” മുന്നറിയിപ്പ്: ഈ കഥയില്‍ A എന്നും B എന്നും C എന്നും പേരുള്ള മൂന്നു കഥാപാത്രങ്ങളുണ്ട്. അവരെ പ്രത്യേകം ശ്രദ്ധിച്ചുകൊള്‍ക. ”

അയാളൊരു കാല്‍പന്തു കളിക്കാരനായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തു വെറുംകാലില്‍ പന്ത് തട്ടിയാണ് അയാള്‍ വളര്‍ന്നത്. ടിയാന്‍ ആദ്യമായി പിച്ചവച്ച ദിവസം തന്നെ മുത്തശ്ശിയുടെ മുറുക്കിത്തുപ്പല്‍ നിറഞ്ഞ കോളാമ്പി ഇളം കാലുകൊണ്ട് ‘കിക്ക്’ ചെയ്ത കഥ അന്നാട്ടില്‍ പ്രസിദ്ധമാണ്. A-യും B-യും C-യും ഈ കഥ കേട്ടിരുന്നു. അന്ന് കോലായില്‍ നിന്നും മഴവില്ലുപോലെ വളഞ്ഞു താഴേക്ക് പറന്ന കോളാമ്പി, മുറ്റത്ത് ഒരു ഗോള്‍പോസ്റ്റിനു സമാനമായി നിലനിന്നിരുന്ന രണ്ടു കവുങ്ങുകള്‍ക്ക് നടുവിലാണ് വീണതെന്ന് കഥ കേട്ട അന്ന് തന്നെ അവര്‍ പറഞ്ഞുപരത്തി. ഒരു മനോഹരമായ തുന്നിച്ചേര്‍ക്കല്‍. ആദ്യത്തെ ഗോള്‍…

ദാരിദ്ര്യം ആവോളമുള്ള വീട്ടില്‍ ജനിച്ച അയാള്‍ ദാരിദ്ര്യം ആവോളമുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചത്. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ തോല്‍വി ശീലമാക്കിയതോടെ ഇന്റര്‍വെല്ലിനും പി.ടി. പിരീഡിലും മാത്രമല്ല, തോന്നുന്ന സമയത്തൊക്കെയും കാല്‍പന്തു കളിച്ചുകൊള്ളാന്‍ ഹെഡ്മാസ്റ്റര്‍ അയാളോട് പറഞ്ഞു. ഒഴിഞ്ഞ വയറുമായി പന്തുതട്ടി ഇന്ത്യന്‍ ടീമില്‍ കയറിയ ഒരു തൃശ്ശൂര്‍ക്കാരന്‍ പയ്യന്റെ കഥ ഹെഡ്മാസ്റ്റര്‍ അടുത്തിടെ പത്രത്തില്‍ വായിച്ചിരുന്നു. ഈ കുട്ടിയും എങ്ങാനും അതുപോലൊക്കെയായാലോ? സ്‌കൂളിന് അഭിമാനമല്ലേ? ആദ്യമായി പ്രോത്സാഹനം നല്‍കിയ ആളെന്ന നിലയ്ക്ക് പില്‍ക്കാലത്ത് ട്രോഫികള്‍ ഏറ്റുവാങ്ങുന്ന സമയം അവന്‍ ഈറനണിഞ്ഞ കണ്ണുകളോടെ തന്റെ പേര് പറയാതിരിക്കില്ല – അദ്ദേഹം മനസ്സിലോര്‍ത്തു. ഏ.ഇ.ഓ. സ്‌കൂളിലെത്തുന്ന ദിവസങ്ങളില്‍ കുളിച്ച് കുട്ടപ്പനായി ക്ലാസിലെത്തിക്കൊള്ളണമെന്ന നിര്‍ദ്ദേശവും ഹെഡ്മാസ്റ്റര്‍ അയാള്‍ക്ക് മുന്നില്‍ വച്ചിരുന്നു.

നാട്ടിലെ ചെറുകിട ടൂര്‍ണ്ണമെന്റുകളില്‍ അസാധ്യ പ്രകടനം കാഴ്ച വയ്ക്കാന്‍ തുടങ്ങിയതോടെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാളുടെ ചുറ്റും ലോക്കല്‍ ക്ലബുകള്‍ വട്ടമിട്ടു പറന്നു. ചിലര്‍ വട്ടമിടാതെ നേരെയും പറന്നു. ഓരോ കളി കഴിയുമ്പോഴും അയാളുടെ കൈയില്‍ നൂറിന്റെ നോട്ടുകള്‍ കിടന്നു പിടച്ചു. വയറ്റിനകത്താകട്ടെ ചുട്ടെടുത്ത ബ്രോയിലര്‍ കോഴിയും പിടച്ചു.

sunu k. v , story

മൊട്ടുസൂചി, രുദ്രാക്ഷം, ബട്ടണ്‍സ്, കര്‍പ്പൂരം തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്നൊരു കൊച്ചു കച്ചവടക്കാരനായിരുന്നു അയാളുടെ പിതാവ്. ആയിടെ അവതരിപ്പിച്ച ബഡ്ജറ്റില്‍ തന്റെ കടയിലുള്ള സാധനങ്ങളുടെ മാത്രം വില സര്‍ക്കാര്‍ തിരഞ്ഞുപിടിച്ചു കുറച്ചതിന്റെ ഗുട്ടന്‍സ് എന്താണെന്ന് കടയുടെ മുന്നിലുള്ള പുളിമരച്ചുവട്ടില്‍ ഇരുന്നും കിടന്നും ആലോചിക്കുകയും ഇടയ്ക്കിടയ്ക്ക് നെടുവീര്‍പ്പിടുകയും ചെയ്യുന്ന കാലത്താണ് മകന്റെ വളര്‍ച്ച. പന്തു കളിച്ചും നാല് ചക്രം ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യം ആ മനുഷ്യന് പുതിയൊരു അറിവായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം കട താഴിട്ടുപൂട്ടി. മൊട്ടുസൂചി, രുദ്രാക്ഷം, ബട്ടണ്‍സ്, കര്‍പ്പൂരം ഇത്യാദി കുഴിച്ചിടുന്ന കൂട്ടത്തില്‍ കടയുടെ താക്കോലും ഇട്ടു മൂടി. ശിഷ്ടകാലം മകന്റെ ചിലവില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു പോന്നു ആ പിതാവ്.

അയാള്‍ ഇതിനോടകം ദേശീയ ടീമിന്റെ പടിവാതിലിനു രണ്ടുമീറ്റര്‍ ഇപ്പുറം വരെ എത്തിയിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ദേശീയ ടീമില്‍ നിന്നും വിളി വരുമെന്ന അവസ്ഥ. നാട്ടുകാര്‍ ഫ്ളക്സ് അടിച്ചു കാത്തിരുന്നു. A-യും B-യും C-യും മൂന്നു നിറങ്ങളിലുള്ള മൂന്നു ഫ്ളക്സ് അടിച്ചുവച്ചിരുന്നു. ഫ്ളക്സ് അടിച്ച കാര്യം മൂവരും അന്യോന്യം പറഞ്ഞതുമില്ല.

പക്ഷെ നടന്നത് മറ്റൊന്ന്: പെങ്ങളുടെ മോന്‍ ചോറുണ്ണാന്‍ കൂട്ടാക്കാതിരുന്ന ഒരു തിങ്കളാഴ്ച അവനെ രസിപ്പിക്കാനായി അയാള്‍ ലുങ്കിയും മടക്കിക്കുത്തി പന്തുമെടുത്ത് മുറ്റത്തേക്കിറങ്ങി. അകത്തു ടിവിയിലപ്പോള്‍ ഓടിക്കൊണ്ടിരുന്ന സിനിമ ‘തിങ്കളാഴ്ച നല്ല ദിവസം’ ആയിരുന്നു എന്നത് തികച്ചും യാദൃശ്ചികത.

പന്ത് നിലം തൊടീക്കാതെ ഓരോ തവണ തട്ടുമ്പോഴും ചെറുക്കന്‍ തൊള്ള തുറക്കും. ആ ഗ്യാപ്പില്‍ പെങ്ങള്‍ അവന്റെ അണ്ണാക്കിലേക്ക് തൈരും പപ്പടവും കൂട്ടിക്കുഴച്ച ചോറുരുള തള്ളിയിറക്കും. ചേതമില്ലാത്ത ഉപകാരം തന്നെ. പ്ലേറ്റിലെ അവസാനത്തെ വറ്റും മരുമകന്റെ പള്ളയിലെത്തുന്നത് വരെ അയാള്‍ അഭ്യാസം തുടര്‍ന്നു. ഏതാണ്ട് ഒന്നരമണിക്കൂറോളം! പന്ത് നിലം തോട്ടേയില്ല!

sunu k. v , story

വിശ്രമ ജീവിതം ആനന്ദകരമാക്കുന്നതിനായി മകന്‍ സമ്മാനിച്ച അള്‍ട്രാ സ്ലിം സ്മാര്‍ട്ടഫോണിന്റെ മുപ്പത്തിയാറു എംപി ക്യാമറയിലൂടെ പിതാവ് ഈ ദൃശ്യങ്ങളെല്ലാം ചാരുകസേരയിലിരുന്നു പകര്‍ത്തുന്നുണ്ടായിരുന്നു. ചൂടോടെ, അങ്ങേയറ്റം അഭിമാനത്തോടെ അദ്ദേഹം മകന്റെ പ്രകടനം അടുത്തിടെ ആരംഭിച്ച തന്റെ ഫേസ്ബുക്കിലിട്ടു. എന്ത് പോസ്റ്റ് ചെയ്താലും നാലും മൂന്നും ഏഴു ലൈക്കുകളും ദുരൂഹമായ ഒരു ലവ് റിയാക്ഷനും മാത്രം വന്നുകൊണ്ടിരുന്ന പിതാവിന്റെ പ്രൊഫൈലില്‍ ഇത്തവണ കളി മാറി. ലൈക്കുകളുടെയും ഷെയറുകളുടെയും പ്രളയം! ഭാഗ്യം ചെയ്ത തന്ത, മകന്‍ പൊളിച്ചു-പൊരിച്ചു-കരിച്ചു തുടങ്ങിയ എണ്ണമറ്റ കമന്റുകള്‍!

എന്താണ് സംഭവിക്കുന്നതെന്ന് അയാളും പിതാവും പെങ്ങളും ചോറും തട്ടി മയക്കത്തിലേക്ക് വീഴാന്‍ തുടങ്ങിയ മരുമകനും തിരിച്ചറിയുന്നതിനു മുന്നേ സംഗതി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അന്തര്‍ദേശീയ തലത്തിലെത്താനും അധികനേരം വേണ്ടി വന്നില്ല. അന്തര്‍ദേശീയതലം എന്ന് പറയുമ്പോള്‍ അതില്‍ പ്രശസ്തമായൊരു സ്പാനിഷ് ക്ലബ് ഉടമയുടെ പുരയിടവും എട്ടേക്കര്‍ നിലവും കൂടി പെട്ടിട്ടുണ്ടായിരുന്നു. പഞ്ഞിമെത്തയില്‍ കിടന്നു വീഡിയോ കണ്ടയുടന്‍ ഉടമ അലറി. അടുത്ത് കിടന്നിരുന്ന ഭാര്യ ഭയന്നു നിലവിളിച്ചു…

ഉ: മാനേജറേ….!

മാ: യെസ് സര്‍, പറഞ്ഞാലും…

ഉ: കഴിഞ്ഞ സീസണില്‍ തന്റെയൊക്കെ വാക്കും കേട്ട് റെക്കോര്‍ഡ് തുകയ്ക്ക് ഞാന്‍ ടീമിലെത്തിച്ച മണുകുണാഞ്ചന്‍ എത്ര നേരം ഫ്രീ സ്റ്റൈല്‍ ചെയ്യുമെന്നാ പറഞ്ഞേ ?

മാ: സര്‍, അദ്ദേഹം ഒരു പത്തുമിനിറ്റോളം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ഉ: സോഴ്സ് ?

മാ: സര്‍, യൂട്യൂബ്…

ഉ: ഉണ്ട! അതെ യൂട്യൂബ് തന്നെയാടോ ഇപ്പൊ ദേ ഈ ചെറുക്കാനാണ് മിടുക്കന്‍ എന്ന് പറയുന്നത്…

മാ: അതിശയം തന്നെ!

ഉ: നിന്ന് വെള്ളമിറക്കാതെ ശത്രുക്കള്‍ റാഞ്ചും മുന്‍പ് അവനു വിലയിടാന്‍ നോക്കെടോ…

മാ: വലിയ ബുദ്ധിമുട്ടുണ്ടാകാനിടയില്ല സര്‍, അവന്‍ ഇന്ത്യക്കാരനാണ്…

ഉ: അത് ഭാഗ്യമായി. എളുപ്പമായി…

സ്‌പെയിന്‍ രജിസ്ട്രേഷനിലുള്ള ആഡംബര കാറുകള്‍ മുറ്റത്തു വരിവരിയായി കിടക്കുന്നതുകണ്ട നായകന്‍ ആശങ്കാകുലനായി. എന്ത് ചെയ്യണം? എന്ത് തീരുമാനമെടുക്കണം? ഒരു പത്തുമിനിറ്റ് ആലോചിക്കാന്‍ സമയം ചോദിച്ച ശേഷം അയാള്‍ മുറിക്കകത്തു കയറി വാതിലടച്ചു. കാത്തിരിപ്പിന്റെ സ്പാനിഷ് പുകയും എരിച്ചുകൊണ്ട് മാനേജരും സംഘവും ഉമ്മറത്ത് കുത്തിയിരുന്നു. ഒരു പുക ഭവ്യതയോടെ തൊഴുതുകൊണ്ട് നില്‍ക്കുന്ന പിതാവിന് നേരെ നീട്ടാനും മാനേജര്‍ മറന്നില്ല. എന്നിട്ട് ചോദിച്ചു.

sunu k. v , story

മാ: അപ്പോള്‍ ആ കാണുന്ന വയലിലാണ് മകന്‍ കാല്‍പ്പന്തു കളിക്കാറ് അല്ലേ?

പി: അതെ.

മാ: അങ്ങനെയെങ്കില്‍ വയലില്‍ കൃഷിയിറക്കുന്ന സമയം അയാള്‍ എവിടെ കളിക്കും?

പി: അടുത്ത നാട്ടില്‍ ആവശ്യത്തിലധികം കൃഷിയിറക്കാറുള്ളതുകൊണ്ടും അത് ഇവിടെയെത്തിക്കാന്‍ വലിയ ലോറികള്‍ ഉള്ളതുകൊണ്ടും ഞങ്ങള്‍ കൃഷിയുടെ പരിപാടി നിര്‍ത്തിയിട്ട് കാലം കുറച്ചായി യജമാനെ…

മാ: ഐ സീ…

കതകു തുറന്നു നായകന്‍ പുറത്തേക്ക് വന്നു. കയ്യിലൊരു ബാഗുമുണ്ട്. മാനേജരുടെ മുഖം തെളിഞ്ഞു. ‘ഓപ്പറേഷന്‍ സക്സസ് ‘ എന്ന് ഉടമയ്ക്ക് രഹസ്യമായി സന്ദേശമയച്ച ശേഷം അയാള്‍ കാറിന്റെ ഡോര്‍ തുറന്നു നായകനെ അകത്തേക്ക് ആനയിച്ചു. സന്ദേശം ലഭിച്ച മാത്രയില്‍ ഉടമ അടുത്തിരുന്നു മീന്‍ മുറിക്കുകയായിരുന്ന ഭാര്യയെ പൊക്കിയെടുത്തു നാല് വട്ടം കറക്കി. ചെന്നിക്കുത്തിന്റെ പ്രശ്‌നം കുട്ടിക്കാലം തൊട്ട് കൂടെയുള്ള ആ സ്ത്രീ ഒരു കൈയ്യില്‍ മീന്‍ കത്തിയുമായി തലകറങ്ങി തറയില്‍ വീണു.

അയാള്‍ നാടുവിട്ടതോടെ യഥാര്‍ത്ഥത്തില്‍ വെട്ടിലായത് പാവം A-യും B-യും C-യും ആയിരുന്നു. ദേശീയ ടീമിലേക്കുള്ള രംഗപ്രവേശനത്തിനു മോടി കൂട്ടാനായി അടിച്ചുവച്ച ഫ്‌ളക്സ് ഇനി പുഴുങ്ങി തിന്നണോ? അതോ പുഴുങ്ങാതെ തിന്നണോ? അരിശം തലയോട്ടിയില്‍ കയറിയ മൂന്നുപേരും മൂന്നു രീതിയില്‍, മൂന്നു താളത്തില്‍ പല്ലു കടിച്ചു. എന്നിട്ട് അന്യോന്യം അറിയിക്കാതെ രഹസ്യമായി തന്താങ്ങളുടെ ഫ്ളക്സ് അഗ്നിക്കിരയാക്കി.

സ്പെയിനിലും അയാള്‍ക്ക് നല്ല നേരം തന്നെയായിരുന്നു. കളിച്ച കളികളിലൊക്കെയും അയാള്‍ ഗോളുകള്‍ നേടി. ചുരുങ്ങിയ കാലം കൊണ്ട് പല വമ്പന്മാരെയും പിന്തള്ളി ഗോള്‍ വേട്ടയില്‍ മുന്നിലെത്തുകയും ചെയ്തു. സ്പാനിഷ് വിശേഷങ്ങള്‍ അറിഞ്ഞ A-യും B-യും C-യും ചെറുക്കന്റെ ചന്തിയേല്‍ വരച്ച വരെയെങ്കിലും തങ്ങളുടെ തലയില്‍ വരച്ചിരുന്നെങ്കിലെന്നു ആശിച്ചു. അവര്‍ ആശിച്ചുകൊണ്ടേയിരുന്നു. കാലം അതിനിടെ മുന്‍പത്തേക്കാള്‍ വേഗതയില്‍ കടന്നുപോവുകയും ചെയ്തു.

ആദ്യപകുതി തികയുന്നതിനു മുന്‍പേ തന്നെ ഹാട്രിക്ക് തികച്ചതിന്റെ ദേഷ്യത്തില്‍ ഒരു ദിവസം എതിര്‍ ടീം ഡിഫന്‍ഡര്‍ അയാളെ കള്ളക്കോലിട്ടു ഗ്രൗണ്ടില്‍ വീഴ്ത്തുകയുണ്ടായി. മുട്ടിലെ തൊലി അല്പം പോയിട്ടുണ്ട്, നിസ്സാരപരിക്കാണ്. എങ്കിലും ഒരു മാസത്തെ വിശ്രമമം വേണമെന്ന് ടീം ഡോക്ടര്‍. പണ്ട് ചെത്തിക്കാവ് സെവെന്‍സില്‍ താന്‍ ഒടിഞ്ഞ വിരലും വച്ച് ഫുള്‍ടൈം കളിച്ച് രണ്ടു ഗോളടിച്ച കഥയൊക്കെ പറഞ്ഞുവെങ്കിലും ക്ലബ് ഉടമ സമ്മതിച്ചില്ല. ആരോഗ്യമാണ് പ്രധാനം. പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരൂ.അദ്ദേഹം സ്നേഹപൂര്‍വ്വം അയാളെ വിശ്രമത്തിനയച്ചു. പരിചരണത്തിനായി സുന്ദരിമാരായ രണ്ടു പരിചാരികമാരെയും ആ വലിയ മനുഷ്യന്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പരിചരണം മടുത്ത അയാള്‍ പരിചാരികമാരെ പുറത്താക്കി വാതിലടച്ചു. വെറുതെയിരിക്കുമ്പോള്‍ ആരും ആലോചനയുടെ കെട്ടഴിച്ചുവിടുമെന്നാണല്ലോ. അയാളും ചെറുതായൊന്നു കെട്ടു പൊട്ടിച്ചു.

ഒരു പന്ത്. അതിനു പിറകെ ഇങ്ങനെ ഓടുന്നു, വിയര്‍ക്കുന്നു, വീണ്ടും ഓടുന്നു, എതിര്‍ടീമിന്റെ പ്രാക്ക് വാങ്ങുന്നു, സ്വന്തം ടീമിന്റെ കയ്യടി നേടുന്നു, ഉടമയുടെ മനസ് നിറയുന്നു, ഒപ്പം അങ്ങേരുടെ പത്തായം നിറയുന്നു, അതിങ്ങനെ നിറഞ്ഞു കവിഞ്ഞൊഴുകുന്നു… വല്ലാത്തൊരു ജീവിതം തന്നെ! എത്ര കാലം താനിങ്ങനെ കിടന്നോടും? ഒരു മടുപ്പ് തന്നെ ബാധിച്ചുവോ…

sunu k. v , story

എന്നും ഒരേ ജോലി തന്നെ ചെയ്തുകൊണ്ടിരുന്നാല്‍ ആരും യന്ത്രമായി പോകുമെന്ന് പറയുന്നത് എത്ര ശരിയാണ്! എന്തായാലും ജീവനുള്ള ഒരു യന്ത്രമായി മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. വേറെന്തു ചെയ്യും? കാല്‍പന്തുകളിയല്ലാതെ മറ്റൊന്നും തനിക്കറിയില്ലല്ലോ… അയാള്‍ കണ്ണുമടച്ചു കിടക്കയിലിരുന്നു. അല്‍പനേരം കഴിഞ്ഞു കണ്ണ് തുറന്നു ബാല്‍ക്കണിയില്‍ നിന്നു. പുറത്തു സ്പാനിഷ് പ്രാവുകള്‍ കൊക്കുരുമ്മിക്കൊണ്ട് കുറുകുന്നുണ്ട്. നല്ല സുഗന്ധമുള്ള ഇളം സ്പാനിഷ് കാറ്റ് വീശുന്നുമുണ്ട്. ഒരു കവിയാണ് ഇവിടെ ഇങ്ങനെ നില്‍ക്കുന്നതെങ്കില്‍ അയാള്‍ ഈ നഗരത്തെ കുറിച്ച് ഉറപ്പായും ഒരു കവിതയെഴുതിപ്പോകുമെന്നു അയാള്‍ക്ക് തോന്നി. ആ തോന്നല്‍ മറ്റൊരു തോന്നലിലേക്കും വഴി തെളിച്ചു.

എന്തുകൊണ്ട് തനിക്കൊരു കവിതയെഴുതിക്കൂടാ?

പണ്ട് മലയാളത്തിലും മലയാളം സെക്കന്റിലും ഒരുമിച്ചു പാസ്സായ ആ ദിവസം അയാളോര്‍ത്തു. ഏഴാം ക്ലാസ്സില്‍ വച്ചാണെന്നു തോന്നുന്നു. അന്ന് എല്ലാവരും തന്നെ അത്ഭുതത്തോടെ നോക്കിയിരുന്നു. ഈ രണ്ടു വിഷയങ്ങള്‍ മാത്രമാണ് സിലബസ് എങ്കില്‍ തനിക്കിങ്ങനെ തോറ്റു തോറ്റു പഠിക്കേണ്ട ഗതികേട് ഒരിക്കലും വരില്ലായിരുന്നു. നാട്ടിലെ വിദ്യാഭ്യാസ രീതിയോട് അയാള്‍ക്ക് കടുത്ത പുച്ഛം തോന്നി. അല്‍പനേരം അനങ്ങാതെ നിന്ന് പുച്ഛിച്ച ശേഷം അയാള്‍ നേരത്തെ പടിയടച്ചു പിണ്ഡം വച്ച പരിചാരികമാരില്‍ ഒരാളെ ഫോണ്‍ ചെയ്തു വരുത്തിച്ചു. ആകാംഷയോടെ ഓടിവന്ന അവളോട് കുറച്ചു പേപ്പറും പേനയും വേണമെന്ന് ആവശ്യപ്പെട്ട ശേഷം അയാള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നാലോചിച്ചു.

എന്തെഴുതും?

ആധുനികവും കഴിഞ്ഞുള്ള കവിത തന്നെയായിക്കളയാം. ഓരോ ദിവസവും പുതിയ വിഷയങ്ങള്‍ ഉദിച്ചുയരുന്ന കാലമായതിനാല്‍ വിഷയദാരിദ്ര്യം ഒട്ടുമില്ല. അയാള്‍ ഒരു നെടുനീളന്‍ കവിതയങ്ങു കാച്ചി. കാച്ചുക മാത്രമല്ല അത് മൊരിഞ്ഞു കഴിക്കാന്‍ പാകമായയുടന്‍ പണ്ട് തന്റെയൊപ്പം കണക്കും സയന്‍സും കേട്ട് അന്തം വിട്ട്, കഞ്ഞിപ്പുരയില്‍ കഞ്ഞിയാകുന്നുണ്ടോയെന്നു നോക്കിയിരുന്ന സഹപാഠിക്ക് അയക്കുക കൂടി അയാള്‍ ചെയ്തു. കണക്കിന്റെയും സയന്‍സിന്റെയും ഉപദ്രവമില്ലാത്ത ഒരു പത്രമോഫീസില്‍ കുഞ്ഞെഡിറ്ററാണ് മേല്‍പറഞ്ഞ സഹപാഠി വിദ്വാന്‍.

മൈലുകള്‍ക്കരെ നിന്ന് പഴയ കൂട്ടുകാരന്റെ കവിത കിട്ടിയ മാത്രയില്‍ കുഞ്ഞെഡിറ്റര്‍ ഓടിപോയി മൂന്നു ഗ്ലാസ് വെള്ളം കുടിച്ചു. എന്നിട്ട് കിതപ്പോടെ കവിത ഒരാവര്‍ത്തികൂടി വായിച്ചു. അസ്സലായിട്ടുണ്ട്. സമകാലിക ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍, തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ എത്ര മനോഹരമായാണ് കുറിയ വാക്കുകളിലൂടെ കാല്‍പന്തുകളിക്കാരനായ കൂട്ടുകാരന്‍ എഴുതിയിരിക്കുന്നത്! തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട കവിത തന്നെ.

‘മാസത്തില്‍ ഒരു തവണയെങ്കിലും നിനക്കിത് പോലെ പരിക്ക് പറ്റട്ടെ കൂട്ടുകാരാ, നിനക്ക് എനിയും എഴുതാന്‍ സമയം കിട്ടട്ടെ കൂട്ടുകാരാ…’ – എന്ന് കുഞ്ഞെഡിറ്റര്‍ കൂട്ടുകാരന് മറുസന്ദേശമയച്ചു.

ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കവിത അച്ചടിച്ചു വന്നു. കന്നിക്കവിത വെളിച്ചം കണ്ടുവെന്ന സന്ദേശം ലഭിച്ചപ്പോള്‍ അയാള്‍ മുറിയിലിരുന്ന് മുന്തിരിയും കടിച്ചുകൊണ്ട് ടിവി കാണുകയായിരുന്നു. അയാള്‍ക്ക് വലിയ സന്തോഷം തോന്നി.

കാല്‍പന്തുകളിക്കാരന്റെ കവിത വായനക്കാരിലേക്കെത്തിയത് A-യും B-യും C-യും വൈകിയാണ് അറിഞ്ഞത്. പുസ്തക വായന മൂവര്‍ക്കും പണ്ടേ കുറവായിരുന്നു. മാത്രമല്ല അങ്ങനെയൊരു മാസിക ഭൂമുഖത്തുള്ള കാര്യം പോലും അവര്‍ക്ക് അന്യമായിരുന്നു.sunu k. v , story

എന്നിരുന്നാലും ഒരു ദിവസം ഉച്ചയ്ക്ക് അവരത് കാണുക തന്നെ ചെയ്തു. ‘കാല്‍പന്തുകളിക്കാരന്റെ കവിത’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കറങ്ങിത്തിരിഞ്ഞ പോസ്റ്റ് കിതച്ചുകൊണ്ട് അവരുടെ ന്യൂസ്ഫീഡിലേക്കുമെത്തി. മിനിറ്റിലൊന്നു വീതം ഫേസ്ബുക്കില്‍ കയറി പ്രധാന സംഭവങ്ങള്‍ വിശകലനം ചെയ്യാറുള്ള മൂവരും സംഗതി കണ്ട് അന്തം വിട്ടു. ഇനിയും കാല്‍പന്തുകളിക്കാരനെ സഹിക്കാന്‍ വയ്യ, അവനെക്കൊണ്ടുള്ള അപമാനം താങ്ങാന്‍ വയ്യ! നേരം കളയാതെ അവര്‍ രഹസ്യമായി ഒത്തുകൂടി.

അടുത്തിടെ പൂട്ടിപ്പോയതും ഒരു കിറുക്കന്‍ തൊഴിലാളി തൂങ്ങിച്ചത്തതുമായ നെയ്ത്തുശാലയാണ് അവര്‍ രഹസ്യയോഗത്തിനായി തിരഞ്ഞെടുത്തത്. രഹസ്യയോഗം എന്നു പറയുന്നത് പിള്ളേര് കളിയല്ലാല്ലോ, അത് ശരിക്കുമൊരു രഹസ്യയോഗം തന്നെയായിരിക്കണമല്ലോ… നെയ്ത്തുശാലയ്ക്കകത്ത് A-യും B-യും C-യും നഖം കടിച്ചുകൊണ്ട് പരസ്പരം നോക്കി. കൈയിലെ പത്ത് വിരലിലെയും നഖം തിന്നു തീര്‍ത്ത് ഒരു ഏമ്പക്കവും വിട്ട് കാലിലെ നഖം കടിക്കാന്‍ തുനിഞ്ഞ C-യെ തടഞ്ഞുകൊണ്ട് A പറഞ്ഞുതുടങ്ങി.

A: യഥാര്‍ത്ഥത്തില്‍ അവനെഴുതിയ കവിത തന്നെയാണെങ്കിലോ അത്?

B: മണ്ടത്തരം പുലമ്പാതിരിക്കൂ മിസ്റ്റര്‍ A. പന്തിന് പിറകെ ഓടുന്നവന്‍ കവിത എഴുതിയ ചരിത്രമുണ്ടായിട്ടുണ്ടോ?

C: പശുവിനെ കറക്കുന്നവന്‍ പുലിയുടെ പാല് കറക്കുന്നത് സങ്കല്‍പിക്കാനാകുമോ?

A: അപ്പോ ഇതിലെന്തോ കളി നടന്നിട്ടുണ്ട്. സ്‌പെയിനിലെ ശീതികരിച്ച മുറിയിലിരുന്ന് പൊരിച്ച കോഴിയും സ്‌കോച്ച് വിസ്‌കിയും തട്ടിക്കൊണ്ട് അവന്‍ നമ്മള്‍ ഇന്ത്യാക്കാരുടെ കണ്ണില്‍ മണ്ണ് വാരിയിടുകയാണ്!

C: പക്ഷെ, നമ്മുടെ കൈയ്യില്‍ തെളിവൊന്നുമില്ലാത്ത സ്ഥിതിക്ക് മിണ്ടാതിരിക്കുകയല്ലേ നിര്‍വ്വാഹമുള്ളൂ…

മൂന്ന് പേരും വീണ്ടും ആലോചനയിലേക്കാണ്ടു പോയി. രഹസ്യയോഗം കഴിഞ്ഞിട്ട് താഴേക്കിറങ്ങാം എന്നു കരുതിയിരുന്ന കിറുക്കന്‍ തൊഴിലാളിയുടെ പ്രേതം കാത്തിരുന്ന് മുഷിഞ്ഞ് നെയ്ത്തുശാലയുടെ ഉത്തരത്തില്‍ തന്നെയിരുന്ന് ഉറങ്ങിപ്പോയി. സമയം കടന്നുപോയി. പുലര്‍ച്ചെ മൂന്ന് മണിയായി. പെട്ടെന്ന് വലയില്‍ ഇര വീഴുമ്പോള്‍ ഒരു ചിലന്തി കാണിക്കുന്ന അതേ ആവേശത്തോടെ B ചാടിയെഴുന്നേറ്റു.

B: മറ്റൊരു വഴിയുണ്ട്…

A: എന്താണത്?

B: കവിതയില്‍ വ്രണപ്പാടിനുള്ള സാധ്യതയുണ്ട്.

C: ആഴത്തിലുള്ളത്?

B: ആഴത്തിലുള്ളതാക്കി മാറ്റാവുന്നതാണ്…

A: മിസ്റ്റര്‍ B-യ്ക്ക് അതെങ്ങനെ മനസ്സിലായി?

B: പ്രിയപ്പെട്ട A, ചില കവിതകള്‍ നാം വരികള്‍ക്കിടയിലൂടെ പലയാവര്‍ത്തി വായിക്കേണ്ടതുണ്ട്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ…

A-യും B-യും C-യും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. നെയ്ത്തുശാലയുടെ പൊളിഞ്ഞുതുടങ്ങിയ ചുവരുകളില്‍ തട്ടി അവരുടെ ചിരി പ്രതിധ്വനിച്ചു. ഏതാനും വവ്വാലുകളും ഒരു മൂങ്ങയും പറന്നു പോയി. അവര്‍ ചുവടുകള്‍ വച്ചു, സൂര്യനുദിക്കും വരെ ആനന്ദം നൃത്തം തുടര്‍ന്നു. ശേഷം നെയ്ത്തുശാലയുടെ പുറത്തേക്കിറങ്ങിയ മൂന്ന് പേരുടെയും മുതുകത്ത് പൊട്ടിയൊലിക്കുന്നതും നാറുന്നതും ഈച്ചകള്‍ പൊതിയുന്നതുമായ വ്രണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. മൂന്ന് പേരും കൂവി വിളിച്ചുകൊണ്ട്, വിളംബരം പുറപ്പെടുവിക്കുന്ന രാജ ഭൃത്യന്മാരെപ്പോല്‍ മൂന്ന് ദിശയിലേക്ക് നീങ്ങി.

‘കവിതയാണ് കാരണം! കാല്‍പന്തുകളിക്കാരന്റെ കവിതയാണ് കാരണം!’

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook