Latest News

ദുശാനക്കളികൾ- കെ ആർ വിശ്വനാഥൻ എഴുതിയ കഥ

പാഞ്ചാലി അലറി വിളിച്ചിട്ടും ദുശ്ശാസനൻ പിടി അയച്ചില്ല.. ദുശ്ശാസനന്റെ അലറലും, വിചിത്രശബ്ദങ്ങളും, പാഞ്ചാലിയുടെ നിലവിളിയും കെട്ടിപ്പിണഞ്ഞ് കാണികൾ എന്തെന്നു പരിഭ്രമിച്ചു

k r viswanathan, story ,iemalayalam

 

രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ, ചിലപ്പോളതിലേറെയും കനപ്പെട്ട ചില്ലുവാതിൽ തുറന്നും അടച്ചും, വരുന്നവരെ ഗുഡ് എന്ന ആമുഖത്തിന്റേയും സർ എന്ന അനുബന്ധത്തിന്റേയും ഇടയിൽ നേരങ്ങളെ ഓർമ്മിപ്പിക്കുകയും, അവർ തിരിച്ചിറങ്ങുമ്പോൾനഗരാതിർത്തിയിലെ ബോർഡുകളെ പോലെ നന്ദി വീണ്ടും വരിക എന്ന് തല തെല്ലു താഴ്ത്തി നിൽക്കുന്നതുമായിരുന്നുഅയാളുടെ ജോലി. ആ ജോലിയുടെ ആവിപൊതിഞ്ഞു കൂടുന്ന വിരസത അയാൾ ഊരിക്കളയുന്നത് വൈകുന്നേരം വടക്കോട്ടു പോകുന്ന ഒരു ദീർഘദൂര തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റിലെ ആൾത്തിരക്കിനുള്ളിലാണ്.

തീവണ്ടിയുടെ കമ്പാർട്ട്മെന്റ് ഒരു വിജ്ഞാനകോശമാണെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങൾക്കാവശ്യമുള്ളത് വിദഗ്ധമായികണ്ടെത്താം. കാലാവസ്ഥയെക്കുറിച്ചാണു നിങ്ങൾ സംസാരിക്കാനോ കേൾക്കാനോ വേവലാതിപ്പെടാനോ ഇഷ്ടപ്പെടുന്നതെങ്കിൽ തെല്ലൊന്നു ശബ്ദമുയർത്തി എന്തൊരു ചൂടെന്ന് മുഖമൊന്നു ചുളിക്കുക. കാലാവസ്ഥയുടെ കാഴ്ച്ചകൾ ഇല്ലാത്ത ഒരു വലിയ ജാലകം നിങ്ങൾക്കു മുമ്പിൽ തുറന്നു വരും. കഴിഞ്ഞ മൂന്നാലു വർഷത്തെ കാലാവസ്ഥയെ കുറിച്ചുള്ള ലഘുവിവരണം, അപഗ്രഥനം, പ്രവചനം.. ഇവയെല്ലാം അരനിമിഷത്തിനുള്ളിൽ കേട്ടു തുടങ്ങും. ഇന്ത്യൻ റെയിൽവെയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കിട്ടും ഈ ഫാനിനു വേഗം കുറവാണല്ലോ എന്നൊന്നു വെറുതെ റ്റൈപ്പ് ചെയ്താൽ. തീവണ്ടിയിലെ ഓരോ യാത്രക്കാരനും കുത്തഴിഞ്ഞു പോയ ഒരു വിജ്ഞാന കോശത്തിലെ ഒരോ താളാണ്. ആ താളുകൾ മറിച്ചു മറിച്ചു പോകുമ്പോൾ ഒരു പകൽ മുഴുവൻ അയാളിൽ അടിഞ്ഞുകൂടിയ പൊടികൾ അടർന്നു പോകും.

ഇന്ന്, റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും അയാൾ പതിവായി യാത്ര ചെയ്തിരുന്ന വേഗമേറിയ, വടക്കോട്ടുള്ള തീവണ്ടി പോയിരുന്നു.നഗരത്തിലെഗതാഗതക്കുരുക്കഴിയാൽ വളരെ വൈകിയതു കൊണ്ടാണ് ഇന്ന് ആ‍ തീവണ്ടിയും അതിലെ കഥകളും കാര്യങ്ങളും സമയവും നഷ്ടപ്പെട്ടുപോയത്.

ഇനി അടുത്ത സമയങ്ങളിലൊന്നും ദീർഘദൂരവണ്ടികളില്ല. അടുത്തത് ഒരു പാസഞ്ചറിന്റെ ഊഴമാണ്. അത് ഇതുവരെയും കൃത്യമായ നേരങ്ങളിൽ വരുകയോ പോവുകയോ ചെയ്തിട്ടില്ല. മറ്റേതൊരു വണ്ടിക്കു വേണ്ടിയും അതിന് പലയിടങ്ങളിലും ഒതുങ്ങിയും പതുങ്ങിയും പരാതികളില്ലാതെ കിടക്കേണ്ടി വരും. പലപ്പോഴും അതു റെയിൽവേ സ്റ്റേഷനിൽ ആയിരിക്കണമെന്നില്ല. പാലത്തിനടിയിലോ കാട്ടുചേമ്പുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തോ… അങ്ങനെയൊക്കെയാവും. അതുകൊണ്ട് അധികമാരും ആ വണ്ടിയെ ആശ്രയിക്കാറില്ല
പാസഞ്ചറിൽ ഏറെയും പതിവുയാത്രക്കാരാണ്. ഒരു കാഴ്ച്ചയും അവരെ ആകർഷിക്കാറില്ല. സൂര്യനസ്തമിക്കുന്ന നേരത്ത് കൂമ്പുന്ന ഇലകളെ പോലെ അവർ കൂടുതൽ മൗനികളാകും. വീട്ടിലെത്തിയിട്ടുള്ള ആവലാതികൾ, കച്ചവടത്തിലെ ലാഭനഷ്ടങ്ങൾ, പലിശ, റേഷൻ കാർഡ്, മീനിന്റെ വിലയേറ്റം, കുറി വട്ടമെത്താത്തതിനെക്കുറിച്ചുള്ള വേവലാതി എന്നിങ്ങനെ അവരവരുടെ വലകളിലായിരിക്കും അവരിലധികവും. അതിനാലാണ്അശോകൻ സീസൺ ടിക്കറ്റ് പാസഞ്ചറിലേക്കുള്ളതായിരുന്നെങ്കിലും അതിൽ കഴിയുന്നത്ര യാത്ര ചെയ്യാൻ ഇഷ്ടപ്പെടാതിരുന്നത്. എന്നാൽ ഇന്ന് വളരെക്കാലം കൂടി അയാൾ ആ പാസഞ്ചറിലാണു യാത്ര ചെയ്യാൻ പോകുന്നത്.

പാസഞ്ചർ പതിവിലും വൈകിയാണെത്തിയത്. ജയിലിൽ നിന്നും അപ്പോൾ വിട്ടയക്കപ്പെട്ട ഒരു തടവുകാരന്റെ ഭാവമുണ്ടായിരുന്നു തീവണ്ടിക്ക്.

k r viswanathan, story ,iemalayalam
അശോകൻ കയറിയ കമ്പാർട്ട്മെന്റിൽ യാത്രക്കാർ ഇല്ലായിരുന്നു എന്നു തന്നെ പറയാം. കടലാസിൽ അവിടിവിടെ അറിയാതെ പതിഞ്ഞ ചാഞ്ഞും ചെരിഞ്ഞുമുള്ള ചോദ്യചിഹ്നങ്ങൾ പോലെയും പൂർണവിരാമങ്ങൾ പോലെയും മൂന്നോ നാലോ പേർ. അർദ്ധവിരാമങ്ങളിൽ കുടുങ്ങിയ പോയ നാലോ അഞ്ചോ പേർ.

തെക്കോട്ടുള്ള ഒരു തീവണ്ടി ഗർവോടെ കടന്നു പോയിക്കഴിഞ്ഞപ്പോൾ പാസഞ്ചർ അല്പമാത്രമായൊരു ശബ്ദത്തിൽ കൂകി മെല്ലെയൊന്നനങ്ങി. അതു വീണ്ടും നിൽക്കാൻ പോവുകയാണെന്ന് സംശയിച്ച നേരം മറന്ന ഒരു കാര്യം പെട്ടെന്ന് ഓർമ്മയിലെത്തിയതു പോലെ അതൊന്നു കൂടി കൂകി വിളിച്ച് ശ്വാസമെടുത്ത് മുന്നോട്ടു നീങ്ങി.

സ്റ്റേഷൻ വിട്ടുകഴിഞ്ഞപ്പോൾ അശോകൻചുറ്റുമൊന്നു നോക്കി.അപ്പുറത്തെ സീറ്റിൽ ഒരു സ്ത്രീയും കുട്ടിയും. അവർ തീവണ്ടിപ്പാതകൾക്കരികിലെ കാലിക്കുപ്പികളും മറ്റും പെറുക്കി നടക്കുന്നവരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. അവരുടെ രൂപം ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞ അടപ്പില്ലാത്ത ചതഞ്ഞ കുപ്പി പോലെയാണെന്ന് തോന്നിയതിൽ അയാൾ രസം കൊണ്ടു. അവർ പുറത്തേക്കു തന്നെ നോക്കിയിരിക്കുകയാണ്. കുട്ടി അമ്മയുടെ കണ്ണുകളിലൂടെ മാറിമാറി തെളിയുന്ന പുറത്തെ നരച്ച വെളിച്ചത്തിലേക്കും..പുറത്ത് ഇരുളാൻ തുടങ്ങുന്ന വെളിച്ചം തട്ടി അവരുടെ മുഖം കൂടുതൽ കറുക്കാൻ തുടങ്ങി.

കുട്ടി സീറ്റിൽ മലർന്ന് കിടന്ന് , കാലുകൾ ജനാലപ്പടിയിലേക്ക് ഉയർത്തി വെച്ചു. രണ്ടു കൈകളിലേയും വിരലുകൾ കൂട്ടിച്ചേർത്ത്, തീവണ്ടിയുടെ ചുവരിൽ എന്തെല്ലാമോ രൂപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. വെളിച്ചത്തിന്റെ കുറവുകൊണ്ട് ചുവരിൽ ഉണ്ടാക്കുന്ന രൂപങ്ങളിൽ വേണ്ടത്ര കറുപ്പ് നിറയുന്നില്ല. എന്നാലും അവനതിൽ രസം കൊള്ളുന്നുണ്ട്.

അയാൾക്കെതിരെ മുകളിലെ ബർത്തിൽ വെളുത്ത ബോർഡിന്റെ ചുവരിലേക്ക് തല തിരിച്ച് കിടന്നിരുന്ന ആളിന്റെ കാലുകൾ ഉറക്കത്തിൽ കാലിനു ചുറ്റും പറന്നു കൊണ്ടിരുന്ന ഒരു കൊതുകിനെ ആട്ടാൻ പാടുപെടുന്നുണ്ട്. നേരത്തേ മുഴങ്ങിക്കേട്ട അയാളുടെ ശ്വാസം വലി ഇപ്പോൾ തീവണ്ടിയുടെ താളത്തിൽ കലങ്ങി.

കുട്ടി എഴുന്നേറ്റ് ജാലകപ്പടിയുടെ വെളുമ്പിൽ തല ചായ്ച്ച് ഇടയ്ക്കിടെ അയാളേയും നോക്കിയിരുന്നു. പിന്നെയവൻ കാലുകൊണ്ട് നിലത്ത് നിഴൽ ചിത്രങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലായി. വണ്ടി നിൽക്കാനുള്ള ഒരുക്കമാണെന്നറിഞ്ഞ് അവൻ ആ കളി നിർത്തി എഴുന്നേറ്റു.

തെക്കോട്ട് പോകാനുള്ള ഒരു വണ്ടിക്ക് കടന്നു പോകാൻ വേണ്ടിയാണത്. അതിനിനി എത്ര നേരം വേണമെന്നാർക്കറിയാം?

തന്റെ കൂട്ടുകാരൻ, ഡീക്കേ എന്നു വിളിക്കുന്ന ധനേഷ് കുമാർ കണ്ടു പിടിച്ച ഒരു കളി കളിക്കാൻ പറ്റിയ കളിക്കോപ്പുകൾ ഒന്നും പാസഞ്ചറിൽ ഇല്ലായിരുന്നെങ്കിലും ഈ നേരത്ത് ആ കളി തന്നെയാവാമെന്ന് അശോകൻ തീരുമാനിച്ചു. ‘ഗെയിം ഓഫ് ഡി’ എന്ന ആ കളി തന്റെ കണ്ടുപിടുത്തമല്ലെന്നും ആ കളി പ്രാചീനകാലം മുതലേ ഏതു ദേശത്തും കളിച്ചു പോരുന്നതാണെന്നും അതിനു ‘ഗെയിം ഓഫ് ഡി’ എന്നു പേരിട്ടതു മാത്രമേ താനായിട്ടു ചെയ്തിട്ടുള്ളു എന്നും ഡീക്കേ പറഞ്ഞിരുന്നു.

k r viswanathan, story ,iemalayalam
അന്ന് അവർ സഞ്ചരിച്ച തീവണ്ടി, റെയിൽവെ പാളത്തിൽ പെട്ടെന്നുണ്ടായ ഒരു പണിക്കുവേണ്ടി പിടിച്ചിട്ട നേരത്ത് കാട്ടുതാളുകൾക്കിടയിലെ ചെളിയിൽ പന്നികൾ കുത്തിമറിയുന്നിടത്തു വെച്ചാണ് ഡീക്കേ ആ കളിയെക്കുറിച്ചു പറഞ്ഞത്.

“ശ്രദ്ധിച്ചു കേൾക്കണം.” ഡീക്കേ അങ്ങനെയാണു തുടങ്ങിയത്. “നമ്മൾ കമ്പാർട്ടുമെന്റിൽ കയറുമ്പോൾ തന്നെ മനസിനിണങ്ങുന്ന ഒരു പെണ്ണിനെ കണ്ടെത്തുക. ദേശം, ഭാഷ, വയസു പോലും ‘ഗെയിം ഓഫ് ഡി’ യിൽ തടസമല്ല. അവളെ തന്നെ നോക്കി നിൽക്കുക. തീവണ്ടിയിൽ സദാചാരത്തിനോ സദാചാര ബോധത്തിനോ വലിയ കാര്യമൊന്നുമില്ല. അവളെതന്നെ അങ്ങനെ കണ്ണും മനസും ഇമയനക്കാതെ നോക്കി നിൽക്കുമ്പോൾ എപ്പോഴെങ്കിലും അവൾ അത് തിരിച്ചറിയും. അതൊരു പ്രകൃതി നിയമമാണ്. നോക്കിക്കോ.” ഡീക്കെ പറഞ്ഞു.

“അവൾ ഏതു കൊതനാവിലെ പെണ്ണാണേലും ഒന്നുലയാൻ തുടങ്ങും. എന്നാലും നോട്ടം മാറ്റരുത്. അവൾ സാരികൊണ്ട് പുതയ്ക്കാൻ നോക്കുകയോ ഷാളുകൊണ്ട് മറയ്ക്കാൻ തുടങ്ങുകയോ ബ്ലൗസിന്റെ കഴുത്ത് കൂടുതൽ വലിച്ചു കയറ്റിയിടാൻ നോക്കുകയോ, ബ്രായുടെ കൈയുകൾ കൂടുതൾ ഉള്ളിലേക്ക് തിരുകുകയോ,” ഡീക്കെ പറഞ്ഞു.

“അതൊക്കെയാണു നമ്മുടെ നോട്ടം എത്തേണ്ടിടത്ത് എത്തി കൊളുത്തിപ്പിടിച്ചതിന്റെ ലക്ഷണങ്ങൾ… ഇനി അവളുടെ ഉടയാടകൾ ഒന്നൊന്നനായി ഉരിയാൻ തുടങ്ങുക… മെല്ലെ മെല്ലെയല്ല, തിടുക്കത്തിൽ. ഒന്നൊന്നായി ഉരിഞ്ഞെറിയുക. അവിടെ നിങ്ങളെ തടസപ്പെടുത്താൻ ആരുമില്ലെന്നറിയുക.”

ഡീക്കെ ചിരിച്ചു. നിന്റെ മനസ് കറ്ക്റ്റാണെങ്കിൽ അവൾ വസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നതു കാണാം… അഴിഞ്ഞു പോകാതിരിക്കാനെന്നോണം. മുടിക്കെട്ട് അഴിഞ്ഞു വീഴുന്നോ എന്നു വെപ്രാളപ്പെടുന്നതു കാണാം. അവൾ അവിടെ നിന്നും മാറാൻ വേവലാതിപ്പെടും. എന്നാലും. നമ്മൾ പിടി വിടരുത്…”

അടുത്തു നിൽക്കുന്നയാൾ അവനെ ശ്രദ്ധിക്കുന്നു എന്നു തോന്നിയതു കൊണ്ടാകും ഡീക്കേ ശബ്ദം താഴ്ത്തി വായ കൈകൊണ്ടു തെല്ലു മറച്ചു പറഞ്ഞു “ ആർക്കും എത്ര വേണമെങ്കിലും മുന്നോട്ടു പോകാവുന്ന ഒരു കളിയാണിത്. ഒരു കൃഷ്ണനും കടന്നുവരാൻ പഴുതില്ലാത്ത ഒരു കളി.”

ഡീക്കെ പറഞ്ഞു “ഇതാണു ഗെയിം ഓഫ് ഡി. ഒരു തീവണ്ടിയാത്രക്ക് ഏറ്റവും യോജിച്ച ഗെയിം.” വായ മൂടിയ കൈമാറ്റി അവൻ തുടർന്നു  “പക്ഷേ ഇത് ഒരു വിമാനത്തിലോ ബസിലോ വിജയിക്കണമെന്നില്ല. അതാണു ഗെയിം ഓഫ് ഡിയുടെ ഒരു ഡ്രോബായ്ക്ക്. ഒരു ന്യൂനത.”

“ഡി ഫോർ ധനേഷ്, അല്ലേ?”

“ നോ.” ഡീക്കേ പറഞ്ഞു “ഡി ഫോർ ദുശാസന. ഗെയിം ഓഫ് ദുശ്ശാസന…”

അശോകൻ നോക്കി. അവൾ കാലുകൾ സീറ്റിലേക്കു മടക്കി വെച്ച്, ഇപ്പോഴും ജാലകത്തിൽ തല ചേർത്ത് പുറത്തേക്കു നോക്കിയിരിക്കുകയാണ്. ഒരു ഗെയിം ഓഫ് ഡീക്ക് സാധ്യത കുറവാണ്. അതിനുള്ള സംഭാരങ്ങളൊന്നുമില്ല അവളിൽ. പോരെങ്കിൽ വെട്ടവും കുറവ്. എന്നാലും ഒരു നേരമ്പോക്കാകാം. അയാൾ നോട്ടം അവരുടെ കീറിപ്പിഞ്ഞിയ സാരിയിൽ കൊളുത്തി മെല്ലെ വലിച്ചു. ഏറേ നേരത്തിനു ശേഷം അവൾ മെല്ലെയൊന്നിളകി. കൊളുത്തു വീണെന്നു തോന്നി. പുറത്തേക്കിറങ്ങിക്കിടന്ന ബ്രായുടെ കൈകൾ അവൾ ഉള്ളിലേക്കാക്കി. അശോകൻ മുന്നോട്ടു പോവുകയാണ്.

മുകളിൽ ബർത്തിൽ കിടന്ന ആൾ ഒന്നു വശം തിരിഞ്ഞ് കിടന്നപ്പോഴുണ്ടായ വിചിത്ര ശബ്ദങ്ങൾക്കിടയിൽ അശോകന്റെ ശ്രദ്ധ പതറി.  മുകളിലെ നിറം കെട്ട മഞ്ഞവെളിച്ചം അയാളുടെ മുഖത്ത് പതിഞ്ഞപ്പോൾ അത് കുറച്ചു വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടു പോയ ദുശാനദിവാകരേട്ടനല്ലേ എന്ന് അശോകൻ ഞൊടിയിടയിൽ ഞെട്ടി. ദിവാകരേട്ടൻ?

അശോകൻ ഓർമ്മകളിലും അയാളുടെ മുഖത്തും മാറി മാറി നോക്കി അത് ദിവാകരേട്ടൻ തന്നെ എന്ന് തീർച്ചപ്പെടുത്താൻ തുടങ്ങി. ദിവാകരൻ എന്നുമാത്രമായിരുന്നു അയാളുടെ പേരെങ്കിലും അയാൾ ദുശാനദിവാകരൻ എന്നായിരുന്നു അശോകന്റെ ചെറുപ്പകാലത്ത് നാട്ടിൽ അറിയപ്പെട്ടിരുന്നത്. നാട്ടിലെ വിശ്വഭാരതി നൃത്തകലാലയത്തിലെ പ്രധാനവേഷക്കാരനായിരുന്നു ദുശാനദിവാകരേട്ടൻ. നൃത്തച്ചുവടിലെ അയാളുടെ മികവുകൊണ്ടൊ അഭിനയത്തികവു കൊണ്ടൊ ആയിരുന്നില്ല അയാൾ ദുശാനദിവാകരൻ എന്നറിയപ്പെട്ടത്.

k r viswanathan, story ,iemalayalam
അമ്പലത്തിലെ ഉൽസവത്തിന് അവതരിപ്പിച്ച പാഞ്ചാലി വസ്ത്രാക്ഷേപം ബാലേയിൽ ദുശ്ശാസനനായി വേഷമിട്ടത് അയാളായിരുന്നു. അയാൾക്ക് പെട്ടെന്നെന്തോ എങ്ങനെയോ സംഭവിച്ച ഒരു ബോധം തിരിയലിൽ പറ്റിയ അബദ്ധമായിരുന്നു ആ പേരിനു കാരണം. അരങ്ങിൽ പാഞ്ചാലീ വസ്ത്രാക്ഷേപംനടക്കുന്ന നേരത്ത് അയാൾക്ക് നൃത്തത്തിന്റെ ചുവടുകൾ പിഴച്ചു. പഞ്ചാലിയെ ബലാൽക്കാരമായി പിടിച്ച് അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ഉരിഞ്ഞ് കാണികൾക്ക് ഇടയിലേക്ക് എറിഞ്ഞു. അത് ബാലെയുടെ ഭാഗമെന്നോർത്ത് ആളുകൾ രസിച്ചിരുന്നയേയുള്ളു. ആ രംഗം കഴിയുന്നതോടെ വലിയൊരു കരഘോഷത്തിനു തയ്യാറെടുക്കുകയായിരുന്നു കാണികൾ.

പാഞ്ചാലി അലറി വിളിച്ചിട്ടും ദുശ്ശാസനൻ പിടി അയച്ചില്ല.. ദുശ്ശാസനന്റെ അലറലും, വിചിത്രശബ്ദങ്ങളും, പാഞ്ചാലിയുടെ നിലവിളിയും കെട്ടിപ്പിണഞ്ഞ് കാണികൾ എന്തെന്നു പരിഭ്രമിച്ചു. ഒടുവിൽ ദുശ്ശാസനൻ പാഞ്ചാലിയുടെ നൂറു നൂറു സ്വർണ അലുക്കുകളാൽ മിന്നിത്തിളങ്ങിയ കഞ്ചുകം വലിച്ചു കീറി അതിനുള്ളിലെ വെളുപ്പും മുഴുപ്പും, പ്രകാശനിയന്ത്രകൻ കറക്കി വിടുന്ന പല പല നിറങ്ങളിൽ കാണാൻ തുടങ്ങിയപ്പോഴേ കർട്ടൻ ഊർന്നു വീണൊള്ളു. കർട്ടൺ വീണ ശേഷവും തെല്ലു നേരം അവിടെ നിന്നും ഒരു പെണ്ണിന്റെ നെഞ്ചു പൊട്ടിയുള്ള നിലവിളിയും, അലർച്ചയും അതിന്റെ പ്രതിധ്വനിയും മുഴങ്ങി.
ദുശ്ശാസനിൽ നിന്നും രക്ഷപെടാൻ പാഞ്ചാലി തന്റെ മുപ്പത്തിരണ്ടു പല്ലുകളും അയാളുടെ നെയ്യ് ഉറഞ്ഞു കൂടിയ നെഞ്ചിൽ താഴ്ത്തിയിറക്കി. വലം നെഞ്ചിൽ ഒരു പെണ്ണിന്റെ മുപ്പത്തിരണ്ടു പല്ലുകളുടെ അടയാളങ്ങളോടുംഇടം തുടയിൽ ഒരു ഭടൻ ഏൽപ്പിച്ച കുത്തിന്റെ പതിനേഴു തുന്നലിന്റെ പാടുകളോടും കൂടി അയാൾ നാടുവിട്ടു. തലേന്ന് കടയിൽ കൊടുക്കാൻ കൊടുത്തു വിട്ട ഇരുപതുരൂപ അയാൾ അശോകന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങിയിരുന്നു.

പിറ്റേന്നു തന്നെ അയാൾക്ക് ദുശ്ശാസന ദിവാകരൻ എന്ന പേരു വീണു. ദുശ്ശാസന ദിവാകരൻ പലരുടേയും വായിലും നാക്കിലും കേറിയിറങ്ങി ‘സ’ നഷ്ടപ്പെട്ട് ദുശാനദിവാകരൻ എന്നായി. ആ ദുശാന ദിവാകരേട്ടനല്ലേ തനിക്കെതിരെ മുകളിലെ ബർത്തിൽ കിടക്കുന്നത്? അതേ മുഖം തന്നെ. അലഞ്ഞലസമായി കിടക്കുന്ന നീളൻ കുപ്പായത്തിനുള്ളിൽ അയാളുടെ നെഞ്ചിൽ പാഞ്ചാലിയുടെ പല്ലുകളുടെ, സീൽക്കാരത്തിന്റെ കാറ്റ് തെളിയുന്നുണ്ടോ?അയാൾ ഇടം തുടയിലേക്കു നോക്കി. കുപ്പായത്തിന്റെ നേർമയിലൂടെ വലിയൊരു പഴുതാരയുടെ നിഴൽ ശ്വാസം മുട്ടി പിടയുന്നതിന്റെ അനക്കങ്ങൾ കാണുന്നുണ്ടോ?വിളിച്ചുണർത്തിയാലോ എന്നാലോചിച്ചു.

തീവണ്ടി അടുത്ത സ്റ്റേഷൻ പിടിച്ച്,കിതപ്പകറ്റി. അപ്പുറത്തെങ്ങോ ഉണ്ടായിരുന്ന ഒന്നുരണ്ടാളുകൾ ഇറങ്ങിപ്പോയി. ആ കമ്പാർട്ട്മെന്റിലേക്ക് കയറി വന്ന പുസ്തക വിൽപ്പനക്കാരൻ കുട്ടികിടന്നിരുന്ന സീറ്റിൽ വന്നിരുന്ന് അന്നത്തെ വിൽപ്പന എണ്ണാൻ തുടങ്ങി. അശോകൻ പുസ്തകങ്ങളിലേക്ക് നോക്കുന്നതു കണ്ട് പുസ്തകക്കാരൻ ഒരു കൈ നിറയെ പുസ്തകങ്ങൾ എടുത്ത് അശോകന്റെ അരികിലേക്ക് വെച്ച് പറഞ്ഞു.

“നോക്കിക്കോളൂ. നോക്കുന്നതിനു കാശുവേണ്ട. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ചെയ്യാം.”
അശോകൻ തനിക്കരികെ ഇരുന്ന പുസ്തകങ്ങളിൽ തൊട്ടു നോക്കുന്ന നേരം കുട്ടി അയാളുടെ അടുത്തേക്കെത്തി. അവൻ പുസ്തകങ്ങളിൽ തട്ടിയും തലോടിയും കുറച്ചു നേരം നിന്നു. അതിൽ പുസ്തകക്കാരൻ നീരസപ്പെടുന്നില്ലെന്നറിഞ്ഞ് അവൻ ഒന്നു രണ്ടു പുസ്തകമെടുത്ത് മറിച്ചു നോക്കി.

കുട്ടിയുടെ നോട്ടം കണ്ട് അശോകൻ ചോദിച്ചു. “നിനക്ക് വായിക്കനറിയാമോ?”

അവനാ ചോദ്യം കേൾക്കാൻ കാത്തിരുന്നതു പോലെ പുസ്തകങ്ങളുടെ പേരുകൾ വായിച്ചു. “കടമറ്റത്തു കത്തനാർ, കായംകുളം കൊച്ചുണ്ണി, പഞ്ചതന്ത്രം കഥകൾ. മഹാഭാരതകഥകൾ…” പെട്ടെന്നുണ്ടായ ആ സൗഹൃദം ഉപായമാക്കി അവൻ ചോദിച്ചു.

k r viswanathan, story ,iemalayalam
“ഒരു പുസ്തകം വാങ്ങി തരാമോ സാർ?” അയാൾ മഹാഭാരതം കുട്ടിക്ക് നേരേ നീട്ടി. അവൻ അതുമായി മുകളിലെ ബർത്തിലേക്കു കയറി വെളിച്ചത്തിനു താഴെ ഇരുന്നു. അവൻ അതു വായിക്കുന്നതു കണ്ട് അശോകൻ ഒരു തമാശ പോലെ ഇങ്ങനെ ചിന്തിച്ചു. കുറച്ചു മുമ്പ് ആ കഥയിലെ ഒരു ഭാഗമാണല്ലോ അവന്റെ അമ്മയുടെ അടുത്ത് പരാജയപ്പെട്ടെങ്കിലും താൻ നിറഞ്ഞാടിയത്. അതിനുള്ള ഒരു ചെറിയ വില.

മകനു കിട്ടിയ പുസ്തത്തിലേക്ക് ഇടയ്ക്ക് അവന്റെ അമ്മ ഒന്നു നോക്കിയതല്ലാതെ, അവരുടെ മുഖത്തിന് ഒരു ഭാവഭേദവും ഉണ്ടായില്ല.

മുകളിൽ കിടന്ന ആൾ ഉണർന്ന് അശോകനു നേരെ കീഴ്പ്പോട്ട് തല താഴ്ത്തി. “തൃശൂർ സ്റ്റേഷൻ?”

അശോകൻ വിലങ്ങനെ തലയാട്ടി.

അയാൾ മെല്ലെ ഭാരപ്പെട്ട് എഴുന്നേറ്റിരുന്നു. അയാൾക്ക് ബാലേക്കാരൻ ദുശാന ദിവാകരന്റെ ഛായ തീർച്ചയായും ഉണ്ടെന്ന് മനസു തികട്ടി. അതു ദിവാകരേട്ടൻ തന്നെ. അശോകന് ഉറപ്പാണ്.

“തുമാരാ നാം..?” അശോകൻ തെല്ലൊരു അധികാര സ്വരത്തിൽ ചോദിച്ചു.

ഉത്തരം പറയാതെ മുകളിൽ നിന്നും അയാൾ തിരിച്ചു ചോദിക്കുകയാണു ചെയ്തത്. “തുമാരാ?”

നന്നേ ചെറിയൊരു വാക്കായിരുന്നെങ്കിലും അയാളുടെ മുഖത്തിന്റെയും ശബ്ദത്തിന്റേയും ഗാംഭീര്യത്തിൽ പെട്ട് ഉടൻ “അശോകൻ ” എന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പോലെ മറുപടി പറഞ്ഞു, അശോകൻ.

ദിവാകരേട്ടന്റെ ശബ്ദം തന്നെ. മുകളിൽ നിന്ന് അയാളുടെ കനപ്പെട്ട ശബ്ദം താഴേക്ക് ഇടിഞ്ഞു ചാടി. “ മേരാ നാം ഹേ… ദിവാകർ.. ദിവാകർ സേട്ട്. അയാൾ മുഖം താഴേക്കു നീട്ടി. “സമജാ?”

അശോകൻ തലയാട്ടി.

അങ്കമാലിക്കു മുമ്പേ വണ്ടി പിടിച്ചിട്ടു. ഇനി എപ്പോഴാണോ പുറപ്പെടുക?

ദിവാകർ സേട്ട് കിടന്നകിടപ്പിൽ തല പുറകോട്ടൊന്നു നിവർത്തി താഴെ ഇരിക്കുന്ന സ്ത്രീയെ നോക്കി. അവരെ ആകർഷിക്കുന്നതിനായിരിക്കാം അയാളൊന്നു കോട്ടുവായിട്ടു. കോട്ടുവായോടൊപ്പം വിചിത്രമായ ഒരു ശബ്ദവും പുറത്തേക്കു വന്നു. പണ്ട് പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ സമയത്തുണ്ടായതു പോലെ… അതോ തോന്നലോ?

യാത്ര കൂടുതൽ അസ്വസ്ഥമാകുന്നു എന്നു തോന്നിയതു കൊണ്ടും ദിവാകരേട്ടനിൽ നിന്നും മനസിനെ മാറ്റാൻ വേണ്ടിയും അശോകൻ എഴുന്നേറ്റ് മുകളിലെ ബർത്തിൽ ഇരുന്ന് വായിക്കുന്ന കുട്ടിയോട് ചോദിച്ചു “കഥ എവിടെ വരെയെത്തി?”

വായിക്കുന്ന ഭാഗം അവൻ ഉയർത്തിക്കാണിച്ചു.

“കള്ളച്ചൂത്.” ദുര്യോധനസഭയിലെ കള്ളച്ചൂതിന്റെ ചിത്രമുണ്ട് ആ പേജിൽ.

അശോകൻ താഴെ അവന്റെ അമ്മക്കെതിരെ ഇരുന്ന് അവരുടെ കീറിയ സാരിയിൽ കണ്ണും മനസും കൊളുത്തി വലിച്ചിട്ടും അതൊട്ടും കൂടുതൽ കീറിയില്ല.

ദിവാകർ സേട്ട് മുകളിൽ നിന്നും ഊർന്നിറങ്ങി താഴെ സീറ്റിൽ ഇരുന്നു. പുറത്തേക്ക് കുറച്ചു നേരം നോക്കിയിരുന്ന് അയാൾ ഒന്നു രണ്ടു തവണ കോട്ടുവായഇട്ട് അശോകനെ നോക്കി. ദിവാകർ സേട്ട് പോക്കറ്റിൽ നിന്നും ഒരു പെട്ടി ചീട്ട് പുറത്തേക്കെടുത്ത് കളിക്കാനറിയാമോ എന്ന് അശോകനു നേരേ ആംഗ്യത്തിൽ ചോദിച്ചു.

അശോകൻഎഴുന്നേറ്റു. ഒരു കാലത്ത് അശോകൻ ചീട്ടുകളി ഭ്രാന്തനായിരുന്നു. എത്രയോ തവണ അയാളെ പോലീസ്, സ്റ്റേഷന്റെ ഇരുട്ടിലും തണുപ്പിലും നിർത്തിയിട്ടുണ്ട്. സെക്യൂരിറ്റിയായി ജോലി കിട്ടിയതിനു ശേഷമാണു അയാൾക്ക് ചീട്ടുകളി നഷ്ടപ്പെട്ടത്. രാവിലെ വളരെ നേരത്തേ പോയി വളരെ വൈകി തിരിച്ചെത്തുന്ന അയാൾക്ക് കുട്ടികളോടു പോലും സംസാരിക്കാനോ കളിക്കാനോ സമയം കിട്ടാറില്ലായിരുന്നു. ഈ നേരത്ത്, ഒരു പാസഞ്ചറിൽ പോലീസിനെ ഒട്ടും പേടിക്കുകയും വേണ്ട.

“റമ്മി?” സേട്ട് ചോദിച്ചു.

അയാൾ സമ്മതത്തോടെ തല കുലുക്കി.

അശോകൻ ദിവാകർ സേട്ടിനരികെ ഇരുന്നു. അപ്പോഴേക്കും സേട്ട് പായ്ക്കറ്റിൽ നിന്നും ചീട്ട് പൊട്ടിച്ചെടുത്ത് കശക്കിയപ്പോൾ ചീട്ടിൻ പുറത്തെസുന്ദരികളുടെ ശരീരങ്ങൾ കൂട്ടിമുട്ടി ഉലയുന്ന മൃദുവായ സംഗീതം കേട്ടു.

k r viswanathan, story ,iemalayalam
ഒന്നോ രണ്ടോ വട്ടം കളി കഴിഞ്ഞപ്പോൾ തന്റെ എതിരാളി ദിവാകർ സേട്ടിനു കളിയിൽ ഒട്ടും നൈപുണ്യം ഇല്ലെന്ന് അശോകനു മനസിലായി. ആദ്യത്തെ മൂന്നു കളികളും തോറ്റുകഴിഞ്ഞപ്പോൾ സേട്ട് പറഞ്ഞു.

“വെറുതെ ഉള്ള കളികളിൽ ഞാൻ തോൽക്കുകയാണു പതിവ്. മനസ് കളിയിൽ ഉറച്ചു നിൽക്കണമെങ്കിൽ എന്തെങ്കിലും ഒന്നിനു വേണ്ടി കളിക്കണം.. പിന്നെയെന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.”

സേട്ട് പത്തു രൂപയെടുത്ത് സീറ്റിലേക്കിട്ടു.

“ഏക് പ്ലേ… ദസ് റുപ്യാ.. നോ പോയിന്റ്, സംജാ?”

നാൽപ്പതു മിനിറ്റിനുള്ളിൽ നൂറ്റമ്പതു രൂപയാണ് അശോകന്റെ കൈയിലെത്തിയത്.

സേട്ട് ചീട്ടു കശക്കുന്നതിനിടയിൽ പറഞ്ഞു. “ഭയ്യാ.. സത്യത്തിൽ എനിക്ക് ചീട്ടുകളി അറിയില്ല.  ഇത് പഠിച്ചിട്ട് ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളു. ഞാൻ കച്ചവടത്തിൽ നിന്ന് കണക്കില്ലാതെ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. അതു കുറച്ചെങ്കിലും ദാനം ചെയ്യേണ്ടേ? അതിനു വേണ്ടി ഞാൻ കണ്ടു പിടിച്ച മാർഗമാണിത്. വെറുതെ ഭിക്ഷാപാത്രത്തിലേക്ക് ഇട്ടു കൊടുക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ല. ശരീരമല്ലെങ്കിൽ തലച്ചോറ് അല്പമെങ്കിലും വിയർത്തിട്ടു വേണം ഒരാൾ പണമുണ്ടാക്കാൻ,” അയാൾ ഒന്നു നിർത്തി.

“നിങ്ങൾക്കറിയാമോ? നമ്മൾ ഇപ്പോൾ കളിക്കുന്ന ഈ ചീട്ട് നിർമ്മിക്കുന്നത് എന്റെ കമ്പനിയാണ്. അതു കൊണ്ട് തോൽക്കാൻ എനിക്കൊരു മടിയുമില്ല.”

നിർത്തിയിട്ടിരുന്ന വണ്ടി ഉടനെയെങ്ങാനും പുറപ്പെടുമോ എന്ന് അശോകൻ ഭയപ്പെട്ടു. തനിക്കിറങ്ങേണ്ട സ്റ്റേഷനാകുമ്പോഴേക്കും സേട്ടിന്റെ കൈയിൽ നിന്നും എത്ര രൂപ തലച്ചോറിനെ വിയർപ്പിച്ച് നേടാമെന്ന് അയാൾ മനക്കണക്ക് കൂട്ടിക്കഴിഞ്ഞിരുന്നു.

അടുത്ത കളിയിലും അശോകനു തന്നെ ജയം. കഴിഞ്ഞ മൂന്നു കളികളിലുംഅശോകൻ ജയിച്ചത് കള്ളക്കളിയിലൂടെ ആയിരുന്നു. കള്ളക്കളി കണ്ടുപിടിക്കാൻ സേട്ടിനു കഴിഞ്ഞില്ല. അതിലും സങ്കടപ്പെടാനൊന്നുമില്ല. ഓരോ കള്ളക്കളിക്കും തലച്ചോറ് കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരാറുണ്ട്. സത്യം പാലിക്കപ്പെടുന്ന കളികളേക്കാൾ.

പെട്ടെന്ന് അശോകൻ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ഒരു വണ്ടി അതിഘോരമായ ശബ്ദത്തോടെ തെക്കോട്ടു പോയി. ഇനി ഏതെങ്കിലും വണ്ടി അതു കടന്നു പോകാനുണ്ടോ എന്ന് അയാൾ ഓർമ്മിച്ചെടുക്കാൻ നോക്കി. ഒരു നിമിഷം കഴിഞ്ഞ് പാസഞ്ചർ കൂകി വിളിക്കുകയും ഇനി മൂന്നു സ്റ്റേഷൻ കൂടിയേ ഉള്ളു തൃശൂരിലേക്ക്. അതിനിടക്ക് എത്ര തവണ കളിക്കാൻ കഴിയും?

“ആപ് തൃശൂർ സേ,” സേട്ട് ചോദിച്ചു.

“ അതെ,” അശോകൻപറഞ്ഞു.

സേട്ട് പറഞ്ഞു “ സമയ് ബഹുത് കം ഹേ ഭാ‍യീ. ഒരു കാര്യം ചെയ്യാം.  ഒരു കളി നൂറു രൂപക്ക്. ഏക് ഖേൽ സൗ റുപ്പയേ കേലിയേ?”

ഹോ. സേട്ടിന് ഇനിയും കഴിഞ്ഞ ജന്മത്തിലെ ഏതോ കടം തീർക്കാനുണ്ട്.

സേട്ട് ചീട്ടുകശക്കി മുന്നിലേക്ക് വിതറി. ഝടുതിയിൽ ഒരോന്നിന്റേയും നാണം മറച്ചുകൊണ്ട് ഒരോന്നിന്റേയും മുകളിൽ ചീട്ടു വീണുകൊണ്ടിരുന്നു.

സേട്ട് ചിരിച്ചു. ഈ മൂന്നുമാസക്കാലം കൊണ്ട് ഞാൻ പഠിച്ചതിതാണ്. ഇങ്ങനെ ചീട്ടു വിളമ്പാൻ.k r viswanathan, story ,iemalayalam

അടുത്ത രണ്ടു കളിയിൽ അശോകൻക്ക് ജയിക്കാൻ കഴിഞ്ഞില്ല. അതിനു കാരണമുണ്ട്. സേട്ടിനെ വിയർക്കാൻ തുടങ്ങുകയും അയാൾ അയാളുടെ മുഴുനീളൻ കുപ്പായത്തിന്റെ കുടുക്ക് അഴിച്ചിടുകയും ചെയ്തു. കുപ്പായത്തിന്റെ നേരിയ വിടവിലേക്ക് അറിയാതെ കണ്ണു പോയ അശോകന് ഒരു വേള അയാളുടെ നെഞ്ചിൽ ഇടയ്ക്കിടെ മാഞ്ഞു പോയ ഇരട്ട വരയിൽ ഒരർദ്ധ ചന്ദ്രൻ കിടക്കുന്നത് പോലെ തോന്നി. നടുവിൽ, മുകളിലെ വരയ്ക്ക്പാഞ്ചാലിയുടെ പലകപ്പല്ലിന്റെ അത്ര നീളമുണ്ടെന്നും തോന്നി. അതിൽ തന്നെ ശ്രദ്ധിച്ചു പോയതായിരുന്നു കളി തോൽക്കാൻ കാരണം. വാസ്തവത്തിൽ അയാൾ ആ കളി ജയിക്കേണ്ടതാണ്. സേട്ട് കളത്തിലേക്കിട്ട ചീട്ടെടുത്ത് അയാൾക്ക് ഡിക്ക് ചെയ്യുവാൻ കഴിയുമായിരുന്നു. ഇരട്ട വരകളിൽ ശ്രദ്ധിച്ചിരുന്നതിനാൽ കളിയിൽ മനസു നിന്നില്ല.

“നിങ്ങൾ ദിവാകരേട്ടൻ അല്ലേ? ദുശാന ദിവാകരൻ അല്ലേ? എന്നിങ്ങനെ ചോദിക്കാൻ തിടുക്കം കൂട്ടുകയായിരുന്നു അശോകന്റെ മനസ്. അല്ലെങ്കിൽ നെഞ്ചെത്തെന്താണൊരു പാടെന്നു ചോദിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ സേട്ട് പെട്ടെന്ന് കുടുക്കുകളിട്ട് ആ ദൃശ്യത്തെ മറച്ചു. അതോടെ അശോകൻ ഉറപ്പിച്ചു. തന്റെ മുന്നിൽ ഇരിക്കുന്നത് ദിവാകരേട്ടൻ തന്നെ. തന്നെ സർക്കസ് കാണിക്കാൻ കൊണ്ടുപോയ, കോലൈസുകൾ വാങ്ങിത്തന്ന, ആദ്യമായി സിനിമ കാണിച്ച ദിവാകരേട്ടൻ തന്നെ. ഒടുവിൽ തന്റെ കൈയിൽ നിന്നും ഇരുപതു രൂപ ബലമായി പിടിച്ചു വാങ്ങി നാടുവിട്ട ദിവാകരേട്ടൻ… ദിവാകരേട്ടൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. തന്റെ പ്രാരാബ്ധങ്ങൾ അറിഞ്ഞ് ദിവാകരേട്ടൻ തന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു ഇത്രയും കാലം. അല്ലെങ്കിലെന്തിനാണിത്രയും പണമുള്ള, ഒരു ചീട്ടു നിർമ്മാണശാലയുള്ള ഒരാൾ ഇതു പോലെ പൊട്ടിപ്പൊളിഞ്ഞ ഒരു പാസഞ്ചറിൽ യാത്ര ചെയ്യണം? പിന്നെയും പിന്നെയും തോറ്റുകൊണ്ടിരിക്കണം?

ആ വക ചിന്തകൾക്കിടയിൽ അശോകൻ തുടർച്ചയായി തോറ്റു. ഇനി അയാളുടെ കൈയിൽ ശേഷിക്കുന്നത് പത്തു രൂപ മാത്രമാണ്. അതു തന്റെ കുട്ടിക്ക് എന്തെങ്കിലും മേടിച്ചു കൊണ്ടു പോകാനുള്ളതാണ്. ഇനി കളിയില്ല. കുറച്ചു ദിവസം അധികപ്പണി ചെയ്താൽ ഇന്നത്തെ നഷ്ടം നികത്താം.

പക്ഷേ ദിവാകർ സേട്ട് സമ്മതിക്കുന്നില്ല.

അശോകൻ കൈയിൽ ശേഷിച്ചിരുന്ന പത്തു രൂപ നോട്ട് സീറ്റിലേക്കിട്ടു. ശ്രദ്ധിച്ചു കളിച്ചാൽ ജയിക്കാവുന്നതേയുള്ളു. ഭാഗ്യം.ഇത്തവണ അശോകൻ ജയിച്ചു.

അടുത്ത ഇരുപതു രൂപ വെച്ച കളിയിൽ അശോകൻ തോറ്റു.

ദിവാകർ സേട്ട് പറഞ്ഞതൊക്കെയും കളവായിരുന്നോ? അശോകന് ഇപ്പോഴും അങ്ങനെ കരുതാൻ കഴിയുന്നില്ല. അയാൾ തന്നെ പരീക്ഷിക്കുകയാണ്. നോക്കിക്കോ താൻ തൃശൂരിൽ ഇറങ്ങുമ്പോൾ അയാൾ തന്റെ കൈയിലേക്ക് ഒരു പൊതി വെച്ചു തരും. ഉറപ്പ്. എന്നിട്ടയാൾ പച്ച മലയാളത്തിൽ ചോദിക്കും.
‘മകനേ, അശോകാ… നീയെന്നെ ഓർക്കുന്നില്ലേ? ഞാൻ…”

ഉടനെ അശോകൻ അയാളെ കെട്ടിപ്പിടിച്ചു പറയും ‘ഉവ്വ്. ദിവാകരേട്ടാ…’

‘നിന്റെ കൈയിൽ നിന്നും ഞാൻ പിടിച്ചു വാങ്ങിയ ഇരുപതു രൂപക്കു പകരം പതിനായിരമിരട്ടി.’

അടുത്ത കളിയിലും തോൽവി. വീട്ടിൽ കാത്തിരിക്കുന്ന ഒരു മകനുണ്ട്. പോരാൻ നേരം അവൾ വല്ലതും ആവശ്യങ്ങൾ പറഞ്ഞോ?  ഇന്ന് ഫോൺ എടുക്കാതെ പോന്നതു നന്നായെന്ന് അയാൾക്കു തോന്നി. അല്ലെങ്കിൽ പലവട്ടം പല ആവശ്യത്തിനു വിളി വന്നേനേ.

സേട്ട് അടുത്ത കളിക്കുള്ള ചീട്ടുകൾ വിളമ്പിക്കഴിഞ്ഞു. സേട്ടിനു നേരേ ദയനീയമായി നോക്കി ചുണ്ട് ഒരു സവിശേഷ രീതിയിൽ കോട്ടി കൈകളിൽ തന്റെ കൈ ശൂന്യമെന്ന് അശോകൻ അവതരിപ്പിച്ചു.

അപ്പോൾ ദിവാകർ സേട്ട് കുപ്പായത്തിലേക്ക് നോക്കിയപ്പോൾ അയാളൊന്നു ഞെട്ടി. ഒരാളുടെ എല്ലാം അങ്ങനെ കൈവശപ്പെടുത്തുന്ന ഒരു കഥ അയാൾ വായിച്ചിട്ടുണ്ട്. ഇതു പോലൊരു തീവണ്ടിയാത്രയിലാണതു വായിച്ചത്. പ്രദർശന നഗരികളിലെ തോണി പോലെ നാലഞ്ചുവട്ടം ആടി ദിവാകർ സേട്ടിന്റെ കണ്ണുകൾ കുട്ടി വായിക്കുന്ന പുസ്തകത്തിൽ ചെന്നെത്തി അനക്കം നിലച്ചു.

സേട്ട് പറഞ്ഞു  “ആ പുസ്തകം പണയം വെക്കാമല്ലോ. അതു നിന്റെയാണല്ലോ? അതിന്റെ വില നീ തന്നെയാണല്ലോ കൊടുത്തത്. അതിന്റെ മുഖവിലക്ക് തന്നെയാകട്ടെ അടുത്ത കളി.”

അയാൾ പെട്ടെന്ന് ആ പുസ്തകം കുട്ടിയിൽ നിന്നും പറിച്ചെടുത്ത് സീറ്റിലേക്കിട്ടു. സേട്ട് ചിരിച്ചു.

“നീ മഹാഭാരതം വെച്ചാണിപ്പോൾ ചൂതു കളിക്കുന്നത്.”

ആ അവസ്ഥയിലും സേട്ടിന്റെ തമാശ കേട്ട് അശോകൻ ചിരിച്ചു. മൂന്നാമത്തെ ചൂതുകളിയിൽ മഹാഭാരത കഥ അയാൾക്ക് നഷ്ടപ്പെട്ടു. കുട്ടി പാതിയിൽ നഷ്ടപ്പെട്ട ഏതോ കഥയിൽ വിമ്മിക്കരയാൻ തുടങ്ങി.

k r viswanathan, story ,iemalayalam
വണ്ടി അടുത്ത സ്റ്റേഷനിലെത്തി. ഇനി രണ്ടു സ്റ്റേഷൻ കൂടി കഴിഞ്ഞാൽ അയാൾക്ക് ഇറങ്ങണം. അശോകന്റെ തോന്നലുകൾ തെറ്റാണെന്നു തോന്നിത്തുടങ്ങി. എന്നാൽ കളിയ്ക്കിടെ സേട്ട് വീട്ടുകാര്യം തിരക്കിയത് അശോകന് തെല്ലു പ്രതീക്ഷ നൽകാതെയുമിരുന്നില്ല. അശോകൻ തന്റെ ആവലാതികൾ ഒക്കെയും ആ നേരം പൊടിപ്പും തൊങ്ങലും വെച്ചു പറയുകയും ചെയ്തു. കുചേലനെ പോലെ ഒന്നും പറയാതിരുന്നാൽ ദിവാകരേട്ടൻ അതൊന്നും അറിഞ്ഞെന്നു വരില്ല.

വണ്ടി പതിവു പോലെ അവിടെ കെട്ടിക്കിടന്നില്ല. വണ്ടി നീങ്ങി അതിന്റെ താളത്തിലെത്തിയപ്പോൾ സേട്ട് വീണ്ടും ചീട്ടു കശക്കാൻ തുടങ്ങി.

അശോകൻ എഴുന്നേറ്റു. അയാൾ രണ്ടു കൈകളും വിറകൊണ്ടെന്ന പോലെ ഇനി താനല്ലാതെ ഒന്നുമില്ലെന്നിളക്കി. ദിവാകർ സേട്ടിന്റെ വലിയ കണ്ണുകൾ ഓളം വെട്ടി ജാലകത്തിനരികെ ഇരുന്ന സ്ത്രീയിൽ തട്ടി നിന്നു. ഒരു കണ്ണ് അവരിൽ ഉറപ്പിച്ച് മറുകണ്ണുകൊണ്ട് അയാൾഅശോകനരികെ എത്തി.

“എന്താ ഇതിനെ പണയമായി വെച്ചാലോ. യഹ് നാരീ കോ? യഹ് നാരീ കേലിയേ?”

അശോകൻ ഞെട്ടിയെഴുന്നേറ്റു.

വിട്ടുപോയ ഒരു യന്ത്രഭാഗത്തെ അടിച്ചുറപ്പിക്കും പോലെ സേട്ട് അയാളെ സീറ്റിലേക്ക് പിടിച്ചിരുത്തി.
അവൾ തന്റേതല്ലെന്നു പറയാൻ ഒരുങ്ങിയതാണ്. പെട്ടെന്ന് അശോകനു തോന്നി. ഇതു ദിവാകരേട്ടൻ തന്നെ…അയാൾ തന്നെ ജയിപ്പിക്കാൻ ഒരുങ്ങുകയാണ്. അല്ലെങ്കിൽ അയാൾ എന്തിനാണ് ഇതു പോലൊരു പെണ്ണിൽ പന്തയം വെക്കുന്നത്? ചീട്ടിനു പുറത്തേ മാദക സുന്ദരികളെ പോലുള്ളവരെ കിട്ടാൻ അയാൾക്ക് എന്തു പ്രയാസമാണ് ഈ നാട്ടിലുള്ളത്?

“ആയിയേ ഭായി,  ആയിയേ, ഖേലോ,” ചീട്ടു നിരത്തി സേട്ട്ജി വിളിച്ചു. “ഖേൽ ഭായി, ഖേൽ.”

അല്ലെങ്കിൽ അവളെ പണയം വെക്കുന്നതിൽ എന്താണു തെറ്റ്? അവൾ അശോകന്റെ ആരാണ്? ഇത്രയും നേരമായിട്ടും അവളുടെ മുഖം ഒന്നു കണ്ടിട്ടുകൂടിയില്ല. ഒരു പുസ്തകം വാങ്ങിക്കൊടുത്ത് അവളുടെ മകന് കുറച്ചു നേരത്തേക്കാണെങ്കിലും സന്തോഷം നൽകിയിട്ടുണ്ട്. പോരെങ്കിൽ താൻ പണയവസ്തുവായ കാര്യം അവളൊട്ടറിയുകയുമില്ല.

ദിവാകർ സേട്ട് അയാളുടെ പേഴ്സും, പെട്ടി തുറന്ന് അതിൽ നിന്നും ഒരു ചെക്ക് ബുക്കും, അയാളുടെ വില കൂടിയ മൊബൈൽ ഫോണും മഹാഭാരത കഥയും അവൾക്കു പകരമായി ഇരിപ്പിടത്തിൽ കൈലേസ് നിവർത്തി വിരിച്ച് അതിൽ വെച്ചു.

അതെ. സേട്ട്ജി അയാളുടെ കടം വീട്ടുകയാണ്. വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഇരുപതുരൂപയുടെ കടം. അല്ലെങ്കിൽ മുജ്ജന്മത്തിൽ വീട്ടാതെ പോയ എന്തോ ഒന്ന്. ഒരു വലിയ കടം. അത് ഒരു കള്ളക്കളിയിലൂടെയാണെങ്കിലും താൻ നേടിയെടുക്കും.

തന്റെ പ്രാർഥനകൾ ഒടുക്കം ദൈവത്തിനരുകിൽ എത്തിയിരിക്കുന്നു.

ഇത് തന്റെ അവസാനത്തെ അവസരമാണ്. മഹാഭാരതവും തിരിച്ചു വാങ്ങി കുട്ടിക്ക് കൊടുക്കണം. അവനിപ്പോൾ പുറത്തേ ഇരുട്ടിലേക്കു നോക്കി കിടക്കുകയാണ്. കഥ നഷ്ടപ്പെട്ടതിന്റെ നനവ് മുഖത്ത് പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. അവന്റെ പുസ്തകം നഷ്ടപ്പെടാതിരുന്നെങ്കിൽ ഇപ്പോൾ അവൻ കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഒരു പടയാളിയായി നിൽക്കുമായിരുന്നു.

അശോകൻ മച്ചകത്തമ്മയേയും കുലദൈവങ്ങളേയും മനസിൽ ധ്യാനിച്ചു. ഇത്തവണ അവർ കാത്തു. ലൈഫുണ്ട്.. ജോക്കറുകളനവധി. ഒരൊറ്റ പെണ്ണ് വലതുകാൽ വെച്ച് അങ്ങു കയറി വന്നാൽ ദിവാകർ സേട്ട് ഈ ജന്മത്തിലെ അയാളുടെ കടങ്ങളൊക്കെ തീർത്ത് അടുത്ത സ്റ്റേഷനിൽ ഇറങ്ങിപോകേണ്ടി വരും.

ആ നേരം സേട്ട് തന്റെ കൈകളിലിരുന്ന ചീട്ടുകളിലേക്ക് നോക്കി തന്റെ ഇടം തുടയിൽ പലവട്ടം ആഞ്ഞടിച്ചു. അയാളുടെ കൈകൾ ഉലച്ചുണ്ടാക്കിയ കാറ്റിലും താഡനത്തിലും പെട്ട് ദിവാകർ സേട്ടിന്റെ ഇടം തുടയിലെ തുണി തെല്ലൊന്നു മാറി. അശോകന്റെ ശ്രദ്ധ ഒരു നിമിഷത്തേക്ക് അവിടേക്കായി. അയാളുടെ തുടയിൽ ഏറെ നീളമുള്ള ഒരു പഴുതാര ചത്തുകിടക്കുന്നതു പോലെ തോന്നി.. പെട്ടെന്നു തന്നെ സേട്ട് തുണി വലിച്ചിട്ട് അതു മറച്ചു.
അതൊരു തോന്നൽ മാത്രമായിരുന്നോ?

ആ ചിന്തയിൽ അയാൾക്കു ചീട്ടു പിഴച്ചു . ലൈഫ് തീർത്ത ചീട്ട് കളിക്കളത്തിലേക്ക് കൈ വിട്ടു പോയി. തല തിരിഞ്ഞു വീണ ചീട്ടിലെ പെണ്ണ് ശരീരം പോലെ നഗ്നമായ ഒരു ചിരി അയാളുടെ നേരേ ചിരിച്ചു. അടുത്ത നിമിഷം തീവണ്ടി ഒരു പാലം കടക്കുന്ന കഠിന ശബ്ദം കേട്ടു. അവിടെ എവിടെയാണു ഇത്രയും നീളത്തിൽ ഒരു പാലം ഉള്ളത്? അതോ വണ്ടി പാളം തെറ്റി മറ്റുവല്ലിടത്തും കൂടി പായുകയാണോ? അശോകൻ കളത്തിലേക്കിട്ട ചീട്ട് എടുത്ത് ദിവാകർ സേട്ട് അതിന്റെ ഇരുപുറങ്ങളിലും മാറിമാറി സീൽക്കാരത്തോടെ ചുംബിച്ച് ഡിക്ക് ചെയ്തു.

k r viswanathan, story, iemalayalam
സേട്ട് വിജയിച്ചിരിക്കുന്നു. സേട്ട് ചീട്ട് കളിക്കളത്തിലേക്ക് നിരത്തി വെച്ച് തുടയിൽ വീണ്ടും ആഞ്ഞടിച്ചു. അപ്പോൾ അശോകൻ കണ്ടു. അവിടെ ഒരു പഴുതാര… അടിയുടെ വേദനയിൽ പഴുതാര പിടയുന്നു. ദിവാകർ സേട്ട് പൊട്ടിച്ചിരിച്ചു. അയാൾ ആ സ്ത്രീയുടെ നേരേ നോക്കി. കുട്ടി ഉറക്കം പിടിച്ചിരുന്നു.
അയാൾ വീണ്ടും ചീട്ടു കശക്കി. ഇപ്പോൾ അയാൾക്ക് അതു തടസപ്പെടുത്താൻ കഴിഞ്ഞില്ല. ആ സ്ത്രീയെ പണയത്തിൽ നിന്നും മോചിപ്പിക്കണം. പറ്റുമെങ്കിൽ മഹാഭാരത കഥയും. താൻ പണയപ്പെട്ടത് അവൾ അറിഞ്ഞോ? ഒരു പാരവശ്യം അവരുടെ മുഖത്ത് തെളിയുന്നുണ്ടല്ലോ?

പക്ഷേ ഇനി പണയം വെക്കാൻ ഒന്നുമില്ല. വേണമെങ്കിൽ തന്നെ പണയവസ്തുവാക്കാം.. അപ്പോഴേക്കും ദിവാകർ സേട്ട് മറ്റൊരു മാർഗം കണ്ടു പിടിച്ചു..

അയാൾ പറഞ്ഞു “ഭായീ, യെ ഗാഡി കോ…  ഈ തീവണ്ടിയെ, നിങ്ങൾക്ക് പണയവസ്തുവാക്കാം. സംജാ?”

അശോകൻ തലകുലുക്കി. ഈ സേട്ട് തന്നിൽ വിസ്മയങ്ങളുടെ ചുഴലികൾ സൃഷ്ടിച്ച് ഒടുക്കം തനിക്ക് എല്ലാം തന്നു പോകാനായിരിക്കും അയാളുടെ ഭാവം. ശ്രീകൃഷ്ണൻ കുചേലനെ വിസ്മയിപ്പിച്ചതു പോലൊരു വിസ്മയം അയാൾ തനിക്കു വേണ്ടി ഒരുക്കുന്നുണ്ട്. എന്റെ കൃഷ്ണാ… എന്റെ ഗുരുവായൂരപ്പാ.
അടുത്ത അഞ്ചു മിനിറ്റിൽ ആ പാസഞ്ചർ തീവണ്ടി ദിവാകർ സേട്ടിന്റേതായി. സ്റ്റേഷനെത്തി. വണ്ടി നിന്നു.

സേട്ട് എഴുന്നേറ്റു. ഒന്നു തല ചായ്കാൻ ഒരുങ്ങിയ അശോകനെ സേട്ട് പിടിച്ചെഴുന്നേൽപ്പിച്ചു.

“ഉഠോ ഭായീ. യഹ് മേരാ റേൽ ഗാഡി ഹേ. മേരാ റേൽ ഗാഡി! അയാൾ ഉറപ്പിച്ചു പറഞ്ഞു. ബാഹർ ജാഓ. നീ പുറത്തേക്കിറങ്ങ്.”

അയാൾക്ക് തിരിച്ചൊന്നും പറയാനാവാത്ത വിധം സേട്ടിന്റെ മുഖത്ത് ഒരു ചിരി നിറഞ്ഞു.

“മേരാ റേൽ ഗാഡി. മനസിലായില്ലേ നിനക്ക്?”

അശോകൻ തന്റെ പ്ലാസ്റ്റിക്ക് കവറുമായി പുറത്തേക്ക് ഇറങ്ങാൻ ഒന്നു രണ്ടു ചുവടു മുന്നോട്ടു വെച്ചപ്പോൾ അയാളുടെ മുഖം പ്രതീക്ഷാഭരിതമായി. മുഖത്ത് രക്ത ഓട്ടമുണ്ടായി. അയാൾ തിരിഞ്ഞു നിന്നു. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ നോക്കി അയാൾ സേട്ടിനോടു ചോദിച്ചു..

“ സേട്ട്ജി. യെ ബച്ഛാ… ഈ കുട്ടിയെ പണയം വെച്ച് ഒരു കളികൂടി? ഏക് ഖേൽ ഔര്‍?”

സേട്ട് വിലങ്ങനെ തലയാട്ടി. അതു തെല്ലു നേരം തുടർന്നു.

“ഒരിക്കൽ കൂടി ?” അശോകൻ തന്റെ ചൂണ്ടു വിരൽ സേട്ടിനു നേരേ ഉയർത്തി യാചിച്ചു.”ഒരു തവണ കൂടി. ഏക് ബാർ ഔര്‍?”

“മുച്ഛേ,  ഉസ്കോ നഹി ചാഹിയേ… എനിക്ക് ആ കുട്ടിയെ വേണ്ട. ഛോട് ദോ. ഞാൻ കളി നിർത്തി. ഉസ്കോ ഛോട് ദോ…”

അശോകൻ തിരിഞ്ഞു നിന്നു.

“കുട്ടിയെ വേണമെങ്കിൽ നീ കൊണ്ടു പൊക്കോളൂ….“

അയാൾ നിരാശയോടെ പുറത്തേക്കിറങ്ങി. നടക്കാനാവാതെ അശോകൻ തളർന്നു നിന്നു.

സേട്ട് പുറം കൈ അയാൾക്കു നേരേ താളത്തിൽ വീശിക്കൊണ്ടു പറഞ്ഞു.” ജൽദി ഛലോ. മറ്റൊരു കമ്പാർട്ടുമെന്റിലും കയറിപ്പറ്റാൻ നോക്കണ്ട.. കള്ളക്കളികൾക്ക് നിന്ന് നീ സമയം വെറുതെ പാഴാക്കേണ്ട…”

അയാൾ അനങ്ങാതെ നിൽക്കുന്നതു കണ്ട് ദിവാകർ സേട്ട് കമ്പാർട്ടുമെന്റിൽ നിന്നും പ്ലാറ്റ്ഫോമിലേക്കിറങ്ങി പുറം കൈകൊണ്ട് ആട്ടി ഉറക്കെ പറഞ്ഞു “ഛലോ, ഛലോ ജൽദി…” എന്നിട്ടും അയാൾ അനങ്ങുന്നില്ലെന്നു കണ്ട് സേട്ട് ഒന്നു രണ്ടടി മുന്നോട്ടു വെച്ചു..

“ഛലോ പന്നിയുടെ മകനേ. നീ എന്തിനാണിനി നിൽക്കുന്നത്? തുമാരി മാ കാ..?”

അശോകൻ ഞെട്ടി. മുന്നോട്ടു നടന്നു. അയാൾ ഒന്നു കൂടി തിരിഞ്ഞു നോക്കി. അത് ദിവാകരേട്ടന്റെ ശബ്ദം തന്നെ. താൻ അശോകനാണെന്നു ഇതു വരെ പറഞ്ഞില്ലല്ലോ എന്നോർത്തു. അശോകൻ തിരിഞ്ഞു നിന്നു.

സേട്ട് വിളിച്ചു ചോദിച്ചു  “ക്യാ ബാത്ത്… ക്യാ ബാത്ത് ഹേ?”

“കുച്ഛ് നഹി…” അയാൾ മെല്ലെ പറഞ്ഞു.

അയാൾ റെയിൽ പാളത്തിലേക്കിറങ്ങി അരികു പറ്റി നടന്നു.  പാസഞ്ചർ ഹോൺ മുഴക്കി. അയാൾ ഒന്നു തിരിഞ്ഞു നോക്കി. തീവണ്ടിയുടെ വാതുക്കൽ കൂടുതൽ വലിപ്പം തോന്നിച്ചു കൊണ്ട് സേട്ട് ഒരു കറുത്ത രൂപമാ‍യി ഉയർന്നു നിൽക്കുന്നുണ്ട്.

തീവണ്ടി അയാളെ കടന്നു പോയ നേരംഭൂമിയാകെ കുലുങ്ങി. ഒരു കരച്ചിൽ കേൾക്കുന്നതു പോലെ അശോകനു തോന്നി. അതോ അലർച്ചയോ?

അതൊരു വെറും തോന്നലാണെന്ന് അയാൾ ഉറപ്പിച്ചു. കൂടുതൽ ശ്രദ്ധിച്ച് അതു തീവണ്ടിയുടെ ശബ്ദമാണെന്ന് ഉറച്ചു.

തീവണ്ടി അകലെ തുരങ്കത്തിലേക്കു നൂഴ്ന്ന് കയറിത്തുടങ്ങി. ഒടുവിൽ തീവണ്ടിയുടെ പുറകിലെ ചിഹ്നവും ഇരുട്ടിൽ അപ്രത്യക്ഷമായപ്പോൾ അയാൾ തിരക്കിട്ട് നടക്കാൻ തുടങ്ങി.

 

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: K r viswanathan short story dusanakkilikal

Next Story
ഇത്രയൊക്കെയാണ് പ്രിയമാനസാ… ശ്രീകുമാർ കക്കാട് എഴുതിയ കവിതsreekumar kakkad , poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com