാരണമനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും തീവ്രമായ ആനന്ദം രതിമൂര്ച്ഛയാണെന്നും വാത്സ്യായനന്‍ നിരീക്ഷിക്കുന്നുണ്ട്. രതി എങ്ങനെ ആത്മീയമാകുന്നുവെന്ന അന്തര്‍ധാര വാത്സ്യായനന്റെ നിരീക്ഷണങ്ങളില്‍ വ്യക്തമാണ്. ”മൈഥുനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു തീവ്രധ്യാനം തന്നെയാണ്.” എന്നാല്‍ ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ ഈ നോവലിന്റെ പരിധിയില്‍ വരുന്നില്ല.
സമകാലിക വായനകളില്‍ നിന്നും കാമാഖ്യ വ്യത്യസ്തത പുലര്‍ത്തുന്നത് പൗരാണികമായ ബാഹ്യരൂപം കൊണ്ടു മാത്രമല്ല. അത് മനുഷ്യന്റെ നിയതമായ ആത്മാന്വേഷണങ്ങളുടെ പൊരുളുകള്‍ ചികയുകയും കണ്ടെത്തുകയും ചെയ്യുന്നതുകൊണ്ടുകൂടിയാണ്. പരമ്പരാഗത ആത്മീയാന്വേഷണങ്ങളുടെ രീതിശാസ്ത്രമല്ല കാമാഖ്യ പിന്തുടരുന്നത്. ഒരേസമയം ലളിതമായും ഗഹനമായും വായിച്ചെടുക്കാവുന്ന ആന്തരീകഘടനയും നോവലിനുണ്ട്. കാരണം, അറിയും തോറും ലളിതമായിത്തീരുന്നൊരു നിഗൂഢശാസ്ത്രമാണ് തന്ത്രം. അത് ഒന്നിനെയും നിരസിക്കാതെ, എല്ലാതിനെയും ആശ്ലേഷിച്ചുകൊണ്ടുള്ളൊരു മോക്ഷശാസ്ത്രത്തിന്റെ ബൃഹത്തായ ജ്ഞാനഭൂമികയാണ്.