scorecardresearch

ജോര്‍ജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ

“കീഴടങ്ങാൻ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓർമയുണ്ട്. ഞാൻ വീർപ്പുമുട്ടലടക്കി നിശ്ശബ്ദയായി, പിന്നിലൊളിപ്പിച്ച കൈകളാൽ ഭിത്തിയിൽ അള്ളിപ്പിടിച്ചു നിന്നു,” കെ ആര്‍ മീരയുടെ കഥ, ജോര്‍ജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ

ജോര്‍ജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ

എല്ലാ തീവണ്ടികളും മുന്നോട്ടു മാത്രം പാഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ യൗവനം. ഞങ്ങളുടെ യൗവനത്തിൽ നിന്ന് നിങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. എന്തൊരു കാലമായിരുന്നു അത്. അന്നു ജോര്‍ജ് ഒരു ചൂണ്ടുവിരൽ കൊണ്ട് രാജ്യത്തെ തീവണ്ടികൾ മുഴുവൻ പിടിച്ചു നിറുത്തി. ആദ്യം കണ്ടതു മുതൽ, ജോർജ്ജിനെക്കുറിച്ചു കേൾക്കുമ്പോഴൊക്കെ തീവണ്ടി പായുന്ന ഭൂമി പോലെ ഞാൻ പ്രകമ്പനം കൊണ്ടു. അതു കൊണ്ട് ആശ്രമ വളപ്പിലേക്ക് അര്‍ദ്ധരാത്രിയിൽ കടത്തിക്കൊണ്ടുവന്ന വി.ഐ.പി അദ്ദേഹമാണെന്നറിഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തയായി. മിസ് ഗോൺസാൽവസ് എന്ന് ആരൊക്കെയോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. കേൾക്കാത്ത മട്ടിൽ ഞാൻ അഡ്മിനിസ്ട്രേറ്ററുടെ ഡ്യൂട്ടി റൂമിലേക്കു പാഞ്ഞു. പക്ഷേ, ഇരിപ്പുറച്ചില്ല. എന്റെ ശരീരത്തിലെ ഓരോ അണുവും വിറപൂണ്ടു. ആശുപ്രതിക്കു പിന്നിൽ അന്തേവാസികൾക്കായുള്ള കെട്ടിടത്തിൽ, ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിൻറ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം തൂക്കിയ കുടുസ്സു മുറിയിലേക്കു ഞാൻ പലായനം ചെയ്തു. കമിഴ്ന്നു കിടന്നു ചുളിഞ്ഞു തൂങ്ങുന്ന മാറിടം വീതി കുറഞ്ഞ തടിക്കട്ടിലിൽ അമർത്തി ഹൃദയത്തെ നിശ്ചലമാക്കാൻ യത്നിച്ചു. പ്രയോജനമുണ്ടായില്ല. ഭൂമിയും ആകാശവും ഭിത്തിയും തടിക്കട്ടിലും പ്രകമ്പനം തുടർന്നു. മേൽക്കൂരക്കു മുകളിലും കട്ടിൽക്കാലുകൾക്കടിയിലും നട്ടെല്ലിലും ഹൃദയത്തിലും അടിവയറ്റിലും അതിവേഗ തീവണ്ടികൾ പാഞ്ഞു. സ്മൃതികൾ ഇരമ്പി. കോലൻ മുടി, തീക്ഷ്ണമായ കണ്ണുകൾ, ഇടിമുഴങ്ങുന്ന ശബ്ദം.

Read More: എന്‍റെ ജോര്‍ജ് മൂന്നാമന്: കെ ആര്‍ മീര എഴുതുന്നു

അദ്ദേഹത്തെ പ്രവേശിപ്പിച്ച വൺ സി കോട്ടേജിൽ പിറ്റേന്നു ഡോക്ടറോടൊപ്പം റൗണ്ട്സിനു പ്രവേശിക്കുന്നതോർത്ത് അറുപത്തിരണ്ടാം വയസ്സിലും ഞാൻ വിവശയായി. വീണ്ടും കാണാൻ എനിക്കു വയ്യ. ജോർജ്ജിന്റെ സ്മരണ പോലും, അതു പാഞ്ഞു പോകുന്ന വഴിയിലെ സർവ്വ ഞരമ്പുകളേയും ചതയ്ക്കും. എന്തൊരു പുരുഷനായിരുന്നു അദ്ദേഹം. തീവണ്ടികൾ കൽക്കരിയിലോടിയിരുന്ന ആ കാലത്ത്, എൻജിനിൽ കരി കോരിയിടുന്ന കേവലനായൊരു തൊഴിലാളിയുടെ മകളെ അദ്ദേഹം എഴുത്തുകാരിയും പ്രണയിനിയുമാക്കി. എഴുത്തുകാരിയും പ്രണയിനിയും, രണ്ടു കൂട്ടരും രഹസ്യങ്ങളുടെ ആരാധകർ. അവസാന വരിയിലെ പരിണാമഗുപ്തിയാൽ വായനക്കാരനെ തകർത്തറിയാനുള്ള ആഗ്രഹത്തോടെയാണ് ഞാൻ എന്റെ കവിതകൾ വിഭാവനം ചെയ്തത്. നിഗൂഢതയുടെ തീവ്രതയിൽ നീറി ദഹിക്കുന്നതിൻറ ആനന്ദത്തിനു വേണ്ടിയാണ് ഞാൻ എന്റെ പ്രണയം ആസൂത്രണം ചെയ്തത്. എന്തൊരു പ്രണയമായിരുന്നു അത്. സമരങ്ങളുടെ സമാന്തരമായ ഇരുമ്പുകമ്പികൾ സ്വപ്നത്തിൻറ തടിക്കഷണങ്ങൾ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ പാളങ്ങളിലൂടെ പാഞ്ഞുപോകുന്ന ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ ആംഗ്ലോ ഇന്ത്യൻ ഇംഗ്ലീഷിൽ ഞാൻ എത്രയോ കവിതകൾ എഴുതി. കവിതകളിൽ ഞാൻ ജോർജ്ജിനെ രാജാവ്, ചക്രവർത്തി, സാമ്രാജ്യം, കിരീടം, പാളങ്ങൾ, തീവണ്ടി തുടങ്ങിയ രൂപകങ്ങളിലും ബിംബങ്ങളിലും വേഷപ്രച്ഛന്നനാക്കി. ജോര്‍ജ് ഒന്നാമൻ, പ്രീയൂനിവേഴ്സിറ്റി നോട്ട്ബുക്കിന്റെ താളുകളിൽ ഞാൻ ആവർത്തിച്ചു കുറിച്ചു. കരിപിടി ച്ച ഈ ലോകം വെടിപ്പായിത്തീരുന്ന ദിവസമെത്താൻ നിന്റെ കിരീടധാരണത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. നിന്റെ സാമാജ്യത്തിലെ പ്രജയും പട്ടമഹിഷിയുമാകാൻ ഞാൻ ആർത്തിയോടെ ആഗ്രഹിക്കുന്നു. സ്വന്തം കവിത വായിച്ച് ഞാൻ ഉന്മത്തയായി. വെറുതെ തുള്ളിച്ചാടി. മുറിയിൽ വട്ടം കറങ്ങി. വെറും നിലത്തുരുണ്ടു. പതിനേ ഴുവയസ്സിന്റെ മിനുമിനുത്ത തുടകളിൽ നിന്നു പറന്നുയരാൻ ഞൊറിവില്ലാത്ത എന്റെ കളംകളം ഫ്രോക്കുകൾ വ്യഗ്രതപ്പെട്ടു.

ജോര്‍ജ് ഒന്നാമൻ. കരിപുരണ്ടു കറുപ്പായിത്തീർന്ന നീല യൂണിഫോമുകൾ തോരാനിട്ട ഞങ്ങളുടെ ഗലികളിലൂടെ അദ്ദേഹം തനിച്ചെഴുന്നള്ളി. പുരോഹിതൻറ കുപ്പായമൂരി യൂണിയൻ നേതാവായ ചെറുപ്പക്കാരൻ അഴിമതിയുടെയും അധികാരത്തിൻറയും ഭാഷക്കു പകരം വിപ്ലവത്തിന്റെയും സമത്വത്തിൻറയും ഭാഷ സംസാരിച്ച് ഞങ്ങളെ ഹരം പിടിപ്പിച്ചു. ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ മുന്നിലെ ചാർപ്പായിയിൽ കിടന്നുറങ്ങി. ഞങ്ങളുടെ ടോസ്റ്റും ചപ്പാത്തിയും  മീൻകറിയും പങ്കു വെച്ചു. കോലൻ മുടി, തീക്ഷ്ണമായ കണ്ണുകൾ, മൂർച്ചയുള്ള വാക്കുകൾ. നിലാവിൽ, മുറ്റത്ത് കയർക്കട്ടിലിൽ ചാരിക്കിടക്കുന്ന ജോർജ്ജിനെ ജനാലവിരികൾക്കിടയിലൂടെ ഞാൻ മതിവരാതെ നോക്കി. കോട്ടും സൂട്ടുമിട്ട ഡാഡിയും വെളുത്ത ബ്രൈഡൽ ഗൗൺ ധരിച്ച് മമ്മിയും കേക്കു മുറിക്കുന്ന ഫോട്ടോക്കു താഴെയുള്ള പഠനമേശയിൽ തല ചായ്ച്ചു കിടന്ന് കോട്ടും സൂട്ടും ധരിച്ച ജോർജ്ജിനെയും വെളുത്ത ഗൗൺ ധരിച്ച എന്നെയും സങ്കൽപിച്ചു. അദ്ദേഹത്തെ കാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും എന്റെ ശരീരം പ്രകമ്പനം കൊണ്ടു. തീവണ്ടി യാത്രപോലെയായിരുന്നു ജോർജ്ജിൻറ വളർച്ച. കടകടാരവത്തോടെയും ചൂളംവിളിയോടെയും തുടക്കത്തിൽ സാവധാനവും പിന്നീട് എത്തിപ്പിടിക്കാൻ കഴിയാത്ത സ്ഥിരമായ വേഗത്തിലും ജോര്‍ജ് മുന്നോട്ടു പാഞ്ഞു. തെരഞ്ഞടുപ്പിൽ ഒരു വലിയ നേതാവിനെ ജോർജ് മലർത്തിയടിച്ചപ്പോൾ തുടർന്ന് എത്രയോ രാവും പകലും എൻ ഹൃദയം അഭിമാനം കൊണ്ടും അതേ അളവിൽ ദുഃഖം കൊണ്ടും കിടുങ്ങി. എന്റെ ആദ്യ പ്രണയം. വാസ്തവത്തിൽ, അവസാനത്തേതും. ആദ്യ പ്രണയത്തിൻറ ആകെ നന്മ അതു യാത്രയുടെ തുടക്കമാണെന്നതു മാത്രമാണ്. യാതക്കാരുടെ ശുഭവും നിഷ്കളങ്കവുമായ കുപ്പായങ്ങൾ ഉടയുകയോ ഉലയുകയോ അഴുക്കു പുരളുകയോ ചെയ്തിട്ടുണ്ടാകുകയില്ല. മനസ്സിലെ ശുഭ്രപതീക്ഷകൾ ചതഞ്ഞു തുടങ്ങിയിട്ടുണ്ടാവില്ല. വണ്ടി പാളം തെറ്റുമെന്നോ പാലത്തിൽ നിന്നു പുഴയിലേക്കു പതിക്കുമെന്നോ ഭയപ്പെടാൻ മാത്രം അനുഭവസമ്പത്തുണ്ടാകുകയില്ല. പ്ലാറ്റ്ഫോമിൽ ഓടിയെത്തും മുമ്പേ വിട്ടുപോയ വണ്ടിയിൽ എനിക്കുവേണ്ടി കാത്തുനിൽക്കാൻ കൂട്ടാക്കാതെ ജോര്‍ജ് ധിറുതിയിൽ പാഞ്ഞു. പിന്നാലെ ഓടിച്ചെല്ലാൻ ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. പക്ഷേ, കണ്ണടച്ചു തുറക്കും മുമ്പേ വണ്ടിയും ജോർജ്ജും കണ്ണിൽനിന്നു മാഞ്ഞു. വളരെപ്പെട്ടെന്ന് അദ്ദേഹം വിവാഹിതനായി. തീവണ്ടികളുടെ കടകട ശബ്ദത്തിൽ എൻറ ഹൃദയ മിടിപ്പുകൾ അരഞ്ഞു ചേർന്നു. നാൽപതു വർഷത്തിനു ശേഷവും കഠിനമായ ആ വേദന എന്നെ തകർക്കാറുണ്ട്. പിന്നീട് രണ്ടു വഴി പിരിഞ്ഞ് തിരിച്ചു പോകാൻ പറ്റാത്ത ദൂരങ്ങൾ താണ്ടിയ ശേഷം, മുറ്റത്ത് ചുവന്ന പൂക്കൾ നിറഞ്ഞ വീപ്പിങ് വില്ലോ മരങ്ങളുള്ള ആശ്രമത്തിൽ ഒന്നിക്കാനായിരുന്നു ഞങ്ങളുടെ നിയോഗം. ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാനുണ്ട്.k r meera ,story

എന്തൊരു കാലമായിരുന്നു അത്. പുകയുന്ന ഉമിക്കുന പോലെയൊരു ലോകം. തീവണ്ടി സമരം. ഇരുപതു ദിവസം രാജ്യം നിശ്ചലമായി. മുംബൈ വി.ടിയിൽ നിറുത്തിയിട്ട തീവണ്ടിക്കു മുകളിൽ നിന്ന് ചുവന്ന ഹാരം കഴുത്തിലിട്ട് ജോര്‍ജ് പ്രസംഗിക്കുന്ന ചിത്രം വിസ്മരിക്കാൻ സാധ്യമല്ല. ഇരുപതു ദിവസം രാജ്യം ഭരിച്ചവരെ ജോര്‍ജ് വിറപ്പിച്ചു. സമരം പരാജയപ്പെട്ടെങ്കിലും ജോര്‍ജ് വിജയശ്രീലാളിതനായി. പിന്നീട് ബൂട്ടുകളുടെയും വിസിലുകളുടെയും കാലമെത്തി. തോക്കിൻ പാത്തി കൊണ്ട് അടിയേറ്റ് എന്റെ ഡാഡി ആശുപത്രിയിലായി. ജോര്‍ജ് ഒളിവിൽപ്പോയി. രാജ്യത്തെ മുഴുവൻ അദ്ദേഹം വെല്ലുവിളിച്ചു. ജോർജ്ജിനെ തിരഞ്ഞു പൊലീസിനു ഭ്രാന്തിളകി. ജോർജ്ജിന്റെ വൃദ്ധപിതാവും സഹോദരന്മാരും അറസ്റ്റിലായി. ഒരു സഹോദരന്റെ കാൽ പൊലീസ് തല്ലിയൊടിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടത്താൻ അവർക്കു കഴിഞ്ഞില്ല. നഴ്സിങ് ക്വാർട്ടേഴ്സിലെ എന്റെ കുടുസ്സുമുറിയിൽ അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിനെയെന്നതുപോലെ ജോർജ്ജിനെ ഞാൻ പതിനെട്ടു ദിവസം ഒളിപ്പിച്ചു. ഭാര്യയോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാർത്ത റേഡിയോയിലൂടെ കേട്ടത്. അദ്ദേഹം എഴുന്നേറ്റു: എനിക്കു പോകണം. രാജ്യത്തിന് എന്നെ ആവശ്യമുണ്ട്. ‘അവൾ എത്ര നേരം കാത്തിരുന്നു എന്ന് അറിയില്ല,’ ജോര്‍ജ്  ഇടക്കിടെ എന്നോടു മന്ത്രിച്ചു. ‘ഞങ്ങളുടെ കുഞ്ഞ്, അവൻ കരയുന്നുണ്ടായിരുന്നു’

ആ ദിവസങ്ങളിലൊന്നും ഞാൻ ജോർജ്ജിനെ നോക്കാൻ ധൈര്യപ്പെട്ടില്ല. അദ്ദേഹത്തോടു സംസാരിക്കാൻ ധൈര്യപ്പെട്ടില്ല. ഭക്ഷണം വിളമ്പുമ്പോഴോ പുസ്തകങ്ങൾ കൈമാറുമ്പോഴോ വിരലുകൾ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ജോര്‍ജ് മുറിയിൽ പാഞ്ഞു നടന്നു. കൽക്കരി കത്തുമ്പോഴുള്ള ചുവന്ന പ്രഭ മുഖത്തു സദാ ജ്വലിച്ചു. വല്ലാത്ത ഭീകരതയായിരുന്നു ചുറ്റും. ജോര്‍ജ് ഉറങ്ങുമ്പോൾ ഞാൻ കാവലിരുന്നു. പുറത്ത് പാദപതനം കേട്ടാൽ കിടിലം കൊണ്ടു. ബോംബ് വീണ ഹിരോഷിമയുടെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം അന്നുമെന്റെ ചുവരിലുണ്ടായിരുന്നു. ഒരു ഭീമൻ കൂണിൻറ ആകൃതിയിൽ ഉയർന്നു പൊന്തിയ പുകയുടെ സ്തൂപം നോക്കിയിരുന്ന് ഞാൻ രാത്രികൾ വെളുപ്പിച്ചു. ജോർജ്ജിന്റെ സ്നേഹിതയെ അറസ്റ്റ് ചെയ്ത വാർത്തകൾ വൈകാതെ വന്നു. അവർ രോഗിയായിരുന്നു. അവർ കസ്റ്റഡിയിൽ മരിച്ചതറിഞ്ഞ് അദ്ദേഹം വികാരാധീനനായി. കീഴടങ്ങാൻ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓർമയുണ്ട്. ഞാൻ വീർപ്പുമുട്ടലടക്കി നിശ്ശബ്ദയായി, പിന്നിലൊളിപ്പിച്ച കൈകളാൽ ഭിത്തിയിൽ അള്ളിപ്പിടിച്ചു നിന്നു. അദ്ദേഹം പുറത്തേക്കു പോകും വഴി എന്റെ തലക്കു മുകളിൽനിന്ന് ആ ചിത്രം പറിച്ചെടുത്തു. ഞാൻ ഞെട്ടി പിന്നാക്കം മാറി. എന്നെ തിരിഞ്ഞു നോക്കിയില്ല. യാത്ര പറഞ്ഞതുമില്ല. പിന്നീട്, അവിടം വിട്ടു പോകും വരെ, ചിത്രത്തിൻറ ഒട്ടലിൻറ അടയാളങ്ങൾ അവശേഷിച്ച ഭിത്തിയിലെ ശൂന്യതയിലേക്കു നോക്കി നിസ്സഹായയായ പ്രണയിനി ഹൃദയം പൊട്ടി കരഞ്ഞു. എന്തൊരു ദുഖമായിരുന്നു അത്. നിരാസത്തിൻറ ബോംബ് വീണ് ഹൃദയം പണ്ട് തകർന്നിരുന്നു. വിഷപ്പുകയുടെ ഭീമൻ കൂൺ നെഞ്ചിൽ നിമിഷംപ്രതി വളർന്നു.

കൈയിലും കാലിലും ചങ്ങലയിട്ടാണ് പൊലീസ് അദ്ദേഹത്തെ കോടതിയിലേക്കു കൊണ്ടു പോയത്. എന്റെ ഹൃദയത്തിൽ രോഷവും വേദനയും അതേ അളവിൽ അഭിമാനവും ആളിക്കത്തി. എനിക്ക് എല്ലാം തച്ചുതകർക്കാനും പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാനും തോന്നി. കൈയിലും കാലിലും ചങ്ങലകൾ അലങ്കാരമാക്കി തലയുയർത്തി നടന്നു പോയ ജോർജ്ജിനെയോർത്താണ് പിൽക്കാലത്ത് ഹൃദയം എല്ലാ ഇല്ലായ്മകൾക്കും ജീവിതത്തിന് മാപ്പുനൽകിയത്. പിന്നെ ഒന്നരക്കൊല്ലത്തെ ജയിൽവാസം, സർക്കാറിന്റെ വീഴ്ച, തെരഞ്ഞെടുപ്പ്, ജയിലിൽക്കിടന്ന് പുറത്തുള്ളവർക്കു കിട്ടാത്ത ഭൂരിപക്ഷത്തോടെ ജോർജ്ജിന്റെ ജയം, മന്ത്രിപദം. എന്തൊരു കാലമായിരുന്നു അത്. പക്ഷേ, അപ്പോഴേക്ക് ഞാൻ എഴുത്തുകാരിയല്ലാതായിക്കഴിഞ്ഞിരുന്നു. സൈന്യത്തിലെ ഒരു സാധാരണ നഴ്സ്. സ്വഭാവം കൊണ്ടും സംസ്കാരം കൊണ്ടും ആഗ്രഹങ്ങൾ കൊണ്ടും ഒറ്റപ്പെട്ടവൾ. വിട്ടുപോയ വണ്ടിയിൽ ഓടിക്കയറാനോ അടുത്ത വണ്ടിയിൽ യാത്ര തുടരാനോ കഴിയാതെ പോയവൾ. പ്ലാറ്റ്ഫോമിൽ കുടുങ്ങിയ ജീവിതം. എന്തു കൊണ്ടാണ് ഞങ്ങളുടെയൊക്കെ ജീവിതം അങ്ങനെയായിപ്പോയത്? അതറിയാൻ ഞാൻ ആർത്തിയോടെ ചരിത്രപുസ്തകങ്ങൾ വായിച്ചു. ഒരു നഴ്സിന് ആവശ്യമില്ലാത്ത ജിജ്ഞാസയോടെ ഞാൻ രാജാക്കന്മാരെയും ചക്രവർത്തിമാരെയും പഠിച്ചു. എല്ലാ അന്വേഷണങ്ങളും എന്നെ ജോർജുമാരിലേക്കു തന്നെ എത്തിച്ചു. ജോര്‍ജ് ഒന്നാമൻ, ഹാനോവറിൽ നിന്നുള്ള ആദ്യ ബ്രിട്ടീഷ് രാജാവ്. ജോര്‍ജ് രണ്ടാമൻ, സൈന്യത്തെ നയിച്ച അവസാന ബ്രിട്ടീഷ് ചക്രവർത്തി. ജോര്‍ജ് രണ്ടാമൻ, പത്രത്താളുകളിലെ മന്ത്രിയുടെ ചിത്രങ്ങൾ നോക്കി ഞാൻ വ്യാകുലപ്പെട്ടു. ചെങ്കോലേന്തിയിട്ടും എന്തു കൊണ്ടാണ് നിൻറ രാജ്യം വരാത്തത്? എന്തു കൊണ്ടാണ് നിന്റെ പടനീക്കങ്ങൾ ആരംഭിക്കാത്തത്? ഞാൻ യുദ്ധഭൂമികളിൽ അലഞ്ഞു. മുറിവേറ്റ സൈനികർ ജോർജ്ജിനെ ഓർമിപ്പിച്ചു. അവരുടെ മുറിവുകൾ എന്റെ നഷ്ട പ്രണയത്തെ കൂകിവിളിച്ചു.k r meera .story

കച്ചിൽ നിന്ന് സ്ഥലംമാറ്റി കിട്ടി രാജസ്ഥാനിലേക്കുള്ള തീവണ്ടിയിലിരിക്കെയാണ് ജോർജ്ജും ഭാര്യയും വേർപിരിഞ്ഞതറിഞ്ഞത്. തീവണ്ടിയുടെ കുലുക്കത്തിൽ സഹയാത്രികരുടെ വാക്കുകൾ കരിങ്കൽച്ചീളുകൾ പോലെ എൻറ മേൽ തെറിച്ചു. അദ്ദേഹത്തിന്റെ സുന്ദരിയും സമർഥയുമായ സഹപ്രവർത്തകയുടെ വിവാഹമോചനവും എന്നെ മുറിവേൽപിച്ചു. പിന്നീട് യാത്ര തീരുവോളം ഞാൻ ഒന്നും കേട്ടില്ല, ഒന്നും ഭക്ഷിച്ചില്ല, അൽപവും ഉറങ്ങിയില്ല. മുമ്പേ പോയ വണ്ടി പാളതെറ്റിയതും ഞങ്ങളുടെ വണ്ടി മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതും വെള്ളവും ഭക്ഷണവുമില്ലാതെ കൊടും ചൂടിൽ യാത്രക്കാർ ബുദ്ധിമുട്ടിയതും പിന്നീട് പത്രത്തിൽ നിന്നാണ് ഞാനറിഞ്ഞത്. എനിക്കു ദാഹിച്ചില്ല, അതു കൊണ്ട് വെള്ളം വേണ്ടി വന്നില്ല. എനിക്കു വിശന്നില്ല, അതു കൊണ്ട് ഭക്ഷണം വേണ്ടി വന്നില്ല. ഞാൻ വിവാഹം കഴിച്ചില്ല, അതുകൊണ്ട് വിവാഹമോചിതയായില്ല. ആത്മാവ് കത്തിക്കെട്ടു. ശരീരം തരിതരിയായി പൊടിഞ്ഞു. സ്വപ്നത്തിന്റെ വണ്ടികളെ കടലെടുത്തു. കാലത്തിന്റെ ഉപ്പു വെള്ളം അവയിൽ തുരുമ്പിൻറ ചെതുമ്പലുകൾ മുളപ്പിച്ചു.

കാലം മനുഷ്യരെ എങ്ങനെയെല്ലാം ചതച്ചരയ്ക്കുന്നു. എങ്ങോട്ടെല്ലാം ഇടിച്ചു തെറിപ്പിക്കുന്നു. ജോർജ്ജും മാറുകയായിരുന്നു. ചില പാളം തെറ്റലുകൾ. ചില തല കീഴ്മറിച്ചിലുകൾ. എനിക്കും എന്റെ കരിപ്പണിക്കാരൻ ഡാഡിക്കും പരിചയമില്ലാത്ത ജോര്‍ജ്. ഞങ്ങളുടെ യൗവനം മാഞ്ഞു തുടങ്ങിയിരുന്നു. മധ്യവയസ്സ് ആരംഭിച്ചിരുന്നു. ഞങ്ങളുടെയൊക്കെ മധ്യവയസ്സിലുമുണ്ട് നിങ്ങൾക്കു പഠിക്കാൻ ഒരുപാടു പാഠങ്ങൾ. വർഗീയ പാർട്ടിക്ക് അനുകൂലമായ ജോർജ്ജിൻറ പ്രസ്താവന വായിച്ചപ്പോൾ നാവിൽ വിഷപ്പുകയുടെ കയ്പ് നിറഞ്ഞു. ഞാൻ സൈന്യത്തിൽ നിന്നു പിരിയാൻ തീരുമാനിച്ച വർഷമാണ് ജോര്‍ജ് വീണ്ടും മന്ത്രിയായത്. സത്യപ്രതിജ്ഞയുടെ ദിവസം ഡാഡിയുടെ ഓർമകൾ എന്നെ അസ്വസ്ഥയാക്കി. ഡാഡിയുടെ കൺവെട്ടത്തു തന്നെ എല്ലാം മാറിമറിഞ്ഞിരുന്നു. കരിവണ്ടി ഡീസൽ വണ്ടിയായി. പഴയ ശത്രുക്കൾ പുതിയ മിത്രങ്ങളായി. പഴയ മിത്രങ്ങൾ പുതിയ ശ്രതുക്കളായി. തോക്കിൻറ പാത്തിയുടെ അടിയേറ്റുള്ള വീഴ്ചയിൽനിന്ന് ഡാഡി ഒരിക്കലും എഴുന്നേറ്റില്ല. പക്ഷേ, അവസാനശ്വാസം വരെ വീണ്ടും എഴുന്നേൽക്കുമെന്നു വിശ്വസിച്ചു. ജോർജ്ജിനെ സ്നേഹിച്ചു. സർവസന്നാഹങ്ങളോടെയും ജോര്‍ജ് വീണ്ടും വരുമെന്ന് ഉള്ളഴിഞ്ഞു പ്രതീക്ഷിച്ചു. ജോർജ്ജിന്റെ മൂന്നാം വരവ്. ഡീസൽ വണ്ടി വൈദ്യുതി വണ്ടിയായി. ഭരണകൂടങ്ങൾ മാറി. അധികാരത്തിന്റെ മുഖച്ഛായകൾ മാറി. എന്റെയും അദ്ദേഹത്തിന്റെയും പ്രണയഭാജനങ്ങളൊഴികെ മറ്റെല്ലാം, എല്ലാവരും മാറി. ജോര്‍ജ് മൂന്നാമൻ, ഞാൻ വിചാരിച്ചു. നെപ്പോളിയനുമായി യുദ്ധം ചെയ്ത ജോര്‍ജ് മൂന്നാമൻ. അമേരിക്കയിൽ പടയോട്ടം നടത്തിയ ജോര്‍ജ് മൂന്നാമൻ. ചില യുദ്ധങ്ങൾ ജയിച്ചു. ചിലതൊക്കെ പരാജയപ്പെട്ടു. ചിലപ്പോഴൊക്കെ ഒളിയമ്പേറ്റു.

കൈയിലും കാലിലും ചങ്ങല വീഴുമ്പോഴും തലയുയർത്തിയുള്ള നടപ്പു മാത്രം മാറിയില്ല. അതു കൊണ്ട് അദ്ദേഹത്തെ പൂർണമായി വെറുക്കാൻ എനിക്ക് ഒരിക്കലും സാധിച്ചില്ല. സേനാപതിക്കു ഹസ്തദാനം മാത്രം നൽകി കാലാളിനെ ഗാഢം പുണരുന്ന ചക്രവർത്തിയെ എങ്ങനെ വെറുക്കും? അണുപരീക്ഷണ കാലത്ത് എല്ലാം തച്ചുതകർക്കാൻ എന്റെ ചുളിവീണ കൈകൾ വെമ്പിയതാണ്. പക്ഷേ, അപ്പോൾ ഏതോ ടി.വി ചാനലിൽ ജോർജ്ജിൻറ കാവൽക്കാരില്ലാത്ത വീടു കണ്ടു. ഓഫിസ് മുറി കണ്ടു. ചുവരിൽ ആ ചിതം. എന്റെ ചുവരിൽ തൂങ്ങിയിരുന്ന ഹിരോഷിമയുടെ അതേ ചിത്രം. തച്ചുതകർക്കാൻ തരിച്ച കൈകൾ തളർന്നു.

വാർധക്യത്തിൻറ കരിപ്പൊടിക്കിടയിൽ യൗവനത്തിന്റെ കനലുകൾ വീണ്ടും ജ്വലിച്ചു. വെറുതെ. അഭിമാനത്തോടെ സ്നേഹിക്കാൻ അധികമാരുണ്ട്, ഞങ്ങളുടെയൊക്കെ ജീവിതത്തിൽ?

ആശ്രമത്തിലേക്ക് ജോർജ്ജിൻറ വരവ് എനിക്ക് ഒരടിയായിരുന്നു. ആ സത്യത്തോടു പൊരുത്തപ്പെടുക ദുഷ്കരമായിരുന്നു. ഞാൻ അദ്ദേഹത്തെക്കുറിച്ച് കേൾക്കാതിരിക്കാൻ യത്നിച്ചു. ഞാനൊരു വൃദ്ധ. രോഗികളെ ശുശ്രൂഷിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല. എന്നെക്കുറിച്ച് വേവലാതിപ്പെടാൻ ആരുമില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴിത്തിരിവുകൾക്കു സാക്ഷ്യം വഹിച്ച അസംഖ്യം സാധാരണക്കാരിൽ ഒരാൾ. ഞങ്ങൾ ജീവിച്ചു. കൂടുതൽ നല്ല ജീവിതം പ്രതീക്ഷിച്ചു. ആയുസ്സെത്തിയോ എത്താതെയോ മരിച്ചു. മനസ്സിനൊപ്പം കുതിക്കാൻ ശരീരം ഊർജ്ജസ്വലമായിരുന്ന കാലത്ത് വരാനിരിക്കുന്ന വണ്ടികളെക്കുറിച്ച് സ്വപ്നങ്ങൾ ബാക്കി നിന്നു. ശരീരം ദുർബലമായപ്പോൾ ഇച്ഛാഭംഗത്തിൽ മനസ്സും ദ്രവിച്ചു. ഒരു പുലർച്ചെ ആംബുലൻസിന്റെ ചൂളംവ ളി കേട്ട് ഞാൻ ചാടിയെഴുന്നേറ്റു. മണി രണ്ടര കഴിഞ്ഞിരുന്നു. ആശ്രമ വളപ്പിൽ രോഗികളെ മോണിങ് വാക്കിനു കൊണ്ടു പോകുന്ന മണൽ വഴിയിലൂടെ ഞങ്ങളുടെ ആംബുലൻസ് ചരഞ്ഞ് ഓടുന്നതു കണ്ട് ഞാൻ മിഴിച്ചു പോയി. ആരാണ് പേഷ്യൻറ്സിനെ ബുദ്ധിമുട്ടിക്കാൻ ആംബുലൻസ് ഓടിച്ചു കളിക്കുന്നത് എന്ന് ആക്രോശിച്ച് ഞാൻ വരാന്തയിലേക്കിറങ്ങി. ഓടി വന്ന അറ്റൻഡർ തല ചൊറിഞ്ഞു. അത് ആ വൺ സിയിലെ വി.ഐ.പിയാണ്, മാഡം, പാർലമെൻറിൽ പോകാൻ നേരമായെന്ന് പറഞ്ഞു ബഹളം കൂട്ടി. വണ്ടിയെവിടെ എന്നു ചോദിച്ച് വഴക്കിട്ടു. ഹോ, എന്തൊരു ശബ്ദം. ഇടിമുഴക്കം പോലെ. ഡോക്ടർ സാബാണു പറഞ്ഞത്, ചുമ്മാ ഒന്നു വട്ടം കറക്കാൻ.

ഞാൻ തകർന്നു പോയി. ഉച്ചിയിൽ ചുവന്ന വെട്ടവുമായി ആംബുലൻസ് വട്ടം ചുറ്റി. അപ്പോഴും ബാക്കിയുള്ള നിലാവിൽ അത് ബോഗികൾ ഉപേക്ഷിച്ച എൻജിനെ ഓർമിപ്പി ച്ചു. ഒരു വൃത്തം പൂർത്തിയാക്കി എനിക്കു മുന്നിലൂടെ കടന്നുപോയപ്പോൾ ചില്ലുകൾക്കുള്ളിൽ തലയുയർത്തിപ്പിടിച്ചിരിക്കുന്ന രൂപം കണ്ടു. ഞാൻ സ്വപ്നത്തിലെന്നതു പോലെ നോക്കി നിന്നു. എത്ര പെട്ടെന്നാണ് ഞങ്ങൾ വൃദ്ധരായത്. അതെ, വാർധക്യം. മുന്നോട്ടു മാത്രം ഓടാൻ കഴിയുന്ന കാലം കഴിഞ്ഞു. ഇനിയുള്ള ഓട്ടം വട്ടത്തിലാണ്. ഒരേ വൃത്തപരിധിയിൽ അവനവനു പിന്നാലെ, അവനവനെ തിരിച്ചു പിടിക്കാനുള്ള ഓട്ടം. എന്റെ കണ്ണുകൾ നീറി നനഞ്ഞു. ഏറെ നേരം വട്ടത്തിലോടിയ വണ്ടി വൺ സി കോട്ടേജിനു മുന്നിൽ ഓട്ടം നിറുത്തി. അറ്റൻഡറും നഴ്സും ഓടിച്ചെല്ലുന്നതും മെലിഞ്ഞ ഒരു രൂപത്തെ പുറത്തിറക്കി വാതിൽക്കലേക്കു നടത്തുന്നതും ഞാൻ കിടിലത്തോടെ നോക്കി നിന്നു. രോഗികളുടെ തലയ്ക്കൽ തൂക്കിയിടുന്ന കേസ് ഷീറ്റ് അദ്ദേഹം ഇടങ്കയിൽ ഏതോ സുപ്രധാന ഫയൽ പോലെ അന്തസ്സിൽ പിടിച്ചിരുന്നു. നടക്കുമ്പോൾ അദ്ദേഹം പഴയതു പോലെ തലയുയർത്തിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷേ, ചുവടുകൾ വേച്ച് വീഴാനാഞ്ഞു. എന്തൊരു കാഴ്ചയായിരുന്നു അത്. നിലാവിൽ, കൈയിലും കാലിലും അദൃശ്യമായ ചങ്ങലകളിട്ട യോദ്ധാവിനെപ്പോലെ കൂനിയും ഇടറിയും അദ്ദേഹം ചുവടുവെച്ചു. പടി കയറുമ്പോൾ പക്ഷേ, തല ചരിച്ച് എന്നെ നോക്കി. തിരിച്ചറിയാൻ കഴിയുന്നതിനെക്കാൾ ഇരുളിലായിരുന്നു ഞാൻ. എന്നിട്ടും അദ്ദേഹം പുഞ്ചിരിച്ചു. വലതു കൈ വീശി. ശക്തിയില്ലാതെ ഞാൻ മുറിയിലേക്കു പാഞ്ഞു. എന്റെ കാലുകളും വേച്ചു. ഞാനും വീഴാനാഞ്ഞു. k r meera , story

ദിവസങ്ങൾ കടന്നുപോയിട്ടും വൺ സിയിൽ പ്രവേശിക്കാൻ ഞാൻ ശക്തയായില്ല. മറ്റു രോഗികളെ ശുശ്രൂഷിച്ചും അവരുടെ ബന്ധുക്കളോ ടു സംസാരിച്ചും അദ്ദേഹത്തിൽ നിന്ന് എന്നെ ര ക്ഷിക്കാൻ ഞാൻ പണിപ്പെട്ടു. എങ്കിലും എന്റെ മുറിയിൽ തിരിച്ചെത്തുമ്പോൾ ഹൃദയം പുകയും. കരിപ്പൊടികൾക്കിടയിൽ കനലിൻറ പൊട്ടുകൾ എന്നെ പൊള്ളിക്കും. ഭിത്തിയിലെ ചിത്രത്തിൽ പുകയുടെ കൂൺ നോക്കിനിൽക്കെ വലുതാകും. ഞാൻ ആ ചിത്രത്തിനുള്ളിൽ പല ചിത്രങ്ങൾ കാണും. നിവർത്തിപ്പിടിച്ച ഒരു വെളുത്ത കുട. അല്ലെങ്കിൽ ചുരുട്ടിയ മുഷ്ടി. അതല്ലെങ്കിൽ പാറിക്കിടക്കുന്ന കോലൻ മുടി. അതുമല്ലെങ്കിൽ പുകക്കപ്പുറം തുളയ്ക്കുന്ന രണ്ടു കണ്ണുകൾ. എല്ലാം ഒരാളെത്തന്നെ ഓർമിപ്പിച്ചു. അയാൾ എൻറ കൈയെത്തും ദൂരത്ത് ഒരു മുറ്റം വളഞ്ഞു ചെല്ലുന്നിടത്തുണ്ട് എന്ന ഓർമയിൽ വീണ്ടും ശരീരം കിടിലം കൊണ്ടു. അങ്ങനെയൊരു സന്ധ്യക്ക് ചിത്രത്തിൽ മേലാസകലം ചങ്ങലയിട്ട രൂപമാണു തെളിഞ്ഞത്. അതു നോക്കിയിരിക്കെ ഡ്യൂട്ടി നഴ്സുമാരിലൊരാൾ വന്നു. മാഡം, വൺ സിയിലെ വി.ഐ.പി യുടെ മുറിയിൽ കശപിശ. ഡോക്ടർമാർ സ്ഥലത്തില്ല. എനിക്കു പോകേണ്ടി വന്നു. ആ സമയത്ത് പെട്ടെന്ന് പ്രായത്തിന്റെ ഓർമ കാലുകളിൽ ഭാരമായി തൂങ്ങി. അറുപത്തിരണ്ടു വയസ്സ്. ഈ പ്രായത്തിൽ എത്ര ദൂരം മുന്നോട്ടു പോകും? തീവണ്ടികൾ പിന്നോട്ടു പാഞ്ഞിരുന്നെങ്കിൽ. ഹൃദയം കടകടാ ശബ്ദിക്കുകയായിരുന്നു. വൺ സിയുടെ വരാന്തയിലേക്കു കയറുമ്പോൾ ഞാൻ ശക്തി സംഭരിക്കാൻ ശ്രമിച്ചു. അസ്തമയമായിട്ടും ഭൂമി തപിക്കുകയാണ്. കാറ്റ് തീക്കാറ്റാണ്. എന്നിട്ടും വീപ്പിങ് വില്ലോ മരങ്ങളിൽ ചുവന്ന പുഷ്പങ്ങൾ വാടാൻ വിസമ്മതിക്കുകയാണ്.

ഞാൻ വിറയ്ക്കുന്ന കൈകളോടെ ചില്ലു വാതിൽ തുറന്നു. എ.സിയുടെ തണുപ്പ് പുറത്തേക്കിരമ്പി. വലിയ ബഹളമായിരുന്നു അകത്ത്. പഴയ സൈനികയായ അഡ്മിനിസ്ട്രേറ്റർ ഉണർന്നു. എന്താണിവിടെ? വാതിൽ പിടിച്ചു നിന്ന് ആരെയും നോക്കാതെ ഞാൻ ഉച്ചത്തിൽ ചോദിച്ചു. മുറി നിശ്ശബ്ദമായി. മുപ്പതു വർഷം, ഒരു നിമിഷത്തിനു ശേഷം കോപത്താൽ ഇടറിയ സ്ത്രീ ശബ്ദം ഉയർന്നു, മുപ്പതു വർഷം എവിടെയായിരുന്നു എല്ലാവരും? ഞാൻ വീണ്ടും ശാസിക്കാൻ തുടങ്ങുമ്പോൾ സുന്ദരിയായ ആ മധ്യവയസ്ക നനഞ്ഞ കണ്ണുകളിൽ കത്തുന്ന രോഷവുമായി എന്നെ നോക്കാതെ എന്റെ തൊട്ടരികിലൂടെ പാഞ്ഞു പോയി. അതാരാണെന്നു വ്യക്തമായിരുന്നു. എന്റെയുള്ളിൽ അസൂയയുടെ പുകക്കൂൺ പൊട്ടിമുളച്ചു. എന്റെ സ്നേഹം ഒരിക്കലും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നെയൊരിക്കൽപ്പോലും ഓർത്തിട്ടുണ്ടാവില്ല. മരിച്ചവരും മുറിവേറ്റവരുമായ സൈനികർക്കിടയിൽ ജീവിതത്തിന്റെയും മനുഷ്യരുടെയും അർഥങ്ങൾ തേടി ഞാൻ അലയുമ്പോൾ ഈ സ്ത്രീ സ്നേഹിക്കപ്പെട്ടു, വിലമതിക്കപ്പെട്ടു. തലച്ചോറിലൂടെ വേദനയുടെ ഒരു തീവണ്ടി കൂടി ചൂളം വിളിച്ചു പാഞ്ഞു പോയി. അപ്പോൾ പുറംതിരിഞ്ഞു നിന്നിരുന്ന മറ്റൊരു സ്ത്രീയും ചെറുപ്പക്കാരനും പുറത്തേക്കു വന്നു. ബോബ് ചെയ്ത മുടി മുഖത്തു നിന്നു കുടഞ്ഞ്, ആ സ്ത്രീയും എന്നെ അവഗണിച്ച് ആരോടെന്നില്ലാതെ ക്ഷോഭിച്ചു: മുപ്പതു വർഷം ഞങ്ങൾ ഒരു പൈസക്കു പോലും കണക്കു ചോദിച്ചിട്ടില്ല, ഉണ്ടോ? അവസാനം വന്നത് ജോർ ന്റെ സഹോദരനായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. കൈപ്പത്തികൾ മുന്നിൽ കോർത്ത് നിലത്തു മിഴി നട്ട് ഏതോ ശവഘോഷയാത്രയിലന്നവണ്ണം അദ്ദേഹം സാവധാനം നടന്നു പോയി.

പരിസരം പെട്ടെന്നു ശൂന്യമായി. നാൽപതു കൊല്ലത്തെ കണക്ക് എനിക്കുമുണ്ട്, ചോദിക്കാൻ. പക്ഷേ, എനിക്ക് അദ്ദേഹത്തെ കാണണ്ട. അദ്ദേഹം എന്നെയും കാണണ്ട. ഞാൻ പോകാനൊരുങ്ങി. അപ്പോഴാണ് ഡ്യൂട്ടി നഴ്സ് ട്രോളിയുന്തി വന്നത്. ഗുഡ് ഈവനിങ് മാഡം. അടിപിടി കഴിഞ്ഞാ? ഞാൻ ഡയപ്പറും മെഡിസിനും വാങ്ങാൻ ഫാർമസിയിൽപ്പോയതാണ്. ഞാനൊന്നു ഞെട്ടി. ഡയപ്പർ എന്ന പദം എന്നെ പിടിച്ചുലച്ചു. നിറുത്തിയിട്ട തീവണ്ടിക്കു മുകളിൽ ചുവന്ന മാലയിട്ടു ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തി ഗർജ്ജിക്കുന്ന രൂപം കൺമുന്നിൽ തെളിഞ്ഞു. തീക്ഷ്ണമായ കണ്ണുകൾ. ഇടിമുഴങ്ങുന്ന ശബ്ദം. ഈ രാജ്യത്തെ സ്വത്രന്തമാക്കുന്നതു വരെ എനിക്കു വിശ്രമമില്ല. ഇതു വരെ നമ്മൾ അറിഞ്ഞതല്ല, യഥാർഥ സ്വാത്രന്ത്ര്യം. അത് വെറും കടലാസ് സ്വാത്രന്ത്യമാണ്. യഥാർഥ സ്വാതന്ത്ര്യം മനസ്സിന്റെതാണ്. ഒരുപാടു തീവണ്ടികൾ ഒന്നിച്ചു മടങ്ങി വരുന്നതു പോലെ എനിക്ക്  അനുഭവപ്പെട്ടു. എന്റെ മേൽക്കൂടി അവ പായുകയാണ്. എനിക്ക് അദ്ദേഹത്തെ ഒന്നു കൂടി കാണണമെന്നു തോന്നി.

ഞാൻ വാതിൽ വീണ്ടും തുറന്നു. ജോര്‍ജ് മൂന്നാമൻ, വെളുത്ത ടൈൽസിട്ട വെറും നിലത്ത് ഒരു കാൽ നീട്ടിയും ഒരു കാൽ മടക്കിയും തനിച്ചിരിക്കുന്നു. കൈയിൽ തടിച്ചൊരു പുസ്തകമുണ്ടായിരുന്നു. വെളുത്ത കോലൻ മുടി പറ്റെ വെട്ടിയിരുന്നു. തടവുപുള്ളികളുടേതുപോലെ വെളുത്ത പൈജാമയും കുർത്തയും ധരിച്ചിരുന്നു. ഓർമ തീരെയില്ല മാഡം, സാധനങ്ങൾ ഷെൽഫിൽ വെക്കുന്നതിനിടെ നഴ്സ് അറിയിച്ചു. ഞാൻ സാവധാനം അടുത്തു ചെന്നു. ജോര്‍ജ്, ഞാൻ മൃദുവായി മന്ത്രിച്ചു. അദ്ദേഹം പുസ്തകത്തിൽ നിന്നു തലയുയർത്തി. എന്റെ കണ്ണുകളിലേക്കു നോക്കി. നിഷ്കളങ്കമായി പുഞ്ചിരിച്ചു. പുസ്തകം എനിക്കു നീട്ടി. ഞാനത് വിറയലോടെ വാങ്ങി. അതു ജോർജ്ജിന്റെ തന്നെ ജീവചരിത്രമായിരുന്നു. അതിൻറ മുഖചിതം ജോര്‍ജ് തന്നെയായിരുന്നു. മുന്നിലിരിക്കുന്നത് ഒരു നാലു വയസ്സുകാരനാണെന്ന് എനിക്കു തോന്നി. ഒരുപക്ഷേ, എന്റെ ശുഭവും സ്ച്ഛവും അഴുക്കു പുരളാത്തതുമായ കൗമാരത്തിൽ ഞങ്ങൾ ഒന്നായിരുന്നെങ്കിൽ എനിക്കു ജനിക്കുമായിരുന്ന കുഞ്ഞിന്റെ മുഖം അതായിരുന്നേനേ. ഞങ്ങൾ ഒന്നിച്ചില്ല. ആ കുഞ്ഞു പിറന്നില്ല. രണ്ടു ദിശയിലുള്ള തീവണ്ടികളിലെന്നതു പോലെ ഞങ്ങൾ എത്രയോ കാതങ്ങൾ അകന്നു പോയി.

സാബ്, എക്സർസൈസ് ചെയ്യേണ്ടേ? നഴ്സ് അടുത്തേക്കു വന്നു. അവൾ അദ്ദേഹത്തെ വാതിലിനു നേരെ തിരിച്ചിരുത്തി കൈയിൽ ഒരു റിമോട്ട് പിടിപ്പിച്ചു. ഈ ബട്ടനുകൾ അമർത്തൂ. ങ്ഹാ, ഇങ്ങനെ. അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ പിടിച്ച് അവൾ റിമോട്ടിൽ അമർത്തി. വിരലും തലച്ചോറും തമ്മിലുള്ള ബന്ധം ശരിയാക്കാനുള്ള വ്യായാമങ്ങളിലൊന്ന്. എന്റെ കൈയിൽനിന്നു പുസ്തകം താഴെ വീണു. പ്ലീസ് പ്രസ് ദിസ് ബട്ടൺ സാബ്. ജോർജ്ജിന്റെ വിരലുകൾ റിമോട്ടിൽ വഴുതി. അപ്പോൾ എന്നെ ഞെട്ടിച്ച് ചൂളം മുഴങ്ങി. കടകട ശബ്ദം ഉയർന്നു. വെറും നിലത്ത് വട്ടത്തിലുറപ്പിച്ച കറുത്ത പ്ലാസ്റ്റിക് പാളങ്ങളിൽ ഒരു ചുവന്ന കളിപ്പാട്ട തീവണ്ടി ഓടിത്തുടങ്ങി. സാബ്, ഇനി സ്റ്റോപ് ബട്ടൻ, നഴ്സസ് പറഞ്ഞു. ഞാൻ മരവിച്ചു നിന്നു. ദൈവമേ, ഞങ്ങളുടെയൊക്കെ വാർധക്യം. ജോര്‍ജ് ചൂണ്ടുവിരൽ അമർത്താൻ ശ്രമിച്ചു പരാജയപ്പെട്ട് നിസ്സഹായതയോടെ നാലുവയസ്സുകാരന്റെ കണ്ണുകളുയർത്തി. റിമോട്ട് എനിക്കു നീട്ടി.

ദൈവമേ, എന്തൊരു പരിണാമ ഗുപ്തി. ഞങ്ങളുടെ വാർധക്യത്തിൽ നിന്നും നിങ്ങൾക്ക് ഒരുപാടു പഠിക്കാനുണ്ട്.

2014ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കഥകള്‍-കെ ആര്‍ മീര’
എന്ന സമാഹാരത്തില്‍ നിന്ന്

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: K r meera story george moonnaman theevandi odikkumpol

Best of Express