/indian-express-malayalam/media/media_files/uploads/2017/11/sachidanandan-1-.jpg)
അധീശധാരണകൾ രൂപപ്പെടുത്തിയ ആത്മീയ വായനകളുടെ എതിർപക്ഷത്തായി ഒരു പ്രതി ആത്മീയത കൂടി രൂപപ്പെട്ടിട്ടുണ്ട്. ആ ആത്മീയതയുടെ ഒരു ഘട്ടമാണ് ഭക്തിപ്രസ്ഥാനത്തിൽ തെളിഞ്ഞു കാണുന്നത് .
ഈ ആത്മീയതയുടെ മതേതരമായ ഒരു വീണ്ടെടുപ്പിനുള്ള ചില കാവ്യ ശ്രമങ്ങൾ സച്ചിദാനന്ദൻ നടത്തിയിട്ടുണ്ട്. `മീര പാടുന്നു,' തുക്കാറാം ദൈവത്തോട്',' നാമദേവന്‍ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു', 'ബസവണ്ണ കര്‍ഷകരോടൊത്തു നൃത്തം ചെയ്യുന്നു', 'അക്ക മൊഴിയുന്നു', 'ആണ്ടാള്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു,'ലാല്‍ദെദ്ദ് അതിര്‍ത്തികള്‍ക്കെതിരെ സംസാരിക്കുന്നു', പറയുന്നു കബീർ, തുടങ്ങിയ കവിതകൾ ഇത്തരം ഒരു ശ്രമത്തിന്റെ ഭാഗമാണ്. ആത്മീയത മതേതര വിരുദ്ധമാണ് എന്നും മത ഘടനയ്ക്കുള്ളിൽ മാത്രം സംഭവിക്കാവുന്ന ഒരു സ്വഭാവം അതിനുണ്ട് എന്നും കരുത്താത്തവർക്ക് അത്തരം കവിതകൾ പ്രചോദനമാവുന്നുണ്ട്. സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കവിതയിലെ ദൈവകേന്ദ്രീകൃതമല്ലാത്ത, മനുഷ്യ കേന്ദ്രീകൃതമായ ഈ ആത്മീയതയെ വായിക്കാനുള്ള ഒരു ശ്രമമാണിത്.
'മീര പാടുന്നു' എന്ന കവിതയിലെ മീരയുടെ കൃഷ്ണ ഭക്തി തന്നെ എടുക്കാം. അത് കേവലമായ ഒരു ഭക്തി മാത്രമല്ല ഒരു വിമോചന സാധ്യതയെ കുറിച്ചുള്ള സ്വപ്‍നം കൂടിയാണ്. കൊട്ടാരത്തിന്റെ മതിൽ ക്കെട്ടുകൾ ഭേദിച്ചു, ജനതയുമായി ഇടപെടാനുള്ള ഒരു ഉപകരണമാണ് മീരയ്ക്ക് കൃഷണ ഭക്തി. ആൺകോയ്മയുടെ അധിനിവേശ മനോഘടനയുടെ തിരസ്കരമാവുന്നുണ്ട് ലൗകികസുഖങ്ങളെ നിരസിക്കുന്ന മീരയുടെ വൈരാഗ്യ ഭക്തി. അവ കേവലമായ ലൗകിക സുഖ നിരാസമല്ല.
"തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൗമാരം
കളിചിരികള്‍ താന്‍ കള കളം നുരഞ്ഞ ബാല്യം
ഇരിക്കട്ടെ കഥ പെയ്യും നിലാവില്‍ ഞാന്‍
മുത്തശ്ശി തന്‍ മടിക്കൂടില്‍ കുഞ്ഞുടുപ്പിട്ടൊരിക്കല്‍ കൂടി
തുറക്കുകീ ജാലകങ്ങള്‍ മരുക്കാറ്റിന്‍ ചിറകേറി പറക്കട്ടെ
ചെമ്പകത്തിന്‍ സുഗന്ധമെങ്ങും
വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍." എന്നതടക്കമുളള വരികൾ ബോധ്യപ്പെടുത്തുന്നു.
തുക്കാറാമിന്റെയും നാമദേവന്റെയും ബസവണ്ണയുടെയും ഭക്തിയും ശ്രേണിബദ്ധമായ സാമൂഹിക ഘടനയോടുള്ള അവരുടെ കലാപ സാധ്യതകളാണ് തുറന്നു വെയ്ക്കുന്നത്. അരിക്കച്ചവടക്കാരനായിരുന്ന തുക്കാറാമിന് അരികീര്‍ത്തനമല്ലാതെ ഹരികീര്‍ത്തനം പറഞ്ഞിട്ടില്ലെന്ന് തീർപ്പുകൾക്കെതിരെയുള്ള കലാപമാണ് തുക്കാറാമിന്റെ ഭക്തി. അരുമയായ കുഞ്ഞു വിശന്നു മരിക്കുന്നു. പത്നി പോവുന്നു. അരിയറ കള്ളന്‍ പൊളിക്കുന്നു. തളര്‍വാതം വന്ന അമ്മ നരകിച്ചു മരിക്കുന്നു. കരംപിരിവുകാരും ക്രൂരനായ ജന്മിയും ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കവരുന്നു. സവർണ ഹുങ്കിന് വശംവദനായി താനെഴുതിയ ക്തികാവ്യങ്ങളെ പുഴയിലെറിയേണ്ടിവരുന്നു. ഇത്തരം ജീവിത സാഹചര്യങ്ങളോടുള്ള തുക്കാറാമിന്റെ പ്രതികരണങ്ങളിലുണ്ട് ആ കലാപ സന്നദ്ധത:
"ഇനി നമ്പുകില്ല ഞാൻ
വാതിലിൻ പഴുതിൽ നീ-
യൊളിമിന്നിൽ, വാക്കിന്റെ
വക്കത്തു ദിക്കിലും
തെളിവു വേണം നിന്നെ
ദൈവമായെണ്ണുവാൻ
ഇവിടെ ഈ മണ്ണിൽ,
പിറന്ന രൂപത്തിൽ വാ"
നാമദേവന്‍ തയ്യല്‍ക്കാരനായിരുന്നു. പൂജാരിമാരെയും ശിലാവിഗ്രഹങ്ങളെയും ക്ഷേത്രങ്ങളെയും ഒക്കെ തള്ളിപ്പറഞ്ഞവൻ താന്‍ ആരാധിക്കുന്ന രാമന്,
ബ്രഹ്മാണ്ഡം തന്നെയുള്ളപ്പോൾ ക്ഷേത്രമെന്ന കരിങ്കല്‍ത്തുറുങ്ക് എന്തിന്? എന്ന് ചോദിച്ചവൻ . വിഗ്രഹം പണിതവന്, തകിലിനു തുകിലിട്ടവന് , ഇലത്താളവും കുഴലും വിളക്കും വാര്‍ത്തെടുത്തവന്, തിരുവാട നെയ്‌തവന് , നൈവേദ്യത്തിനുള്ളതെല്ലാം മണ്ണില്‍നിന്നു വിളയിച്ചവന് പ്രേവശനമില്ലാത്ത കോവിലിനോടുള്ള കലാപം കൂടിയാണ് അദ്ദേഹത്തിന് ഭക്തി.
ജന്മനാ ബ്രാഹ്മണനായിരുന്ന ബസവണ്ണ, കര്‍മണാ മനുഷ്യനായി തീർന്നു . ജാതിവ്യവസ്ഥകളെ വെല്ലുവിളിച്ചു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ ശിവഭക്തനായി ഒരവര്‍ണനും ബ്രാഹ്മണസ്‌ത്രീയുമായുള്ള വിവാഹം നടത്തിക്കൊടുത്തു ബസവണ്ണ. രാജാവ് വധൂവരന്മാരെയും അവരുടെ മാതാപിതാക്കളെയും വധശിക്ഷയ്ക്ക് വിധിച്ചു. വീരശൈവവിഭാഗം കലാപത്തിനൊരുങ്ങി, അഹിംസാവാദിയായ ബസവണ്ണ ദുഃഖിതനായി മരിച്ചു. തൊഴില്‍ തന്നെയാണ് ഈശ്വരാരാധന. അദ്ധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവ് പാടില്ലെന്നും നിഷ്‌കര്‍ക്കുന്ന ഈ വിചാരമാണ് ഹിന്ദുത്വ വാദികളുടെ വെടിയേറ്റ് മരിച്ച എം എൻ കൽബുർഗിയൊക്കെ ഉയർത്തിപ്പിടിച്ച ബാസവണ്ണയുടെ വചന കവിതകളുടെ രാഷ്ട്രീയത്തിന്റെ കാതൽ. ഇത്തരം ആത്മീയാന്വേഷണങ്ങളെ നിഷേധിക്കുന്ന യാന്ത്രിക യുക്തിവാദത്തിനു ഹിന്ദുത്വക്കാലത്തെ മതാത്മക രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാൻ കഴിയാതെ പോവുന്നത് കീഴ്നില ജീവിതങ്ങളുടെ ആത്മീയമായ കലാപ സാധ്യതയെ അറിയാതെ പോവുന്നത് കൊണ്ട് കൂടിയാണ്.
"അണെപൊട്ടിയൊഴുക്കുക, പ്രഭുവെന്ന, ദ്വിജനെന്ന, ആണെന്ന, ഞാനെന്ന, ഭാവങ്ങളക്കെ തകർത്തു നാം ഉയരുക" എന്ന് കവിത ഉപസംഹരിക്കുന്നു. സാമ്പത്തികവും സാമൂഹികവും ലിംഗപരവുമായ ഉച്ചനീചത്വങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു രാഷ്ട്രീയത്തിനും മനുഷ്യരെ പല തട്ടിലായി വിഭജിക്കുന്ന രാഷ്ട്രീയത്തെ ചെറുക്കുവാനാവില്ല.ഇത്തരം കലാപ സാധ്യതകളെ വായിച്ചെടുക്കുകയും സമകാലികമാക്കുകയും ചെയ്യുന്നുവെന്നത് കൂടിയാണ് ഭക്തിപ്രസ്‌ഥാന കവികളെ കുറിച്ചുള്ള സച്ചിദാനന്ദൻ കവിതകളെ പ്രസക്തമാകുന്നത് വിഷ്ണു ഭക്തയായ ആണ്ടാളിനു കാമവും ഭക്തിയും ഒന്ന് തന്നെയായിരുന്നു. ലൗകിക ആശകളുടെ തിരസ്കരമാണ് ആത്മീയത എന്ന ബോധത്തെ 'ആണ്ടാള്‍ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു' എന്ന കവിത തിരസ്കരിക്കുന്നു.
"ഓരോ പ്രാണിയിലും പത്തവ
താരങ്ങളെടുത്തൊരു പുരുഷനെ
യീമട്ടില്‍ കണ്ടുവണങ്ങി
ദാഹം പശി കാമമിതൊക്കെയു
മോരാതെ മഴ വെയില്‍ മഞ്ഞുക
ളറിയാതെ നരയും ജരയും
പാരാതെ നീര്‍മരുതിന്‍ വന്‍
വേടില്‍ കുടികൊണ്ടു തപസ്സാര്‍-
ന്നീടുവതേ എന്നുടെ പ്രണയം''
അക്ക മൊഴിയുന്നു എന്ന കവിതയിലും കാമവും ഭക്തിയും ഒന്ന് ചേരുന്ന മീറ്റിങ് പോയിന്റുകളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
"ജ്വാലയില്ലാതെ ജ്വലിക്കുന്നു നീ എന്നില്‍
ചോര ചൊരിയാതെ എന്റെയുള്ളില്‍ കടക്കുന്നു
കൂടെ ശയിക്കാതെ രതിമൂര്‍ച്ഛയേകുന്നു
ദേഹമനങ്ങാതെ ദൂര ഗ്രഹങ്ങളില്‍ആനയിക്കുന്നു
മുളക്കുന്നു കുത്താതെ" എന്ന വരികൾ രതി മൂർച്ച തന്നെയാവുന്ന ഭക്തിയെ
കുറിച്ച് പറയുന്നുണ്ട്.
സിദ്ധരിൽ നിന്നും സാധന സ്വീകരിക്കുകയും സൂഫികളുമായി സംവാദത്തിൽ ഏർപ്പെടുകയും ശിവേയാഗിനിയായി കാശ്മീരിൽ ഉടനീളം അലയുകയും ചെയ്ത ലാല്‍ദെദ്ദ് കലഹ കലുഷിതമായ കാശ്മീരിൽ ഇരുന്നു അതിർത്തികൾ കുറിച്ച് സംസാരിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ലാല്‍ദെദ്ദ് അതിര്‍ത്തികള്‍ക്കെതിരെ സംസാരിക്കുന്നു' എന്ന കവിത പറയുന്നു.രാജ്യങ്ങളെ മാത്രമല്ല,മനുഷ്യരെ പോലും ചില അതിരുകളിൽ തളച്ചു,വിഭജിച്ചു, അപരവത്കരിക്കുന്ന വർത്തമാന രാഷ്ട്രീയത്തെ കവിത അഭിസംബോധന ചെയുന്നുണ്ട്.
"അതിർത്തികളിൽ വിശ്വസിക്കുന്നവരോട്
ഉറവകളും നക്ഷത്രങ്ങളും സംസാരിക്കുന്നില്ല
എനിക്ക് അതിർത്തികളിൽ വിശ്വാസമില്ല
മൺതരികൾക്കറിയമോ
അവർ കിടക്കുന്നത് ഏത് നാട്ടിലാണ്''
Read More: ലോകത്തിന്റെ തുഞ്ചത്തെ മലയാള കവി
എന്ന് കവിത വിഭജനത്തിന്റെ രീതിശാസ്ത്രകാരോട് തർക്കിക്കുന്നു. ഭക്തിയുടെ കലാപ സാധ്യത ശ്രേണികളുടെ കീഴ്നിലകളിൽ രൂപപ്പെടുന്ന ആത്മീയ വിചാരങ്ങളുടെ കേന്ദ്രത്തിൽ നിർത്താനുള്ള ശ്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നു.
"അടിയേൽക്കുന്നൊരു ദളിതൻ ദൈവം!
തൊഴിൽ വിൽക്കുന്ന ദരിദ്രൻ ദൈവം!
ഉടൽ വിറ്റരിവാങ്ങുന്നവൾ ദൈവം!
കൊടിയൊരനീതിക്കെതിരെയുയുരും
തുടിയും കുഴലും കൊടിയും ദൈവം!
തുടൽ പൊട്ടിച്ചു വെളിച്ചമൊലിച്ചു
വടുക്കളുമായി വരുന്നതും ദൈവം! "
എന്ന് 'കബീർ പാടുന്നു'വിൽ സൂചിപ്പിക്കുന്നത് ഈ കീഴ്‌നിലകളിലെ ആത്മീയ സൂചനയാണ്.
ദൈവത്തിന്റെ പ്രതിപുരുഷനായി രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂർ ഭരണാധികാരിയെ നോക്കി താൻ വിഷ്ണു ദേവൻ തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന, ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ നിന്നുള്ള വൈകുണ്ഠ സ്വാമിയുടെയും മറ്റും ആത്മീയതയും പിൻപറ്റുന്നതും ഇത്തരം ഒരു കലാപ സാധ്യതയാണ്.
"ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതു മൂലമെന്‍
തീരാപ്പുലയങ്ങു തീർന്നുപോയ് കേട്ടോ
പിന്നെപ്പുലയനെന്നെന്നെ വിളിച്ചാൽ ആ പള്ളീലോട്ട് വരുന്നില്ല കേട്ടോ"
എന്ന് പൊയ്കയിൽ അപ്പച്ചൻ പാടുമ്പോൾ സാധ്യമാവുന്നതും ഇത്തരം ഒരു കലാപ സാധ്യത തന്നെയാണ്.ഇത്തരം കലാപ സാധ്യതകളുയർത്തുന്ന ആത്മീയ അന്വേഷണങ്ങളെ പുതുതായി വ്യഖാനിച്ചും അവയുടെ പ്രതിരോധസാധ്യത ഉപയോഗപ്പെടുത്തിയും മാത്രമേ വർത്തമാന സാഹചര്യത്തിൽ മതാത്മകതയുടെ ഉള്ളടക്കങ്ങളെ പ്രതിരോധിക്കാനാവൂ എന്നാണ് സച്ചിദാനന്ദന്റെ ഈ "കവി കവിതകൾ" മുന്നോട്ട് വെയ്ക്കുന്ന ദർശനമെന്ന് വായിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.