കടലിലെ നക്ഷത്രങ്ങളും ആകാശത്തിലെ മീനുകളും

“എടാ, പറഞ്ഞ ചരിത്രം ഉണ്ട്, പറയാത്ത ചരിത്രം ഉണ്ട്, ഇത് രണ്ടും കൂടാണ്ട് മൂന്നാമതോന്നുകൂടെയൊണ്ട്. പറയാന്‍ പാടില്ലാത്ത ചരിത്രം, ഇവിടുള്ളത് ആ കൂട്ടത്തില്‍ പെടും”

anoop sasikumar,story

ഒരു ചരിത്ര ഗവേഷണത്തിന്റെ ഭാഗമായാണ് ലൂയിയെ വീണ്ടും കാണാന്‍ തീരുമാനിക്കുന്നത്.സംഭവം പറഞ്ഞു വരുമ്പോ കഞ്ഞികുടിപ്രശ്നം തന്നെ. ഫോര്‍ട്ടുകൊച്ചിയിലെ അറിയപ്പെടാത്ത മിത്തുകളെ പറ്റി എന്തെങ്കിലും കൊണ്ടുവന്നാല്‍ ഒരു UGC പ്രോജക്റ്റ് തരപ്പെടുത്താം എന്ന ഗൈഡിന്റെ പ്രലോഭനം കേട്ടാണ് ഈ പണിക്കിറങ്ങിയത്. PHD എന്ന് പറഞ്ഞു കയില് കുത്താന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം ആയി, സ്കോളര്‍ഷിപ്പ്‌ ഇപ്പൊ തീരും, ഇനിയും ഒരു വര്‍ഷം എങ്കിലും ഇല്ലാതെ അതില്‍ ഒരു തീരുമാനം ആകില്ല. പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി കിട്ടും എന്നു ഒരു ഉറപ്പും ഇല്ല, നാട്ടില്‍ വന്നിട്ട് ഒന്നും നടക്കാനും പോകുന്നില്ല.തീസിസ് വെച്ചാല്‍ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടും. ഡല്‍ഹി പോലെ ഒരു സ്ഥലത്ത് പുറത്തു താമസിക്കുന്നതിനെ പറ്റി ഇപ്പോളത്തെ അവസ്ഥയില്‍ ആലോചിക്കാന്‍ കൂടി വയ്യ.
അങ്ങനെ നോക്കുമ്പോ ഒരു പ്രോജക്റ്റ് വരുന്നത് എന്തുകൊണ്ടും നല്ലതാണ്. രണ്ടുമൂന്നു വര്‍ഷം എടുത്തു ചെയ്‌താല്‍ മതി, മാസം തോറും ഫെല്ലോഷിപ്പ് കിട്ടും. ഹോസ്റ്റലില്‍ തന്നെ താമസിക്കാം. PHD കഴിഞ്ഞാലും ജോലി കിട്ടുന്ന വരെ പിടിച്ചു നിക്കാന്‍ ഒരു ഇടം ആയി. പിന്നെ ഭാഗ്യമുണ്ടേല്‍ പ്രോജക്ടിന്റെ ഭാഗമായി ഒന്ന് രണ്ടു ഇന്റര്‍നാഷനല്‍ പബ്ലിക്കേഷന്‍ ഒത്തു കിട്ടും. ജോലിക്ക് വേണ്ടി നോക്കുമ്പോ അതും ഗുണം ചെയ്യും,മൊത്തത്തില്‍ ലാഭക്കച്ചവടം. ഇതൊക്കെ മനസ്സില്‍ വച്ചാണ് നാട്ടില്‍ വണ്ടിയിറങ്ങിയത്.
ചരിത്രം എന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. പറയുന്നതും എഴുതുന്നതും വായിക്കുന്നതും എല്ലാം ,നൂറു നൂറു ചോദ്യങ്ങള്‍ നമുക്ക് നേരെ വരും , ആശയ പ്രശ്നം ഉള്ളവരും ആമാശയ പ്രശ്നം ഉള്ളവരും ഒക്കെ വാല്(ള്‍) പൊക്കും.അങ്ങനെയുള്ളപ്പോള്‍ ചരിത്രഗവേഷണം എന്ന് പറഞ്ഞു നടക്കുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമെന്ന് വിചാരിക്കുന്നു. ഇല്ലെങ്കിലും കുഴപ്പമില്ല. നിങ്ങള്‍ എന്ത് വിചാരിച്ചാലും ചരിത്രം അതിനെ വഴിക്ക് പോകും, തിരുത്തപ്പെടുന്നത് വരെ.
ഫോര്‍ട്ട്‌കൊച്ചിയുടെ ചരിത്രം കാണിക്കുന്ന കുറെ ഡോകുമെന്റ്സ് ലൂയിയുടെ വീട്ടില്‍ ഉണ്ടെന്നു പണ്ട് അപ്പന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടായിരുന്നു, അതാണ്‌ ഇപ്പോളത്തെ പ്രതീക്ഷ.
ലൂയി, എന്റെ കുട്ടിക്കാല ചങ്ക് ബ്രോ. കുമ്പാരിപ്പാപ്പന്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന റൊസാരിയോയുടെ മകന്‍.പറങ്കി കോളനീടെ അറ്റത്തുള്ള ചുറ്റുമതിലുള്ള വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അര വട്ടുള്ള ലൂയി.
സ്കൂള്‍ കഴിഞ്ഞതോടെ ഞാനും അവനും രണ്ടു വഴിക്കായി. ഞാന്‍ മഹാരാജാസിലേക്ക് ഹിസ്റ്ററി പഠിക്കാന്‍പോയപ്പോ ലൂയി അവന്റെ അപ്പന്റെ ബിസിനെസ്സ് ഏറ്റെടുത്തിരുന്നു. ബിസിനെസ് എന്ന് പറയാന്‍ ഒന്നുമില്ല.ജൂതത്തെരുവിലെ ഒരു കടയില്‍ മലഞ്ചരക്ക് വ്യാപാരം, അതും പേരിനു മാത്രം.
ചൂണ്ടയുമായി മീന്‍ പിടിക്കാനിരിക്കുന്ന പാപ്പനെ ആണ് എനിക്കോര്‍മ്മ. പിടിച്ച മീനിനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞു കുരുക്കഴിച്ചു മീനെ തിരികെ വിടുന്ന പാപ്പന്‍ . ലൂയീടെ അമ്മ മരിച്ചേപ്പിന്നെ പാപ്പന്റെ കാര്യം ആകെ കഷ്ടമായിരുന്നു. പൊതുവേ തന്നെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ വല്യ ശ്രദ്ധ ഒന്നും ഇല്ലാണ്ടിരുന്ന മനുഷ്യന്‍, അത് അങ്ങേയറ്റമായി. കുമ്പാരിപ്പാപ്പന് വട്ടായീന്നു നാട്ടുകാര്‍ മൊത്തം പറഞ്ഞു നടക്കാന്‍ തുടങ്ങി. രാത്രി മുഴുവനും പുള്ളി ഒരു റാന്തലും കത്തിച്ചു പിടിച്ചു മട്ടാഞ്ചേരികൂടെ അലഞ്ഞു തിരഞ്ഞു നടക്കും, ആകാശം നോക്കി ബോട്ട് ജെട്ടിയില്‍ കിടന്നുറങ്ങും.തൂണിനോടും പട്ടിയോടും പൂച്ചയോടും ഒക്കെ ഏതൊക്കെയോ ഭാഷയില്‍ സംസാരിക്കുന്ന കാണാം. anoop sasikumar , story
അങ്ങനെ ഒരു ദിവസം പാപ്പന്‍ ബോട്ട് ജെട്ടിക്കടുത്തു ചത്ത്‌ കിടക്കുന്ന കണ്ടു.അത് കഴിഞ്ഞു ലൂയി ആകെ മാറി, പിന്നെ ഞങ്ങള് തമ്മില്‍ അധികം കണ്ടു പോലുമില്ല. ഞാനും വല്യ അടുപ്പത്തിനൊന്നും പോയില്ല. പോകാമായിരുന്നു എന്നു ഇപ്പൊ തോന്നുന്നു, ഏതായാലും ആവശ്യം നമ്മടെതായി പോയില്ലേ?ഇതിപ്പോ തന്നെ 10 വര്‍ഷത്തിനു മേലെ ആയി അവന്റെ വീട്ടില്‍ പോയിട്ട്. ഇങ്ങനോരോന്നാലോചിച്ചു ഒടുക്കം ലൂയീടെ വീട്ടിനടുത്തെത്തി.
വല്യ മാറ്റമൊന്നുമില്ല,വീട് അത് പോലെ തന്നെ, മുറ്റമൊക്കെ കാട് പിടിച്ചു കെടക്കുന്നു, പക്ഷെ ആള്‍താമസം ഉള്ളതിന്റെ ലക്ഷണം ഒക്കെ കാണാനുണ്ട്. ഗേറ്റ് പൂട്ടിയിട്ടില്ലായിരുന്നു, ഞാന്‍ അത് തള്ളിതുറന്ന് അകത്തു കേറി. മുമ്പിലെ വാതില്‍ അകത്തൂന്ന് അടച്ചിട്ടിരിക്കുന്നു. പഴയ രാവണന്‍ കോട്ട വാതില് പോലെ ഒരു വല്യ വാതില്‍, അതില്‍ ഒരു വെള്ളി പിടിയും. ഞാന്‍ കതവില്‍ മുട്ടി. അകത്തു ആള്‍ ഉണ്ടോ ഇല്ലേ എന്ന് പോലും അറിയാന്‍ നിവര്‍ത്തിയില്ല. എന്തായാലും വാതില് തുറന്നു കിട്ടി.
വാതില് തുറന്നു തന്ന ലൂയിയെ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി. ആളാകെ മാറിപ്പോയിരിക്കുന്നു. ചുവന്നിരിക്കുന്ന കണ്ണ്, വാതില്‍ തുറന്നു പിടിച്ചിരിക്കുന്ന കയ്യില്‍ മനുഷ്യനു മനസിലാവാതെ ഏതോ ഭാഷയില്‍ മുഴുവന്‍ പച്ച കുത്തിരിക്കുന്നു.അവന്റെ കണ്ണില്‍ നോക്കാന്‍ കൂടെ പേടിയായി.ചെറുപ്പത്തിലെ പരിചയം ഒന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല, എന്തായാലും മുഖത്ത് വാതില്‍ അടച്ചില്ല,കയറി വരാന്‍ പറഞ്ഞു.
വീടിനകം മുഴുവനും ഏതോ പോലെ, മൊത്തത്തില്‍ ഒരു ഇരുട്ട് മയം. അഴുക്ക് എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ എന്തോ ഒരു പന്തികേട്‌. പലയിടത്തും കുറെ പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു , ഇത് വരെ കണ്ടിട്ടില്ലാത്ത പല സാധനങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ ഇരിക്കുന്നു. ഭിത്തി മുഴുവനും ലതീനും ഗ്രീക്കും, പിന്നെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത എതൊക്കെയോ ഭാഷയില്‍ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു. മുറിയുടെ ഒരു മൂലയില്‍ ഒരു വലിയ വൃത്തം വരച്ചിരിക്കുന്നു,അതിനകത്തും പുറത്തും എന്തൊക്കെയോ വരച്ചിട്ടുമുണ്ട്‌. ഇനിയിവന്‍ ചാത്തന്‍ സേവ തുടങ്ങിയോ എന്ന് ഒരു മിനിട്ട് സംശയിച്ചു പോയി. മേശപ്പുറത്തു ഒരു കഞ്ചാവ് പൊതി കണ്ടപ്പോ ആ സംശയം മാറി, അവന്‍ കിളി പറത്തി കളിക്കുവായിരിക്കും. കിളിയോ പട്ടമോ പറത്തട്ടെ, നമക്ക് നമ്മടെ കാര്യം നടക്കണം. കുറച്ചു നേരം അതുമിതും പറഞ്ഞിരുന്ന ശേഷം ഞാന്‍ പതുക്കെ കാര്യത്തിലേക്ക് കടന്നു.
“നിങ്ങളീ പറയുന്ന ചരിത്രം കൊണ്ട് ആര്‍ക്കാ ഉപയോഗം?”, അവന്‍ എടുത്ത വായ്ക്കു ചോദിച്ചു.
“അല്ല, നമ്മുടെ പാസ്റ്റ്”…
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിച്ചില്ല.
“ഇന്നലെ എന്ത് നടന്നു എന്നറിയാന്‍ ചരിത്ര പുസ്തകം വായിക്കണ്ട കാര്യമോന്നുമില്ല, നാലുപാടും കണ്ണ് തൊറന്നു നോക്കിയാ മതി, വൃത്തിക്കു കാണാം , കാര്‍ന്നോമ്മാര് ചെയ്തു വെച്ച നല്ലതും ചീത്തേം”.
ലൂയീടെ മറ്റും മാതിരീം ഒത്തിരി മാറിയിരിക്കുന്നു, എനിക്ക് അതിന്റെ കാരണം മനസിലായിരുന്നു. അപ്പന്റെം അമ്മേടേം ശ്രദ്ധ കിട്ടാതെ വളര്‍ന്ന കുട്ടിയാണവന്‍. റൊസാരിയോപ്പാപ്പന്‍ മരിച്ച ശേഷം അവനെ നോക്കിയത് മുഴുവന്‍ തോമാച്ചന്‍ ആണ് . അപ്പാപ്പന്റെ ഒരു അകന്ന ബന്ധു. പക്ഷെ അങ്ങേര്‍ക്ക് ഇവനെ എത്ര കണ്ടു ശ്രദ്ധിക്കാന്‍ പറ്റും?
അപ്പനപ്പൂപ്പന്മാരുടെ വട്ടു മുഴുവന്‍ ഇവനും കിട്ടീട്ടുണ്ടെന്നു വേണം കരുതാന്‍. ഇവന്റെ വല്യപ്പാപ്പനും ആയുസെത്താതെ മരിച്ചതാണെന്ന് അമ്മാമ്മ പറഞ്ഞുള്ള അറിവുണ്ട്. തലമുറ കൈമാറി വന്ന ഭ്രാന്ത്. അന്ന് കുമ്പാരി പാപ്പന്‍, ഇന്ന് ലൂയി. എന്റെ ഇരിപ്പുകണ്ടിട്ടാണോ എന്നറിയില്ല, അവനു ചെറിയ ഭാവമാറ്റം ഉണ്ടായി. കസേരേന്നെണീറ്റ് അവന്‍ പറഞ്ഞു:
“ഇവിടുള്ള സാധനങ്ങള്‍ ഒന്നും നിന്നെ കാണിക്കാന്‍ പറ്റില്ല ആന്റോ, പുറമേ നിന്നുള്ളോര്‍ക്ക് അതൊന്നും കാണിച്ചു കൊടുക്കരുതെന്നപ്പന്‍ പറഞ്ഞിട്ടുണ്ട്. നിനക്കിതൊക്കെ എന്തിനാന്നു എനിക്ക് മനസിലാകും. പക്ഷെ,ഇതും കൊണ്ട് ചെന്നാല്‍ നിന്റെ ഒള്ള കരിയര്‍ കൂടി നാശമായി പോകുകെ ഉള്ളൂ.”
“അതെന്താടാ അങ്ങനെയെന്താ ഇവിടെ ഉള്ളത്?”
“എടാ, പറഞ്ഞ ചരിത്രം ഉണ്ട്,പറയാത്ത ചരിത്രം ഉണ്ട്, ഇത് രണ്ടും കൂടാണ്ട് മൂന്നാമതോന്നുകൂടെയൊണ്ട്. പറയാന്‍ പാടില്ലാത്ത ചരിത്രം, ഇവിടുള്ളത് ആ കൂട്ടത്തില്‍ പെടും”.
“സാധനം തരാന്‍പറ്റില്ലേ നീ അത് പറ, ചുമ്മാ തള്ളാതെ.”
“നീ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല, പക്ഷെ ഞാന്‍ പറഞ്ഞതാ അതിനെ മൊറ”
ഇനിയെന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ചുമ്മാ ചുറ്റിനും നോക്കി. ഭിത്തിയിലെ എഴുത്തും വരേം ഒക്കെ കണ്ടു.
“നീ എപ്പോളാ ഗ്രീക്കും ലതീനും ഒക്കെ പഠിച്ചത്?”
“അതൊക്കെ പഠിച്ചു,ഓരോ ആവശ്യം വന്നപ്പോ.”
ആവശ്യം എന്താന്നു ചോദിയ്ക്കാന്‍ മനസ് വന്നില്ല, ഒരു പക്ഷെ. ചോദിച്ചാലും അവന്‍ പറയില്ലന്നറിയാവുന്ന കൊണ്ടാകാം. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെ സംസാരിച്ചിരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലാതായപ്പോ ഇല്ലാത്ത ഒരു തിരക്ക് ഉണ്ടാക്കി ഞാനവിടുന്ന് ഇറങ്ങി പോന്നു.anoop sasikumar, story
വീട്ടിലേക്കു വരുന്ന വഴിയെല്ലാം എന്റെ ചിന്ത ലൂയി പറഞ്ഞതിനെ പറ്റി ആയിരുന്നു. അങ്ങനെ പുറത്തു പറയാനാകാത്ത എന്ത് ചരിത്രമായിരിക്കും അവന്റെ കയ്യില്‍ ഉള്ളത്? അവന്‍ പറഞ്ഞത് വെച്ച് നോക്കുമ്പോ ഏതോ കാര്യമായ കുഴപ്പം ഉണ്ട്. ഒരു കോണ്‍സ്പിരസി തിയറി ലൈന്‍. ഇല്ലൂമിനാറ്റിയെയും ഫ്രീ മാസണ്‍സിനെപോലെയും ഇനി ഫോര്‍ട്ട്‌ കൊച്ചിയിലും എന്തെങ്കിലും ഉണ്ടാകുമോ? പക്ഷെ പറഞ്ഞത് ലൂയിയാണ് ,വെളിവോടുകൂടെ പറഞ്ഞതാണോ അതോ കിളി പോയി പറഞ്ഞതാണോ എന്നുകൂടി നിശ്ചയമില്ല. പക്ഷെ ഒന്ന് തപ്പി നോക്കാം,പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ? ഏതായാലും ലീവെടുത്ത് നാട്ടില്‍ വന്നു, ഇനി ഉള്ള സമയത്ത് എന്തെങ്കിലും കാട്ടിക്കൂട്ടിയെ പറ്റൂ.
എന്ത് ചെയ്യണം എന്നാലോചിച്ചുള്ള നടപ്പിന്റെ ഒടുക്കം മങ്ങാട്ടുമുക്കിലെ കാപ്പിരി മുത്തപ്പന്റെ തറയ്ക്ക് മുമ്പില്‍ എത്തി. ഒരു നിമിഷം അവിടെ നിന്ന് ആലോചിച്ചു. എന്തോ മനസ്സില്‍ കിടന്നു വിങ്ങുന്നു,കണ്ടു മറന്ന ഏതോ ഒരു കാഴ്ച. പെട്ടെന്നാണ് അത് ഓര്‍മ്മ വന്നത്, ലൂയിയുടെ വീട്ടിലെ മന്ത്രക്കളം !
ഇനിയിപ്പോ പിശാചിന്റെ സേവയാണോ ആവോ? അവന്റെ കുടുംബക്കാര്‍ക്ക് മന്ത്രവാദോം മാരണോമുണ്ട് എന്നും കടമറ്റത്തച്ഛന്റെ അടുത്തൂന്ന് ഇവന്റെ കാര്‍ന്നോമ്മാമാരില്‍ ഒരാള്‍ വിദ്യ പഠിച്ചു എന്നും പറച്ചിലുണ്ട്. ദൈവ വഴിക്ക് നടക്കാത്ത കൊണ്ടാണ് ആ കുടുംബത്തിലെ എല്ലാരും ആയുസെത്താണ്ടെ ചാവുന്നത്, എല്ലാം സാത്താന്റെ സന്തതികള്‍ ആണ് എന്നൊക്കെയാണ് അമ്മാമ്മ പറയുന്നത്. സ്വന്തം ആത്മാവിനെ വിറ്റ് ശക്തികള്‍ നേടിയെടുക്കുന്ന കൂട്ടം. ഒടുവില്‍ പിശാച് വന്നു വിളിക്കുമ്പോ പോയെ പറ്റൂ.
പക്ഷെ അതൊക്കെ പഴംകഥകള്‍ ,എനിക്ക് വേണ്ടത് വയറ്റിപിഴപ്പിനുള്ള എന്തെങ്കിലും ആണ്. അതിനു അവന്‍ തന്നെ വിചാരിക്കണം. അവന്റെ കയ്യിലുള്ള രേഖകള്‍ എങ്ങനെയെങ്കിലും പുറത്തു കൊണ്ടുവരണം എന്നാലെ കാര്യങ്ങള്‍ നടക്കൂ. അപ്പൊ അതിനുള്ള വഴി നോക്കണം. അവന്റെ പുറകെ നടന്നു കാലു പിടിച്ചിട്ടാണെങ്കിലും കാര്യം സാധിച്ചെടുക്കണം. ഇനിയുള്ള ദിവസങ്ങള്‍ അതിനു വേണ്ടിയാണ്. ആലോചിച്ചു നടന്നു വീട്ടില്‍ എത്തി. കൊറേ നാള്‍ക്കു ശേഷം മീന്‍ കൂട്ടി ചോറുണ്ടു, നേരത്തെ കിടന്നുറങ്ങി. ഉറക്കത്തില്‍ എന്തൊക്കെയോ സ്വപ്‌നങ്ങള്‍ കണ്ടു, അതില്‍ ആറടി ഉയരമുള്ള, ചുരുട്ട് വലിക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ എണീറ്റു ഒരുകുറ്റിപുട്ടും അകത്താക്കി നേരെ എറണാകുളം ലൈബ്രറിയിലേക്ക് വെച്ച് പിടിപ്പിച്ചു. ലൂയിയെ വീണ്ടും കാണുന്നേനു മുമ്പേ ഇവിടുന്ന് എന്തെങ്കിലും കിട്ടുവോ എന്നു നോക്കണം.സാധ്യത കുറവാണ്, എന്നാലും തിരഞ്ഞു നോക്കാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ. ലൈബ്രറിയന്‍ ഒരു പഴയ ചങ്ങാതി ആണ്. കാര്യം പറഞ്ഞപ്പോള്‍ തന്നെ പുള്ളി വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. ഒരു കെട്ട് പുസ്തകങ്ങളുമായി ഞാന്‍ പണി തുടങ്ങി. തിരഞ്ഞു, കൊറേ തിരഞ്ഞു. പുസ്തകങ്ങളില്‍ വല്യകാര്യമായി ഒന്നും കണ്ടില്ല. ഇനി ആകെയുള്ളത് പഴയ കുറേ മാനുസ്ക്രിപ്ടുകളുടെ ഫോട്ടോകോപ്പികള്‍ ആണ്. ഒറിജിനല്‍ പലതും കളഞ്ഞു പോയി, അല്ലെങ്കില്‍ മ്യൂസിയത്തിലേക്ക് മാറ്റി.
എന്തെങ്കിലും കിട്ടിയേക്കും എന്നു വിചാരിച്ചു അതില്‍ കൂടെ തിരയാം എന്ന് തീരുമാനിച്ചു. കൂടുതലായുള്ളത് പോര്‍ത്തുഗീസ് അധിനിവേശ കാലത്തെ രേഖകള്‍ ആണ്. അതും കപ്പല്‍ വ്യാപാരവുമായി ബന്ധപെട്ടുള്ള കാര്യങ്ങള്‍.പിന്നെ കുറേ എഴുത്തുകളും. ഇതിന്റെയൊക്കെ കോപ്പി എടുത്തു വെച്ചിരിക്കുന്നു എന്നല്ലാതെ ആരും കാര്യമായിട്ടൊന്നും ഇത് വരെ ചെയ്തിട്ടില്ല. പലതും എടുത്തു നോക്കി. 15ആം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും ഭാഷ ആണ്. ശരിയായ അര്‍ഥം മനസിലാക്കിയെടുക്കാന്‍ കുറേ കഷ്ടപ്പെട്ടു.
അവസാം ഒരു കത്ത് കയ്യില്‍ തടഞ്ഞു, മുഴുവനും ഇല്ല, കുറച്ചു ഭാഗങ്ങള്‍ മാത്രം. വാസ്കോ ഡാ ഗാമയുടെ മരുമകന്‍ എസ്താവോ ഡി ഗാമാ പെദ്രോ അല്വരാസ് കബ്രാളിന് എഴുതി എന്ന് കരുതപ്പെടുന്ന കത്തിന്റെ ഒരു ഭാഗം. ഓടിച്ചു വായിച്ചപ്പോള്‍ ഒരു പേര് പെട്ടെന്ന് മനസ്സില്‍ തട്ടി, Compadre Ittiyavirah, ഇട്ടിയവിരാ കുമ്പാരി എന്ന് മലയാളം. ലൂയീടെ കുടുംബത്തിലെ കാരണവര്‍മാര്‍ക്കുള്ള വിളിപ്പേരാണത്. യാദൃശ്ചികമാകാനുള്ള സാധ്യത തീരെ കുറവാണ്. ആദ്യം തൊട്ടേ കത്ത് മനസിരുത്തി വായിച്ചു.
പ്രിയ കബ്രാള്‍ ,
വിഷമിക്കേണ്ട കാര്യമില്ല.അങ്ങയും എന്റെ അമ്മാവനും ഞാനും ഒത്തുചേര്‍ന്നു ചെയ്ത തെറ്റ് ഞാന്‍ തിരുത്തിക്കഴിഞ്ഞിരിക്കുന്നു. ചക്രവര്‍ത്തി മാനുവല്‍ ഒരുപക്ഷേ കോപിച്ചേക്കം, പക്ഷെ സാരമില്ല. ഞങ്ങളിവിടെ ഉപേക്ഷിച്ചുപോയതിനെയെല്ലാം പിടിച്ചുകെട്ടാന്‍ ഇട്ടിയവിരാ കുമ്പാരി…
അവിടം കൊണ്ട് കത്ത് തീര്‍ന്നു. കാര്യങ്ങള്‍ ഒന്നുകൂടി കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. ഇത് വരെ കേട്ടിട്ടില്ലാത്ത ഒരു ചരിത്രം ആണ് ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്. കബ്രാള്‍ എന്ത് ചെയ്തിട്ടായിരിക്കും ഇത്ര കണ്ടു വിഷമിക്കുന്നത്? പോര്‍ത്തുഗീസ് ചക്രവര്‍ത്തി മാനുവല്‍ കബ്രാളിന്റെ രണ്ടാം ഇന്ത്യന്‍ യാത്ര തടഞ്ഞു എന്നും, രാജ സദസില്‍ നിന്ന് കബ്രാലിനെ പുറത്താക്കി എന്നും ചരിത്രമുണ്ട്. പക്ഷെ അതിന്റെ കാരണം ഇത് വരെ ആരും കൃത്യമായി കണ്ടു പിടിച്ചിട്ടില്ല. ഈ കത്തിന്റെ ബാക്കി കിട്ടിയാല്‍ ഒരു പക്ഷെ ഉത്തരം കിട്ടിയേക്കും. ഒരു മേജര്‍ പ്രോജെക്ടിനുള്ള വകുപ്പുണ്ട്. നല്ല രണ്ടു മൂന്നു ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ പബ്ലിക്കേഷന്‍സ്. മാസം തോറും ഫെല്ലോഷിപ്‌, മനസില്‍ ഒന്ന് രണ്ടു ലഡ്ഡു പൊട്ടി.
പക്ഷെ പെട്ടെന്ന് തന്നെ പൊട്ടിയ ലഡ്ഡു ഒക്കെ തൂത്ത് വാരി കളയേണ്ടി വന്നു. ആകെ ഒരു പേര് മാത്രമേ ഉള്ളു, അതും ഒരു ഫോട്ടോകോപ്പി കടലാസില്‍, മുഴുവന്‍ കത്ത് പോലും ഇല്ല. ഇട്ടിയവിരാ കുമ്പാരി എന്നവാക്കും വെച്ച് ലൂയീടെ മുമ്പില്‍ പോയാല്‍ അവന്‍ എന്ത് ചെയ്യും എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. എന്തായാലും ഒന്ന് തീരുമാനിച്ചു. എന്ത് ചെയ്താലും വേണ്ടില്ല, ഇതിന്റെ ബാക്കി കണ്ടുപിടിക്കണം.
വായിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. വയറു സൈറന്‍ മുഴക്കുന്നു, സമയം നാല് മണി ആയി. ലൈബ്രറിയനെ കണ്ടു യാത്ര പറഞ്ഞു നേരെ പുറത്തിറങ്ങി. അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി നല്ല പൊറോട്ടേം ബീഫും കഴിച്ചു, അതിന്റെ സന്തോഷത്തില്‍ ഒരു ചായേം കുടിച്ചു നാട്ടിലേക്കുള്ള ബസ് പിടിച്ചു.കവലേല്‍ എത്തിയപ്പോ മണി ഏഴു കഴിഞ്ഞു, പണ്ടാര ട്രാഫിക്‌. അവിടെ കണ്ടവര്ടെ അടുത്തൊക്കെ ചുറ്റി തിരിഞ്ഞു ദില്ലീലെ കഥേം പറഞ്ഞു നിന്നപ്പോ കുറച്ചൂടെ സമയം പോയി. എല്ലാവനും ആപ്പിനെ പറ്റീം കനയ്യെ പറ്റീം അറിഞ്ഞാല്‍ മതി. ചരിത്രം പഠിക്കാന്‍ നീയെന്തിനാ അങ്ങോട്ടൊക്കെ പോകുന്നെ, ഇവിടെ നാട്ടില്‍ കോളേജ് ഇല്ലേ? ഈ PHD കിട്ടിയാല്‍ ചികിത്സിക്കാന്‍ പറ്റുവോ എന്നൊക്കെ ചോദിച്ച ടീമാണ് ഇപ്പൊ കഥയറിയാന്‍ വന്നിരിക്കുന്നെ.anoop sasikumar, story
എന്തായാലും ഇനി വീട്ടിപ്പോകാം എന്ന് കരുതി നടപ്പോ ഏതാണ്ട് പത്തു മീറ്റര്‍ മുന്നേ ലൂയി നടന്നു പോണു. ഇവനീ നേരത്ത് എങ്ങോട്ടാ എന്നും സംശയിച്ചു ഞാന്‍ ഒരു മിനിറ്റ് അവിടെ നിന്നു. ഏതായാലും വേറെ പണിയൊന്നുമില്ല. അപ്പൊ ഇവന്റെ പുറകെ ചുമ്മാ പോകാം. ഏതാ സീന്‍ എന്ന് അറിയാമല്ലോ. ഗ്യാപ് കിട്ടിയാ കാര്യം ഒന്ന് കൂടി അവതരിപ്പിക്കാം.ഞാനും പുറകെ വിട്ടു. ആള് പോയത് ബീചിലെക്കാണ്. ഈ രാത്രി അവിടെ ഇവന്‍ എന്തുണ്ടാക്കാന്‍ പോണു? ആ ?
നടന്നു നടന്നു അവസാനം ബീച്ചില്‍ എത്തി. അവിടെങ്ങും ആരും തന്നെ ഇല്ല, ഒരു തെങ്ങിന്‍ മറഞ്ഞു ഞാന്‍ ഒളിച്ചു നിന്നു. ലൂയി നേരെ മുമ്പോട്ടു വെച്ച് പിടിക്കുന്നുണ്ടായിരുന്നു. ഒടുക്കം അധികം നോട്ടം എത്താത്ത സ്ഥലത്ത് അവന്‍ നിന്നു.
കയ്യിലിരുന്ന ചെറിയ വടി മണലേല്‍ കുത്തി നിര്‍ത്തി അവനവിടിരുന്നു.അപ്പോളാ തോന്നിയത്, ഈ വടി എവിടെയോ കണ്ടിട്ടുണ്ട്. അവന്റെ വീട്ടിലാണോ, അവന്റെ അപ്പന്റെ കയ്യില്‍ ആണോ എന്ന് ഓര്‍മയില്ല, ആ, ചിലപ്പോ ആയിരിക്കും. എന്തായാലും നോക്കാം.
ലൂയി എല്ലാം മറന്ന മട്ടിലാണ് ഇരിപ്പ് . വലിച്ചത് നല്ല സാധനം ആണെന്ന് തോന്നുന്നു. കൊച്ചീല്‍ എപ്പോ തൊട്ടാണ് ഇത്ര നല്ല സ്റ്റഫ്‌ കിട്ടി തുടങ്ങിയത്? ഇത് വരെ കണ്ടതൊക്കെ ചാത്തന്‍ സാധനങ്ങള്‍ ആണ്. ഇനിയിപ്പോ ഇടുക്കി ഗോള്‍ഡ്‌ ആണോ ആവോ? റിസര്‍ച്ച് എന്നും പറഞ്ഞു രാത്രിയില്‍ വലിച്ചു കൂടിയ ജോയിന്റുകളുടെ കുറ്റികള്‍ ഒരു നിമിഷം മനസിലേക്ക് വന്നു.
ചെറിയ കാറ്റുണ്ട്, അന്തരീക്ഷം ഒക്കെ മാറുന്ന പോലെ. മഴ ആണേല്‍ പണി കിട്ടി. കാറ്റിനെ ശക്തി കൂടി വരുന്നു. കരിയിലേം പൊടീം ഒക്കെ പറക്കുന്നുണ്ട്! കണ്ണില്‍ മണലും പോയി. ഒരു രീതീല്‍ കണ്ണ് തിരുമ്മി തുറന്നപ്പോ ലൂയീടെ കൂടെ വേറൊരാള്‍ നിക്കുന്നു. ഇങ്ങേരിതിപ്പോ എവിടുന്നു വന്നു?
വല്യ പൊക്കം ഒന്നും ഇല്ല, ഒരു അഞ്ചടി നാലിഞ്ച് പരമാവധി. ഒരു മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ. മീന്‍ പിടിക്കാന്‍ വന്ന ആരേലും ആയിരിക്കും. അവര് തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു, ഒന്നും തിരിയുന്നില്ല. കുറച്ചു നേരം കഴിഞ്ഞപ്പോ രണ്ടു പേരുടേം മിണ്ടാട്ടം നിന്നു. പിന്നേം കാറ്റ് വീശി തുടങ്ങി. ഇത്തവണ ഞാന്‍ കണ്ണുപൊത്തി നിന്നു. കണ്ണീ മണല് വീഴുകാന്നുള്ളത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. കണ്ണ് തുറന്നപ്പോ ലൂയി മാത്രം, മറ്റേ കക്ഷി പിന്നേം മുങ്ങി.ലൂയി വരുന്നേനുമുമ്പേ ഇവിടുന്നു പോകണം.അവന്‍ കണ്ടാല്‍ ശരിയാവില്ല,അതോര്‍ത്തു ഞാന്‍ നടന്നു നീങ്ങി. മെയിന്‍ റോഡിലേക്കെത്തി ഒന്നും നോക്കാണ്ടെ റോഡു ക്രോസ് ചെയ്യാന്‍ നോക്കി.എതിരെ വരുന്ന ടെമ്പോ ഞാന്‍ കണ്ടേ ഇല്ല.പെട്ടെന്നാരോ എന്നെ പുറകോട്ടു വലിച്ചു.
“ആര്ടെ അമ്മേനെ കേട്ടിക്കാനാടാ നാറീ ഇത്ര ധിറുതിക്ക് പോണേ? ടെമ്പോക്കാരന്‍ പോകുന്ന പോക്കിന്‍ ഒന്നുപദേശിച്ചു. രക്ഷപെട്ടു വന്ന അപകടത്തിന്റെ വ്യാപ്തി അപ്പോള്‍ ആണ് ഞാന്‍ മനസിലാക്കിയത്.
എന്നെ പുറകോട്ടു വലിച്ച കൈകളുടെ ഉടമസ്ഥനെ ഞാന്‍ ശരിക്കുമൊന്നു നോക്കി. ലൂയീന്റൊപ്പം ഉണ്ടായിരുന്ന ആള് തന്നെ. ഇപ്പോളാണ് മുഖം ശരിക്ക് കാണാന്‍ പറ്റീത്. ഒരു പത്തു നാപ്പത്തഞ്ചു വയസു പ്രായം വരും. മീശ വെച്ചിട്ടില്ല. കഴുത്തില്‍ ഒരു മാലകിടപ്പുണ്ട്. പ്രത്യേകിച്ച് ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ലാത്ത ഒരു മുഖം.
“എങ്ങട് നോക്യാടാ ചെക്കാ നീ നടക്കണേ? കണ്ണും ചെവീം ഒക്കെ എന്തൂട്ട്‌ ചെയ്യാ?”
തൃശൂര് ഭാഷ പറയുന്ന മീന്‍കാരന്‍. ആദ്യം മനസ്സില്‍ വന്ന ചിന്ത അതാണ്‌. എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും പറയാന്‍ തോന്നിയില്ല.“ആവശ്യില്ലാത്ത കാര്യത്തിന്റെ പൊറകെ നടന്നാ ചെലപ്പോ ഇങ്ങനൊക്കെ പറ്റീന്ന് വരും. ആ, ഇപ്പൊ പൊക്കോ, ഇനി സൂക്ഷിക്കണം. “
ഇതും പറഞ്ഞു അങ്ങേരു അവിടുന്ന് പോയി. ലൂയി വരുന്നേനു മുമ്പേ സ്ഥലം വിടണമെന്നുള്ള കൊണ്ട് ഞാനും. കറങ്ങിത്തിരിഞ്ഞ്‌ പറങ്കികോളനീലെത്തി. കൃത്യമായി പറഞ്ഞാല്‍ ലൂയീടെ വീടിന്നു മുമ്പില്‍. എന്ത് കണ്ടിട്ടാണ് ഇപ്പൊ ഇവിടെ വന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് മനസിലായില്ല. വണ്ടിയിടിക്കാന്‍ പോയതിന്‍റെ ഷോക്ക് ഇത് വരെ മാറിയില്ലെന്ന് വേണം കരുതാന്‍. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോളാണ് കണ്ടത്, ലൂയി വീടിന്റെ കതകു പൂട്ടീട്ടില്ല.
ഒരു നിമിഷം സംശയിച്ചു നിന്നു. കേറണോ അതോ പോണോ? ഇടയ്ക്ക് അവന്‍ വന്നാ എന്ത് പറയും?വീട് പൂട്ടാത്ത കൊണ്ട് കേറി കാവല്‍ ഇരുന്നതാന്നു പറയാം. ഒന്നൂല്ലേലും വിശ്വസിക്കാന്‍ പറ്റുന്ന കാരണം ആണല്ലോ!വാതില് തള്ളിതൊറന്നു അകത്തു കേറി. സ്വിച്ചിന്റെ സ്ഥാനം ഊഹിച്ചു കണ്ടു പിടിച്ചു ലൈറ്റ് ഇട്ടു. വെളിച്ചം വന്നിട്ടും ഇരുട്ടിനെ മൊത്തം മായ്ക്കാന്‍ പറ്റുന്നില്ല. മുറിയില്‍ ഒരു വല്ലാത്ത തണുപ്പ്,ഒരു കനത്ത അന്തരീക്ഷം.കിട്ടിയ സമയത്തിനു മൊബൈല്‍ പുറത്തെടുത്തു അവന്‍ ഭിത്തീലും നിലത്തും ഒക്കെ എഴുതീം വരച്ചും ഇട്ടിരിക്കുന്നതിന്‍റെ ഒക്കെ ഫോട്ടോ എടുത്തു. വേറെഒന്നും ആയില്ലെങ്കില്‍ ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായാലോ?
വീടിന്റെ ഓരോ കോണിലും ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത പല സാധനങ്ങള്‍ ഇരിക്കുന്നു. അരണ്ട വെളിച്ചത്തിന്‍റെ ആണോ എന്നറിയില്ല, പലതും മിന്നി മറയുന്ന പോലെ. കണ്‍ കോണില്‍ കൂടി നോക്കുമ്പോ ചിലതിന്റെയൊക്കെ രൂപം മാറുന്നു,എനിക്കൊന്നും മനസിലാകുന്നുണ്ടായില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒന്നില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഞാന്‍ പോലുമറിയാതെ എന്റെ കാലുകള്‍ അതിന്റെ അടുത്തേക്ക് നീങ്ങി. പോകണ്ടാ എന്ന് മനസ് പറഞ്ഞു , പക്ഷെ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. അതിനെ തിളക്കം എന്റെ കണ്ണ് മഞ്ഞളിപ്പിച്ചു. ഞാന്‍ പോലും അറിയാതെ എന്റെ കൈ അതിനെ തൊടാന്‍ നീണ്ടു. അപകടം എന്ന് മനസ്സ് പറഞ്ഞു, പക്ഷേ എന്റെ കൈകാലുകളുടെ നിയന്ത്രണം വേറെന്തോ ഏറ്റെടുത്ത പോലെ. തൊട്ടു തൊട്ടില്ല എന്നായപ്പോ നെഞ്ചിനൊരു ചവിട്ടു കിട്ടിയത് പോലെ ഞാന്‍ പിന്നിലേക്ക്‌ തെറിച്ചു വീണു.
ബോധം മറയുന്നതിനു മുമ്പ് ചുരുട്ടിന്റെയും കടല്‍ കാറ്റിന്റെയും ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കേറി. ആറടി പൊക്കമുള്ള ഒരാള്‍ എന്റെ തലയ്ക്കു മീതെ നിക്കുന്ന പോലെ ഒരു തോന്നല്‍. ബോധം വന്നപ്പോ ഞാന്‍ ലൂയിക്കെതിരെ കസേരയിലിരിക്കുന്നു. അവന്റെ മുഖത്ത് നിന്നും ഒന്നും വായിച്ചെടുക്കാന്‍ പറ്റിയില്ല. എന്തോ പറയാന്‍ തുടങ്ങിയ എന്നെ കൈകൊണ്ടു വിലക്കി ലൂയി പറഞ്ഞു:
“നിന്നോട് ഞാന്‍ രാവിലെ പറഞ്ഞില്ലേ, പറയാന്‍ പാടില്ലാത്ത ചരിത്രം, അതിന്റെ ഒരു ഭാഗം ആണ് നീ ഇന്ന് അനുഭവിച്ചതും കണ്ടതും. ഈ ലോകത്തില്‍ ഉള്ള എന്തിനേം നമുക്ക് പഠിക്കാം ,മനസിലാക്കാം. ഈ ലോകത്തും മറുലോകത്തും നില്‍ക്കുന്ന ചിലതുണ്ട്. അതിനെ അറിയാന്‍ എല്ലാര്‍ക്കും പറ്റില്ല. നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ extra dimensional, ഇപ്പൊ നീ കണ്ടത് അങ്ങനെ ഒന്നാണ്. റോഡില്‍ വെച്ച് നിന്നെ ടെമ്പോ ഇടിക്കാതെ രക്ഷപെടുത്തിയത് പെരുമാള്‍, ഈ നാടിന്റെം നാട്ടാരുടേം ഉടയോന്‍. ചോദിക്കാതേം പറയാതേം ഇവിടെക്കേറി വന്നു സ്വന്തം ജീവനെ നീ രണ്ടാമതേം എറിഞ്ഞു കളയാന്‍ നോക്കിയപ്പോ തടുത്തു നിര്‍ത്തിയത് കാപ്പിരി മുത്തപ്പന്‍. ഇത് പോലെ പലതും ഉണ്ട് ഈ പട്ടണത്തില്‍, നീ അറിയാത്തതും അറിയരുതാത്തതും ആയ പലത്.പിന്നെ, ലൈബ്രറീല്‍ നീ കണ്ട എഴുത്തില്‍ പറഞ്ഞത് ഞങ്ങളുടെ കുടുംബത്തെ പറ്റി തന്നെ ആണ്. അത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്ന് ചിന്തിച്ചു നീ വിഷമിക്കേണ്ട. എന്റെ കണ്ണ് പലയിടത്തും ചെല്ലും.”
അവന്‍ പറഞ്ഞത് കേട്ട് എനിക്ക് ഉള്ള ബോധം കൂടി പോവുന്നതുപോലെ തോന്നി. പോര്‍ത്തുഗീസുകാരുടെ മിത്തായ കാപ്പിരി മുത്തപ്പന്‍, എട്ടാം നൂറ്റാണ്ടില്‍ തീര്‍ന്ന പെരുമാള്‍ പരമ്പര, ഞാന്‍ പഠിച്ച ചരിത്രമൊക്കെ എന്നെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന പോലെ എനിക്ക് തോന്നി.
എന്റെ മുഖം ശ്രദ്ധിച്ചു ലൂയി തുടര്‍ന്നു.
“രണ്ടു തവണ ആണ് ഇന്ന് നീ രക്ഷപെട്ടത്. ഈ വഴിയില്‍ തുടര്‍ന്നാല്‍ ഇനി നിന്നെ രക്ഷിക്കാന്‍ ഇനി എനിക്ക് പറ്റിയെന്നു വരുകില്ല. നിനക്കറിയാത്ത കാര്യങ്ങളില്‍ ചിലത് നീ അറിയേണ്ടാത്തത് തന്നെ ആണ് ആന്റോ, ഈ ലോകം വളരെ കുഴപ്പം പിടിച്ചതാണ്.നീയെടുത്ത ഫോട്ടോകള്‍ ഒക്കെ ഞാന്‍ നശിപ്പിച്ചു. ഈ പറഞ്ഞതൊക്കെ നിന്റെ ഉപബോധ മനസിനെ അടക്കി വെയ്ക്കാന്‍ വേണ്ടി മാത്രം, അല്ലെങ്കില്‍ ചിലപ്പോ നിനക്ക് ഭ്രാന്ത് പിടിച്ചേക്കും.ഇന്ന് നടന്നതൊക്കെ ഈ പടിയിറങ്ങുന്നതോടെ നീ മറക്കും. ഈ വിഷയം ഇനി നിന്റെ മനസ്സില്‍ വരുകയേ ഇല്ല. ചിന്തയിലെ വിടവുകള്‍ നിന്റെ ബോധ മനസ് താനേ അടയ്ക്കും. നമ്മള്‍ ഇപ്പൊ കണ്ടിട്ടില്ല, ഇനി കാണുകേം ഇല്ല.”
കയ്യില്‍ പിടിച്ചിരുന്ന വടി എടുത്ത് ലൂയി എന്റെ മുഖത്തിന്‌ മുമ്പില്‍ മൂന്നു വട്ടം വീശി. എന്റെ കൈ പിടിച്ചു എണീപ്പിച്ചു എന്നെ പുറത്തേക്കു നടത്തി, ഒരു വാക്ക് പോലും പറയാന്‍ സമ്മതിക്കാതെ.പടി കടത്തി വിട്ടു വാതില്‍ക്കല്‍ അവന്‍ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. ഓരോ ചുവടു വെയ്ക്കുന്തോറും മനസിലെ മൂടല്‍ കൂടി വന്നു. ഓര്‍മകളെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ പരമാവധി നോക്കി, കഴിയുന്നില്ല. പത്തടി നടന്നു തിരിഞ്ഞു നോക്കി, ഒരു അടഞ്ഞ വാതില്‍ .
ഞാന്‍ എന്തിനാ ഇവിടെ വന്നത്? രാത്രി നടക്കാന്‍ ഇറങ്ങിയ മാത്രം ഓര്‍മയുണ്ട്. ഓരോന്നാലോചിച്ച് വഴി മാറിപ്പോയതാകണം. കുമ്പാരിപ്പാപ്പന്റെ വീടാണല്ലോ, ലൂയി കാണുവോ എന്തോ? അവനെ പോയി കാണണോ? ഓ, വേണ്ട , കൊറേ കൊല്ലമായില്ലേ കണ്ടിട്ട്. ഇനി പരിചയം പുതുക്കാന്‍ എന്തിരുന്നിട്ടാ? തിരിച്ചു പോയിട്ട് പ്രോജക്റ്റ് പ്രോപ്പോസലിന്റെ എന്തെങ്കിലും ചെയ്യണം, കഞ്ഞികുടിപ്രശ്നം ആണല്ലോ?

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Kadalile nakshatrangalum akashathile meenukalum short story anoop sasikumar

Next Story
അവളുടെ സ്വപ്നംaruna alanchery , poem
The moderation of comments is automated and not cleared manually by malayalam.indianexpress.com