scorecardresearch

ഗാന്ധി നഗറിലേക്കുള്ള കത്ത്

“പൊലീസിനെന്തിനാണു തൊപ്പിയെന്ന് അയാൾ ചിന്തിച്ചു. തൊപ്പി ഒഴിവാക്കേണ്ടതാണ്. കള്ളന്റെ പുറകെ ഓടുമ്പോൾ തൊപ്പി തലയിൽ വെച്ചോടാൻ കഴിയില്ല. കൈയിൽ പിടിച്ചോടുന്നത് പാടാണു താനും. ഇതൊന്നുമില്ലെങ്കിലും ഒരു പൊലീസുകാരനെ തിരിച്ചറിയാൻ ഇപ്പോൾ ആർക്കും കഴിയും. പൊലീസുകാർക്ക് പൊലീസുകാരുടേതായ ഒരു മുഖം രൂപം കൊള്ളാറുണ്ട്” കെ ആർ വിശ്വനാഥൻ എഴുതിയ കഥ

ഗാന്ധി നഗറിലേക്കുള്ള കത്ത്
ചിത്രീകരണം : വിഷ്ണു റാം

പാതിരാ കഴിഞ്ഞപ്പോൾ തുടങ്ങിയ ഇളം പ്രായത്തിലുള്ള മഴ ഒട്ടും മുഴുക്കാതെ വെളുക്കുവോളം നിന്നു. തുള്ളി വിട്ടിട്ട് ഏറെയായില്ല. മരത്തലപ്പുകളിലെ വെള്ളം പെയ്തു തീരാൻ ഇനിയും നേരമെടുക്കും. എന്നാലും രഘുപതി പൊലീസിന്റെ മേലാകെ വിയർക്കാൻ തുടങ്ങി. അയാൾ കുപ്പായത്തിന്റെ കുടുക്കുകൾ ഊരി മേശപ്പുറത്തു കിടന്നിരുന്ന പേപ്പറെടുത്ത് ഒന്നു കൂടി മടക്കി വീശിക്കൊണ്ടിരുന്നു.

എപ്പോഴാണോ കറന്റ് പോയത്. ബെൽറ്റ് ഊരി പാന്റ്സ് തെല്ലൊന്നയച്ചിട്ടാലോ എന്നാലോചിച്ചതാണ്. പെട്ടെന്നു തന്നെ വേണ്ടെന്നു വെച്ചു. മേലെയുള്ളവർ ആരെങ്കിലും എഴുന്നള്ളി വന്നാൽ പൊല്ലാപ്പാകും. അവർക്ക് നേരവും കാലവുമില്ല. നോട്ടമേയുള്ളു.

മുമ്പിലെ ഇരുമ്പു കസേരയിലേക്ക് കാൽ രണ്ടും കയറ്റി വെച്ചിരിക്കുമ്പോൾ പൊലീസുകാർക്ക് പണ്ടത്തെ യൂണിഫോം തന്നെയായിരുന്നു നല്ലതെന്ന് രഘുപതിക്കു തോന്നി. കുപ്പായവും തൊപ്പിയും മാറ്റിയാലും ട്രൌസർ അതേപടി തന്നെ നിലനിർത്താമായിരുന്നു. ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടാകാൻ പാകത്തിനു രൂപകൽപ്പന ചെയ്തതായിരുന്നു അത്. പെട്ടെന്നൊന്നും വിയർക്കില്ല. ആ പഴയ തൊപ്പി തലേ വെച്ചാൽ ഏറെ നാൾകൂടി പിടക്കോഴിയെ കണ്ട ഒരു പൂവൻ കോഴിയുടെ ഉഷാറു വരികയും ചെയ്യും.

ഇപ്പോഴത്തെ തൊപ്പി ചെറുപ്പകാലത്തു വെച്ച പ്ലാവിലെത്തൊപ്പി പോലെയാണ് അയാൾക്കു തോന്നുക. കൂടുതൽ വിയർക്കാൻ തുടങ്ങിയതോടെ അയാൾ മുറ്റത്തേക്കിറങ്ങി. ഒരോ വാഹനവും കടന്നു പോകുമ്പോൾ കയറി പൊയ്ക്കോണ്ടിരുന്ന കാറ്റ് വിയർപ്പ് കുറച്ചു. അപ്പോൾ പൊലീസ് സ്റ്റേഷന്റെ എതിർവശത്തു നിന്നും കുറച്ചുമാറിയുള്ള നല്ലയുടെ തട്ടുകടയിൽ കച്ചവടമവസാനിപ്പിച്ച് അവൾ കട അടയ്ക്കാൻ തുടങ്ങുന്നതു കണ്ടു. അവളുടെ സഹായി തമിഴൻ പോയെന്നു തോന്നുന്നു.

രഘുപതി പൊലീസ് വഴിയിലേക്കിറങ്ങി. രണ്ടു മൂന്നു വണ്ടികൾ പാഞ്ഞു പോയി. ദേഹത്തേക്ക് കുറച്ചു വെള്ളം തെറിച്ചു. ഇപ്പോൾ പൊലീസിനെ കണ്ടാലൊന്നും ആരും സ്പീഡ് കുറയ്ക്കുകയൊന്നുമില്ല. തൊപ്പി തലയിലുണ്ടെന്ന് ഉറപ്പിച്ചു. തട്ടുകടയിൽ എത്തും വരെ പൊലീസിനെന്തിനാണു തൊപ്പിയെന്ന് അയാൾ ചിന്തിച്ചു.

തൊപ്പി ഒഴിവാക്കേണ്ടതാണ്. കള്ളന്റെ പുറകെ ഓടുമ്പോൾ തൊപ്പി തലയിൽ വെച്ചോടാൻ കഴിയില്ല. കൈയിൽ പിടിച്ചോടുന്നത് പാടാണു താനും. ഇതൊന്നുമില്ലെങ്കിലും ഒരു പൊലീസുകാരനെ തിരിച്ചറിയാൻ ഇപ്പോൾ ആർക്കും കഴിയും. പൊലീസുകാർക്ക് പൊലീസുകാരുടേതായ ഒരു മുഖം രൂപം കൊള്ളാറുണ്ട്.

K R Viswanathan, story, iemalayalam

കൂടുതൽ പഞ്ചസാരകൂട്ടി, നല്ല എടുത്ത കട്ടൻ കാപ്പ് കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ, നല്ലപെണ്ണിനോട് ഇന്നെന്താണു കുഞ്ഞൊരു തമാശ പറയേണ്ടത് എന്ന് ആലോചിച്ചു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ അവളോട് എന്തെങ്കിലും തമാശ പറഞ്ഞു കൊണ്ടാണ് അയാൾ ദിവസം തുടങ്ങിയിരു ന്നത്.

പണ്ട് അവളുടെ സ്വഭാവം അത്ര നല്ലതൊന്നും ആയിരുന്നില്ല. അതുകൊണ്ടാണ് അവൾക്ക് നല്ലപെണ്ണ് എന്ന പേര് നൽകിയത്. പഴയ എസ് ഐ ജോസഫ് സാറാണ് അവൾക്ക് ആ പേരു കൊടുത്തത്. എന്നാൽ അയാൾ റിട്ടയർ ചെയ്തതിനു ശേഷം എല്ലാവരും അവളെ നല്ല എന്നു വിളിച്ചു. ആ പേരാണ് അവളുടെ തട്ടുകടയുടെ ബോർഡിൽ എഴുതിയിരിക്കുന്നതും. നല്ല തട്ടുകട.

പൊലീസുകാരുടെ ട്രൗസർ മാറിയതിനെക്കുറിച്ച് രഘുപതിപ്പൊലീസ് തന്നെ ഉണ്ടാക്കിയ തമാശക്കഥയുണ്ട്. ആ തമാശയാണ് അന്നയാൾ അവൾക്കു വേണ്ടി കരുതി വെച്ചിരുന്നത്. അതൊരു നല്ല തമാശയാണെന്ന് അയാൾ കരുതുകയും ചെയ്തു.

ആ തമാശ പറയാൻ തുടങ്ങിയ നേരത്ത് കടയുടെ മുമ്പിൽ ഒരു പെൺകുട്ടി വിറച്ചു നിൽക്കുന്നതു കണ്ട് നല്ലപെണ്ണിന്റെ ശ്രദ്ധ അവളിലേക്കു മാറി. രഘുപതി ആ തമാശ പിറ്റേന്നേക്ക് മാറ്റി വെച്ചു. നല്ലപെണ്ണിനു നല്ല ശ്രദ്ധ കിട്ടുന്ന നേരത്തുവേണം അതു പറയാൻ.

കുറച്ചപ്പുറത്ത് ആക്രിപെറുക്കി കഴിയുന്ന തമിഴ് കൂട്ടത്തിലെ പെൺകുട്ടിയാണെന്നു കരുതി നല്ല അവളോട് തട്ടുകടയിൽ സഹായി ആയി അന്തിക്കു വരുന്ന തമിഴനിൽ നിന്നും പഠിച്ച പാതിത്തമിഴിൽ നിന്റെ ഊര് എങ്കെ? അപ്പ ആര്? ഇത്ര നേരത്തേ പശി തുടങ്ങിയോ എന്നൊക്കെ പണികൾക്കിടയിലും, തിരക്കിനിടയിൽ ബ്ലൗസിനുള്ളിൽ തിരുകിയ നോട്ടുകൾ പെട്ടിയിലേക്ക് അടുക്കുവെക്കുന്നതിനിടയിലും അവളെ ഒട്ടും ശ്രദ്ധിക്കാതെ ചോദിച്ചുകൊണ്ടിരുന്നു.

അവൾ മഴ നന്നേ നനഞ്ഞിട്ടുണ്ട്. അവളുടെ മുടിയിഴകളിലൂടെ വെള്ളം ഒലിച്ചിറങ്ങി അവളെ കൂടുതൽ നനയിച്ചു. കുറച്ചു കൂടി വെട്ടം വന്നാൽ വെള്ളം നേർപ്പിച്ച അവളുടെ വസ്ത്രത്തിനിടയിലൂടെ അവളുടെ ഒട്ടിയ വയറും ശരീരവും കാണാൻ കഴിയും.

നല്ല ചോദിച്ച ചോദ്യങ്ങൾക്കൊന്നും അവൾ തുറിച്ചു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. ഇതിനെന്നാ പൊലീസേ ചെവി കേൾക്കാൻ മേലേ എന്നു ചോദിച്ചുകൊണ്ട് നല്ല വീണ്ടും അവളുടെ നേരേ തിരിഞ്ഞപ്പോൾ പെൺകുട്ടി രഘുപതി പൊലീസിന്റെ നേരേ കൈകൂപ്പി നിൽക്കുന്നതാണ് കണ്ടത്. അവളുടെ കണ്ണുകളും, അവൾ മുഴുവനായും അവൾ അയാൾക്കു നേരേ തൊഴുതു പിടിച്ചിരുന്നു.

“എന്നയ്യാ…?” രഘുപതി അങ്ങനെ ചോദിച്ചപ്പോൾ പെൺകുട്ടി ഒന്നു ഞെട്ടി.

“ഒരു കട്ടൻ അതിനും കൊട്. നല്ലേ..” രഘുപതി പോലീസ് നനഞ്ഞ അവളെ നോക്കി പറഞ്ഞു.

അയാളുടെ മകളുടെ അത്ര പ്രായമേ അവൾക്കു കാണു എന്ന് രഘുപതി ഓർത്തു. അവൾ തണുപ്പിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

നല്ല കൊടുത്ത കട്ടൻ കാപ്പി അവൾ പെട്ടെന്നു കുടിച്ചു തീർത്തു. ഇനി വേണോ എന്നു നല്ല ചോദിച്ചത് അവൾക്കു മനസിലായെന്നു തോന്നുന്നു. അവൾ ഗ്ലാസ് നല്ലയുടെ നേരേ നീട്ടി.

രഘുപതി പൊലീസ് അവളെ വീണ്ടും നോക്കിയപ്പോൾ അവൾ ഒരടി കൂടി അയാളുടെ അടുത്തേക്ക് വന്നു. അവൾ പെട്ടെന്നോർമ്മിച്ചതു പോലെ കൈകൾ വീണ്ടും അയാൾക്കു മുമ്പിൽ കൂട്ടിപ്പിടിച്ചു.

അയാൾ പോക്കറ്റിൽ നിന്നും ഒരു നോട്ടെടുത്തപ്പോൾ അവൾ വിലങ്ങനെ തലയാട്ടി.

രഘുപതി തനിക്കറിയാവുന്ന തമിഴിൽ പേരെന്തെന്നും വീടെയെവിടെയെന്നും തിരക്കി. തമിഴ് കൂട്ടത്തിലേക്കു തിരിച്ചു പോകാനും പറഞ്ഞു.

അപ്പോഴും അവൾ വിലങ്ങനെ തലയാട്ടി. താൻ പറഞ്ഞതൊന്നും അവൾക്ക് മനസിലാകുന്നില്ലെന്നാണെന്ന് അവൾ തലയാട്ടിയതെന്ന് രഘുപതിക്കു തോന്നി.

K R Viswanathan, story, iemalayalam

“ഇതെന്താ രാവിലെ ഒരു കേസ്?“ രഘുപതി നല്ലയോട് ചോദിച്ചു.

“നിങ്ങളെ കണ്ടപ്പോ പൊലീസാന്നു അതിനു മനസിലായിട്ടൊണ്ട്, അതാ കൈ തൊഴുതു പിടിച്ചിരിക്കണത്.”

നല്ല പറഞ്ഞതു കേട്ട് അയാൾ പെൺകുട്ടിയുടെ നേരേ ഒന്നു മന്ദഹസിച്ചു.

ആ നേരം നല്ല മേശക്കടിയിൽ നിന്ന് തലേന്നു രാത്രി തീറ്റക്കാർ കടിച്ചു പൊട്ടിച്ച് താഴേക്കു തുപ്പിയിട്ട എല്ലിൻ കഷണങ്ങൾ കുനിഞ്ഞ് നിന്ന് തൂത്തുവാരി എടുക്കുകയായിരുന്നു. അതും ഒരു നല്ല കാഴ്ച്ചയെന്ന് രഘുപതി കണ്ടു. ഒരു ചെറുചലനത്തിലും നൃത്തം ചെയ്യുന്ന അരക്കെട്ടാണവൾക്ക്.

ഇന്നത്തെ കണി കുഴപ്പമില്ലെന്ന് അപ്പോൾ തോന്നിയ ഒരു തമാശ അയാൾ പറയുകയും ചെയ്തു.

“എന്റെ ദൈവമേ..” എന്നൊരു ഞെട്ടൽ നിറഞ്ഞ വിളിയോടെ മേശക്കടിയിൽ നിന്നും എഴുന്നേൽക്കാതെ നല്ല കുറച്ചുറക്കെ പറഞ്ഞു.

എന്തെന്ന് രഘുപതിപ്പോലീസ് ചോദിച്ചതിന് നല്ല മേശക്കടിയിൽ നിന്ന് തല പുറത്തേക്കിട്ട് പറഞ്ഞു.

“ദൈവമേ… ഈ പെങ്കൊച്ച് വയസറിയിച്ചിരിക്കണന്ന് തോന്നണല്ലോ….?”

രഘുപതി പൊലീസ് എഴുന്നേറ്റു നോക്കി. അവൾ നനഞ്ഞ മഴയോടൊപ്പം അവളുടെ ഇരു കാലിലൂടെയും ചോരച്ചാലുകൾ ഒലിക്കുന്നുണ്ടായിരുന്നു.

ഒര് കാര്യം ചെയ്യ് നല്ലേ.. നീ അതിനെ ഒന്നു കഴുകിത്തുടച്ചെടുക്ക്.

മേശയുടെ അടീയിൽ നിന്നും തിടുക്കത്തിൽ എഴുന്നേറ്റ് നല്ല ചിരിച്ചു. വെറുതെയല്ല അവളു കൈകൂപ്പി നിന്നത്. പക്ഷേ, അതെന്റെ നേരെയല്ലായിരുന്നോ വേണ്ടത്. പാവം. ഇക്കാര്യോം പൊലീസ് ചെയ്യുവെന്നായിരിക്കും അത് കരുതീത്.”

“നെനക്ക് വേദനിക്കണൊണ്ടോ മോളേ…” പെറാത്ത നല്ലയെ ആ നേരം മാതൃസ്നേഹം തൊട്ടു. അവൾ പെൺകുട്ടിയുടെ നേരേ നോക്കി. അവളുടെ കണ്ണുകളിൽ തലേന്നു രാത്രി പെയ്ത മഴയത്രയും കെട്ടിക്കിടക്കുന്നതായി നല്ലയ്ക്കു തോന്നി.

നല്ല അവളുടെ കൈയിൽ പിടിച്ചപ്പോൾ പെട്ടെന്ന് അവൾ അവളുടെ മേലേക്ക് ചാഞ്ഞ് പെട്ടെന്നു പൊട്ടിക്കരഞ്ഞു. ഇതുവരേയും അവൾ കരയാൻ ഒരിടം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന മട്ടിൽ. നല്ല വല്ലാണ്ടായി. ഒട്ടും പേടിക്കേണ്ടെന്നു പറഞ്ഞത് അവൾക്ക് മനസിലായില്ലല്ലോ എന്നോർത്ത് നല്ല അവളുടെ പുറം തലോടി.

കുറച്ചു നേരത്തേ ആലോചനയ്ക്കു ശേഷം രഘുപതി പറഞ്ഞു. “അതിനെ കുളിപ്പിച്ച് വീട്ടിലേക്കു കൊണ്ടോക്കോ. കൊറച്ച് കഴിഞ്ഞിട്ട് എന്താ വേണ്ടേന്ന് തീരുമാനിക്കാം.”

തട്ടുകടയുടെ പുറകിൽ പെരിയിലക്കാടുകൾ മറയ്ക്കുന്നൊരു തോടുണ്ട്. അവിടെയാണു നല്ല കടയിലെ പണികളെല്ലാം കഴിഞ്ഞ് മേലുകഴുകുന്നത്. നല്ല പെട്ടെന്നു തന്നെ കടയടച്ച് കുട്ടിയേയും കൂട്ടി പെരിയിലക്കാടുകളുടെ ഇടയിലൂടെ തോട്ടിലേക്കിറങ്ങുമ്പോൾ അവൾ നല്ലയോട് ഇടയ്ക്കെന്തോ പറഞ്ഞപ്പോൾ അതിലെ വാക്കുകൾ നല്ലക്ക് ഒട്ടും മനസിലായില്ല.

ഇത് തമിഴും പുന്നാടനും തെലുങ്കനും ഒന്നുമല്ലെന്നു തോന്നുന്നല്ലോ. നല്ല തന്നോടു തന്നെ പറഞ്ഞു. വേറൊരുതരം ഭാഷയാണല്ലോ? തട്ടുകടയിൽ വരുന്ന ലോറിക്കാരിൽ നിന്നും ചില ഭാഷകളൊക്കെ കേട്ടാൽ ഏതാണെന്ന് തിരിച്ചറിയാൻ നല്ലയ്ക്ക് കഴിഞ്ഞിരുന്നു.

തിരിച്ചു നടക്കുമ്പോൾ രഘുപതി അയാളുടെ മകളെക്കുറിച്ച് ഓർത്തു. അവൾ ഒരു ബോർഡിംഗ് സ്കൂളിലാണ്. അവൾക്കും ഈ കുട്ടിക്കും ഏതാണ്ട് ഒരേ പ്രായമാണ്. വീട്ടിലിരിക്കുന്ന അവളുടെ കുപ്പായം ഇവൾക്കു പാകമായേക്കും. നനഞ്ഞ കുപ്പായം ഒന്നുമാറ്റണം.

സ്റ്റേഷനിൽ എത്തി മുഖമൊന്നു കഴുകി യൂണിഫോം ശരിയാക്കി തൊപ്പിയെടുത്ത് വെച്ച് കണ്ണാടിയുടെ മുമ്പിൽ നിന്ന് എല്ലാം വേണ്ടപോലെ എന്ന് ഉറപ്പു വരുത്തുന്ന നേരത്താണ് നല്ലയുടെ വിളി വന്നത്.

“ഇത് നമ്മള് കരുതിയ കേസല്ല സാറേ..”

“പിന്നെ…?”

“നമ്മളു കരുതിയ ചോരയല്ലിത്.” നല്ല ഉറപ്പിച്ചു പറഞ്ഞു.

“പിന്നെ…?”

“പിന്നെ ചോര വരണതെങ്ങനാ സാറേ.? നാലഞ്ചു പേരെങ്കിലും സീലു വെച്ചിട്ടുണ്ടെന്നാ എനിക്ക് തോന്നണത്.”

രഘുപതി അറിയാതൊന്നു ഞെട്ടി.

K R Viswanathan, story, iemalayalam

“നാലെന്നാ അവളു കൈയില് കാണിച്ചത്., ചെലപ്പം അതിലും കൂടുതൽ സീലു വീണിട്ടൊണ്ടാവും. അതറീയണേ അവള്ടെ ഭാഷക്കാരാരെയെങ്കിലും കിട്ടണം.. ഇങ്ങനൊരു ഭാഷ ഞാനാദ്യം കേക്കുവാ.”നല്ല പറഞ്ഞു. “

ജോസഫ് സാറിനെ ഓർക്കുകയായിരുന്നു രഘുപതി. ജോസഫ് സാറിന്റെ ഭരണകാലത്ത് പൊലീസ് സ്റ്റേഷനും മലയാള ഭാഷയ്ക്കും അയാൾ സംഭാവന ചെയ്ത പദമാണത്. കത്ത്. സീൽ, സീലുവെക്കൽ.

“അതിന്റെ വർത്തമാനം എനിക്ക് ഒട്ടും പിടികിട്ടണില്ല. അല്ലായിരുന്നേല് എഫ്.ഐ.ആറ് ഞാൻ തന്നെ ശരിയാക്കിയേനേ.” പൊലീസ് സ്റ്റേഷനടുത്ത് ഏറെക്കാലം തട്ടുകട നടത്തിയ പരിചയത്തിൽ അവൾ പറഞ്ഞു.

“പിന്നെങ്ങനെ നീ ഇതെല്ലാം അറിഞ്ഞു?”

ഫോണിൽ നല്ലയുടെ ചിരി കിലുങ്ങി.

“അതിനൊക്കെ പ്രത്യേകിച്ച് ഒരു ഭാഷേം വേണ്ട. രണ്ടോ മൂന്നോ വെരലു മതീല്ലോ. ലോകത്തിലാർക്കും മനസിലാകും ആ വെരലു ഭാഷ.”

“ആരോടും പറയണ്ട.” രഘുപതി ശബ്ദം താഴ്ത്തി പറഞ്ഞു. “നീയതിനെ ഇപ്പോ കുളിപ്പിച്ചു കേറ്റി നിന്റെ വീട്ടിലേക്കു കൊണ്ടോക്കോ. പാട്ടാക്കണ്ട. ന്താ വേണ്ടേന്ന് ആലോചിച്ച് ചെയ്യാം. ഒന്നിനും ചാടിപ്പൊറപ്പെടണ്ടാ. അതാ ഇപ്പോ നല്ലതെന്ന് തോന്നണു. ഞാനൊന്ന് ആലോചിക്കട്ടെ.”

അയാൾ ഫോൺ വെച്ചു.

വൈകാതെ വീണ്ടും ഫോൺ വന്നു. നല്ല തന്നെ. വെള്ളത്തിന്റെ ഒഴുക്ക് ഫോണിൽ കേൾക്കാം.
“ചോദിച്ച് ചോദിച്ച് എനിക്ക് ഒരു കാര്യം കൂടി പിടി കിട്ടീട്ടൊണ്ട്.. അവള് ഗുജറാത്തീന്നാ… പേര് വാസന്തിന്ന്…” പിന്നെ അവളുടെ ചിരി കേട്ടു. “നമ്മളു വിചാരിച്ചതിനേക്കാൾ കൂടുതൽ ആൾക്കാര് പ്രതികളായിട്ടുണ്ടാകൂന്നാ എന്റെ ഒരു മനക്കണക്ക്… പാവം.”

ക്വാട്ടേഴ്സിലെത്തി സുബൈറിനെ വിളിച്ചു. അവൻ കുറേക്കാലമായി നാഷണൽ പെർമിറ്റ് വണ്ടിയിൽ ലോകം മുഴുവൻ കറങ്ങി നടക്കുന്നവനാണ്. മിക്കവാറും അവൻ വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ആയിരിക്കും. നാട്ടിൽ നാലു നാളു നിന്നാൽ നാലു കേസെങ്കിലും തീർക്കേണ്ടി വരും. ആദ്യത്തെ റിങ്ങിനു തന്നെ സുബൈർ ഫോൺ എടുത്തു.

“നിനക്ക് ഗുജറാത്തി അറിയാമോ?” ഒരാമുഖവുമില്ലാതെ രഘുപതി ചോദിച്ചു.

അവന്റെ ചിരി കേട്ടു. “മലയാളം പോലും എനിക്ക് ശരിക്കറയത്തില്ലല്ലോ സാറേ…”

“ഗുജറാത്തി അറിയാവുന്ന ആരേലും ഉണ്ടോ? പരിചയത്തില്, അത്ര വെടിപ്പായിട്ട് അറിയണന്നൊന്നുമില്ല. അത്യാവശ്യം അറിയുന്ന ആരെങ്കിലും മതി.” രഘുപതി തിരക്കിട്ടു. “രണ്ടു മൂന്നു സംഭാഷണങ്ങൾ ഉണ്ട്. അതൊന്ന് ഗുജറാത്തീലാക്കി തരണം. അതു മതി.”

ആരുമില്ലെന്നവൻ പെട്ടെന്നു പറഞ്ഞു. അവനെന്തോ തിരക്കിലാണ്. ആരെയെങ്കിലും കിട്ടിയാൽ തിരിച്ചു വിളിക്കാമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞ് വീണ്ടും സുബൈറിനെ വിളിച്ചു നോക്കി. അവൻ ഫോണെടുത്തില്ല.

ഒടൂവിൽ നല്ല തന്നെയാണ് ജോസഫ്സാറിന്റെ പേര് പറഞ്ഞത്. “അയാൾ റിട്ടയറു ചെയ്തിട്ട് ഗുജറാത്തിലെങ്ങോ ആണെന്നല്ലേ പറഞ്ഞത്.? മകന്റെ ഒപ്പം?”

അതെയോ എന്നു രഘുപതി സംശയിച്ചപ്പോൾ നല്ല ഉറപ്പു പറഞ്ഞു. ഗുജറാത്തിലു തന്നെ.. ഇപ്പോ മക്കടെ മക്കൾക്കു കാവലായിട്ടിരിക്കുകയാണ്. ഒരിക്കൽ ജോസഫ് സാറു വിളിച്ചപ്പോൾ ഗാന്ധീടെ നാട്ടിലാന്നു പറയുകയും ചെയ്തു. പറഞ്ഞ സ്ഥലത്തിന്റെ പേരും അവൾ ഓർത്തെടുത്തു.

സി.ഐ. ജോലിയിൽ ഉണ്ടായിരുന്നപ്പോൾ ഇടയ്ക്കിടെ നല്ലയുടെ കടയിൽ വരുമായിരുന്നു. അയാളുടെ മരിച്ചു പോയ ഭാര്യയുടെ കളിയും ചിരിയുമാണത്രേ നല്ലയ്ക്ക്. ഇടയ്ക്കിടക്ക് അയാൾ ഇപ്പോഴും നല്ലയെ വിളിക്കലുണ്ട്.

ജോസഫ് സാറിനെ വിളിച്ചാലോ എന്ന് മൂന്നാലു വട്ടം ആലോചിക്കേണ്ടി വന്നു. ഒടുവിൽ അതാണു നല്ലതെന്നു തോന്നി. പോരെങ്കിൽ അയാൾ വളരെ ദൂരെയാണ്.

നല്ല വിളിക്കുന്നു.

“ഏതായാലും സ്റ്റേഷനിലേക്ക് കൊണ്ടുവരണതാ നല്ലതെന്നു തോന്നണു… അങ്ങനെയല്ലേ അതിന്റെ രീതികള്. അല്ലെങ്കിൽ കൊറച്ചു കഴിഞ്ഞ് നാലാളറിഞ്ഞാ എനിക്കാ പൊല്ലാപ്പ്. ഞാൻ സത്യായിട്ടും നിങ്ങടെ പേരും പറയും. കുട്ടിയെ ആദ്യം കണ്ടത് നിങ്ങളാന്ന്.”

നല്ലയ്ക്ക് ഭയം തോന്നിത്തുടങ്ങിയിരുന്നു.

അയാൾ അതിനു മറുപടി ഉടനെ പറഞ്ഞില്ല. തെല്ലുകഴിഞ്ഞ് നല്ലയെ വിളിച്ചു.

“ആരോടും പറയണ്ട. ഇന്ന് രാത്രിതന്നെ വല്ല തീവണ്ടീലും കേറ്റി വിടാം. ആശുപത്രീലും സ്റ്റേഷനിലും ഒക്കെ പോയാല് അതിലും വലിയ പൊല്ലാപ്പാകും.. നീ പറഞ്ഞത് ശരിയാ.. അവസാനം പ്രതി ഞാനും നീയുമൊക്കെ ആകും.”

അതു ശരിയാണെന്നു നല്ലയും പറഞ്ഞു. ഇക്കാലത്ത് ഗുണത്തിനും പുണ്യത്തിനും നിൽക്കാതിരിക്കുകയാണു നല്ലത്.

“വാസന്തി ഇപ്പോൾ എന്തു ചെയ്യുന്നു?” രഘുപതി ചോദിച്ചു.

“നല്ലോണം ഒറങ്ങ്ണു… എന്നാലും എടയ്ക്കെടയ്ക്ക് ഞെട്ടി ഒണരൊണൊണ്ട്…”

“ഒറക്കമെണിക്കുമ്പം നല്ലതു പോലെ വല്ലോം കൊടുക്കണം.”

“എനിക്കു വൈകുന്നേരത്തേക്ക് കട തൊറക്കണേ. അതുമറക്കണ്ട.”

“ഓ..” രഘുപതി പറഞ്ഞു. “അതിനുമുമ്പേ ഞാനതിനെ വണ്ടി കേറ്റി വിട്ടോളാം. വെറുതെ വേലിയേ കെടക്കണ പാമ്പിനെ എടുത്ത്…”

നല്ല അതു പൂരിപ്പിച്ചു.

ഗുജറാത്തിലുള്ള റിട്ടയേഡ് സി ഐ ജോസഫ് സാറിനെ വിളിക്കുന്നതിനു മുമ്പേ, അദ്ദേഹവുമായി സംസാരിക്കേണ്ട കാര്യങ്ങൾ നമ്പർ ഇട്ട് ഒരു കടലാസിൽ രഘുപതി രേഖപ്പെടുത്തി വെച്ചിരുന്നു. ജോസഫ് സാറിന് ഒരു സംശയത്തിനും ഇടകൊടുക്കരുത്.

അതുകൊണ്ട് ആമുഖത്തിനു ശേഷം രഘുപതി പറഞ്ഞു. “പുതുതായി വന്ന ഒരാൾ കുറച്ചൊക്കെ എഴുതാറുണ്ട്. ഒരു നോവലിനോ നാടകത്തിനോ വേണ്ടി കൊറച്ച് സംഭാഷണങ്ങള് മലയാളത്തീന്ന് ഗുജറാത്തിയിൽ ആക്കിത്തരണം.. അയാളുടെ കഥയിൽ ഒരു ഗുജറാത്തി കഥാപാത്രമുണ്ടെന്നു പറഞ്ഞു.

“മഹാഭാരതം വല്ലതുമാണോ?.” റിട്ടയേഡ് സി ഐ ചിരിച്ചു.

അല്ലെന്നു പറഞ്ഞു. “നമ്മടെ അസോസിയേഷന്റെ വാർഷികത്തിന് അവതരിപ്പിക്കാനുള്ള നാടകമാണെന്നു തോന്നുന്നു. നാലോ അഞ്ചോ സംഭാഷണങ്ങളേ ഉള്ളൂന്നാണ് പറഞ്ഞത്.” പെട്ടെന്നു മനസിൽ തോന്നിയ ഒരു നുണ പറഞ്ഞു.

ജോസ്ഫ് സാർ ഉറക്കെ ഒരു കോട്ടുവായിട്ട ശബ്ദം കേട്ടു. “ഓ, എന്നാ ഞാൻ തന്നെ ചെയ്ത് തരാം. ഇവടെ പണിക്കു വരണ ഒരു ഗുജറാത്തിത്തള്ളയുമായി ഞ്ഞഞ്ഞഞ്ഞ പറഞ്ഞ് കൊറച്ചൊക്കെ ഗുജറാത്തി ഞാനും പഠിച്ചു. തള്ളാന്ന് പറഞ്ഞാല് ഏറിയാല് ഒരു നാപ്പത്. അത്രേമില്ല ചെലനേരത്ത്.”

രഘുപതി തിരക്കുകൂട്ടി. അയാൾ തിരക്കിട്ട് കടലാസ് നോക്കി വായിച്ചു.

നിന്റെ വീട് എവിടെയാണ്?

ആ വാക്യം ഗുജറാത്തിയിലേക്ക് തർജ്ജമ ചെയ്യാൻ കാത്തുനിന്ന നേരം ജോസഫ് സാർ പറഞ്ഞു. എല്ലാം കൂടി ഒരുമിച്ചു വാട്ട്സാപ്പ് ചെയ്യ്. ഞാൻ അതൊക്കെ തർജ്ജമ ചെയ്ത് നമ്മടെ തള്ളോടു കൂടി ഒന്ന് ആലോചിക്കട്ടെ.. എല്ലാം ശരിയാണെന്ന് അവരെക്കോണ്ടു കൂടി ഒരു സീലു പതിപ്പിക്കാം.. അതാ നല്ലത്..

ജോസഫ് സാറിന്റെ ചിരി കാതിൽ മുഴങ്ങി.

രഘുപതി ഒന്നു ഞെട്ടി. അയാൾ ആ വാക്ക് മറന്നിട്ടില്ല.

രഘുപതി തർജ്ജമ ചെയ്യാനുള്ള വാചകങ്ങളൊക്കെയും വാട്ട്സാപ്പ് ചെയ്തു.

നിന്റെ പേരെന്താണ്? വീടു വിട്ടിട്ട് എത്ര ദിവസമായി? എങ്ങനെയാണ് ഇവിടെയെത്തിയത്.? ആരൊക്കെയാണ് നിന്റെ ഒപ്പം ഉണ്ടായിരുന്നത്.? അവരെന്തെല്ലാമാണ് ചെയ്തത്.?

തെല്ലു കഴിഞ്ഞ് ജോസഫ് സാർ തിരിച്ചു വിളിച്ചു. “ഇനി ഒന്നും തർജ്ജമ ചെയ്യാനില്ലല്ലോ.? വാക്യങ്ങളൊന്നും വിട്ടുപോയിട്ടില്ലല്ലോ.? എന്തോ വിട്ടുപോയ പോലെ എനിക്കു തോന്നി.”

പെട്ടെന്നോർത്തു. ഒരു വാക്യം വിട്ടു പോയിട്ടുണ്ട്. മനപ്പൂർവം വിട്ടുകളഞ്ഞതാണ്. അതു വളരെ മെല്ലെയാണ് രഘുപതി പറഞ്ഞത്..

“അവരു കാണിച്ചതെല്ലാം നീ അഭിനയിച്ചു കാണിക്ക്. പെണ്ണേ.”

അപ്പുറത്തുനിന്നും ജോസഫ് സാറിന്റെ ചിരി കേട്ടു. ഇപ്പോഴാണ് ആ സംഭാഷണങ്ങൾ ഒരു നാടകത്തിനു അനുയോജ്യമായത്.” അയാൾ വീണ്ടും ചിരിച്ചു. ചിരിയുടെ ഒടുവിൽ ഒരു പൊലീസ് ഓഫീസറുടെ ഗൗരവത്തോടെ അയാൾ ചോദിച്ചു.

“ആ പെണ്ണ് ഇപ്പോൾ നിന്റെ മുറിയിലുണ്ടോ?”

രഘുപതി ഞെട്ടിപ്പോയി. അയാളുടെ ശരീരത്തിലെ വെള്ളമത്രയും ഒരു നിമിഷം കൊണ്ട് വറ്റി.

ജോസഫ് സാറിന്റെ ശബ്ദം കേട്ടു. “ഉണ്ട്.. എനിക്കുറപ്പാണേ രഘുപതി പരുങ്ങുന്നല്ലോ? എവിടെയാണവൾ? ആ ഗുജറാത്തിപ്പെണ്ണ്.”

അയാൾ നോക്കി. കട്ടിലിൽ തന്റെ മകളുടെ പഴയ യൂണിഫോം ധരിച്ച് വാസന്തി മയങ്ങുന്നു. അവൾ ഇടയ്ക്കിടെ ഞെട്ടുകയും കണ്ണു തുറക്കുകയും ചെയ്യുന്നുണ്ട്.

“എന്താ രഘു മറുപടി പറയാത്തത്?”

“അങ്ങനെയൊന്നുമില്ല… സാർ ഒരു നാടകത്തിന്. ഗുജറാത്തിൽ നിന്നും വന്ന ഒരു തീവ്രവാദിയെ പോലീസ് ചോദ്യം ചെയ്യുന്ന രംഗമാണെന്നാണു പറഞ്ഞത്. കൂടുതൽ ഒന്നും ഞാൻ ചോദിച്ചുമില്ല.” ആ നേരം ചുണ്ടു വിറയ്ക്കാതിരിക്കാൻ അയാൾ ആവതു ശ്രമിച്ചു.

ജോസഫ് സാർ ചിരിച്ചു. “സർവീസിൽ നിന്നു പിരിഞ്ഞത് ഗവണ്മെന്റെ നിശ്ചയിച്ച പ്രായമായതുകൊണ്ടാണു രഘുപതി.”

രഘുപതി വിയർത്തു. ജോസഫ് സാർ ചോദിച്ചു.

“അവൾക്ക് എന്തു പ്രായം വരും.? ഇരുപത്തഞ്ച്, അതോ മുപ്പതോ.?”

രഘുപതി പെട്ടെന്നു പറഞ്ഞു. എന്റെ മകളുടെ പ്രായം. സാറിന്റെ പേരക്കുട്ടിയുടെ പ്രായം.?”

ജോസഫ് സാർ ചിരിച്ചു. “അവിടെയേ എനിക്കൊരു തെറ്റു പറ്റിയുള്ളു…”

അയാൾ പെട്ടെന്നു തന്നെ കോൾ കട്ടു ചെയ്തു. രഘുപതിക്ക് തെല്ലു സമാധാനം തോന്നി.

എന്നാൽ പെട്ടെന്ന് ഫോൺ മുഴങ്ങി. വീഡിയോ കോളാണ്. എടുക്കാതെ ഒരു നിമിഷം നിന്നു. പിന്നെ അയാൾ അറിയാതെ ഫോണിൽ തൊട്ടു. ജോസഫ് സാറിന്റെ മുഖം അതിൽ തെളിഞ്ഞു. പണ്ടത്തെ കൊമ്പൻ മീശ പിടിപ്പിച്ച മുഖമല്ല. ക്ലീൻ ഷേവിലാണ്. സൗമ്യഭാവം. കണ്ണുകളിലെ ചുവന്ന നിറത്തിനു മാത്രമാണു മാറ്റമില്ലാത്തത്.

“ഇനി നമുക്ക് ഒരു വീഡിയോ കോളിലേക്കു കടക്കാം… അതാണു നല്ലത്… നേരിട്ടു സംസാരിക്കാമല്ലോ” പഴയ സി ഐ പറഞ്ഞു. “ഞാൻ തന്നെ വേണ്ട ചോദ്യങ്ങൾ ചോദിച്ച്. നിന്നേക്കാൾ നല്ലതു പോലെ ചോദ്യം ചെയ്യാൻ എനിക്കു കഴിയും. നീ പുറത്തേക്കിറങ്ങി നിൽക്കുന്നതാണു നല്ലത്. അതിനു മുമ്പേ കുട്ടിയെ കാമറയ്ക്കു മുന്നിലേക്കു നിർത്തുക. അതെ, നിർത്തുക. അതാണു സൗകര്യം. ഞാനവളെ ശരിക്കൊന്നു കാണട്ടെ.”

രഘുപതി വീഡിയോ കോൾ കട്ടാക്കി. പെട്ടെന്ന് മൊബൈൽ വിറകൊണ്ടു.

“ഞാൻ പെൻഷൻ പറ്റിയെന്നേയുള്ളു… എല്ലാവരടേം നമ്പറുകൾ, എന്റെ കൈയിലുണ്ട്.. എനിക്കു നീയിപ്പോഴും എന്റെ വീട്ടിലെ പൂന്തോട്ടം നനയ്ക്കുന്ന രഘുപതി തന്നെയാണ്. എന്റെ നായകളെ കുളിപ്പിക്കുന്ന രഘുപതിയാണ്. അതോർമ്മ വേണം..”

K R Viswanathan, story, iemalayalam

വാസന്തിയെ കാമറയുടെ മുമ്പിലേക്കു നിർത്തി.

“രഘുപതി പുറത്തേക്കു നിന്നോളൂ… ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി… അതിനു മുമ്പ് മുറിയിലെ ഫാൻ ഓഫാക്ക്…”

ഫാൻ ഓഫാക്കി കതകു ചാരി രഘുപതി പുറത്തേക്കിറങ്ങി. ഒരു സിഗററ്റിനു തീകൊടുത്തു. ഒന്നു രണ്ടു പുക ഉള്ളിലെത്തിയപ്പോൾ ഉള്ളു വെന്തു പുകഞ്ഞു. വാതിൽ പഴുതിലൂടെ അശ്രദ്ധമായി അകത്തേക്കു നോക്കിയപ്പോൾ മേശമേൽ കുത്തനെ നിർത്തിയിരുന്ന മൊബൈലിനു മുമ്പിൽ വാസന്തി അറ്റൻഷനായി നിൽക്കുന്നതു കണ്ടു. അവളുടെ പാറിപ്പറന്ന മുടി ഒട്ടൊരു ഭംഗിയിൽ നെറുകയിൽ കെട്ടിവെച്ചിരുന്നു.

“രഘുപതീ…” ജോസഫ് സാറിന്റെ വിളി രഘുപതി കേട്ടു. അയാൾ ഉള്ളിലേക്കു ചെന്നു. അപ്പോൾ അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നത് രഘുപതി കണ്ടു.

“അവിടെ പൊട്ടുകുത്താനൊന്നുമില്ലേ രഘുപതി..?” ജോസഫ് സാർ രഘുപതിയുടെ നേരേ നോക്കി.

“ഉണ്ട് സാർ.” അയാൾ ജനാലപ്പടിയിൽ അയാളുടെ മകൾ ഒട്ടിച്ചു വെച്ചിരുന്ന പൊട്ടെടുത്ത് വാസന്തിക്കു നേരേ നീട്ടി. അവൾ അത് അയാളുടെ കൈയിൽ നിന്നും പറിച്ചെടുത്തു.

“ രഘുപതീ, കുങ്കുമം വല്ലതുമുണ്ടേല് അവളടെ സീമന്ത രേഖേലും കൊറച്ചു തൊട്ടുകൊട്. ഒരഴക് വരട്ടെ. എന്റെ പെണ്ണുംപിള്ള കരിങ്കുന്നംകാരി നസ്രാണിയാണേലും അവള് എപ്പളും അവടെ കുങ്കുമം തൊടുമായിരുന്നു.”

ജോസഫ് സാർ എന്തോ പറഞ്ഞു. രഘുപതിക്ക് മനസിലായില്ല. അവളോടായിരിക്കും. വാസന്തി നെറ്റിയിൽ പൊട്ടുകുത്തുന്നതു കണ്ടു.

രഘുപതി പുറത്തേക്കിറങ്ങി. ജോസഫ് സാർ എന്തോ പറയുന്നതു കേട്ടു. ഇപ്പോൾ അയാളുടെ ശബ്ദം കൂടുതൽ ഉയർന്നിരിക്കുന്നു. തൊട്ടടുത്ത നിമിഷം അയാൾ തന്നെ വിളിക്കുന്നത് രഘുപതി കേട്ടു. അയാൾ അകത്തേക്കു ചെന്നു.

ജോസഫ് സാർ പറഞ്ഞു. ഇവൾ അനുസരിക്കുന്ന മട്ടു കാണുന്നില്ലല്ലോ രഘുപതി. ചിലപ്പോൾ രഘുപതി ഒന്നു സഹായിക്കേണ്ടി വന്നേക്കും. ഒരു വാണിങ് കൂടി കൊടുത്തു നോക്കാം…

“ദാ. രഘുപതീ” ജോസഫ് സാർ പറഞ്ഞു. മുറിയുടെ മൂലയ്ക്കിരിക്കുന്ന ചൂരലെടുത്ത് മേശമേലേക്കു വെച്ചേക്ക്. ചിലപ്പോൾ നീ അവളെ ഒന്നു കൈകാര്യം ചെയ്യേണ്ടി വന്നേക്കും.”

രഘുപതി അങ്ങനെ തന്നെ ചെയ്തു. അയാളുടെ മകൾ സ്കൗട്ടിൽ ഉണ്ടായിരുന്ന കാലത്ത് അവൾക്കു വേണ്ടി വാങ്ങിയ ചൂരൽ വടിയായിരുന്നു അത്. വാസന്തി ഭയത്തോടെ ആ വടിയിലേക്കൊന്നു നോക്കി.

രഘുപതി മുറിയിൽ നിന്നും മുറ്റത്തേക്കിറങ്ങി വീണ്ടും സിഗററ്റിനു തീ പിടിപ്പിച്ചു. അതും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സിഗററ്റിന്റെ അറ്റത്ത് കാട്ടുതീയാണു കത്തുന്നത്. കാട്ടുതീയാണുള്ളിലേക്കു പടർന്നുകത്തൂന്നത്. കരിമ്പുകയാണു പുറത്തേക്കു വരുന്നത്. സിഗററ്റ് ദൂരേക്കു വലിച്ചെറിഞ്ഞു.

മുഖമാകെ ഒന്നു രണ്ടുവട്ടം തുടച്ചു. അപ്പോൾ തന്റെ മുഖമാകെ മാറിയെന്നും തനിക്ക് ഒരു കഴുതപ്പുലിയുടെ മുഖമാണെന്നും അയാൾക്കു തോന്നി.

അയാൾ തിരിച്ചു കയറി വാതിൽ പഴുതിലൂടെ നോക്കി. മേശക്കുമുമ്പിൽ വാസന്തിയെ കണ്ടില്ല. അവൾ രക്ഷപെട്ടോ എന്ന് ഒരു നിമിഷം ഭയപ്പെട്ടു. എന്നാൽ അടുത്ത നിമിഷം മൊബൈൽ ഫോണിന്റെ സ്ക്രീനിൽ വസ്ത്രങ്ങൾ ഓരോന്ന് ഉരിഞ്ഞെറിയുന്ന ജോസഫ് സാറിനെ രഘുപതി കണ്ടു.

രഘുപതി അകത്തേക്കു കയറിയപ്പോൾ കട്ടിലിൽ പൂർണ നഗ്നയായി കിടക്കുന്ന വാസന്തി. അവൾ കൈ കൊണ്ട് കണ്ണു രണ്ടൂം മുറുകെ പൊത്തിപ്പിടിച്ചിരുന്നു. വാസന്തിയുടെ കൈകൾ രഘുപതിയുടെ വരവറിഞ്ഞ് തെല്ലൊന്നനങ്ങിയപ്പോൾ കൈകകൾക്കുള്ളിൽ തങ്ങി നിന്ന കണ്ണുനീർ പുറത്തേക്കൊഴുകി. ജോസഫ് സാർ പറയുന്നതൊക്കെയും അവൾ അനുസരിക്കാൻ തുടങ്ങുകയായിരുന്നു.

വാസന്തി ഞെട്ടിയുണർന്ന് രഘുപതിക്കു നേരേ കൈകൂപ്പി.

“രഘുപതീ..” ജോസഫ് സാർ വിളിച്ചു.

അയാളുടെ ശബ്ദത്തിന്റെ കാഠിന്യം കൊണ്ട് ജോസഫ് സാർ തന്റെ തൊട്ടടുത്താണു നിൽക്കുന്നതെന്ന് രഘുപതിക്കു തോന്നി. വാസന്തിക്കും അങ്ങനെ തോന്നിയിട്ടുണ്ടാകും. അവൾ വിറയ്ക്കുന്നതു കണ്ടു.

“രഘുപതീ. നീ പുറത്തേക്കിറങ്ങ്.”

രഘുപതി മടിച്ചു നിന്നു.

“ഗെറ്റൗട്ട്…പന്നീടെ മോനേ…” ജോസഫ് സാർ ഒച്ചയിട്ടു. “അതോ ഇപ്പോൾ നിന്റെ ക്വാട്ടേഴ്സിലേക്ക് ആരെയെങ്കിലും പറഞ്ഞു വിടണോ?”

രഘുപതി പുറത്തേക്കിറങ്ങുമ്പോൾ ജോസഫ് സാർ പറഞ്ഞു. “വേകുവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാൻ പഠിക്കണം.. പ്രത്യേകിച്ചും ഒരു പൊലീസുകാരൻ.”

രഘുപതി വീണ്ടും പുറത്തേക്കിറങ്ങി . ഒരു സിഗററ്റെടുത്ത് തീ പിടിപ്പിക്കാൻ ശ്രമിച്ചു. കൈയുടെ വിരലുകൾ വിറയ്ക്കുന്നതു കൊണ്ട് അതിനു തീപിടിപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഒന്നു രണ്ടൂവട്ടം ഉരച്ചിട്ട് തീപ്പെട്ടിക്കോലിൽ തീ പിടിച്ചതുമില്ല.

ഗുജറാത്തിയോടൊപ്പം ജോസഫ് സാറിന്റെ ശബ്ദം അയാൾ കേട്ടു.

“ശരിക്ക് അഭിനയിക്ക് പെണ്ണേ. അവർ നിന്നോടു ചെയ്തതെല്ലാം.“

രഘുപതി നോക്കി. അവൾ ഇപ്പോൾ നിശബ്ദയാണ്. അവളുടെ കണ്ണു നീർ തളർന്നു തീർന്നിരിക്കുന്നു. അവൾ മകളുടെ യൂണിഫോമെടുത്ത് ഇടാൻ ശ്രമിക്കുകയാണ്. പെട്ടെന്ന് അയാൾ യൂണിഫോം പിടിച്ചെടുത്ത് അയാൾ കട്ടിലിനടിയിലേക്കിട്ടു. മേശപ്പുറത്തേ മൊബൈൽ ഓഫാക്കി.

വാസന്തി എന്തോ പറഞ്ഞത് അയാൾക്കു മനസിലായില്ല. വീണ്ടുമവൾ അതു തന്നെ പറഞ്ഞു. രഘുപതി അതെന്തെന്നു മനസിലാക്കാൻ ശ്രമിച്ചില്ല..

ഏറെ നേരത്തിനു ശേഷം ഫോണിൽ ബെല്ലടിച്ചപ്പോൾ രഘുപതി എഴുന്നേറ്റു. ജോസഫ് സാറായിരിക്കുമെന്നു കരുതി നോക്കിയതുപോലുമില്ല. വീണ്ടും ഫോൺ മുഴങ്ങിയപ്പോൾ അയാൾ എഴുന്നേറ്റു. സ്റ്റേഷനിൽ നിന്നാണ്.

അയാൾ തിടുക്കത്തിൽ എഴുന്നേറ്റു. പെട്ടെന്ന് പാന്റ്സ് വലിച്ചു കയറ്റി. അയാൾക്ക് അതിടാൻ ബുദ്ധിമുട്ടു തോന്നി. അപ്പോൾ പഴയ ട്രൗസർ ആയിരുന്നെങ്കിൽ എത്ര നന്നായെന്ന് അയാൾക്കു തോന്നി. അതു ധരിക്കാൻ എത്ര എളുപ്പമാണ്. ഇതു പോലെ വിയർക്കുകയുമില്ല.

മിണ്ടരുതെന്ന് വാസന്തിയുടെ നേരേ ഒരാംഗ്യം കാട്ടി മുറി പൂട്ടി അയാൾ പുറത്തേക്കിറങ്ങി. അവൾ മുറിക്കരുകിൽ കൂനിക്കൂടിയിരുന്നു.

തിടുക്കത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്. ഐ. പറഞ്ഞു. പണ്ടത്തെ നമ്മടെ സി.ഐ. ജോസഫ് സാറു വിളിച്ചിരുന്നു. രഘുപതിയെ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന്.. ഇയാളെവിടെയായിരുന്നു.

ജോസഫ് സാർ ഒരു തവണ പോലും വിളിച്ചിട്ടില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ നിന്നാൽ സംശയിക്കുമോ എന്നൊരു അങ്കലാപ്പിൽ രഘുപതി ചോദിച്ചു.

“തിരിച്ചു വിളിക്കാൻ പറഞ്ഞോ? സി ഐ സാറ്?”

“തിരിച്ചു വിളിക്കാനൊന്നും പറഞ്ഞില്ല. പക്ഷേ ഇന്നു വൈകുന്നേരം തന്നെ ഗാന്ധി നഗറിലേക്കുള്ള ട്രെയിനിൽ കൊടുത്തു വിടണമെന്നു പറഞ്ഞു. സാറ് അവിടെ കാത്തു നിൽക്കുമെന്ന്.” അയാൾ രഘുപതിയുടെ നേരേ തിരിഞ്ഞു.

“എന്തു കൊടുത്തുവിടണമെന്നാണു സി ഐ സാറ് പറഞ്ഞത്.?”

“ഒരു കത്ത്” രഘുപതി പറഞ്ഞു.

ഒരു നിമിഷം നിന്ന് എസ് ഐ ചിരിച്ചു. “ ജോസഫ് സാറിപ്പോഴും പഴയ ആൾ തന്നെ. ഇതൊക്കെ ഇപ്പോൾ വാട്ടാസാപ്പ് ചെയ്താൽ പോരേ.? റെയിൽവേ സ്റ്റേഷനിൽ വന്നു കാത്തുനിൽക്കേണ്ട ആവശ്യം വല്ലതുമുണ്ടോ.?”

വാസന്തിയെ ട്രെയിനിൽ ഇരുത്തി രഘുപതി പുറത്തു നിന്നു. അവൾ ജനാലക്കമ്പികളിൽ തല ചേർത്തിരുന്നു.

ജോസ്ഫ് സാർ വിളിച്ചു. ആവശ്യത്തിനു വെള്ളം കൊടുത്തു വിടണം. തിന്നാൻ ബിസ്കറ്റോ ചിപ്സോ എന്തെങ്കിലും. വിശക്കാൻ ഇടവരരുത്. വിശക്കാൻ തുടങ്ങുമ്പോഴാണു കുഴപ്പങ്ങൾ തുടങ്ങുന്നത്. ടി ടി ആറിനോടും ഒന്നു സൂചിപ്പിച്ചേക്കണം..

അയാൾ തലകുലുക്കിയതേയുള്ളു. അവൾ ഒന്നും കഴിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. അയാൾ വേഗം ഭക്ഷണപൊതിയുമായി വന്നെങ്കിലും അവളതിലേക്കു നോക്കിയില്ല. രഘുപതി ജനാലയിലൂടെ അത് അവളുടെ അരികിലേക്ക് ചേർത്തു വെച്ചു.

രഘുപതി അവൾക്ക് മുകളിലെ ബർത്ത് ചൂണ്ടിക്കാട്ടി. അവൾക്കു മനസിലാകില്ലെന്നറിഞ്ഞിട്ടും അയാൾ പറഞ്ഞു.

“ക്ഷീണം ഉണ്ടെങ്കിൽ അതിൽ കേറിക്കിടക്കാം..” അതിനൊടുവിൽ ഒരു നേഴ്സറിക്കുട്ടിയെ പോലെ അഭിനയിച്ചു കാണിക്കുകയും ചെയ്തു.

അടുത്ത ട്രാക്കിലൂടെ കടന്നു പോയ ഒരു ഗുഡ്സ് ട്രെയിനിന്റെ ഭൂമി പൊളിഞ്ഞു വീഴുന്ന ശബ്ദം അവസാനിച്ചപ്പോൾ അവൾ അയാളുടെ നേരേ നോക്കി എന്തോ പറഞ്ഞു. അവൾ എന്താണു പറഞ്ഞതെന്ന് രഘുപതിക്ക് മനസിലായില്ല.

ക്വാട്ടേഴ്സിൽ വെച്ചും മൂന്നാലു തവണ അവളതു പറഞ്ഞിരുന്നു. ഒരു വേള അവൾ അവളുടെ ദൈവങ്ങളെ വിളിച്ചതായിരിക്കും എന്നാണു കരുതിയത്.

വീണ്ടും വീണ്ടും അവൾ അതാവർത്തിച്ചപ്പോൾ അയാൾ ജോസഫ് സാറിനെ വിളിച്ച് വാസന്തിക്ക് ഫോൺ നീട്ടി. അവൾ തന്നോടു പറഞ്ഞതു തന്നെയാണ് ജോസഫ് സാറിനോടും പറയുന്നതെന്ന് അറിഞ്ഞു.

അവൾ രഘുപതിക്ക് ഫോൺ നീട്ടി.

“കുരുപ്പേ… നിനക്കൊട്ടും വിവരമില്ലാതായിപ്പോയല്ലോ? കുറച്ചു തീണ്ടാരിത്തുണി വേണമെന്നാണവൾ പറഞ്ഞത്. ഇനി ഏതായാലും അവടെ നിന്നെങ്ങാനും ഒന്നു രണ്ട് നാപ്കിൻ വാങ്ങിച്ചു കൊടുക്ക്…”

അയാൾ അടുത്തുള്ള കടയിലേക്കു തിരിയുമ്പോൾ ജോസഫ് സാറിന്റെ ശബ്ദം കേട്ടു.

“രഘുപതി.. നിനക്ക് ഒട്ടും ബുദ്ധിയില്ലെന്നറിയാം … നാപ്കിൻ മാത്രം പോരാ… അവൾക്ക് രണ്ടു ഷഡ്ഡീം കൂടി വാങ്ങിക്കൊടുത്തേര്… കത്ത് മൂടാൻ…”

തുടർന്ന് ജോസഫ് സാറിന്റെ ചിരി കേട്ടു.

കത്ത്. അതും ജോസഫ് സാറിന്റെ സംഭാവനയാണ്. ഒരോ പെണ്ണും ഒരു കത്താണ്. സൗകര്യപൂർവം തുറന്നു വായിക്കാവുന്ന കത്ത്. വായന കഴിഞ്ഞാൽ കൈമാറാനും കഴിയും. എത്ര ദൂരേക്കു വേണമെങ്കിലും. അതിനിടയിലും സീലുകൾ പതിഞ്ഞെന്നിരിക്കും. അത്രേയുള്ളു.

പാളങ്ങളുടെ അരികിൽ കത്തിനിന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടു. അത് മഞ്ഞയിലേക്കു മാറി. ഇനി അവ പച്ചയിലേക്ക് നിറം മാറണം.

ഫോൺ ശബ്ദിക്കുന്നു. സ്റ്റേഷനിൽ നിന്നാണ്. എസ് ഐയുടെ ശബ്ദം കേട്ടു.
“ജോസഫ് സാറിന് കൊടുത്തുവിടണമെന്ന് പറഞ്ഞ കത്ത് കൊടുത്തുവിട്ടോ?”

“ഉവ്വ്, സാർ”

“ഓർമ്മിപ്പിച്ചെന്നേയുള്ളു. പെൻഷൻ പറ്റിയാലും സാറ് നമ്മടെ ആളു തന്നെയാണല്ലോ.”

“അതേ,സാർ.”

ജോസഫ് സാർ വിളിച്ചു.

“ഉവ്വ്. സാർ. അയച്ചിട്ടുണ്ട്.” രഘുപതി പറഞ്ഞു.

വിളക്കുകളിൽ നിറം പച്ചയാകുന്നു.

ഗാന്ധിനഗറിലേക്കുള്ള കത്തുമായി ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി.

Read More: കെ ആർ വിശ്വനാഥന്‍റെ മറ്റു രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: K r viswanathan short story gandhi nagarilekkulla kathu