വീട്ടമ്മയുടെ കണ്ണു വെട്ടിച്ച്
പുഴുങ്ങി ഉണക്കാനിട്ട
നെല്ല് കൊത്തിത്തിന്നുമ്പോഴോ,
പടര്‍വാഴക്കൂട്ടങ്ങള്‍ക്കിടയില്‍
ചിക്കിച്ചിനയുമ്പോള്‍ കണ്ട
പുഴുക്കളെ പ്രതി
കുഞ്ഞുങ്ങളെ അരികത്തേക്ക്
കൊക്കി വിളിക്കുമ്പോഴോ,
ആകാശത്തെ
ഒരു റാകിപ്പറക്കലില്‍ ഭീതി പൂണ്ട്
അവറ്റകളെ
ചിറകിനടിയിലൊളിപ്പിക്കുമ്പോഴോ,
പറമ്പിലെ
ഇല്ലിമുളകള്‍ക്കിടയില്‍ നിന്ന്
ചീറിയടുത്ത് ഉയര്‍ന്ന ഫണത്തെ
ഒച്ചവെച്ച് ഓടിച്ചപ്പോഴോ ,
പാതിരാവിലെ ഓരിയെപ്പേടിച്ച്
മരക്കൊമ്പില്‍
രാത്തണുപ്പില്‍
വിങ്ങിവിറച്ചപ്പോഴോ,
ഒന്നും
ഒട്ടും
കരുതിയതേയില്ല

padmadas , poem, iemalayalam
മേത്തരം രുചിക്കൂട്ടുകളില്‍
വെന്തുമൊരിഞ്ഞ്
പുതിനക്കുഴമ്പിന്‍റെ അകമ്പടിയോടെ
ഒരു ടൂത്ത്പിക്കിന്‍റെ
മുനക്കൂര്‍പ്പിലേറി
ചതുരവടിവില്‍
ഒരു കൊച്ചുസുന്ദരനായി
നിങ്ങളുടെ മുന്നിലെ പ്ലേറ്റില്‍
ഇങ്ങനെ
ഞെളിഞ്ഞിരിക്കാന്‍ പറ്റുമെന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook